Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 15
------------------



എന്നെക്കണ്ടതും വഴിമാറിത്തന്ന സ്ത്രീകളെ നോക്കി ചിരിച്ചുകൊണ്ട് ഈറയും മുളയും കൊണ്ടുമറച്ച കുടിലിനകത്തേക്ക് കടന്നു .



 എതിരെവരുകയായിരുന്ന പെൺകുട്ടിയോട് ശെമ്പകത്തെ ചോദിക്കും മുന്നെയവൾ വളം തേച്ചുമെഴുകിയ മുറിക്കുനേരെ കൈനീട്ടി .


അകത്തേക്ക് ചെല്ലുമ്പോൾ വാടിയ താമരപ്പൂവിന്റെ മുഖമാണോ അവള്ക്കെന്ന് തോന്നിപ്പോയി . കാട്ടുപൂക്കള്കൊണ്ടുള്ള മുടിയലങ്കാരത്തിനൊപ്പം കഴുത്തിലെ പൂമാലയും പട്ടുസാരിയും കുപ്പിവളകളും മുത്തുമാലയുമൊക്കെച്ചേർന്നു അന്നുവരെ ഞാൻ പലപ്പോഴായി കണ്ട എല്ലാ മണവാട്ടികളിലും ഭംഗി അവൾക്കാണോ എന്നുതോന്നിപ്പോയി .


ഞാനകത്തെത്തിയതും അടുത്തിരുന്നു മുറുക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന സ്ത്രീകൾ പുറത്തേക്കിറങ്ങി . കറുപ്പൻ എന്നെക്കുറിച്ച് അവരോടെല്ലാം പറഞ്ഞിരിക്കണം .


അവളെന്നെനോക്കി തളർന്നപോലെയൊന്നു ചിരിച്ചു .


" എന്നെ തെരിയുമാ ശെമ്പകം "?


"മലയാളത്തത്തിൽ പറയീൻ എനിക്കറിയാം ."


തമിഴനായി വളർന്ന് ജീവിക്കുന്നതെങ്കിലും എനിക്കിഷ്ടം മലയാളമായിരുന്നു .


"നിന്റെ മുഖമെന്താണ് കല്യാണമായിട്ടും ഇങ്ങനെയിരിക്കുന്നത് മോളെ , കഴിഞ്ഞതെല്ലാം എല്ലാവർക്കും അറിയാം . അതുകൊണ്ട് ഇതുപോലെ വിഷമിക്കേണ്ട കാര്യമില്ല "



"ഉം .....എന്നാലും എനിക്ക് മറ്റൊരാളുടെമുന്നിൽ പോയിനിൽക്കാനാവില്ല .കറുപ്പനെന്നോട് എന്തിഷ്ടമായിരുന്നു ,അവനുവേണ്ടിമാത്രം ജീവിക്കണമെന്നാഗ്രഹിച്ചു പക്ഷേ എല്ലാം പോയി "


അതുവരെ തളർന്നിരുന്നവൾക്ക് പൊട്ടിക്കരയാനുള്ള കാരണമാണോ എന്റെ സന്ദർശനമെന്ന് തോന്നിപ്പോയി .


" എന്തുപറഞ്ഞാണ് മോളെ നിന്നെ സമാധാനിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല ,പക്ഷേ കറുപ്പനോടുള്ള ജീവിതത്തിൽ നീ സന്തോഷവതിയായിരിക്കുമെന്ന ഉറപ്പ് തരാം "


അവൾ കണ്ണുതുടച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല .
കയ്യിലുണ്ടായിരുന്ന മാല അവൾക്കുനേരെ നീട്ടുമ്പോഴും മരവിച്ചമുഖഭാവത്തോടെ അവൾ വാങ്ങി . സാധാരണ പെൺകുട്ടികളെപ്പോലെ അതിന്റെ പുതുമയോ ഭംഗിയോ നോക്കാനവൾ താൽപര്യപ്പെട്ടില്ല , ഇതേ സമയം എന്റെ അനിയത്തിക്കുട്ടി മാളുവിനാണ് കിട്ടിയതെങ്കിൽ എങ്ങനെയാവുമെന്നോർത്തുപോയി .



"നിനക്കിത് ഇഷ്ടായില്ല എന്നുണ്ടോ ? പെട്ടെന്നായതോണ്ട് എനിക്കൊന്നും വാങ്ങാൻ കഴിഞ്ഞില്ല "


"ഇഷ്ടായി . ഞങ്ങൾക്കൊന്നും ജീവിതം മുഴോനും പണിയെടുത്താലും ഇതുപോലൊന്ന് ഉണ്ടാക്കാൻ സാധിക്കില്ല പക്ഷേ മാനംകെട്ടുപോയ പെണ്ണിന് എന്തുണ്ടായാലെന്താണ് "


"മോളെ അങ്ങനൊന്നും പറയരുത് ചെറിയൊരു അസുഖം വന്നു ,അതുമാറിയതായി കരുതിയാൽ മതി . എനിക്കൊരു അനിയത്തിയുണ്ട് ഇപ്പോൾ നിന്നെയും ചേർത്ത് രണ്ട് , നീയിങ്ങനെ വേദനിക്കുന്നതുകാണുമ്പോൾ എനിക്ക് താങ്ങാനാവുന്നില്ല "


"അവൻ മരിക്കാതെ എനിക്ക് സന്തോഷിക്കാൻ കഴിയില്ല . എനിക്കൊരെട്ടനുണ്ടെങ്കിൽ ഇതിന് പകരം ചോദിച്ചേനെ "


"മോളെ നീ പറ ഞാനെന്തുവേണം ?"


"എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ എന്റെകൂടെയൊന്ന് വരണം . ഒറ്റയ്ക്ക് പോവാനുള്ള പേടികൊണ്ടല്ല ,എനിക്കെന്തെങ്കിക്കും പറ്റിയാൽ ഇവിടെവന്ന് പറയാനെങ്കിലും ഒരാളായി "


"ഉം ...."


അവളോടെന്താണ് പിന്നീട് പറയേണ്ടതെന്നെനിക്കറിയില്ലായിരുന്നു , എങ്ങോട്ടാണെന്നോ ,എന്തുചെയ്യാനാണെന്നോ ചോദിച്ചില്ല . എന്തായാലും കൂടെപ്പോകാൻ മനസ്സ്‌ വാശിപിടിക്കുന്നപോലെ "



"എന്നിട്ട് ?"


എന്റെയാകാംക്ഷ നിയന്ത്രിക്കാൻ ആവുന്നില്ലായിരുന്നു


"അന്നുരാത്രി എല്ലാവരും ഏതാണ്ട് പാട്ടും നൃത്തവും ഊണും കഴിഞ്ഞുറങ്ങിത്തുടങ്ങിയപ്പോൾ ഞാനവളുടെ വീട്ടിലേക്ക് നടന്നു .

എത്തുന്നതിന് മുൻപേ ആരോ എന്റെ കൈപിടിച്ച് പുറകിലേക്ക് വലിച്ചു
ആദ്യമൊന്നുഞെട്ടിയെങ്കിലും മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിൽ അവളാണെന്ന് തിരിച്ചറിഞ്ഞു .


"പോകാം "


"ഉം " ഞാനനുസരണയുള്ള കുട്ടിയെപ്പോലെ അവൾക്ക് പുറകെ നടന്നു , വഴിയടയാളത്തെ കുറിച്ചല്ലാതെ അവൾ മറ്റൊന്നും സംസാരിച്ചില്ല . കാടിനുള്ളിൽ എങ്കിലും അവൾക്ക് ഓരോചുവടുമേറെ പരിചയമുള്ളപോലെ തോന്നി .


ഇരുളിൽ നിന്നും വെളിച്ചത്തിലെത്തിയപ്പോൾ തിരുനെല്ലി ഡിവിഷൻ ഓഫീസിന്റെ ബോർഡ് കണ്ടു , വെളിച്ചവും അവിടുത്തെ ബൾബുകളിൽ നിന്നാണ് .


എന്നോട് മറവിൽത്തന്നെ നില്ക്കാനേൽപ്പിച്ചു അവൾ അതിനുനേരെ നടന്നു .
പക്ഷേ അവളുടെപുറകേ പോവാതിരിക്കാൻ എനിക്കായില്ല . ലൈറ്റ് വെളിച്ചത്തിലാണ് അവളുടെ കയ്യിലെ കത്തി ഞാൻ ശ്രദ്ധിച്ചത് . അപ്പോഴും അവളെന്താണ് ചെയ്യാൻപോകുന്നതെനിക്കറിയില്ലായിരുന്നു .


മദ്യത്തിന്റെയും ഇറച്ചിയുടെയും രൂക്ഷഗന്ധം വരുന്ന വഴിയേ ഞങ്ങൾ നടന്നു , വാതിൽ കുറ്റിയിട്ടിരിക്കും കരുതിയെങ്കിലും അവൾ തൊട്ടതും അതുതുറന്നു .
പരിചിതസ്ഥലമെന്നപോലെ അവൾ ചുറ്റിലും നോക്കി .


ഹാളിൽ തലങ്ങനേയും വിലങ്ങനേയും കിടന്നുറങ്ങുന്ന നാല്പത്തഞ്ചിനും മുപ്പത്തഞ്ചിനും ഇടയിലുള്ള രണ്ടുമൂന്നുപേർ , സോഫയിൽ കിടക്കുന്ന ഒരുപയ്യനും ചെയറിൽ ഏതാണ്ട് അതേപ്രായത്തിലുള ഒരുത്തനും ,


കാലിയായ കുപ്പികളും പാർസൽ കവറുകളും കണ്ടപ്പോൾ മനസ്സിലായി പെട്ടെന്നൊന്നും അവരുണരില്ല എന്ന് . അവൾ ഓരോ മുഖത്തേക്കും സൂക്ഷിച്ചുനോക്കിയശേഷം നിരാശയോടെ എന്നോടുപറഞ്ഞു


 "ഇവര് എച്ചിൽപട്ടികളാണ് , അവനിവിടെയെവിടെയെങ്കിലും കാണും "


എന്താണ് നടക്കുന്നതെന്നറിയാതെ ഞാനവളുടെ അടുത്തുതന്നെയുണ്ട്


"ദേ കണ്ടോ വല്യവീട്ടിലെ പിള്ളാരിന്നും ഉണ്ട് ,അപ്പോൾ ഏതോമുറിയിൽ അവനുണ്ട് "


അവിടുള്ള രണ്ടുവാതിലുകളും നിരവധിതവണ തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് കഴിഞ്ഞില്ല , ദേഷ്യം പിടിച്ചതുപോലെ


 "തുറക്ക് ....തുറക്കട "


 എന്നുള്ള വിളികൾ കേട്ടിട്ടാവണം ഉള്ളിൽ കൊളുത്തുനീങ്ങുന്ന ശബ്ദം കേട്ടു .
അവൾ കയ്യിലെ കത്തിയെടുത്ത് വാതിലിനുനേരെ നീട്ടിപ്പിടിച്ചു , പക്ഷേ വാതിൽ തുറന്നുവന്ന ആളെക്കണ്ടപ്പോൾ അവളുടെ കത്തി താഴുന്നതും മുഖം വാടുന്നതും കണ്ടു


"സീതേ നീയോ "


വാതിൽ തുറന്ന് ബെഡ്ഷീറ്റുകൊണ്ട് ശരീരം മറച്ച പത്തു പന്ത്രണ്ടുവയസ്സുള്ള പെൺകുട്ടി . കഴുത്തിൽ നിന്നും ചുണ്ടിൽ നിന്നുമൊക്കെ കട്ടപിടിച്ച ചോരപ്പാടുകൾ


"കണ്ടോ ......കണ്ടോ .... രണ്ടൂസം മുന്നേ തെരണ്ടുകല്യാണം കഴിഞത .....കുട്ടിയുടെ കോലം കണ്ടോ? " 


വീഴാൻ തുടങ്ങിയ സീതയെ താങ്ങുന്നതിനിടയ്ക്ക് ശെമ്പകത്തിന്റെ വാക്കുകൾ തീമഴപോലെയാണ് എന്റെകാതിൽ പതിച്ചത് . വാതിലിനകത്ത് കട്ടിലിൽ നഗ്നനായി ബോധമില്ലാതെ കിടന്നുറങ്ങുന്ന ചെറുപ്പക്കാരൻ .


എന്ത് ചെയ്യണമെന്നറിയാതെ അവളെ അവനടുത്ത് തന്നെ കിടത്തിയ ശേഷം മുണ്ടെടുത്ത് അവന്റെ മുകളിലിട്ടു .


അവന്റെയീകോലം ശെമ്പകം കാണുമോയെന്ന പേടിയുണ്ടായിരുന്നെങ്കിലും തിരിഞ്ഞുനോക്കുമ്പോൾ അവൾ അടഞ്ഞുകിടക്കുന്ന വാതിൽ തുറക്കാനുള്ള ശ്രമത്തിലായിരുന്നു .


" അവശയായിക്കിടക്കുന്ന സീതയെ കണ്ടപ്പോൾ തന്നെയെനിക്ക് മനസ്സിലായിരുന്നു സാധാരണ ആദിവാസിയുടെ പോഷകാഹാരക്കുറവിനൊപ്പം ഈ നേരമത്രെയും മാറിമാറി കയറിയിറങ്ങിയ ആൺശരീരങ്ങളവളെ ജീവച്ഛവമെന്ന അവസ്തയി ലെത്തിക്കാതിരുന്നത് എന്തോ സുകൃതം .


ഹാളിലേക്ക് വെള്ളമെടുക്കാനായി ഞാൻ ചെല്ലുമ്പോൾ ശെമ്പകം ചെയറുവച്ചു ഫൈബർ വാതിലിന്റെ ലോക്ക് മുകളിലെ ഇത്തിരിവിടവിലൂടെ അവളുടെകത്തിയുപയോഗിച്ചു ശ്രമപ്പെട്ടു മുറി ക്കുകയായിരുന്നു ,

ക്രോധം പ്രതിഫലിക്കുന്ന ആ മുഖത്ത് ഒലിച്ചിറങ്ങുന്ന കണ്ണുനീർ ഒരു ജനവിഭാഗത്തിന്റെ നിസ്സഹായതയുടേതാണെന്ന് എനിക്കുതോന്നി .



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...