Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 29
---------------------



നാട്ടിൻപുറത്തെ കുളത്തിലെ നീന്തിക്കുളിയും ചെറിയമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണവും തലേന്നത്തെ ക്ഷീണം മറന്നുറങ്ങിപ്പോയി ഞാൻ .


ഇടയ്ക്ക് ബോധംവരുമ്പോഴും അവൻ ഉറങ്ങിയിരുന്നില്ല . അജീഷിന്റെ ഒതുക്കിവച്ച ഷെൽഫിലെ സാധനങ്ങൾ സ്ഥാനം മാറിയിരിക്കുന്നു ,ടേബിളിനടുത്തുള്ള ഏറെകാലപ്പഴക്കം തോന്നിക്കുന്ന കസേരയിൽ അവനിരുന്നു എന്തൊക്കെയോ പേപ്പർ വായിക്കുകയാണ് .



കുറച്ചുനേരം അങ്ങനെ കിടന്നെങ്കിലും ഉറക്കം വരാത്തതുകൊണ്ട് എഴുന്നേറ്റ് അവന്റെയടുത്തേക്ക് ചെന്നു . വായനയെ ശല്യപ്പെടുത്തിയ പോലെ അവനെന്നെ നോക്കി , ഫയലിൽ നിന്നും കണ്ണെടുക്കാതെ മടിയിൽ ഉണ്ടായിരുന്ന കുറച്ചു പേപ്പറുകൾ എനിക്ക് നീട്ടി


കാലപ്പഴക്കം ചെന്ന കുറച്ചു പത്രവാർത്തകൾ ആയിരുന്നു അവയിലധികവും . പിന്നെയുമൊരു കൗതുകത്തിന് ഓരോ വാർത്തകളായി എടുത്ത് നോക്കുമ്പോൾ "വയനാടൻ ആദിവാസിയുടെ " ജനജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളുടെ ഏകദേശരൂപം അതിലുണ്ടായിരുന്നു . ചില വാർത്തകളുടെ ഫോട്ടോസ്റ്റാറ്റും ചേർത്തിരുന്നു .


അതി നുശേഷമുള്ളത് വെള്ളക്കടലാസിൽ തയ്യാറാക്കിയ ഒരു നീണ്ട ഉപന്യാസം പോലെ തോന്നിപ്പിച്ചു .


"
"അതിലെന്തായിരുന്നു ?"


"അവന്റെ ഫൈനൽ ഇയർ പ്രൊജക്റ്റ് റിപ്പോർട്ടിന്റെ എഡിറ്റ് ചെയ്യാത്ത കോപ്പി , ഒരുപക്ഷെ അത് സബ്മിറ്റ് ചെയ്തെങ്കിൽ ...... ഒന്നുകിൽ അവൻ കൊല്ലപ്പെട്ടേനെ അല്ലെങ്കിൽ ഒരു ജനത രക്ഷപ്പെട്ടേനെ .



" ഞങ്ങളെ കുത്തിയാലും ചോരയല്ലേ തമ്പ്രാ
നിങ്ങളെ കുത്തിയാലും ചോരയല്ലേ തമ്പ്രാ ...?


എന്നുള്ള തോറ്റംപാട്ടിലെ പൊട്ടൻതെയ്യത്തിന്റെ വാക്കുകളിപ്പോഴും മനസ്സിൽ കിടക്കുന്നതുകൊണ്ടാവും ബിരുദാനന്തര ബിരുദം നേടിയെടുക്കാനുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വിഷയത്തെക്കുറിച്ചു പ്രൊജക്റ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ആദിവാസിയെ കുറിച്ചുള്ള വിഷയം മതിയെന്ന് എന്റെമനസ്സ് പറഞ്ഞത് .



ആദ്യമായി പ്രാക്ടിക്കൽ ക്യാമ്പിനുവേണ്ടി  തിരുനെല്ലി  കാരപ്പാറ കോളനിയിലെത്തുമ്പോൾ ഞങ്ങളെ വരവേറ്റത് വയനാടിന്റെ വശ്യസൗന്ദര്യമല്ല ആദിവാസിക്കുരുന്നുകളുടെ നിലവിളിയാണ് .വിശപ്പും രോഗങ്ങളും കീഴടക്കിയവർ ...


അല്ലെങ്കിലും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനപ്പുറം ജനജീവിതത്തെ മനസ്സിലാക്കുക എന്നൊരുദ്ദേശം കൂടെ പഠനയാത്രകൾക്കുണ്ടല്ലോ .


സുഖമുള്ള കാലാവസ്ഥയും നോക്കുന്നിടമെല്ലാം പച്ചപ്പും വയനാടിന് പ്രകൃതിയറിഞ്ഞുകൊടുത്ത വരദാനമാണ് , എന്നാലതുതന്നെ അയിരുന്നു ഇവിടെയുള്ള സാധാരണക്കാരുടെ ശാപവും .


ചൂഷണങ്ങളുടെ ചരിത്രം തുടങ്ങണമെങ്കിൽ കാലമൊരുപാട് പിന്നിലേക്ക് പോവണം , അവിടെനിന്നും നാമെന്തന്നറിയണം അപ്പോൾ ആദിവാസിയെയും തിരിച്ചറിയാം .


കണ്ടെടുക്കപ്പെട്ട ചരിത്രത്തിന്റെയടിസ്ഥാനത്തിൽ സിന്ധുനദിതട സംസ്കാരത്തിൽ നിന്നും തുടങ്ങാം .
ആര്യന്മാരെന്ന് നാം പൊതുവെ പറയുന്ന അന്യദേശങ്ങളിൽ നിന്നും വന്നെത്തിയ വിവരവും തന്ത്രവും കൂടിയവർ അന്നുവരെയുണ്ടായിരുന്ന സംസ്കാരത്തെ തീയിട്ടും തച്ചുടച്ചും നശിപ്പിക്കുകയും വടക്കേ ഇന്ത്യമുതൽ കുടിയേറ്റം വ്യാപിപ്പിക്കുകയും ചെയ്തു .


അന്നുവരെ നദീതടത്തെ കൃഷിയുടെ ബലത്തിൽ ജീവിച്ചിരുന്ന ഇവിടുത്തെ ജനങ്ങൾ കിഴക്കോട്ടും തെക്കോട്ടും പലായനം ചെയ്യപ്പെട്ടു .
അന്നുവരെ ഉപയോഗമില്ലാതിരുന്ന വനങ്ങളിലേക്ക് അവർ കുടിയേറപ്പെട്ടു .


 എന്നാലവിടേയും എത്തിയ വിദേശികളെ ചെറുക്കാനാവാത്ത പാവപ്പെട്ടവന്റെ യജമാനരും "സവർണ്ണ " വിഭാഗമെന്ന ലേബലിലും അവർ അറിയപ്പെട്ടു .


കുടിയേറപ്പെട്ട ജനതയ്ക്കുമുന്നിൽ അടിച്ചമർത്തലുമായി പിന്നീടവരെന്നും പുറകെയുണ്ടായിരുന്നു .


ആധൂനിക കാലഘട്ടം ആരംഭിക്കുന്നത് അവരെ സ്തുതിച്ചുള്ള കീർത്തനങ്ങൾ പാടിയും സവര്ണന്റെ പാരമ്പര്യമുള്ള ദൈവങ്ങളെ സൃഷ്ടിച്ചും ഇവിടെയുള്ളവർ കുരങ്ങന്മാരും അസുരന്മാരുമാക്കിയാണ് .


അവരുടെ ആധിപത്യം ഉറപ്പിക്കാനാവാം "അതിഥി ദേവോ ഭവ : " എന്ന് നമ്മുടെ പൈതൃകം വിളിച്ചുകൂവിയത് .


അതിജീവനത്തിനായി വനങ്ങൾ കൂട്ടത്തോടെ വെട്ടിനശിപ്പിച്ചു കൃഷിയിടങ്ങൾ നിർമിക്കുകയും സവര്ണന്റെ അടിമപ്പണിയും ചെയ്ത നമ്മുടെ നേരെ വിപരീതമായി വനത്തിനകത്ത് ജീവിച്ചവർ പിൻകാലത്ത് ആദിവാസിയായി അറിയപ്പെട്ടു .


എന്നാൽ അതുമൊരു സ്ഥായീയായ ജീവിതക്രമം ആയിരുന്നില്ല ,ജനസംഖ്യ കൂടുന്നതിനൊപ്പം നാട്ടിലെ സ്ഥലം കൃഷിക്കും ജീവിക്കാനും മതിയാവാതെ വന്നപ്പോൾ വനത്തിന്റെമാറിൽ തൂമ്പകൾ അമർന്നുകൊണ്ടേയിരുന്നു . മൃഗങ്ങങ്ങൾ കൂട്ടത്തോടെ വേട്ടയാടപ്പെട്ടു .


അപ്പോഴേക്കും ബലാല്സംഗത്തിലൂടെയും മറ്റും സവര്ണന്റെ ബീജവുമേന്തിയ ഭാരതസ്ത്രീകൾ സങ്കരസംസ്കാരത്തിലുള്ള പുതുതലമുറയ്ക്ക് ജന്മം നൽകി , ഒരുപക്ഷേഇന്നേതു കുടുംബത്തിന്റെ വേരുകൾ തേടിച്ചെന്നാലും അവസാനമെത്തുക ഈ അപ്രിയസത്യത്തിലേക്ക് തന്നെ .


പിന്നീട് കടന്നുവന്ന ഓരോ സാമ്രാജ്യങ്ങളും ഇന്ത്യൻ സംസ്കാരത്തെയാകെ മാറ്റിമറിച്ചു . അതിനൊപ്പം മണ്ണിനോടും പെണ്ണിനോടുമുള്ള അവസാനമില്ല ചൂഷണങ്ങളും ആവർത്തിക്കപ്പെട്ടു .


കാലാവസ്ഥയിൽ ആദ്യമായി മാറ്റമുണ്ടായിത്തുടങ്ങി , പിന്നീട് കയറിവന്ന കച്ചവടക്കാർ കാര്യക്കാരായപ്പോൾ അന്നുവരെ ഉണ്ടായിരുന്ന സംസ്കാരവും ക്ഷയിക്കുകയും വ്യവസ്ഥിതികൾക്കും മനുഷ്യജീവിതത്തിനും മാറ്റം വന്നുതുടങ്ങി .


 നാട്ടിലെ സ്ഥലങ്ങൾ വളച്ചുകെട്ടി തന്റേതാക്കി പ്രമാണിയായവന്റെ കീഴിൽ തൊഴിലാളികളായി സാധാരണക്കാർ അടിച്ചമർത്തപ്പെട്ടു .
പിന്നീടുവന്നവർ വനത്തിന്റെ സാധ്യതകൾ തിരിച്ചറിയുകയും പാശ്‌ചിമഘട്ടത്തിന്റെ പ്രകൃതിസമ്പന്നത കൊള്ളയടിക്കാനും തുടങ്ങി .


അതിനൊപ്പം നാട്ടുരാജ്യങ്ങളായി മാറിയിടങ്ങളിൽ നിന്നും പലകാരണങ്ങളാൽ രക്ഷപ്പെട്ട് വരുന്നവരും ജീവിതം വഴിമുട്ടിയവരും വനങ്ങൾ വെട്ടിനശിപ്പിച്ചു കൃഷിയിടം പണിയാനാരംഭിച്ചു .


മലകയറി ഒറ്റയ്ക്ക് വെട്ടിക്കിളച്ച കൃഷിയിടങ്ങളെക്കുറിച്ചു അഭിമാനത്തോടെ പറഞ്ഞവരെനോക്കി അത്ഭുതംപൂണ്ടപ്പോൾ കെട്ടിവളച്ചുണ്ടാക്കിയ വനഭൂമിയുടെ അവകാശികളെക്കുറിച്ചു മനഃപൂർവം നാം മറന്നു .


കൊളോണിയൽ കമ്പനികളുടെ വരവോടെ മലനിരകൾ എസ്റേറ്റുകളായും അന്നുവരെ അവിടെജീവിച്ച ആദിവാസികൾ തൊഴിലാളികളുമായി മാറപ്പെട്ടു .


എസ്റ്റേറ്റുകൾ നിർമിക്കാൻ വലിയതോതിൽ വനഭൂമി നശിപ്പിക്കപ്പെടുകയും ആദിവാസികൾ പലായനം ചെയ്യുകയും ചെയ്തു . ആയിരത്തി എണ്ണൂറുകൾക്ക് ശേഷം പരസ്പരം തമ്മിൽതല്ലിയ നാട്ടുരാജാക്കന്മാരുടെ കയ്യിൽനിന്നും അനുമതിലഭിക്കാൻ അവർക്ക് ബുദ്ധിമുട്ടുമുണ്ടായില്ല .


ഒരു സംഘടിത പ്രദേശമെന്നനിലയിൽ വയനാടായതിനുശേഷം കൂടുതൽ കാണേണ്ടിവന്നത് ആദിവാസികളുടെ പലായനങ്ങളും കുടിയേറ്റക്കാരുടെ വ്യാപനവുമാണ് .


സ്വാതന്ത്രം കിട്ടിയതിനുശേഷവും വയനാടിനോടുള്ള ചൂഷണം അവസാനിച്ചില്ല . ഇത്തവണ ശല്യമായി വന്നത് സവർണ്ണ പ്രഭുക്കളും ജന്മിമാരുമായിരുന്നു .
വൻതോതിൽ നിലവിലുള്ള നിയമങ്ങളിൽ പിഴവുണ്ടാക്കി വനസമ്പത്തു കൊള്ളയടിച്ചു കൊണ്ടേയിരുന്നു .


അനാഥരായ ആദിവാസികളെ സംരക്ഷിക്കാൻ എന്നോണമെത്തിയ എഴുപത്തഞ്ചിലേ ഭൂപരിഷ്കരണ നിയമവും കാര്യമായ ഗുണം ചെയ്തില്ല . വയനാട്ടിലെ 60% ത്തിൽ അധികവും കുടിയേറിപ്പാർത്തവരാണെന്നു നിസ്സംശയം പറയാം .


ഓരോ അധിനിവേശങ്ങളിലും ഉണ്ടായ വർഗ്ഗസങ്കരങ്ങൾ അവിടെയും ഉണ്ടായി . ആദിവാസി സ്ത്രീകൾ അച്ഛനില്ല ഗർഭം ധരിക്കുന്നത് തുടർകഥയായി ,


അതിനെല്ലാം അപ്പുറം അന്നുവരെയുള്ള വനത്തിലെ ജീവിതക്രമം പിന്തുടരാൻ സാധിക്കാത്ത അവർക്ക് സംക്രമികരോഗങ്ങൾ പെട്ടെന്ന് പിടിപെടാനും അത് തലമുറകളിലേക്കും ബാധിക്കാനും തുടങ്ങി .


മലേറിയയും ,കോളറയും ,അനീമിയയും ഒക്കെ അവരുടെ പച്ചമരുന്നുകൾക്കു താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു ,ഇത് കൂട്ടമരണങ്ങൾക്കു വഴിവച്ചു ..


അവരെ സംരക്ഷിക്കാനായി വന്ന നിയമങ്ങളെല്ലാം അവരുടെ ശത്രുക്കളായി മാറപ്പെട്ടു , അവരുടെപേരിൽ കോടിക്കണക്കിനു രൂപയാണ് ഓരോവർഷവും പാസാക്കപ്പെടുന്നത് ,എന്നിട്ടും പോഷകാഹാരക്കുറവുകൊണ്ടു മരണങ്ങൾ തുടര്കഥയായത് എന്തുകൊണ്ടാണ് ?


കാട്ടിലെ കിഴങ്ങും ഇലകളും മുളയരിയും ഒക്കെ അന്യമായിത്തുടങ്ങിയപ്പോൾ റേഷനുവേണ്ടി കാതങ്ങളോളം നടന്നെത്തുന്നവർക്ക് കിട്ടുന്ന തുച്ഛമായ വിഹിതമവരുടെ വിശപ്പടക്കിയുമില്ല .


കാട്ടിലേക്കുള്ള കയ്യേറ്റം തകർത്ത മൃഗങ്ങളുടെ ആവാസവ്യവസ്ഥ ഇന്നും നാട്ടിലെത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു .


പിന്നീടുണ്ടായത് ആദിവാസിയുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ കുറവാണ് .


അതിന് ആക്കം കൂട്ടാനെന്നോണം "നാം ഒന്ന് നമുക്കൊന്ന്" എന്ന കുടുബാസൂത്രണനയംസംസ്ഥാനത്ത് പരീക്ഷിക്കപ്പെട്ടത് ആദിവാസിവിഭാഗത്തിലും .


വനത്തിന് പുറത്തേക്കുവരാൻ കൂട്ടാക്കാത്ത കാട്ടുനായ്ക്കർ ,ചോലനായ്ക്കർ തുടങ്ങീ വിഭാഗങ്ങളിലെ ആണുങ്ങൾക്ക് പദ്ധതിയിലെ എണ്ണം തികയ്ക്കാനായി ചാരായവും കഞ്ചാവും നൽകി രോഗപ്രധിരോധമെന്ന് തെറ്റിദ്ധരിപ്പിച്ചു വന്ധ്യതാ ചികിത്സ അനധികൃതമായി നടത്തുകയും സ്ത്രീകളെ മാനഭംഗം ചെയ്യുന്നതും കൂടിയായപ്പോൾ കാലങ്ങളായി സംരക്ഷിക്കപ്പെട്ട ഗോത്രതുടർച്ച ചോദ്യചിഹ്നമായി മാറി .


ആദിവാസിയോടൊപ്പം വയനാടൻ പ്രകൃതിസൗന്ദര്യം കൂടെ വില്പനയ്ക്കുവച്ച ടൂറിസം പദ്ധതികളും നശിപ്പിച്ചത് വനവും ,മൃഗങ്ങളെയും ,ആദിവാസിയെയും തന്നെ .


 എന്നുവെച്ചാൽ ഇന്ന് വയനാടിനെ കൈക്കുള്ളിൽ വച്ചിരിക്കുന്നത് ഭൂമാഫിയകളും റിസോട്ടുകളും എസ്റേറ്റുകളും തന്നെ .പ്രകൃതി വില്പനച്ചരക്കാകുന്ന കാലമല്ലേ ഇന്ന് .


ആയിരം കൈകളിൽ തൊള്ളായിരത്തി ആറും മുറിക്കപ്പെട്ടു തന്റെ മകളെയും രാജ്യത്തെയും അടിയറവ് വെച്ച ബാണാസുരന്റെ കീഴടങ്ങിയപോലെ എല്ലാ അതിജീവനങ്ങളും തോൽക്കുമെന്നറിഞ്ഞും ബാണാസുരൻമലയുടെ താഴ്വാരത്തിൽ ആദിമജീവികൾ മുണ്ടുമുറുക്കിയുടുത്തു കാത്തിരിക്കുന്നു മണ്ണിനുവേണ്ടി .


കാലം തെറ്റുകൾ ഒരിക്കലും തിരുത്തിയില്ല , പഴക്കം കൊണ്ട് ശരികളാക്കുകയായിരുന്നു ...!



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...