Thursday 25 February 2016

ഇന്നത്തെ ഇര ആയിക്കിട്ടിയത് എം . ടി യുടെ കാലം എന്ന നോവലാണ്‌ , ഹരീസ് ഇക്ക അയച്ചു തന്നത് . ഊണൊക്കെ കഴിച്ച് പതിവുപോലെ വായിച്ചുകൊണ്ടിരുന്നപ്പോൾ എപ്പോഴോ ഉറങ്ങിപ്പോയി . പിന്നെ ഉണർന്നത് ആ വിളി കേട്ടാണ് 



"വിദ്യെ ....വിദ്യെ ...."

ചെറിയൊരു തണുപ്പുണ്ട് പുറത്തു അതുകൊണ്ടുതന്നെ പുതച്ചു മൂടിക്കിടക്കുന്ന സുഖം നശിപ്പിച്ചത് എനിക്കിഷ്ട്ടമായില്ല  .

"ഉം ...."

"വിദ്യെ ഒന്ന് എഴുന്നേൽക്കൂ നമുക്കൽപ്പം സംസാരിച്ചിരിക്കാം "

ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് എഴുന്നേറ്റു ,എങ്കിലും മുൻപത്തെ രാത്രിയിലെ പോലെ കണ്ണ് തുറക്കാൻ കിട്ടുന്നില്ല . അത് കണ്ടിട്ടാവണം വീണ്ടും ആ ശബ്ദം 


"നിനക്ക് എന്നെ മനസ്സിലായില്ലേ ഞാൻ ദൈവമാണ് , കഴിഞ്ഞ ആഴ്ച വന്നില്ലേ ?"

എനിക്കപ്പോഴാണ് ആളെ മനസിലായത് ... "ഓ ..നീയായിരുന്നോ ...ഇന്നെന്ത ഈ വഴി ? ഞാൻ പുതിയതായി ഒന്നും നിന്നെ കുറ്റം പറഞ്ഞില്ലാലോ ..പ്രശ്നങ്ങൾ ഒക്കെ അന്നേ പറഞ്ഞു തീർത്തതാണ്"

"ഏയ് ...അതൊന്നുമില്ല ഈ വഴി പോയപ്പോൾ നിന്നെയും കണ്ടേക്കാം എന്ന് തോന്നി അതാ കയറിയത് ..."

"ഉം ..."

"പിന്നെന്തുണ്ട്‌ വിദ്യെ വിശേഷം ?"

"എനിക്കെന്തു പറയാനാണ് തട്ടിയും മുട്ടിയും അങ്ങനെ പോകുന്നു ...ടാർഗറ്റ് ഒന്നുമായില്ല ,ചിലപ്പോൾ ജോലി പോയി കൂടായ്കയില്ല ... മുഴുവൻ തിരക്കാണ് ഇപ്പോൾ ...പക്ഷെ കാര്യമായി പണിയുമില്ല...നിനക്കോ ? "

"ഓ ....ഒന്നും പറയണ്ട കുംഭം തുടങ്ങിയില്ലേ ഇനി ഇപ്പോൾ മീനം നല്ല തിരക്കാവും പിന്നെ വിഷുവേല കഴിഞ്ഞാൽ സീസൺ കഴിഞ്ഞു ,പിന്നെ  സുനാമി കഴിഞ്ഞു ശാന്തമായ കടലുപോലെ ആണ് ...ആരെങ്കിലും വന്നാൽ വന്നു പോയ പോയി ...വല്ല ചോറൂണോ,പെറന്നാളോ ആയി വല്ലവരും വരും ഇടവം ഒക്കെയെത്തിയാൽ കല്യാണങ്ങളും കുറവാകും പിന്നെ ചിങ്ങം ആവണം "

"എന്തായാലും ഇപ്പോൾ നിനക്ക് നല്ല തിരക്കാണല്ലോ .... ഇനിപ്പോൾ പരാതിയുടെയും പരിഭവത്തിന്റെയും എണ്ണം കൂടും ...എന്നിട്ടും നീയെന്തിനാ എന്നെ കാണാൻ വന്നിരിക്കുന്നെ "

"അതല്ല വിദ്യെ ,,,,,എനിക്കും കേട്ട് കേട്ട് മടുപ്പായി ...ഡെയിലി നമ്മൾ എത്ര കേൾക്കും...നമുക്കും വല്ല എന്റർറ്റൈൻമെന്റ് ഒക്കെ വേണ്ടടോ .."

"അത് നേരാണ് ..... പക്ഷെ നമ്മടെ ഉത്സവത്തിന് എനിക്ക് ലീവ് കിട്ടുമോ എന്ന് സംശയമാണ് ,സാരമില്ല ഞാൻ പിറന്നാളിന് നേരെത്തെ വന്നിട്ട് പോകാം "

"ഹാവൂ നിനക്കിപ്പോഴെങ്കിലും ആ വഴി വരണം എന്ന് തോന്നിയല്ലോ ...പണ്ടൊക്കെ സ്ഥിരം വരുന്ന ആളല്ലേ ....?"

"അത് എന്റെ മണ്ടത്തരം എന്ന് എനിക്ക് ഇപ്പോഴല്ലേ മനസ്സിലായത്‌ , എത്ര ദിവസം ഞാൻ വ്രതം എടുത്തു ...എത്ര ചൊവ്വാഴ്ച നിന്നെ കാണാൻ വന്നു ,പിന്നെ നിന്റെ കൂട്ടുകാരൻ പാമ്പിന്(നാഗ ദൈവം ) എത്രെ വള കൊണ്ട് കൊടുത്ത് ...."

"ഹ ഹ ഹ .... എന്നിട്ട് "

"എന്നിട്ടൊന്നുമില്ല ,നിനക്കിതെ ഒരു പണിയായിട്ടുണ്ട് ഇപ്പോൾ എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചു എഴുന്നെൽപ്പിക്കൽ"

"അത് നിന്നൊരു സംസാരിക്കാൻ വേണ്ടിയല്ലേ ..."

"പിന്നെ നിനക്ക് രാവിലെ മുതൽ വൈകുന്നേരം വരെ വെറുതെ ഇരുന്നാൽ മതി ,മനുഷ്യനിവിടെ നൂറു കാര്യങ്ങളാണ് ...അതിനിടയിൽ കിട്ടുന്ന നേരത്ത് സുഖമായി ഒന്ന് ഉറങ്ങുംബോഴേക്കും വന്നു വിളിച്ചോളും ...അല്ല ദൈവമേ ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ട്‌ ചോദിക്കുകയാണ് നിനക്ക് ഉറക്കമൊന്നുമില്ല?"

"ശരി ഇനി ഞാൻ വരില്ല നീ ബാക്കി പറ ...."

"എന്നിട്ട് നിന്റെ പൂജാരിമാർ എന്നും അതെടുത്ത് അപ്പറത്തെ പറമ്പിൽ വലിച്ചെറിയും ,,അതുമാത്രം അല്ല നിന്റെ കേടായ ഡ്രസ്സ്‌ ...പൂമാലകൾ ...എന്ന് വേണ്ട ഒരുവിധം ഉള്ള സാധനങ്ങൾ ഒക്കെ കളയും...മാലിന്യ സംസ്കരണത്തെ   കുറിച്ച് അയാള് ഒന്നും പഠിച്ചിട്ടില്ലേ ?"

"ഇല്ലന്നെ ..നമ്മടെ വേദത്തിൽ അതൊന്നും പറയുന്നില്ല ,അതെഴുതുന്ന സമയത്ത് ഇതുപോലെ പ്ലാസ്റ്റിക്‌ വള ഒന്നും ഇല്ലായിരുന്നല്ലോ ..."

"ആഹ ...അത് നേരാണ് ... എങ്കിലും ഉത്സവത്തിന്റെ അന്ന് എല്ലായിടവും വൃത്തിയാക്കും ..പിന്നെയും അതുപോലെ കുപ്പയിട്ട് തുടങ്ങും ഇതൊരു ചാക്രിയ പ്രക്രിയയായി മാറുകയാണ് "

"ഉം ...ശരിയാണ് ....പിന്നെ അന്നൊക്കെ നിനക്ക് വലിയ ഭക്തിയായിട്ട് പെട്ടെന്ന് എന്തെ വേണ്ട എന്ന് തോന്നാൻ കാരണം ?"

"അതൊന്നുമില്ല ചെറുതായിരിക്കുമ്പോൾ നമ്മളെ ഓരോ അന്ധവിശ്വാസങ്ങൾ പറഞ്ഞു പഠിപ്പിച്ചു വെച്ചിരിക്കുകയല്ലേ .പ്രതേകിച്ചു എന്റെ അച്ഛമ്മയ്ക്ക് ഇതെന്നെ പണി ...ഇരുട്ട് വീണ് തുടങ്ങിയാൽ   മനുഷ്യന് പുറത്തിറങ്ങി നടക്കാനേ പേടിയാണ് "

"എന്നിട്ട് "

"എന്റെ കൂട്ടുകാരോട് ഇതേ കുറിച്ച് പറഞ്ഞപ്പോൾ അവരാണ് പറഞ്ഞത് കത്തിയെടുത്ത് തലയണയുടെ അടിയിൽ വെച്ചാൽ മതി ഇരുംബുകണ്ടാൽ പ്രേതം പോകും ന്ന്... പിന്നെ ചൊവ്വാഴ്ചയോ ,വെള്ളിയാഴ്ചയോ അമ്പലത്തിൽ പോകണം എന്നും അതാണത്രേ നിന്റെ ദിവസങ്ങൾ"

"അത് വെറുതെയാണ് ട്ടോ ...എനിക്ക് എല്ലാ ദിവസവും ഒരുപോലെ തന്നെയാ ...നിന്നെ പറ്റിച്ചതാ.....!!!!!!!!!"

"അതെനിക്ക് മനസ്സിലായി അതല്ല പിന്നെ വല്ലപ്പോഴും വരാൻ തൊടങ്ങിയേ...."

"അപ്പോൾ നീ കോളേജിൽ പഠിക്കുന്ന സമയത്ത് പെട്ടെന്ന് ഓടി വന്നു തൊഴുതി പോകുന്നതോ ...?"

"അയ്യോ അത് ഞാൻ കുറി ഇടാൻ വരുന്നതല്ലേ ..നിന്റെ അടുത്താവുമ്പോൾ കണ്ണാടിയും ഉണ്ട് ... വെറുതെ വന്നിട്ട് പോയാൽ കാണുന്നവർ എന്ത് വിചാരിക്കും അതിനാ..."

"ഹും ..."

"ദൈവമേ ....നീ പോയോ ..."?

"ഇല്ല ഇവിടെയുണ്ട് .... നീ ഇങ്ങനെയാണ് എന്ന് ഞാൻ പ്രതീക്ഷിച്ചില്ല ... ഇനി നിന്നെ കാണാൻ വരില്ല ഞാൻ ...നീ സുഖമായി ഉറങ്ങിക്കോ ....ഞാൻ പോണു ..."

"അയ്യേ ...ഇതെന്താ ഇങ്ങനെ പിണങ്ങുന്നെ.... ഞാൻ കാര്യത്തിൽ പറഞ്ഞതല്ലേ ... നിനക്ക് തോന്നുന്നുണ്ടോ ഓടി വന്ന് നിന്റെ മുന്നിൽ എന്തൊക്കെയോ പറഞ്ഞു പോകുന്നവർ ആത്മാർഥമായി വരുന്നു എന്ന് "?

"അതില്ല ...പക്ഷെ നീ ഇങ്ങനെ പറഞ്ഞപ്പോൾ ഒരു വിഷമം "

"എന്റെ പൊന്നു ദൈവമേ ... നീ ആളുകളെ തിരിച്ചറിയാൻ പഠിക്കണം ആദ്യം ...നിനക്ക് കൂടുതൽ കാശ് തന്നു കൂടുതൽ വഴിപാടു കഴിച്ച് പോകുന്നവരെ വെച്ച് ചിലപ്പോൾ തെരുവിൽ അലയുന്നവർ നിന്നെ വിളിക്കും ...ആത്മാർഥമായി തന്നെ "

"ഉം .."

"ഓരോരുത്തർ തെറ്റുകൾ ചെയ്തു വന്ന് പ്രാർത്ഥിച്ചാൽ നീ മാപ്പ് കൊടുക്കുമോ ?

"ഇല്ല "

"മാതാപിതാക്കളെയും മക്കളെയും നോക്കാത്തവർ...അടുത്തവനെ ദ്രോഹിക്കുന്നവർ ... കൂടോത്രം ചെയ്യുന്നവർ...മന്ത്രവാദികൾ ... പിന്നെ കൊറേ നുണയൻ രാഷ്ട്രീയക്കാർ ഒക്കെ  പെട്ടെന്നൊരു ദിവസം പ്രായശ്ചിത്തം തോന്നി  വന്നാൽ നീ അവര് പറയുന്നത് മുഴുവൻ വിശ്വസിക്കുമോ ?

"ഇല്ല "

"നിന്റെ പേരിൽ കാണിച്ചു കൂട്ടുന്ന വേണ്ടാതീനങ്ങൾക്ക് നീ കൂട്ട് നിൽക്കുമോ?"

"എന്നുവെച്ചാൽ നീ എന്താണ് ഉദ്ദേശിക്കുന്നത് "

"വേറെ ഒന്നുമല്ല ... നിനക്ക് പൂജ  ചെയ്യുന്നത് കുഴപ്പമില്ല പക്ഷെ നിനക്കെന്തിനാണ് മൃഗ ബലി ..

നിനക്കെന്തിനാണ് വിവാഹം കഴിക്കാത്ത പെൺകുട്ടികൾ ..

നിന്റെ മുന്നിൽ അന്യ മതസ്ഥർ വന്നാൽ എങ്ങനെയാണ് ദൈവമേ നിന്റെ പവിത്രത പോവുക ...

ഇതാണ് ദൈവമേ നീയും ഞാനും പെണ്ണായിട്ടും ആർത്തവം എന്ന പേര് പറഞ്ഞ്നിന്റെ മുന്നിൽ എനിക്ക് വരാതിരിക്കാനുള്ള മതിലുകൾ തീർത്തത്...

എനിക്ക് ആദ്യമായൊരു കുഞ്ഞുണ്ടായാലും നിന്നെ കാണിക്കാൻ വരാൻ എനിക്ക് കഴിയില്ല ...ബോധം ഉറക്കാത്ത അത് നിന്റെ പരിസരത്തെ കളങ്ക പെടുത്തിയാലോ ....

നിനക്കെന്തിനാണ് കോടിക്കണക്കിന് സമ്പത്ത് ..

നിനക്കെന്തിനാണ് ദൈവമേ ഭക്ഷണം ....അതില്ലാതെ ഇവിടെ എത്രപേരുണ്ട് എന്നറിയാമോ ...."

"ഉം ..ശരിയാണ് വിദ്യെ പക്ഷ ഒന്നും ഞാൻ വേണം പറഞ്ഞിട്ടല്ല അവർ തരുന്നു ...എനിക്കൊന്നും പറയാനും കഴിയുന്നില്ല "

"നീയിങ്ങനെ മിണ്ടാതിരുന്നോ ...നിന്നെ ഞാൻ ഇനി പെട്ടെന്ന് ഒന്നും കാണാനും വരുന്നില്ല നിന്റെ പ്രസാദം വാങ്ങാനുള്ള പൈസയൊന്നും ഇരിപ്പില്ല എന്റെ കയ്യിൽ.. ഉള്ളതുകൊണ്ട് നിനക്കൊരു നെയ്‌ വിളക്ക് കത്തിക്കണം എന്നുണ്ട് പക്ഷെ ഞങ്ങൾ താഴ്ന്ന ജാതിക്കാർക്ക് അതൊന്നും പറ്റില്ലാലോ ....നിന്റെ കാൽപാദത്തിൽ ഒന്ന് തൊടണം എന്ന് തോന്നിയിട്ടുണ്ട് എന്നിൽ ജീവനുണ്ടായിട്ടും നീ ശിലയായിട്ടും നിനക്കാണ് വില കൂടുതൽ ..."

"ഉം "

"നീ കുറച്ചുപേരെ മാത്രം രക്ഷിക്കുന്ന പരിപാടി അവസാനിപ്പിക്കണം ..എല്ലാം തുല്യമായി ഭാഗിക്കണം ...നിന്നെ കാണാൻ ഉള്ള അവസരവും ...ശുദ്ധിയും അശുദ്ധിയും ഒക്കെ മനസ്സിലല്ലേ ശരീരത്തിലല്ല..എല്ലാ മനുഷ്യരും ഒരുപോലെ തന്നെ എന്നിട്ടും ഇങ്ങനെയാ ..."

"നീ കമ്മൂണിസ്റ്റ് ആണല്ലേ ...നിരീശ്വര വാദി ?"

"എനിക്ക് കമ്മൂണിസ്റ്റ് പ്രത്യയ്യശാസ്ത്രങ്ങളോട് പ്രതിപത്തി ഉണ്ടെന്നത് ശരിയാണ് പക്ഷെ നിരീശ്വര വാദി അല്ലെന്നു ഞാൻ പറഞ്ഞതല്ലേ ...

ഇനി അഥവാ ഞാൻ ആണ്  എങ്കിലും ഈശ്വര വിശ്വാസികളെ വെച്ചും നിനക്ക് വേണ്ടി തിരയുന്നത് ഞാനായിരിക്കും ,,,നിന്റെ ഓരോ ചലനങ്ങളും ,,,വാക്കുകളും ...രീതികളും ..ആശയങ്ങളും ...ചിന്തകളും ..നന്മകളും സൂക്ഷ്മമായി പരിശോദിക്കുക ഞാനായിരിക്കില്ലേ ....? 

അവർ വന്ന് പിന്തുടർച്ച പോലെ പ്രാർത്ഥിക്കുമ്പോൾ ഞാൻ നോക്കുക നിന്റെ കാതിന്റെ ക്ഷമതയെ ആയിരിക്കും ...

അവർ കണ്ണടച്ച് പറഞ്ഞ് പോകുമ്പോൾ ഞാൻ കണ്ണുതുറന്ന് നോക്കുന്നത് നീ ആരെയൊക്കെ കാണുന്നു എന്നാണ്... 

നിനക്കുവേണ്ടി അവർ എല്ലാം തന്നിട്ട് പോകുമ്പോൾ ഞാൻ തേടുന്നത് നീ എന്ത് കൊടുക്കുന്നു എന്നാണ് ...

കൊടുത്തത് മാത്രം തിരികെ തരുന്ന ഞങ്ങടെ കമ്പനിയുടെ രീതിയാണോ നീയും പിന്തുടരുന്നത് എന്നെനിക്കു സംശയമുണ്ട്‌ ....

പിന്നെ കമ്മൂണിസം എന്ന് പറയാൻ യോഗ്യതയില്ലാത്ത ചിലർ ...ഇന്ത്യൻ നാഷണൽ  കോൺഗ്രെസ്സ് എന്തിനു വേണ്ടി എന്നറിയാത്തവർ അതിന്റെയൊക്കെ ആശയങ്ങളെ നിരാകരിച്ചു സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ആ പാതയാണ് പിന്തുടരുന്നത് എന്ന് പറയാൻ എന്റെ അഭിമാനം എന്നെ സമ്മതിക്കുന്നില്ല ദൈവമേ "

പെട്ടെന്നാണ് വാതിലിൽ തട്ടുന്ന  ശബ്ദം കേട്ടത് ...

"വിദ്യെ നേരം വെളുത്തു ..ഞാൻ പോകുന്നു ട്ടോ ..."!!!!!!!

എന്തെന്നറിയില്ല രാവിലെ ദൈവത്തോട് സംസാരിച്ചപ്പോൾ ഇത്തിരി സന്തോഷം തോന്നിപ്പോയി ,,എനിക്ക് പറയാൻ ഉള്ളതൊക്കെ സമാധാനമായി കേൾക്കുന്ന ആൾ ദൈവമേ ഉള്ളൂ എന്നെനിക്കറിയാം ...

" സൊത്തൂ...... നിനക്കിന്നു പോവണ്ടേ ...സമയമായി " വാതിലിൽ രണ്ടടി കൂടി അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടിയുണർന്നു..ദൈവം വിളിച്ചപ്പോൾ വേഗം ഉണർന്നു  എങ്കിലും വീട്ടുകാർ വിളിച്ചാൽ പതുക്കെയാ ........പകലിന്റെ അസഹിഷ്ണുതയിലേക്ക് ...!!!!!!!!

Tuesday 23 February 2016

രാത്രിയും പകലും നല്ല തണുപ്പാണ് എങ്കിലും നല്ല ചുട്ടു പഴുക്കുന്ന അവസ്ഥയാണ് ഉച്ചനേരത്ത്‌. എന്തെന്നറിയില്ല തണുപ്പ് കാലത്ത് ഉള്ളതിൽ കൂടുതലായി ഉറക്കം വരുന്നതും ഈ സമയത്ത് തന്നെ .

കഴിഞ്ഞ ദിവസം കൂട്ടുകാരിയുടെ വീട്ടിൽ നിന്നുള്ള മടക്ക യാത്രയിൽ ബസ്സിൽ ഇരുന്നതിന്റെയും ഭക്ഷണം ഇല്ലാത്തതിന്റെയും ക്ഷീണത്തിനൊപ്പം കുറച്ചു ദിവസമായുള്ള അസ്വസ്ഥതകളും കൂടിയായപ്പോൾ ബസ്സിലിരുന്നു അറിയാതെ ഉറങ്ങിപ്പോയി .

തത്തമംഗലം സ്റ്റാൻഡിൽ അൽപനേരം നിർത്തിയിട്ടത് ഞാൻ ശ്രദ്ധിച്ചില്ല എന്ന് പറയാം അല്ലെങ്കിൽ അതിനുള്ള ബോധം ഉണ്ടായിരുന്നില്ല ആ സമയത്ത്

ആരോ വിളിക്കുന്നത്‌ കേട്ടാണ് പെട്ടെന്ന് ഞെട്ടിയുണർന്നത്,ചുറ്റും നോക്കിയപ്പോൾ ആരെയും കണ്ടതുമില്ല . കയ്യിലുണ്ടായിരുന്ന ഫോൺ താഴെ കിടക്കുന്നത് കണ്ടു അതെടുത്ത് സമയം നോക്കി ബാഗിലിട്ടു .

ജനാലയുടെ അരികിൽ ചേർന്നിരുന്നു പുറത്തെ ചൂട് പിടിച്ച റോഡിലേക്ക് നോക്കി ....പണ്ട് ഞാൻ കോളേജിൽ വരുന്ന സമയത്ത് ഇവിടെ ചെറിയ തണുപ്പൊക്കെ ഉണ്ടായിരുന്നു .പക്ഷെ ഇപ്പോൾ നഗരസഭയുടെ സ്റ്റാന്റ് ഉം കെട്ടിടവും ഒക്കെ പുതുക്കി പണിതു വൃത്തിയാക്കി വെച്ചിട്ടും എന്തോ അപരിചിതത്വം തോന്നി ആ വഴിയോട്

കണ്ണുകൾ വീണ്ടും അടഞ്ഞു തുടങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു ,ഇനി ഇപ്പോൾ കൊല്ലങ്കോട്‌ എത്താൻ സമയമെടുക്കും എങ്ങനെ നോക്കിയാലും അര മണിക്കൂർ എങ്കിലും ... ഈ സമയത്തെ പതിവ് യാത്രക്കാർ ഒഴിച്ചാൽ ബസ്സിലും വലിയ ആളനക്കം ഒന്നുമില്ലായിരുന്നു ... പഴയൊരു തമിഴ്പാട്ട് ആർക്കോ വേണ്ടി പാടിക്കൊണ്ടിരുന്നു

പൊതുവെ ഈ ഏരിയയിലെ ബസ്സുകളിൽ മിക്കപ്പോഴും തമിഴ് ഗാനങ്ങളാണ് അത് ഇവിടെ കുടിയേറി പാർത്തിരിക്കുന്ന തമിഴന്മാരെ ഉദ്ദേശിച്ചാവും... ആവണം ...

കണ്ണടഞ്ഞു എന്നൊരവസ്ഥയിൽ എത്തിയപ്പോഴാണ് വീടും ഒരു വിളി ...എന്നെയാരും ഇവിടെ നിന്ന് വിളിക്കാൻ ഇല്ലെന്നു അറിയാമെങ്കിലും ചുറ്റും നോക്കി ...രണ്ടു സീറ്റിനു അപ്പുറത്ത് ഏതാണ്ട് കണ്ടാൽ പത്തിരുപത്തിഅഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ. എവിടെയോ കണ്ടു പരിചയം തോന്നി .

അവനെ തന്നെ നോക്കി നില്ക്കെ തന്റെ സീറ്റ് വിട്ടു എണീച്ചു എന്റെ അടുത്തേക്ക്‌ വരുന്നു ...ഓർമയിൽ എവിടെയോ ഈ മുഖം ഉണ്ടായിരുന്നു എന്നെനിക്കറിയാം ,,,ഒരുപാട് പരിചയം ഉണ്ട് ,,,പക്ഷെ എവിടെ എന്ന് പെട്ടെന്ന് ഓർമ കിട്ടുന്നുമില്ല .

എന്നെ നോക്കി ചിരിച്ചു കൊണ്ട് സാവധാനത്തിൽ വരുന്നുണ്ടായിരുന്നു അവൻ , മുഷിഞ്ഞു തുടങ്ങിയ ചുവന്ന ഷർട്ടും കാവി മുണ്ടും കയ്യിലെ സഞ്ചിയും എല്ലാം കൂടി ഏതോ പണിത്തിരക്ക് കഴിഞു വരുന്ന ആളെപ്പോലെ തോന്നിപ്പിച്ചു ...

എന്റെ എതിർവശത്തുള്ള സീറ്റിൽ വന്നിരുന്നു ആലുവമണപ്പുറത്ത് കണ്ട പരിചയം പോലുമില്ലാതെ അത്ഭുത ഭാവത്തിൽ നോക്കിക്കൊണ്ടിരുന്ന എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു

"നീ നമ്മടെ പൂച്ചയല്ലേ ...?"

ഈ പേര് എനിക്ക് സുപരിചിതമാണ് . അതെ ഇത് അയാള് തന്നെ പ്ലസ്‌ ടു കാലത്തെ എന്റെ ഏറ്റവും വലിയ ശത്രു ....! ആറ് വർഷത്തിന് ശേഷം കാണുകയാണ് ഞങ്ങൾ

ഏതാ ക്ലാസ്സ്‌ എന്താ പേര് എന്നൊന്നും അറിയില്ലായിരുന്നു ..പക്ഷെ സ്കൂളിൽ എ ബി വി പി യുടെ എന്ത് പരിപാടിക്കും മുന്നില് നിന്ന് അടി വാങ്ങിക്കൂട്ടിയ കുട്ടി .

ഹൈ സ്കൂളിൽ പഠിക്കുമ്പോഴും ഞാൻ അയാളെ കാണാറുണ്ടായിരുന്നു പക്ഷെ കാഴ്ചയ്ക്ക് അപ്പുറം ഒരു പരിചയവുമില്ല . എന്നും ഓറഞ്ച് നിറത്തിൽ നീട്ടി വലിച്ചു കുറി ഒക്കെ ഇട്ടു വരുന്നത് കാണാറുണ്ട് ..

പിന്നെ ഇടയ്ക്കൊക്കെ നല്ല സുന്ദരിയായ ചേച്ചിയുമായി സ്കൂളിന്റെ പല കോണുകളിൽ നിന്ന് സല്ലപിക്കുന്നതും . സ്കൂളിലെ ഹിറ്റ്‌ പ്രണയമായിരുന്നു അവരുടെ .

പക്ഷെ എന്തെന്ന് അറിയില്ല അയാളെ എല്ലാവരും "സഖാ" എന്നാണു വിളിച്ചിരുന്നത്‌ .പോരാത്തതിന് അയാളുടെ കൂടെ നടക്കുന്നവരൊക്കെ എസ് എഫ് ഐ പിള്ളാരും .

പിന്നെ ഞങ്ങൾ തമ്മിൽ എന്താണ് ബന്ധം എന്ന് വെച്ചാൽ പഴയൊരു കഥയാണ് ... സ്കൂൾ ഗ്രൌണ്ടിലും വരാന്തകളിലും ബസ്‌ സ്റ്റൊപ്പിലും ക്ലാസ് മുറികളിലും പിന്നെ ഇവിടെത്തെ മിക്കവാറും എല്ലാ വളവു -തിരിവ് കളിലും വെച്ച് എന്നെ ഒരുപാട് കരയിപ്പിച്ച മഹത്ത് വ്യക്തിയാണ്

എങ്ങനെയന്നല്ലേ ... പ്ലസ്‌ വൺ നു പഠിക്കുന്ന സമയം സ്കൂൾ ജീവിതത്തിൽ നിന്നും ഹയർ സെക്കണ്ടറി എത്തിയ പഠിപ്പിസ്റ്റ് ഭാവം ഒന്നും ലവലേശം ഇല്ലാത്തത് കൊണ്ട് കലോത്സവത്തിന് സ്വന്തം ക്ലാസ്സിലെ പിള്ളാർ കൂടുതൽ സമ്മാനം വാങ്ങണം എന്നവാശിയിലാണ് മോണോ -ആക്ട്‌ നു ചേർന്നത്‌ ...

കൂടാതെ എന്റെ ക്ലാസ്സിലെ തന്നെ മറ്റു രണ്ടു പേരും ഉണ്ട് പരിപാടിക്ക് ,എന്ത് വന്നാലും ഒരു സമ്മാനം എങ്കിലും ഞങ്ങൾ നേടിയെടുക്കും എന്ന വാശിയോടെ പഠിക്കാൻ തീരുമാനിച്ചു .

എന്റെ കൂട്ടുകാരൻ പപ്പൻ ആണ് ഞങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതി തന്നത് . എന്റെ സ്വഭാവവും കയ്യിലിരിപ്പും ഒക്കെ നന്നായി അറിയുന്നത് കൊണ്ടാവുമോ എന്നറിയില്ല അവൻ എനിക്ക് വേണ്ടി എഴുതിയത് ഒരു അടിപൊളി സ്ക്രിപ്റ്റ് ആണ്

മൃഗസ്നേഹത്തിന്റെ തീവ്രത മുഴുവൻ ഉൾക്കൊണ്ടു അവനെഴുതി .പിന്നെ ഒരിക്കൽ മാത്രം വായിച്ചു എല്ലാം മനസ്സിലായെന്ന ഭാവത്തിൽ പിന്നെ ആ സ്ക്രിപ്റ്റ് നോക്കിയത് സ്ടജിൽ കയറുന്നതിനു തൊട്ടു മുൻപ് .

ചേച്ചിമാരും ചേട്ടന്മാരും പിന്നെയെന്റെ സുഹൃത്തുക്കളും അരങ്ങിൽ തകർക്കുന്നുണ്ട് ബാക്ക് സ്റ്ജിൽ നിന്നപ്പോൾ കയറണോ വേണ്ടയോ എന്ന പേടിയും ...അവസാനം എന്റെ പേര് വിളിക്കുമ്പോൾ മുങ്ങാം എന്ന് കരുതി നിന്നെങ്കിലും എന്തോ പെട്ടെന്നൊരു ആവേശത്തിൽ അരങ്ങത്തു കയറി ...

ഇനി പിന്നോട്ട് നോക്കാൻ പാടില്ല ,ഇറങ്ങിപ്പോകാനും വയ്യ ...താഴെ ജഡ്ജസ് നോട് എന്റെ നമ്പർ നോട്ട് ചെയ്യാൻ പറയുന്നു ... രണ്ടു മൂന്നു തവണ കൂടി അതൊന്നു വായിക്കുക എങ്കിലും ചെയ്യാത്തതിന്റെ ആവശ്യകത എനിക്കപ്പോൾ മനസ്സിലായി

പിന്നെ സ്വയം പഴിച്ചു കൊണ്ട് .. ഞാൻ തുടർന്നു( നമ്മൾ ഭീരുക്കളല്ല .....തോറ്റു പിന്മാറില്ല )

വീട്ടിൽ ഞാൻ കൊണ്ട് നടക്കുന്ന നായക്കുട്ടി ആണ് കഥയിലെ കുറിഞ്ഞി പൂച്ച എന്ന് സങ്കല്പ്പിച്ചു .. തന്റെ പൂച്ചയെ കാണാത്ത കൊച്ചു പെൺകുട്ടിയുടെ ദുഖം തകർത്ത് അഭിനയിക്കുന്നതായി തോന്നിയിരിക്കണം കാണികൾക്ക്

പക്ഷെ ഒന്നും അറിയാത്തത് കൊണ്ടോ ഏറ്റവും പുറകിൽ നിന്നും എന്റെ ഡയലോഗ് നു എതിർ വാക്കുകൾ എല്ലാം കൂടി കേട്ടപ്പോൾ ...ഞാനും തളർന്നു...
.
"ന്റെ പൂച്ചയെ കണ്ടോ ....ന്റെ പൂച്ചയെ കണ്ടോ .....

അമ്മെ ...ന്റെ കുറിഞ്ഞി എന്തിയെ ....ന്റെ പൂച്ചയെ കണ്ടോ ...

ആരെങ്കിലും എന്റെ പൂച്ചയെ കണ്ടോ ....."

ഗ്ലിസറിൻ ഒന്നുമില്ലാതെ ഞാൻ കരഞ്ഞു ...നന്നായി കരഞ്ഞു ..പെട്ടെന്ന് തിരിഞ്ഞു പതിവ് രീതിയിൽ തുപ്പലൊന്നും തേക്കാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി ...ഒപ്പം

"ആരെങ്കിലും എന്റെ പൂച്ചയെ കണ്ടോ ,,,"

എന്ന് പറഞ്ഞു അവസാനിപ്പിച്ചു ഇറങ്ങി വന്നപ്പോൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു അകത്തു നിന്ന് "ന്റെ പൂച്ചയെ കണ്ടോ ..." വിളികൾ ... എന്റെ കൂട്ടുകാർ ഓടി വന്നു നന്നായിട്ടുണ്ട് പറഞ്ഞു ..

പിന്നെ ഞാൻ സമാധാനിച്ചു വീണ്ടും അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ കേട്ടു പുറകിൽ നിന്നും

"ന്റെ പൂച്ചയെ കണ്ടോ ....."

"എല്ലാരും മാറ് ആ കുട്ടി പൂച്ചയെ തെരഞ്ഞു വരുന്നുണ്ട് "

"മോളെ പൂച്ച വെളുത്തിട്ടാണോ .."

"എന്റെ കുറിഞ്ഞി നീയെവിടെയാ ....വിദ്യചേച്ചി വിളിക്കുന്നൂ .."

എന്റെ ദൈവമേ ....!! എന്റെ പ്രകടനത്തിന് അത്രേം പ്രതികരണം ഉണ്ടെന്നു അപ്പോഴാണ്‌ മനസ്സിലായത്‌ ..അന്ന് മുതൽ തുടങ്ങിയതാണ്‌ ഇയാള എന്നെ " പൂച്ചേ ..' വിളിച്ച കളിയാക്കാൻ ...

പരീക്ഷയ്ക്കിരിക്കുമ്പോൾ എഴുതുന്നതിനു ഇടയിൽ കൂടെ ആരും കേൾക്കാതെ എന്നോട് "എന്റെ പൂച്ചയെ കണ്ടോ " എന്ന് വിളിച്ചു പറഞ്ഞ മനുഷ്യനാണ് ..

ഇങ്ങനെ കളിയാക്കുന്നത് കണ്ടു ഞാൻ എത്ര കരഞ്ഞിട്ടുണ്ട് ..സത്യം പറഞ്ഞാൽ നമ്മുടെ കഥാപാത്രത്തെ അവർ സ്വീകരിച്ചിരിക്കുന്നു എന്ന സത്യം എനിക്ക് മനസ്സിലായത്‌ ഇപ്പോഴാണ് ..അന്ന് കരഞ്ഞതെല്ലാം ഇന്ന് ചിരിയോടെ ഒപ്പം സന്തോഷത്തിന്റെ കണ്ണ് നീരോടെ ഞാൻ ഓർക്കുന്നു. ഒപ്പം അന്നേറെ നേരിട്ടും മനസ്സിലും ചീത്ത പറഞ്ഞ പപ്പന് നന്ദി യും ...

ഇന്നും ഇത്രെയും കാലത്തിനു ശേഷവും എന്നെയും ആ കഥാപാത്രത്തെയും ഓർക്കുന്നു ...എനിക്ക് കിട്ടിയ വലിയ അംഗീകാരം അന്നത്തെ മൂന്നാം സ്ഥാനം അല്ല ഇതാണ് ...

"പിന്നെ എന്താ അറിയാതെ ...!!!" ഞാൻ അല്പം വൈകിയെങ്കിലും പ്രതികരിച്ചു .... അവൻ അപ്പോഴും എന്നെ ആാധ്യം കാണുന്നത് പോലെ നോക്കിയിരിക്കുകയാണ്

"നീ ഒരുപാട് മാറിപ്പോയടി.....'

"അത് പിന്നെ എനിക്ക് വയസ്സൊരുപാടായില്ലെ" അല്പം ചിരിയോടെ ഞാനും പ്രതികരിച്ചു ....

അവന്റെ സംസാരത്തിനൊപ്പം ഹാന്സിന്റെ യും മദ്യത്തിന്റെയും മണവും വരുന്നുണ്ടായിരുന്നു , അങ്ങനെയൊരു രൂപത്തിൽ അവനെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം . നന്നായി പഠിക്കുന്ന ,എല്ലാ പരിപാടികളിലും സ്ഥിരമായി കാണുന്ന മാന്യനായ വിദ്യാർഥി. ഈ അവസ്തയിലെങ്ങനെ എത്തിയെന്നത് സംശയമായി ശേഷിച്ചു .

"എടി നിന്റെ മുടിയൊക്കെ എവിടെപ്പോയി ,,,നല്ല ഭംഗിയുണ്ടായിരുന്നു അന്ന് ..."

പഴയ ശത്രു ആണ് മുന്നില് നിന്ന് സംസാരിക്കുന്നത് എന്ന് എനിക്ക് സംശയം തോന്നി ,, അതിലേറെ അയാളുടെ രൂപം കണ്ടപ്പോൾ ഉള്ള വിഷമം ആയിരുന്നു

ഈ കാലം നമ്മളെയോരുപാട് മാറ്റും എന്നത് ശരിയാണ് ... കല്ലിനെ മണ്ണാക്കുന്ന കായയെ പഴുപ്പിക്കുന്ന മൊട്ടിനെ പൂവാാക്കുന്ന കാലം ...

എന്റെ പരിചയം പുതുക്കലിനിടെ ഞാൻ വെറുതെ ചോദിച്ചതാണ്
"ഇപ്പോൾ ആ ചേച്ചി എവിടെപ്പോയി ...?"

"അവളൊക്കെ പ്ലസ്‌ ടു കഴിഞ്ഞതും അവളുടെ വഴിക്ക് പോയി ...തെളിഞ്ഞ വെള്ളം കാണുമ്പോൾ എല്ലാവർക്കും മോഹം കാണും ..."

"എന്നുവെച്ചാ ...?"

"അവൾക്കു ഇത്തിരി ചന്തം കൂടിയത് കൊണ്ടാവണം ഡിഗ്രീക്കൊന്നും വിടാതെ അവടെ ബന്ധു നെ കൊണ്ട് കെട്ടിച്ചു "

"ഓ ....സങ്കടയല്ലോ ...."

"സങ്കടം ഒക്കെ അന്നല്ലേ ഇപ്പോൾ അതൊന്നും ഓർക്കുന്നെ ഇല്ല ..നീ ഇപ്പോൾ പറയും വരെ വരെ ..."

"ഉം ..."

"നീയെന്ത ഇങ്ങനെ നോക്കുന്നത് ....എന്റെ രൂപം കണ്ടിട്ടാണോ ...ഇങ്ങനെ എന്നെ പ്രതീക്ഷിച്ചു കാണില്ലാ ലെ ?"

ശരിയാണ് ഇതുപോലെ ഒരു രീതിയിൽ അയാളെ കാണേണ്ടി വരുമെന്ന് ഞാൻ ചിന്തിച്ചില്ല .അയാള് നല്ല നിലയിൽ എത്തിക്കാനും എന്നാണു കരുതിയത്‌ ..അവസാന ദിനങ്ങളിൽ എവിടെ വെച്ചോ ക്ലാസ്സിൽ കല്ല്‌ കുടിച്ചതിനു പ്രിൻസിപ്പൽ ന്റെ മുറിയിൽ നില്ക്കുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ ... പക്ഷെ ...ഇങ്ങനെയൊരു കോലത്തിൽ...

"എന്താ ഇങ്ങനെ ...?"

"അന്ന് വെറുതെ തുടങ്ങിയതാണ്‌ പിന്നെ പിന്നെ നിർത്താൻ തോന്നിയില്ല ...ഇപ്പോൾ ഇങ്ങനെയായി ..."

എത്ര എളുപ്പത്തിൽ പറഞ്ഞു തീർത്ത്‌ ചിരിക്കുന്ന അയാളോട് എനിക്ക് കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല .... എത്ര പെട്ടെന്നാണ് ഓരോരുത്തരുടെ ജീവിതം മാറി പോകുന്നത് നമ്മൾ ആശിക്കുന്നത് മറ്റൊരു തരത്തിലും വന്നു ചേരുന്നത് മറ്റു രീതിയിലും .....

"അതല്ല ....ഇങ്ങനെ ഞാൻ ...."

എന്റെ സംസാരത്തെ തടഞ്ഞു നിർത്തി എന്നോണം ചോദിച്ചു
"നീ പത്രത്തിൽ ആണോ ജോലി ചെയ്യുന്നത് ...?

'അല്ല "

"അല്ലെ ?"

"ഞാൻ ഡിഗ്രി കഴിഞ്ഞതും ഇവിടെ വന്നു ...,പഠിക്കാൻ കഴിഞ്ഞില്ല പിന്നീട് ..."

"നീ കോളേജിൽ പോയിട്ട് മോണോ -ആക്ട്‌ ചെയ്തോ ..."

"ഇല്ല ...."

"കഥാപ്രസംഗം ?"

"ഇല്ല "

"എഴുതാറുണ്ടോ ..."?

"ഇല്ല ..."

"നീ വിദ്യ തന്നെ ആണോ ...."

അയാള് പറയുമ്പോൾ എന്റെ പഴയ കാലം ഓർമയിൽ തെളിയുന്നുണ്ടായിരുന്നു ഒരുപാട് സ്വപ്നം കണ്ടു ഒന്നും ആവാതെ പോയ നൊമ്പരം ...അപ്പോഴേക്കും പറഞ്ഞു വെച്ചത് പോലെ ബസ്‌ എടുത്തു ....

കയ്യിലിരുന്ന ഫോൺ എടുത്തു എന്നെ നോക്കിയാ ശേഷം

"അല്ലെങ്കിൽ വേണ്ട ,,നമ്പർ വേണ്ട ..നമുക്ക് ഇനിയും കാണാം എവിടെ വെച്ചെങ്കിലും" പറഞ്ഞു ഒതുക്കി അയാള് ഇറങ്ങിപ്പോയി ...

ചിന്തകളുടെയോപ്പം മുന്നോട്ടു പോകുന്ന ബസ്സിൽ പിൻ കാലത്തേക്ക് ഞാനും ....


മനസ്സിലൊന്നുമില്ല 

എഴുതാനും ഒന്നുമില്ല 

അല്ലെങ്കിലും മടുപ്പ് പിടിച്ചാൽ പിന്നെ 

മനസ്സിനെ നിലയ്ക്ക്‌ നിർത്താൻ 

വലിയ കഷ്ട്ടമാണ് ..!


അപ്പോൾ പിന്നെ നല്ലത് തിരികെ
പോവലാണ്

എങ്ങോട്ട് എന്ന് ചോദിച്ചാൽ ഇപ്പോളെന്താ
പറയുക 

അത്ഭുതത്തോടെ ലോകത്തെ നോക്കി കണ്ട
ബാല്യത്തിലെക്കോ ...?

കാലത്തിനൊപ്പം നടന്ന കൌമാരത്തിലെ
ഉറക്കമില്ലാ രാവുകളിലെക്കോ ?

അതോ സ്വപ്നങ്ങളുടെ ഉയരത്തിൽ
ചേക്കേറാൻ തുടങ്ങിയ യൌവ്വനരംഭത്തിലെക്കോ

അതോ ഒന്നുമല്ലെന്ന തിരിച്ചറിവിൽ പാതിവഴിയിൽ
നഷ്ട്ട സ്വപ്‌നങ്ങൾ ഉപേക്ഷിച്ച്
ജീവിതത്തോടു വിടപറഞ്ഞു തുടങ്ങിയ
നേരത്തിലെക്കോ ...?



ഇല്ല ഇനിയുമൊരു തിരിച്ചു പോക്ക് വേണ്ട 

പേടിപ്പിക്കുന്ന സ്വപ്നമായി ഇന്നും വാരാറുണ്ട്
യക്ഷിക്കഥയെ വെച്ചും ഭയാനകമായ
ചിന്തകൾ...! പേടിക്കുന്ന ഓർമ്മകൾ
പലപ്പോഴും ഉറങ്ങാൻ സമ്മതിക്കാതെ
കണ്ണുനീർപ്രവാഹം നിലയ്ക്കാതെ

വിറയ്ക്കുന്ന വിരലുകളാലേ അക്ഷര വടിവൊപ്പിക്കാതെ
ഫോണിന്റെയരണ്ട വെട്ടത്തിൽ
ആരെയുമുണർത്താതെ
നിറയാറുണ്ട് വെളുത്ത പ്രതലങ്ങളിൽ
ഉപ്പുരസവും മഴിനീലയും കലർന്നെഴുത്തുകൾ
ഇന്നത്തെ ഹൃദയം തുറന്നെഴുത്ത്
നാളത്തെയടുപ്പിലെ ഒരുപിടി ചാരമായി മാത്രം മാറാൻ

എന്നുമുതലാണ് സ്നേഹത്തെ പേടിച്ചു
തുടങ്ങിയത് 

മുറുകെ പിടിക്കാൻ ശ്രമിച്ച ബന്ധങ്ങൾ
വിഷമായി ദഹിപ്പിക്കാൻ തുടങ്ങിയപ്പോൾ 

നീറുന്ന വേദനയ്ക്കൊപ്പം
പരിഹാസവും ആയെതെന്നാണ് ..?


ഒന്നും മോഹിച്ചിരുന്നില്ല ഒരിക്കലും
പിന്നെയും പിന്നെയും 

എന്തിന് എന്നെ മാത്രം വിഡ്ഢി
വേഷമേറെ കെട്ടിച്ചു നീ ചിരിക്കുന്നു 

അണിയറയിൽ കരഞ്ഞു
അരങ്ങത്താടുന്ന കോമാളി തന്നെയാണോ ഞാനും

ഇല്ല ...ഇനിയൊരു തിരിച്ചു പോക്ക് വേണ്ട
പേടിയുള്ള പകലുകളും
രാവുകളും 

ഇനിയുമെന്നെ ഭയപ്പെടുത്തിയാലും
ഇല്ല ഇനിയൊരു തിരിച്ചു പോക്ക് ...


ഞാനും എന്റെ നാടും ക്ഷമിക്കണം "ഞാൻ കണ്ട എന്റെ നാടും "

PART-1 

വലിയൊരു രാജ്യം ഉണ്ട് പേര് ഇന്ത്യ എന്ന് പറയും 

"സിന്ധു " നദി (indus ) ഇതിലെ ഒഴുകുന്നുണ്ട് അതിൽ നിന്ന് "സിന്ധ് " ആയി പിന്നെ അത് "ഇന്ത്യ " ആയി ( അതുകൂടാതെ സിന്ധു നദീതട സംസ്കാരം എന്നൊന്ന് ഉണ്ട് ട്ടോ )

പിന്നെ മറ്റൊരു പേരുണ്ട് "ഭാരതം " .

"ഉത്തരം യത് സമുദ്രസ്യ
ഹിമാദ്രൈശ്ചൈവ ദക്ഷിണം
വർഷം തദ് ഭാരതം നാമ
ഭാരതീ യത്ര സംതതിഃ"

എന്തെങ്കിലും മനസ്സിലായോ ? എനിക്ക് മനസ്സിലായില്ല തലകുത്തി നിന്ന് വായിച്ചിട്ടും . സംഭവം ഇത്രെയേ ഉള്ളൂ "പണ്ട് ഇന്ത്യ എന്ന സ്ഥലം മുഴുവനായി അങ്ങ് അടക്കി ഭരിച്ചിരുന്നത് ഭരതൻ എന്ന ചക്രവർത്തി ആയിരുന്നത്രെ അതുകൊണ്ട് അങ്ങനെയും പേര് വീണു,ഹിമാലയത്തിനും സമുദ്രത്തിനും ഇടയ്ക്കുള്ള സ്ഥലം "

ആ രാജ്യത്തിന് വേറെയും പേരുണ്ട് .... കൊറേ പേരുണ്ട് വേറൊരു പേരാണ് "ഹിന്ദുസ്ഥാൻ " ഇവിടെ ഹിന്ദുക്കൾ മാത്രം ഉള്ളതുകൊണ്ടാണ് ഹിന്ദുസ്ഥാൻ എന്നാണ് ഇപ്പോൾ പൊതുവെ പറയപ്പെടുന്നത് .പക്ഷെ ഹിന്ദുസ്ഥാൻ പൂർണ്ണം ആവണമെങ്കിൽ ഇടയ്ക്ക് വെച്ച് തമ്മിൽ തല്ലി പിരിഞ്ഞു പോയ പാക്കീസ്ഥാനും പൂർവ്വ പാക്കീസ്ഥാനും (ബംഗ്ലാദേശ് ) കൂടി ചേരണം എന്ന് പലർക്കും അറിയില്ലെന്ന് തോന്നുന്നു )

( പക്ഷെ ഹിന്ദു മതം വളർച്ച പ്രാപിക്കുന്നതിനും മുൻപ് ജൈനമതവും ബുദ്ധമതവും പിന്നെ പേര് ഓർമയില്ലാത്ത കൊറേ മതങ്ങളും ഉണ്ടായിയിരുന്നു ഇവിടെ എന്നതാണ് വാസ്തവം . എന്ന് വെച്ചാൽ സങ്കര സംസ്കാരം

അതിനിടയ്ക്ക് കുറെ പേര് ഇങ്ങോട്ട് വിരുന്നുകാരായി കയറി വന്നു, ആര്യന്മാർ എന്ന് പരക്കെ അറിയപ്പെടുന്ന കൊറേ ആളുകള്...... കുറച്ചു ബുദ്ധിയും വിവരവും സൌന്ദര്യവും ഒക്കെ ഉള്ളവരായത് കൊണ്ട് നമ്മടെ അവിടുണ്ടായിരുന്ന പ്രാകൃതരായ കൊറേ ആൾക്കാരെ ഓടിച്ചു വിട്ട് ബാക്കി ശേഷിച്ചവരോടൊപ്പം അവിടെ താമസമാക്കി .

ഇനിയാണ് വലിയൊരു ട്വിസ്റ്റ് ഉണ്ടാവുന്നത് ഈ വിവരശാലികൾ പഠിപ്പും വിവരവും ഉള്ളവർ നമ്മുടെ പിതാമഹന്മാരെ ഓടിച്ചു വിട്ടതും പോരാതെ അവരെ അസുരന്മാർ എന്ന് മുദ്രകുത്തി (ചതിയാണ് ട്ടാ ഇതൊക്കെ ,,, ആര് ചോദിക്കാൻ ലെ ) ഇന്ത്യയുടെ താഴെ ഭാഗത്തേക്ക് അയച്ചു ,,,

ശെരി വീണിടം വിഷ്ണുലോകം എന്ന് കരുതി അവരവിടെ ജീവിക്കാൻ തുടങ്ങി ...പുതിയ രാജ്യം ഒക്കെ നിർമിച്ച്, അത്യാവശ്യത്തിനു വേണ്ടതൊക്കെ ചെയ്തു അങ്ങനെ സുഖായി ജീവിക്കുന്നത് കണ്ടപ്പോൾ അവർക്ക് വീണ്ടും സഹിച്ചില്ല

പിന്നെ നമ്മളെ ദ്രോഹിക്കലായി ... അവരൊക്കെ വലിയ കേമന്മാരും നമ്മൾ കൊറേ ഫാവങ്ങൾ കൊരങ്ങന്മാരുമായും അവരുടെ പുസ്തകങ്ങൾ ചിത്രീകരിച്ചു . നമ്മടെ ശക്തരായ ഏതു നേതാവ് വന്നാലും അപ്പോൾ അവിടുന്ന് ഒരാള് വന്നു നമ്മടെ നേതാവിനെ കൊല്ലും .

എന്നിട്ട് ദീപാവലി .വിഷു,ഓണം എന്നൊക്കെ പറഞ്ഞു കൊറേ ദിവസങ്ങള് ഉണ്ടാക്കി വെച്ചു തന്നു ,പിൻ കാലത്ത് ഈ ദിവസങ്ങളൊക്കെ ആണത്രേ "അവധി ദിവസങ്ങൾ ആയി പരിണമിച്ചത് .(അവര് ചെയ്ത ഒരു ഉപകാരം എന്ന് എനിക്ക് തോന്നുന്ന കാര്യം )

പക്ഷെ അന്നും ദൈവം അപ്പപ്പോൾ ശിക്ഷിക്കും എന്ന് അവർക്ക് അറിയാമായിരുന്നു എന്ന് തോന്നുന്നു കൂടെ നിന്ന് കുളം തോണ്ടുന്നവരെയും, പണത്തിനും പെണ്ണിനും വേണ്ടി തമ്മിലടിക്കുന്ന ആൾക്കാരെയും അവർ ഉണ്ടാക്കിയിരുന്നു അന്ന് തന്നെ . ചിലപ്പോള അതോണ്ടാവും നമ്മുടെ പുരാണങ്ങളായ" മഹാഭാരതത്തിലും ,രാമായണത്തിലും " ഇല്ലാത്തത് ഒന്നും ഭൂമിയിൽ ഇല്ലെന്ന് പലരും പറയുന്നത് ...

പക്ഷെ അവരെ സമ്മതിക്കണം ട്ടോ എത്രെ കഥകളാണ് ,,, എന്തരേ നല്ല സന്ദേശങ്ങളാണ് ,, എത്രെയെത്രെ കണ്ടുപിടിത്തങ്ങളാണ് ..എത്രെ ആശയങ്ങളാണ് .. എന്തുമാത്രം തത്വചിന്തകൾ ....എത്രെ കഥാപാത്രങ്ങളാണ്...എന്റെ ദൈവമേ .... നമ്മടെ ഇതിഹാസങ്ങളെ കടത്തി വെട്ടാൻ വേറെ ആരുണ്ട് ഈ ലോകത്ത് അല്ലെ ...

സീത ,രാമൻ ,പാണ്ഡവർ ,കൌരവർ,കൃഷ്ണൻ ,ശകുനി,രാധ ,യശോദാ ....... അങ്ങനെ നീണ്ടു പോകുന്നു പേരുകൾ.... (അല്ലെങ്കിലെ അക്ഷരത്തെറ്റ മുഴുവനും ഇനി എല്ലാരെയും എഴുതി മലയാളം പഠിപ്പിച്ച ടീച്ചറെ പറയിപ്പിക്കുന്നില്ല)

പക്ഷെ അവിടെയും നമ്മളെ കുറ്റപ്പെടുത്താൻ അവർ മറന്നില്ല . സുന്ദരിയായ പെണ്ണ് കാട്ടിൽ കഴിയുന്നത് കണ്ടപ്പോൾ പൊക്കിക്കൊണ്ട് പോയി നമ്മടെ മഹാനായ (പത്തു തലയുള്ള ) രാജാവ് . പക്ഷെ ഭാര്യയുടെ ഇഷ്ടവും കേട്ട് പഞ്ചാരകുഞ്ചു ആയ രാമൻ മാനിന്റെ പുറകെ പോയതിൽ തെറ്റില്ല . ചേട്ടൻ പോയപ്പോൾ അനിയൻ ഏട്ടത്തിയെ ഒറ്റയ്ക്ക് വിട്ടു പോയതും നല്ലവനായ അനിയനെ സംശയിച്ച സീതയും തെറ്റുകാരിയല്ല.

പക്ഷെ നമ്മടെ രാജാവ് അവളെ അങ്ങനെ കൊണ്ട് വന്നു നിധി കാക്കുന്ന ഭൂതം പോലെ ഒളിപ്പിച്ചു വെച്ചു,അയാൾക്ക് വല്ല കാര്യവും ഉണ്ടായിരുന്ന... നമ്മടെ ആൾക്കാരെ ഒക്കെ കൂട്ടി രാമൻ ഇങ്ങോട്ട് നമുക്കെതിരെ യുദ്ധം ചെയ്തു നമ്മടെയൊക്കെ നശിപ്പിച്ച് വന്നു സീതയേയും കൊണ്ടങ്ങു പോയി . ഫാവം നമ്മടെ രാജാക്കന്മാർ ചത്തൊടുങ്ങി ,,,നമ്മൾ അത് നന്നായി അടിച്ചുപൊളിച്ചു ആഘോഷിച്ചു (നമ്മളാര മക്കൾ )

(പിൻ കാലത്ത് നമ്മുടെ നാട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ ഇതുപോലെ ഓരോരുത്തരായി കട്ടോണ്ടുപോയി ഒളിപ്പിച്ചു വെച്ചിട്ടുണ്ട് "മയൂര സിംഹാസനം .....അങ്ങനെ കൊറേ ഉണ്ടല്ലോ ...പക്ഷെ നമ്മൾ രാമനെ പോലെ അല്ലാത്തതുകൊണ്ട് പോയത് പോട്ടെ കരുതി അതിന്റെ പിറകെ പോയില്ല. അയ്യോ ക്ഷമിക്കണം ചരിത്രം ആവർത്തിക്ക പെട്ടില്ല ഇവിടെ )

പക്ഷെ രാമനു തെറ്റിപ്പോയി ,നമ്മൾ മാന്യന്മാർ ആണെങ്കിലും നമ്മടെ എല്ലാ മനുഷ്യസഹചമായ വികാരങ്ങളും അല്പം കൂടുതലുള്ള രാജാവ് സീതയെ കൊണ്ടുപോയതല്ലേ ,തിരികെ വരുമ്പോൾ അവളുടെ ചാരിത്രത്തിൽ എന്ത് ഉറപ്പാണ് ഉള്ളത് എന്ന് പറഞ്ഞു ഗർഭിണിയായ ഭാര്യയെ രാജ്യനീതി പറഞ്ഞു ഉപേക്ഷിച്ചു . ഇപ്പോൾ ഇവിടെ പ്ലിംഗ് ആയതു ആരാണ് കഥ പറഞ്ഞവരോ കേട്ട നമ്മളോ രാമനോ സീതയോ ????

(ദെ ഇതുപോലെ എത്രെ സീതമാർ .... ഒരു ആവശ്യവും ഇല്ലാതെ കുത്തുവാക്കുകൾ കേട്ട് ...എത്രെ പതിവ്രത ആയാലും ആവശ്യമില്ലാത്ത പഴികൾ കേട്ട് ജീവിക്കുന്നുണ്ട് ... ചരിത്രം ആവർത്തിക്കപ്പെട്ടു... വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു പരപുരുഷബന്ധം ആരോപിച്ചു പൊലിഞ്ഞു പോകുന്ന ദാമ്പത്യങ്ങൾ എത്രെ ... പാവം ഇതിനെല്ലാം ഇടയിൽ കിടന്നു പൊറുതി മുട്ടുന്നവർ കുഞ്ഞുങ്ങൾ....അന്നും ഇന്നും ....

സീത മണ്ണിനു അടിയിലേക്ക് അമ്മയുടെ കൂടെ അങ്ങ് പോയി എന്നാണു കഥ അതുപോലെ വീട്ടില് വന്നിരിക്കുന്ന എത്രെ അമ്മമാർ ... ഒരു പ്രായം വരെ ഈ അമ്മമാർ വളർത്തും പിന്നെ അങ്ങ് ചിന്തിച്ചു തുടങ്ങുമ്പോൾ പിള്ളാർക്ക് അച്ഛനെ വേണം അപ്പോൾ അതുവരെ ഇല്ലാത്ത രാമൻമാർ വന്നു കൊണ്ട് പോകും .... അമ്മമ്മാർ എത്രെപേർ മണ്ണിലേക്ക് പോയി (മരിച്ചു പോയി ..ഈ അപവാദങ്ങൾ കൊണ്ട് )

എല്ലാം നേടിയിട്ടും മനസ്സമാധാനവും കുടുംബജീവിതവും ഇല്ലാത്ത രാമന്മാർ ഇന്നത്തെയും പതിവ് കാഴ്ചകൾ തന്നെ . അച്ഛനെ കിട്ടുമ്പോൾ അമ്മയെയും അമ്മയെ കിട്ടുമ്പോൾ അച്ഛനെയും നഷ്ട്ടപ്പെടുന്ന കുഞ്ഞുങ്ങളും .... അന്ന് ജനങ്ങൾ വിധി ചൊല്ലി പിരിച്ചപ്പോൾ ഇന്ന് ജനങ്ങളുടെ സാരഥി വിധി ചൊല്ലി പിരിക്കും ... പക്ഷെ അന്നും ഇന്നും നിസ്സഹായർ എന്ന് മൂടുപടം അണിഞ്ഞു കൂട്ട് നില്ക്കുന്നു കുടുംബക്കാർ ....

ഇനി മഹാഭാരതത്തിലേക്ക് വരാം . അവിടെന്താണ് കഥ ? വലിയൊരു കുടുംബം അവിടെത്തെ പ്രശ്നങ്ങൾ ആണ് കഥ മുഴുവൻ , സ്വത്തിനും പെണ്ണിനും മണ്ണിനും വേണ്ടി ഉള്ള ചതിയും വഞ്ചനയും അടിപിയും ഒക്കെ കൂടി ഒരു കിടിലൻ കഥ .

ഇന്നത്തെ മിക്ക കുടുംബങ്ങളിലും നടക്കുന്നത് അതൊക്കെ തന്നെ അല്ലെ ... ഒരറ്റം മുതൽ തുടങ്ങുകയാണെങ്കിൽ നമ്മൾ ധർമ്മം കൊണ്ട് നടക്കുന്ന ഇന്ത്യക്കാർ പാണ്ഡവർ , നമ്മളെ എന്നും ശത്രുക്കളായി മാത്രം കാണുന്ന പാക്കീസ്ഥാൻകാർ കൌരവർ... പിന്നെ നമ്മടെ വിദുരർ ബംഗ്ലാദേശ് (പുള്ളിക്ക് എല്ലാവരോടും ഇത്തിരി ഇത്തിരി താല്പര്യം ഉണ്ട് ... എന്നാൽ ആരെയും ശല്യം ചെയ്യാൻ വരില്ല )

നമ്മള് രണ്ടാളും ഇങ്ങനെ തമ്മിൽ തല്ലി തമ്മിൽ തല്ലി. ... അതിനു ഇടയിൽ കുറച്ചു ഏഷണി കൂട്ടാൻ ചിലരും ശകുനിയെപ്പോലെ ,,,, അങ്ങനെയാണ് ഇന്നും ...ഇനിയെത്രേ കാലം കഴിഞ്ഞാലും നമ്മൾ നമ്മുടെ മക്കൾ അങ്ങനെയൊക്കെ തന്നെ ആയിരിക്കും അച്ഛന്റെ സ്വത്തിനു വേണ്ടി തമ്മിൽ തല്ലും അധികാരത്തിനു വേണ്ടി രാഷ്ട്രീയത്തിലൂടെ തമ്മിൽ തല്ലും പെണ്ണിന് വേണ്ടി മണ്ണിനു വേണ്ടി എന്നും തമ്മിൽ തല്ലും

പണ്ട് ഭാര്യയുടെ വസ്ത്രാക്ഷേപം നോക്കി നിന്ന് ബന്ധുക്കളും വിരുന്നുകാരും ഇന്നി ബസ്സിലും വഴിയിലും ഇന്റർനെറ്റിലും അമ്മ പെങ്ങള്മാരുടെ വസ്ത്രമുരിക്കുന്ന ലോകം...അതിനു നൂറു നീതി പറഞ്ഞു കുറ്റവാളികളെ സംരക്ഷിക്കുന്ന ലോകം

എന്നിട്ട് കൃഷ്ണന്റെ തലമുറ പോലെ എല്ലാം കൂടി തമ്മിൽ തല്ലി അങ്ങ് പോകും ഈ മനുഷ്യ വംശം തന്നെ എന്നാണു എന്റെ ഒരു നിഗമനം

തല്ലരുത് ..... മുഴുവൻ വായിക്കും എന്ന പ്രതീക്ഷയോടെ 



ജീവിതത്തിലെ കണക്കുപുസ്തകം ഞാൻ വെറുതെയൊന്ന് മറിച്ച് നോക്കി ... ഓഫീസിലെ കാഷ് ബുക്കിൽ കൂട്ടലും കുറയ്ക്കലും മാത്രം നോക്കി ശീലിച്ച പരിചയം കുറച്ചുണ്ടല്ലോ എനിക്ക് .

കണക്കുകൾ തെറ്റിയിരുന്നില്ല തെറ്റിയത് കണക്കു കൂട്ടലുകൾ ആണ് . കൂടുന്നതും കുറയ്ക്കുന്നതും കാൽക്കുലെറ്റർ വെച്ച് അല്ലായിരുന്നല്ലോ എന്റെ കൈ വിരലുകളും കാൽ വിരലുകളും എണ്ണി കഴിഞ്ഞപ്പോൾ എണ്ണം തികയ്ക്കാൻ അടുത്തുള്ള കൈകളിലേക്ക് നോക്കി , ആ കൈകൾ ചേർത്തി എണ്ണി തുടങ്ങും മുന്നേ എന്റെ കണക്കുകൾ പതിക്കു നിർത്തേണ്ടി വന്നു പലതും .ലാഭമോ നഷ്ട്ടമോ എന്നറിയാതെ

പിന്നെ ഞാൻ ലാഭം മാത്രം നോക്കി കമ്പനി പുതിയ പ്രൊഡക്റ്റ്സ് വിപണിയിൽ വരുന്ന നേരം ഞങ്ങൾ ഓടി നടന്നു ചെയ്യാറുണ്ട് അതുപോലെ . പക്ഷെ അതിനൊക്കെ ഇന്സേന്റിവ് കിട്ടുമായിരുന്നു ലാഭം ആണെങ്കിൽ കൂടുതൽ തരും . നമ്മുടെ വിയർപ്പിന്റെ വില ശമ്പളമായും തന്നു ... നമ്മുടെ സമയത്തിന്റെ വില ...നമ്മുടെ ജീവിതത്തിലെ നല്ലഭാഗം പണയം വെച്ചതിനുള്ള വില .

പക്ഷെ ജീവിതത്തിലെ കണക്കു പുസ്തകത്തിൽ "റെസീപ്റ്റ്സ് " ഒരിക്കലും "പെയ്മേന്റ്സ്" കൂടുതലും ആയതു കൊണ്ടാവണം നഷ്ട്ടത്തിൽ നിന്നും നഷ്ട്ടത്തിലെക്കുള്ള പ്രയാണമായിരുന്നു പിന്നെ .... ഇടയ്ക്കുള്ള ഓരോരുത്തരുടെ ഡപോസിറ്റ് വരുന്നത് താല്ക്കാലിക ആശ്വാസം ആണെങ്കിലും മൂലധനം അതിനു പലിശ കൊടുത്ത് വീണ്ടും ചോർന്നു പോകും ....

എന്നിട്ടവസാനം ഒന്നും ഇല്ലെന്നുള്ള പരാതി മാത്രം മിച്ചമുണ്ടാവും എത്രെ വിതരണം നടത്തിയാലും എപ്പോഴെങ്കിലും വന്നു ചേരുന്ന ലാഭത്തിന്റെ പേരിൽ കണക്കു പറയുന്നവരാണ് ചുറ്റും ....ഒന്നുമറിയാതെ പകച്ചു നിന്നുപോകും വാക്ശരങ്ങൾക്ക് മുന്നിൽ



എല്ലാവർക്കും ഉണ്ടായിരുന്നു .....


എനിക്കും വേണം എന്നുണ്ടായിരുന്നു ....


വലിയ ആഗ്രഹമായിരുന്നു എല്ലാവരെയും കാണുമ്പോൾ ...!


ഞാൻ ജനിച്ച സമയത്ത് കുഞ്ഞാവയെ കാണണം എന്ന് പറഞ്ഞു വാശിപിടിച്ചു കരയാൻ ...


ആദ്യമായി എന്നെ കാണാൻ ആശുപത്രിയിൽ അച്ഛനൊപ്പം ആകാംഷയോടെ വരാൻ ...


പ്രവസമുറിക്കുള്ളിൽ അച്ഛന് കയറാൻ പറ്റാതെ ജനലഴിയിലൂടെ അമ്മമ്മ എന്നെ കാണിച്ചു കൊടുക്കുമ്പോൾ ഒന്ന് തൊട്ടു നോക്കാൻ കൈനീട്ടാൻ ...


പിന്നെ അകത്തു നിന്നും ആരെങ്കിലും വന്നു അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ടു പോയി പുഞ്ചിരിയോടെയിരിക്കുന്ന അമ്മയുടെയും ഒന്നും അറിയാതെ കിടക്കുന്ന എന്റെയും അടുത്തിരുത്തുമ്പോൾ കണ്ണെടുക്കാതെ എന്നെ നോക്കിയിരിക്കാൻ .....


"ഉണ്ണിടെ കളിപ്പാട്ടം എല്ലാം കുഞാവയ്ക്ക് കളിക്കാൻ കൊടുക്കാലെ അമ്മെ " എന്ന് പറയാൻ ....


കണ്ണ് തുറക്കാതെ കുഞ്ഞുപൂച്ചക്കുട്ടിയുടെത് പോലുള്ള ശബ്ദത്തിൽ ഞാൻ കരയുമ്പോൾ മടക്കി പിടിച്ച എന്റെ കൈക്കുള്ളിൽ വിരൽ വെച്ച് തന്നു "വാവേ കരയല്ലേ ..." എന്ന് പറയാൻ ....


അച്ഛൻ പോകാൻ നേരം വിളിക്കുമ്പോൾ "ഞാൻ കുഞ്ഞാവയുടെ കൂടെ ആണ് വരില്ല " എന്ന് പറയാൻ....


ബലം പ്രയോഗിച്ചു അച്ഛൻ എടുത്തോണ്ട് പോകുംനേരം മയങ്ങിക്കിടക്കുന്ന എന്നെ ദയനീയമായി നോക്കാൻ ....


ആശുപത്രിയിൽ നിന്നും ഞാൻ വീട്ടിലെത്തുന്ന ദിവസത്തിനായി കാത്തിരിക്കാൻ ...


അടുത്തുള്ളവരും ബന്ധുക്കളും എന്നെ കാണാൻ വരുമ്പോൾ അവകാശം പറഞ്ഞു അടുത്തുന്നു മാറാതെ കാവലിരിക്കാൻ ....


കണ്ണ്ദോഷം പെടാതിരിക്കാൻ അച്ഛമ്മ "ഉപ്പും മുളകും " ചുറ്റിയിടുമ്പോൾ "എന്നേം കൂടി " എന്ന് പറഞ്ഞു ചേർന്നിരിക്കാൻ...


അമ്മ എത്രെ പറഞ്ഞാലും കേൾക്കാതെ മുറ്റത്ത് ചെളിയിലും മണ്ണിലും കളിച്ചു വന്നിട്ട് എന്നെ മുറുകെ പിടിച്ചു ഉമ്മ വെക്കാൻ....


എനിക്ക് കണ്ണെഴുതി തരുമ്പോഴും പൊട്ടു കുത്തുമ്പോഴും അടുത്തു വന്നു നോക്കിയിരിക്കാൻ
അമ്മ എനിക്ക് ചോറ് തരുമ്പോൾ ഇടയ്ക്ക് "ആ .." കാണിച്ചു "ഉണ്ണിക്കും കൂടെ അമ്മെ കുഞ്ഞാവയുടെ കൂടെ " എന്ന് പറയാൻ.....


എനിക്ക് കാതുകുത്തി തന്ന വേദനയിലും പോളിയോ എടുത്ത വേദനയിലും കരഞ്ഞുകൊണ്ടിരിക്കുമ്പോൾ "ഒളിച്ചേ ...കണ്ടേ " കളിചെന്നെ ചിരിപ്പിക്കാൻ ....


അമ്മ പായ വിരിച്ചു കിടത്തിയിട്ട് പോകുംന്നേരം " കുഞ്ഞാവയെ നോക്കിക്കോണേ" എന്ന് പറഞ്ഞു ഏല്പ്പിച്ചു കൊടുക്കാൻ....


ഞാൻ മുകളിലേക്ക് നോക്കി കൈകാലിട്ടടിച്ചു കരയുമ്പോൾ ഉത്സവത്തിന് വാങ്ങിയ "കിലുക്ക " കൊണ്ട് വന്നു എന്നെ ചിരിപ്പിക്കാൻ ശ്രമിച്ച്, കരച്ചില് മാറ്റി അത്ഭുതത്തോടെ നോക്കുന്ന എന്നെ നോക്കി സമാധാനിക്കാൻ....


മുട്ടിലിഴയുന്ന പ്രായത്തിൽ കൂടെ ആന കളിച്ചു നടക്കാൻ...


പിച്ച വെച്ച് നടന്നു തുടങ്ങുമ്പോൾ അടി തെറ്റാതെ കൈ പിടിക്കാൻ , എന്റെ ഭാരം താങ്ങാനാവാതെ രണ്ടുപേരും കൂടി ഒരുമിച്ചു വീഴാൻ ...


ആദ്യമായി പല്ല് മുളച്ചു തുടങ്ങുമ്പോൾ ഇടയ്ക്ക് വായിൽ കയ്യിട്ടു തന്നു " ഏട്ടനെ കടിച്ചേ " എന്ന് പറയാൻ ...


പല്ലിന്റെ ബലം കൂടുന്ന നാളുകളിൽ അലറിക്കരയാൻ.....


അച്ഛൻ കൊണ്ട് വരുന്ന പലഹാരമെല്ലാം പങ്കു വെച്ച് തരാൻ....


സ്കൂളിൽ പോകും നേരം കണ്മുന്നിൽ നിന്ന് മായും വരെ "റ്റാ റ്റാ " പറയാൻ ... ഇടയ്ക്കിടക്ക് തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോകുവാൻ....


വൈകുന്നേരം "കുഞ്ഞാവേ .....!" വിളിച്ചു ഓടി വരാൻ....


ആമയുടെയും മുയലിന്റെയും പ്രേതത്തിന്റെയും ഒക്കെ കഥ പറഞ്ഞ് തന്ന് ചിരിപ്പിക്കാൻ... 


സ്കൂളിലെ വിശേഷങ്ങൾ ഒന്നും മനസ്സിലാവില്ലെങ്കിലും എനിക്കും പറഞ്ഞ് തരാൻ....... അത്ഭുതത്തോടെ ഞാൻ നോക്കുമ്പോൾ അഭിമാനത്തോടെ വീണ്ടും പറയാൻ ............



തോട്ടുവക്കത്തെ നെല്ലിക്ക പെറുക്കിയതും പിന്നെ അയലത്തെ വീട്ടിലെ ചാംബങ്ങയും വിനിഷചെച്ചിടെ വീട്ടിലെ മധുരപ്പുളിയും അമ്മ കാണാതെ കൊണ്ടുവന്നു തരാൻ.......



പിന്നെ എഴുത്തിനിരുത്തുന്നതിന് മുൻപേ അച്ഛമ്മ അരി ചെറുമ്പോൾ പറന്നു കിടന്ന തവിടിന്മേലും അമ്മ മുറ്റത്ത് ഉണക്കാനിട്ട പച്ചരിയിലും കുഞ്ഞു കൈ പിടിച്ച് ആദ്യാക്ഷരം എഴുതിക്കുവാൻ.......


അമ്പലത്തിൽ പോവുമ്പോൾ "കുഞ്ഞാവ വേഗം വളരണേ..ഉണ്ണിടെ കൂടെ കളിക്കാൻ വരണെ " എന്ന് പ്രാർത്ഥിക്കാൻ.....


മുത്തശ്ശന്റെ കൂടെ ഉത്സവത്തിന് പോയി വരുമ്പോൾ കോലുമിട്ടായും.പീപ്പിയും ,പൊള്ളവും കൊണ്ടുത്തരാൻ....


ആദ്യമായി  സ്കൂളിൽ പോകുമ്പോൾ "എന്റെ അനിയത്തിയ" എന്ന് പറഞ്ഞു കൂട്ടുകാർക്കും അദ്ധ്യാപകർക്കും പരിചയപ്പെടുത്തി കൊടുക്കാൻ.......


ബാലേട്ടന്റെ കടയിൽ നിന്നും തേനു മിട്ടായിയും പുളി മിട്ടായിയും വാങ്ങിത്തരാൻ വാങ്ങിത്തരാൻ........


എന്റെ ബാഗും വാട്ടർ ബോട്ടിലും മുൻപിലും ഏട്ടന്റെ പുറകിലും തൂക്കി നടക്കാൻ.........


വഴിയിലെ തള്ളപ്പൂച്ചയോ പട്ടിയോ പ്രസവിച്ചത് കാണുമ്പോൾ കുഞ്ഞിനെ കട്ടോണ്ട് വരാൻ......


ഒളിപ്പിച്ചു പെട്ടിയിൽ വളർത്തുന്ന അണ്ണാൻ കുഞ്ഞിനേയും വെള്ള ബീയർ കുപ്പിയിലെ മീനിനെയും സ്നേഹം കൂടുമ്പോൾ കാണിച്ചു തരാൻ......


ശാന്ത വലിയമ്മയുടെ തൊടിയിലെ വഴിയിലേക്ക് തല നീട്ടി നിൽക്കുന്ന മൂവാണ്ടൻ മാങ്ങ കല്ലെറിഞ്ഞു വീഴ്ത്തി ഉപ്പും കൂട്ടിത്തരാൻ.....


ഞാവല്പ്പഴം മരത്തിൽ കയറി കുലുക്കി തരാൻ ...എന്നിട്ട് ചെളിയിൽ വീണതെല്ലാം പാടത്തെ വെള്ളത്തിൽ കഴുകി തേക്കിലയിൽ കുമ്പിളുണ്ടാക്കി ഉപ്പും കൂടിയിട്ട് തരാൻ..........


വീട്ടിൽ ചെയ്യുന്ന ഞാൻ തെറ്റിനെല്ലാം അമ്മയോട് കുറ്റം ഏറ്റു പറഞ്ഞു തല്ലു വാങ്ങാൻ ...


എങ്കിലും ഇടയ്ക്ക് തല്ലു കിട്ടുമ്പോഴോ വീഴുംബോഴോ മുറിവിൽ വന്നു ഊതിത്തരാനും "പൂച്ചെടിടെ ഇലയോ മഞ്ഞരളിയുടെ ഇലയോ കൊണ്ട് ഡോക്റെരെ പോലെ  മുറിവ് കെട്ടിത്തരാൻ..........

ശങ്കരേട്ടന്റെ തേൻവരിക്ക പഴുക്കുമ്പോൾ വെട്ടി ,ചൊള പറിച്ചു കുരു കളഞ്ഞു "ഉണ്ണിക്കൊന്നു കുഞ്ഞാവയ്ക്കൊന്നു " എന്നുപറഞ്ഞു കയ്യിൽ പശയാവാതെ തരാൻ...


തൊടിയിലെ ശീമക്കൊന്ന മരത്തിൽ വലിഞ്ഞു കയറി അതിൽ പടർന്ന മുല്ലപ്പൂവ് വലിച്ചു തരാൻ ...


അടുത്ത വീട്ടിന്നു റോസ്ന്റെ കൊമ്പ് കൊണ്ട് വന്നു വീട്ടുമുറ്റത്ത് നട്ടിട്ടു "കുഞാവയ്ക്ക് പൂ വെക്കാന " എന്ന് പറയാൻ........


പിന്നെ എന്നും വേര് വന്നോ എന്ന് ആ ചെടിയെ പറിച്ചു നോക്കാൻ..........


ആരെങ്കിലും എന്നെ ചീത്ത പറയുമ്പോൾ അവരെ കല്ലെടുത്ത് എറിയാനും തെറി വിളിക്കാനും
എന്നും കാവലായി കൂടെ ഉണ്ടാവാൻ ,....


അമ്മ കാണാതെ കുരുമുളക് ടപ്പിയിൽ നിന്ന് പൈസ എടുത്തു കണ്ണാടി വള വാങ്ങിത്തരാൻ........


കുളത്തിലെ വെള്ളത്തിൽ നീന്തൽ പഠിപ്പിക്കാൻ ..


ഇടയ്ക്ക് മുങ്ങി പോകുമ്പോൾ രക്ഷിച്ചു കൊണ്ട് വരാൻ.....


മുതിർന്ന പെൺകുട്ടി ആയെന്നു പറഞ്ഞു എല്ലാവരും മാറ്റി നിർത്തുന്ന സമയത്തും കൂടെ വന്നിരുന്നു വിശേഷം പറയാൻ........


കാമുകി അയച്ച പ്രണയലേഖനങ്ങൾ എന്നെ കാണാതെ വായിക്കാൻ ........

 അവൾ കൊടുത്ത സമ്മാനങ്ങൾ എനിക്ക് തന്ന് കൂട്ടുകാരന്റെയാണ് എടുത്തു വെക്കൂ പറയാൻ.....

അവളോട്‌ "എന്റെ അനിയത്തി " എന്ന് ഇപ്പോഴും സ്നേഹത്തോടെ പറയാനും ...


പിന്നെ എന്റെ ഭാവിയെക്കുറിച്ച് പറയുന്നത് കേട്ട് അവൾക്ക് അസൂയ തോന്നിപ്പിക്കാനും .....


ഞാനറിയാതെ എന്നും ഡയറി എഴുതി തലയിണയ്ക്ക് ഇടയിൽ ഒളിപ്പിച്ചു വെക്കാൻ ,അതിലെ എന്നോടുള്ള ഇഷ്ട്ടം തിരഞ്ഞു കണ്ടു പിടിച്ചു വായിക്കുമ്പോൾ കണ്ണ് നിറയാൻ .....


എന്നും ബന്ധുക്കളുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ വച്ച് കളിയാക്കി കൊണ്ടിരിക്കാൻ......


ടി വി റിമോർട്ട്നു വേണ്ടി തല്ലു കൂടാൻ ...


എന്നിട്ട് പെണങ്ങി ഞാൻ പോകുമ്പോൾ എനിക്കിഷ്ട്ടപ്പെട്ട ചാനൽ ഞാൻ കേൾക്കാൻ പാകത്തിൽ ശബ്ദം കൂട്ടി വെക്കാൻ ......


ടി വി യിൽ റൊമാന്റിക്‌ സീൻ വരുമ്പോൾ ചാനൽ മാറ്റുകയോ എന്തെങ്കിലും എടുത്തിട്ടു വരാനോ പറഞ്ഞു അടുക്കയിലേക്ക് അയക്കാൻ..


അഴുക്കായ വസ്ത്രങ്ങൾ കൊണ്ട് തന്ന് "സോപ്പ് ഒരുപാടിടണ്ട ....അടി മറിച്ചിട്ട് ഉണക്കാൻ ഇട്ടാ മതി " എന്നൊക്കെ പറഞ്ഞു അലക്കിപ്പിക്കാൻ ......


കണ്ണാടി നോക്കുന്ന സമയത്ത് അടുത്തു വന്ന് കുറ്റം പറയാനും കൊമ്പ് വെച്ച് തരാനും ,മുടി കെട്ടി വെച്ചതിനെ കേടു വരുത്താൻ......


സ്കൂളിലെയും പിന്നീട് കോളേജ് ലെയും അവസാനം ഓഫീസിലെയും കാര്യങ്ങൾക്ക് കൂടെ വരാൻ .........


വഴിയിലെ തിരക്കിൽ ആരും മേലെ വന്ന് മുട്ടാതെയും തട്ടാതെയുമിരിക്കാൻ ശ്രദ്ധിച്ച് കൂടെ നടക്കാൻ.....


പനി വരുമ്പോഴും വേറെ എന്തെങ്കിലും അസുഖം വരുമ്പോഴും ആശുപത്രിയിൽ കൊണ്ട് പോകാൻ .........,

ഇൻജെക്ഷൻ പേടിച്ചു ഞാൻ വേണ്ട പറയുമ്പോഴും ബലമായി പിടിച്ചിരുത്താൻ.........


വേദനകൊണ്ട് കരയാൻ തുടങ്ങുമ്പോൾ ഇഷ്ട്ടത്തോടെയും കരുതലോടെയും ചിരിക്കാൻ ...


എന്നും വൈകുന്നേരം വരുമ്പോൾ പരിപ്പുവടയും പഴം പൊരിയുമൊക്കെ വാങ്ങിത്തരാൻ ....


എന്നിട്ട് നിനക്ക് തരില്ലെന്ന് പറഞ്ഞ് കഴിച്ചു തുടങ്ങാനും പിന്നെ പെണങ്ങി പോയ എന്നേം കൂട്ടി വന്ന് ബാക്കി കൂടി കഴിക്കാനും ......


ടി വി യുടെ മുന്നിൽ വന്നിരുന്നു "ഡി പോയി ചോറു കൊണ്ട് വാ " എന്ന് പറയാൻ ....


നീ വെച്ച കറിയാണോ എന്ന് ചോദിച്ചു കൂട്ടിയ ഉപ്പിന്റെയും മുളകിന്റെയും കണക്കു പറഞ്ഞ് രണ്ടാം തവണ കൂടി ചോറ് വാങ്ങി ഉണ്ണാൻ.........


കൈ കഴുകി എന്റെ ഡ്രെസ്സിൽ വന്ന് തുടയ്ക്കാൻ .......


പുതിയ വെള്ള മുണ്ടിൽ ചായം പടർന്നതിനും, ഇസ്തിരിയിടുമ്പോൾ കീറിപ്പോയ  ഷർട്ടിന്റെയും പേരിൽ "ഇങ്ങനാണോ ഡി പോത്തെ ചെയ്യുന്നേ ?" എന്ന് പറഞ്ഞ് ദേഷ്യപ്പെടാൻ....


പഠിച്ചിട്ടോ ,ടി വി കണ്ടോ കിടന്നുറങ്ങുമ്പോൾ അകത്തു നിന്നും പുതപ്പു കൊണ്ട് വന്ന് പുതപ്പിച്ചു തരാൻ.........


എത്രെ മാർക്ക്‌ വാങ്ങിയാലും പോരെന്ന് പറയാനും......... പൈസ ചോദിച്ചാൽ ഇല്ലെന്നു പറയാനും......... പിന്നെ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് പോകാനും..........ഞാൻ വാങ്ങിയ മാർക്കിനെ കുറിച്ച് കൂട്ടുകാരോട് അഭിമാനത്തോടെ പറയാനും .....


വിലകൂടിയ സാധനങ്ങൾ വേണം പറയുമ്പോൾ വാങ്ങിക്കൊടുക്കണ്ട എന്ന് പറയുന്ന അമ്മയോട് "അവള് വാങ്ങിക്കട്ടെ നിങ്ങൾ പൈസ കൊടുക്ക് " എന്ന് പറയാനും........


പുതിയ സിനിമകൾ കൂട്ടുകാരോടൊപ്പം കാണാൻ പോയി രാത്രി വൈകി വന്ന് ജനലിൽ മുട്ടി അച്ഛനറിയാതെ വാതിൽ തുറക്കാൻ പറയാനും.....


കള്ള് കുടിച്ചു വരും നേരം ആരോടും പറയല്ലേ എന്ന് പറഞ്ഞ് പോയിക്കിടക്കാനും ...പിന്നീട് ആ പേരും പറഞ്ഞ് എന്നും എനിക്ക് ബ്ലാക്ക്‌മെയിൽ ചെയ്യാനും..........


കൂട്ടുകാരുടെ കൂടെ ഉത്സവത്തിന് പോകുമ്പോൾ എന്നെ കൂട്ടാതെ പോകാനും വരുമ്പോൾ ചാന്തുപൊട്ടും മുത്തുമാലയും കൊലുമിട്ടായിയും വാങ്ങിത്തരാനും........


ആദ്യമായി സൈക്കിളും,സ്കൂട്ടിയും ഒക്കെ പഠിപ്പിച്ചു തരാൻ ..... ഇടയ്ക്കു വീഴാൻ പോകുംന്നേരം താങ്ങുവാൻ .... പറയുന്നത് തെറ്റിക്കുമ്പോൾ തലയിലൊരു കിഴുക്കു തരാൻ....


ഓണാഘോഷത്തിന്‌ സമ്മാനം കിട്ടുമ്പോൾ സ്ടജിൽ നിന്ന് താഴെ നില്ക്കുന്ന എന്നെ ഏല്പ്പിക്കാനും .... ഞാൻ പങ്കെടുക്കുന്നതിനെല്ലാം  കൂട്ടുകാർ "നിന്നെപ്പോലെ തന്നെ നിന്റെ പെങ്ങളും ..."എന്നുപറഞ്ഞു കളിയാക്കാൻ ....

അവരുടെ മുന്നിൽ വേണ്ടെന്നു പറയാനും ...ആരുമറിയാതെ എന്റെ സന്തോഷം കണ്ടു ഉള്ളിൽ ചിരിക്കാനും


വിഷു നാളിൽ കൈ നീട്ടം തരാം എന്ന് പറഞ്ഞ് പറ്റിക്കാനും ....ചെവിയുടെ അടുത്തു വന്ന് പടക്കം പൊട്ടിക്കാനും........ കണി വെച്ച പഴങ്ങൾ മത്സരിച്ചു കഴിക്കാനും .....


ശബരിമലയ്ക്ക് കെട്ടും നിറച്ചു പോകുമ്പോൾ നെയ്‌ തേങ്ങ നിറയ്ക്കാൻ എന്നെ വിളിക്കാനും ,..........

എല്ലാവരും കൊടുത്ത പൈസയിൽ നിന്നും കുറച്ച് എനിക്ക് തരാനും....... പിന്നെ വണ്ടിയിൽ കയറുന്നവരെ ഷർട്ടും ബാഗും പിടിക്കാൻ പറയാനും......


ഏതെങ്കിലും ആൺ പിള്ളാരോട് കൂട്ട് കൂടുമ്പോൾ അവരോടു എന്നിലും കൂടുതൽ  സൌഹൃദം സ്ഥാപിക്കാൻ .......


എന്റെ കൂട്ടുകാരികളിൽ ഭംഗിയുള്ള ആളെ നോക്കി "ഇവളുടെ പേരെന്താ " എന്ന് ചോദിക്കാൻ....


തന്റെ പഴയ ഫോൺ എടുത്തോ പറഞ്ഞ് തന്നിട്ട് ആർക്കും നമ്പർ കൊടുക്കണ്ട പറയാനും .....  ഞാൻ കാണാതെ കാൾ ലിസ്റ്റും മെസ്സേജും ഇടയ്ക്കിടക്ക് പരിശോധിക്കാൻ.....


ആദ്യമായി പ്രണയം തോന്നുന്ന ആളോട് ഒരുപാട് പുകഴ്ത്തി പറഞ്ഞു അവനു അസൂയ തോന്നിപ്പിക്കാൻ  ...പിന്നീട് പാവം എന്റെ കാമുകന് തല്ല് വാങ്ങി കൊടുപ്പിക്കാൻ ....


എന്നിട്ടത് വീട്ടിൽ അറിയും നേരം കവിളത്തു തല്ലാൻ .....കരഞ്ഞു തളര്ന്നു ഞാൻ ഉറങ്ങുമ്പോൾ അടുത്തു വന്ന് നോക്കിയിരുന്നു കണ്ണ് നിറയ്ക്കാൻ..........


കുറച്ച് നാള് മിണ്ടാതെ നടന്ന് പിന്നെ നീണ്ട ഉപദേശത്തോടെ എന്നെ സമാധാനിപ്പിക്കാൻ .....


എന്നിട്ട് ആദ്യമായി കല്യാണ ആലോചന വരുമ്പോൾ "അവള്ക്ക് അത്രേ പ്രായമായോ ?" എന്ന് അത്ഭുതത്തോടെ ചോദിക്കാൻ ........


പിന്നെ മുതൽ മനസ്സിൽ പിരിയുമെന്ന വേദനയോടെ എന്റെ കൊച്ചു കൊച്ചു ഇഷ്ടങ്ങൾ സാധിപ്പിച്ചു തരാൻ......


പെണ്ണ് കാണാൻ ആള് വരുമ്പോൾ ആരും കാണാതെ എന്നോട് വന്ന് "നിനക്ക് ഇഷ്ട്ടായോ " എന്ന് ചോദിക്കാൻ ............

"ഇല്ലെന്നു" ഞാൻ പറയുമ്പോൾ  പറയുമ്പോൾ "പെണ്ണിന്റെ ചേലിനു തുള്ളിക്കോ " എന്നുള്ള പറയുന്ന ബന്ധുക്കളുടെ വഴക്ക് കേൾക്കാൻ.....


പിന്നീട് സ്ത്രീധനം കൊടുക്കാനുള്ളതിനായി കഷ്ട്ടപ്പെടാൻ ...


വിവാഹദിനം അണിഞ്ഞൊരുങ്ങി ഞാൻ വരുമ്പോൾ കണ്ണിമ വെട്ടാതൽപ്പനേരം നോക്കി നിൽക്കാൻ...


കഴുത്തിൽ വരണമാല്യം വീഴുമ്പോൾ കണ്ടു നിന്ന് മനസ്സ് നിറയെ സന്തോഷിച്ചു അനുഗ്രഹിക്കാൻ.......


ഇഷ്ട്ടപ്പെട്ട ആളുടെ കൂടെ പറഞ്ഞയക്കുമ്പോൾ ആരും കാണാതെ കണ്ണ് തുടയ്ക്കാൻ ....... എന്നിട്ട് എന്നെപ്പോലെ അവനെയും സ്നേഹിക്കാൻ ........


ചടങ്ങെല്ലാം കഴിഞ്ഞു യാത്ര അയക്കുന്ന സമയത്ത് സദ്യ വിളമ്പുന്ന തിരക്കിൽ നിന്ന് ഓടി വന്ന് അടുത്ത് നില്ക്കാനും .........,

 പരസ്പരം കണ്ണുകൾ ഉടക്കുമ്പോൾ നിയന്ത്രണം വിട്ടു ചേർത്തു പിടിച്ചു കരയാനും ....


കണ്മുന്നിൽ നിന്ന് ഞാൻ മറയും വരെയും നോക്കി നില്ക്കാനും ....

കുറച്ച് ദിവസങ്ങളിൽ വിഷമം കൊണ്ട് ഭക്ഷണം കഴിക്കാതെയും മൌനമായും നടക്കാനും ....


പതിവ് തെറ്റിക്കാതെ വിളിക്കാനും........

എന്റെ ഭർത്താവിനോട് പിണങ്ങുമ്പോൾ ഏട്ടനോട് അതെക്കുറിച്ച് സങ്കടം പറയാൻ .... ചിരിച്ചുകൊണ്ടുള്ള സമാധാനിപ്പിക്കൽ കേൾക്കാൻ...


കല്യാണം കഴിക്കാൻ പ്രായമായി എന്ന് വീട്ടുകാർ  നിർബന്ധിക്കുമ്പോൾ ഇഷ്ടപ്പെട്ട കാമുകിയെ കുറിച്ച് പറഞ്ഞു "നീയൊന്നു എങ്ങനെയെങ്കിലും അവതരിപ്പിക്കണം " എന്ന് എന്റെ മുന്നിൽ തല താഴ്ത്തി പറയാൻ ....


വല്യ കുടുംബസ്ഥയായി ഏട്ടത്തിയുടെ വീട്ടിൽ അധികാരത്തോടെ പെണ്ണ് കാണാൻ പോകാൻ ...
എന്നിട്ട് ചുറ്റി നടന്നു കണ്ട വീടിനെയും ഈട്ടത്തിയെയും ഏട്ടന്റെ മുന്നിൽ കുറ്റം പറയാൻ ...


കല്യാണത്തിന് വസ്ത്രമെടുക്കാനും ആഭരണം വാങ്ങാനും വീടൊരുക്കാനും വൈകിയെത്തുന്ന എന്നെ ചീത്ത പറയാൻ .....


കല്യാണപന്തലിൽ നാണത്തോടെ എന്നെ നോക്കി കണ്ണിറുക്കാൻ.... എനിക്കിടയ്ക്ക് പരിഹസിക്കാനായി നിന്ന് തരുവാൻ .....


"എന്റെ ഏട്ടന്റെ വിവാഹമാണ് പറഞ്ഞെനിക്ക് കഷ്ട്ടപ്പെടാൻ  ......


പിന്നീട് മക്കളാവുന്നു എന്ന് കേൾക്കുമ്പോൾ ഇഷ്ട്ടപ്പെട്ടതെല്ലാം വാങ്ങി ഓടി വരാനും .......

എന്നെ വീട്ടിലേക്കു കൊണ്ട് വരുന്ന ദിവസത്തിനായി എല്ലാ ഒരുക്കവും ചെയ്തു കാത്തിരിക്കാൻ ....


"എന്റെ മരുമകനാണ് /മകളാണ് എന്ന് എന്നോട് തന്നെ കുഞ്ഞിനെയെടുത്ത് മടിയിൽ വെച്ചുകൊടുക്കുമ്പോൾ പറയുവാൻ ........


 എന്റെ കുഞ്ഞുങ്ങളെ നാട്ടിലൂടെ എടുത്തു നടന്ന് ആരെങ്കിലും ചോദിക്കുമ്പോൾ " എന്റെ പെങ്ങളുടെയാ " എന്ന് അഭിമാനത്തോടെ പറയാനും.....


എനിക്കൊരു ഏട്ടനെ വേണം

എനിക്കൊരു ഏട്ടനെ വേണം ...................!


നിർത്താതെ അപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന അവളുടെ മുഖത്തേക്ക് പതിവുപോലെ ഉറ്റുനോക്കി കൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് വൈകിയാണ് അവൻ കണ്ടത്


തന്റെ പ്രവൃത്തി ഇഷ്ട്ടപ്പെടാതെ ആയിരിക്കുമോ അതോ വീട്ടിലെ എന്തെങ്കിലും പ്രശ്നം ആയിരിക്കുമോ കാരണം എന്നവൻ കേട്ടില്ല


അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ താൻ ഏതോ മായിക ലോകത്താണ് ഇപ്പോഴും എന്ന തിരിച്ചറിവിൽ അവളിത്ര നേരം എന്താണ് പറഞ്ഞത് എന്ന് ഓർത്തെടുക്കാൻ അവന് കഴിഞ്ഞില്ല


അങ്ങുദൂരെ വെള്ളപ്പഞ്ഞിക്കെട്ടുപോലെ സദാ നീങ്ങിക്കൊണ്ടിരിക്കുന്ന മേഘകൂട്ടങ്ങൾക്കും അപ്പുറത്ത് .... ആദിത്യൻ പടിഞ്ഞാറ് മറഞ്ഞു തുടങ്ങുമ്പോൾ രാവിനു വെളിച്ചമെകുവാൻ അമ്പിളിയെത്തുന്നതിനും അപ്പുറത്ത് ... ചിരിച്ചുല്ലസിക്കുന്ന നക്ഷത്രകൂട്ടങ്ങൾക്കും അപ്പുറത്ത്


അവന്റെ മനസ്സിൽ അവർ രണ്ടുപേരും മാത്രമുള്ള ലോകത്തിലായിരിക്കും , അവിടെയവളുടെ മുഖം നോക്കിയിരിക്കുമ്പോൾ താൻ ഏറെ ജന്മം പുറകോട്ടു ചെന്ന് തനിക്കവകാശപ്പെട്ട നിധി കൈക്കലാക്കി വരുന്ന പ്രതീതിയാണ് അവന്


ഇരുട്ടുമുറിയിൽ പതിക്കുന്ന  അരണ്ട വെളിച്ചത്തിൽ കോൺവെന്റ് ലൈബ്രറിയിലെ ഓരോപുസ്തകങ്ങളും  അവന് സമ്മാനിച്ച മായിക ലോകത്തെ ദേവതയായിരുന്നു അവൾ


വേണ്ടെന്നു എത്ര നിർബന്ധിച്ചിട്ടും കണ്ണിൽ പെടാതെ ഒളിച്ചു നടന്നിട്ടും കാത്തിരുന്നു ശിവനെ സ്വന്തമാക്കിയ പാർവ്വതിയെ പോലെ , തന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ


"മനൂ നീ എന്താ ആലോചിക്കുന്നത് ? " അവന് സംസാരിക്കാൻ അവസരം നല്കി അവൻ പറഞ്ഞു


"ഏയ് ഒന്നുമില്ല .....വെറുതെ ഓരോന്ന് ....നിനക്കെന്ത ഇപ്പോഴിത്ര വിഷമം ?"


"ഇത്രനേരം പറഞ്ഞത് വിഷമമായി തോന്നിയില്ലേ നിനക്ക് ?"


എന്ത് പറഞ്ഞെന്നു ചോദിക്കാൻ കഴിയാത്തത് കൊണ്ട് " ഇതൊക്കെ ഒരു സങ്കടമാണോ ?" എന്ന് ഒതുക്കി


"മനൂനു അങ്ങനെയൊക്കെ പറയാം ..പക്ഷെ എനിക്കങ്ങനെയല്ല . എനിക്കൊരു അമ്മൂമ്മയെ വേണം വേണം വേണം ...."


"അതെന്താ പെട്ടെന്നൊരു അമ്മൂമ്മ സ്നേഹം ?"


അവൾ ഒന്നുകൂടെ അവന്റെ അടുത്തേക്ക്‌ ചേർന്നിരുന്നു. ആകാംക്ഷയോടെ തന്നെത്തന്നെ നോക്കുന്ന അവനോട്


"വേറെ ഒന്നുമില്ല ഇന്നലെ അമ്മായിടെ മക്കള് വന്നിരുന്നു , എന്റെ അച്ഛമ്മ അവർക്ക് വേണ്ടി ഉണ്ണിയപ്പവും ,പരിപ്പുവടയും ഒക്കെ ഉണ്ടാക്കി കൊടുത്ത് ,


ഞങ്ങളൊന്നു വേണം പറഞ്ഞാൽ അടുക്കളയില കേറാത്ത അച്ഛമ്മയ ,,,"വേണേൽ നിന്റെ അമ്മയോട് പറ എന്ന് പറയും അല്ലെങ്കിൽ വയസ്സും പ്രായവും ആയില്ലേ ഒറ്റയ്ക്ക് ചെയ്യെന്ന് പറയും ...


പക്ഷെ അവര് ചോദിച്ചിട്ട് പോലുമില്ല വന്നതും എല്ലാം ഉണ്ടാക്കി കൊണ്ട് കൊടുത്ത് ,പോരാത്തതിന് പോകുമ്പോൾ കടയിൽ നിന്നും   വരുത്തിച്ചു എന്തൊക്കെയോ ഉണ്ടായിരുന്നു കവറിൽ .... എനിക്കൊട് അമ്മൂമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്കുമിതുപൊലെ കൊണ്ടുത്തരില്ലേ ...


എന്റെ അമ്മ എപ്പോഴെങ്കിലും ചെല്ലുന്നതും നോക്കി കാത്തിരിക്കില്ലേ ....


ഞങ്ങളെ കാണാൻ ഇതുപോലെ ഇടയ്ക്കിടയ്ക്ക് വരില്ലേ ? അപ്പോൾ ഉണ്ണിയപ്പവും ചക്കയും ഒക്കെ  കൊണ്ട് വരില്ലേ ...


അമ്മയ്ക്ക് വയ്യെന്ന് പറയുമ്പോഴോ വീട്ടിൽ എന്തെങ്കിലും വിശേഷം  ഉണ്ടാകുംബോഴോ അമ്മയെ സഹായിക്കാൻ വരില്ലേ


ഇടയ്ക്കൊക്കെ ആരും കാണാതെ മുണ്ടിന്റെ മടക്കിലോ വെറ്റില കവറിലോ വെച്ചിരിക്കണ പൈസ മിട്ടായി വാങ്ങിച്ചോളാൻ പറഞ്ഞ് തരില്ലേ ?


സ്കൂൾ അടയ്ക്കുമ്പോൾ ഞങ്ങൾ വരുന്നതും കാത്തിരിക്കില്ലേ ,,, മറ്റു ദിവസങ്ങളിൽ അങ്ങോട്ട്‌ പോകുമ്പോൾ അമ്മയോട് "പിള്ളാരെ കൊണ്ട് വരാത്തതിൽ പരിഭവം പറയില്ലേ "


മാമനോട് ഓണത്തിന് കോടിയും, വിഷൂനു കൈനീട്ടവും കൊണ്ടുത്തരാൻ വാശി പിടിക്കില്ലേ


ഞങ്ങളോട് എന്ത് ഇഷ്ട്ടമായിരിക്കും അമ്മൂമ്മയ്ക്ക് അല്ലെ മനൂ .."


അവളുടെ ഉത്തരം കേട്ടപ്പോൾ അവന് മനസ്സിലെവിടെയോ പെട്ടെന്ന് സങ്കടം തോന്നി , താനൊരിക്കലും അമ്മൂമ്മയുടെയോ അച്ചമ്മയുടെയോ സ്നേഹം ആസ്വദിചിട്ടില്ല,. തന്നെ മടിയിലിരുത്തി തലമുടി ഒതുക്കി തരുന്ന അമ്മൂമ്മയെ അവൻ മനസ്സിൽ കണ്ടു


"എന്താ മനൂ ഒന്നും പറയാത്തത് ...?


"ഏയ് ഒന്നുല്ല ...അമ്മൂമ്മ എന്ന് വെച്ചാൽ അത്രയും സ്നേഹിക്കുന്ന ആളാ ?"


"അതെ ...പെണ്മക്കളുടെ കുട്ടികളോട് അമ്മൂമ്മമാർക്ക് ഒരു പ്രതേക സ്നേഹാണ് ...എനിക്ക് ഭാഗ്യമില്ലാലെ   മനൂ ...അതോണ്ടല്ലേ ആ സൌഭാഗ്യം ഇല്ലാതെ പോയത് ..."


അവളുടെ സങ്കടം കേട്ടപ്പോൾ അവന് ചെറുതായി ചിരിയും ഒപ്പം മനസ്സിലെ വേദനയ്ക്ക് ആഴവും കൂടുന്നത് പോലെ തോന്നി


"നീ വീട്ടിൽ പോകുമ്പോൾ എങ്ങനെയാ  എല്ലാരും നിന്നെ സ്നേഹിക്കുന്നെ ...?" അവളുടെ സംസാരത്തിലുള്ള കൌതുകത്തിനായി അവൻ ചോദിച്ചു


"അതെന്തിനാ ?"


"ഒന്നിനുമില്ല നീ പറ ...."


"വീട്ടിലെത്തുമ്പോൾ അച്ഛമ്മയും അച്ഛച്ചനും വീടിന്റെ മുന്നിലുണ്ടാവും , എന്നെ കണ്ടതും അകത്തെ വാച്ചിലേക്ക് നോക്കിയിട്ട് എത്ര നേരത്തെ പോയാലും "ഇന്നെന്ത വൈകിയത് ?" ചോദിക്കും


അപ്പോഴേ എനിക്ക് ദേഷ്യം വരും .."എന്നും വരുന്ന സമയത്താണ് എന്ന് പറഞ്ഞ് അകത്തു പോകും , അമ്മ അകത്തു നിന്ന് വിളിച്ചു പറയും ഡ്രസ്സ്‌ മാറ്റിയിട്ടു വാ ചായ കുടിക്കാം എന്ന് .


നീ തന്നെ പറ മനൂ ഇത്ര ക്ഷീണിച്ചു വീട്ടിൽ പോയിട്ട് കിടക്കാൻ കൂടെ സമ്മതിക്കില്ല " സന്ധ്യയ്ക്ക് കിടന്നാൽ ആശുഭാണ് എന്ന് ... നമ്മടെ വേദനയൊക്കെ ആരറിയാൻ അല്ലെ ...


ഡ്രസ്സ്‌ മാറ്റി വെക്കാൻ പറയുന്നത് അമ്മയുടെ സ്നേഹം കൊണ്ടൊന്നുമല്ല , പുതിയ ഡ്രെസ്സിൽ ചളിയായാൽ പുതിയത് വാങ്ങിത്തരണ്ടേ അതാണ്‌ ..., ചില സമയത്ത് സ്നാക്സ് പോലും ഉണ്ടാവില്ല ..നമ്മൾ ആണേൽ നല്ല വിശപ്പുമായിരിക്കും


അതിനിടയ്ക്ക് അനിയന്മാർ കയറിവരും , പിന്നെ അവരോടു തല്ലുണ്ടാക്കലാണ് പ്രധാന പരിപാടി , ടി വി കാണാൻ റിമോർട്ട് പോലും തരാതെ സീരിയലും കണ്ടിരിക്കും അമ്മയും അച്ഛമ്മയും


പിന്നെ ഞാൻ അടുക്കളയിൽ ചെന്ന് എന്തെങ്കിലും കഴിച്ചു നിന്നോട് മിണ്ടി മിണ്ടി ഉറങ്ങും ..രാവിലെ എണീക്കുന്നതും നിന്നോട് മിണ്ടിത്തന്നെ , സത്യം പറഞ്ഞാൽ അതാണ്‌ ജീവിതത്തിലെ ഏക സന്തോഷം ...


"ഉം ..." അവൾ പറഞ്ഞ് തീർന്നതിന് മറുപടിയായി അവൻ ഒന്നും മിണ്ടിയില്ല


"എന്താ മനൂ , എന്റെ അവസ്ഥ കണ്ടു നിനക്ക് സങ്കടം തോന്നുന്നുണ്ടോ ?


"ഇല്ല ... നിന്റെ ഭാഗ്യം കണ്ട് അസൂയ തോന്നുന്നു . നീ എന്നെ  ഇഷ്ട്ടപെടണ്ടായിരുന്നു .. ഒരിക്കലും നിന്റെ വീട്ടുകാർ ഈ ബന്ധം സമ്മതിക്കില്ല പിന്നെന്തിനാണ് വെറുതെ നമ്മളിങ്ങനെ പരസ്പരം മോഹിച്ച്.... നീ എന്റെ കൂടെ വന്നാലും നിനക്ക് സന്തോഷവും ഉണ്ടാവാൻ പോകുന്നില്ല


"എന്തെ ഇപ്പൊ ഇങ്ങനെ പറയാൻ .."


"എടി നിനക്കുള്ള ഏറ്റവും വലിയ ഭാഗ്യമാണ് നിന്റെ വീട് അതുമനസ്സിലാക്കാൻ കഴിയാത്ത നീയെങ്ങനെ ഒരു വീട്ടമ്മയാകും...?"


അവൾ അവനെത്തന്നെ നോക്കി , പെട്ടെന്നുള്ള  ഭാവമാറ്റം അവളൊട്ടും പ്രതീക്ഷിച്ചതല്ല


"എടി അവരുടെയെല്ലാം സ്നേഹം നീ പൂർണ്ണമായി മനസ്സിലാക്കുന്നു എന്നുണ്ടെങ്കിൽ എന്റെ കൂടെ വരാൻ നിനക്കേറെ വേദന തോന്നും , അതെ സമയം എന്നെ മനസ്സറിഞ്ഞു പ്രേമിക്കുന്നു എങ്കിൽ എന്നെ വിട്ടു പോകാനും ....


നിന്നെ അവർക്കൊക്കെ എന്തിഷ്ട്ടമാണ് ...


നീയൊന്നു വൈകി വരുമ്പോൾ നിന്നെ കാണാതെ പടിവാതിലിൽ വേവലാതിയോടെ കാത്തിരിക്കുന്ന അച്ഛച്ചനും അച്ഛമ്മയും ...


 നിന്നെ കാണാതാകുമ്പോൾ വഴിയിൽ ടോർച്ചുമായി അന്വഷിച്ച് വരുമ്പോൾ നിന്റെ പാതയ്ക്ക് മാത്രമല്ല വെളിച്ചമെകുന്നത് ആ മനസ്സിലെനിനക്ക് തന്നിരിക്കുന്ന  സ്ഥാനത്തിലൂടെ ....ആ സ്നേഹത്തിലൂടെ നീയെന്ന വ്യക്തിക്കാണ് ...ആപത്തൊന്നും വരാതെ നിനക്ക് ഇപ്പോഴും സംരക്ഷണം ഒരുക്കാൻ അവരുണ്ട് എന്ന വിശ്വസത്തിനാണ്


നമ്മൾ വീട്ടിൽ നിന്നും ഇറങ്ങി പോകുമ്പോൾ വരുന്നതുവരെ കാത്തിരിക്കാൻ ആളുണ്ട് എന്ന വിശ്വാസമുണ്ടല്ലോ ...അതെത്ര ഭാഗ്യാണ് എന്നറിയോ ? ഞാനൊക്കെ പാതിവഴിയിൽ കിടന്നാലും ആരും വരില്ല ചോദിക്കാൻ വെറുത്തു പോകും ആ നിമിഷങ്ങളെ


ഇത്ര വളർന്നിട്ടും നിന്റെ ഇഷ്ട്ടം നോക്കി വരുമ്പോഴേക്കും ചായയും ചോറും എല്ലാം ഉണ്ടാക്കി തരുന്ന അമ്മ .... നിനക്ക് കിട്ടിയ ഏറ്റവും വല്യ പുണ്യം തന്നെയാണ് ...


നമ്മുടെ നാട്ടിൽ പെൺകുട്ടി ഉണ്ടായെന്നു കേൾക്കുമ്പോൾ തൊട്ടു വിവാഹം കഴിച്ചു കൊടുക്കുക, അവിടെ ഭർത്താവും മക്കളുമായി പ്രശ്നമില്ലാതെ കഴിയുക എന്നതാണ് പെണ്ണിന്റെ ജീവിതത്തിലെ  ഏറ്റവും വല്യ കാര്യം ആയി കണക്കാക്കുന്നത്


നീ വളർന്ന് തുടങ്ങുന്ന കാലത്ത് ചിരട്ടയും പാവയും വാാങ്ങിത്തന്നതും .... നീ നടന്നു തുടങ്ങിയ കാലത്ത് കൊച്ചു കുടം വാങ്ങിത്തന്നു കൂടെ വെള്ളം കോരാൻ കൊണ്ട് പോയതും ...


പിന്നെ നീ വളരുമ്പോൾ കുടത്തിന്റെ വലിപ്പം മാറി മാറി വന്നതും പണിയെടുപ്പിക്കുന്നത് മാത്രമായേ നീ കണ്ടുള്ളൂ പക്ഷെ നീ മറന്ന ഒന്നുണ്ട് ഇപ്പോൾ നിനക്ക് ആ ജോലി ചെയ്യുന്നത് മടുപ്പോ ആയാസമൊ ഉള്ള കാര്യമല്ല


അതുപോലെ തന്നെ മുറ്റം അടിക്കാനും , വൃത്തിയാകില്ല എന്നറിഞ്ഞിട്ടും നിന്റെ കയ്യിൽ തന്നെ അലക്കാൻ തന്നു ശീലിപ്പിച്ചതും നാളെ നീ പോകുന്ന വീട്ടിൽ ഇതൊന്നും അറിയില്ല എന്നത് പ്രശ്നമാവരുത്‌ എന്ന് കരുതിയാണ്


എന്ത് കിട്ടിയാലും ഒറ്റയ്ക്ക് തരാതെ എല്ലാവർക്കും പങ്കു വെച്ച് കൊടുക്കാൻ നിന്നെ പഠിപ്പിച്ചതും ദാനവും,ദയയും ,സ്നേഹവും ആണ്ഏതൊരു കുടുംബത്തിന്റെയും ആണിവേര് എന്ന് അറിയാവുന്നത് കൊണ്ടാണ്


ഒറ്റയ്ക്ക് പെട്ട് പോയാലും പട്ടിണി കിടക്കാതെ പാചകം ചെയ്തു കഴിക്കാൻ നിന്നെ പഠിപ്പിച്ചതും ... മുതിർന്നവരുടെ വാക്കുകൾ കേൾക്കാൻ പഠിപ്പിച്ചതും നിന്നിൽ ക്ഷമ ഉണ്ടാവണം എന്ന് കരുതിയാണ്


എന്നിട്ടും നീ നാളെ അന്യ വീട്ടിൽ കഷ്ട്ടപ്പെടുമല്ലോ എന്നോർത്ത് കുന്നോളമുള്ള വീട്ടിലെ പണിയുടെ ഇടയിലും നിനക്കുള്ള ഭക്ഷണവും ,ചായയും , വസ്ത്രവും എല്ലാം തരുന്നത് നിന്നോടുള്ള ഇഷ്ട്ടമല്ല എന്ന് പറയാമോ ?


അമ്മമാർ മക്കളെ തല്ലുന്നതൊക്കെ തലോടലാണ് എന്ന് കേട്ടിട്ടുണ്ട് നിന്നെ അറിഞ്ഞപ്പോൾ എനിക്കത് മനസ്സിലായി ... അവർ നിന്നെ സ്നേഹം കൊണ്ട് പൊതിയുകയാണ്


നിനക്ക് വാങ്ങിത്തരാത്ത വസ്ത്രത്തെയും ,അലങ്കാരത്തെയും കുറിച്ച് പരാതി പെടുമ്പോൾ നിന്നെ പഠിപ്പിക്കാനും , നാളെ നിന്റെ വിവാഹത്തിനു വേണ്ടി പണം ഉണ്ടാക്കാനും നീ ജനിച്ച അന്നുമുതൽ കരുതലോടെ നോക്കുന്നവർക്ക് എങ്ങനെയാ സ്നേഹം ഇല്ലാതിരിക്കുക ?

നിന്നോട് ഇപ്പോഴും വഴക്കിടുന്ന സഹോദരന്മാരെ കാണുമ്പോൾ നീ എന്തിനാണ് ദേഷ്യപ്പെടുന്നത് , അവർ ഇപ്പോഴും നിന്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് വഴക്കിടുന്നത് .

വഴക്കിടാൻ ഉള്ള ഒരു കാരണം ഇഷ്ട്ടകൂടുതലും ഇഷ്ടമില്ലായ്മയും ആണ് , അതിലിവിടെ നിന്റെ കാര്യത്തിൽ ഇഷ്ട്ടകൂടുതൽ തന്നെയാണ് . അകത്തളത്തിൽ നിന്റെ പാദസ്വരത്തിന്റെ ശബ്ദത്തിനായി കാത്തിരിക്കുന്ന സഹോദരങ്ങളെ മറന്നു , അവരുടെ അടുത്തേക്ക്‌ സ്നേഹവുമായി ചെല്ലാത്ത നിന്നോട് പിണക്കവുമായി വന്നപ്പോൾ അത് തിരിച്ചറിയാൻ ഉള്ള വിവേകം ഇല്ലാതെയുമായി

ഇപ്പോഴും ഇഷ്ട്ടമുള്ളത് എല്ലാം വാങ്ങിതരുകയും , കനത്തൊരു വാക്കുപോലും പറയാതെ സ്നേഹം കൊണ്ട് മൂടാനും ആർക്കും കഴിയില്ല , മനുഷ്യ സ്വഭാവം അങ്ങനെയാണ് ... അറിവുള്ള നീ തന്നെ ഒന്നും മനസ്സിലാക്കാതിരിക്കുമ്പോൾ അറിവില്ലാത്ത കുട്ടികളുടെ പ്രവൃത്തി എങ്ങനെയാകും എന്ന് ചിന്തിച്ചുകൂടെ ....

അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയത് കണ്ടപ്പോൾ അവൻ ആ സംസാരം അവസാനിപ്പിച്ചു അവളുടെ അടുത്തേക്ക്‌ നീങ്ങിയിരുന്നു ...

"എടി നിന്നെ കുറ്റം പറഞ്ഞതല്ല ...അറിയണ്ടേ എല്ലാം ...നമുക്ക് ചുറ്റും എന്താണ് നടക്കുന്നത്  എന്ന് അതിനു വേണ്ടി പറഞ്ഞതാ ....

";ഉം "

 "എനിക്ക് കിട്ടാതെ പോയ സൌഭാഗ്യം എല്ലാം കയ്യെത്തും ദൂരത്ത്‌  ഉണ്ടെന്നു തോന്നുന്നത്  നീ നിന്റെ വീടിനെ കുറിച്ച് പറയുമ്പോഴാണ് ... കോൺവെന്റിലെ സ്ഥിരമായി ഭക്ഷണമോ വസ്ത്രമോ കൊണ്ട് വരുന്ന ദൈവങ്ങളെയും , പട്ടിണി ആണെങ്കിലും അര വയർ ആണെങ്കിലും പങ്കു വെക്കാൻ പഠിപ്പിച്ച സിസ്റ്റർമാരും , പിന്നെ കുടുംബത്തിലെ കാരണവരെ പോലെ ഫാതറും മാത്രായിരുന്നു എന്റെ ലോകം

നിന്നെപ്പോലെ വേണ്ടതെല്ലാം തന്നു ആരും സ്കൂളിൽ വിട്ടില്ല , കൂടെയുള്ള മറ്റു കുട്ടികളെ പോലെ കിട്ടിയ പുസ്തകങ്ങൾ കൊണ്ട് ഞാനും പോയി ...

ഒരു പെൻസിൽ നീ എപ്പോഴെങ്കിലും മുഴുവനായി ഉപയോഗിച്ചിട്ടുണ്ടോ ? ഉണ്ടാവില്ല ,പക്ഷെ അതുപോലും കിട്ടാതെ എങ്ങനെയാ പഠിക്കുക എന്ന് ദൈവത്തോട് തന്നെ പലവട്ടം ചോദിച്ചിട്ടുണ്ട് , അപ്പോൾ സിസ്റ്റർ പറയും "അന്നം തരുന്നത് തന്നെ നമുക്ക് കിട്ടിയ വലിയ പുണ്യം അതിൽ കൂടുതൽ മറ്റൊന്നുമില്ല എന്ന് ...

പണ്ട് പഠിക്കുന്ന കാലത്ത് കഞ്ഞിക്കായി ഞങ്ങൾ വരി നിൽക്കുമ്പോൾ വിലകൂടിയതും മോഹിപ്പിക്കുന്ന മണവും ഉള്ള ഭക്ഷണവുമായി അമ്മമാർ മക്കൾക്ക്‌ കൊടുക്കുന്നത് കണ്ടിട്ടുണ്ട് ... അതുപോലെ ഒരു ഉരുള എങ്കിലും നീട്ടിയെങ്കിൽ വേണ്ടെന്നു പറയാതെയും മുഖം തിരിക്കാതെയും കഴിക്കാൻ എത്ര കൊതിച്ചിരുന്നു അന്നൊക്കെ ..


 എന്നിട്ട് അവശേഷിച്ചത് ഞങ്ങളുടെ മുന്നിലൂടെ വലിച്ചെറിയുമ്പോൾ മനസ്സിന് വല്ലാത്ത വേദനയാണ് ...വേണ്ട ...നീ അറിയണ്ട ഒന്നും .....

ഈ സമയം നീയും ഇതുപോലെ ഭക്ഷണം തരാൻ വരുന്ന അമ്മ കാണാതെ മറഞ്ഞു നിൽക്കുകയാവും അല്ലെ ... അച്ഛനോട് ഇഷ്ട്ടപ്പെട്ട കളിപ്പാട്ടത്തിനായി പിണങ്ങുകയാവും അല്ലെ ... ബന്ധുക്കാരുടെ കൈകളിൽ മാറി മാറി കളിക്കുകയാവും അല്ലെ ....


അന്നൊക്കെ പലരും പറഞ്ഞു കേട്ടിരുന്നു എന്നെങ്കിലും കുട്ടികൾ ഇല്ലാത്തവർ ഞങ്ങളെ കൊണ്ടുപോവാൻ വരുമെന്ന് , എല്ലാ ഞായറാഴ്ചയും മുടങ്ങാതെ കാത്തിരിക്കുമായിരുന്നു ആരെങ്കിലും വരുവാൻ വേണ്ടി


പക്ഷെ വന്നവരൊക്കെ ഓർമ വെച്ച് തുടങ്ങുന്നത് മുൻപുള്ള കുട്ടികളെ മാത്രം കൊണ്ട് പോയി ...

പ്രായം കൂടിയ കുട്ടികൾക്ക് തങ്ങൾ അനാഥർ ആയിരുന്നത് ഓർമയിൽ ഉണ്ടാവുമത്രേ എന്നും തേച്ചാലും മായ്ച്ചാലും പോവാതെ ..എത്ര ബന്ധങ്ങൾ പിന്നീട്  ഉണ്ടായാലും അവരുടെ ഉള്ളിന്റെയുള്ളിൽ ഇപ്പോഴും താൻ തനിച്ചാണ് എന്ന വികാരം ഉണ്ടായിക്കൊണ്ടിരിക്കും


അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു , അവന്റെയും


 നിനക്കറിയോ ഇടയ്ക്കൊക്കെ നീ പിണങ്ങി പോകുമ്പോൾ പേടിയാണ് എല്ലാമെല്ലാമായി നീയരികിൽ ഉണ്ടാവുമ്പോൾ മറന്നുപോകുന്ന അനാഥൻ എന്ന തിരിച്ചറിവ് അപ്പോൾ എവിടെ നിന്നോ കയറി വരും


പതിനെട്ടു വയസ്സുവരെ അനാഥാലയത്തിന്റെ അകത്തളവും ,പള്ളിയും , സ്കൂളും അല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല , എപ്പോഴൊക്കെയോ പുസ്തകങ്ങളിൽ വായിച്ചതും ഇടയ്ക്കൊക്കെ ടി .വി കാണുമ്പോൾ കണ്ടിട്ടുള്ളതും അല്ലാതെ


അതിനു ശേഷം പറിച്ചു നടലായിരുന്നു ,എന്തുവന്നാലും തന്നെ അവിടെ നിർത്താൻ കഴിയില്ലെന്ന് വന്നപ്പോൾ ഒപ്പം പുറത്താകപ്പെട്ട കൂട്ടുകാരന്റെ കൂടെ നഗരത്തിരത്തിലേക്ക്..


ഇറങ്ങുമ്പോൾ കയ്യിൽ സിസ്റ്റർ തന്ന അഞ്ഞൂറ് രൂപ മാത്രം , അതെന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു എനിക്കും അവനും


ഇട്ടു മാറാനും ഒന്നുമില്ല ,... കുറെ നേരം ജോലിയ്ക്കായി അലഞ്ഞെങ്കിലും കിട്ടാതെ വന്നപ്പോൾ ക്ഷീണം മാറ്റാൻ ഹോട്ടെലിൽ കയറി ഭക്ഷണം കഴിച്ചു , കയ്യിലെ പൈസ കൊടുത്ത് ബാക്കി വാങ്ങാതെ വന്നു , എത്ര രൂപയാ എങ്ങനെയാ എന്നൊന്നും ഞങ്ങൾക്ക് വശമില്ല  , അതാരും പറഞ്ഞു തന്നില്ല


പിന്നെ വിശക്കുമ്പോൾ എല്ലാം ഉള്ളത് തുല്യമായി വീതിച്ചു തരാൻ ആരുമില്ലായിരുന്നു , എന്നിട്ടും വഴിയരുകിലെ ഓരോരുത്തരുടെയും കരുണകൊണ്ടു ജീവിച്ചു ,...

എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് പഠിച്ചു , പക്ഷെ മുന്നിൽ ലക്ഷ്യമില്ലായിരുന്നു നിന്നെ കാണും വരെയും ...ഇന്നത്തെ ദിവസം കഴിഞ്ഞാൽ അത്ര നേരം പോയത് മാത്രം ..ജീവിതത്തിലെ സൌകര്യങ്ങൾ മാത്രമായിരുന്നു അന്ന് ലക്‌ഷ്യം എങ്കിൽ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നുണ്ട്

അമ്മ

അച്ഛൻ

സഹോദരങ്ങൾ

മുത്തശ്ശിയും മുത്തശ്ശനും .....

ബന്ധങ്ങൾ സ്വർണ്ണം പോലെയാണ് എന്ന് പറയുന്നത് എന്തെന്ന് അറിഞ്ഞത് ഇപ്പോഴാണ് ,



 തടസ്സമായി വന്നതിനെയെല്ലാം അതിജീവിച്ച് വീണ്ടും പഠനം തുടങ്ങിയപ്പോൾ.... ചെറുതായി എങ്കിലും സ്വന്തമായി വരുമാനം ഉണ്ടാക്കി തുടങ്ങിയപ്പോൾ ...


വഴി വക്കിൽ നിന്നും ലോഡ്ജിൽ..പിന്നെ വാടകയ്ക്ക് ....ഞങ്ങളും കൂട് വെച്ച് തുടങ്ങിയ കാലം   വേണ്ടെന്നു ഒരായിരം തവണ പറഞ്ഞിട്ടും നീ എന്നെ തേടി വന്നു...


അർഹതയില്ല    എന്നറിഞ്ഞിട്ടും നിന്റെ സ്നേഹം എനിക്ക് മാത്രമായി തന്നു , പക്ഷെ നീയെന്നെ ഇഷ്ട്ടപ്പെടുമ്പോൾ എല്ലാം നിന്നെ കാത്തിരിക്കുന്നവർ എന്നെ പേടിപ്പിക്കുന്നു , മുള്ളുള്ള പനിനീരുപോലെ ആണ് നീ എനിക്ക് ...ഇപ്പോഴും മോഹിപ്പിച്ചു കൊണ്ടിരിക്കും പക്ഷെ കൈ തൊടാൻ ആവില്ല


നീ ആണ് എന്റെ തലോടുന്ന  അമ്മയും കരുതലുള്ള  അച്ഛനും കുസൃതി കാട്ടുന്ന  സഹോദരനും കൂടെ നിൽക്കുന്ന സുഹൃത്തും ...


നീയാണ് ഇപ്പോൾ എന്റെ ലോകം ...എന്റെ കളഞ്ഞു പോയ അല്ലെങ്കിൽ നിഷേധിക്കപ്പെട്ട സൌഭാഗ്യങ്ങൾ എല്ലാം ഞാൻ സ്വന്തമാക്കുന്നത് നിന്നിലൂടെയാണ് .... നാളെ എന്റെ കൂടെ വരും നേരം നിന്നെ ഓർത്ത്‌ വേദനിക്കാൻ എത്ര പേരാണ് എന്നറിയാമോ നിനക്ക് ?



എനിക്ക് നഷ്ട്ടമില്ല ,നീയെന്ന ലാഭം മാത്രം ,,നീയില്ലെങ്കിലോ എന്ന അവസ്ഥയെ ആലോചിക്കാൻ കൂടെ വയ്യ . ... ഇനി നീ പറ ഞാനാണോ വേണ്ടത് നിന്റെ വീട്ടുകാരോ ?


"രണ്ടു കണ്ണുള്ളതിൽ ഒന്നിന്റെ കാഴ്ച കളയണം, ഏതാണ് വേണ്ടാത്തത് എന്ന് ചോദിച്ചാൽ ഞാൻ എന്ത് ഉത്തരം പറയും ?"


അവളുടെ ഉത്തരം കേട്ടപ്പോൾ അതുവരെ കാണാത്ത സൌന്ദര്യം അവളിൽ നിറയുന്നതായി തോന്നി , ഈ ലോകം ജയിച്ച സന്തോഷവും ... ഇനി തിരികെ പോകുമ്പോൾ വഴിയരിലെ തന്റെ മുടങ്ങാത്ത അഞ്ചു രൂപയ്ക്കായി കാത്തിരിക്കുന്ന മുത്തശ്ശിയെ കൂടെ കൂട്ടണം ...

ആരെങ്കിലുമൊക്കെ ഉണ്ടെന്നു പറയുന്ന സന്തോഷത്തിനു വേണ്ടി മാത്രം ... വഴികണ്ണുമായി കാത്തിരിക്കാൻ.....!

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...