Tuesday 11 July 2017

7
-----------------


"ശരിക്കും മനുഷ്യരെ തിന്നുമോ ?"


"കഴിക്കും ...അതവരുടെ ശീലമാണ് , വെട്ടിമുറിച്ചു കറിവെച്ചു ചിക്കൻ എന്നുപറഞ്ഞാൽ നീ കഴിക്കില്ലേ ?"


"ഉം "


 ഇയാൾക്ക് മുൻപിൽ എനിക്കധികവും മൗനം മാത്രമാണല്ലോ എന്നുഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു .


"ജയിലിൽ നിന്നിറങ്ങിയശേഷം പതിവുപോലെ അച്ഛന്റെ നിർബന്ധപ്രകാരം മുതുമല വനത്തിനടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജൂനിയർ ഡോക്ടറായി ജോലിയിൽ പ്രവേശിച്ചു ."



"അപ്പോൾ കറുപ്പനോ ?"


"അവനെവിടെ പോവാൻ ,എന്റെ സന്തതസഹചാരിയായി കൂടെക്കൂടി . ചെന്നൈ മെഡിക്കൽ കോളേജിൽ കണ്ടതിലധികം രൂക്ഷമായിരുന്നു മുതുമലയിലെ സ്ഥിതി .

സൂപ്രണ്ട് ആശുപത്രിയിൽ വന്നിട്ട് മാസങ്ങളായിരുന്നു , അന്വഷിച്ചപ്പോൾ ലീവിലാണെന്ന് പറഞ്ഞെങ്കിലും പച്ചയായ നിയമലംഘനമാണ് അവിടെ നടക്കുന്നതെന്നെനിക്ക് മനസ്സിലായി .

വർഷാവർഷം ഗവ ,സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നായി പഠനം പൂർത്തിയാക്കുന്ന പതിനായിരക്കണക്കിന് ഡോക്ടർമാരുള്ളപ്പോഴാണ് ഇതുപോലെ ശോചനീയാവസ്ഥയിൽ പല ആരോഗ്യ കേന്ദ്രങ്ങളും .


നാല് ഡ്യൂട്ടി നേഴ്‌സുമാർക്ക് ഒഴിവുള്ളിടത്ത് ഒരാൾ മാത്രം . പേരിന് ഒരു അറ്റെൻഡറും , തകർന്നുകിടക്കുന്ന ആംബുലൻസും ,കാലാകാലങ്ങളായി അടിഞ്ഞുകൂടിയ അഴുക്കിനുമുകളിൽ പുതിയവ വന്നുകൊണ്ടേയിരുന്നു . രോഗികളുടെ എണ്ണം നന്നേ കുറവ് എന്നല്ല , അവിടെയാരും വരാറില്ല എന്നുപറയുന്നതാവും ശരി .


ആകെയുള്ള ഫാർമസിയിൽ ഡേറ്റ് കഴിഞ്ഞ മരുന്നുകൾ കുന്നുകൂടി കിടക്കുന്നു .
സമീപത്തുതന്നെ ഉള്ള ക്വാർട്ടേസിൽ താമസിച്ചോളാൻ കിട്ടിയ നിർദേശമനുസരിച്ചു അവിടെ ചെന്നപ്പോൾ അംഗങ്ങൾ ഉപേക്ഷിച്ചുപോയ പ്രേതഭവനത്തിന്റെ പ്രതീതിയായിരുന്നു . നിർമാണം കഴിച്ചു ഉത്ഘാടനവും നടന്നുവെന്നല്ലാതെ പ്രതേകിച്ചു ഉപകാരമൊന്നും ഇല്ലാതെ കിടക്കുന്നവയാണത് ."


"അപ്പോൾ അവിടെ മറ്റ്‌ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ലേ ?"


"ഒന്നുരണ്ട് കടകളും ചെറിയ ഹോട്ടലുകളും വർക്ക്‌ ഷോപ്പും തുടങ്ങിയവ മാത്രം . അതെല്ലാം വല്ലപ്പോഴുമെത്തുന്ന ടൂറിസ്റ്റുകൾക്കും വനഗവേഷകർക്കും വേണ്ടിയുള്ളതാണ് , പിന്നെയൊരു റേഞ്ച് ഓഫീസും ."


"അപ്പോൾ സാധാരണ ജനങ്ങളോ "?


"അവരുമുണ്ട് .... നിരത്തിവെച്ച കൂണുകളെയോ ,തീപ്പെട്ടിപ്പട്ടികളെയോ ഓർമിപ്പിക്കും വിധത്തിലുള്ള കൂരകൾ , അവിടെ തിങ്ങിഞെരുങ്ങി ഒരുകൂട്ടം ജന്മങ്ങൾ .

 ഗ്രാമങ്ങളധികവും മലമുകളിലായിരുന്നു , മാസത്തിലൊരിക്കൽ കിട്ടുന്ന റേഷനുവേണ്ടിയും , മലഞ്ചരക്കുകൾ വിൽക്കാനായും മാത്രമവർ കാടിറങ്ങി , തൊട്ടടുത്തുതന്നെയുള്ള യുപി സ്‌കൂളിൽ അധ്യാപകരുമില്ല മിക്ക ക്ലാസ്സിലും വിരലിലെണ്ണാവുന്ന കുട്ടികളും മാത്രം


അവിടെയെന്താണ് ഞാൻ ചെയ്യേണ്ടതെന്ന് ആദ്യമൊന്നും ഒരു രൂപവുമുണ്ടായിരുന്നില്ല . ഹോസ്പിറ്റലിലെ ഓ പി യും പരിസരവും വൃത്തിയാക്കലായിരുന്നു ആദ്യ ദിനങ്ങളിൽ എന്റെ പ്രധാന പരിപാടി ,


ഓർഡറിൽ ഉള്ള ഡ്യൂട്ടി സമയം കഴിഞ്ഞാൽ കോട്ടേഴ്‌സ് വൃത്തിയാക്കലും , കറുപ്പൻ ഒപ്പമുള്ളത് ശരിക്കും പറഞ്ഞാൽ വലിയൊരു ആശ്വാസമായിരുന്നു . ഞാൻ തളർന്നു പോകുമ്പോഴെല്ലാം അവൻ തളർച്ചയില്ലാതെ പണിയെടുക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് .


നാട്ടിലെല്ലാം കഴിച്ചു തടിച്ചുവീർത്തിട്ടും പാഴ്ത്തടിയാണോ നമ്മുടേതെന്ന് തോന്നിപ്പോയിട്ടുണ്ട് "


"ഉം ..."

ഇയാളെന്താ മാണിക്ക കല്ല് സിനിമാക്കഥ പറയുകയാണോ എന്ന് ഇന്നാണെങ്കിൽ ഞാൻ ചോദിച്ചേനെ


" ആദ്യം മടിച്ചുനിന്ന സുനിത സിസ്റ്ററും അറ്റൻഡർ കോവാലനും ഞങ്ങളോടൊപ്പം കൂടാൻ തുടങ്ങി , ആഴ്ചയിലൊരിക്കൽ വന്ന് ആംബുലൻസ് തുടച്ചിട്ട് പോകുന്ന ശങ്കരൻ സ്ഥിരമായി വരാൻ തുടങ്ങി .


മാറാലകളിൽ നിന്നും ഒരുകെട്ടിടത്തെ മുക്തമാക്കിയെന്നല്ലാതെ അതൊരു ആശുപത്രിയെന്ന് പറയാൻ കഴിയില്ലായിരുന്നപ്പോഴും .


കാലത്ത് എട്ടൊമ്പത് മണിയോടെയെത്തുന്ന കോവാലൻ ആചാരം പിന്തുടരും പോലെ തുരുമ്പെടുത്തു തുടങ്ങിയ ഗേറ്റും വാതിലും തുറന്നുവെക്കും , ഞാൻ വന്നശേഷം ജനാലകളും ,


തലേദിവസം സാമൂഹ്യ വിരുദ്ധരെന്നറിയപ്പെടുന്ന കോവാലന്റെ കൂട്ടുകാർ മദ്യപിച്ച കുപ്പികളും അച്ചാർ കവറുകളും പെറുക്കി ഹോസ്പിറ്റലിന് പുറകിലെ കുഴിയിൽ കവറും , ചാക്കിൽ കുപ്പിയും കൊണ്ടിടും . രണ്ടാഴ്ച കൂടുമ്പോൾ മലഞ്ചരക്ക് കയറ്റാനെത്തുന്ന ലോറിയിൽ ഈ ചാക്കുകയറ്റിവിടുമ്പോൾ കിട്ടുന്ന അമ്പതോ അറുപതോ സന്തോഷത്തോടെ വാങ്ങിവെക്കും .


ഗ്രാമങ്ങളിലെ അല്ല കോളനികളിലെ മറ്റുള്ളവരെ അപേക്ഷിച്ചു ഉയർന്ന നിലയിൽ എത്തിനിൽക്കുന്ന അവരുടെയിടയിലെ "സമ്പന്നനാണ് " കോവാലൻ .


മക്കളെ സ്ഥിരമായി സ്‌കൂളിൽ വിടുന്ന ചുരുക്കം ചിലരിൽ ഒരാൾ . ഹോസ്പിറ്റലിലെ ഈ ഓപ്പണിങ് പണികഴിഞ്ഞാൽ മലഞ്ചരക്ക് ശേഖരിക്കാൻ പോക്കാണ് ആളുടെ പ്രധാന പരിപാടി .

രാത്രി മൂക്കറ്റം കുടിച്ചു വീട്ടിൽ ലഹളയുണ്ടാക്കി എവിടെങ്കിലും ചുരുണ്ടു കൂടുന്നതോടെ കോവാലന്റെ ഒരു ദിവസം തീർന്നു ."


" നല്ല കൂട്ടാളികളാണല്ലോ ?"


കോവാലന്റെ വിശേഷം കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് സില്ലി വില്ലേജ് മാൻ .


"ഹ ഹ അതെ അതെ . പിന്നെയുള്ള സുനിതേച്ചി ആണെങ്കിൽ നഴ്സിംഗ് ഒന്നും പഠിച്ചിട്ടല്ല ,അവിടാദ്യം ഉണ്ടായിരുന്ന ഡോക്ടറുടെ വീട്ടുപണികൾക്കായി പോയതാ പതിയെ പതിയെ മരുന്നെടുത്തുകൊടുക്കാനും മുറിവുകെട്ടാനും പനിയുമായി വരുന്നവർക്ക് പാരസെറ്റമോൾ കൊടുക്കാനും തുടങ്ങിയപ്പോൾ നേഴ്‌സായി കൂടി . അവിടെപ്പിന്നെ ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് പ്രശ്നവുമുണ്ടായില്ല . "


"ഇത്രേം കഷ്ട്ടപ്പെട്ടെന്തിനാണ് അവിടെയൊരു ഹോസ്പിറ്റൽ " ?



"ഹ ഹ ഇനിയും മനസ്സിലായില്ലേ വിദ്യയ്ക്ക് ആളുകളുടെ കണ്ണിൽ പൊടിയിടാൻ , ഇടയ്ക്കൊക്കെ മനുഷ്യാവകാശം മൂത്ത് വരുന്നവർക്ക് കാണിച്ചുകൊടുക്കണ്ടേ "?


തുടരും 

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...