Tuesday 4 July 2017

നാരായണിയേടത്തി 



എല്ലാകാലത്തും എല്ലാ നാട്ടിലും ഉണ്ടായിരുന്നു ഓരോ നാരായണിയേടത്തിമാർ , അച്ഛമ്മയ്ക്കൊപ്പം മൂപ്പുള്ളവരെ ഞാനെന്തിന് നാരായണിയേടത്തിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചാൽ "അതാണ് ശീലമെന്നെ " പറയാനൊക്കൂ , ഞാൻ മാത്രമല്ല ചെമ്പൂഴിയെന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തിന് മുഴുവൻ അവർ നാരായണിയേടത്തിയാണ് 



മുത്തശ്ശിക്കഥകളിൽ ചെമ്പൂഴിയിലെ ഏറ്റവും വലിയ തറവാടിലേക്കായിരുന്നു നെല്ലിയാമ്പതിയിൽ നിന്നും പന്ത്രണ്ട് വയസ്സിൽ  നാരായണിയേടത്തിയെ വേളി കഴിച്ചുവരുന്നത് . ജാതിക്കും മതത്തിനും എതിരെ മനുഷ്യർ ചേരിതിരിയുകയും കമ്മ്യൂണിസ്റ് പ്രസ്ഥാനം നാട്ടിലാകെ വ്യാപിക്കുകയും ചെയ്ത അറുപതുകൊല്ലം മുൻപത്തെ ഏതോ വൈകുന്നേരത്ത് തന്നെവച്ചും നാല്പത് വയസ്സിന്‌മൂത്ത ആളുടെ വേളിയായി അവർ വന്നുകയറി 



അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള ഭട്ടതിരിപ്പാടിന്റെ ആഹ്വനമൊന്നും അറിയാതെ അടുക്കളത്തിണ്ണയിലും പൂജാമുറിയിലുമായി നാരായണിയേടത്തി കാലം കഴിച്ചു . തറവാട്ടു മതിലിനപ്പുറത്ത് പണിക്കാരികളുടെ സമപ്രായക്കാരായ മക്കൾ പഠിക്കാൻ പോകുന്നത് നോക്കി അതിന്റെ ആവശ്യമെന്താന്നറിയാതെ അവൾ ഓരോ ദിവസവും തറവാട്ടു ദേവകൾക്ക് മാലകെട്ടിക്കൊണ്ടിരുന്നു . 



വിവാഹം കഴിഞ്ഞു രണ്ടുവർഷത്തിനുശേഷം പതിനാലാമത്തെ വയസ്സിൽ നാരായണിയേടത്തി ഋതുമതിയായി, പിന്നീടുള്ള നാലുവർഷത്തിനുള്ളിൽ മൂന്നുകുഞ്ഞുങ്ങളെ നാരായണിയേടത്തിക്കുനല്കി ഭർത്താവും യാത്രയായി . 



ഇന്നത്തെ വ്യവസ്ഥയനുസരിച്ചു പ്രായപൂർത്തിയാകും മുൻപേ നാരായണിയേടത്തിക്കു വിധി വിധവാവേഷം നൽകി . മൂത്തതും ഇളയത്തും നിയമമല്ലാതെ സംബന്ധങ്ങളിൽ നിന്നുമെല്ലാം തറവാടിൽ നിന്നും അവകാശം വാങ്ങാനെത്തിയവർക്ക് മുൻപിൽ നാരായണിയേടത്തി കൈ വിരലിൽ മഷി മുക്കി ഒപ്പിട്ടുനൽകി . 



വന്നവരും പോയവരും ഭാഗം വാങ്ങി മടങ്ങിയപ്പോൾ നാരായണിയേടത്തിയും മക്കളും ആ വീട്ടിൽ തനിച്ചായി , പതിനാറ് കെട്ട് വീട് കാലക്രമേണ എട്ടും നാലും ഇപ്പോൾ കളപ്പുര പുതുക്കിക്കെട്ടിയ വീടുമായി ചുരുങ്ങി . ഇല്ലത്തിന്റെ സ്വത്തിനൊപ്പം നാട്ടിൽ നിന്നും അടിയാളർ മേലാളർ വ്യവസ്ഥയും പതിയെ ഇല്ലാതെയായി .


അഞ്ചു തികഞ്ഞപ്പോൾ എതിർപ്പുകളെ വകവെയ്ക്കാതെ മക്കളെ പണിക്കാരുടെ മക്കളുടെ കൂടെ സ്‌കൂളിൽ വിട്ട് നാരായണിയേടത്തി മാതൃകയായി . കാരണം നാരായണിയേടത്തിക്കു അപ്പോഴേക്കും മനസ്സിലായിരുന്നു പഠിക്കാതെ , കാര്യവിവരമില്ലാതെ പോയതാണ് തന്റെയീ അവസ്ഥയ്ക്ക് കാരണമെന്നും മക്കൾക്ക് ആ ഗതി വരരുതെന്നും . 



അവർ വീതം വെച്ചതിൽ ബാക്കിയായ പത്തുപറയിൽ വിതച്ചും , തൊടിയിൽ രാവടുക്കുംവരെ കൃഷി ചെയ്‌തും മക്കളെ വളർത്തി . പണ്ടാണെങ്കിൽ രാജാക്കന്മാരെപ്പോലെ വളരേണ്ട തന്റെ മക്കളെയോർത്ത് വിഷമിക്കുകയല്ലാതെ മാറ്റങ്ങളെ അവരൊരിക്കലും പഴിച്ചില്ല 


കെട്ടിയോൻ മരിച്ച നാട്ടിൻപുറത്തുകാരി പെണ്ണിന് കുറിയേടത്ത് താത്രിയുടെ അവസ്ഥയാണെന്ന് ഓരോ രാത്രിയും വാതിലിൽ മുട്ട് കേൾക്കുമ്പോൾ അവർ തിരിച്ചറിയുകയായിരുന്നു . എന്നിട്ടും പ്രതിസന്ധികളിൽ പതറാതെ അവർ പിടിച്ചു നിൽക്കുകയും നല്ല കുടുംബത്തിലേക്ക് തന്നെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും , ആൺമക്കളെ രണ്ടാളെയും നാട്ടിലാരും പഠിച്ചിട്ടില്ലാത്തത്ര ഉയരത്തിൽ പഠിപ്പിക്കുകയും ചെയ്തു .


ഒരാൾ കാനഡയിലും , ഒരാൾ ദുബായിലും കുടുംബമൊത്ത് സമാധാനമായി കഴിയുന്നു , വല്ലപ്പോഴും നേർച്ചകഴിക്കാൻ എന്നപോലെ വന്നുപോകുന്നതു  മകൾ മാത്രം . ഇപ്പോഴും പൂജയും പ്രാർത്ഥനയുമായി ആ കൊച്ചുവീട്ടിൽ അവർ ഒറ്റയ്ക്ക് താമസിക്കുകയാണ് . 


ദാരിദ്ര്യത്തിന് നടുവിൽ പോലും ആ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഞങ്ങൾക്ക് കഴിക്കാൻ തരുന്ന ചക്കയോ മാങ്ങയോ നെല്ലിക്കയോ ചമ്പക്കയോ പേരക്കയോ ഒക്കെ എത്ര വിശപ്പ് മാറ്റിയിരിക്കുന്നു . അമ്പലത്തിൽ നേദിച്ച ചോറും പായസവും എത്രനാൾ കഴിച്ചിട്ടുണ്ട് ഞാൻ . തറവാട്ട് ദൈവത്തെ നാട്ടുകാർ ഏറ്റെടുത്തപ്പോഴും എന്നും നാരായണിയേടത്തിയുടെ കൈകൊണ്ടുള്ള മാല ദേവകൾക്ക് ചാർത്താൻ എതിർപ്പുണ്ടായില്ല .

അതെ നാരായണിയേടത്തി ഞങ്ങളുടെ നാടിന്റെ എല്ലാമെല്ലാമായിരുന്നു .ദിവസങ്ങളായി എന്റെയുറക്കം കെടുത്തുന്ന നാരായണിയേടത്തിയെക്കുറിച്ചുള്ള ഓർമകളെ പങ്കുവെക്കുവാൻ എന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്നെന്ന് മറ്റുള്ളവർ പറയുന്ന ഭാവനയോ അനുഭവസമ്പത്തോ അക്ഷരജ്ഞാനമോ മതിയാവില്ല . എങ്കിലും ശ്രമിക്കുകയാണ് 


"നാരായണിയേടത്തിക്ക് സ്നേഹപൂർവ്വം " 

മനു വാസുദേവ് 




ഭാഗം ഒന്ന് 


"നാരായണിയേടത്തിക്ക് വേറെന്തൊക്കെ കഥകൾ അറിയാം ?'"  മനു വീണ്ടും ചോദിച്ചു .


"അതറിയില്ല , പക്ഷെ എന്തൊക്കെയോ അറിയാം , മനുവിന് എന്തുകഥയാണ് കേൾക്കേണ്ടതെന്ന് പറഞ്ഞാൽ നാരായണിയേടത്തി പറയാലോ "


"നാരായണിയേടത്തി കള്ളിയാണോ?"


"അതെന്താ ?"


"അല്ല , കഥാകാരന്മാരൊക്കെ കള്ളന്മാരാണെന്നും എഴുതികൂട്ടണതൊക്കെ നുണയാണെന്നും വായനശാലയിലെ പരിപാടിക്ക് പറയണുണ്ടായിരുന്നല്ലോ"


"ഹ ഹ ഈ കുട്ടിയുടെയൊരു കാര്യം .... എന്നാലേ നാരായണിയേടത്തി വേറെയൊരാളുടെ കഥ പറയാം . "


"സത്യമാണോ കള്ളമാണോ ?"


"സത്യം . "


"എന്താ കഥയുടെ പേര് "


"നാരായണിയേടത്തി ന്ന് തെന്നെ "


"അപ്പൊ നാരായണിയേടത്തിയുടെ കഥയാണോ പറയണേ .."


"അതെ ..."


"എന്നാൽ പറഞ്ഞോ എനിക്ക് ഏറ്റവും ഇഷ്ടം നാരായണിയേടത്തിയെ ആണ് "


"അതെന്താ മനുക്കുട്ടാ "


"വീട്ടിൽ ചോറില്ലാത്തപ്പോൾ ആരാ എനിക്ക് ചോറ് തരണേ ? "


"നാരായണിയേടത്തി "


"'അമ്മ തല്ലാൻ വരുമ്പോൾ ആരാ രക്ഷിക്കുന്നെ ?"


"അതും ഞാൻ തന്നെ "


"അച്ഛൻ കള്ളുകുടിച്ചു പ്രശ്നമുണ്ടാക്കുന്ന രാത്രിയിൽ എന്നെയും ഉണ്ണിമോളേയും അമ്മയെയും ആരാ വീട്ടിൽ വിളിച്ചുകയറ്റുന്നെ "


"നാരായണിയേടത്തി "


"ഞങ്ങൾക്ക് കുടിക്കാനുള്ള വെള്ളം ആരുടെ കിണറ്റിന്ന എടുക്കണേ "?


"നാരായണിയേടത്തിടെ "


"സ്‌കൂളിൽ പോകുമ്പോൾ ആരാ കപ്പലണ്ടിമിട്ടായി വാങ്ങാൻ  അമ്പത് പൈസ പോക്കെറ്റിൽ ഇട്ട് തരുന്നേ "


"ഉം ..." 


"കീറിയ തുണിയൊക്കെ ആരാ തുണിത്തരണേ ?"


"ഉം .."


"ചക്കയും മാങ്ങയും പേരയ്ക്കയും ഒക്കെ ആരാ തരുന്നത് ?"


"മനൂ ...."


"എന്താ നാരായണിയേടത്തി "


"ഒന്നൂല്ല മോനെ ...."


"നാരായണിയേടത്തിയെന്നെ  പറ അപ്പോൾ ഞാനാരെയാണ് സ്നേഹിക്കേണ്ടത് ?"


കൈകളിൽ ചെറുചൂടുള്ള തുള്ളികൾ വീണപ്പോഴാണ് നാരായണിയേടത്തി കരയുകയാണെന്ന് എനിക്ക് മനസ്സിലായത് .എന്തിനാ നാരായണിയേടത്തി കരഞ്ഞതെന്നറിയില്ല . പക്ഷെ നാരായണിയേടത്തിയുടെ ആശ്രിതനായിരുന്ന എന്നെയൊരുപാട് വേദനിപ്പിച്ച സംഭവമായിരുന്നത്. 

കാലങ്ങളെത്ര കടന്നുപോയിരിക്കുന്നു , ഞാനിപ്പോൾ ആ പഴയ മരംകേറി ചെക്കനിൽ നിന്നും ഡോക്ടർ ആയി  . ഇപ്പോൾ പലതുമെനിക്ക് ബോധ്യമുണ്ട് . നാരായണിയേടത്തിയെന്തിനാണ് അന്നെൻറെമുന്പിൽ കരഞ്ഞതെന്ന് അറിയാവുന്നതുകൊണ്ട് ഇന്നെന്റെ അമ്മയും അച്ഛനും എന്റെ കൂടെത്തന്നെയുണ്ട് "



"മനു ബാക്കിയെഴുതുന്നില്ലേ ?"


"എഴുതണം ..."


"മനു ഈയാളൊരു ഡോക്ടർ ആണെങ്കിലും ഇയാളിൽ  മറഞ്ഞുകിടക്കുന്നൊരു കള്ളനുണ്ട് . കഥകൾകൊണ്ട് വായനക്കാരുടെ മനസ്സിൽ ത്രിശങ്കുസ്വർഗം തീർക്കാൻ കഴിവുള്ള കള്ളൻ "


ഞാനൊന്നും പറയാതെ ചിരിച്ചതേയുള്ളൂ , അവൾ ദിൽഷ എന്റെ ഭാര്യയായി വന്നിട്ടിപ്പോൾ ആറുമാസം പിന്നിടുന്നു . എം ബി ബി എസ് ക്‌ളാസ്സുകളിലും എന്നെ മോഹിപ്പിച്ചത് എം ടി യും മുകുന്ദനും ചങ്ങമ്പുഴയും ഒക്കെയായതുകൊണ്ട് എസ് സി കോട്ടയിൽ മാർക്കൽപ്പം കുറഞ്ഞിട്ടും കിട്ടിയ സീറ്റ് കൊണ്ട് വല്യ ഉപകാരമൊന്നും ഉള്ളതായി തോന്നിയിരുന്നില്ല . 


പക്ഷെ ഈ സീറ്റൊരു മുന്തിയ ബിസിനസ്സാണെന്ന് അച്ഛന് തിരിച്ചറിയാമായിരുന്നു . അതുകൊണ്ടാവും മറ്റൊരുത്തന്റെ കൂടെക്കിടന്ന് കിട്ടിയ കൊച്ചിന്റെ കഴുത്തിൽ കയറ് മുറുക്കാൻ വന്നവനെ പ്രേമിച്ചവളെ തന്നെ കച്ചവടമുറപ്പിച്ചു മരുമകളായി കൊണ്ടുവന്നു , ഏയ് അങ്ങനല്ല .... മരുമകനായി എന്നെയും കുടുംബത്തെയും അങ്ങോട്ട് കൊണ്ടുപോയെന്ന് പറയാം . 


അച്ഛൻ പറഞ്ഞാൽ ഞാൻ അനുസരിക്കില്ലായിരുന്നു , പക്ഷെ ഉണ്ണിമോൾക്ക് വിവാഹപ്രായം കഴിഞ്ഞതും പഠിച്ചിറങ്ങിയതേയുള്ളൂ എന്നതിനാൽ കയ്യിലൊന്നുമില്ലാത്ത വിഷമത്തിൽ  സമ്മതിക്കുകയല്ലാതെ തരമില്ലായിരുന്നു.


കച്ചവടത്തിൽ ശരിക്കുംപറഞ്ഞാൽ എനിക്ക് നഷ്ടമൊന്നുമില്ല . അല്ലെങ്കിലും ഇന്നേവരെയാരും എന്നെയൊരുപാട് മോഹിപ്പിച്ചിട്ടില്ല ... 


ഏയ് അല്ല ...

ഉണ്ട് ...

അവൾ ...

അവൾതന്നെ. വിദ്യ . 

മുൻപിലൂടെ കടന്നുപോകുമ്പോൾ ഏതോ മായികലോകത്തെന്നപോലെ തോന്നിയിട്ടുള്ളത് അവളെ കാണുമ്പോൾ മാത്രമായിരുന്നു . അവളെപ്പോൾ വരുമെന്നോ പോകുമെന്നോ എനിക്കറിയില്ലെങ്കിലും എന്റെയൊരു യാത്രയിലും തേടിയിരുന്നത് അവളുടെ മുഖമായിരുന്നു , വരാനിടയില്ലാത്ത വഴികളിൽപോലും .... 

ഇപ്പോഴും ഞാനാ സന്തോഷം ആഗ്രഹിക്കുന്നുണ്ടോ എന്നുചോദിച്ചാൽ സദാചാരക്കാർക്ക് നൽകാൻ സത്യസന്ധമായ ഉത്തരമില്ല . പക്ഷെ എന്റെ മനസാക്ഷിക്ക് നൽകാൻ ഉത്തരങ്ങളേയുള്ളൂ .... 

അവളിരുന്ന ബൈക്കോടിച്ചവനെ മറന്നിട്ടല്ല 
അവളുടെ കൈപിടിച്ചുനടന്ന കുട്ടികളെ ഓർമിക്കാതെയല്ല 

അവളെന്റെമാത്രമായിരുന്നു .... സ്വപ്നങ്ങളിലൊക്കെയും 


"എന്താ മനൂ സ്വപ്നം കാണുകയാണോ ?"

"ഏയ് അല്ല ..... നാരായണിയേടത്തിയെക്കുറിച്ചെഴുതുമ്പോൾ എനിക്കൊരു പ്രണയം കൂടെ എഴുതേണ്ടി വരും . അതെങ്ങനെ തുടങ്ങണമെന്ന് ആലോചിക്കുകയായിരുന്നു "

"പ്രണയമോ ...?"

"ഉം ...... ഉപാധികളില്ലാത്ത പ്രണയം "

"ഓക്കേ ... തന്റെയിഷ്ടം ... എഴുതുന്നതൊക്കെയും കള്ളങ്ങളല്ലേ ?"

"അതെ ...."

എന്റെ കള്ളം കേട്ട്  സന്തോഷത്തോടെ അവൾ പുറത്തേക്കുപോകുമ്പോൾ മനസ്സിന്റെഏതോ ഉള്ളറകളിൽ നിന്നും നാരായണിയേടത്തിയും വിദ്യയും പുറത്തോട്ടൊഴുകാൻ തയ്യാറെടുക്കുകയായിരുന്നു ...മായാപ്രവാഹം പോലെ 

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...