Monday 13 February 2017

അയാളും ഞാനും തമ്മിൽ - പാർട്ട് 1
------------------------------------------------


കുറച്ചുനാളായുള്ള കഠിന പ്രയത്നത്തിന് ശേഷമാണ് അയാളെ കാണാനുള്ള അനുമതി കിട്ടിയത് .


വക്കീലോ ,പോലീസോ ,പത്രക്കാരോ ,സാമൂഹ്യപ്രവർത്തകരോ അതുമല്ലെങ്കിൽ ബന്ധുക്കാരോ മാത്രമേ സാധാരണ തടവുപുള്ളികളെ കാണാനെത്തുകയുള്ളു .


കൂടിക്കാഴ്ചയ്ക്കുള്ള അപേക്ഷാഫോമിൽ "കാരണം " കോളത്തിൽ എന്തെഴുതണമെന്നറിയാതെ  ഞാൻ  കുഴങ്ങിപ്പോയിരുന്നു .



"ഞാൻ വിദ്യ , അതിൽകൂടുതലൊന്നുമില്ല , എനിക്കയാളെ കാണാനുള്ള അനുമതി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു " എന്നെഴുതിക്കൊടുത്ത അപേക്ഷകളെല്ലാം പിന്തള്ളപ്പെട്ടു . ഞാൻ വെറുമൊരു സാധാരണക്കാരി ,എന്റെ വാക്കുകൾക്ക് ശേഷി കുറവാണല്ലോ .



അല്ലെങ്കിലും നേരായവഴിയിൽ ഒന്നുംനടക്കില്ലെന്ന് വല്ല വ്യവസ്ഥയും ഉണ്ടോ എന്തോ "ഞാൻ അയാളുടെ സഹോദര പുത്രിയെന്ന " നുണയെഴുതി കൊടുത്തപ്പോൾ അവരത് സ്വീകരിച്ചു .



ഞാനെന്തിനാണ് അയാളെ കാണാൻ ചെല്ലുന്നെന്ന് നിങ്ങൾ ചിന്തിച്ചിരിക്കാം , ഉത്തരമെനിക്കുമറിയില്ല . വെറുതെ ചില തോന്നലുകൾ ... അല്ല , മണ്ടത്തരങ്ങൾ
ജയിൽ കോമ്പൗണ്ടിലെ കാലപ്പഴക്കത്താൽ പൊട്ടിയടർന്ന തറയിൽ ഏകദേശം ഒരുമണിക്കൂറോളം കാത്തിരുന്നശേഷമാണ് കാവൽ പോലീസിനൊപ്പം അയാൾ വന്നത് .


കുറച്ചുനാൾമുമ്പ് നഗരത്തിലെ ഷോപ്പിന്റെ ഉത്ഘാടനത്തിന് മന്ത്രിയെത്തുമ്പോഴും ഇതുപോലെ രണ്ടുവശത്തും നീളൻതോക്കും പിടിച്ചു രണ്ടുപേരുണ്ടായിരുന്നത് എനിക്കോർമ്മവന്നു .


തടവിലാണെങ്കിലും രാജകീയ ജീവിതം തന്നെ . മാധ്യമങ്ങൾ രണ്ടുമൂന്ന് ആഴ്ചയോളം പുകഴ്ത്തിയും താഴ്ത്തിയും എഴുതിക്കൂട്ടിയതുമുഴുവൻ വെറും ചവറായിരിക്കും എന്നെനിക്ക് തോന്നി ,
കാരണം ഹൈലൈറ്റു ചെയ്ത് കാണിച്ചിരുന്ന ഭീകരതയൊന്നും ആ മുഖത്തിനുണ്ടായിരുന്നില്ല .


ഇയാളെയാണോ ഞാൻ കാണാൻ വന്നത്  , ഒന്നുകിൽ എനിക്കോ അല്ലെങ്കിൽ അവർക്കോ ആളുമാറിയിരിക്കും തീർച്ച .


"ആരാ വിസിറ്റർ ?"


അയാൾ കൂട്ടിനുവന്ന പോലീസുകാരോട് ചോദിച്ചു


"ഞാൻ എഴുന്നേറ്റ് നിന്നപ്പോൾ അയാളെന്നെ അത്ഭുതത്തോടെ നോക്കുന്നതുകണ്ടു . പതിയെ അടുത്തേക്ക് വന്നു , മാവിൻതറയിൽ ഇരുന്നതിനുശേഷം എനിക്കുനേരെ ആംഗ്യം കാണിച്ചു ഇരിക്കാൻ .
നിയമത്തിൽ ഇല്ലാത്തത്കൊണ്ടാണ്ടോ എന്നറിയില്ല പോലീസുകാർ അൽപം മാറിനിൽക്കുന്നു ,ചിലപ്പോൾ ശാന്തനായ പ്രതിയിൽ ഉള്ള വിശ്വാസമാവാം



"ആരാ കുട്ടി ... ? എനിക്ക് ആളെ മനസ്സിലായില്ലാലോ "?


അതിനിടയ്ക്ക് മനസ്സിന്റെ ഗാലറി മുഴുവൻഒരോട്ടപ്രദക്ഷിണം നടത്തി തോറ്റു തന്നതുപോലെ എനിക്ക് തോന്നി .


"ഞാൻ , വിദ്യ "


"അതല്ല .. എന്നെ എന്തിനാണ് വിദ്യ കാണാൻ വന്നത് ...?"


"ഒന്നുല്ല ...വെറുതെ "


"ഹ ഹ ജാമ്യം പോലുംകിട്ടാത്ത കുറ്റവാളിയെ കാണാൻ പെട്ടെന്നൊന്നും അനുമതി കിട്ടില്ലെന്നറിയാം , ഇത്ര കഷ്ടപ്പെട്ട് വന്നതെന്തിനാ വിദ്യാ "?


"ഞാൻ പറഞ്ഞല്ലോ എന്തോ കാണണമെന്ന് തോന്നി വന്നു കണ്ടു "


"ഹ ഹ നീയാള് കൊള്ളാലോ , എന്നാലും നീയിത്ര കഷ്ടപ്പെട്ട് വന്നതല്ലേ , ഞാനുമിവിടെ പുറത്തുള്ള ആളുകളെ കാണാതെ ബോറടിച്ചിരിക്കുകയാണ് ... അൽപനേരം സംസാരിച്ചിട്ടുപോകാം "


"അപ്പോൾ നിങ്ങൾക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ലേ ?"


"ഇല്ല , ഏതാണ്ട് ഒരുവർഷം കഴിഞ്ഞു ,ഇനിയുമുണ്ട് ഏഴുകൊല്ലം നാലുചുവരുകൾക്ക് ഉള്ളിലെ ഏകാന്തവാസം ...."


"കഷ്ടമാണ് അല്ലെ ?"


"മ് .."


"വീട്ടുകാരൊന്നും വരില്ലേ കാണാൻ ...?"


"ഇത്രനാളുമില്ല . ഇനിയുണ്ടാവുമോ എന്നുമറിയില്ല . വേണ്ടെന്നാണ് ആഗ്രഹം "
"അതെന്താ ?"



"ഒരു കുഞ്ഞിന് ജന്മം നൽകുക , വളർത്തി സ്വന്തം കാലിൽ നിൽക്കാനും സ്വന്തം നിലയിൽചിന്തിക്കാനും പ്രാപ്തനാക്കുക , ഒപ്പം അവനെക്കുറിച്ചു ഒരായിരം പ്രതീക്ഷയോടെ കാത്തിരിക്കുക ഒരു കൊടുക്കൽ വാങ്ങൽ പോളിസി പോലെ ... പക്ഷെ അവരോട് ചെയ്യേണ്ടുന്ന കടമകൾ ഉണ്ടെന്നത് മറക്കുന്നില്ല ട്ടോ .

 അവസാനം ആ പ്രതീക്ഷകളെയൊക്കെ തകർത്തുകൊണ്ട് നാലാൾക്കുമുൻപിൽ നിലയും വിലയുമുള്ള ഉദ്ദ്യോഗം കളഞ്ഞിട്ട് അവൻ നാടുനന്നാക്കാനിറങ്ങുക ,
പിന്നീട് അവിടുന്നങ്ങോട്ട് അവർക്ക് കരച്ചിലൊഴിഞ്ഞ നേരം ഇല്ലാതിരിക്കുക .
പോലീസ് സ്റ്റേഷൻ ,കോടതി ,പത്രം ,ടി വി തുടങ്ങിയ സാധാരണക്കാരന്റെ ജീവിതത്തിൽ അഹിതമെന്ന് കരുതുന്നതൊക്കെ വന്നുഭവിക്കുക ...


വേണ്ട വിദ്യാ അവർ കാണാതിരിക്കുന്നത് തന്നെയാണ് നല്ലത് ... എണ്ണതേച്ചു കുളിപ്പിച്ച് രാസ്നാദിപ്പൊടിയിട്ട് രോഗങ്ങളെ പറഞ്ഞയച്ചു വീഴാതിരിക്കാൻ കൈത്താങ്ങുമായിരുന്നവർക്കു ഇതൊന്നും കാണാനുള്ള കരുത്തു കാണില്ല .."
അയാളുടെ മിഴികളിൽ ഉരുണ്ടുകൂടിയ ജാലകണികകളെ മറയ്ക്കാൻ എന്നോണം എന്നെ നോക്കി ചിരിച്ചു .


"അമ്മയ്ക്ക് കണ്ണുനീർ മാത്രം കൊടുത്തവൻ
നന്മയ്ക്ക് ......."


" നന്മയ്ക്ക് ?"


"ഏയ് അതുശരിയാവില്ല "


"അതെന്താ ശരിയാവത്തെ ... ?"


"നിങ്ങളൊരു വിപ്ലവകാരിയല്ല , ജനദ്രോഹിയാണ് ... തടവുപുള്ളിയാണ് , ചിലപ്പോൾ കൊലപാതകിയുമായേനെ ....നിങ്ങൾക്കിത് ചേരില്ല "


"ഹ ഹ നീയെന്നെ കാണാൻ വന്നപ്പോൾ എന്റെ ആശയങ്ങളോടുള്ള ഇഷ്ടംകൊണ്ടാണെന്നു കരുതി പക്ഷെ വിമർശിക്കാൻ വേണ്ടിയെന്ന് ഇപ്പോൾ മനസ്സിലായി "


"ഏയ് .... അങ്ങനല്ല , എനിക്ക് തീവ്രവാദികളെ കാണണമെന്ന് വല്യ ആഗ്രഹമായിരുന്നു . അതെന്തായാലും നടപ്പില്ല , അതോണ്ട് കൊച്ചുതീവ്രവാദിയായ നിങ്ങളെ കാണാം കരുതി . "


"ഹ ഹ അതെന്താ കൊച്ചു തീവ്രവാദി ?"


" നക്‌സലൈറ്റുകൾ തീവ്രവാദികൾ തന്നെയാണ് .... എന്തിനായിരുന്നു നാട്ടിൽ ആക്രമണങ്ങൾ ഉണ്ടാക്കിയത് ...?


എന്തിനായിരുന്നു ജനങ്ങളെ കൊന്നൊടുക്കിയത് ..? ?

എന്തിനായിരുന്നു സമാധാനത്തോടെ ജീവിച്ചവരുടെയുള്ളിൽ ഭയപ്പാടുകൾ തീർത്തത് ..?

നിങ്ങൾക്കറിയാമോ ഞങ്ങളൊക്കെ സാധാരണ മനുഷ്യരാണ് ,കൊച്ചുകൊച്ചുസന്തോഷങ്ങളുമായി ദൈവാനുഗ്രഹത്താൽ കിട്ടിയ ഈ ജീവിതം ധന്യമാക്കുന്നവരാണ് .... നിങ്ങളെപ്പോലുള്ളവരില്ലെങ്കിൽ ഈ പ്രശ്നങ്ങളെന്തെങ്കിലും വരുമായിരുന്നോ . ?


ഇതുകൊണ്ട് നിങ്ങളെന്താണ് സത്യത്തിൽ നേടിയത് രൂപേഷ് ..."?



"പന്ത്രണ്ട് മക്കളത്രെ പിറന്നു ഞങ്ങൾ പന്ത്രണ്ട് കയ്യിൽ വളർന്നു . കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളിൽ രണ്ടെന്ന ഭാവം പുലർന്നു ......."


മനോഹരമായി ചിരിച്ചുകൊണ്ട് എനിക്കുള്ള മറുപടി രണ്ട് വരികളിൽ ഒതുക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത ദേഷ്യം തോന്നി


"പാടുകയാണോ വിഷമം പറയുമ്പോൾ ...."?


"പാട്ടെന്തെന്നു മനസ്സിലാക്കിയെങ്കിൽ നിനക്കീ ചോദ്യം ഒഴിവാക്കാമായിരുന്നു കൂട്ടുകാരി "

ഞാൻ അയാളെ രൂക്ഷമായി നോക്കി , എന്റെ ബാഗിൽ വെച്ച ചില്ലറ കട്ടെടുക്കുമ്പോൾ അനിയന്റെ മുഖത്തുണ്ടാവുന്ന കള്ളച്ചിരി പോലെ ഒരു ചിരിമാത്രം .


" മറുപടി തന്നില്ല "


"ചിന്തിക്കുവാനുള്ള ശേഷിയുപയോഗിക്കാതെ ചോദ്യം ചെയ്യുകയാണോ വിദ്യാ ... ? എങ്കിലും നീയെന്റെ അഥിതിയായതോണ്ട് പറയാം ... നിനക്കുള്ള ഉത്തരങ്ങളതിലുണ്ടോ എന്നെനിക്കറിയില്ല "


"ഉം "


"നമ്മളീ പഴകിയ തറ ക്കെട്ടിൽ, കിഴക്കൻ കാറ്റേറ്റ് പഴുത്തുവീഴുന്ന ഇലകളെ നോക്കിയിരിക്കുമ്പോൾ എന്ത് തോന്നുന്നു വിദ്യയ്ക്ക് ?"


പത്രത്തിൽ ഡോക്ടർ ആണെന്നൊക്കെ കണ്ടിരുന്ന ഓർമയിൽ വല്യ കോംപ്ലിക്കേറ്റഡ് ചോദ്യം പ്രതീക്ഷിച്ച ഞാനൊന്ന് പതറി .
ചുറ്റും നോക്കി ,
മുറ്റമെല്ലാം അടിച്ചുവൃത്തിയാക്കിയ അടയാളമുണ്ട് , എന്നിട്ടും പഴുത്തയിലകൾ ഓരോകാറ്റിലും വീണുകൊണ്ടവിടം വൃത്തികേടാക്കുന്നു , ഇങ്ങോട്ടടിക്കുമ്പോൾ അങ്ങോട്ടുവീശുന്ന ഈ കാറ്റ് കാലത്തു മുറ്റമടിക്കുമ്പോൾ ഇവിടുള്ളോരെയും ശല്യപ്പെടുത്തുമായിരിക്കണം ,


കാലിയായിക്കിടക്കുന്ന ഡസ്റ് ബിൻ ഒരുവശത്ത് ,ജയിലിന്റെ അടുക്കളയുടെ ഒരുവശം നേരെ പുറകിലായി കാണാം , ഒരുഭാഗത്ത് രണ്ടാൾപ്പൊക്കത്തിലുള്ള മതിലാണ് , ഇവിടുന്ന് ചാടുക അസാധ്യം ,എന്നിട്ടും ചാടുന്നവരെ സമ്മതിക്കണം ....


നേരം ഉച്ചയോടടുത്തതിനാൽ ആവണം ഭക്ഷണവുമായി പോകുന്ന വെള്ള വസ്ത്രധാരികളുടെ പ്രവാഹം .
അവസാനമായി മാവിലേക്കും നോക്കിയതിന് ശേഷം അയാളോട് പറഞ്ഞു


 " എനിക്കൊന്നും തോന്നിയില്ല . "


"മം ...... എങ്കിലും പറ "


"ഈ മാവുമുറിച്ചാൽ ഇവിടെ കുറച്ചുകൂടെ ഇടം കിട്ടുമെന്ന് തോന്നുന്നു ,ആ രണ്ട് ബിൽഡിംഗ് നെയും തമ്മിൽ യോചിപ്പിക്കാം , അത്രന്നെ ...."


"കണ്മുന്നിലെ കാഴ്ചകളെ പോലും വിദ്യാ തിരിച്ചറിയുന്നില്ലാലോ ... പിന്നെങ്ങനെ ഞാൻ പറയുന്നത് മനസ്സിലാവും ?"


"എന്താ .. ?"


"ദേ ഈ പൊട്ടിപ്പൊളിഞ്ഞ തറയിൽ നോക്ക് 1920 എന്നുഴുതിയത് കണ്ടോ ? നമ്മുടെ സ്വാതന്ത്രസമര ചരിത്രത്തിലെ എത്രമുഹൂർത്തങ്ങൾക്കിവിടം സാക്ഷിയായിരിക്കും ???


ഈ മാവിന് വാർദ്ധക്യം ബാധിച്ചെങ്കിലും ഇതിനടുത്ത് നിന്നോളം പൊക്കത്തിൽ വളർന്നുനിൽക്കുന്ന ചെടിയെ കണ്ടോ .???

നിനക്കുമെനിക്കും എന്നതുപോലെ എത്രപേർക്ക് ഈ തണലും ശുദ്ധമായ കാറ്റും പ്രയോജനപ്പെട്ടിരിക്കും ???

മരത്തിലൊരു ഫലവും ഇനിയുണ്ടാവില്ലെന്നറിഞ്ഞിട്ടും കൂടുകൂട്ടുന്ന പക്ഷികളെ കണ്ടോ ???

ഉതിർന്നുവീഴുന്ന ഈ ഇലകൾ മണ്ണോടു ചേർന്ന് അതിന്റെ സമ്പുഷ്ടി കൂട്ടുന്നത് നീ കണ്ടോ ...?

 ഒന്നുമില്ലെങ്കിലും ഈമാവിലയും കൊണ്ട് പേസ്റ്റുണ്ടാക്കിയപ്പോൾ ലാഭമുണ്ടായ കമ്പനികളെ ഓർത്തോ ???

ദേ മതിലിനപ്പുറം ഉള്ള പുറംലോകത്തിന്റെ സമയത്തിനുപുറകെയുള്ള ഓട്ടത്തെയും ,സമയം സമയം തള്ളിനീക്കാൻ ഞങ്ങൾ കഷ്ട്ടപ്പെടുന്നതും കണ്ടോ ??

ആർക്കൊക്കെയോ കൂടിവേണ്ടിയാണ് ഇവിടെയോരോരുത്തരും എത്തിപ്പെട്ടത് ,എന്നിട്ടും അവർക്കൊന്നുമില്ലാത്ത അഥിതി എനിക്കുള്ളത് വേദനയോടെ നോക്കി പോകുന്നവരെ കണ്ടോ ???


പുറത്ത് കലഹമുണ്ടാക്കിയെത്തിയവർ ഇവിടെ അനുസരണയോടെ സമാധാനത്തിന്റെ തൂവെള്ളനിറവുമണിഞ്ഞു നീങ്ങുന്നത് കണ്ടോ ...???????


ഞാൻ അയാളുടെ മുഖത്തേക്കുതന്നെ തെല്ലൊരു അത്ഭുതത്തോടെ നോക്കി ,കാഴ്ചകളിൽ നിന്നും ,ഉൾക്കാഴ്ചകൾ ഞാൻ അപ്പൊഴാദ്യമായി തിരിച്ചറിയുകയായിരുന്നു


"ഈ ലോകത്തിലൊന്നും വെറുതെയല്ല കൂട്ടുകാരി എല്ലാത്തിനും അതിന്റേതായ കർത്തവ്യവും ലക്ഷ്യവുമുണ്ട് ... അതുപോലെ എന്റെ ധർമമെന്തെന്നു ചിന്തിച്ചതാണ് എന്നെയിവിടെ നക്സലൈറ്റ് എന്ന പദവി നൽകിയെത്തിച്ചത് .... എങ്കിലും നിനക്കില്ലാത്ത ഒന്നുഞാൻ അനുഭവിക്കുന്നുണ്ട് .... ആത്മ സംതൃപ്തി "


അയാളോടുള്ള കൗതുകം കൂടുന്നതുപോലെ എനിക്ക് തോന്നി .



കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...