Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 27
--------------------



" മനുഎട്ട അടിച്ചമർത്തലുകൾ അനുഭവിക്കുന്നവർക്കാവും ആദ്യം ജീവിതം മടുക്കുന്നതും . ശരിക്കും പറഞ്ഞാൽ അവനെ പ്രകോപിപ്പിക്കുന്നതരത്തിൽ അതുവരെ ഒന്നുമുണ്ടായില്ല ,അങ്ങനെയെന്തെലും വന്നാൽ താങ്ങാനുള്ള ബലമവന്റെ മനസ്സിനില്ല "


  "അതെ വിദ്യാ . മക്കളെ വളർത്തിവലുതാക്കിയെന്നു പറയുന്ന ഓരോ രക്ഷിതാവും ചിന്തിക്കേണ്ടതാണ് അവനെന്തായിരുന്നു ആവശ്യമെന്നും തങ്ങൾ എന്താണ് നൽകിയതെന്നും "


"എന്നിട്ട് "


"ആ യാത്ര അവസാനിക്കുമ്പോഴേക്കും വിഷ്ണു എന്റെ പ്രിയപ്പെട്ടവരിൽ ഒരാളായി മാറിയിരുന്നു .
വയനാട്ടിൽ എത്തി ശരത്തിനെ സന്ദർശിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി .


മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ശരീരമാസകലം വെച്ചുകെട്ടുമായി കിടക്കുകയായിരുന്നവൻ . എന്നാൽ അവന്റെയടുത്തുനിന്നും മാറാതെ പരിപാലിക്കുന്ന കുറച്ചുപേരെ കണ്ടപ്പോൾ സന്തോഷവും തോന്നി .


കറുപ്പനാണ് കാര്യങ്ങൾ ഒക്കെ പറഞ്ഞത് .
പഞ്ചായത്തിൽ പോയിവരുന്നതിനിടെ കോളനിക്ക് അഞ്ചുകിലോമീറ്റർമുന്പുവരെയെത്തുന്ന ബസിനായി കാത്തിരിക്കുമ്പോൾ ഒരുകൂട്ടം ആയുധധാരികളെത്തി ആക്രമിക്കുകയായിരുന്നു .


കൂടെയുണ്ടായിരുന്ന അയ്യപ്പനും പരുക്കേറ്റെങ്കിലും ഇത്ര ഭീകരമായിരുന്നില്ല . അവൻ വന്നു കോളനിയിൽ വിവരമറിയിച്ചപ്പോൾ മറ്റാരുടെയും കണ്ണിൽപ്പെടാതെ ഉൾ വനത്തിനുള്ളിൽ കൊണ്ടുപോയി ചികിത്സ തുടങ്ങി .


പച്ചമരുന്നുകൾ അവന്റെശരീരത്തിൽ ഫലമുണ്ടാക്കിത്തുടങ്ങിയപ്പോൾ രണ്ടുമൂന്ന് ദിവസത്തിനുശേഷം കണ്ണുതുറന്നു . എന്നെകാണണം എന്നുകുറെ വാശിപിടിച്ചെങ്കിലും അതിനോടകം റേഞ്ച് ഓഫിസറെ കുത്തിയ സംഭവത്തിൽ മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട എന്നെ അധികാരികൾ കാണരുതെന്ന് അവർ ആഗ്രഹിച്ചിരുന്നു ."


"എന്തുനല്ല ആളുകളാണല്ലേ "


"ഉം .... മെച്യൂരിറ്റി കില്സ് ഇന്നസൻസ് ... കുട്ടികളുടെ കാര്യത്തിലായാലും ഗ്രാമീണരുടെ കാര്യത്തിലായാലും ഇതുശരിയാണ് . "


"ശരിയാ .... "


"ആദിവാസികൾക്ക് എന്നോടുള്ള സ്നേഹവും ഞാൻ കൊണ്ടുപോയ സഞ്ചികൾ അവർക്ക് കൈമാറുന്നതും കണ്ടപ്പോൾ വിഷ്ണുവിന് വലിയ അത്ഭുതമായിരുന്നു .


അതിനുമുൻപ്‌ പലതവണ കണ്ടിട്ടും ശരത്തിനെനോക്കി പുഞ്ചിരിക്കാൻപോലും ശ്രമിക്കാത്തവൻ ശരത്തിനെയൊരു വിശിഷ്ടവ്യക്തിയെ പോലെ നോക്കിയടുത്തുതന്നെ ഇരിക്കുകയായിരുന്നു .


കോളനിക്കാർ ഞങ്ങൾക്കായി ഒരുക്കിയ ഭക്ഷണം സ്വീകരിക്കാൻ അവന് മടിതോന്നിയെങ്കിലും ഞാൻ കഴിക്കുന്നത് കണ്ടപ്പോൾ അവൻ ആദ്യം അറപ്പോടെയും പിന്നെ രുചിയോടെയും കഴിച്ചു .


അസുഖക്കാരായ ചിലരെ പരിശോധിക്കാൻ ഞാൻ പോയപ്പോൾ വിഷ്ണു ശരത്തുമായി പെട്ടെന്ന് കൂട്ടായി .
അന്ന് വൈകുന്നേരം ഞങ്ങൾക്കായി ഒരുക്കിയ കിടപ്പുമുറിയിൽ വന്നപ്പോൾ വിഷ്ണുവിന് അവരോട് ഉണ്ടായിരുന്ന അകൽച്ചയെല്ലാം മാറിയിരുന്നു ,"


"അതെങ്ങനെ ?"


"സോഷ്യൽ വർക്കിൽ പോസ്റ്റ് ഗ്രാജുവേഷൻ നേടിയവർ നല്ല ജോലി നോക്കിപോകാതെ പ്രതിഫലം ഇല്ലാതെ കഷ്ടപ്പെടാൻ വേണ്ടിമാത്രം വന്നത് കണ്ടറിഞ്ഞതോണ്ടാവും ,അല്ലെങ്കിൽ അവന്റെയുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സഹജീവിസ്നേഹമാവാം "


"ആവും ..... അവൻ വർണ്ണങ്ങളുടെ കൂട്ടുകാരനല്ലേ അവനപ്പോൾ നല്ലമനുഷ്യരെയും മണ്ണിനെയും പ്രകൃതിയും മനസ്സിലാക്കാതിരിക്കാൻ കഴിയില്ല "


"ഉം .... അന്നുരാത്രി അവനോട് എല്ലാകാര്യങ്ങളും പറഞ്ഞപ്പോൾ പിറ്റേന്ന് അവനും നിർബന്ധിച്ചു കണ്ണൂരിലേക്കു പോവാൻ .
രാവിലെ കാണാനെത്തിയ ചിലരെക്കൂടെ പരിശോധിച്ചിട്ട് ഞാനും വിഷ്ണുവും കൂടെ കണ്ണൂരിലേക്കു തിരിച്ചു .


പിറന്നുവീണ മണ്ണാണെങ്കിലും ഒട്ടുംപരിചയമില്ലാത്ത വഴികളിലൂടെയുള്ള യാത്രയ്ക്കും തിരച്ചിലിനും അവസാനം ബാലചന്ദ്രൻ തലശ്ശേരി എന്ന എന്റെയച്ഛന്റെ വീട്ടിലേക്കുള്ള വഴിക്കരികിൽ കണ്ടു അടുത്തടുത്തായി നാല് സ്‌മൃതിമണ്ഡപങ്ങൾ .


അതിലൊന്ന് ഏറെ പഴകിയതും ഒന്നേറെ പുതിയതുമായിരുന്നു.
അച്ഛന്റെയും അജീഷിന്റെയും പേരുകണ്ടപ്പോൾ ടാക്സിക്കാരനോട് നിർത്താൻ പറഞ്ഞുപുറത്തിറങ്ങി അതിനടുത്തേക്ക് ചെല്ലുമ്പോൾ വഴിപോക്കരിൽ ചിലരെന്നെത്തന്നെ നോക്കുന്നു .


അപരിചിതനായതുകൊണ്ടാവും എന്നുകരുതി കയ്യിൽ കൊണ്ടുവന്ന പനിനീർപൂവുകൾ പകുത്ത് മണ്ഡപങ്ങൾക്കുമുകളിൽ അർപ്പിച്ചു മടങ്ങുമ്പോൾ അന്നാദ്യമായി കണ്ണുനീരിനെ തടഞ്ഞുനിർത്താൻ ഞാനേറെ കഷ്ടപ്പെടുന്നുണ്ടായിരുന്നു "


അത്രെയും പറഞ്ഞുതീർക്കുമ്പോഴും കണ്ണുതുടക്കാൻ അയാൾ ബുദ്ധിമുട്ടുന്നതെനിക്ക് കാണാമായിരുന്നു.


"വിധിയാണ് കുട്ടി വളരെയേറെ വൈകിയെത്തുന്ന തിരിച്ചറിവുകൾ പഠിപ്പിക്കുന്നതങ്ങനെയാണ് . ആദ്യമായി ജന്മനാട്ടിലെത്തുമ്പോൾ കാണേണ്ടിവന്നത് ജന്മംനല്കിയാളുടെ കല്ലറയും .


വിഷ്ണുവിന് പക്ഷേ അത്ഭുതം തോന്നിയത് അക്കാര്യത്തിലല്ല ,ഏതാണ്ട് എന്റെയതെ മുഖച്ഛായയുള്ള അച്ഛന്റെ ചിത്രമായിരുന്നു . സത്യംപറഞ്ഞാൽ ഞാനദ്ദേഹത്തെ ആദ്യമായി കാണുകയായിരുന്നു അന്ന് ,


സൂക്ഷിച്ചുനോക്കിയാൽ അജീഷുംഎന്റെ സഹോദരനല്ലെന്ന് ആരും പറയില്ല .
പഴയവീടിനോട് മുട്ടിയുരുമ്മി ചെറിയൊരു കോൺക്രീറ്റ് കെട്ടിടം പുറത്തെ ചൂടധികം കടന്നുവരാത്ത മാവും പുളിയും നെല്ലിക്കയും തണൽവിരിക്കുന്ന വിശാലമായ മുറ്റത്തേക്കിറങ്ങിയപ്പോൾ ആരെയും കണ്ടില്ല .

അടച്ചിട്ടിരിക്കുന്ന വാതിലിനുമുന്നിൽ എന്തുപറഞ്ഞാണ് വിളിക്കേണ്ടന്നറിയാതെ ഞാൻ നിന്നു .സ്വന്തം വീട്ടിലെ അപരിചിതത്വം "



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...