Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 31
---------------------



ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കാതെ ശരത്തിനെ കോട്ടേഴ്‌സിലാണ് കൊണ്ടുപോയത് . കൂടെനിൽക്കാൻ ചുമന്നുകൊണ്ടുവന്നവർ പറഞ്ഞെങ്കിലും കോളനിയിൽ നടക്കാൻപോകുന്ന സമരത്തിന് അവരെപ്പോലുള്ള അവരുടെ കാര്യങ്ങൾ തിരിച്ചറിയുന്ന യുവാക്കളുടെ സാന്നിധ്യക്കൂടുതൽ ഉപകാരമാവുമെന്നെനിക്കു തോന്നി .


എങ്കിലും ഉത്സവം കഴിഞ്ഞു ഇപ്പോൾ ആശുപത്രിയിൽ തിരക്കുകൂടിയെന്ന് സുനിതേച്ചി പറഞ്ഞിരുന്നു . അല്ലെങ്കിലും നാലുദിവസം ഇവിടെനിന്നും എന്തുധൈര്യത്തിലാണ് വിഷ്ണുവിനെയും കൂട്ടി മാറി നിന്നതെന്നെനിക്കറിയില്ല .


ശരത്തിന് കൃത്യസമയത്തിന് പഥ്യം തെറ്റാതെ നൽകേണ്ട മരുന്നുകൾ എനിക്കൊരു പ്രശ്നമായിരുന്നു ,എന്നാലെന്നെ ഞെട്ടിച്ചുകൊണ്ട് വിഷ്ണു ആ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ചപ്പോൾ മുൻപെങ്ങും അവനിലില്ലാതിരുന്ന ആത്മവിശ്വാസത്തോടെ ഞാൻ പോയി .


 ഉച്ചയ്‌ക്കൊന്നു വന്നുനോക്കാമെന്ന് കരുതിയെങ്കിലും തിരക്കുകാരണം പാക്കരേട്ടൻ കൊണ്ടുവന്ന ചായയും ചോറും കാത്തുനിന്ന രോഗികൾക്ക് തന്നെ കൊടുക്കേണ്ടി വന്നു , യാത്രാക്ഷീണം ഉണ്ടായിരുന്നെങ്കിലും രാവിലത്തെ തോട്ടിലെ കുളികഴിഞ്ഞപ്പോൾ ക്ഷീണമെല്ലാം പോയപോലെ തോന്നി . അന്ന് ജോലികഴിഞ്ഞു കോട്ടേഴ്‌സിലെത്തുമ്പോൾ വയനാട്ടിൽ നിന്നും അയ്യപ്പൻ വന്നിരുന്നു .


അവരുടെ സമരം പോലീസുകാരും ഫോറെസ്റ്റുകാരും കൂടെ അടിച്ചമർത്തിയിരുന്നു .


കുറേപ്പേര് അവരുടെ അടിയേറ്റ് വൈദ്യരുടെ അടുത്ത് ചികിത്സയിലും കറുപ്പനെയും മറ്റുചിലരെയുംഅറസ്റ്റ് ചെയ്തു ജയിലിലും ആക്കിയിരുന്നു .
എന്നെക്കുറിച്ചു ചോദിച്ചും ഞാനവരുടെ നേതാവല്ലേ എന്ന് ആരോപിച്ചും ഒക്കെയായിരുന്നത്രെ ആക്രമണം . "


"അയ്യോ ....അപ്പോൾ സമരം തുടക്കത്തിൽ തന്നെ നിന്നുപോയോ ?"


"പോവുമായിരുന്നു ..... അല്ലെങ്കിലും അവകാശം ചോദിച്ചെത്തുന്നവരെ അടിച്ചോടിക്കുന്നതല്ലേ പതിവ് . എന്റെ അഭിപ്രായം അറിയാനായിരുന്നു അവരുടെ വരവ് . സത്യം പറഞ്ഞാൽ ഉത്തരവാദിത്വം ഉള്ള ഡോക്ടർ എന്നനിലയിൽ മനുഷ്യന്റെ വേദനയെയും ജീവനെയും വിലവച്ചു പിന്തിരിയാൻ പറയണമെന്ന് തോന്നിയെങ്കിലും ഇതൊന്നും കണ്ട് ഭയപ്പെടരുതെന്നും മുന്നോട്ട് പോവാനും പറഞ്ഞു .



കാരണം ഇതുകണ്ട് അവർ പിൻതിരിഞ്ഞാൽ ഇനിയെന്നും ഇതുപോലെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന വനങ്ങളിലെ അഭയാർഥികളായി മാത്രം ജീവിക്കേണ്ടിവരും

, ഇനിവരും തലമുറയും നമ്മളെപ്പോലുള്ള പുരോഗമനക്കാരുടെ അടിയാളുകളായി മാറേണ്ടിവരും , ഇനിയും അവരുടെ മണ്ണിനായി തമ്മിലടിക്കാനും ചതിച്ചു സ്വന്തമാക്കാനും ആളുകൾ വന്നുകൊണ്ടേയിരിക്കും വിദ്യാ .


നാടുകൾ മുഴുവൻ ജനങ്ങളെക്കൊണ്ട് നിറയുമ്പോൾ സ്വാഭാവികമായും വനങ്ങളിലും കൈവെക്കേണ്ടതായി വരും . അപ്പോൾ ഇവരുടെ ഭാവി ?

മിച്ചഭൂമിയായി വനങ്ങളെ ഏറ്റെടുത്ത് ജനവാസമൊരുക്കേണ്ടിവരുന്ന കാലം ഒരുപാടൊന്നും ദൂരെയല്ല ."



"അയ്യോ അതെന്താ ?" ഇക്കാര്യം സമ്മതിച്ചുകൊടുക്കാൻ എനിക്കെന്തോ കഴിഞ്ഞില്ല



" വിദ്യാ താൻ ചെറുപ്പത്തിൽ കളിച്ചുവളർന്ന നാടാണോ ഇന്നത്തേത് ? അന്ന് വെറുതെ കിടന്നിരുന്ന നിങ്ങളുടെ കളിസ്ഥലങ്ങളായ പറമ്പുകളെവിടെ ?

അതിരും വേലിയുമില്ലാതെ കിടന്നിരുന്ന ചെറു കുറ്റിക്കാടുകൾ എവിടെ ?'
"അത് ..... അതൊന്നുമില്ലയിപ്പോൾ ....അവിടൊക്കെ വീടുകൾ വന്നല്ലോ , "


ശരിയാണ് എന്റെ വീടിരുന്നതിന്റെ ചുറ്റും ഒരുപാട് വീടുകൾ വന്നു ,നാലും അഞ്ചും പേരടങ്ങുന്ന ഒരുപാട് കുടുംബങ്ങൾ , അച്ഛന്റെ നാല് അനിയന്മാരുടെ വീടുകൾ അന്നത്തെ ഞങ്ങളുടെ തൊടിയിലാണ് ,എന്റേത് അന്ന് കപ്പയും മധുരക്കിഴങ്ങും വെച്ച സ്ഥലത്തും .


അമ്മയ്ക്കുള്ള വലിയ പരാതിയെന്തെന്ന് വെച്ചാൽ രണ്ട് സഹോദരന്മാർക്ക് കുടുംബമാവുമ്പോൾ ഇത്രേം ചെറിയ സ്ഥലത്തെങ്ങനെ വീടുവെക്കുമെന്നാണ് ....എന്റെ ദൈവമേ വലിയ മുറ്റവും ,അത്യാവശ്യം വേണ്ട പച്ചക്കറിയും മറ്റും ഉണ്ടാക്കാനുള്ള തൊടികയും ...

എന്തിന് മാങ്ങയോ ചക്കയോ ഇല്ലാത്ത വീടുകളോട് എത്ര പെട്ടെന്ന് മലയാളി അടുത്തിരിക്കുന്നു .


ഇനിയും ദിവസങ്ങൾ കഴിയുമ്പോൾ മണ്ണിനുവേണ്ടി അടിപിടികൂടുന്ന ലോകമാവുമോ ജലത്തിനുവേണ്ടി കൊലചെയ്യുന്ന ലോകമാവുമോ ?


എനിക്ക് ആലോചിച്ചിട്ടൊരു സമാധാനവും ഇല്ലായിരുന്നു ,അതുകണ്ടിട്ടാവണം അൽപനേരം മിണ്ടാതിരുന്നശേഷം അയാൾ തുടർന്നു


"വിദ്യാ എന്താ "


"ഏയ് ഒന്നുല്ല .....ശരിക്കും വനങ്ങളിലേക്ക് എത്തുമോ ?"


"വന്നേക്കും .....അന്നുനമ്മൾ ഉണ്ടായിരിക്കില്ല എന്ന് തോന്നുന്നു , ഇനിയും കുറച്ചു തലമുറകൾ കൂടെ മുന്നോട്ടുപോകുമ്പോൾ ....സംഭവിച്ചേക്കാം "


"എങ്ങനെയാ ഇങ്ങനൊക്കെ .."


" വിദ്യാ ആവാസവ്യവസ്ഥയെക്കുറിച്ചു കേട്ടിട്ടുണ്ടോ ? ഒന്ന് മറ്റൊന്നിന് ആഹാരമാവുന്ന പ്രകൃതി നിയമം . അതിലേതിലും ഒരുകണ്ണിയുടെ നാശം അത് ആഹാരമാക്കുന്നവയുടെ വ്യാപനത്തിന് കാരണമാവും ,


ഓരോ ജീവികളുടെ ശരീരപ്രകൃതിയും, ബുദ്ധിയും ഇരതേടാനും ,പുതുതലമുറയെ സൃഷ്ടിക്കാനും ശത്രുവിൽ നിന്നും താൽക്കാലികമായി രക്ഷപ്പെടാനും വേണ്ടിയാണ് .
പക്ഷേ ആ ആവാസ വ്യവസ്ഥ ക്രമത്തിനെ അതിജീവിക്കാൻ ഒരു കണ്ണി ശ്രമിച്ചു !


ആവാസവ്യവസ്ഥയെ തോൽപ്പിച്ചെന്ന് അവൻ തെറ്റിദ്ധരിച്ചു . ഒരിക്കലും ശത്രുവിന്റെ മുന്നിൽ അകപ്പെടാതിരിക്കാൻ അവൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു , അവനറിയാതെ അവനെ പ്രകൃതി തോല്പിച്ചുംകൊണ്ടിരുന്നു .പെറ്റുപെരുകിയ അവന്റെ പിന്തുടർച്ചകൾക്ക് മണ്ണുതികയാതെ വന്നു . "



"എന്നുവെച്ചാൽ മനുഷ്യരൊക്കെ മരിക്കണമെന്നും മൃഗങ്ങൾ കൂടണമെന്നുമാണോ നിങ്ങൾ പറയുന്നത് ?"



എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു ഇയാൾടെയൊരു മണ്ടൻ സിദ്ധാന്തങ്ങൾ



" വിദ്യാ ഞാൻ സത്യമാണ് പറഞ്ഞത് . മനുഷ്യൻ ബുദ്ധികൊണ്ട് ശത്രുവിനെ പ്രതിരോധിക്കാൻ തുടങ്ങിയന്നുമുതൽ അവന്റെ നാശവും എഴുതപ്പെട്ടതാണ് വിദ്യാ , പെരുകി പെരുകി അവനല്ലാതെ മറ്റൊരുജീവിയും ശേഷിക്കാത്ത കാലത്താവാം .


എലിയെയും പാറ്റയെയും കുറിച്ച് ചിന്തിച്ചത് സ്വയം ഉദാഹരണമായി ആലോചിച്ചു നോക്ക് ..
പിന്നെ നമ്മളെന്തിനാണ് അപ്രിയസത്യത്തിന്റെ പേരിൽ തമ്മിലടിക്കുന്നത് അല്ലെ ..? "



"ശരിയാ ... ഉച്ച മയങ്ങാൻ തുടങ്ങിയിരിക്കുന്നു ,അതിനുമുൻപ്‌ എനിക്കുമുഴുവനും അറിഞ്ഞേ പറ്റു . "


"ഉം ... മുൻപിലൊരു ലക്ഷ്യമുണ്ടാവുബോൾ അതിനുവേണ്ടി പൊരുതാൻ വല്ലാത്ത ആത്മവിശ്വാസമാണ് . അത് അവർക്ക് പകർന്നുകൊടുക്കുക എന്നതിലധികം സന്തോഷം മറ്റൊന്നുമില്ല .


ഒരുപക്ഷെ നാളെ ഇതിലും കൂടുതൽ ആക്രമണം ഉണ്ടാവും .... ഇതിലേറെ വേദനകൾ ഉണ്ടാവും ..ചിലപ്പോൾ മരണവും .പക്ഷേ നിങ്ങളൊരിക്കലും പിന്തിരിയരുത് . ഇവിടെ പേടിച്ചു പേടിച്ചു വിശന്ന് എത്രകാലം നിങ്ങൾ ജീവിക്കും ?


അവനവനുവേണ്ടി മാത്രമല്ല നിങ്ങള്ക്ക് ഭാര്യമാരുണ്ട് ,കുഞ്ഞുമക്കളുണ്ട് അശരണരായ മറ്റ്‌ ബന്ധങ്ങളുണ്ട് . നിങ്ങൾക്കുവേണ്ടി ഇനിയും വാദിക്കാനാരെങ്കിലും വരുമെന്ന് കാത്തിരിക്കുകയാണോ ?


എങ്കിൽ നിങ്ങളെപ്പോലെത്തന്നെ നിങ്ങളുടെ വരും തലമുറയും അനുഭവിക്കേണ്ടിവരും .
മരിക്കുമ്പോഴും പുറകിൽ നിങ്ങൾക്കായി പ്രാർത്ഥനയോടെ ഒരുജനത മുഴുവനുണ്ടെന്ന് ഓർക്കുക .


ജനാധിപത്യരാജ്യത്ത് നിങ്ങളുടെ വംശത്തെയാകെ തുടച്ചുമാറ്റാൻ കഴിയില്ലെന്നും , പാതിവഴിയിൽ നിർത്തിയാൽ ഇനിയും പേടിക്കേണ്ടി വരുമെന്ന് ഓർക്കുക ,


നിങ്ങളുടെ പെണ്ണുങ്ങൾ അന്യന്റെ കിടപ്പറയിൽ ഉരുകിത്തീരേണ്ടതാണോ എന്നോർക്കുക , ഇന്നേവരെ ആക്രണങ്ങൾ കാരണം മരിച്ചുപോയ ശാന്തികിട്ടാത്ത ആത്മാവുകളെക്കുറിച്ചോർക്കുക ,


നിങ്ങളുടെ ആരുമല്ലായിരുന്നിട്ടും നിങ്ങൾക്കുവേണ്ടി പ്രവർത്തിച്ച കുറ്റത്തിന് ജീവൻ പോയ അജീഷിനെയും ,വീണുകിടക്കുന്ന ശരത്തിനെയും ഓർക്കുക ,


നിങ്ങൾക്കിടയിൽ ജാതിവ്യത്യാസം ഉണ്ടെങ്കിലും പുറത്തുള്ളവർക്ക് നിങ്ങളെല്ലാം ആദിവാസികൾ എന്നൊരൊറ്റ ക്യാറ്റഗറി ആണെന്നോർക്കുക ,

വംശനാശം അടുത്തുകൊണ്ടിരിക്കുന്ന നിങ്ങളിലെ ചില വിഭാഗങ്ങളെ ഓർക്കുക ....


വീണ് പൊക്കോട്ടെ ആദ്യം പൊരുതുന്നവർ, എന്നാൽ പുറകെ വരുന്ന നിരകണ്ടു വീഴ്ത്തുന്നവർ ഭയപ്പെടാതിരിക്കില്ല .

അവിടെ നിങ്ങൾ ജയിച്ചു തുടങ്ങും .....


 അവസാനം ശേഷിക്കുന്ന ഒരു ജീവനേയുള്ളുവെങ്കിൽ അതിന് വേണ്ടി പോരാടുക ....

പട്ടാളക്കാർക്ക് ലക്ഷ്യമെന്തെന്ന് ആരെങ്കിലും ഗൈഡ് ചെയ്തു കൊടുക്കണം , എന്നാൽ വിപ്ലവകാരിക്ക് ലക്ഷ്യമില്ലാതെ മറ്റൊന്നുമുണ്ടാവരുത് മനസ്സിൽ "



"എന്നിട്ട് അവര് സമരം തുടർന്നോ ......?"



"ഉം ... കേട്ടിട്ടില്ലേ വിദ്യാ നെഞ്ചുറപ്പുള്ള യുവാക്കളും നേരുള്ള ആദർശവുമുണ്ടെങ്കിൽ വിപ്ലവത്തിനേറ്റവും യോചിച്ച മണ്ണ് അവികസിത രാജ്യങ്ങളിലെ നാട്ടിന്പുറങ്ങളാണ് "



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...