Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 13--------



"അങ്ങനെ ആദിവാസികളുടെ നേതാവായി ഡോക്ടർ മാറുകയാണല്ലേ ?"


"നേതാവല്ല വിദ്യാ , സേവകൻ . "


 " സേവകനോ .... അവരുടെയോ ? "


എനിക്കാവാക്കുകൾ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല . ഇത്രയൊക്കെ പഠിച്ചു മികച്ചജോലിയും കിട്ടിയിട്ട് ആർക്കുംവേണ്ടാത്തവരുടെ ജോലിക്കാരനെന്ന് പറയുന്നത് .


" വിദ്യാ എനിക്ക് മാസാമാസം ഗവണ്മെന്റ് ശമ്പളംതരുന്നത് അവരുംകൂടെഉൾപ്പെടുന്ന പൊതുജനത്തിന് സേവചെയ്യാനാണ് . മെഡിസിൻ പഠിച്ചതും കയ്യുംകെട്ടി വീട്ടിലിരിക്കാനല്ലാലോ ആളുകളെ ശുസ്രൂഷിക്കാനല്ലേ ? എന്റെ മുന്നിലെത്തുന്ന ആവശ്യക്കാരുടെ സേവകനെന്നുപറയുന്നതിൽ എന്താണ് തെറ്റ് ? എന്റെ മുന്നിലെത്തുന്നയാൾ നാളെ എനിക്ക് ജോലിചെയ്തുതരുമ്പോൾ അവരെന്റെ സേവകനാണ് ."



 "ഉം " എനിക്കെന്തോ അതപ്പോഴും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല .



" ഞങ്ങളുടെ യാത്രകൾ ഇതിനിടയ്ക്ക് മുതുമലയിൽ നിന്നും അതിർത്തിമാറി വയനാട്ടിലും മലപ്പുറത്തും കർണ്ണാടക മേഖലകളിലും എത്താറുണ്ടായിരുന്നു . വനത്തിനകത്തേക്ക് പോകുംതോറും അല്പവസ്ത്രധാരികളും സാധാരണമനുഷ്യരിൽ നിന്നുമേറെ വ്യത്യാസം ഉള്ളവരും എനിക്കോ കൂടെവന്നവർക്കോ മനസ്സിലാവാത്തരീതിയിൽ സംസാരിക്കുന്നവരുമൊക്കെയായിരുന്നു .


പക്ഷേ ഞങ്ങൾ കൊടുത്തതെല്ലാം അവർ വല്ലാത്തൊരു പരവേശത്തോടെ പിടിച്ചുവാങ്ങിത്തിന്നു . ഒപ്പം ഞങ്ങളോട് സംസാരിക്കാനോ അൽപനേരം ചിലവഴിക്കാനോ താല്പര്യമില്ലാതെ ശരിക്കുംപറഞ്ഞാൽ എറിഞ്ഞുകൊടുക്കുന്നത് ഓടിവന്ന് എടുത്തിട്ട് നന്ദിസൂചകമായൊരു ചിരിപോലും അവരിൽ നിന്നുണ്ടായില്ല ...


ആചാരങ്ങളാലും അനുഷ്ടാനങ്ങളാലും ഇപ്പോഴും അപരിഷ്‌കൃതരായ കുറച്ചുമനുഷ്യർ . തിരിച്ചറിയൽ രേഖകളോ ജീവിച്ചിരുന്നതിന് എന്തെങ്കിലും തെളിവോ ഇല്ലാത്തവർ .

നമ്മളെത്ര സൗകര്യം നൽകിയാലും അവർക്കതുവേണ്ട , പിന്നെയും കാട്ടിലെക്ക് പോകും നമ്മുടെ ഭാഷയിൽപറഞ്ഞാൽ കാടത്വത്തിൽ നിന്നും പുറത്തുവരാണിഷ്ടപ്പെടാത്തവർ .


എന്നെപ്പോലെത്തന്നെ കൊവാലെട്ടനും ശങ്കരേട്ടനും മലമുകളിലെ വിശേഷം കേൾക്കുമ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ട് ,
അവരുടെ കാഴ്ചകളിൽ കാടിന്റെ മക്കളിൽ ഇങ്ങനെയുള്ള വിഭാഗങ്ങളെ അന്നുവരെ കണ്ടിട്ടുപോലുമില്ലാത്തവർ , അത്രയ്ക്കും ഉൾക്കാട്ടിൽ അതിജീവനം നടത്തുന്നവരെ ബോധവൽക്കരിക്കുകയെന്നത് ഞങ്ങളുടെമുന്നിൽ ചോദ്യ ചിഹ്നമായി മാറിത്തുടങ്ങിയിരുന്നു . എങ്കിലും വിട്ടുപോരാനും സാധിച്ചില്ല .


കാടിനോടടുത്തെങ്കിലും ആ സമയത്തുഞാൻ വീട്ടിൽനിന്നും ഒരുപാടകന്നിരുന്നു .. വല്ലപ്പോഴും ഉള്ള ഫോൺ കോളിനായി എന്റെയമ്മയെത്ര കാത്തിരുന്നിരിക്കും
"



"അതെന്താ വീട്ടിൽ വിളിക്കാതിരിക്കുന്നെ "



"മലയോരവും വനവുമൊക്കെയായതുകൊണ്ടു റേഞ്ച് ഇല്ലാത്തതിനാൽ മൊബൈൽ ഉപയോഗിക്കാൻ എപ്പോഴും കഴിയില്ല . ഹോസ്പിറ്റലിലെ ഫോണിൽ വിളിക്കാമെന്നുവെച്ചാൽ തിരക്കൊഴിഞ്ഞ നേരമെനിക്കില്ലാലോ
അമ്മയെ സമാധാനിപ്പിച്ചു മടുത്ത അച്ഛൻ ഒരുദിവസം മുതുമലയിൽ എന്നെക്കാണാൻ വന്നു .


പക്ഷേ ശനിയാഴ്ച ഉച്ചയ്ക്ക് അവരെത്തും മുൻപേ മലകയറിയ ഞാൻ തിങ്കളാഴ്ച രാവിലെയേ തിരിച്ചെത്തിയുള്ളു . ആ തവണ ഞങ്ങളുടെ യാത്രാലക്ഷ്യം വയനാടുവരെ കവർ ചെയ്യുകയെന്നതായിരുന്നു . "



"എന്നിട്ട് എല്ലായിടത്തുമെത്തിയോ ?"


"എത്തി . പക്ഷേ ആദിവാസികളുടെ നേർക്കുള്ള ചൂഷണത്തിന്റെയാഴം കൂടുതലായി മുന്നിലെത്തി

അവർക്ക് അവകാശപ്പെട്ടത് കൊടുക്കാത്തത് പണത്തെ മോഹിച്ചാണെന്നുപറയാം എന്നാൽ അവിടത്തെ പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളെപ്പോലും മറ്റുള്ളവർ നോക്കിനിൽക്കെ മാനഭംഗം ചെയ്യുന്നവരുണ്ട് . കാടിന്റെ മറവ് ആദിവാസിക്ക് ശാപമാവുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്


ഓരോന്ന് കണ്ടും കേട്ടും മനസ്സുമടുത്താണ് ഞങ്ങൾ ബാണാസുരൻമല വരെയെത്തിയത് .


കറുപ്പന്റെ ജന്മനാട് പ്ലാനിൽ ഇല്ലായിരുന്നെങ്കിലും അവിടെയൊന്ന് പോവണമെന്ന എന്റെ ആഗ്രഹം അവരാരും തള്ളിക്കളയാതെ കൂടിവന്നു .


ഞങ്ങളെയെല്ലാം കണ്ടപ്പോൾ കറുപ്പന്റെ വീട്ടുകാരുടെ സന്തോഷമിപ്പോഴും മനസ്സിലുണ്ട് , അവരുണ്ടാക്കിത്തന്ന കാട്ടുകിഴങ് പാകംചെയ്തത് കഴിക്കുന്നതിനിടയിലാണ് അവൾ ഓടിവന്ന് കറുപ്പന്റെ മടിയിൽ കയറിയിരുന്നത് .


കറുപ്പന്റെ സഹോദരീ പുത്രി മീനാക്ഷിയായിരുന്നു അത് . മുഷിഞ്ഞ വസ്ത്രവും ഒട്ടിയ കവിളുകളും പാറിപ്പറക്കുന്ന ചുരുണ്ട ചെമ്പൻ മുടിയും ഒക്കെയുള്ള കറുപ്പന്റെ വാക്കുകളിൽ നിന്നും എന്നെപരിചിതയായ പെൺകുട്ടി .
അത്രനേരം ഉണ്ടായിരുന്ന സന്തോഷത്തെ നശിപ്പിച്ചാണ് അവൾ തിരികെ പോയത് "


"എന്തുപറ്റി "?


അവളുടെ അച്ഛൻ പെങ്ങൾ ശെമ്പകത്തെ കറുപ്പനുമായി പണ്ടുതൊട്ടേ പറഞ്ഞുവെച്ചതാണ് ,അവർക്കും പരസ്പരം ഇഷ്ടമായിരുന്നു .അവന്റെ വാക്കുകളിൽ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നായിരുന്നവൾ


നല്ല വസ്ത്രമോ ആഭരണമോ കണ്ടാൽ അവൾക്കുവാങ്ങാൻ ആഗ്രഹിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ... അന്തിമയങ്ങുന്ന നേരത്ത് ആകാശംനോക്കി അവളെക്കുറിച്ചോർത്തിരിക്കലും സ്വപ്നം കാണലുമായിരുന്നു അവന്റെ ദിനചര്യ ...

കാടിനോടും പുഴയോടും പൂമ്പാമ്പാറ്റയോടും പൂക്കളോടും ഇഷ്ടമുള്ള ശെമ്പകം അവന്റെ ഭാഗ്യമായിട്ടാണ് അവൻകാണുന്നത് .

അവളോടൊപ്പം ജീവിക്കാനുള്ള മൊതലുണ്ടാക്കാനാണല്ലോ അവൻ കാടുവിട്ടിറങ്ങിയതും

അവളെ ഫോറെസ്റ് ഗസ്റ്റ് ഹൗസിലെ ആരോ വന്ന് ഇന്നലെ വിളിച്ചോണ്ടുപോയെന്നും തിരികെയെത്തിയപ്പോൾ മുതൽ അവളാരോടും മിണ്ടിയിട്ടില്ലെന്നും എപ്പോഴുമെന്തൊക്കെ ചിന്തിച്ചിരിക്കുകയാണെന്നും മുഖത്തും കഴുത്തിലുമൊക്കെ ചോരപൊടിഞ്ഞ പാടുകളുണ്ടായിരുന്നു എന്നുമൊക്കെയുള്ള അവളുടെ വിവരണത്തിൽ നിന്നുതന്നെ എനിക്കുമനസ്സിലായി .


അവൻ പ്രതീക്ഷയറ്റ മുഖത്തോടെയെന്നെ നോക്കി , മനുഷ്യന് വരുന്ന അസുഖങ്ങളെപ്പോലെ ഇതിനെയെങ്ങനെയാണ് ചികിൽസിക്കേണ്ടതെന്നും കറുപ്പന്റെ ശെമ്പകത്തെ തിരിച്ചുനല്കുന്നതെങ്ങനെയെന്നും ആലോചിക്കുകയായിരുന്നു ഞാനപ്പോൾ"



"അവരിപ്പോഴും ഇതൊന്നും നിർത്തിയിട്ടില്ലലേ എന്ന കറുപ്പന്റെ വാക്കുകളിൽ നിന്നാണ് ആ സംഭവം അവിടെ പുതുതായുള്ളതല്ലെന്ന്‌ മനസ്സിലായത് .
"റേഞ്ച് ഓഫീസിലെത്തുന്നവർക്കും ,വേട്ടയ്ക്ക് വരുന്നവർക്കും ,നേരംകളയാൻ വരുന്നവർക്കുമൊക്കെ ആദിവാസിപ്പെണ്ണിന്റെ ചൂടുംകൂടെ വേണമത്രേ .

 സഞ്ചാരികൾക്കുള്ള കോട്ടേഴ്‌സിൽ ആളുവന്നാൽ പ്രായപൂർത്തിയായി കെട്ടാതെനിൽക്കുന്ന പെണ്ണുങ്ങളുടെ കാര്യത്തിലൊരു തീരുമാനം ആവും .
ആ തവണത്തെ നറുക്കുവീണത് അവള്ക്കെന്ന് മാത്രം"



"കഷ്ടമാണ് അല്ലെ ?"



എനിക്കെന്താ പറയേണ്ടതെന്ന് അറിയുന്നില്ലായിരുന്നു ,ഒരുപെൺകുട്ടിയുടെ സ്വപ്നങ്ങളാണ് നിമിഷനേരത്തെ സുഖത്തിനുവേണ്ടി ഇല്ലാതാക്കിയിരിക്കുന്നത് ,ഇതുപോലെ അടച്ചുറപ്പില്ലാത്ത സാഹചര്യങ്ങളിൽ ഇതുപോലുള്ള അപകടത്തെ പ്രതീക്ഷിക്കാം .



"ഉം , അവൾപിന്നെ ജീവിതം മുഴുവനൊരു പരിഹാസവസ്‌തുവായേനെ ഇവിടെയാവുമ്പോൾ എന്നാൽ മനസ്സുകൊണ്ട് അവളെ വരിച്ച ആണിന് ഇതൊരു പ്രശ്നമല്ല എന്ന് അവളെ പിറ്റേന്നുതന്നെ വിവാഹം ചെയ്തവൻ കാണിച്ചുതന്നു .


അവഗണിക്കപ്പെട്ട ജനവിഭാഗവും അധിനിവേശങ്ങളാൽ നശിപ്പിക്കപ്പെടുന്ന കാടും ഞാനും സാക്ഷി ..!


തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...