Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 23
----------------



"മരണം ആദ്യമൊരു പൊട്ടിത്തെറിയും
പിന്നെ നീണ്ട നിലവിളികളും
പിന്നെയൊരു മൗനവും
ശേഷം ആർക്കും നികത്താനാവാതെ പ്രിയപ്പെട്ടവരുടെ മനസ്സിൽ ശേഷിക്കുന്ന ശൂന്യതയുമാണ് .



  നിനക്കറിയാമോ വിദ്യാ മരണശേഷം മാത്രം ഞാൻ തിരിച്ചറിഞ്ഞതും എന്നാൽ ചെറുപ്പം മുതലേ എനിക്കായി തേടുകയും ചെയ്ത എന്റെ സഹോദരൻ ,

ഒരുനോക്ക് എന്നെക്കാണാൻ പോലും കഴിയാതെ വീടിനുമുന്പിൽ വെട്ടേറ്റുവീണ എന്റെ അച്ഛൻ .


ഞാൻ ഉണ്ടോ ഇല്ലയോ എന്നുപോലുമറിയാത്ത ബന്ധുക്കൾ ....

ഒപ്പം എന്നെക്കൂടി നഷ്ടപ്പെടുത്താൻ കഴിയാതെ നാടുവിട്ട അമ്മ .

ജന്മംകൊണ്ടല്ലെങ്കിലും കർമ്മംകൊണ്ട് എന്നെ ചേർത്തുനിർത്തിയ എന്റെയച്ഛൻ . ഒരുമരണത്തിലൂടെ എത്രനഷ്ടങ്ങളാണ് അല്ലെ "?



"ഉം "


" പിന്നെ എന്റെവാക്കുകൾ കേട്ട് സ്വന്തം വ്യക്തിത്വത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങുയ ഒരു ജനക്കൂട്ടം .....ജീവനായി കൂടെനിൽക്കാൻ പ്രിയപ്പെട്ട കൂട്ടുകാർ ... അവസാനം എന്നെത്തേടിവന്ന ജന്മനാട്ടിൽ നിന്നുള്ളവർ ...


ബോര്ഡിങ്ങിന്റെ അനാഥത്വത്തെ ഒരുകാലത്ത് നിരാശയോടെ ഉൾക്കൊണ്ട എനിക്കുണ്ടായ ഭാഗ്യങ്ങൾ എന്തൊക്കെയാണെന്ന് കണ്ടില്ലേ വിദ്യാ .."


അയാളുടെ കണ്ണുകളിൽ ഈറനുണ്ടോ എന്നെനിക്ക് തോന്നി .


"ഉം ശരിയാണ് "



"എനിക്കുമുന്പേ നടന്ന എന്റെയനിയന്റെ വഴിയിലൂടെ നടക്കാൻ ഞാൻ തീരുമാനിച്ചു . അവൻ താൽക്കാലികമായി വയനാട്ടിൽ നിന്നും പോയതാണെന്നും ശക്തമായി തിരിച്ചടിക്കാനുള്ള മുന്നൊരുക്കത്തോടെ തിരികെ വന്നേനെ എന്ന് കൂടി ശരത്ത് പറഞ്ഞു .


പക്ഷേ അനിയന്റെ സ്ഥാനത്ത് ചേട്ടനായെന്ന വ്യത്യാസം മാത്രം .
അതാവും വിധിയുടെ മായം . വൈകിയാണ് ഞാനറിഞ്ഞത് അച്ഛനും മരണപ്പെടുന്നതിനുമുന്പ് അവിടെയുള്ള ആദിവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നതും അതുമൂലമുണ്ടായ ശത്രുക്കളെക്കുറിച്ചും ."


"അപ്പോൾ ഭൂമാഫിയ ആണോ അച്ഛനെ കൊന്നത് ?"


"അതിനുത്തരം എനിക്കിപ്പോഴും തരാൻ കഴിയുന്നില്ല . അതിനുള്ള പ്രധാനകാരണം അച്ഛൻ കൊല്ലപ്പെടും മുൻപ് മുനിസിപ്പാലിറ്റിയിൽ ഉണ്ടായ ചില അനധികൃത പ്രവർത്തനങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്വഷണം ഉണ്ടായി .


ചെന്നെത്തിയത് കൂടെ പ്രവർത്തിക്കുന്ന സംഘടനയിലെ പ്രമുഖസ്ഥാനം വഹിക്കുന്ന പലരിലും . ചെറിയ ചെറിയ വാക്കുതർക്കങ്ങൾ അടിപിടികളിലും വീടിനുനേരെയുള്ള ഭീഷണികളുമായപ്പോൾ സംഘടനയിൽ നിന്നും പുറത്ത് വരാനും ,സാമൂഹ്യപ്രവർത്തനങ്ങൾ സ്വതന്ത്രമായി കൊണ്ടുപോവാനും തീരുമാനിച്ചു .


കുറച്ചു ദിവസങ്ങൾ എല്ലാവരും പിരിഞ്ഞു നിന്നെങ്കിലും പിന്നെ വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബാലചന്ദ്രനെ തിരിച്ചുവിളിക്കാൻ കാരണമായി .അച്ഛന് നാട്ടിൽ ജനസമ്മതി കൂടുതലായിരുന്നു


എന്നാൽ കമ്മറ്റി ഓഫിസിൽ നിന്നും താത്പര്യമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞശേഷം മകൻ ജനിച്ചവാർത്തയറിഞ്ഞു പുറത്തിറങ്ങിയ അച്ഛനെ പിറ്റേന്നുലോകം കണ്ടത് ചോരവാർന്ന് വീണുകിടക്കുന്ന നിലയിലായാണ് .


അച്ഛൻ മരിച്ചതിന്റെ രണ്ടാംനാൾ അവിടുത്തെ എതിർ ചേരിയിലെ ഒരുപ്രവർത്തകൻ വെട്ടേറ്റ് മരിച്ചു .

 അതിനുശേഷം മാറിമാറി പകതീർക്കലുകളും ചോരയുണങ്ങാത്ത മണ്ണും ബാക്കിയായി .


വർഷങ്ങൾ കൂടിവരുമ്പോൾ കൊലപാതകങ്ങളുടെ എണ്ണവും വർദ്ധിച്ചു
എന്നിട്ടും ചോരനനവ് മായാതെ കണ്ണൂർ പിന്നെയും ശേഷിച്ചു .


തല്ലാൻ വിട്ടാൽ തലയെടുത്തുവരുന്ന രാഷ്ട്രീയ ഗുണ്ടകളായി പാർട്ടിപ്രവർത്തകർ മാറിയപ്പോൾ രാജ്യംതന്നെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസ്ഥാനമായി കണ്ണൂരിനെ കാണുകയായിരുന്നു .



പുസ്തകങ്ങളിൽ പഠിച്ചിറങ്ങുന്ന നന്മയും ദയയും എവിടെവെച്ചാണ് ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് നഷ്ട്ടപ്പെടുന്നതെന്നറിയില്ല .


ചിന്താശേഷിയില്ലാത്ത മൃഗങ്ങൾപോലും ഇതുപോലെ പകവെച്ചു പുലർത്താറില്ല . പക്ഷേ ഇവിടെ പ്രശ്നങ്ങൾ മനപ്പൂർവ്വം സൃഷ്ടിക്കും പോലെയാണ് .


ആദ്യം വാക്കേറ്റത്തിൽ തുടങ്ങി പിന്നെ അടിപിടിയിലേക്ക് അതിനുശേഷം കൊലപാതകം .


 ഇവിടൊരാൾ മരിച്ചാൽ എതിരേയുള്ളവരുടെ ആരെയെങ്കിലും വകവരുത്തും , ഈ സീരീസിൽ കുറച്ചുമരണങ്ങൾ കഴിയുമ്പോൾ ഉന്നതർ ഇടപെട്ടുതുടങ്ങും .


പിന്നെ പത്രങ്ങളും എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും ഇടപെട്ടു കുറച്ചുകാലം മിണ്ടാതിരിക്കും ,എല്ലാമൊന്ന് ശാന്തമാവുമ്പോൾ പിന്നെയും തുടങ്ങും .


ഇവർക്കൊരു രക്തസാക്ഷിയെ കിട്ടുമ്പോൾ പലർക്കും നഷ്ടപ്പെടുന്നത് കുടുംബത്തിന്റെ മൊത്തം പ്രതീക്ഷകളാണ് .


ഇരകളിൽ മിക്കവരും സാധാരണക്കാരും അവരെചുറ്റിപ്പറ്റി ഒരുകുടുംബം ഉള്ളവരുമാവുമ്പോൾ പിന്നെ പറയേണ്ടതില്ലാലോ .



"ഉം ....ശരിയാണ് "



"വീട്ടിലേക്ക് തിരിച്ചുപോവാൻ തല്ക്കാലം താല്പര്യമില്ലെന്നും കൂടെ നിൽക്കണമെന്നും ശരത്ത്  പറഞ്ഞപ്പോൾ എതിർക്കാൻ എനിക്കും തോന്നിയില്ല . എനിക്ക് അറിയാത്ത എന്നെ ഒരുപാട് പ്രതീക്ഷിച്ച അജീഷിന്റെ സ്ഥാനമായിരുന്നു മനസ്സിൽ അവന് .


ഭൂമിയുടെ പ്രശ്നവും മലീനീകരണങ്ങൾ കൊണ്ടുള്ള രോഗങ്ങളും ദാരിദ്ര്യവും തൊഴിലില്ലായ്മയും വിഭ്യാഭ്യാസമില്ലായ്മയും മാത്രമല്ല അവരുടെ പ്രശ്നമെന്ന് ശരത്ത് പറഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് .



അതിലേറ്റവും ക്രൂരവും എന്നാൽ പ്രധാനപ്പെട്ടതും ജെനിറ്റിക്കൽ ബ്ലഡ് ഡിസോർഡഡ് അനീമിയ ആയിരുന്നു .


രക്തത്തിലെ ഇരുമ്പിന്റെ കുറവും ഹീമോഗ്ലോബിന്റെ പ്രവർത്തനം മന്ദഗതിയിലാവുന്നതും ചെന്നെയിലെ ഹോസ്പിറ്റലിൽ ഞാൻ കണ്ടിരുന്നെങ്കിലും ഇവിടുത്തെ ജനങ്ങളുടെ വിളർച്ച പട്ടിണിയാവും കാരണമെന്ന് തെറ്റിദ്ധരിച്ചു .


എന്നാൽ ഞാൻ കാണാതെപോയ വലിയൊരു പ്രശ്നമായിരുന്നു അനീമിയയുടെ വകഭേദമായ "സൈക്കി സിക്കിൾ സെൽ അനീമിയ അല്ലെങ്കിൽ അരിവാൾ രോഗം "



പത്തുകഴിഞ്ഞതും സയൻസിനോടും ഈ രോഗങ്ങളുടെ പട്ടികകളോടും ഗുഡ് ബൈ പറഞ്ഞ എന്നോട് ഇതുവരെ കേൾക്കാത്ത പേരുപറഞ്ഞപ്പോൾ ഒന്ന് പതറിപ്പോയി



"എന്ന് വെച്ചാൽ ?"



"രക്തകോശങ്ങൾ അരിവാളിന്റെ രൂപത്തിൽ വളയുന്ന അവസ്ഥയാണ് സിക്കിൾ സെൽ അനീമിയ .

ഈ രോഗമുണ്ടാവുമ്പോൾ മരിക്കാനുള്ള ചാൻസ് കൂടുതലാണ് അല്ലെങ്കിൽ ഇതുബാധിച്ചവരിൽ നടത്തിയ കണക്കുകൾ പ്രകാരം അകാലമരണത്തിനു കീഴടങ്ങാത്ത ആരുമില്ല , അതും അതിക്രൂരമായി വേദനിച്ചു വേദനിച്ചോരു മരണം .



"അയ്യോ ....! അപ്പോൾ മെഡിസിൻസ് ഒന്നുമില്ലേ ?"


"രോഗശാന്തിക്കുള്ള ഫലപ്രദമായ ട്രീറ്റ്മെന്റ് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല .
എന്നാൽ താൽക്കാലിക രോഗശമനത്തിന് ഫോളിക് ആസിഡ് ഗുളികകൾ ഒരുപരിധിവരെ ആശ്വാസമാവുമെങ്കിലും പതിയെ ശരീരം ഇതിനോട് പ്രതികരിക്കാതെയാവും .പിന്നെ ഓരോനിമിഷവും കൂടുന്ന വേദന ,എല്ലാ വേദനാസംഹാരികളും തോറ്റുപോകുന്ന അവസ്ഥ .


ഇതേക്കുറിച്ചു അജ്ജരായ പലരും ഇത്തരം രോഗികളെ വസൂരിപോലുള്ള പകർച്ചവ്യാധിയെന്നും പുറത്തൊരു രോഗലക്ഷണവും കാണിക്കാത്തവരെ പ്രേതമോ ദൈവമോ കൂടിയതായി കരുതി ഊരുവിലക്ക് കൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു , ഇവർക്ക് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ സഹായം ഫോളിക് ആസിഡ് ഗുളികകളും തളരുമ്പോൾ ചേർത്ത് പിടിക്കലുമാണ് .



ഇങ്ങനെയവർ ചിന്തിക്കാനുള്ള പ്രധാനകാരണം ഈ രോഗം ജനിറ്റിക്കൽ ആണെങ്കിലും അമ്മയിൽനിന്നും മക്കളിലേക്കോ ഭാര്യയിൽ നിന്നും ഭർത്താവിലേക്കോ പകരണമെന്ന് നിർബന്ധവുമില്ല .



രോഗമുള്ളവർക്കു രോഗമില്ലാത്ത മക്കളുണ്ടാവാറുണ്ട് , മാതാപിതാക്കൾക്ക് രോഗമില്ലെങ്കിലും മക്കൾക്ക് ഉണ്ടാവാറുണ്ട് .
തണുപ്പും ചൂടും കൂടുന്ന കാലങ്ങളിലാണ് അധികവും ഇവർക്ക് വേദന കൂടുന്നതും .


 ഗുളികകഴിച്ചും പ്രയോചനമില്ലാതെ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നവരും കുറവല്ല . എയ്ഡ്സ് പോലും പ്രതിരോധശേഷി നശിപ്പിച്ചു പതിയെ ഇത്രയൊന്നും വേദനിപ്പിക്കാതെയെ നശിപ്പിക്കു .


പക്ഷെയിവിടെ ക്യാൻസറിലും ക്രൂരമായ മരണം
ആദിവാസി ഭൂമിയിൽ നിന്നുമുയരുന്ന നിലവിളികൾക്ക് എപ്പോഴും വേദനയുടെ പുറംചട്ടയുണ്ടാവും വിദ്യാ ."



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...