Wednesday 5 July 2017


ഭാഗം മൂന്ന്

നാരായണിയേടത്തി 






ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞുവീണു എത്രപെട്ടെന്നാണ് അവൾ ആ കൊച്ചുപെണ്ണിൽ നിന്നും അകത്തേമ്മമാർ പോലും അസൂയപ്പെടുന്ന സൗന്ദര്യവതിയായെന്ന് ഇടയ്ക്കിടെ നാണി പറയുമ്പോൾ അവൾ വെറുതെ ചിരിക്കുമായിരുന്നു . 


വൈകാതെ ആ വീട്ടിൽ പുതുമയില്ലാത്തതും  അവളിൽ ഏറെ സന്തോഷം നിറച്ചതുമായ സമ്മാനം കാലം അവൾക്കായി നൽകി . ഏഴുമാസമായപ്പോൾ ആചാരപ്രകാരം പ്രസവിച്ചു ഏഴുമാസം വരെ അവൾക്ക് സ്വന്തം വീട്ടിൽ നിൽക്കാനുള്ള അനുമതി ലഭിച്ചു .  അന്നുവരെ അനുഭവിച്ച നരകത്തിൽ നിന്നും കുറച്ചുനാളേയ്ക്കുള്ള ആശ്വാസം പോലെ അവൾക്ക് തോന്നി . 


പക്ഷെ സ്വന്തം വീട്ടിൽ അകത്തമ്മയുടെ ഭരണം ഏടത്തി ഏറ്റെടുത്തതും , അമ്മയ്ക്കുണ്ടായ അവശതയും പണിക്കാരുടെ സഹായമുണ്ടായിട്ടുകൂടി അവളെ ഒറ്റപ്പെടുത്തി . "പെൺവീട്ടുകാർക്ക് പോറ്റിയ തഴക്കം മാത്രേ " ഉണ്ടാവുള്ളൂ എന്നുള്ള വാക്കുകൾ ഇല്ലത്തിനുള്ളിൽ പലയിടത്ത് നിന്നായി ഉയർന്നു കേട്ടു. 


കുഞ്ഞു ജനിച്ചശേഷം ഒരു തവണമാത്രമേ ഭർത്താവിന്റെ വീട്ടിൽ നിന്നും ആള് വന്നുള്ളൂ എന്ന് പലരും അടക്കം പറഞ്ഞെങ്കിലും മാധവിയുടെയും , ചീതയുടെയും പെങ്ങളുവന്നപ്പോൾ മടങ്ങിവന്ന അവളുടെ ഏട്ടന്റെയും സ്നേഹവും സാമീപ്യവും ശങ്കരനെ കയ്യിൽ കിട്ടിയ നിർവൃതിയും പിന്നീടുള്ള അവളുടെ ദിവസങ്ങൾ സന്തോഷം നിറച്ചതാക്കി . 



ഇതിനിടയിൽ ആരുടേയും ശ്രദ്ധ എത്താത്ത സമയത്തെല്ലാം ഏട്ടൻ കമ്മ്യൂസത്തെക്കുറിച്ചു പറയുന്നത് കേട്ട് കേട്ട് അന്നുവരെ അവളുടെ മനസ്സിലുണ്ടായിരുന്ന ഭീകരരൂപം തകർന്നടിയുകയായിരുന്നു . 



"ഈ ഇല്ലത്ത് തന്നെ അച്ഛച്ഛന്റെ വേളികളായി വന്ന് കാലം കഴിച്ച എത്രപേർ നമ്മുടെ ഓർമകളിൽ ഉണ്ട് നാരായണി ...ഇപ്പോഴും അകത്തമ്മമാരുടെ കനിവ് നോക്കി ഉണ്ണാൻ കാത്തിരിക്കുന്നവർ ...ഇതൊക്കെ വേണമായിരുന്നോ ...? പണിക്കാരത്തികളും നമ്മുടെ പെണ്ണുങ്ങളും എല്ലാം പെണ്ണുങ്ങൾ തന്നെ ... എല്ലാ ആണുങ്ങളും ആണുങ്ങൾ തന്നെ ..."



"പിന്നെന്തിനാ ഏട്ടാ അശുദ്ധവുന്നെ ?"



" അത് .... നമ്മടെ ആൾക്കാരുടെ ക്രൂരതയാണ് മോളെ ... ചോദിക്കാൻ ആളില്ലാത്തവരോട് കാട്ടുന്ന ക്രൂരത . നമ്മുടെ ആണുങ്ങൾ വയറുനിറയെ തിന്നുന്നത് അവർ പണിയെടുത്തിട്ടാണ് . അതിന്റെ കൂലിയെങ്കിലും നേരെ കൊടുത്തെങ്കിൽ പണിക്കാര് പിള്ളാര് പട്ടിണിയാവില്ല .."



"എനിക്കൊന്നും മനസ്സിലാവണില്ല ഏട്ടാ ..."



"മോളെ നിങ്ങളീ പെണ്ണുങ്ങളെ അകത്തിരുത്തി വാതിലടച്ചു എല്ലാ കാഴ്ചകളെയും മറയ്ക്കുകയാണ്. ഇവിടെ നമ്മുടെ രാജ്യത്തിന് സ്വാതന്ത്രം കിട്ടാൻ പോവുകയാണ് . 


നിക്കറിയാമോ പതിനായിരക്കണക്കിന് ആളുകൾ മൂന്നൂറ്റന്പത് വർഷം കൊണ്ട് അവരെ എതിർത്തത് കാരണം മരിച്ചു , എത്രയോ പേര് കയ്യും കാലുമില്ലാതെ ജീവിക്കുന്നു ... പട്ടിണിപ്പാവങ്ങൾ മുണ്ടുമുറുക്കിയുടുത്ത് ബ്രിട്ടീഷുകാരെ തുരത്തിയോടിക്കുമ്പോൾ പിന്നെയും ആ പാവങ്ങൾക്ക് മേൽ ഭരണം നടത്താൻ ഞങ്ങൾ സമ്മയ്ക്കില്ല "


"അതെന്താ ഏട്ടാ ഇന്ത്യ ...."?


"നമ്മുടെ രാജ്യമാണ് . നമ്മളെല്ലാം ഇന്ത്യയിലാണ് ജീവിക്കുന്നത് . നെന്മേനിയും ചെമ്പൂഴിയും ഒക്കെ പെടുന്ന ഇന്ത്യ രാജ്യം "


"അത്രയും വലുതാണോ ... "


"പിന്നെ .....ലക്ഷക്കണക്കിന് ഇരട്ടി വലുതാണ് "


"ലക്ഷം പറഞ്ഞാൽ എത്രയാ ഏട്ടാ ..."? 


"എല്ലാ വേദങ്ങളിലും കൂടി കുറിച്ചിട്ടുള വാക്കുകൾക്കൊപ്പം എണ്ണം വലുത് "


"ഉം ..... അപ്പൊ കമ്മ്യൂണിസ്റ്റുകാര് എല്ലാരേം കൊല്ലുമെന്ന് ഇല്ലത്ത് പറയുകയുണ്ടായല്ലോ "


" അവന്റെ പെണ്ണിനെ കേറിപ്പിടിച്ചാൽ അവനിപ്പോൾ പ്രതികരിക്കും ... നിങ്ങളെയാരും തൊടുന്നില്ലാലോ അപ്പോൾ അവന്റെ പെണ്ണിനേയും നിങ്ങളാരും തൊടരുത് എന്ന് അവൻ വാദിച്ചാൽ അതെങ്ങനെ തെറ്റാകും നാരായണി ?"


"അത് ശരിയാണ് ഏട്ടാ, പക്ഷേങ്കില് എനിക്കീ കാര്യങ്ങളെ കുറിച്ചൊന്നും വല്യ നിശ്ചല്യ.."


"നിനക്കല്ല . നമ്മുടെ എല്ലാ പെണുങ്ങൾക്കും നേരത്ത് ഉണ്ണാനും തൊഴാനും ഒരുങ്ങാനും കെട്ടിയോന്റെ കൂടെ കിടക്കാനും പെറാനും മാത്രേ അറിയൂ .... ഒരിക്കലെങ്കിലും മോള് ചിന്തിച്ചിട്ടുണ്ടോ ഇന്റെ കൂട്ടുകാരത്തികളുടെ കഷ്ടപ്പാട് . ഇല്ലത്തിലെ എല്ലാ പണിയും ചെയ്താലും പഴങ്കഞ്ഞിയെന്നെ .... അവരുടെ സ്ഥലത്ത് അവർ പണിയെടുത്തതിൽ നിന്നും പാട്ടം തന്നതും പോരാതെ ആ കഞ്ഞിയിലും കയ്യിട്ട് വാരിയാണ് നമ്മള് ജീവിക്കണത് ... നമ്മളെത്ര പൂജിച്ചാലും ഏത് ദേവകളും കനിയില്ല ."


"അതെന്താ എട്ട ദേവകൾക്ക് മാലകെട്ടിയിട്ടും നൈവേദ്യം കൊടുത്തിട്ടും കേൾക്കില്ലെന്നോ ?"


"നമ്മുടെ ദേവകൾ നമ്മളുണ്ടാക്കിയതല്ലേ ... അവരുടെ ദേവകൾക്ക് കല്ലിന്റെയും മരത്തിന്റെയും മണ്ണിന്റെയും രൂപമാണ് ... നാലുവേദങ്ങളും ഗീതയും ആവർത്തിച്ചുചൊല്ലിയത്‌ മനുഷ്യനന്മയാണ്‌ . പക്ഷെ നമ്മൾ വായിച്ചെടുത്തത് നമ്പൂതിരി നന്മയും . ഇത് ന്യായമല്ല മോളെ ... "

"ഏട്ടൻ പറയുന്നതൊക്കെ എനിക്ക് തിരിയുന്നുണ്ട് .... പക്ഷെ "


"നിനക്കത് മനസ്സിലാക്കാൻ പറ്റുന്നത് നിന്റെ മനസ്സിലെ നന്മ കൊണ്ടാണ് . ഇവിടെ പലർക്കും അതില്ല . "


"അകത്തമ്മമാർ ഉപവസിക്കാറുണ്ടല്ലോ , നമ്പൂതിരിമാർ പൂജിക്കാറുണ്ടല്ലോ, ഇല്ലത്തു ഊണ് കൊടുക്കാറുണ്ടല്ലോ വിശേഷദിവസങ്ങളിൽ ... അതൊന്നും നന്മയല്ലേ "


"അവനവനുവേണ്ടി ചെയ്യുന്നതൊന്നും ലോകനന്മയല്ല നാരായണി , ഊണ് കൊടുക്കുന്നത് പട്ടിണിക്കാർക്കല്ലാലോ ...നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങുന്ന നമ്പൂതിരിക്ക് വിളമ്പുന്നത് നന്മയല്ല കുട്ടി ..."



"ഇതിനാണോ ഏട്ടാ കമ്മ്യൂണിസം എന്ന് പറയുന്നേ ...."


"അതെ .... എല്ലാവരും തുല്യരാണ് , എല്ലാവർക്കും തുല്യനീതി വേണമെന്ന് പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നതാണ് കമ്മ്യൂണിസം ... "


"ഭീകരനാണ് എന്ന് എല്ലാരും പറയുന്നല്ലോ ?"


"ഭീകരത അതിനെ പേടിക്കുന്നവർക്ക് മാത്രമാണ് . കുട്ടിക്കറിയാമോ കമ്മ്യൂണിസ്റ്റുകളുടെ തലപ്പത്ത് ഉള്ളത് ഒരു നമ്പൂതിരിയെന്നെയാ ... സഖാവ് ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് , വല്യ ഇല്ലക്കാരാണ് "


"അത്രേം വലുതാ "

"ഉം ...നിന്റെ നമ്പൂതിരിയുടെ വച്ചും വലുതാ .... ഇപ്പൊ ജാതിയിന്ന് ഭ്രഷ്ട് വന്നു , അന്യജാതിക്കാരുടെ കൂടെ സഹവസിച്ചെന്ന് പറഞ്ഞിട്ട് "


"അയ്യോ .... "


"ഇല്ലക്കാരല്ലേ ഭ്രഷ്ട് കൽപ്പിച്ചുള്ളൂ , അദ്ദേഹത്തിനെ ഹൃദയത്തിൽകൊണ്ട് നടക്കുന്ന ഒരുപാട് പേരുണ്ട് . അദ്ദേഹം മാത്രമല്ല പിന്നെയും ഉണ്ട് ഒരുപാട് നമ്പൂതിരിമാർ , വി ടി ഭട്ടതിരിപ്പാട് കേട്ടിട്ടില്ലേ ...? അഫ്‍പൻ നമ്പൂതിരിയായിരുന്നു , തീയാടി പെൺകുട്ടി ആണ് അക്ഷരം പഠിപ്പിച്ചത് അദ്ദേഹത്തെ ... പിന്നെയും എത്രയോ പേരുണ്ടെന്നറിയാമോ ജാതി ഭ്രഷ്ട് കൽപ്പിച്ചിട്ടും പാവപ്പെട്ടവന്റെ നീതിക്കുവേണ്ടി ജീവിക്കുന്നവർ "


"സഖാവ് എന്നുവെച്ചാൽ എന്താണ് ഏട്ടാ "

"ഉറ്റ സുഹൃത്ത് , കൂട്ടുകാരൻ എന്നൊക്കെ പറയാം "

"ഇവരെയെല്ലാം ഏട്ടൻ സഖാവ് എന്നുവിളിക്കുമ്പോൾ ഇവരെല്ലാം ഏട്ടന്റെ കൂട്ടുകാരാണോ ?"

"നമ്മൾ ആപത്തിൽ പെടുമ്പോൾ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് . നമുക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ . ഇവിടെ അടിയാളരും മേലാളരും ഇല്ല . എല്ലാവരും ഒന്ന് . അത്രേന്നെ . "

"ഉം .... ഏട്ടനേയും ഭ്രഷ്ട് കല്പിക്കും ന്ന്  അകത്തുള്ളവർ പറയുന്നു "

"കല്പിക്കും . എനിക്കതൊന്നും പ്രശ്നമല്ല നാരായണി , എത്ര കഷ്ട്ടപ്പെട്ടാലും നാളത്തെ സൂര്യോദയത്തിൽ പിറക്കുന്ന കുട്ടികൾക്കെങ്കിലും ഈ അവസ്ഥയില്ലാതെ തുല്യരായി ജനിക്കട്ടെ ... അതിനായി മരിക്കേണ്ടി വന്നാൽ പോലും ഈ കൃഷ്ണന് സന്തോഷമേയുള്ളൂ 

കേട്ടിട്ടില്ലേ ഞങ്ങളുടെ പ്രിയ സഖാവ് പാടിയത് 

"ഇതിനൊക്കെ പ്രതികാരം ചെയ്യതടങ്ങുമോ 
 പതിതരെ ,നിങ്ങൾതൻ പിന്മുറക്കാർ '"

"എന്നുവെച്ചാൽ ...?"

"എന്നുവെച്ചാൽ ഇത്രയുംകാലം അടിമയായി ജീവിക്കുന്നതിൽ നിന്നും മോചനം നേടാൻ പുതുതലമുറ പ്രവർത്തിക്കുമെന്നാണ്‌ ചങ്ങമ്പുഴ പറഞ്ഞിരിക്കുന്നത് "


"അതാരാ "

"അത് വലിയൊരു സഖാവാണ് , അക്ഷരങ്ങളിലൂടെ പോരാടുന്നവൻ ... "

ഈ നിന്ദ്യ സമുദായ നീതിയെല്ലാം കണ്ണുമടച്ചുനാം സമ്മതിച്ചാൽ 
ചിന്തിക്കുവാനുള്ള ശേഷിയൊന്നെന്നെന്തിന്‌ ഹ നാം കരസ്ഥമാക്കി " ചങ്ങമ്പുഴ പറഞ്ഞതാണ് . നമ്മൾ ചിന്തിക്കാൻ കഴിയുന്നവർ അക്ഷരത്തെ അറിയുന്നവർ , ലോകത്തിന് മുന്നിൽ കണ്ണടച്ചുപിടിച്ചു ഇരുട്ടഭിനയിക്കരുത്  നാരായണി "

"ഏട്ടനെന്തെക്കൊയോ പറയുന്നു , എനിക്ക് മനസ്സിലാവുന്നുണ്ട് , എങ്കിലും സംശയങ്ങൾ കൂണുപോലെ മുളച്ചുവരികയാണ് "

"അക്ഷരാഭ്യാസമില്ലാത്ത തലമുറയുടെ അവസാനത്തെ കണ്ണിയായിരിക്കട്ടെ നാരായണി നീ "

"അക്ഷരാഭ്യാസം എന്നുവെച്ചാൽ ?"

"നമ്മൾ സംസാരിക്കുന്ന ഭാഷയെ എഴുതാൻ കഴിയുന്ന അക്ഷര ക്രമമുണ്ട് , ജാതകം എഴുതിയ ഓലയിൽ നീ കണ്ടിട്ടില്ലേ അത് സംസ്‌കൃതമാണ് , നമ്മൾ ചൊല്ലുന്ന വേദങ്ങളെല്ലാം സംസ്‌കൃതമാണ് .... പക്ഷെ നമ്മൾ സംസാരിക്കുന്ന ഭാഷ മലയാളമാണ് . അത് നമ്മൾ പഠിക്കണം , എന്നിട്ട് വായിക്കണം . പത്രക്കടലാസും പുസ്തകങ്ങളും വായിക്കണം . അപ്പോഴേ കാര്യങ്ങൾ തിരിച്ചറിയൂ ... "

"അക്ഷരങ്ങൾ കാണാൻ എങ്ങനെയിരിക്കും ഏട്ടാ ..?' " 

അയാൾ ഇടുപ്പിൽ ചുരുട്ടിക്കൂട്ടി വെച്ചിരിക്കുന്ന പാർട്ടിയുടെ ലഘുലേഖ എടുത്ത് അനിയത്തിക്ക് നേരെ നീട്ടി . നാരായണി അതുവാങ്ങി അക്ഷരങ്ങളെ തിരിച്ചും മറിച്ചും നോക്കി അത്ഭുതപ്പെട്ടു . 

"ഓലയിലെ പകർത്തിയെഴുതാൻ കിട്ടും . പക്ഷെ ഇതെങ്ങനെയാണ് ഏട്ടാ അഭ്യസിക്കുന്നത് ?'"

"രാമായണം കേട്ട് കാണാതെ ഏഴ് കാണ്ഡവും പഠിച്ചെടുത്ത നിനക്ക് അക്ഷരം പഠിക്കുവാൻ ബുദ്ധിമുട്ടുണ്ടാവില്ല നാരായണി "

"ആരെങ്കിലും അറിഞ്ഞാൽ എനിക്കും ഭ്രഷ്ട് വരുമോ ?"

"വന്നുകൂടായ്കയില്ല , അതുകൊണ്ട് ഞാൻ നിർബന്ധിക്കുന്നില്ല . പക്ഷെ ഒന്നുമാത്രം മനസ്സിലാക്കുക . ഈ ലോകം ഏറെ വലുതാണ് , അവിടെ നീയും ഞാനും നമ്മുക്കുമേലുള്ള ഭ്രഷ്ട് ഒന്നും ഒരു വിഷയമേയല്ല ..."
"ഏട്ടാ  ലോകം എന്നാൽ അത്രയും വലുതാണോ ?"

"ഈ കുട്ടിയോട് ഞാനെന്താണ് പറയേണ്ടത് ദൈവമേ ...!" 


തുടരും 









No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...