Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 26
-------------------


ആഗ്രഹിച്ചാൽ ...ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ എനിക്കും കഴിയാവുന്ന കാര്യങ്ങളാണ് .


   എപ്പോഴെങ്കിലും ചിന്തിക്കാൻ മറ്റൊന്നുമില്ലാത്ത നേരത്തോ അല്ലെങ്കിൽ അപ്രതീക്ഷിതമായി വരുന്ന സ്വപ്നങ്ങളിലോ മാത്രം പ്രാപ്യമാക്കാവുന്ന കാര്യങ്ങൾ അയാൾ നേടിയെടുത്തിരിക്കുന്നു .


"മുതുമലയിൽ മാത്രമെന്താണ് പെട്ടെന്ന് ശരിയായത് ? "

"ഞാൻ പറഞ്ഞില്ലേ തമിഴ്‌നാട് കേരളം പോലെയല്ല , അവിടെ രാഷ്ട്രീയകക്ഷികൾക്ക് പേര് കിട്ടാനായി അവരെന്തും ചെയ്യും . അന്നുവരെ തിരിഞ്ഞുനോക്കാത്ത ഡിസ്ട്രിക് കളക്‌ടർ മുതൽ വാർഡ് മെമ്പർ വരെ പങ്കെടുത്ത വലിയ ഉത്ഘാടന പരിപാടി , പത്രങ്ങളും ചാനലുകളും പാർട്ടിക്കാരും ഇതൊരു ആഘോഷമാക്കിയിരുന്നു .

ഒരുതരം പൊള്ളത്തരം .പ്രഹസനം , പക്ഷെ നമുക്ക് കാര്യങ്ങൾ നടന്നല്ലോ എന്ന് മാത്രം സമാധാനിക്കാം . കേരളത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടി നടക്കുന്നവരല്ലേ "


" എന്നിട്ട് എന്തായി "?



" ഹോസ്പിറ്റലിലെ തിരക്കും സൗകര്യക്കുറവും കാണിച്ചു ഞാൻ അവിടുത്തെ സർക്കാരിൽ ഒരുപരാതി ഫയൽ ചെയ്തിരുന്നു . അതിന്റെ ഫലമായി ഹോസ്പിറ്റ്റേലിലേക്കു ഒരു ഡോക്ടറെ കൂടെ നിയമിക്കാനും അന്നുവരെ ഹോസ്പിറ്റലിൽ കയറാത്ത സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌തും ഓർഡർ വന്നു .


നിർഭാഗ്യമെന്ന് പറയട്ടെ കാശുകൊടുത്ത്‌ മാത്രം നേടിയ മെഡിക്കൽ സർട്ടിഫിക്കറ്റുമായി വന്നവനെ കൊണ്ട് കാര്യമായ ഉപകാരമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല കൂനിന്മേൽ കുരിശ്ശെന്ന അവസ്ഥയായി .എന്തുകൊണ്ടാണ് ഗവണ്മെന്റ് ഇക്കാര്യത്തിൽ ഒഴുക്കൻ ഭാവമെന്ന്‌ അറിയുന്നില്ല .


അല്ലെങ്കിൽ ആർക്കും എപ്പോഴും കയ്യിട്ടെടുക്കാവുന്ന അക്ഷയപാത്രങ്ങളായ വനങ്ങൾക്ക് സംരക്ഷിക്കാൻ ആളുണ്ടായാൽ ശരിയാവില്ലെന്നു തോന്നിക്കാണണം


കാട്ടിലെ ചെറുമൃഗങ്ങളെ വേട്ടയാടുന്നതിലും നാട്ടിൽനിന്നും വരുത്തിയ കൂട്ടുകാരുമായി ട്രെക്കിങ്ങിന് പോകുന്നതിലും വെറുതെ കറങ്ങിത്തിരിയലും വെള്ളച്ചാട്ടവും കാടും കാണാൻവരുന്നവരിലെ സ്ത്രീകളെ പ്രതേകിച്ചു പെൺകുട്ടികളെ കമന്റടിക്കുന്നതും ഒക്കെയായി മുൻപോട്ട് പോയി .


പിന്നെ രോഗികളെ അവന്റെയടുത്തേക്ക് വിടാൻ എനിക്കും ചെറിയ മടിയൊക്കെയുണ്ടായിരുന്നു .


ശനിയാഴ്ചവരെ നീളുന്ന ഹോസ്പിറ്റലിലെ തിരക്കുകഴിഞ്ഞാൽ ഞായർ പരാതിയെഴുത്തും ബോധവൽക്കരണവും വൃത്തിയാക്കലും ആദിവാസികളുടെ അടിസ്ഥാനസൗകര്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ട തത്രപ്പാടും ഇടയിൽ വീട്ടുകാരെയും കൂട്ടുകാരെയും വിളിക്കലും , പിന്നെ വൈകുന്നേരങ്ങളിൽ എന്നെക്കാണാൻ മുടങ്ങാതെയെത്തുന്ന ശരത്തുമായി സംസാരിക്കലും ഒക്കെയായി തിരക്കായിരിക്കും .



ശരത്ത് ഓരോ തവണ എന്നെക്കാണാൻ വരുമ്പോഴും ഉണ്ടാക്കിയെടുത്ത മാറ്റങ്ങളെക്കുറിച്ചു പറയുന്നത് അത്ഭുതത്തോടെഞാൻ കേട്ടിരിക്കുമായിരുന്നു .


 സ്വന്തം മണ്ണിനായി അവർതന്നെ പോരാടാൻ തീരുമാനിച്ചതും കുട്ടികളെ സ്‌കൂളിൽ വിട്ടുതുടങ്ങിയതും അരിവാൾ രോഗികളെ ഒറ്റപ്പെടുത്തുന്നതിൽ കുറവുവന്നതും അതിലേറെ കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രാപ്തി ഉണ്ടായതും ശരത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് .പക്ഷേ "


"എന്തെ ?"


"ഇതിനോടകം ശരത്തിനെ പ്രതിയാക്കി അവിടുത്തെ ലോക്കൽ പോലീസിൽ കുറച്ചു പരാതികൾ വന്നിരുന്നു "


"അയാളെന്ത് തെറ്റ് ചെയ്തു ?"


"തെറ്റുചെയ്താലെ പോലീസ് കേസുണ്ടാവൂ എന്നൊന്നുമില്ല . അവനെതിരെ ഓരോരുത്തർ കെട്ടിച്ചമച്ചതാണ് . അതിനർത്ഥം അവന്റെ ഇടപെടലുകൾ ഒരുപാടുപേർക്ക് തലവേദനയുണ്ടാക്കി എന്നല്ലേ "?


"ഉം ...."

മനസ്സിൽ ശരത്തിനെക്കുറിച്ചു പെട്ടെന്ന് ഉണ്ടായ തെറ്റിദ്ധാരണ അയാളോട് ഞാൻ പറഞ്ഞില്ല .


"രണ്ടാഴ്ച ശരത്തിന്റെയോ മറ്റാരുടെയോ വരവൊന്നും കാണാതിരുന്നപ്പോൾ രണ്ടുദിവസം അവധിയെടുത്ത് വിഷ്ണുവിനെയും കൂട്ടി മലകയറി ,


ഹോസ്പിറ്റലിന്റെ കാര്യങ്ങൾ തല്ക്കാലം സുനിതച്ചേച്ചിയെ ഏൽപ്പിച്ചു ,
കോളനികളിൽ ഉത്സവസമയമായതിനാൽ രോഗികൾ അൽപം കുറവായിരുന്നു .

പിന്നെ വിഷ്ണുവിനെക്കുറിച്ചു വല്യ പ്രതീക്ഷയുണ്ടായിട്ടൊന്നുമല്ല എന്തൊക്കെയായാലും സഹപ്രവർത്തകൻ അല്ലെ ,

വയനാട് വരെ കാട്ടിലൂടെ യാത്ര എന്നുപറഞ്ഞപ്പോൾ അവനാകെ ത്രില്ലടിച്ചു പോയിരുന്നു . ക്യാമറയും അവിടെത്തുംവരെ പാട്ടുകേൾക്കാൻ ഫോണും കൂടെക്കരുത്തിയിരുന്നു .


വഴിനീളെയുള്ള കാഴ്ചകൾ അത്ഭുതത്തോടെ ക്യാമറയിൽ പകർത്തുന്നതിനിടയിൽ എന്നോട് പതിവിലും കൂടുതൽ സംസാരിക്കുന്നുണ്ടായിരുന്നു .ഞങ്ങൾക്കിടയിലുണ്ടായിരുന്ന മൗനത്തിന്റെ മതിൽക്കെട്ട് തകർന്നടിയും പോലെ 


ഓരോ ചുവടുവെക്കുമ്പോഴും വനത്തിനെ മുഴുവൻ കൈക്കുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്ന കൊച്ചുകുട്ടിയെ പോലെയായിരുന്നു അവൻ .അവനോട് മുൻപുണ്ടായിരുന്ന ദേഷ്യമെല്ലാം മാഞ്ഞുപോകുന്നത് ഏതോ ഒരു നിർവൃതിയോടെ ഞാനറിഞ്ഞു .



ഇടയ്ക്ക് വിശ്രമിക്കാനിരിക്കുമ്പോൾ ആണ് അവൻ തന്റെ കഥ പറയുന്നത് . "


"
"ഹ .....അവനും കഥയോ "?


എനിക്ക് പെട്ടെന്ന് ചിരിവന്നു ,ചിലരെക്കുറിച്ചു ഓർക്കുമ്പോഴേ നമുക്കങ്ങനെയാണല്ലോ പ്രതേകിച്ചു അന്യന്റെ അബദ്ധങ്ങളും നിസ്സഹായതയും നമുക്ക് ചിരിക്കാനുള്ള വകയാണല്ലോ (അതല്ലേ കോമിക്കിന് എന്നും റേറ്റിങ് കൂടുതൽ )



"അവന് ഡാൻസും ഫോട്ടോഗ്രാഫിയും ആയിരുന്നു കുട്ടിക്കാലം മുതലേ താല്പര്യം , അവൻ വളരുന്നതിനോടൊപ്പം അവന്റെ ഫ്രെയിമിൽ വർണ്ണചിത്രങ്ങൾ നിറഞ്ഞു തുടങ്ങി .
പക്ഷേ അവന് അക്കാദമിക് വിഷയങ്ങളോട് വലിയ താല്പര്യമില്ലായിരുന്നു .


 എന്നാൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പാഠപുസ്തകങ്ങളെ അരച്ചുകലക്കിക്കുടിക്കുന്ന രീതി അവന്റെ അഭിരുചികളെ അടിച്ചമർത്തി .


ചുറ്റുപാടുകളോടുള്ള അമർഷവുമായി അവൻ സ്‌കൂൾ ജീവിതം അവസാനിപ്പിക്കുമ്പോഴേക്കും അവനെ മനസ്സിലാക്കാത്തവരുടെ ഇടയിൽ നിന്നും ഒറ്റപ്പെടാനും മദ്യത്തിലും ലൈംഗികതയിലും മനസ്സിനെ തളച്ചിട്ട് സ്വയം നശിക്കുന്നതിൽ സന്തോഷം കണ്ടെത്തി .


പ്ലസ്‌ ടു വിലെ ജസ്റ്റ് പാസ്സിനുശേഷം അച്ഛന്റെ പോക്കെറ്റിലെ കനവുംമകൻ ഉയർന്ന ജോലിയിൽ എത്തണമെന്നുള്ള ദുർവാശിയും സ്വകാര്യ മെഡിക്കൽ കോളേജിൽ അവനെയെത്തിച്ചു .


 പിന്നീട് തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കുള്ള യാത്രയായിരുന്നു തന്റെ ജീവിതമെന്ന് പറയുമ്പോൾ അടിച്ചമർത്തപ്പെട്ട വർണ്ണങ്ങളുടെ ലോകത്തുനിന്നും ഒരു മനുഷ്യന്റെ തേങ്ങലെനിക്ക് കേൾക്കാമായിരുന്നു . "



"ഉം .... ശരിയാണ് അഭിരുചികളെ മറന്ന് ആദരവിനായി മാത്രം ജീവിക്കേണ്ടി വരുന്നവർ ....സ്വപ്‌നങ്ങൾ വിലക്കപ്പെട്ട യൗവ്വനങ്ങൾ "


"
അതെ വിദ്യാ ക്യാമറ ആംഗിളുകൾ തിരയുന്ന കൈകളിൽ സർജിക്കൽ ബ്ലേഡ് വെച്ചുകൊടുത്താൽ ഉണ്ടാവുന്നത് ഇതുപോലുള്ള റിസൾട്ടുകളാണെന്നത് മാതാപിതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു


കോളേജിലെ അമിത സ്വതന്ത്രവും പണവും അവന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചത് അവിടെവെച്ചാണ് . മെഡിക്കൽ ഡിഗ്രിക്കുവേണ്ടി പണംകൊടുത്ത് കാണുന്നവർക്കു കാഴ്ചയ്ക്കുമാത്രം ഉണ്ടാക്കിവച്ച ക്യാംപസിൽ ഒരു സാധാരണ യുവാവിന് കഴിയുന്നതിന്റെ പരമാവധി അവനവിടെ ആഘോഷിച്ചു ഇതിനിടയിൽ സൗന്ദര്യവും പണവും നോക്കിവന്ന പ്രണയങ്ങൾ ശരീരാസ്വാദനത്തിനു അപ്പുറം പോയില്ല .


ടെസ്റ്റ് പേപ്പറുകളിൽ മാർക്കില്ലാത്തവൻ എങ്ങനെ എം ബി ബി എസ് പാസ്സായി എന്നവനറിയില്ല .പക്ഷേ വീട്ടുകാർക്ക് സന്തോഷമായി ,പഠനം കഴിഞ്ഞതും പൈസയുടെ ബലത്തിൽ സർക്കാർ സർവീസിലും കേറി , എന്തുയോഗത്തിനോ എന്നറിയില്ല അവൻ എത്തിപ്പെട്ടത് എന്റെ കൂടെയും .


ആശുപത്രി കോംബൗണ്ടിനെ സ്നേഹിക്കാത്തവൻ ഓരോ മരച്ചില്ലകളെയും ശ്രദ്ധിക്കുന്നത് ഞാൻ അത്ഭുതത്തോടെയാണ് കണ്ടത് . ഓരോ വിശ്രമ സ്ഥാനങ്ങളിലും അവന്റെ ഫോണിൽനിന്നും ഒഴുകിയെത്തുന്ന സംഗീതത്തോടൊപ്പം അതേക്കുറിച്ചു വാതോരാതെ പറയുമായിരുന്നു . കൂട്ടിലടച്ചിട്ടു പാട്ടുപാടാൻ പറയുന്ന കിളിയെ പോലെയായിരുന്നില്ലേ അവനും



"എനക്ക് ഇപ്പിടി വാഴ പുടിക്കലെ അണ്ണാ , ടൂ ബോറിങ്‌ ... എനക്ക് പുടിക്കിറ മാതിരി വാഴവും മുടിയലെ . "


അവന്റെ മനസ്സ്‌ തുറന്ന് കണ്ടപ്പോൾ എന്തെന്നില്ലാത്ത സഹതാപം തോന്നിപ്പോയി .


കോളേജിൽ അവനുവന്ന കാമുകിമാരോടൊപ്പം കിടക്കപങ്കിടുകയും അവസാനം പിരിഞ്ഞുപോകുകയും ചെയ്തപ്പോൾ അവന് പ്രണയമെന്നാൽ വെറും ശരീരാസ്വാദനം മാത്രമായി .


മുന്നിലെത്തുന്ന പെൺശരീരങ്ങൾ പതിയെ അവനിൽ വെറുപ്പുണ്ടാക്കി തുടങ്ങി ,അപ്പോഴേക്കും മയക്കുമരുന്നിന്റെ പിടിയിലെത്തിയിരുന്നു . പക്ഷേ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവനതും വെറുത്തു . പിന്നീയിടയ്ക്കിടെ കൂട്ടുകാരുമായി കൂടുന്നതുമാത്രമായി ചുരുങ്ങി "


"പാവം അല്ലെ "


"അതെ വിദ്യാ , ആഗ്രഹിച്ചത് മറ്റൊന്നായതുകൊണ്ടുള്ള അമർഷമാവാം അവനെ ഇങ്ങനെയൊരു മാനസികാവസ്ഥയിൽ എത്തിച്ചത് .
എന്തൊക്കെയുണ്ടെങ്കിലും മനസ്സിന് സംതൃപ്തിയില്ലെങ്കിൽ എന്തുകാര്യം ....!"




തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...