Tuesday 11 July 2017

8
----


"ഉം ശരിയാണ് ..., ചോദിക്കാൻ ആളില്ലാത്തിടത്ത് എന്തുമാവാമല്ലോ . എന്നിട്ടെന്തായി " ?


അയാൾ ഒന്നുചിരിച്ചിട്ട് എഴുന്നേറ്റുനിന്നു .


"ദേ താനിപ്പോൾ വന്നിട്ട് ഒരുമണിക്കൂർ ആവാറായി , അരമണിക്കൂറിൽ കൂടുതൽ സന്ദർശനസമയം നിയമങ്ങളിൽ ഇല്ലാത്തതാണ് . ഇവിടെന്തുപറ്റിയെന്ന് മനസ്സിലാവുന്നിലാലോ ?"


സത്യം പറഞ്ഞാൽ ഞാനുംഅപ്പോഴാണ് അതേക്കുറിച്ചാലോചിച്ചത് .പതിനഞ്ചു മിനുട്ടെന്നാണ് എന്നോട് പറഞ്ഞത് എന്നിട്ടിപ്പോൾ നേരമിത്രയായിട്ടും ആരും വരുന്നുമില്ല . കൊണ്ടുവിട്ട പോലീസുകാർ തറയുടെ അങ്ങേവശത്തും .


"എനിക്കറിയില്ല മനു "


"ഇതിലെന്തെങ്കിലും ചതിയുണ്ടാവണം ഇല്ലെങ്കിൽ നീ വെറുതെ ഒരു കൗതുകത്തിനെന്നെ കാണാൻ വന്നവളല്ല "


"ഞാൻ പറഞ്ഞത് സത്യമാണ് എന്റെ വരവിനുപിന്നിൽ ചാരത്തിയുടെ ലക്ഷ്യങ്ങളൊന്നുമില്ല "


"ഉം "


അയാൾ ചുറ്റിലും നന്നായി വീക്ഷിച്ചശേഷം പഴയ സ്ഥാനത്തുതന്നെ വന്നിരുന്നു .


"എന്നിട്ടെന്തായി പറയൂ ?"


"തനിക്ക് ധൃതിയായല്ലേ ..."?


"ഏയ് ...അതല്ല , എപ്പോഴാ പോലീസുകാർ വരുന്നതെന്നറിയില്ലാലോ , ഇനിയൊരനുമതി സംഘടിപ്പിക്കാൻ പെട്ടെന്നൊന്നും കഴിയില്ലെന്നറിയാമല്ലോ "


" ഉം ..... എന്നും രാവിലെ വന്ന് പണിയില്ലാതെ വൈകീട്ട് പോകുന്നതെനിക്കും പതിയെ മടുപ്പായി തുടങ്ങി , ഏകദേശം ഒരുമാസത്തിനിടയ്‌ക്ക് അവിടെ വന്നുപോയവരുടെയെണ്ണം പത്തിൽ താഴെയായിരുന്നു .


പക്ഷേ ഓരോ ദിവസം കൂടുംതോറും കറുപ്പൻ കൂടുതൽ സന്തോഷവാനായി കാണപ്പെട്ടു , നഗരമവന് സമ്മാനിച്ച ദുരന്തങ്ങളിൽ നിന്നും അവൻ ജനിച്ചുവളർന്നതുപോലൊരു അന്തരീക്ഷത്തിൽ എത്തിപ്പെട്ടതിന്റെയാവാം .


അതിരാവിലെ കോളനിയിലെ ഏതോ കുടിയിൽ പോയി പാലുവാങ്ങിവന്ന് കോട്ടേഴ്‌സിന് സൈഡിൽ അവനുണ്ടാക്കിയ അടുപ്പിൽ എനിക്കും അവനുമുള്ള ചായയുണ്ടാക്കി എന്നെ വിളിച്ചുണർത്തുന്നതോടെ അവന്റെയും എന്റെയും പുതിയ ദിനം തുടങ്ങുകയായി . ഈ ചായ ഞാനിവിടെ വന്നശേഷം അവന് പഠിപ്പിച്ചുകൊടുത്തതാണ് .


മിക്ക ദിവസങ്ങളിലും ഞാനുണർന്നിരിക്കുമെങ്കിലും കറുപ്പന്റെ മലയാളവും തമിഴും പിന്നെ കേട്ടുപരിചയമില്ലാത്ത സ്ളാങ്ങും ചേർത്തിയുള്ള

"അണ്ണാ " എന്നുള്ള വിളി കേൾക്കുന്ന സുഖത്തിനായി വെറുതെ കിടക്കും . അല്ലെങ്കിലും അലാറം വിളിച്ചെഴുന്നേൽപ്പിക്കുന്നതും 'അമ്മ വിളിച്ചുണർത്തുന്നതും വ്യത്യാസമില്ലേ , അമ്മയില്ലാത്തോണ്ട് പ്രിയ ചെങ്ങായി എന്ന് മാത്രം


കോട്ടേഴ്‌സിൽ ഗ്യാസ് കണക്ഷനും അടുപ്പും ഫോറെസ്റ് ഓഫീസിൽ നിന്നും താൽക്കാലികമായി കൊണ്ടുതന്നിട്ടുണ്ടെങ്കിലും അതിനെ അവൻ "തീ തുപ്പുന്ന പൂതമായാണ് " കണക്കാക്കുന്നത് .

പെട്ടെന്ന് അതിന് ദേഷ്യം വന്നാൽ എല്ലായിടവും തീതുപ്പി കത്തിക്കുമത്രേ . അതുകൊണ്ട് എന്നെയും അതിനടുത്തേക്ക് വിടില്ല .

അവരുടെ ഊരിലെ യക്ഷിക്കഥകളിൽ കമ്പുവീശിയാൽ തീവരുന്നതാണെന്നാണ് അവന്റെ വിശ്വാസം , എവിടുന്നൊക്കെയോ ബാധയകറ്റാൻ ഭസ്മം തൊട്ടിട്ടുണ്ട് . എനിക്കുമെന്തോ ഇടയ്ക്കൊക്കെ അവനെ തിരുത്താൻ തോന്നാറില്ലായിരുന്നു .അവന്റെ വിശ്വാസങ്ങളിൽ ജീവിക്കാൻ ഞാനേറെ ആഗ്രഹിച്ചിരുന്നു


പൊതുവെ രാവിലെനേരത്ത് അഞ്ചു - പത്ത്  റേഞ്ചിൽ നിൽക്കുന്ന തണുപ്പിൽ അടുപ്പുകൂട്ടി തീക്കത്തിക്കുമ്പോൾ അവന്റെ തണുപ്പും മാറുമെന്നൊരു വശം കൂടിയുണ്ട് .


ചായ വെച്ചുകഴിഞ്ഞാൽ എനിക്ക് കുളിക്കാനും കുടിക്കാനുമുള്ള ചൂടുവെള്ളം കൂടെ ആയിരം ഡിഗ്രിയിലെങ്കിലും തിളപ്പിച്ച് വെക്കും .


എന്റെ കുളിയൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും കോട്ടേഴ്‌സിന് പുറകിൽ ഇരുനൂറ് മീറ്റർ ദൂരത്തുള്ള തോട്ടിൽ അതും അത്രേം തണുപ്പിൽ മുങ്ങി സോപ്പില്ലാതെ കുളിച്ചുവന്നിരിക്കും പക്ഷേ ഞാൻ വാങ്ങിച്ചുകൊടുത്ത വസ്ത്രങ്ങൾ ഒന്നുമിടില്ല ,അതവന്റെ കുടിയിലേക്ക് സമ്പന്നനായി പോകുമ്പോൾ കൊണ്ടുപോവണം പറഞ്ഞു എന്റെ കീറിത്തുടങ്ങിയവ ഇടും .


പുതിയത് വാങ്ങിക്കൊടുക്കാൻ സമ്മതിക്കുകയുമില്ല ,ഭക്ഷണത്തിനും വസ്ത്രത്തിനും സഹജീവികൾക്കും കൂടുതൽ ബഹുമാനം കൊടുക്കുന്നത് അവരാണെന്നതിൽ തർക്കമില്ല .


ഞാൻ കൊടുത്ത വസ്ത്രത്തിൽ രണ്ടെണ്ണം അവനാർക്കൊക്കെയോ ദാനം കൊടുത്തെന്നറിഞ്ഞപ്പോൾ എത്രയുണ്ടാക്കിയാലും പോരെന്നുപറയുന്ന നമ്മുടെ വിലയെന്തെന്ന് ചിന്തിച്ചുപോയി .


പിന്നെ അറ്റൻഡർ കൊവാലെട്ടന്റെ ഉറ്റ സുഹൃത്ത് ഭാർഗവനെന്ന പാക്കരേട്ടന്റെ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം .


ഞാൻ പോവുമ്പോഴേക്കും ഒരു കസേര പാക്കരേട്ടൻ മാറ്റിവെച്ചിരിക്കും , അവരുടെയൊക്കെ ജീവിതത്തിൽ അവരോടിടപഴകുന്ന പുറത്തുനിന്നുള്ള ചുരുക്കംചില വ്യക്തികളിൽ ഒരാളാണ് ഞാനെന്ന ബഹുമാനമെപ്പോഴും കിട്ടിയിരുന്നു .

ആദ്യമൊക്കെ കറുപ്പന് എന്റെകൂടെയിരുന്നു ഭക്ഷണം കഴിക്കാൻ വല്ലാത്ത നാണമായിരുന്നു , അവന്റെ ചിന്തയിൽ വലിയൊരാളായിരുന്നു എന്ന് പറയുന്നതാവും ശരി .


ഭക്ഷണം കഴിഞ്ഞാൽ ഹോസ്പിറ്റലിലേക്ക് , പതിവ് ഡ്യൂട്ടി സമയം കഴിയും വരെ ഫോണിലോ ,വീഡിയോ ഗെയിമോ അല്ലെങ്കിൽ ഞാനും കറുപ്പനും സുനിതേച്ചിയും ശങ്കരേട്ടനും കൂടെ "തായമോ ,നൂറാം കോലോ ,രാജാവും കള്ളനുമോ കളിച്ചു വൈകുന്നേരമെത്തിക്കും .


പിന്നെ വനാതിർത്തിയിലൂടെ ചെറിയൊരു നടത്തം , അതിനിടയിൽ കറുപ്പന്റെ ഊരിലെ വീരസാഹസിക കഥകളും , മുതുമലയിലെത്തിയശേഷം അവൻ പരിചയപ്പെട്ട കോളനിവാസികളെയും പിന്നെ അവന്റെ ഏറ്റവും വലിയ സ്വപ്നനായിക ശെമ്പകത്തെയും കുറിച്ചുമൊക്കെ കേട്ടിങ്ങനെ നടക്കുന്നതിനിടയിൽ സൈഡ് ഡിഷുപോലെ കറുപ്പൻ പറിച്ചുതരുന്ന കായ്കനികളും മറ്റുഫലങ്ങളും കഴിക്കും , വരുംവഴി അത്താഴത്തിന് പാക്കരൻസ് സ്പെഷ്യൽ വാങ്ങി കയ്യിൽ വെക്കും .


എന്റടുത്ത് എത്ര പറഞ്ഞാലും അവൻ കിടക്കില്ലാത്തതുകൊണ്ട് മലഞ്ചരക്ക് വിൽക്കാൻ പോകുന്നുവരുടെകയ്യിൽ കൊടുത്ത് അവനൊരു ബെഡ് വാങ്ങിക്കൊടുത്തിട്ടും ഞാനുറങ്ങിയെന്ന് ഉറപ്പായാൽ അവൻ പുറത്തെത്തിണ്ണയിൽ പായവിരിച്ചു ആകാശംനോക്കി കിടന്നുകളയും .


ആ തണുപ്പിൽ അവനോടൊപ്പം പോയിക്കിടന്ന് അകത്തെത്തുംവരെ മൗനസമരം ചെയ്യാൻ "തണുപ്പ് " കരണമെനിക്ക് കഴിഞ്ഞില്ല . പതിയെ ഞങ്ങൾക്കത്‌ ശീലമായി ..


എങ്കിലും ഞാനൊന്ന് ഞെട്ടിയുണർന്നാൽ പോലും "എന്താ അണ്ണാ ചോദിച്ചു അവൻ വരും .


ശരിക്കും പറഞ്ഞാൽ എളുപ്പത്തിൽ പഠിക്കാനും കടുപ്പത്തിൽ പ്രവർത്തിക്കാനും പറഞ്ഞുതരുന്ന തുറന്നുവച്ച പാഠപുസ്തകം ആയിരുന്നു കറുപ്പൻ .

അല്ല ,പിന്നീട് അവിടെ ഞാൻ കണ്ട ഓരോരുത്തരും അവന്റെ പ്രതിരൂപം തന്നെയായിരുന്നു .


"സത്യത്തിൽ ഹോസ്പിറ്റൽ തന്നെയായിരുന്നോ അത് ?"


"ഹ ഹ അല്ലായിരുന്നു . പക്ഷേ ഞങ്ങൾ ആക്കിയെടുത്തു ... ഡ്യൂട്ടി സമയത്ത് വെറുതെയൊരു കൗതുകത്തിന് പരിശോധിച്ചപ്പോഴാണ് അന്നുവരെ നടന്ന വെട്ടിപ്പിനെ കഥയറിയുന്നത് . പകൽക്കൊള്ളകളെക്കുറിച്ചു സിനിമകളിൽ കണ്ടെത്തുന്നതിനെ കടത്തിവെട്ടും വിധം . അതൊരു തുടക്കമായിരുന്നു ...!



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...