Tuesday 11 July 2017

---3--


"പക്ഷെ ചെന്നൈയിലേക്കുള്ള പറിച്ചുനടൽ അമ്മയുദ്ദേശിച്ചതുപോലെയായിരുന്നില്ല ,

 അന്നത്തെക്കാലത്തെ ഓണേഴ്‌സ് ബിരുദം നേടിയ അമ്മയുടെ കണക്കുകൂട്ടൽ അവിടെയൊരു ജോലിയും ,നല്ല വിദ്യാഭ്യാസം നൽകിയെന്നെ വളർത്തുകയുമായിരുന്നു .

തനിച്ചൊരു ചോരകുഞ്ഞുമായി ഭർത്താവില്ലാത്ത ഒരുപെൺകുട്ടിയ്‌ക്ക്‌ വാടകവീടുപോലും കിട്ടില്ലെന്ന സത്യം വേദനയോടെ 'അമ്മ മനസ്സിലാക്കി , ചുറ്റും ചോദ്യങ്ങളും , പരിഹാസങ്ങളും , കൂട്ടിന് ക്ഷണിക്കലുകളും


 അവിടെത്തി മൂന്ന്  വർഷത്തിനകം  വീട്ടുകാരുടെ നിർബന്ധം സഹിക്കവയ്യാതെ അമ്മയ്ക്ക് രണ്ടാമതൊരു വിവാഹത്തിന് സമ്മതിക്കേണ്ടിവന്നു .ഒരുപെണ്ണിന് തനിച്ചു ജീവിക്കാൻവേണ്ടുന്ന ധൈര്യം അമ്മയ്ക്കെപ്പൊഴോ നഷ്ടമായിരിക്കണം , അമ്മയെക്കുറിച്ചു എല്ലാം അറിയാവുന്ന , ചെന്നൈയിൽ അമ്മയ്‌ക്കെല്ലാ സഹായവും ചെയ്തുകൊടുത്ത ബന്ധുവിനെ തന്നെയാണ് വിവാഹം ചെയ്തത് .



"ശരിയാണ് രൂപേഷെ പെണ്ണിന് തനിച്ചുജീവിക്കുകയെന്നാൽ വല്യൊരു വെല്ലുവിളി തന്നെയാണ് "


"പുതിയ അച്ഛന് ..... അല്ല ഞാനിന്നുവരെ അച്ഛാ എന്നുവിളിച്ച ആ മനുഷ്യന് ഒരിക്കലും എന്നോട് ദേഷ്യമോ പരിഭവമോ തോന്നിയിട്ടില്ല ,
എന്നിട്ടും നാലുവയസ്സുമുതൽ എന്റെജീവിതം ബോർഡിങ്ങിലേക്ക് മാറ്റപ്പെട്ടു .


വല്ലപ്പോഴും കാണാനെത്തുന്ന രക്ഷിതാക്കളും ,പട്ടാളച്ചിട്ടയോടെ പെരുമാറുന്ന അധ്യാപരും ,സ്വന്തം കാര്യത്തിനുമാത്രം കൂട്ടുകൂടുന്ന ചങ്ങാതിമാരും ..അനാഥാലയത്തിന്റെ മറ്റൊരു രൂപമാണ് വിദ്യ ബോർഡിങ്ങുകൾ ..."


"എന്നിട്ട് "


" എന്നിട്ടെന്താണ് ..... മണ്ണിനടിയിൽ വേരുകളാൽ പരസ്പരം കെട്ടിപ്പുണരുന്നു ഇലകൾ തമ്മിലടുക്കാതിരിക്കാൻ നാം അകറ്റി നിർത്തിയ മരങ്ങൾ ...."


"മനസ്സിലായില്ല രൂപേഷ് "


" ഈ പരിണാമസിദ്ധാന്തം കേട്ടിട്ടുണ്ടോ താൻ ? നിശ്ചിത ക്രമത്തിൽ നമ്മുടെ സ്വഭാവജീനുകൾ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും , മുത്തച്ഛന്റേയും അച്ഛന്റെയും പാരമ്പര്യം ബുദ്ധിയുറച്ചുതുടങ്ങിയ പ്രായത്തിൽത്തന്നെ എന്നിലും പ്രകടമായിത്തുടങ്ങി , അതായിരുന്നു തുടക്കം ,"


"എന്തിന്റെ ?"


"ഇന്ന് നീകാണുന്ന നക്സലൈറ്റിന്റെ "


"എങ്ങനെയാ "?


"പണത്തിനുമുകളിൽ പറക്കാത്ത പരുന്തുകളായിരുന്നു അവിടുത്തെ മാനേജ്‌മെന്റിലെയും .

ഫീസ് കൃത്യമായി എത്തിക്കാത്ത കുട്ടികളെക്കൊണ്ട് ബാത്ത് റൂം ക്ലീൻ ചെയ്യിക്കുക ,മെസ്സിലെപാത്രം കഴുകിക്കുക ,അസംബ്ലിയിൽ വച്ചു അധിക്ഷേപിക്കുക തുടങ്ങിയ കലാപരിപാടികളെയും മുട്ടോളമെത്തുന്ന യൂണിഫോമിൽ എത്തേണ്ടുന്ന മുതിർന്ന ക്‌ളാസ്സുകളിലെ പെൺകുട്ടികൾക്കും വേണ്ടി വാദിച്ചുകൊണ്ട് ..."


"ഹ ഹ എന്നിട്ട് ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടോ ?"


"ഞാനൊറ്റയ്ക്കാണെങ്കിൽ അംഗീകരിക്കില്ലായിരുന്നു പക്ഷെ എന്റെ അഭിപ്രായത്തോട് യോചിക്കുന്നവർ എനിക്കുപിന്നിൽ അണിനിരന്നു .

അതൊരു വൻവിജയമായെങ്കിലും പിന്നീടെനിക്ക് അവിടെ നിൽക്കാനായില്ല , അവർ പുറത്താക്കാൻ കാരണം തേടുന്നതിൽ പെട്ടുപോയതാണെന്ന് പറയാം .

അതിനുശേഷം ചെന്നൈ നഗരത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ മാറിമാറി പഠനം ,എന്റെരീതികൾ അവർക്കിഷ്ടപ്പെടാതെയോ അവരുടെ ചിട്ടകൾ അംഗീകരിക്കാൻ എനിക്ക് സാധിക്കാത്തതോ എന്നറിയില്ല .

പ്ലസ്‌ ടു വിനുശേഷം എന്നെ നന്നായിക്കാണണം എന്ന ഉദ്ദേശത്തോടെയും കാണണേ എന്നുള്ള പ്രാർത്ഥനയുടെയും അതിലധികം നീണ്ട ഉപദേശങ്ങൾക്കും കണ്ണീരിനും ഫലമായി പ്രേതെകിച്ചു ലക്ഷ്യങ്ങളെക്കുറിച്ചു ചിന്തിക്കാത്ത ഞാൻ മെഡിസിന് പോയിത്തുടങ്ങി , "ചെന്നൈ മെഡിക്കൽ കോളേജ് ആൻഡ് റിസേർച് സെന്റർ . "



"എൻട്രൻസിന് നല്ല മാർക്കുണ്ടായിരുന്നല്ലേ ?"


"അതെ . പക്ഷെ സർക്കാരിന് യാതൊരു വിലയുമില്ലാത്ത നാടായതുകൊണ്ടു എൻട്രൻസ് ഒക്കെവെറും പ്രഹസനമായിരുന്നു .

എന്നിൽ കൂടുതൽ മാർക്കുണ്ടായവർക്ക് കിട്ടാത്ത അഡ്മിഷൻ എന്റെ അച്ഛന്റെ പോക്കെറ്റിന്റെ കനം കൊണ്ടെനിക്ക് കിട്ടി .

വേണ്ടെന്ന് തീരുമാനിച്ചതായിരുന്നു ആദ്യം ,പക്ഷെ ഞാനല്ലെങ്കിൽ അടുത്തയാൾ വരുന്നത് ഒരർഹതയുമില്ലാത്ത ആളായിരിക്കും എന്നുറപ്പുള്ളതുകൊണ്ട് പോയിത്തുടങ്ങി .

സത്യം പറഞ്ഞാലെന്റെ ജീവിതലക്ഷ്യമെന്തെന്ന് തിരിച്ചറിഞ്ഞതെവിടെ വെച്ചാണ് . അല്ലെങ്കിൽ ഞാനെന്തുകൊണ്ട് ഇങ്ങനെയായിപ്പോകുന്നതെന്നും"


"ഡോക്ടർ ആണെന്നോ ?"


"ഏയ് അല്ല .... കയ്യിൽ കാശുള്ളവർക്ക് വെറുമൊരു ഡിഗ്രിയും ,അതില്ലാത്തവർക്ക് കിട്ടാക്കൊമ്പിലെ മുന്തിരിയും ... "


"അതെങ്ങനെയാ പറയേണ്ടതെന്ന് എനിക്കറിയില്ല , കോളേജ് ജീവിതത്തെക്കുറിച്ചു പറയാം .നീ യുക്തിക്കനുസരിച്ചു ഊഹിച്ചോളൂ "


"എന്നിട്ട് ...."


"പൊതുവെ സർക്കാർ കോളേജിലെ സ്ഥിരം പരിപാടിയായിരുന്നു ഇവിടെയും , ക്ലാസ് എടുക്കേണ്ട അധ്യാപകർ രാവിലെയെത്തി ഒപ്പിട്ടശേഷം സ്വകാര്യ ഹോസ്പിറ്റലുകളിൽ പോകും ..."


"അപ്പോൾ ആരും പ്രതികരിക്കില്ല ?"


"ഇല്ല .. അവിടെ അങ്ങനെയാണ് എന്നഭാവമായിരുന്നു എല്ലാവർക്കും "
"എന്നിട്ട് "


"ഗവണ്മെന്റ് ആശുപത്രികളിലാണ് ഏത് പകർച്ചവ്യാധിയും ദുരന്തവും കൂടുതൽ പ്രതിഫലിക്കുക എന്നറിയാമല്ലോ .

രണ്ടായിരത്തിമൂന്നിൽ ചെന്നൈ നഗരത്തിലെ അഡയാർ ചേരികളിൽ പടർന്നുപിടിച്ച പകർച്ചവ്യാധി ക്ക് ചികിത്സതേടിയെത്തിയവരെക്കൊണ്ട് ആശുപത്രി നിറഞ്ഞസമയം ,

കാരണം തേടിപ്പോയതായിരുന്നു ഞങ്ങൾ , എന്റെ ജീവിതത്തിൽ അതൊരു വഴിത്തിരിവായിരുന്നു .....

ആശുപത്രി മാലിന്യങ്ങൾ ഭീകരമായ അളവിൽ നിക്ഷേപിക്കപ്പെട്ടിരുന്നത് ഈ ചേരിപ്രദേശത്താണ് , അതെവിടുനിന്ന് വരുന്നുവെന്നതിന് സർക്കാർ ആശുപത്രിയുടെ പേരുപറഞ്ഞെങ്കിലും ഒട്ടുമിക്ക ഹൈജീനിക് ആശുപത്രികളുടെയും മാലിന്യം സർക്കാരിന്റെ സ്ഥലത്ത്‌ നിക്ഷേപിക്കപ്പെടുന്നു അതിന് അധികൃതർ അറിഞ്ഞിട്ടും കണ്ണടയ്ക്കുന്നു .



സർക്കാർ ലെവലിൽ ഒരു പദ്ധതി വരുമ്പോൾ അതിന്റെ ഉപയോഗവും ,പ്രവർത്തനവും ,സമയക്രമവും ,സാമ്പത്തികവും ,ഭാവിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും ചർച്ചചെയ്യപ്പെടുകയും ഉപാധികൾ കാണുകയും ചെയ്ത് ഭരണപക്ഷം - പ്രതിപക്ഷം മുതൽ വില്ലേജ് ഓഫിസറുടെ വരെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടേ അനുമതി നൽകൂ , കോളനിയിൽ സർക്കാരിന്റെ ആശുപത്രി മാലിന്യ നിർമാർജന പ്ലാന്റിന്റെ സംഭരണശേഷിയിൽ ഇന്നും അമ്പത്തിരട്ടിയോളം മാലിന്യങ്ങൾ ദൈനംദിനം അവിടെ നിക്ഷേപിക്കപ്പെട്ടിരുന്നു .


ചെന്നൈ പോലൊരു മഹാനഗരത്തിൽ മാലിന്യങ്ങൾ എത്രയുണ്ടാവുമെന്ന് ഊഹിക്കാമല്ലോ . പക്ഷെ അതുമുഴുവൻ നേരിയൊരു വീടും കുടിയും ഇല്ലാത്തവന്റെ നെഞ്ചത്ത് തള്ളുന്നതാണ് പ്രശ്നം . അന്തിയോളം സമ്പന്നവിഭാഗത്തിനുവേണ്ടി പണിയെടുത്ത് കിട്ടുന്ന പണം അവർ വലിച്ചെറിയുന്ന മാലിന്യങ്ങൾ പരത്തുന്ന രോഗശമനത്തിനായി ചെലവഴിക്കപ്പെടേണ്ട അവസ്ഥയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ



ഒന്നാംവർഷ വിദ്യാർത്ഥിയായിട്ടും അവിടെയും എന്റെയൊപ്പം നിൽക്കാൻ എം എസ് വിദ്യാർത്ഥികൾ വരെയുണ്ടായിരുന്നു, വൈകാതെ ചേരിയിലെ താമസക്കാരും പത്രക്കാരും കൂടിയീവിഷയം ഏറ്റെടുത്തപ്പോൾ പുറംലോകം അറിഞ്ഞുതുടങ്ങി ...!


 എന്നെയും ...!


തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...