Friday 7 July 2017

"കേരളത്തിലെ ആദിവാസികൾക്കെവിടുന്നാണ് സാർ ത്രെഡ് ചെയ്ത പുരികവും , മുട്ടിലിഴയുന്ന മുടിയും, തൂവെള്ള നിറവും  "



"കുട്ടിയൊരു കാര്യം മനസ്സിലാക്കണം അങ്ങനെയൊക്കെ ഉണ്ടെങ്കിലേ ആളുകൾ ശ്രദ്ധിക്കൂ.  "കാണുന്നവർ കരുതുന്നത് ആയുർവേദത്തോട് ചേർന്നുജീവിക്കുന്നവരാണ് അവരെന്നാവും . "



'സാറേ ഹോട്ടലിൽ പോയി കാശ് കൊടുത്ത ഇഷ്ടമുള്ള ഭക്ഷണം കിട്ടും , നാവിന് രുചിവേണോ , ആരോഗ്യത്തിന് ഗുണം വേണോ എന്ന് കാശുകൊടുക്കുന്നവൻ തീരുമാനിക്കും .  പക്ഷേങ്കില്  ഉണ്ടാക്കുന്നത് വൃത്തിയോടെയും വെടിപ്പോടെയും നല്ല കൂട്ടുകൾ കൊണ്ടുമാണോ എന്ന് തീരുമാനിക്കേണ്ടത് ഉണ്ടാക്കുന്നവനാണ് "


""എന്തുപറഞ്ഞാലും ശരി നായികയായി സൂപ്പർ സ്റ്റാർസ് തന്നെ വേണം "



"എങ്കിൽ എനിക്കീ സിനിമ വേണ്ട സാറേ 
 , "



ടേബിളിനുമുന്നിൽ വായിച്ചുവച്ച എന്റെ സ്വപ്നത്തെ എടുത്ത് പിന്തിരിയുന്നത് അവർ അത്ഭുതത്തോടെ നോക്കുകയായിരുന്നു . വാതിലിനടുത്തുവരെ വന്നപ്പോഴാണ് എന്തായാലും അവസരം കിട്ടില്ല , അപ്പോൾ പിന്നെ രണ്ടുവാക്കെങ്കിലും പറയാതെ പോകുന്നത് ശരിയല്ലെന്നുള്ള ബോധം വന്നത് 




"സാർക്ക് അറിയില്ല എന്റെ കഥയ്ക്ക് ജീവനുണ്ട് , ഇതിൽ നിങ്ങളൊന്നും റേറ്റിങ്ങിന്റെ കാര്യം പറഞ്ഞു പറയാൻ മടിക്കുന്ന പച്ചയായ ജീവിതങ്ങളുണ്ട് . സിനിമ നടന്നില്ലെന്ന് വച്ച് അത് തിരുത്തിയെഴുതാനോ , കഥയുടെ ആത്മാവ് നശിപ്പിക്കാനോ ഞാൻ കൂട്ട് നിൽക്കില്ല 



നിങ്ങളെന്റെ തിരക്കഥ കഴിഞ്ഞ രണ്ട് മണിക്കൂറുകൾ കൊണ്ട് ഏകദേശം വായിച്ചുകഴിഞ്ഞു , വേണമെങ്കിൽ നിങ്ങൾക്കിത് സ്വന്തം വാക്കുകളിൽ തിരുത്തിയെഴുതാം . കോപ്പി റൈറ്റ് അവകാശപ്പെട്ടുകൊണ്ട് ഞങ്ങളെപ്പോലെയുള്ള പാവങ്ങൾ വരില്ലെന്നും നിങ്ങൾക്കറിയാം ... 



പക്ഷെ ഫൈനൽ പരീക്ഷയുടെ അന്നുപോലും നേരത്തേയെഴുന്നേറ്റു കുത്തിയിരുന്നെഴുതിയത് ഈ തിരക്കഥയാണ് . എന്തെന്നെറിയാമോ സിനിമയെ പ്രോത്സാഹിപ്പിക്കാനും പുതുമുഖങ്ങളെ കൊണ്ടുവരാനുമുള്ള ഈ ക്യാമ്പ് എന്റെ മോഹം ...ലക്‌ഷ്യം സഫലമാക്കുമെന്ന് ഒരുപാട് സ്വപ്നം കണ്ടിരുന്നു . 




സിനിമ നിങ്ങൾക്ക് കച്ചവടമായിരിക്കും പക്ഷെ ഞങ്ങളെപ്പോലുള്ള സിനിമാമോഹികൾക്ക് ജീവിതമാണ് സാറേ .... എന്നെങ്കിലും എപ്പോഴെങ്കിലും സ്വന്തം പേര് സിൽവർ സ്‌ക്രീനിൽ തെളിയുമ്പോൾ കാണികളുടെ മുഖത്തേക്ക് നോക്കി സംതൃപ്തിയടയാൻ മാത്രമാണ് ഞങ്ങളോരോരുത്തരും കൊതിച്ചത് . " 




അവർ അപ്പോഴും എന്നെത്തന്നെ ഉറ്റുനോക്കുകയാണ് 




"ഒരു സൃഷ്ടി പൊതുമധ്യത്തിൽ വയ്ക്കുമ്പോൾ സ്രെഷ്ട്ടാവ് ആഗ്രഹിക്കുന്ന കുറെയേറെ കാര്യങ്ങളുണ്ട് . "



"പേരും പ്രശസ്തിയും "



"അത് നിങ്ങൾക്ക് . പേരും പ്രശസ്തിയും മോഹിച്ചാണ് ഭാസനും ഷേക്സ്പിയറും നാടകങ്ങൾ എഴുതിയതെന്ന് നിങ്ങൾക്ക് പറയാനാവുമോ ?


പേരും പ്രശസ്തിയും മാത്രം  മോഹിച്ചാണോ ഖലീൽ ജിബ്രാനും കാളിദാസനും കവിതകൾ രചിച്ചത് ?


പേരും പ്രശസ്തിയും മോഹിച്ചാണോ ലോകം മുഴുവൻ അംഗീകരിച്ച  ഭാരതത്തിന്റെ വേദഗ്രൻഥങ്ങളും ആത്മീയതയും ആയുർവേദവും പേര് വ്യക്തമാക്കാതെ എഴുതിവെക്കപ്പെട്ടത് ?


പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമാണോ റൈറ്റ് സഹോദരന്മാർ തങ്ങളുടെ ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ചു വിമാനം കണ്ടെത്തിയത് ? 


ആയിരത്തിലേറെ തവണ തെറ്റിയിട്ടും എഡിസൺ ബൾബ് കണ്ടെത്തും വരെ പരീക്ഷണം തുടർന്നത് 


ഗാന്ധിയും കാസ്ട്രോയും മണ്ടേലയും ലിങ്കണും ജനസേവനത്തിനിറങ്ങിയത് 



ലോകമഹാകാവ്യങ്ങൾ ഉണ്ടായത് ?


ലോകോത്തര നിലവാരമുള്ള സിനിമകൾ ഉണ്ടായത് ?



മേ ബ്രിഡ്ജും ഫ്രീസ്‌ഗ്രീനും ചലച്ചിത്രങ്ങൾ സ്വപ്നങ്ങളിൽ മെനഞ്ഞു തുടങ്ങിയത് ?


ജീവിതം കൊണ്ട് ചാപ്ലിൻ ചിരിപ്പിച്ചത് ?


ഗ്രേറ്റ് ട്രെയിൻ റോബറി മുതൽ കോടിക്കണക്കിന് ചലച്ചിത്രങ്ങൾ അനുദിനം നിർമ്മിക്കപ്പെട്ടത് ?


മനുഷ്യൻ പരീക്ഷണം തുടങ്ങും മുൻപേ എ ട്രിപ്പ് ടു  മൂൺ റിലീസായത് ?


എന്തിനേറെ പറയുന്നു സർ സിനിമയെ ഭാരതത്തിൽ  സ്നേഹിക്കുന്നവർ നെഞ്ചോടു ചേർക്കുന്ന ഒരു അംഗീകാരം ഉണ്ടല്ലോ ....."



"യു മീൻ ഫാൽക്കെ പ്രൈസ് " ?  അത്രനേരത്തെ മൗനത്തിനുശേഷം അവരിലൊരാളെങ്കിലും പ്രതികരിച്ചത് ഇപ്പോഴാണ് 



"എക്സാക്റ്റ്ലി ... ഇന്ത്യയിൽ സ്വാതന്ത്രസമരം കൊടുമ്പിരി കൊള്ളുമ്പോൾ എതിർപ്പുകളെ വകവയ്ക്കാതെ നമ്മുടെ ചരിത്രവും , അവസ്ഥയും ,സ്വപ്നങ്ങളും ചലച്ചിത്രങ്ങളിലൂടെ പകർന്നു
തന്ന മനുഷ്യൻ.  എന്ത് പ്രശസ്തിക്കും പണത്തിനും വേണ്ടിയായിരുന്നു സാർ ?



നമ്മുടെ നാട്ടിലും ഉണ്ടായിരുന്നല്ലോ അനാചാരങ്ങളെ തലയിലേറ്റി ഭ്രാന്താലയമെന്ന വിശേഷണം സ്വീകരിപ്പെട്ട നാട്ടിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി സിനിമയുണ്ടാക്കാൻ ശ്രമിച്ചൊരു ഭ്രാന്തൻ ..... അല്ല ലോകം ഭ്രാന്തനെന്നും ദേശദ്രോഹിയെന്നും ആഭാസനെന്നും വിളിച്ച മനുഷ്യൻ ...പിൻ കാലത്ത് മലയാളസിനിമാലോകം കൈകൂപ്പി വാങ്ങിയ ജെ സി ഡാനിയേൽ ...



അദ്ദേഹത്തിന് ശേഷം എത്രപേർ വന്നു  സിനിമയെ ...അല്ല ..കലയെ ജീവനായി കണ്ടവർ ... എത്രയെത്ര താരോദയങ്ങൾക്ക് സാക്ഷ്യം വഹിക്കപ്പെട്ടു . പക്ഷെ ഈ താരോദയങ്ങൾ  സൃഷ്ടിച്ചവരെ ലോകം പെട്ടെന്നൊന്നും അംഗീകരിച്ചിട്ടില്ലെന്നുള്ളത് വസ്തുത . 



ആദ്യമൊക്കെ ബോളിവുഡ് മാത്രമല്ല ഇന്ത്യക്കാർ മുഴുവൻ ഉറ്റു നോക്കിയിരുന്നത് മലയാള സിനിമകളായിരുന്നു , കാരണം  അപ്പോൾ നമ്മുടെ സിനിമകൾക്ക് ജീവനുണ്ടായിരുന്നു ... ഇപ്പോൾ അവരുടെ നോക്കി കോപ്പിയടിച്ചു എരിവും പുളിയും മസാലയും കൂട്ടിക്കലർത്തി നിങ്ങളെല്ലാം കൂടെ സാധാരണക്കാരന്റെ മുന്നിലേക്ക് ഇട്ടുകൊടുക്കുന്ന സിനിമകൾക്ക് ജീവനുണ്ടായിരുന്നുവോ ?



ഒന്നുകഴിയുമ്പോൾ ഒന്ന് എന്നല്ലാതെ കലാകാരൻ എന്ന നിലയിൽ സംതൃപ്തി കിട്ടിയിട്ടുണ്ടോ ?



ചിന്താശേഷി പണയംവെച്ച യുവജനങ്ങൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു താരാരാധനയും ബിഗ് ബഡ്ജറ്റും കൊണ്ട് വിജയിപ്പിച്ചെന്ന് നിങ്ങൾ സ്ഥാപിക്കുന്ന സിനിമകളെ ആത്മാർത്ഥമായ മനസ്സോടെ ജനങ്ങൾക്ക് മുൻപിൽ ഇട്ടുകൊടുക്കാൻ സാധിച്ചിട്ടുണ്ടോ ? അല്ലെങ്കിലും തീയേറ്ററിൽ പോയി ഞങ്ങളീ സാധാരണക്കാർ തിരക്കിക്കുത്തി കാണുന്നതിന്റെ ഫലം കൊണ്ട് ജീവിക്കുന്നവരല്ലേ നിങ്ങൾ 



ഈ കുന്തമൊക്കെ പണ്ട് എ സർട്ടിഫിക്കറ്റ് എന്ന് എഴുതിയാണ് റിലീസ് ചെയ്തതെങ്കിൽ ഇപ്പോൾ ഒരു "കുടുംബം " കുത്തിക്കയറ്റി എ യു ആക്കി പുറത്തുവരുന്നത് കണ്ട് സ്വന്തം അമ്മയോ സഹോദരിയോ കൂട്ടുകാരിയോ എന്നില്ലാതെ സകലവളുമാരുടെയും ശരീരങ്ങളെ ആസ്വദിക്കാൻ തുടങ്ങിയൊരു തലമുറയെ സൃഷ്ടിച്ചുവച്ചതാരാണ് ?


ഡബിൾ മീനിങ് ശൈലിയിൽ നിന്നും അല്ലാതെ നർമം (കോമഡി ) നിങ്ങളുടെ എത്ര ചിത്രങ്ങളിൽ ഉണ്ടായിരുന്നു ? 

മാസ് ഡയലോഗ് അല്ലാതെ മനസ്സിൽ തൊട്ട വാക്കുകൾ ?

ഹൃദയം നിറച്ച സംഗീതം ?


സിനിമയെ നെഞ്ചോടു ചേർത്തു വളർന്നുവരുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കുവാൻ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ ? 


ഫെയ്സ്ബുക്കിലും , ബ്ലോഗിലും , യു ട്യൂബിലും ഒക്കെയായി ഇല്ലായ്മകളിൽ നിന്നും കടങ്ങളിൽ നിന്നും ഇവർ നിർമിക്കുന്ന സിനിമകൾക്ക് ഒരു പരിധിക്കപ്പുറം ജനപ്രീതിയുണ്ടാക്കിക്കൊടുക്കാൻ നിങ്ങളുടെ പുറകെ തുള്ളുന്ന തീയേറ്ററുകൾ മെനക്കെടാറുണ്ടോ ....



വർഷാവർഷം ഇറങ്ങുന്ന മികച്ച എത്രയോ നല്ല സിനിമകൾ അവാർഡ് വാങ്ങിക്കൂട്ടാനും , യു ട്യൂബിലും പേരെടുക്കാത്ത ചാനലുകളിലും മാത്രം റിലീസ് ചെയ്യേണ്ടിവരുന്ന ഗതികേടുണ്ടാക്കിയതിൽ നിങ്ങൾക്കൊന്നും പങ്കില്ലെന്ന് പറയാൻ കഴിയുമോ ? 



നിങ്ങളെപ്പോലുള്ളവർ പറയും ഇവർക്ക് എന്തിന്റെ കേടാണെന്ന് പക്ഷെ ഞങ്ങൾ പറയും "സംതൃപ്തിയെന്ന് " . ഒരു കലാകാരൻ തന്റെ സൃഷ്ടിയെ പൊതുജനത്തിനുമുന്നിൽ അവതരിപ്പിക്കുമ്പോൾ അവരിൽ നിന്നുള്ള കയ്യടികളുണ്ടല്ലോ  അതിലേറെ ഞങ്ങളൊന്നും മോഹിച്ചിട്ടില്ല 




ശരി സാർ വരട്ടെ , ഞാൻ ഈ ഈ ഓഡീഷനിൽ കിട്ടിയില്ലെന്ന് വച്ച് എന്റെ ശ്രമങ്ങൾ അവസാനിപ്പിക്കുകയൊന്നുമില്ല . തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് എന്റെയീ സംതൃപ്തിക്ക് വേണ്ടിയും ഞാൻ പ്രവർത്തിച്ചുകൊണ്ടേയിരിക്കും ....ബൈ "




പരമാവധി അവിടെയുള്ളവർ വെറുപ്പിച്ചു പുറത്തിറങ്ങുമ്പോൾനെഞ്ചോടു ചേർത്ത് മുറുക്കിപ്പിടിച്ച തിരക്കഥയുമായി നിൽക്കുന്നവരുടെ വരി എന്നെ ചെറുതായി വേദനിപ്പിച്ചു ... അറിയപ്പെടാതെപോകുന്ന ഒരായിരം ജീവനുള്ള കഥകൾ ആയിരുന്നു അവയ്ക്കുള്ളിലും എന്നെനിക്കറിയാം . കാരണം ഞാനും ഒരു സിനിമാമോഹിയാണ് 




ദിവസങ്ങൾക്ക് ശേഷം അന്നത്തെ ഓഡീഷൻ ന്റെ കാര്യം തന്നെ മറന്ന് കോളേജ് ജീവിതം പൂർത്തിയാക്കി ഫ്രഷേഴ്‌സിനെ ആകർഷിച്ച ഇൻഷുറൻസ് സെയിലിംഗും , മാർക്കെറ്റിങ്ങും , കോൽ സെന്ററും    വെറുത്ത്   നല്ലൊരു   ജോലിക്കുവേണ്ടി അലയുന്ന സമയത്താണ് എന്നെത്തേടി ആ മെയിൽ വരുന്നത് 


"ആഗ്രഹവും പരിശ്രമിക്കാനുള്ള മനസ്സും ആത്മസമർപ്പണവും ഉണ്ടെങ്കിൽ ലക്‌ഷ്യം കയ്യെത്തും ദൂരത്ത്‌ തന്നെയുണ്ട് കുട്ടി , തിരക്കഥ അന്നത്തെ ദേഷ്യത്തിൽ ചീന്തിക്കളഞ്ഞില്ലെങ്കിൽ പൊടിതട്ടി വെച്ചോളൂ , നമുക്കത് ചെയ്യാം .... കലയെ മറന്നുജീവിക്കേണ്ടി വന്നത് സാഹചര്യങ്ങൾ കൊണ്ടുമാത്രമാണ് എന്നതൊഴിച്ചാൽ എന്റെയുള്ളിലും ഉണ്ട് അവസരങ്ങൾക്കായി ആരുടെയൊക്കെയോ പുറകെ നടന്നൊരു സിനിമാമോഹി ..! 


സ്നേഹപൂർവ്വം 

**********************

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...