Friday 24 June 2016

രണ്ടു മൂന്നു ഞായറാഴ്ചകൾ ഒരുമിച്ചു എല്ലാവരും കൂടി നിർബന്ധിച്ചത് കൊണ്ടാണ് ചാച്ചൻ സിനിമയ്ക്ക് കൊണ്ട് പോകാം എന്ന് സമ്മതിച്ചത് .

ഞങ്ങളുടെ ആഗ്രഹം എന്തോ ദൈവത്തിനു ഇഷ്ട്ടമായിരുന്നില്ല എന്ന് തോന്നുന്നു മുക്കാൽ ഭാഗത്തോളം ടിക്കെറ്റും റിസേർവ് ചെയ്തതാണ് ,

എന്തായാലും ബാക്കിയുള്ളതിന് വേണ്ടി വരിയിൽ നിന്നാലും കിട്ടില്ല എന്നുറപ്പുള്ളത് കൊണ്ട് സെക്കന്റ്‌ ഷോ ആവും വരെ എവിടെയെങ്കിലും പോയിരിക്കാനും ,വേഗം വന്നു ടിക്കെറ്റ് എടുക്കാം എന്നെല്ലാം പെട്ടെന്ന് പ്ലാൻ ചെയ്ത് ഞങ്ങൾ സ്റ്റെഡിയം ഗ്രൗണ്ടിൽ എക്സിബിഷൻ കാണാൻ പോകാം അതുവരെ എന്ന് തീരുമാനിച്ചാണ് ചെന്നത് .

പക്ഷെ ഞങ്ങളുടെ വണ്ടിയൊന്നു പാർക്ക്‌ ചെയ്യാൻ കൂടെ സ്ഥലമില്ലാതെ ഗ്രൌണ്ട് നു ചുറ്റും ആളുകളും വാഹനങ്ങളും കൊണ്ട് നിറഞ്ഞിരുന്നു പിന്നെ സ്റ്റെഡിയത്തിന് അകത്തേക്ക് കയറി അവിടെയും മാരുതിയുടെ ഷോറൂം പോലെ നിരനിരയായി വണ്ടികൾ ,,,

കുറെ ദൂരം മുന്നോട്ടു വന്ന് ഒഴിവു കണ്ടിടത്ത്‌ കാർ പാർക്ക്‌ ചെയ്ത് ചച്ചനൊപ്പം ഞങ്ങളും നടന്നു , ഈ തിക്കിലും തിരക്കിലും പെട്ട് കാണാതെ പിള്ളാര് ആരെങ്കിലും പോയാലോ എന്ന പേടിയിൽ ഞങ്ങൾ ഒപ്പം ചേർന്ന് തന്നെയാണ് നടന്നത്
ടിക്കെറ്റ് കിട്ടാൻ ഇവിടെയും കുറച്ചു നേരം നിൽക്കേണ്ടി വന്നു,

ചെങ്കോട്ടയുടെ രൂപത്തിൽ ഉണ്ടാക്കിയ കവാടം കഴിഞ്ഞു നമ്മൾ അകത്തേക്ക് ചെല്ലുമ്പോൾ ആദ്യം ഒന്ന് അത്ഭുതപ്പെട്ടു പോവും കാരണം ചിത്രങ്ങളില മാത്രം കണ്ടിരുന്ന താജ്മഹൽ കണ്മുന്നിൽ കണ്ടപോലെ തോന്നി ആദ്യം ....

ചുറ്റും നോക്കി മതിലുകൾ എന്നപോലെ ഉണ്ടാക്കിയ ചുവരുകളിൽ ചരിത്രം എഴുതി വെച്ചിട്ടുണ്ട് . മുൻപിൽ വെള്ളക്കെട്ടും ഉണ്ട് ചുറ്റും ചെറിയൊരു ഉദ്യാനവും പിന്നെ സന്ദർശകർക്ക് ഉള്ള ഇരിപ്പിടങ്ങളും .ഒരു വശത്തുകൂടെ കയറി ആ സ്തൂപത്തിനു ചുറ്റുമൊന്നു കറങ്ങി വരാം.

പിന്നെ നമ്മുടെ സ്ഥിരം സ്വഭാവം അനുസരിച്ച് ഫോൺ മെമ്മറിയിൽ ഒരു ഞായറാഴ്ച്ചയുടെ ഓർമയായി സൂക്ഷിക്കാൻ കുറച്ചു ചിത്രങ്ങളും എടുത്തു . എങ്ങനെ പോയാലും പതിനായിരത്തോളം ആളുകൾ ഉണ്ടായിരുന്നിരിക്കണം അന്ന് .... വയസ്സ്സായവരും കുട്ടികളും ചെറുപ്പക്കാരും എല്ലാവരും ഉണ്ട് ,,,,

ചെറിയൊരു വഴിയിലൂടെ അകത്തേക്ക് കടക്കുമ്പോൾ നമ്മുടെ സ്വന്തം ഉത്സവപ്പറമ്പ് പോലെ തോന്നിപ്പിച്ചു . ചാച്ചന്റെ പോക്കെറ്റ് കാലി ആവും എന്ന് ഉറപ്പിച്ചു ഓരോ സ്റ്റളുകളായി കയറിയിറങ്ങി .

പറഞ്ഞ കാശ് കൊടുത്ത് സാധനം വാങ്ങി പരിചയം ഇല്ലാത്തത് കൊണ്ടാവണം ഞങ്ങളെ പോലെ തർക്കിച്ചു നില്ക്കുന്ന കുറെ പേരും ഒപ്പം സ്ടളിന്റെയും സാധനത്തിന്റെയും വില പറഞ്ഞു ദയനീയരെന്നു സ്വയം പറയുന്ന കച്ചവടക്കാരും പിന്നെ വലിപ്പച്ചെറുപ്പം ഇല്ലാതെ കൊറേ മനുഷ്യരും ....

സമയമായി പിന്നെ ഒരിക്കൽ വരാം എന്ന് ചാച്ചൻ ഓർമിപ്പിച്ചത് കൊണ്ട് ഷോപ്പിംഗ്‌ നെ വെച്ചും വലുത് സിനിമ ആണ് എന്ന് തോന്നിയത് കൊണ്ടും പിന്നെ ഒന്നും വാങ്ങാൻ നിന്നില്ല . വെറുതെ നടന്നു നടന്നു അവസാനം കണ്ട വാതിൽ വഴി കയറിയപ്പോഴാണ് അത്ഭുതം തോന്നിയത്, പിന്നെ ആർക്കും സിനിമ വേണ്ട എന്നായി .

കുട്ടികൾക്കുള്ള കളിക്കുന്ന വാഹനങ്ങൾക്ക് ഒപ്പം മുതിർന്നവർക്ക് പറ്റുന്നതും ഉണ്ട് അവിടെ പ്രയഭേധമന്യേ എല്ലാവരും ആഘോഷിക്കുകയാണ് ... സ്നേഹവും കരുതലും ഈർഷ്യയും ദേഷ്യവും അത്ഭുതവും പേടിയും സന്തോഷവും എല്ലാം ഞാൻ കണ്ടു ഓരോ മുഖങ്ങളിൽ ...

പക്ഷെ എന്നെ പെട്ടെന്ന് ആകർഷിച്ചത് ഉയരത്തിൽ കെട്ടി വെച്ച പലകയുടെ മുകളിൽ സിനിമ നടികളെ പോലെ വസ്ത്രധാരണം ചെയ്ത മൂന്നു പെൺകുട്ടികളാണ്. അവരെന്തിനാണ് അവിടെയിരിക്കുന്നത് എന്നെനിക്കു ആദ്യം മനസ്സീലായില്ല .പിന്നെയും കുറെ നേരം വീട്ടുകാരുടെ കൂടെ ആണ് നില്ക്കുന്നത് എങ്കിലും അവരെ നോക്കി നിന്നു.

ഒപ്പം തന്നെ അവർക്ക് നേരെ നീണ്ടു വരുന്ന ക്യാമറ കണ്ണുകളും അതിനൊപ്പവും അല്ലാതെയും നീണ്ടു വരുന്ന പല കാമത്തിന്റെ കണ്ണുകളും ഞെട്ടലോടെ ആണ് ഞാൻ കണ്ടത് . കുറച്ചു മുന്നിലായി നിന്ന ഒരുത്തൻ അവരുടെ ശരീരം മാത്രം സൂം ചെയ്ത് ഫോട്ടോ എടുക്കുന്നതും കണ്ടു .

ചാച്ചനു കാണിച്ചു കൊടുത്തപ്പോൾ മിണ്ടാതിരിക്കാൻ പറഞ്ഞു
പക്ഷെ ഇതെല്ലാം ഉണ്ടാവും എന്ന് അറിഞ്ഞിട്ടോ അതോ എന്തോ മടുപ്പോടെയോ ആണ് അവർ മൂവരും ഉയർത്തിക്കെട്ടിയ വെദിയിലിരുന്നതു.. അത്രനേരം കാണാത്ത ബാനർ ഞാൻ അപ്പോഴാണ്‌ കണ്ടത് .

സർക്കസുകാരാ അവരൊക്കെ എന്നെനിക്കു മനസ്സിലായി . പണ്ട് ഉത്സവത്തിന് കണ്ടിട്ടുള്ളത് പോലെ ഞങ്ങൾ പറയാറുള്ള "മരണക്കിണർ " അഭ്യാസത്തിനു വന്നവർ.

ആദ്യം സംശയം തോന്നി എന്തിനാണ് പെൺകുട്ടികൾ എന്ന് പിന്നെ പ്രകടനം തുടങ്ങുമെന്നുള്ള അറിയിപ്പ് കണ്ടപ്പോൾ ഞങ്ങളും പോയി ടിക്കെറ്റ് എടുത്തു . പത്തു മിനിട്ടോളം ഉള്ള പ്രകടനം തീരാറായി അടുത്ത പ്രദർശനം ഉടനെ തുടങ്ങുമെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു അവിടെ .

ഇപ്പോൾ പെൺകുട്ടികളെ കാണാനില്ല . അത്ര നേരം ഉണ്ടായിരുന്ന വാഹനങ്ങളുടെ ഇരമ്പൽ നിലച്ചപ്പോൾ അവർ തിരികെ വന്നു യാഥാസ്ഥനത്തിരുന്നു. മുകളിൽ നിന്നും അവിടെ കൂടി നിന്നിരുന്ന ജനങ്ങൾ തിരികെ ഇറങ്ങിത്തുടങ്ങി .ഇനി അവരെല്ല്ലാം വന്നെത്തിയതിന് ശേഷം ഞങ്ങൾക്ക് അകത്തേക്ക് പോകേണ്ടതാണ്

അകത്തു എന്താണ് എന്ന് ചെറിയൊരു അറിവ് ഉണ്ടായെങ്കിലും എന്തിനാ ഈ പെൺകുട്ടികൾ എന്ന സംശയമാണ് എന്നെ അലട്ടിയത് .... ഇരുമ്പുകൊണ്ട് ഉണ്ടാക്കിയ സ്റെപ്പിലൂടെ ഓരോരുത്തരായി ഇറങ്ങിയെത്തുന്നു ...ജാതിയോ മതമോ വർഗമൊ നിറമോ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും പ്രവേശനത്തിന് ഒരേ രീതിയാണ് ....

ഞങ്ങളുടെ ഊഴം വന്നപ്പോൾ വേഗം കയറി മുകളിലെത്തി .അപ്പോഴേക്കും അവിടെ ആദ്യ പ്രദർശനം തുടങ്ങിയിരുന്നു ഒരു പത്തു പതിനെട്ടു വയസ്സുണ്ടാവും ഹിന്ദിക്കാരൻ ആണെന്ന് തോന്നുന്നു ആ ചെറിയ ബൈക്കിൽ കിണർ പോലെ ഉണ്ടാക്കി വെച്ച വട്ടത്തിന് ഉള്ളിലൂടെ ബൈക്കിൽ കറങ്ങുകയാണ് .

അത്ഭുതത്തോടെ നാല് വയസ്സുള്ള എന്റെ അഭിയും ഞാനും ഒരുമിച്ചു നോക്കി കൊണ്ടിരുന്നു ...താഴെ നിന്നും ഒരു ചെറിയ പയ്യൻ എത്തി നോക്കണ്ട കുട്ടിയെ നോക്കൂ എന്നൊക്കെ കാണികൾക്ക് നിർദേശം കൊടുക്കുന്നുണ്ടായിരുന്നു ....

അവൻ ഓരോ റൌണ്ടിലും മുകളിലേക്ക് മുകളിലേക്ക് വന്നു കൊണ്ടിരുന്നു . ആ പ്രകടനം കാണുന്നതിൽ അധികം ആ കുട്ടിക്ക് ഒന്നും വരുത്തരുതേ എന്ന പ്രാർത്ഥനയായിരുന്നു. പക്ഷെ അവനു അതൊന്നും അറിഞ്ഞിരുന്നില്ല എന്ന് തോന്നുന്നു അവനറിയുന്ന ജോലി ആ അഭ്യാസ പ്രകടനം അത് കൂടുതൽ ഭംഗിയാക്കി കാണികളുടെ കയ്യടി നേടുക എന്നത് മാത്രം ആണ് എന്ന് തോന്നി .

അതിനൊപ്പം മുകളിൽ നിന്നു വർഷിക്കുന്ന പത്തിന്റെയും നൂറിന്റെയും അമ്പതിന്റെയും നോട്ടുകൾ ആ കൊച്ചു പയ്യൻ പെറുക്കി വെക്കുന്നുണ്ടായിരുന്നു .ടിക്കെറ്റ് നു ഒപ്പം ടിപ്സ് കൊടുക്കുന്ന നമ്മുടെ ഉദര മനസ്സെന്നോ അതോ അവിടെ ജീവിക്കാനായി വേഷം കെട്ടുന്നവരോട് ഉള്ള പരിഹാസമോ എന്നറിയില്ല പിന്നെയും വീണു കൊണ്ടേയിരുന്നു ...ബൈക്കിലൂടെ കറങ്ങുന്നവൻ കയ്യും കാലും ഒക്കെ വിട്ടു അതിലിരുന്നു ഓരോ അഭ്യാസങ്ങൾ കാണിച്ചു കൊണ്ടേയിരുന്നു ....
അവൻ താഴെ ഇറങ്ങിയപ്പോൾ ആണ് നേരെ ശ്വാസം വീണത്‌ . പക്ഷെ താഴെ നിർത്തിയ കാറുകൾ കൊണ്ട് വീണ്ടും കുറെ പേര് കൂടി ചേർന്ന് അവൻ നിർത്തിയിടത്ത് നിന്നും അഭ്യാസം ആരംഭിച്ചു .മൂന്നു കാറും നാല് ബൈക്കും ആ വട്ടത്തിന് ചുറ്റും ഓടി ആറോ ഏഴോ മീറ്റർ മുകളിൽ മുതൽ അവ ആ വട്ടം ചുറ്റാൻ തുടങ്ങി ..

മുൻപ് കണ്ട പെൺകുട്ടികളിൽ ഒരാൾ കാർ ഓടിക്കുന്നു .... മറ്റു രണ്ടു പെൺകുട്ടികൾ വേറെ വേറെ കാറുകളുടെ മുകളിൽ നിന്നു കൈ വിട്ടും കാലു വിട്ടും സൈഡിലൂടെ കറങ്ങുന്ന കാറിനു മുകളിൽ കയറി ബാലന്സ് ചെയ്തും ...വല്ലാത്തൊരു ബഹളം തന്നെയായിരുന്നു ..ഇ മൂന്നു കാറിനും ഒപ്പം നാല് ബൈക്കും കൂടിയുണ്ട് അപ്പോഴത്തെ അവസ്ഥ പറയെണ്ടാലോ....

പത്തു മിനിട്ടോളം ഉള്ള പ്രദർശനം കഴിഞ്ഞു താഴെ ഇറങ്ങി അവർ ഞങ്ങൾക്ക് വലിയ അഭ്യാസികളെ പോലെ കൈ വീശിക്കാണിച്ചു ...മറഞ്ഞു ...താഴെ ഇറങ്ങി വരമ്പോൾ വീണ്ടും കണ്ടു ആ പെൺകുട്ടികൾ ആ സ്ഥലത്ത് തന്നെ വന്നിരിക്കുന്നു . കുറച്ചു മുൻപ് കണ്ട ചിരിയില്ല മുഖത്തു ,അവിടെ വണ്ടിയോടിച്ച പല ചെറുപ്പക്കാരെയും കണ്ടു ..അവരുടെ മുഖത്തും ...

പക്ഷെ അപ്പൊഴെക്കുമ്മ് ഊഴം കാത്തു ആളുകൾ വന്നു കൊണ്ടിരുന്നു ..മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു ഞങ്ങൾ നടന്നു അകലുമ്പോഴും " ആറ് വയസ്സു മുതൽ അറുപതു വയസ്സുവരെയുള്ള കാണികളെ മുൾമുനയിൽ നിർത്തുന്ന അഭ്യാസ പ്രകടനങ്ങൾ ഉടൻ ആരംഭിക്കുന്നു ...."കാണികളെ വരൂ വരൂ ...ടിക്കെറ്റ് വില 50 രൂപ മാത്രം ...നിങ്ങളെ അത്ഭുതത്തിന്റെ ....
ഇന്ന് രാവിലെ എന്തോ സ്വപ്നത്തിൽ എനിക്കൊരു കുഞ്ഞു വാവയെ കിട്ടി
അത് എന്നെ നോക്കി കുറെ കരഞ്ഞു
ഞാൻ പതിയെ വിളിച്ചപ്പോൾ അത് എന്നെനോക്കി ചിരിച്ചു
കുറെ നേരം അതിനെ തന്നെ നോക്കിയിരുന്നു ....
എന്തെന്നറിയില്ല അപ്പോൾ എനിക്ക് അതിനോട് വല്ലാത്ത ഒരിഷ്ട്ടം തോന്നി
പിന്നെയും പിന്നെയും ഞാനതിനെ തന്നെ നോക്കിയിരുന്നു
കണ്ണെടുക്കാതെ നോക്കിയിരുന്നു ....
ഓരോ തവണയും അതിനോടെനിക്ക്‌ ഇഷ്ട്ടം കൂടി കൂടി വന്നു
ഞാനതിന്റെ നിറുകയിലോരുമ്മ കൊടുത്തു
അപ്പോളത് കൌതുകത്തോടെ എന്നെ നോക്കുന്നത് കണ്ടു
എനിക്കതിനെ എടുത്തു മടിയിൽ വെക്കാൻ തോന്നി ...
അതിനു വേദനിക്കാതെ ഞാൻ അതിനോട് ചേർന്നിരുന്നു
പതിയെ എടുക്കുമ്പോഴക്കും അടുക്കളയിൽ നിന്നൊരു വിളി
"സൊത്തൂ.... നീ ഇന്ന് പോകുന്നില്ലേ ആറുമണി കഴിഞ്ഞു "
മനസ്സില്ല മനസ്സോടെ ആ കുഞ്ഞിനെ അവിടെ കിടത്തിയിട്ട് ഞാൻ എണീച്ചു
അപ്പോഴും എന്റെ മനസ്സില് അതിന്റെ മുഖമായിരുന്നു അതിന്റെ കളിയും ചിരിയും
ഇടയ്ക്ക് ഞാനോടി വന്നു സ്വപ്നം തുടരാൻ നോക്കുമ്പോൾ എന്തോ ആ കുഞ്ഞു മാത്രം വന്നില്ല
ഞാൻ എല്ലായിടത്തും തിരഞ്ഞുനോക്കി .....
അവൻ സുഖമായി ഉറങ്ങുകയായിരുന്നു .......
അപ്പോൾ അവന്റെ ശാന്തമായ മുഖം കണ്ടപ്പോൾ എനിക്ക് തോന്നി ഞാനൊരു അമ്മയാണ് എന്ന് ആ കുഞ്ഞിന്റെ മാത്രം അമ്മ.....
ഞാൻ പിന്നെയും എന്റെ തിരക്കുകളിക്ക് പോയി .... എല്ലാം കഴിഞ്ഞു ഞാൻ തിരിച്ചു വന്നു ആ സ്വപ്നം തുടരാൻ നോക്കി ,,
കഴിഞ്ഞില്ല ,,
പിന്നെയുമേറെ തിരഞ്ഞു ഓർമയിൽ ,,,,
പക്ഷെ ആ കുഞ്ഞു മുഖം കാണാനായില്ല ,,...
എന്നെ നോക്കി ചിരിക്കുന്ന ആ കുഞ്ഞിനായ് ഞാൻ വീണ്ടും വീണ്ടും തിരഞ്ഞു ....
പക്ഷെ പിന്നെ അവനൊരിക്കലും വന്നില്ലെയെന്റെ സ്വപ്നത്തിൽ ...
എങ്കിലും കാണുന്ന കുഞ്ഞുങ്ങളിലെല്ലാം ഞാൻ അവനെ അന്വഷിച്ചു..
എന്നും നിരാശയായിരുന്നു ....
ആ തിരച്ചിലിന് ഇടയ്ക്ക് എനിക്കൊരു കാര്യം മനസ്സിലായി സ്വപ്നത്തിലെ കുഞ്ഞ് നഷ്ട്ടപ്പെടുമ്പോൾ എനിക്കിത്രേ വേദനിച്ചു എങ്കിൽ നോക്കി വളർത്തി കൈ വിട്ടു പോകുന്ന മക്കളെ ഓർത്തുള്ള വിലാപത്തിന് എത്രെ ആഴം കാണും ,,,????
നമ്മുടെ കൈ പിഴ കൊണ്ട് രോഗബാധിതരായി ജനിക്കുന്നു ഓരോ ദിനവും ലോകത്തിന്റെ കോണുകളിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ... അവരെ ഓർത്താൽ എത്രെ വേദനിക്കും ...???
അട്ടപ്പാടിയിലും വയനാട്ടിലും പോഷകാഹാരം ഇല്ലാതെ മരിച്ച കുഞ്ഞുങ്ങൾ വിലാപമായിരിക്കുമ്പോൾ തന്നെ അതിന്റെ പതിമടങ്ങ്‌ കുഞ്ഞുങ്ങൾ മരിച്ചു പോകുന്നു ഇതേ കാരണത്താൽ ലോകത്തിന്റെ പല കോണുകളിൽ ....
നമ്മുടെ ചുറ്റും കാണുന്ന കുട്ടികൾ സന്തോഷമായിരിക്കുന്നു അല്ലെങ്കിൽ എടുത്താൽ പൊങ്ങാത്ത പാഠങ്ങൾ പഠിപ്പിച്ചും കളിക്കാനുള്ള അവസരം നിഷേടിച്ചും ഡൊണേഷൻ കൂടുതൽ നൽകി സ്വന്തം കുഞ്ഞിനെ മാത്രം പഠിപ്പിക്കുന്നു ....
ഒരു വശത്ത്‌ വഴിവക്കിലെ തൊട്ടിലിൽ ചിലർ വിശന്നു കരയുന്നു .... ഇതാരുടെയും കുറ്റമല്ല നമ്മുടെ വ്യവസ്ഥിതികളെ പഴിചാരി രക്ഷപ്പെടാം നമുക്ക് പക്ഷെ ഓർക്കുക ഇന്നത്തെ തലമുറ നമ്മളാണ് നമ്മുടെ കർത്തവ്യം നാളെയുടെ സംരക്ഷണമാണ് ....
നല്ല ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജനിക്കുന്നു ചേരികളിൽ നാളത്തെ പൌരന്മാർ ... ഒരു വശത്ത്‌ നമ്മൾ ശിശുദിനം ഗംഭീരമായി ആഘോഷിക്കുമ്പോൾ ഒരു പിടി അന്നത്തിനായ് അവർ കുപ്പയിൽ തിരയുന്നു ...
പൈസ ഇല്ലെന്ന കാരണം കൊണ്ട് മാത്രം ചികിത്സ നിഷേധിക്കപ്പെട്ടു മരിച്ചു ജീീവിക്കുന്നു പലരും .... ഒരു കൈത്താങ്ങില്ലാതെ .....
ഏറ്റെടുക്കാൻ ആളില്ലാതെ അനാഥാലയങ്ങൾ നിറഞ്ഞു കവിയുന്നു ...
പക്ഷെ വീണ്ടും പിറക്കപ്പെടുന്നു വേദനിക്കാൻ മാത്രം വിധിക്കപ്പെട്ട ഇരുളിന്റെ സന്തതികൾ ...ഇരുളിന്റെ മറവിൽ കാമം തീർത്തപ്പോൾ ശേഷിച്ചത് ...
കുപ്പമേടുകളിൽ വലിച്ചെറിയപ്പെടുന്നു നവജാത ശിശുക്കൾ ... പിറക്കാതെ പോയ ബ്രൂണമെത്രെ ഭാഗ്യം ചെയ്തത് ...
അഭയാർത്തികളായി അന്യന്റെ അടുക്കള ജോലി വരെ ചെയ്യേണ്ടി വരുന്നു പലർക്കും ...
അടിമകൾ ആയി മാറുന്നു പലരും കുഞ്ഞിലെ തന്നെ ... എഴുതി പഠിക്കേണ്ട കുഞ്ഞുങ്ങൾ പണിയെടുത്ത് വളരുന്നു .... നാളത്തെ ജയിൽപ്പുള്ളികളായി മാറുന്നുവെങ്കിൽ കുറ്റം നമ്മുടേത്‌ തന്നെയാണ് ...സംശയമില്ല ....
ഭിക്ഷടനത്തിനായ് ഉപയോഗിക്കപ്പെടുന്നു വെയിലും മഴയും ഇല്ലാതെ നമുക്ക് മുന്നിൽ കൈ നീട്ടുന്നു ...
മൃഗീയമായി ക്രൂശിക്കപ്പെടുന്നു ...
ശാരീരികമായി ഉപയോഗിക്കപ്പെടുന്നു ......അത് പെണ്‍കുഞ്ഞ് ആണെങ്കിൽ പറയുകയും വേണ്ട ...
ഒരു വശത്ത്‌ നമ്മുടെ കുഞ്ഞുങ്ങൾ സന്തോഷിക്കുമ്പോൾ മറുവശത്ത്‌ ആയിരം കുഞ്ഞുങ്ങൾ കരയുന്നുണ്ട് .. ചാച്ചാജി പറഞ്ഞത് പോലെ കുട്ടികളുടെ മുഖത്തെ നിഷ്കളങ്കമായ ചിരി വിഷാദത്തിന്റെ ആവരുത് ഒരിക്കലും ....
ഇതൊരു കഥയാണ് സാധാരണക്കാരുടെ കഥ ....
നീണ്ടു നീണ്ടു പോകുമ്പോൾ വിരസമായ കാഴ്ചകളെന്നു തള്ളിക്കളയുന്ന നിങ്ങൾക്ക് മനസ്സിലാവാത്ത ഒരുപിടി ജീവിതങ്ങളുടെ കഥ .....
ചിലപ്പോൾ സൂപ്പർഹിറ്റ്‌ സിനിമകൾ മാത്രം ആഘോഷിക്കുന്ന നിങ്ങൾക്കിതൊന്നും മനസ്സിലായെന്നു വരില്ല ... ഇന്നും നടന്നുകൊണ്ടിരിക്കുന്ന കഥയാണ് .......
കഥയിൽ സ്ഥലമില്ലെങ്കിലും കാഴ്ചയിൽ പാലക്കാടൻ അതിർത്തി ഗ്രാമങ്ങളിലെ മലയാളം - തമിഴ് സംസ്കാരങ്ങളുടെ സ്വഭാവമുള്ള ഗ്രാമം ...
ഈ കഥയ്ക്ക്‌ ഇതുപോലുള്ള ലൊക്കേഷൻ തിരഞ്ഞു കണ്ടുപിടിച്ചവർക്ക് ആദ്യ അഭിനന്ദനങ്ങൾ ...!
ചുടു കിഴക്കൻ കാറ്റും നിരന്നു നിൽക്കുന്ന കരിമ്പനകളും ഉള്ള നാട്ടിലെ സാധാരണ ഓടിട്ട വീടും അകത്തളവും ,മുറികളും ,അടുക്കളയും ഏറെ പരിചയമുള്ളവ പോലെ തോന്നിപ്പിച്ചു .
വീടിനുമുന്നിൽ നിവർത്തിയിട്ടിരിക്കുന്ന പിരിയൻ കട്ടിൽ ചുമച്ച് ബീഡി വലിച്ചിരിക്കുന്ന മുത്തച്ഛൻ, അടയ്ക്കാ കുത്തിക്കൊണ്ടിക്കുന്ന ,അരി ചേരി കൊണ്ടിരിക്കുന്ന മുത്തശ്ശി ..
കട്ടൻ ചായ എല്ലാവർക്കും കൊണ്ട് ചെന്ന് കൊടുക്കുനൻ ആ കൊച്ചു വീട്ടിലെ പണികളെല്ലാം ചെയ്യുന്ന സാധാരണ വീട്ടമ്മ , റോൾഡ് ഗോൾഡ്‌ കമ്മലും ,മഞ്ഞച്ചരടും , പഴകിയ സാരിയും..
അതുപോലെ നമ്മുടെ നായികയ്ക്ക് പാവാടയും ജാക്കറ്റും പിന്നെ എണ്ണമയമുള്ള മുഴവും തലമുടിയും ...അവളുടെ കൂട്ടുകാരികൾക്കും രൂപം ഇത് തന്നെ ,...
സത്യം പറഞ്ഞാൽ നിങ്ങളിൽ പലരും കണ്ടിട്ട് പോലുമില്ലാത്ത എത്രയോ പേരുണ്ട് ഇങ്ങനെ ...ഈ വേഷത്തിൽ ... വീട്ടിലെ സ്നേഹ സമ്പന്നനായ ഗ്രിഹനാഥൻ ഭരതൻ...
ഇതവരുടെ കഥയാണ് ... അച്ഛനും അമ്മയും ഇല്ലാത്ത കല (ഭാമ ) എന്ന പതിനാല് വയസ്സുകാരി പെൺകുട്ടിയുടെ ജീവിതമാണിത്
അവളും മുത്തശ്ശിയും മുത്തശ്ശനും ഏറെ വയസ്സിന് മൂത്ത സഹോദരി നീലയും , ഭർത്താവ് ഭരതനും അടങ്ങുന്ന സന്തുഷ്ട കുടുംബം .
പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയും അവളുടെ കുട്ടിത്തവും എങ്ങും ഇരിക്കാതെ ഓടിച്ചാടി നടക്കുന്ന നിഷ്കളങ്കതയും ഒപ്പം അവളെ മകളെ പോലെ നോക്കുന്ന സഹോദരിയും ഭർത്താവും...
വിവാഹം കഴിഞ്ഞു ഏറെ നാളായിട്ടും മക്കളില്ലാത്ത സങ്കടവുമായി കഴിയുന്ന അവർ ഒരുപാട് ചികിത്സയും വഴിപാടും നടത്തുന്നുണ്ട് എങ്കിലും എല്ലാം വിഫലമാകുകയും നീലയ്ക്ക് (സജിത മടത്തിൽ) കുട്ടികൾ ഉണ്ടാവില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുന്നു .
ആദ്യം തന്നെ കുട്ടികൾ ഇല്ലാത്ത വിഷമത്തെ അവതരിപ്പിക്കുമ്പോൾ ഓരോ ദാമ്പത്യത്തിലും കുഞ്ഞുങ്ങൾ എത്ര പ്രധാനപ്പെട്ടതാണ് എന്ന് മനസ്സിലാവുന്നുണ്ട്
ഇതിനിടയ്ക്ക് പ്രായപൂർത്തിയാവുന്ന കല , അത് കണ്ടു അച്ഛന്റെ കടമ പോലെ പദസ്വരം വാങ്ങിക്കൊടുക്കുന്ന ഭരതനും നമ്മുടെ മുന്നിൽ പിന്നീട് തീരാ വേദനയായി മാറുന്നുണ്ട് . പുത്തൻ വെള്ളിക്കൊലുസ്സു കിട്ടുമ്പോഴുള്ള സന്തോഷവും ഋതുമതിയായ അത്ഭുതവും തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു
കുട്ടികളുണ്ടാവില്ല എന്നറിയുന്നതോടെ തകർന്ന് പോകുന്ന നീലയുടെ മനസ്സ് പ്രതിഫലിപ്പിക്കാൻ സജിതയ്ക്ക് നന്നായി കഴിഞ്ഞു ,
ഏതൊരു പെണ്ണിന്റെയും ഭാഗ്യം എന്നത് അമ്മ ആവാനുള്ള കഴിവാണ് എന്നും, അതില്ലാത്തവർ ഒന്നിനും കൊള്ലാത്തവർ ആണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവുന്നത് നമ്മെ ഒരുപാട് വേദനിപ്പിക്കും ..അല്ലെങ്കിലും അത് ആ അവസ്ഥ ഏതു പെണ്ണിനും സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്
പതിവ് തെറ്റി അന്ന് സ്കൂളിൽ പോകുമ്പോൾ ടിഫ്ഫനിൽ ചോറ് ആക്കിക്കൊടുക്കാത്തത് കണ്ട് അത്ഭുതപ്പെടുന്ന കല ചേച്ചിയുടെ അവസ്ഥയും ചേട്ടന്റെ മദ്യപാനിയിലെക്കുള്ള മാറ്റവും ഒപ്പം കുടുംബത്തിന്റെ തകർച്ചയും മനസ്സിലാക്കുന്നു .
രണ്ടാം വിവാഹത്തിനുള്ള ഭരതന്റെ എല്ലാവരെയും പോലുള്ള അഭിപ്രായത്തിന് നീല കണ്ടെത്തുന്നത് "കലയെ " ആണ് . മകളായി കണ്ട പെൺകുട്ടിയെ അങ്ങനെ കാണാൻ സാധ്യമല്ലെന്ന് പറഞ്ഞ് പുറത്തിറങ്ങി മരച്ചോട്ടിൽ ഇരുന്നു കരയുന്ന ഭരതൻ (നന്ദു ) മികവുറ്റ അഭിനയം കാഴ്ച വെച്ചിരിക്കുന്നു
ചേച്ചിയുടെ സങ്കടം കണ്ട് സമ്മതിക്കേണ്ടി വരുന്ന അനിയത്തിയും ...പേരക്കുട്ടിയെ ഇങ്ങനെയൊന്നിനു വിട്ടുകൊടുക്കുക എന്നറിയുമ്പോൾ വേദനിക്കുന്ന ,പൊട്ടിതെറിക്കുന്ന മുത്തശ്ശിയും മുത്തശനും എല്ലാം അറിഞ്ഞിട്ടും കുഞ്ഞു എന്നുള്ള മോഹത്തിന് വേണ്ടി കുടുംബം നഷ്ട്ടമാവാതിരിക്കാൻ ഉള്ള നീലയുടെ ശ്രമവും ,,
,തന്റെ ഭർത്താവിനെ മറ്റൊരുത്തി നോക്കുന്നത് പോലും ഇഷ്ട്ടമാല്ലാത്ത പെണ്ണ് എല്ലാത്തിനും മുൻ കയ്യെടുക്കുന്ന രംഗങ്ങൾ ഏറെ ഹൃദയസ്പർശിയാണ് .ഒപ്പം ഓരോരുത്തരുടെ മനോവികാരങ്ങളും നമ്മെ ഏറെ വിഷമിപ്പിക്കും
ഭരതന്റെ മുറിയിലേക്ക് കലയെ ഉടുത്തു ഒരുക്കി വിടുന്നതും ....ഇടയ്ക്ക് കരഞ്ഞു കൊണ്ട് ഉലഞ്ഞ സാരിയും മുടിയുമായി അവൾ പേടിച്ചു തിരിച്ചെത്തുമ്പോഴും പിന്നെയും കരയാതെ ശത്രുവിനെ പോലെ അവളെ വീടും മുറിയിൽ ചെന്നാക്കി വാതിലടയ്ക്കുന്ന നീല ...
പിറ്റേന്ന് എല്ലാം നശിച്ചവളെ പോലെ ഇറങ്ങി വരുന്ന കലയെ നോക്കി എല്ലാം മനസ്സിൽ അടക്കിപ്പിടിച്ച് കട്ടിലിലേക്ക് ഭർത്താവിനുള്ള ചായയുമായി പോവുന്ന നീല തലേ ദിവസം രാത്രിയിൽ കലയുടെ കന്യകാത്വം നഷ്ട്ടപ്പെട്ടതായി മനസ്സിലാക്കുന്നു ...
പ്രായമാവാത്ത പെൺകുട്ടിയുടെ ഗർഭധാരണത്തെ കുറിച്ച് ഡോക്ടർ ആശങ്കപ്പെടുമ്പോൾ സന്തോഷിക്കുന്ന കുടുംബവും ...ഇനി സ്കൂളിലേക്ക് വരുന്നില്ലെന്ന് പറയുന്ന കലയും ..... അതിനു ശേഷമുള്ള ഭരതന്റെ ആകസ്മികമായ മരണവും ആ കുടുംബത്തെ തകർത്തുന്നു
ഇടയ്ക്കുവെച്ചു ഭരതനോട് ചെറിയ വെറുപ്പ്‌ തോന്നുന്ന കല അയാളെ പഴയ പോലെ ചേട്ടന്റെ സ്ഥാനത്ത് തന്നെ കണ്ട് നോക്കുകയാണ് ...
ഒരുവർഷത്തിന് ശേഷം പഴയതുപോലെ അവളെ സ്കൂളിലേക്ക് അയക്കാൻ ശ്രമിക്കുന്ന നീലയും ...ചേച്ചിയുടെ തീരുമാനത്തെയും നന്നായി പഠിക്കുമായിരുന്ന ആ പഴയ കാലവും മാനിച്ച് പഠിക്കാൻ തീരുമാനിക്കുന്നു
ഭരതൻ മരിച്ചുകിടക്കുമ്പോൾ രണ്ടു ഭാര്യമാരുടെയും പൊട്ടും വളയും അഴിക്കുക എന്ന ചടങ്ങ് നിർവഹിക്കുന്ന സ്വതവേ ദേഷ്യക്കാരിയും കലഹിയുമായ വേഷം അഭിനയ മികവുകൊണ്ട് കുളപ്പുള്ളി ലീല അനശ്വരമാക്കി .ഒപ്പം തന്നെ എടുത്തു പറയേണ്ട അഭിനയം കൊച്ചു പ്രേമന്റെയാണ് ഭരതന്റെ സുഹൃത്തായി
കൊച്ചു പെൺകുട്ടി കളിക്കുന്നത് നോക്കി നിൽക്കുന്ന കലയും , പഠിക്കുമ്പോൾ അകത്തു നിന്നുള്ള കുഞ്ഞിന്റെ കരച്ചിൽ ശ്രദ്ധ തിരിക്കുന്ന മാതാവിന്റെ അവസ്ഥയും ...ഒപ്പം മുലപ്പാൽ നനഞ്ഞ വസ്ത്രവും ....കൊച്ചു പെൺകുട്ടിയും അവൾ അമ്മയാവുന്ന തിരിച്ചറിവും നമ്മളെ വേദനിപ്പിക്കുന്നു ...
കുഞ്ഞിനെ കയ്യിൽ വച്ച് പഠിക്കുന്ന പെൺകുട്ടി നമ്മുടെ മുന്നിൽ ചോധ്യചിഹനമാക്കി കഥ അവസാനിക്കുന്നു ....!
അമ്മയാവാനുള്ള പെണ്ണിന്റെയും അച്ഛനാവാനുള്ള ആണിന്റെയും മോഹത്തെ സാധാരണക്കാരുടെ ജീവിതത്തിലൂടെ കാണിച്ചു തരുന്നു ഒപ്പം രമേശ്‌ നാരായണന്റെ വരികൾ അവരുടെ സങ്കടവും സന്തോഷവും ഗാനത്തിലാക്കിയപ്പോൾ ആ ചിത്രങ്ങൾക്കും അവർ കണ്ടതും പരിചയിചതുമായ സ്ഥലങ്ങൾ മാത്രം . അതി ഭവുകത്വമില്ലാത്താ തിരക്കഥയും മികച്ച അഭിനേതാക്കാളും...അഭിനയ സാധ്യതയുള്ള കഥയും
ഇത് നടന്ന കഥയാണ് ..നടക്കപ്പെട്ടുകൊണ്ടിരിക്കുന്നത് .... ഇതിൽ പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ നശിപ്പിക്കുന്നത് തെറ്റാണ് എന്നിരിക്കെ തന്നെ സിനിമയ്ക്ക് ശേഷം "ദുരന്തചിത്രം " എന്നല്ലാതെ ഏതു കഥാപാത്രത്തെയും വിമർശിക്കാൻ സാധിക്കാതെ വരുന്നു .
ഇവിടെ മനുഷ്യത്വവും മാനുഷിക വികാരങ്ങളും തമ്മിലുള്ള സംഘർഷമാണ് സംവിധായകൻ തന്മയത്തത്തോടെ അവതരിപ്പിക്കുന്നത്‌, ഒപ്പം ചുറ്റുപാടുകളും സാഹചര്യങ്ങളും കൊണ്ട് തെറ്റിനെ തെറ്റാല്ലാതെയാക്കുന്ന കഥ .
ചിത്രം : ഒറ്റ മന്ദാരം
കഥ :തിരക്കഥ : സംഭാഷണം : അജയ് മുത്താന
സംവിധാനം : വിനോദ് മങ്കര
"ഇന്ത്യയിലെ കുടുംബ ബന്ധങ്ങൾ "കോഴിക്കൂട് " പോലെയാണ് അതിനു ചുറ്റും വട്ടമിട്ടു നടക്കുകയല്ലാതെ പുറത്തു കടക്കാൻ ഭയമാണ് - അരവിന്ദ് അഡിഗ (വൈറ്റ്‌ റ്റൈഗെർ)"
എലിപ്പത്തായം എന്ന സിനിമ കാണും മുൻപ് ഇത് മനസ്സിലിരിക്കട്ടെ ,
കഴിഞ്ഞ കാല അവശിഷ്ടങ്ങൾ എന്ന് തോന്നാവുന്ന സാധാരണ മലയാളകുടുംബത്തിലെ നിത്യോപയോഗ സാധനങ്ങൾക്ക് മീതെ ഉള്ള മലയാളത്തിൽ മാത്രമുള്ള "സഹായികളുടെ പേരെഴുതി കാണിക്കുന്നത് മുതൽ നമുക്ക് മനസ്സിലായി തുടങ്ങും "അടൂർ ഗോപാലകൃഷ്ണൻ " എന്ന മലയാളഭാഷാ സ്നേഹിയായ മലയാളിയുടെയും മികച്ച സംവിധായകന്റെയും സിനിമയോടുള്ള പ്രതിപത്തി
ഈ സിനിമയുടെ തിരക്കഥയും .കഥയും അദ്ദേഹത്തിന്റേത് തന്നെ . അവാർഡ്‌ സിനിമകൾ എന്ന ഗണത്തിൽ അവയെ ഒതുക്കി നിർത്തുന്നതിന് മുൻപ് "ലോകം അംഗീകരിച്ച " കലാകാരന്റെ സിനിമകൾ നാം ഒന്ന് കണ്ടു നോക്കുകയെങ്കിലും വേണമായിരുന്നു
(കേരളത്തിൽ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയതും ദേശീയ നിലവാരത്തിൽ മലയാള സിനിമയ്ക്ക് സ്ഥാനം നേടിക്കൊടുക്കാൻ ശ്രമിച്ചവരിൽ എടുത്തു പറയേണ്ട ആളുമാണ് പത്മശ്രി ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ ,
ജീവിതം മുഴുവൻ സിനിമയ്ക്ക് വേണ്ടി ഉഴിഞ്ഞു വച്ച അദ്ദേഹത്തിന് രാജ്യം പത്മശ്രീയും ,ദാദ സാഹെബ് ഫാൽക്കെ പുരസ്കാരവും നേടി അംഗീകരിച്ചതിൽ നാം അഭിമാനിക്കണം )
പൂട്ടിക്കിടക്കുന്ന പത്തായത്തിന് മുന്നിൽ "എലിപ്പത്തായം " എന്നെഴുതി കാണിച്ച് സിനിമ തുടങ്ങുന്നു
പിന്നെ താക്കോലും ,പഴയ ഘടികാരവും ,ഭരണിയും ,തൂക്കുവിളക്കും,നിലവിളക്കും , ഓട്ടു വിളക്കും (മണ്ണെണ്ണ ),ഇരിപ്പിടവും ,ദ്രവിച്ചു തുടങ്ങിയ തൂണും ,മുകളിലെ മറ്റുമരപ്പണികളും കഴിഞ്ഞുപോയ സംസ്കാരത്തെ ഓർമ പെടുത്തുന്നു
, പഴയ തറവാടിന്റെ വ്യത്യസ്ത തലങ്ങളിൽ നിന്നുമുള്ള മേൽക്കൂരയും, ചാരുകസേരയും അവസാനം പൂട്ടും കാണിച്ചുകൊണ്ട് അവസാനിക്കുന്ന സഹായികളുടെ ലിസ്റ്റ്
കേരളത്തിൽ അന്ന് നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായവും ഫ്യൂടൽ വ്യവസ്ഥിതിയുടെയും കലർപ്പില്ലാത്ത പ്രതിഫലനം ഇവിടെ കാണാൻ സാധിക്കും . കുടുംബ സ്വത്തുക്കളിൽ ആൺ മക്കൾക്ക്‌ അവകാശമില്ലാത്ത പുരാതന നായർ തറവാടാണ് അവരുടേത് .
(സ്വത്തുക്കൾ പെൺ മക്കൾക്കും, ആണ്മക്കൾ "കാരണവർ " എന്ന സ്ഥാനത്തും ഒതുങ്ങി നിൽക്കുന്നു, ഇവർ വിവാഹം ചെയ്യുന്നതിനെ അതുകൊണ്ട് തന്നെ സംബന്ധം കൂടുക എന്നാണു പറയുക ).
ആദ്യ രംഗം തന്നെ രാത്രിയിൽ എലിയെ പിടിക്കാൻ ടോർച്ചുമായി പേടിച്ചു പിന്നാലെ ഓടുന്ന ഉണ്ണിയും ,ശ്രീദേവിയും ,രാജമ്മയുമാണ്. അതിൽ നിന്ന് തന്നെ ഉണ്ണി എന്ന കഥാ പാത്രത്തിന്റെ പ്രായത്തിനുള്ള പക്വത ഇല്ലായ്മ കാണാൻ കഴിയും . എല്ലാ കാര്യത്തിനും സഹോദരിമാരെ ആശ്രയിക്കേണ്ടി വരുന്ന ആളാണ്‌ ഉണ്ണി
ഉണ്ണി എന്ന ഉത്തരവാദിത്തം ഇല്ലാത്ത മടിയനയായ കാരണവർ തന്റെ മൂന്നു സഹോദരിമാരുടെ കൂടെ താമസിക്കുന്നു , പക്ഷെ കഥയിൽ ആദ്യം തന്നെ ജാനമ്മ മാറി താമസിക്കുന്നുണ്ട്. അവരുടെ മകൻ ഇടയ്ക്ക് സ്വത്ത് ചോദിച്ചു വരുന്ന രംഗവും ഉണ്ട് ,ശേഷം മറ്റു രണ്ടു പേരുമാത്രമേ ഉള്ളൂ വീട്ടിൽ
തട്ടിൻപുറത്തുനിന്ന് എലിപ്പത്തായം കൊണ്ട് വന്നു വൃത്തിയാക്കുന്ന ശ്രീദേവിയെ കാണുമ്പോൾ ആ ഉപകരണത്തിന്റെ കഥയാണ് എന്ന് തോന്നുമെങ്കിലും അതിലൂടെ നമ്മുടെ വ്യവസ്ഥകളോടുള്ള പുച്ഛം കാണാം
ഉണ്ണിയെ ഭയപെടുത്തുന്ന എലിയെ അതുവച്ച് ശ്രീദേവി പിടിക്കുമ്പോൾ ആശ്വസിക്കുന്ന ഉണ്ണി . അതിനെ കൊണ്ടുപോയി കുളത്തിൽ മുക്കി കൊല്ലുന്ന ശ്രീദേവി , പുറത്തേക്ക് പോകാനൊരുങ്ങുമ്പോൾ ഉണ്ണിക്ക് ചെരുപ്പും കുടയും എടുത്തു കൊടുക്കുന്ന രാജമ്മ , നടക്കുന്ന വഴിയിലെ ചെളി വെള്ള കെട്ടുകണ്ട് പകച്ചു നിൽക്കുന്ന ഉണ്ണി, അടിയാൻ ചെറുക്കൻ തലയിൽ ചക്കയും കയ്യിൽ മണ്ണെണ്ണയുമായി വരുന്നത്,പശുവിനെ ആട്ടി വിടാൻ പോലും രാജമ്മയെ വിളിക്കുന്ന മടി
അവസാനം കുറച്ചുനേരം ആലോചിച്ചു നിന്ന് ചെരുപ്പൂരി കയ്യിൽ പിടിച്ച് തിരികെ വീട്ടിലേക്കു മടങ്ങുന്ന ഉണ്ണി , എന്താ പരിപാടിക്ക് പോയില്ലേ ചോദിക്കുമ്പോൾ കാലിൽ ചെളിയായത് കാരണം പറഞ്ഞു അകത്തേക്ക് വരുന്ന ഉണ്ണി തുടങ്ങിയവ സിനിമയുടെ സാഹചര്യത്തെ കുറിച്ച് സംവദിക്കുന്നു
അതിനിടയ്ക്ക് കയറി വരുന്ന മാമൻ രാജമ്മയുടെ വിവാഹ കാര്യം പറയുമ്പോൾ താല്പര്യമില്ലാത്ത വിധം പെരുമാറുന്നു , അവൾക്ക് പ്രായം കടന്നത്‌ കൊണ്ട് നല്ല ആലോചന വരുന്നില്ലെന്ന് പറഞ്ഞു ഒഴിയുന്നു .
അപ്പോൾ മാമൻ നല്ല ബന്ധം കിട്ടിയെന്നും രണ്ടാം വിവാഹമാണ് ,നല്ല പയ്യനാണ് എന്നെല്ലാം അറിയിക്കുകയും അവർ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല കുടുംബത്തിൽ നിന്നും സാധാരണ പോലൊരു ഷെയർ കൊടുക്കുമല്ലോ എന്ന് ചോദിക്കുമ്പോൾ അതുകേട്ട് അതുവരെയുള്ള വിഷാദ ഭാവം മറന്നു നാണത്തോടെ പുഞ്ചിരിക്കുന്നുണ്ട്‌ അവിടെ മാത്രം രാജമ്മ
പക്ഷെ അതിനോടുള്ള ഉണ്ണിയുടെ മനോഭാവം അവളെ വേദനിപ്പിക്കുന്നു , തന്റെ കുടുംബത്തെ അപമാനിക്കുകയാണോ രണ്ടാം കെട്ടുകാരനെ തന്റെ പെങ്ങൾക്ക് ആലോചിച്ച് ,ഞങ്ങളുടെ കുടുംബ മാനവും പോകില്ലേ എന്ന് പറഞ്ഞു വേണ്ടെന്ന് പറയുമ്പോൾ വീണ്ടും വിഷാദത്തിലാകുന്ന രാജമ്മ ....അവളുടെ ജോലികൾ .....മാനസികാവസ്ഥ ...തുടങ്ങിയവ ശാരദ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്
ഏതൊരു പെണ്ണിനും ഉണ്ടാകും മോഹങ്ങളും സ്വപ്നങ്ങളും ,പക്ഷെ രാജമ്മയെ മാത്രം ആരും ശ്രദ്ധിക്കുന്നില്ല . ഇതൊരു പെണ്ണിന്റെ കഥയാണ് ജീവിതത്തിൽ പ്രതീക്ഷകളില്ലാത്ത പെണ്ണിന്റെ കഥ . ഇന്നും ജീവിക്കുന്ന ഒരുപാട് സ്ത്രീകളുടെ കഥ . കരിപുരണ്ട ജീവിതമെന്ന് പറയുന്നത് പോലെ ..ഒപ്പം സ്വാർത്ഥനായ സഹോദരന്റെയും
അനിയത്തി തന്റെ കോളേജ് വിശേഷങ്ങൾ പറയുമ്പോഴും തുള്ളിച്ചാടി നടക്കുമ്പോഴും ,ഒരുങ്ങുമ്പോഴും തനിക്കു നഷ്ട്ടമായ ജീവിതത്തെയും പ്രസരിപ്പുള്ള കാലത്തെയും ഓർത്ത്‌ വിഷമിച്ചു ദുഖ പുത്രിയാവുകയാണ് കഥയിൽ . ഒപ്പം വീട്ടിലെ ജോലികൾ നിർത്താതെ ചെയ്യുന്ന യന്ത്രം പോലെ അവൾ ജീവിക്കുന്നു സഹോദരനെ പരിചരിക്കുന്നതിൽ കൂടുതൽ ശ്രദ്ധിച്ച് കൊണ്ട് .
ഈ കുടുംബത്തിൽ പുറം ലോകവുമായി ബന്ധപ്പെടുന്ന ഒരാൾ ശ്രീദേവി മാത്രമാണ് ,സ്വപ്നങ്ങളുടെ ലോകത്താണ് അവൾ ഇപ്പോഴും . ഒരു ടൂട്ടോറിയൽ കോളേജിൽ പഠിക്കുന്നു , ചുറുചുറുക്കുള്ള അവളുടെ ഭാഗം അവതരിപ്പിക്കുന്നത്‌ ജലജയാണ് . രാജമ്മയ്ക്ക് നിറം മങ്ങിയ വസ്ത്രവും ശ്രീദേവിക്ക് നിറമുള്ള വസ്ത്രവും തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു
ആ കുടുംബത്തിൽ വിപ്ലവം ഉണ്ടാക്കുന്നത്‌ പോലെയാണ് ശ്രീദേവിയുടെ പ്രണയം . പത്രം നോക്കുന്നതിനിടയ്ക്കു എന്തോ കുറിക്കാനായി രാജമ്മയോടു പേപ്പറും പേനയും എടുക്കാൻ ഉണ്ണി പറയുമ്പോൾ ആരും വിളി കേൾക്കുന്നില്ല,
തുടർന്ന് പുറകുവശത്ത്‌ ജോലി ചെയുന്ന സഹോദരിയെ വിളിക്കാതെ ശ്രീദേവിയുടെ മുറിയിൽ കയറി നോട്ട് ബുക്കിന്റെ എഴുതാത്ത പേജ് തിരയുമ്പോൾ അപ്രതീക്ഷിതമായി പ്രേമലേഖനം കാണുന്നതോടെ കഥയിൽ മാറ്റം വന്നു തുടങ്ങുന്നു അല്ലെങ്കിൽ ഒരു "ഇന്റർവെൽ"
പക്ഷെ ഉണ്ണി ഒന്നും പ്രതികരിക്കുന്നില്ല , അതിനിടയ്ക്ക് അയാളുടെ ഉത്തരവാദിത്വം ഇല്ലായ്മ ബോധ്യപ്പെടുത്തും പോലെ തേങ്ങ കക്കാൻ കള്ളന്മാർ രാത്രിയിൽ വരുന്നു ,സഹോദരിമാർ അയാളെ വിളിക്കുന്നുണ്ടെങ്കിലും അയാള് തിരിഞ്ഞു കിടക്കുന്നു
ശേഷം മൂത്ത സഹോദരിയും മകനും ഭാഗം ചോദിച്ച് കയറിവരുന്നു , ഉണ്ണി വരും മുൻപ് അവരുടെ കാല് തടവിക്കൊടുക്കുന്ന രാജമ്മ പെൺ മക്കളുടെ വിശേഷം ചോദിക്കുന്നതും "മകൾ ഗർഭിണി ആണെന്നും പ്രസവത്തിനു വരുന്ന ചെലവും " പറയുമ്പോൾ വീണ്ടും രാജമ്മയുടെ മനസ്സ് ശിഥിലമാകുന്നു ...വിവാഹം കഴിയാത്തതും ,മക്കൾ ഉണ്ടാകാത്തതും ഏതു പെണ്ണിനും താങ്ങാനാവില്ല എന്ന് നമ്മെ അറിയിക്കും പോലെ
അടുത്ത ദിവസം രാവിലെ രാജമ്മയ്ക്ക് കലശലായ വയറുവേദന വരുമ്പോൾ വീടിലെ ചിട്ടകൾ താളം തെറ്റുന്നു , ശ്രീദേവിയോട് ജാനമ്മ ചായ ഉണ്ടാക്കാൻ ഏൽപ്പിക്കുമ്പോൾ "കോളേജിൽ പോകാൻ നേരമായെന്നു പറഞ്ഞു ഒഴിയുന്നു " . അതിനിടയ്ക്ക് ഉണ്ണിയുടെ ചായയ്ക്കായ് ഉള്ള വിളി വരുമ്പോൾ ആ വേദനയിലും അവൾ എഴുന്നേറ്റ് ജോലി ചെയ്യുകയാണ് .
പതിയെ പതിയെ അവൾ കിടപ്പാകുമ്പോൾ വീടിലെയും അയാളുടെയും കാര്യങ്ങൾ അവതാളത്തിൽ ആകുന്നു , ഒപ്പം യുവാവായ ജാനമ്മയുടെ മകന്റെ സിനിമയ്ക്ക് പോക്കും ,സിഗരട്റ്റ് വലിയും തന്റെ തലയണയുടെ അടിയിലെ പൈസ എടുത്താണ് എന്നയാൾ മനസ്സിലാക്കുന്നു ,പക്ഷെ പ്രതികരിക്കുന്നില്ല അപ്പോഴും .
വിരുന്നിനെത്തിയ ജാനമ്മ ഉണ്ണിയോട് സ്വത്തുക്കൾ വേണമെന്നും ഇല്ലങ്കിൽ ഭർത്താവ് വരുമെന്നും ഭീഷണിപ്പെടുത്തുന്നു . അന്ന് വൈകീട്ട് ഏറെ വൈകി വന്നു ഉറങ്ങുന്ന അയാളെ ഉണർത്തുന്നത് രാജമ്മയുടെ "ശ്രീദേവിയെ കാണുന്നില്ല " എന്ന വിളിയാണ് .
ശേഷം ശ്രീദേവിയെ അന്വഷിക്കാതിരിക്കുന്നത് കാര്യം അറിയാവുന്നത് കൊണ്ടാണോ ? തന്നെ ഈ ലോകത്ത് നിന്നും തിരിച്ചു വിളിക്കാൻ അവൾ ദൈവത്തോട് പറയുന്നു ...വൈകാതെ പാത്രം കഴുകുന്നതിന്‌ ഇടയിൽ വേദന കലശലാകുകയും വീണു പോകുകയും ചെയ്യുന്നു .
പിറ്റേന്ന് പാല് കൊടുക്കാൻ വരുന്ന പെൺകുട്ടി വിളിച്ചിട്ടും ആരും വാതിൽ തുറക്കുന്നില്ല . ആ പഴയ വീടും നനുത്ത മഴയോടൊപ്പം വീട്ടുകാരിയുടെ കൈത്തലമെത്താതെ ഉറങ്ങുകയാണ് ....
ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന വേലക്കാരി മടങ്ങി പോകുന്ന പെൺകുട്ടിയോട് "എന്താണ് പാല് തിരികെ കൊണ്ട് പോകുന്നത് എന്ന് ചോദിക്കുന്നു . അവിടെ ആരുമില്ലെന്ന കുട്ടിയുടെ ഉത്തരം വിശ്വസിക്കാതെ രാജമ്മയെ തെടിയെത്തുന്നതോടെ പുറം ലോകം അവളുടെ രോഗവിവരം അറിയുകയാണ്
കണ്ണുതുറക്കാൻ പോലുമാകാതെ ഒരു ഞെരക്കം മാത്രം അവശേഷിപ്പിച്ച് ആ വീടിന്റെ വിളക്ക് അണഞ്ഞു തുടങ്ങുന്നു .... പണി മുടക്കിയ യന്ത്രത്തെ വലിച്ചെറിയും പോലെ ആരും ശ്രദ്ധിക്കാനില്ലാതെ .....
അവളുടെ അവസ്ഥ കണ്ടിട്ടും വൈദ്യസഹായം ലഭ്യമാക്കാത്ത ഉണ്ണി പെങ്ങളെ നാട്ടുകാർ ചേർന്ന് കൊണ്ടുപോകുന്നത് നോക്കി നിൽക്കുന്നു ... ശേഷമുള്ള ഒറ്റപ്പെടലിൽ അയാളുടെ മനോനില തെറ്റുകയാണ് ..... ടോർച്ച് തന്റെ മുഖത്തും അടച്ചിട്ട മുറിയിലും ചലിപ്പിക്കുന്നത്തിലൂടെ ഏകാന്തത ഒരുമനുഷ്യനെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കി തരുന്നു .
ഒപ്പിട്ടു സ്വീകരിക്കാത്ത വക്കീൽ നോട്ടീസ് തിരിച്ചെത്തുന്നതോടെ അന്വഷിച്ച് വരുന്ന ജാനമ്മയുടെ ഭർത്താവ് അയൽക്കാരനിൽ നിന്നും ഉണ്ണി പുറത്തു വരാതെ നാലുകെട്ടിന്റെ അകത്തിരിപ്പാണ് എന്ന് അറിയിക്കുകയും ,
നാട്ടുകാർ കൂടെ ചേർന്ന് ആദ്യം എലി പിടിക്കുന്നത്‌ പോലെ ഉണ്ണിയെ ഓടിച്ചിട്ട് പിടിച്ച് മുൻപ് ശ്രീദേവി എലിപ്പത്തായത്തിൽ പിടിക്കുന്ന എലികളെ മുക്കി കൊല്ലുന്ന കുളത്തിൽ എറിയുന്നു ....
ചൂടുവെള്ളത്തിലെ കുളിക്കൂ എന്ന് വാശിയുള്ള തണുപ്പിനെ പേടിയുള്ള ഉണ്ണി ആദ്യമായി കുളത്തിലെ വെള്ളത്തിന്റെ തണുപ്പിൽ വിറച്ച് നിൽക്കുന്നതോടെ ശേഷം എന്താവുമെന്ന് നമുക്ക് വിട്ട് തന്ന് സിനിമ അവസാനിക്കുന്നു ...
കുളത്തിൽ എറിയുന്ന "പത്തായത്തിലെ എലി" നമ്മുടെ വ്യവസ്ഥകളുടെ അപചയത്തെ സൂചിപ്പിക്കുന്നു ,, അവയെ നശിപ്പിക്കേണ്ടത് നമ്മുടെ കടമയെന്ന് പറയുകയാണ്‌ അദ്ദേഹം ഈ സിനിമയിൽ .
പെട്ടെന്ന് മാറ്റങ്ങളെ അംഗീകരിക്കാത്ത ജന്മിത്ത വ്യവസ്ഥിതിയുടെ അവസാനം മിക്കയിടത്തും അനാഥമായ സ്വത്തുക്കൾ തന്നെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം ..... ആർക്കും നൽകാതെ ആാരെയും അനുഭവിക്കാൻ സമ്മതിക്കാതെ തന്റെ മാത്രമായി എല്ലാം അധീശപ്പെടുത്തുന്ന ഉണ്ണി പഴകിയ പ്രമാണങ്ങളുടെ രൂപമാണ് ....
സിനിമയുടെ അവസാനം എടുത്തു പറയേണ്ട രണ്ടുപേരാണ് ശാരദയും ,കരമനയും ... സഹോദരി സഹോദരന്മാരുടെ വേഷങ്ങളെ അനശ്വരമാക്കിയ അഭിനയ വിസ്മയം തന്നെ .
ഒപ്പം അതിഭാവുകത്വങ്ങളോ,അമാനുഷികതയോ ഇല്ലാതെ നേരിന്റെ ...യഥാര്ത്യങ്ങളുടെ കഥ ...ഓരോ ചിത്രങ്ങളും നമ്മോടു കൈമാറുന്ന വലിയ സന്ദേശങ്ങൾ ..ഒരു വീടിനകത്ത് മാത്രം ചിത്രീകരിക്കപ്പെട്ട സീനുകൾ ... മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്നത് ... മഹാനായ കലാകാരന് നന്ദി


ചിത്രം : എലിപ്പത്തായം
കഥ ,തിരക്കഥ ,സംവിധാനം : അടൂർ ഗോപാലകൃഷ്ണൻ
സ്റ്റുഡിയോ : ചിത്രാഞ്ജലി
വേഷം : ഗണേശൻ
സഹസംവിധാനം : മീര
കല : ശിവൻ
സന്നിവേശം : എം മണി
NB : സിനിമയുമായി ബന്ധപ്പെട്ടവരുടെ പേരുകൾ മറന്നു പോകുന്നത് തെറ്റാണ് എന്ന് തോന്നുന്നു
വൈകുന്നേരം വീട്ടിലേക്ക് വന്നു കയറുമ്പോൾ പതിവിവില്ലാതെ ഉമ്മറപ്പടിയിൽ അനിയത്തി അമ്മയുടെ മടിയിൽ തലവച്ച് കിടക്കുന്നു , അളിയൻ അവളെ സമാധാനിപ്പിക്കാൻ എന്നോണം അടുത്തു തന്നെയുണ്ട്‌
ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവൾ വിതുമ്പുന്നത് ശ്രദ്ധിച്ചത് , അമ്മയുടെ പുറകിൽ ലോകാവസാനം ഇപ്പോൾ സംഭവിക്കും എന്ന പോലൊരു ഭാവത്തോടെ ഇരുന്നിരുന്ന ഭാര്യ അയാളെ കണ്ടതും എഴുന്നേറ്റു സാധാരണയിൽ കൂടിയ വേഗത്തിൽ അടുത്തേക്ക്‌ വന്നു
"അതെ ....നമ്മടെ അച്ചൂനെയില്ലേ..." മുഴുവൻ പറയാതെ അവൾ കയ്യിലെ ഹെൽമെറ്റും വാങ്ങി അകത്തേക്ക് പോയി . അവളല്ലെങ്കിലും അങ്ങനെയാണ് ഒന്നും മുഴുവനായി പറയില്ല
"എന്താ ,,,അവൾക്കെന്താ....അവളെന്ത കിടക്കുന്നെ ..?" ചോദ്യങ്ങൾ അവസാനിപ്പിക്കാതെ കുഞ്ഞു പെങ്ങളുടെ അടുത്തേക്ക്‌ പോയി . ഏട്ടനെ കണ്ടതും അവളുടെ കരച്ചിൽ അല്പം കൂടി
"എന്താ അമ്മെ എന്താ പ്രശനം ?"
ആരും ഒന്നും പറയാതായപ്പോൾ അയാൾക്ക്‌ ടെൻഷൻ കൂടുന്നതുപോലെ തോന്നി , വിവാഹം കഴിപ്പിച്ച് വിട്ടിട്ട് രണ്ടുമാസം തികയുന്നതെയുള്ളൂ അപ്പോഴേക്കും ഇങ്ങനെ കരഞ്ഞിട്ട് വരാൻ മാത്രം എന്തുണ്ടായി എന്ന് ആലോചിച്ചിട്ട് ഒന്നും മനസ്സിൽ വന്നതുമില്ല
"ചേട്ടാ ഇന്ന് ഇവള് ക്ലാസ് കഴിഞ്ഞു വരുന്ന വഴിക്ക് ഏതോ ഒരുത്തൻ കയറിപ്പിടിക്കാൻ ശ്രമിച്ചു , പുറകിൽ നിന്നായതുകൊണ്ട് ആളെ നേര മനസ്സിലായുമില്ല .... ഇവളെങ്ങനെയോ കുതറി മാറി , മുഖം കാണാൻ പുറകെ ഓടുമ്പോഴേക്കും അവൾ റോഡിൽ വീണു . അപ്പോഴേക്കും അവൻ ബൈക്കിൽ കേറി രക്ഷപ്പെട്ടു " അളിയനാണ് പറഞ്ഞത്
...അതുപറയുമ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകുന്നത് അയാൾ കണ്ടു . കരച്ചിൽ കുറച്ചുകൂടെ ഉച്ചത്തിലായി , ഇടയിൽ കൂടെ ഭാര്യ അവളുടെ അടുത്തെത്തി തോളിൽ കൈവ വച്ച് "ചായ കുടിക്കാൻ " നിർബന്ധിച്ചു. അവളുടെ ചുരിദാറിന്റെ നിറം അയാളുടെ തലച്ചോറിൽ എവിടെയോ മിന്നി മറഞ്ഞു
അവൾ എഴുന്നെൽക്കുന്നതെയില്ല കണ്ണടച്ച് അമ്മയുടെ മടിയിൽ ഇത്തിരികൂടെ മുഖം പൂഴ്ത്തി കരയുകയാണ് . അയാൾ ആശ്വസിപ്പിക്കാൻ പോലും നിൽക്കാതെ അകത്തേക്ക് കയറിപ്പോയത് എല്ലാവരെയും അത്ഭുതപ്പെടുത്തി . അനിയത്തിയെ എപ്പോഴും കുഞ്ഞിനെ പോലെ നോക്കിയിരുന്ന ആ മാതൃകാ ഏട്ടന്റെ സ്വഭാവം അയാളിലപ്പോൾ ഉണ്ടായിരുന്നില്ല
പുറത്ത് അവളുടെ മുറിഞ്ഞ ശബ്ദം അയാൾ കേട്ടുകൊണ്ടിരുന്നു
" അപ്പോൾ ഏട്ടന് എന്നെ ഇഷ്ട്ടാവില്ല ...ഇനി ഞാൻ കൂടെ വരില്ല ... ഇനി ഞാൻ ഇവിടെ കഴിഞ്ഞൊളാം"
"എടീ ആരെങ്കിലും ഭ്രാന്തിളകി എന്തെങ്കിലും ചെയ്തെന്നു വെച്ച് നിനക്കും വട്ടുണ്ടോ ..."
"ഇല്ല ഞാൻ വരില്ല വീട്ടിലേക്ക് ....എല്ലാവരും എന്നെ അങ്ങനെയേ കാണൂ " അനിയത്തിയുടെ കരച്ചിൽ കേൾക്കുമ്പോൾ അയാൾക്ക് തല പിളരുന്നതുപോലെ തോന്നി
"മോളെ ....അവൻ ഒന്ന് തൊട്ടെങ്കിൽ കുളിച്ചാൽ മാറുന്ന അഴുക്കെ ഉള്ളൂ അല്ലാതെ നിന്നെ ഉപേക്ഷിച്ചു കളയാൻ മാത്രം കാര്യമില്ല ..."
"ഇല്ല ഏട്ട .... എനിക്ക് വരാൻ കഴിയില്ല ... ഇനി എന്നെ ഉപേക്ഷിക്കണം ...വേറെ നല്ല കുട്ടിയെ കല്യാണം കഴിച്ചു സുഖമായി ജീവിക്കണം ..... എന്നാലും അവനെന്നെ ....."
"ദെ എനിക്കിപ്പോ നിന്നെ രണ്ടെണ്ണം തന്നാലോ തോന്നാണ്‌..അവളുടെ ഒരു സങ്കടം ...മിണ്ടാതെ പോയി മുഖം കഴുകി വാ, നമുക്ക് പോകാം ...."
"ഇല്ല ഞാൻ വരുന്നില്ല ....." അവളുടെ ദയനീയമായ ശബ്ദം
"അച്ചൂ അത് ഒരു ഭ്രാന്തനാ എന്ന് കരുതി മറന്നേക്ക്‌..നമ്മൾ പോകുന്ന വഴിയിലെത്ര പേരെ കാണുന്നു ..അതുപോലെ തനെൻ ഇതും ...അമ്മയും പെങ്ങളും ഇല്ലാത്ത കൊറേ എണ്ണമുണ്ട് ഇവന്മാർക്കൊക്കെ പേടിച്ചോടാൻ തൊടങ്ങിയ അതിനെ നേരം കാണൂ ,,,തന്തയില്ലാത്തവര് ..." ഭാര്യയുടെ ശബ്ദത്തിന്റെ ഗാംഭീര്യം കൂടിയതായി അയാൾക്ക്‌ തോന്നി
"എന്നാലും ...ന്റെ മോൾക്ക്‌ ഇങ്ങനെ വന്നല്ലോ .... എന്റെ മോളോട് ഇങ്ങന ചെയ്തിട്ടു അവനെന്തു കിട്ടി ....അവള്ടെ അവസ്ഥ കണ്ടോ ....അവനൊരിക്കലും നന്നാവില്ല " അമ്മയുടെ വാക്കുകൾ കൂരമ്പുകളായി അയാളുടെ ഹൃദയത്തിൽ പതിക്കുന്നതായി തോന്നി .
"ഒരു പെണ്കുട്ടിക്ക് ഇത്ര വിഷമം ഉണ്ടാകുമോ ...ഇത്തരം സന്ദർഭങ്ങളിൽ ...." അയാൾക്ക്‌ ശരീരം വിറയ്ക്കുന്നത് പോലെ അനുഭവപ്പെട്ടു ... അയാളുടെ ബൈക്കിന് മുന്നിലത് പോലെ ഇരയായ ശരീരങ്ങൾ ഓരോന്നായി അയാളുടെ കണ്മുന്നിലൂടെ കടന്നുപോയി അതിലൊരുത്തി തന്റെ കൂടപ്പിറപ്പുമോ ...ഈശ്വര ...അയാൾ തലയിൽ കൈവച്ചുപോയി
മുറിയുടെ വാതില്ക്കലേക്ക് ഒന്നുകൂടെ നോക്കി കുറച്ച് മുൻപ് കൂട്ടുകാരാൻ അയച്ച വാട്ട്സ്അപ്പ് മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി , ഉമ്മറത്ത് അമ്മയുടെ മടിയിൽ കിടന്നു കരയുന്ന അനിയത്തിയുടെ അതെ ചുരിദാർ ധരിച്ച പെൺകുട്ടി റോഡിലൂടെ നടന്നു പോകുന്നു , പ്ലാൻ ചെയ്തു വെച്ചതുപോലെ അവൻ കയറി പിടിക്കുന്നു ....
സ്വയരക്ഷയ്ക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന മുഖം വ്യതമാവാത്ത പെൺകുട്ടിയെ കണ്ട് കുറച്ചു നേരം മുൻപ് അതെടുത്ത കൂട്ടുകാരന് കൊടുത്ത " കിടിലൻ പീസാണല്ലോ..." എന്നുള്ള മറുപടി അയാളെ നോക്കി പുഞ്ചിരിച്ചു . നിർവികാരനായി പുറത്ത് നിന്നുള്ള ശബ്ദം കേൾക്കാത്ത മട്ടിൽ അയാളിരുന്നു ..കയ്യിലെ ഫോൺ പതിയെ താഴേക്കൂർന്നിറങ്ങി ........!
"ചേച്ചി ജോലിക്ക് പോവാൻ തുടങ്ങിയപ്പോൾ ഞങ്ങളെ ഞെട്ടിച്ചു ....എന്തൊരു മാറ്റമാണ് " ഇളയ നാത്തൂന്റെ കമെന്റ് കേട്ടപ്പോൾ അവൾക്കു പെട്ടെന്ന് ചിരിയാണ് വന്നത് .
വൈകുന്നേരം നാത്തൂന്റെ നിശ്ചയം കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ അടച്ചിട്ട വാതിലിന്റെ ഇത്തിരി പഴുതിലൂടെ പാതിയും അകത്താക്കി വച്ച ഫൈനാസിൽ നിന്നുള്ള "ലേലത്തിന്റെ " നോട്ടീസ് മനു പെട്ടെന്നെടുത്ത് പോക്കെറ്റിൽ ഇട്ട് ഭാര്യയെ നോക്കി വാതിൽ തുറന്നു
"അതെന്താ ലെറ്റർ മനുഎട്ട ?"
"അഹ് ...ഞാൻ നോക്കിയില്ല ....വല്ല സ്വർണ്ണപണ്ടം ലേലമായിക്കാണും അല്ലെങ്കി ജപ്തിയടുത്തു കാണും ..." അതും പറഞ്ഞയാൾ പതിയെ ചിരിച്ചു
"അച്ഛാ ജപ്തി എന്നു വെച്ചാലെന്താ ...?" വന്നപാടെ ടി വി ഓൺ ചെയ്ത് റിമോർട്ട് എടുത്ത് കയ്യിൽ വെച്ചുകൊണ്ട് അഞ്ചു വയസ്സുകാരി മകൾ ചോദിച്ചു
"മോളെ ... നിന്റച്ഛന് പണ്ട് നിറയെ സ്വർണ്ണം ഉണ്ടായിരുന്നെ ...അതൊക്കെ വീട്ടിൽ വെച്ചാൽ കള്ളന്മാര് കൊണ്ടോവും പറഞ്ഞു എടുത്ത് വെക്കാൻ കൊടുത്തതാ അങ്ങൂദൂരെ ടൗണിൽ ഒരു കടയിൽ ...ഇപ്പൊ അവരുടെ കടയിൽ കൊറേ സ്വർണ്ണം ആയപ്പോ അത് നമ്മളോട് വന്നു കൊണ്ടോവാൻ പറയ്യാ ..ഇല്ലെങ്കിൽ വേറെ ആർക്കെങ്കിലും കൊടുക്കുമത്രേ ...."
അകത്ത് നിന്നും വസ്ത്രം മാറ്റുന്നതിനിടയ്ക്ക് അവളുടെ മറുപടി കേട്ടപ്പോൾ അയാൾക്ക്‌ വീണ്ടും ചിരി വന്നു .
"സ്വർണ്ണം എന്നുവെച്ചാലെന്താ അച്ഛാ ...?" അവളുടെ കൗതുകത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അയാൾ ഭാര്യയെ വിളിച്ചു
"എടി ഇതിനും കൂടെ ഉത്തരം പറഞ്ഞു കൊടുക്ക്‌ "
വസ്ത്രം മാറി പുറത്തേക്കു വന്ന അവൾ കുഞ്ഞിന്റെ അടുത്തായി സോഫയിൽ വന്നിരുന്നു , "മോളെ സ്വർണ്ണം എന്നുവെച്ചാൽ യെല്ലോ കളർ ഉള്ള ഓർണമെന്റ്..."
"അതെന്തിനാ അമ്മേ കള്ളൻ കൊണ്ടു പോകുന്നെ .."
"അത് വിറ്റാൽ നല്ല കാശു കിട്ടില്ലേ .... അപ്പൊ കള്ളന് നിറയെ മിട്ടായും ഐസ് ക്രീമും ഒക്കെ വാങ്ങാലോ ..."
അവൾ സ്വന്തം കഴുത്തിലെ മാല എത്തി നോക്കിയിട്ട് അമ്മയോടായി പറഞ്ഞു " അച്ചൂന്റെ മാല കൊടുത്താൽ മിട്ടായി വാങ്ങാനുള്ള പൈസ കിട്ടില്ലാലെ അമ്മേ ..."
" ഇല്ലാലോ ...."
"അമ്മടെ മാല കൊടുത്താൽ കിട്ടോ ...?
"കിട്ടും ..."
"പിന്നെന്താ അച്ചൂന് അങ്ങനത്തെ മാല വാങ്ങിച്ചു തരാത്തെ...?"
"അച്ചൂന്റെ മാലയ്ക്കു വേണ്ടി ആരെങ്കിലും അച്ചൂനെയിം സ്‌കൂളിന് വരുന്ന വഴിക്ക് പിടിച്ചോണ്ട് പോയാലോ ....?"
"എന്ന എനിച്ചു വേണ്ട ..." അവളുടെ നിഷ്കളങ്ക മായ മറുപടി കേട്ട് ആ അമ്മയും അച്ഛനും പരസ്പരം നോക്കി .
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവൾ അവനോട് അല്പം കൂടെ നീങ്ങി കിടന്നുകൊണ്ട് അവൾ പറഞ്ഞു
"ഇന്ന് നിങ്ങടെ അനിയത്തി പറയുകയാ "ചേച്ചി ജോലിക്ക് പോകാൻ തുടങ്ങിയപ്പോ കുറച്ചൂടെ മോഡേൺ ആയല്ലോ ന്ന്"
"അതെന്താ ...?"
"ഏടത്തിയുടെ കാതിലെ അവസാന തരി പൊന്നും കൂടെ വിറ്റിട്ടാണ് ഇന്നത്തെ ചടങ്ങിന് കുടുംബത്തിന് കൊള്ളാത്ത ഏട്ടൻ കാശുണ്ടാക്കിയതെന്ന് അവൾക്കറിയില്ലാലോ ..."
ആ മറുപടി കേട്ടപ്പോൾ അയാൾക്ക്‌ അല്പം വേദന തോന്നിയെങ്കിലും എപ്പോഴും മുഖത്ത് ഒട്ടിച്ചു വച്ച ചിരിയോടെ പറഞ്ഞു
" അപ്പോൾ അവളുടെ കല്യാണം കഴിയുമ്പോൾ ഏട്ടത്തി മദാമ്മ ആയെന്നു പറയ്യോ "
"അതെന്താ ..."
"അല്ല കെട്ടുതാലിയും വയ്‌ക്കേണ്ടി വന്നാലോ ...."
"അങ്ങനെ ഉണ്ടാവോ .....ഇത്തവണ നല്ല വിളവുണ്ടാകും ന്നല്ലേ അന്ന് പറഞ്ഞേ ?
"ശരിയാ ...പക്ഷെ മഴ ഒട്ടുമില്ലാലോ ..... വിത്ത് മണ്ണിനടിയിൽ പുഴുങ്ങി പോയോ എന്ന സംശയം .... മുള കണ്ടു തൊടങ്ങീട്ടില്ല ഇനീം ...ഈ നിലയ്ക്ക് പോയാ .... എനിക്ക് പേടിയുണ്ട് വീണ .... "
"ഏയ് ...സാരമില്ല മഴ പെയ്യുമെന്നെ ... നോക്കിക്കോ അവളുടെ കല്യാണത്തിന് പോകുമ്പോ ഏട്ടത്തി വീണ്ടും ഓൾഡ് ആയല്ലോ ജോലി നിർത്തിയപ്പോ എന്ന് മാറ്റി പറയും "
ദിവസങ്ങൾ കടന്ന് പോകുന്നതിനൊപ്പം പതിയെ കാലവർഷവും ശക്തി പ്രാപിച്ചു തുടങ്ങി , അവളുടെ അടുത്തുള്ള താലിമാലയൊഴികെയുള്ള ആഭരണങ്ങൾ ഓരോന്നായി ഫൈനാൻസുകളുടെ ലോക്കറിൽ ഭദ്രമായുറങ്ങി ....
മകൾക്കൊരു നേരത്തെ ഭക്ഷണം കൊടുത്തയാക്കാൻ ഓരോ ദിവസവും അവൾ കഷ്ട്ടപ്പെട്ടു ,എല്ലാം അറിഞ്ഞിട്ടും ചെറിയ ചിരിയോടെ അവൻ പ്രതികരിക്കാതിരുന്നു ... തുച്ഛമായ രണ്ടുപേരുടെയും ശമ്പളം എങ്ങുമെത്തിയില്ല
കാർഷികവൃത്തി കൊണ്ടു കടം മാത്രമേ മിച്ചം വരൂ എന്നുള്ള അവന്റെ തിരിച്ചറിവ് ഇനി ആ മണ്ണ് തരിശ്ശായി കിടക്കട്ടെ എന്ന തീരുമാനമെടുപ്പിച്ചു . അവസാനത്തെ വിളയെ അന്തിമയങ്ങും വരെയും കൊള്ളിക്കു ആളെ പോലും നിർത്താതെ അവൻ പരിചരിച്ചു
ചില മഴയുള്ള ദിവസങ്ങളിൽ പാടത്ത് ആവശ്യത്തിന് വെള്ളം നിർത്താനും മറ്റുള്ളവ ഒഴുക്കി വിടാനും ഒക്കെയായി അവന്റെ രാവുകളും അങ്ങോട്ടേക്ക് പറിച്ചു നടപ്പെട്ടു .
ഇടിവെട്ടും പേമാരിയുമായി തുലാവർഷം തന്റെ സംഹാരം തുടങ്ങുമ്പോഴും ഓടിന്റെയിടയിലൂടെ ഇട്ടു വീഴുന്ന വെള്ളം തറയിലെത്താതെ മകളെ നനയ്ക്കാതെ പാത്രം നിരത്തുന്ന തിരക്കിലവളുടെ ഉറക്കവും ഇല്ലാതെയായി.
കാറ്റും കോളും ഒഴിഞ്ഞ ദിനങ്ങളിൽ വീടെത്തുമ്പോൾ പലിശ മുടങ്ങിയതും കൂട്ടുപലിശ ആയതും ലേലം വെയ്ക്കാൻ പോകുന്നതുമായ നോട്ടീസുകളും , കമ്പനിയുടെ മിസ്സ് കോളുകളും , കടക്കാരുടെ സങ്കടം പറച്ചിലും , വീട്ടുകാരുടെ കല്യാണച്ചിലവും അവനെ കാത്തിരുന്നു ...ഒപ്പം ആ വേദനകളെ പകുത്തോരു തരി പൊന്നുകൂടെ പണയത്തിനായി നൽകാൻ അവളും .
അന്നുരാത്രി റേഷനരിയുടെ കല്ലുകടിക്കുന്ന കഞ്ഞി ഒരുമിച്ചു കഴിച്ചുകിടക്കുമ്പോൾ അവനോടു ചേർന്നു കിടന്ന് അവൾ ഓർമിപ്പിച്ചു " നിത്യടെ കല്യാണത്തിനിനി രണ്ടു മാസേയുള്ളൂ .....അമ്മ വീടുപണി ഈ മാസമെങ്കിലും തുടങ്ങണം ന്ന് പറഞ്ഞിരുന്നു ..."
"ഉം ..." അവനുത്തരമുണ്ടായില്ല
"ശരിയല്ലേ ...എങ്കിലല്ലേ കല്യാണത്തിന് മുൻപ് എല്ലാം കഴിയൂ ..... നാളെ അമ്മ വരും ഞാനെന്താ പറയ്യാ ..."
"പെണ്ണ് കെട്ടിയതോടെ അവന് ആരേം വേണ്ടാതായി ന്ന് പറയായിരിക്കും ..... ചിലപ്പോൾ പെറ്റതും പോറ്റിയതും കൂടെ പറയും .... നീ ഇല്ല ന്ന് ഉറപ്പിച്ചു പറഞ്ഞേക്ക്..."
"എന്നാലും ...... "
"ഇപ്പോൾ നമ്മൾ കടത്തിനുമേലൊരു കടമായി വാങ്ങിക്കൊടുത്താലും ആ വീട്ടിൽ ഒരുനേരമെങ്കിലും അന്തിയുറങ്ങാൻ നിന്നെയോ അച്ചൂനെയോ സമ്മതിക്കില്ല . വീട്ട് ഭാഗം വെച്ചാലും നമുക്കൊന്നും തരാനും പോകുന്നില്ല ...പിന്നെന്തിനാ ഇപ്പൊ കൊടുത്തിട്ട്...?"
"നിങ്ങളെന്താ ഇങ്ങനെയൊക്കെ പറയുന്നത് ...നിങ്ങടെ ബന്ധുക്കളും കൂടപ്പിറപ്പും അല്ലെ ....അതെങ്ങനെയാ നഷ്ടമാകുന്നത് ..."
"എടി അവർക്കാർക്കും നമ്മളെയല്ല വേണ്ടത് നമ്മുടെ അടുത്തുള്ള പണം മാത്രം ...എനിക്കതു മനസ്സിലാവുന്നുണ്ട് ... ഞാൻ കൊടുക്കുമായിരുന്നു ..... രണ്ടു പെങ്ങന്മാരെ കെട്ടിച്ചയച്ചതും എന്റെ കാശുകൊണ്ട് തന്നെയല്ലേ ..എന്നിട്ടു അവരാരെങ്കിലും നിന്നോടൊന്നു ചിരിച്ചു സംസാരിക്കാറുണ്ടോ ....
എല്ലാം പോട്ടെ അമ്മയെങ്കിലും കാര്യത്തിനല്ലാതെ മിണ്ടാറുണ്ടോ ....ഇത്ര പൈസ ചിലവായിട്ടും അതിനു ഞാൻ എന്നെങ്കിലും കണക്കു പറഞ്ഞു പോയിട്ടുണ്ടോ ...?
നമ്മുടെ മോളെ വല്ലപ്പോഴുമെങ്കിലും അവരാരെങ്കിലും എടുത്തു ഓമനിക്കുന്നതു കണ്ടിട്ടുണ്ടോ ...?
ഏട്ടന്മാരുടെയും ചേച്ചിമാരുടേം , അനിയന്റേം, അനിയത്തീടേം എന്തിന് അവരുടെയൊക്കെ ബന്ധുക്കാരുടെ മക്കളെ പോലും അമ്മ കൊഞ്ചിക്കാറില്ലേ ? അപ്പോഴെല്ലാം നമ്മുടെ മോള് മാത്രം അനാഥ പോലെ ...കാണുമ്പോൾ വിഷമം ഉണ്ട് നിനക്കുമെന്നു അറിയാം എന്നോട് പറയാതിരിക്കുന്നതല്ലേ ....? അവന് അതുവരെയില്ലാത്ത ദേഷ്യം എല്ലാവരോടും തോന്നി .
"ഉം ..." അവളൊന്നും മിണ്ടാതെ കിടന്നു....
"നിനക്കെന്നോട് ദേഷ്യമുണ്ടോ ?"
"എന്തിനാ ദേഷ്യം ?"
"നിന്റെ വീട്ടീന്ന് തരുന്ന ഒന്നും വേണ്ടെന്നു പറഞ്ഞിരുന്നതല്ലേ ... എന്നിട്ടിപ്പോൾ അതും നശിപ്പിച്ചു, ജോലിക്കു പോയി നീയുണ്ടാക്കിയതും നശിപ്പിച്ചു .... വല്യൊരു കുടുംബത്തിലേക്ക് എന്നു പറഞ്ഞു ക്ഷണിച്ചിട്ടു ചോർന്നൊലിക്കുന്ന വാടകവീട്ടിൽ താമസിപ്പിച്ചു .... ഇപ്പൊ നിന്നെ വീണ്ടും ജോലിക്കു വിടുന്നു .... ഇടയ്ക്കിടയ്ക്ക് പട്ടിണിയും ..."
അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു പറഞ്ഞവസാനിപ്പിക്കുമ്പോൾ .
"ഒന്നും നിങ്ങൾ കൊണ്ടുപോയി നശിപ്പിച്ചതല്ലാലോ ...ഓരോ ആവശ്യത്തിനല്ലേ ... ആവശ്യത്തിന് ഉപകരിക്കാനല്ലേ ഇവയെല്ലാം ...അപ്പോഴല്ലേ വിലയുണ്ടാവുന്നത്... അല്ലാതെ എന്റെ കയ്യിലിരുന്നിട്ട് എന്തിനാ ...."
"ഉം ..."
"പേടിക്കണ്ടന്നെ ,,,ഇത്തവണ വിളവെടുപ്പ് കഴിയുമ്പോൾ നോക്കിക്കോ ഇതിനെയെല്ലാം വെച്ചും നമ്മൾ തിരികെ വാങ്ങും .... നിത്യടെ കല്യാണം കൂടെ കഴിഞ്ഞിട്ടു വേണം നമുക്കുമൊരു വീട് വെക്കാൻ അല്ലെ ...?"
"വെക്കണം .... "
"പിന്നെ ഞാൻ ജോലിക്കൊന്നും പോവൂല ട്ടോ ..."
"പോവണ്ട ...."
"നമ്മുടെ മോളെ അവൾക്കിഷ്ടമുള്ള അത്രേം പഠിപ്പിക്കണം "
"പഠിപ്പിക്കാം ....."
"നമുക്ക് ഇനിയൊരു കുഞ്ഞുകൂടേ വേണം ...."
"അതു വേണം .... ഈ തിരക്കൊന്നു കഴിയട്ടെ ..."
"പിന്നെ നിങ്ങടെ അമ്മയ്ക്കോ അച്ഛനോ പെങ്ങന്മാർക്കോ എന്തു വേണാച്ചാൽ കൊടുത്തോളൂ .."
"ശെരി കൊടുക്കാം എന്നിട്ട്.." അവളുടെ ആഗ്രഹങ്ങൾ കേട്ടിരിക്കാൻ അവന് സുഖം തോന്നി
"പിന്നെ സ്വന്തമായി കുറെ സ്ഥലം വാങ്ങിക്കണം ..."
"അതെന്തിനാ ..."
"അല്ല നിങ്ങൾക്ക് കൃഷി ചെയ്യണം തോന്നുമ്പോൾ പാട്ടത്തിന് എടുക്കണ്ടാലോ ...."
"ഹ ഹ ....എന്നിട്ട് ..."
"പിന്നെ കൊറേ സ്വർണ്ണം വാങ്ങണം ..."
"അതെന്തിനാ നിന്നെ കെട്ടിക്കാന ...."
"അല്ല ....നിങ്ങൾക്ക് പണയം വെക്കാൻ ..."
"ഓഹോ ..... നല്ല മുൻകരുതലാണല്ലോ...... എങ്കിലേ നീ നമ്മടെ അടുക്കളേടെ അപ്പ്രത്ത് ഇത്തിരി കാശെടുത്ത് കുഴിച്ചിട് ...അത് വളരുമ്പോൾ കൊറേ കാശു കിട്ടും ...അപ്പോൾ ഈ ആഗ്രഹമെല്ലാം നടത്താം ..."
"ഹും ....." അവൾ പിണക്കം നടിച്ചു നീങ്ങിക്കിടന്നു ... അവൻ ചിരിയോടെ കുറച്ചുനേരം അവളെയും മകളെയും നോക്കിയിരുന്നു . ഉറക്കം വരാതെ എഴുന്നേറ്റ് നടക്കുന്നതിനിടയിൽ ഇന്നലെ രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ലെന്ന സത്യം അയാളെ അടുക്കളയിലേക്ക് നയിച്ചു , കഴുകിയ കമഴ്ത്തിയ പാത്രങ്ങൾ കണ്ടു പിന്തിരിഞ്ഞു നടക്കാനേ കഴിഞിഞ്ഞുള്ളൂ
നിശ്ചയത്തിന്റെ ഇടയ്ക്കു വിളമ്പാൻ നിന്നെങ്കിലും അതിഥികളെ സൽക്കരിച്ചു കഴിഞ്ഞപ്പോൾ നേരം വൈകി ,,പിന്നെ ഓരോരുത്തരും പോകാനായി കാത്തിരിപ്പ്.. വിട പറഞ്ഞു പോകുന്ന ബന്ധുക്കളുടെ കയ്യിൽ ബാക്കിയായ ഭക്ഷണം പൊതികെട്ടി കൊടുത്തയച്ച അമ്മ തന്നോട് മാത്രം " വീടുപണി അടുത്ത ആഴ്ച തുടങ്ങണം " എന്നെ പറഞ്ഞുള്ളൂ ...
ഉള്ളിൽ വിശപ്പിന്റെ വിളി അപ്പോഴേ തുടങ്ങിയിരുന്നു ... ഭക്ഷണം കഴിക്കാൻ മോൾക്ക്‌ മടിയുള്ളതും വിശപ്പു സഹിക്കാൻ അവൾക്ക് ഈയിടെയായി കഴിവ് കൂടിയതും കൊണ്ട് അയാളുടെ മുന്നിൽ ഇല്ലായ്മയുടെ കണക്കെടുപ്പ് നടത്തിയില്ല
എങ്കിലും മകളുടെ കീറിത്തുടങ്ങിയ വസ്ത്രത്തിനു മേൽ എംബ്രോയിഡറി ചെയ്തുകൊടുക്കുമ്പോഴും ....ചായയിൽ പാലില്ലാതാകുമ്പോൾ കരയുന്ന അവളോട്‌ അമ്പിളിമാമൻ കട്ടോണ്ടു പോയതും ....മിട്ടായി വേണം പറയുമ്പോൾ പല്ലു കേടുവരുമെന്നു സമാധാനിപ്പിക്കുമ്പോഴും അവളുടെ കണ്ണുകൾ ഇടയ്ക്കിടെ നിറയുന്നത് അയാൾക്കറിയാം ...
മറ്റുകുട്ടികളുടെ സ്നാക്സിന് മുന്നിൽ അവളുടെ അരിയുണ്ട ഒന്നുമല്ലെങ്കിലും മോളതൊന്നും കാര്യമാക്കാത്തത് വല്യ ആശ്വാസമാണ് . എങ്കിലും മാസാമാസമുള്ള ഫീസ് ഓർമിപ്പിച്ചു മിസ്സിന്റെ വക ഡയറിയിൽ എഴുത്തുവരുമ്പോൾ എന്തെന്നറിയാതെ സന്തോഷത്തോടെ വന്നു രണ്ടുപേരെയും മാറി മാറി കാണിക്കുമ്പോഴും കുഞ് അറിഞ്ഞിരിക്കില്ല അച്ഛന് വാണ്ടേണ്ട അടുത്ത കടമാണിതെന്ന്‌
കോഴിക്ക് കൊടുക്കാൻ റേഷനരി വാങ്ങണമെന്ന് പറഞ്ഞു അമ്മ കാർഡ് തരാതെ വെച്ചിരിക്കുകയാണ് , ഏതെങ്കിലും കിട്ടിയായാലെത്ര നന്നായേനെ .... പിന്നെ അരിക്കായി ചില്ലറ കടം കൂടെ വാങ്ങേണ്ടാലോ ....
സ്വർണ്ണ വർണ്ണ നിറമണിഞ്ഞു കിടക്കുന്ന തന്റെ പാടം മനസ്സിൽ തെളിഞ്ഞപ്പോൾ അയാൾ പതിയെ പുറത്തേക്കിറങ്ങി ...വാതിൽ ചാരിവച്ചു കൃഷിയിടം ലക്ഷ്യമാക്കി നടന്നു ... കുറച്ചു നാൾ മുൻപും വന്നിരുന്നു പരിസ്ഥിതിസ്നേഹികൾ രാസവളപ്രയോഗം മണ്ണിനും ,ജലത്തിനും ,വിളയ്ക്കും കേടാണെന്ന് പറഞ്ഞു സമരം ചെയ്യാൻ അന്നൊളിപ്പിച്ചു വച്ച യൂറിയയൊക്കെ വെള്ളമായി കിടപ്പുണ്ടാകും മോളുടെ കമ്മലിന്റെ വില
കൃത്യസമയത്തു വളമിടാത്തത് കൊണ്ടാവും കളയുടെയും കീടങ്ങളുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട് ... കയ്യിലെ ഫോൺ ഡിസ്‌പ്ലൈ ഓൺ ചെയ്ത് അയാൾ വയലിലേക്കടിച്ചു .... "എലിവിഷം വെക്കേണ്ടി വരും തോന്നുന്നു ." എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഓരോ ഭാഗമായി സൂക്ഷ്മമായി പരിശോധിച്ചു , എലി വരാതിരിക്കാൻ കോലം വെക്കേണ്ടത് ചെറുതായി പ്ലാൻ ചെയ്‌തു. കളയെന്ന് തോന്നിയതിനെ പറിച്ചു അറിയുന്നതിന് ഇടയിൽ ചെറുതായി കാലുതെന്നി വീഴാൻ പോയി , മുണ്ടിൽ ചെളിയായി . അയാൾ പതിയെ തിരികെ നടന്നു .... ഇനി എല്ലാം ഭാഗ്യത്തിന് വിട്ടു കൊടുത്ത്
പിന്നെയും ദിവസങ്ങൾ കടന്ന് പോയി ...ഒരു നേരത്തെ പട്ടിണി ചിലപ്പോൾ രണ്ടും മൂന്നും നേരമായി വർദ്ധിച്ചു , അവളുടെ കെട്ടുതാലിയും പണയത്തിലായി... അവനുണ്ടായിരുന്നു തുണ്ടു ഭൂമിയും ജപ്തിയാകും വൈകാതെ ...വാടക കുടിശ്ശിക കാരണം ഏത് നിമിഷവും ഇറക്കിവിടാം..... ഇടയ്ക്കു പൈസ ചോദിച്ചെത്തുന്ന അമ്മ പോലും ആ വഴിയേ വരാതായി ..
. പാൽക്കാരനും പത്രക്കാരനും മറന്നുപോയി അവിടെയൊരു വീടുള്ളത് .... അനിയത്തിയുടെ കല്യാണത്തിന് ബ്ലേഡുകാരന്റെ കയ്യിൽ നിന്നും വാങ്ങിക്കൊടുത്ത കടത്തിന്റെ ഭാരം നാൾക്കുനാൾ കൂടി വന്നു .... ജീവിതം വഴിമുട്ടിയെന്ന് അറിഞ്ഞിട്ടും ആ കർഷകൻ തന്റെ വിളയ്ക്കു കാവലിരുന്നു ....
പാടത്ത് മരുന്നടിക്കുന്നതും(കീടനാശിനി ), രാസവളം ഉപയോഗിക്കുന്നതും തടഞ്ഞുകൊണ്ട് പരിസ്ഥിതി സ്നേഹികളുടെ സംഭാവനയും വന്നു കോർട്ട് ഓർഡറിന്റെയും പിഴയുടെയും പേരിൽ ....
പിന്നെയാ പ്രകൃതികൂടെ അയാളെ ചതിച്ചൊരു രാത്രിയിൽ ബാങ്കിലെയും ,ഫൈനാൻസിലെയും , ബ്ലേഡിലെയും പരാതികളും ബന്ധുക്കാരുടെ പരിഭവവും അവസാനിപ്പിച്ചുകൊണ്ട് അവർ മൂന്നുപേരും കൂടെ എല്ലാവരെയും ഞെട്ടിച്ചു ....
അഴുകിച്ചീഞ്ഞു അയാളുടെ വിളകൾ പാടത്തും ശരീരം അപ്പോഴും ചോർന്നുകൊണ്ടിരിക്കുന്ന വീട്ടിലും ശേഷിച്ചു ...ആർക്കും വേണ്ടാതെ ...!
എല്ലാവരും നിർബന്ധിക്കുമ്പോഴൊന്നും ആഗ്രഹം തോന്നിയിട്ടില്ല  ഉടനെയൊരു വിവാഹം വേണമെന്ന് പക്ഷെ ഇടയ്ക്കൊക്കെ കടയിൽ വരുന്ന നവദമ്പതികൾ അവൾക്കൊരു വേദനയായിരുന്നെപ്പോഴും


അവൾ  അവരുടെ മുന്നിൽ മാറിമാറി വിതർത്തിയിടുന്ന വസ്ത്രങ്ങളിൽ ശ്രദ്ധിക്കാതെ പരസ്പരം ആ നിമിഷങ്ങളിലും പ്രേമിച്ചുകൊണ്ടിരിക്കുന്നതു കാണുമ്പോൾ ഉള്ള് നീറുന്നതുപോലെ


അവൾക്കുമുണ്ടായിരിക്കണം  മോഹങ്ങളേറെ , അതുപോലെ ഒരുമിച്ചു കറങ്ങി നടക്കാനും ...ആരും കാണാത്ത നിമിഷങ്ങളിലെല്ലാം പ്രേമിക്കാനും ....

അടുത്താവുമ്പോൾ ഒരു പുതപ്പിനുള്ളിലും അകലെയാവുമ്പോൾ ഫോൺ കോളിന്റെ ദൂരത്തിലും സ്നേഹിക്കാനും  ....

ഇടയ്ക്കൊന്നു തെറ്റി പിരിയാനും


പിന്നെ കൂട്ടുകാരുടെ മുന്നിലൂടെ അവനുമൊത്ത് ബൈക്കിൽ പോകാനും ...

നേരം പുലരുമ്പോൾ നാട്ടുകാർക്ക് നല്ല കണിയെന്ന പോലെ അവന്റെ കൈപിടിച്ചു അമ്പലത്തിലേക്കൊന്നു പോകുവാനുമെല്ലാം ...


കടയിലെ തിരക്കൊഴിയുമ്പോൾ മടക്കിയെടുത്തുവയ്ക്കുന്ന പട്ടുചേലകളാണ് അവളെയേറെ  മോഹിപ്പിച്ചതും ...

പിന്നെ ഇടയ്ക്കൊക്കെ കുഞ്ഞുടുപ്പുകളും ....

അവളെയും വച്ചു പ്രായത്തിൽ താഴെയെന്നു തോന്നിപ്പിക്കുന്ന പെൺകുട്ടികൾ അരുമക്കിടാങ്ങളെയും കൊണ്ടു വസ്ത്രമെടുക്കാൻ വരും നേരം ....


അവർ പോയിട്ടും അവളുടെ മനസ്സിലൊരുപാട് നേരം അവരെല്ലാം ജീവിക്കുമായിരുന്നു അല്ലെങ്കിൽ അവരുടെ സ്ഥാനത്തു തന്നെ തന്നെ അവരോധിച്ചു അവൾ സ്വപ്നം കാണുമായിരുന്നു  ...

ആ  കുഞ്ഞുങ്ങൾക്ക് അമ്മയായി അവൾ മാറും ....


അവരെ താരാട്ട് പാടിയുറക്കും ...

ഒളിച്ചേ കണ്ടേ കളിപ്പിച്ചു ചിരിപ്പിക്കും ....

അമ്പിളിമാമനേം കാക്കേം കൊഴിയേം കാണിച്ചു ചോറു വാരി കൊടുക്കും .... ...

കാച്ചെണ്ണ തേച്ചു കുളിപ്പിക്കും ...

കണ്ണെഴുതിക്കും ...

കണ്ണുപെടാതിരിക്കാൻ കവിളിലൊരു പൊട്ടു കുത്തിക്കും ...

നിറമുള്ള ഉടുപ്പുകൾ ഇട്ടു കൊടുക്കും....

തൊട്ടിലിലാട്ടിയുറക്കും .........

താരാട്ട് മൂളിക്കൊടുക്കും .....

തോളിൽ വച്ചു നടക്കും .....


അപ്പോഴേക്കും കടയിൽ  അടുത്തയാൾ കയറിവരും  ....

ചിലപ്പോഴത് പിറന്നാൾ കോടിയെടുക്കാൻ ആവും ...

ചിലപ്പോൾ കോടിമുണ്ടിനും....

ചിലപ്പോൾ വിവാഹത്തിന് ....

അല്ലെങ്കിൽ സമ്മാനം കൊടുക്കാൻ ....

അവൾക്കുമുന്നിലെത്തുന്നവരുടെ ലിസ്റ് വളരെ നീണ്ടതാണ് ...

ജനനം മുതൽ മരണം വരെയും ...മരണശേഷം ദഹിപ്പിക്കും വരെയും അവർക്ക് വസ്ത്രം കൂടിയേ തീരൂ എന്നവൾക്കറിയാം .....

അതുപോലെ അവളുടെ മുതലാളിക്കും ...

അതുകൊണ്ടു തന്നെയല്ലേ അയാൾ മുംബൈയിലും ,ഡൽഹിയിലും , തിരുപ്പൂരും ,കൊൽക്കത്തയിലും , കൊച്ചിയിലും മാറിമാറി പോയി അന്നത്തെ ഫാഷനിലുള്ള തുണിയെടുത്ത് വരുന്നതും തന്റെ കടയിൽ സംഭരിക്കുന്നതും  .

പുതിയ സിനിമയോ അല്ലെങ്കിൽ വൈകുന്നേരത്തെ സീരിയലോ കണ്ടാൽ പിറ്റേന്നു അതുപോലെത്ത വസ്ത്രം അന്വഷിച്ചു വരുന്നവരും ചുരുക്കമല്ല.

സ്റ്റോക്ക് വരുന്ന ദിവസങ്ങളിൽ അവൾക്കു ചിലപ്പോൾ നേരെ ഭക്ഷണമേ കഴിക്കാൻ പോലും സാധിക്കാറില്ല ,

 ചിലപ്പോൾ സന്ധ്യമയങ്ങും വീടെത്തുമ്പോൾ ...

നാട്ടുവഴിയിലെ സദാചാരികളുടെ  അടക്കം പറച്ചിലുകൾ കേട്ടില്ലെന്നു ഭാവിച്ചു ധൈര്യത്തോടെ   നടക്കും വീട്ടിലേക്ക്...

ഇരുട്ട് പെട്ടെന്നടുക്കുന്ന സീസണുകളിൽ മുതലാളി ഓട്ടോ , കാർ തുടങ്ങിയ സൗകര്യം മറ്റു ജോലിക്കാരെ പോലെ ഏർപ്പെടുത്താമെന്ന് ഓഫർ ചെയ്താലും സ്നേഹത്തോടെ അതു നിരസിക്കും ...."ആകെയുള്ളത് നല്ല പെരുമാത്രമാണ് ...ഇനിയതും പോയാൽ ...." എന്ന പേടിയോടെ

വിജനമായ സ്ഥലങ്ങളെത്തുമ്പോൾ നടത്തത്തിന് വേഗം കൂടും ചിലപ്പോൾ ഓടും....

അതിനിടയിൽ മിന്നിമറയുന്ന മിന്നാമിന്നികളും വഴിപോക്കരും അവളുടെ പേടികുറക്കാൻ  ഇടയ്ക്കു കയറിവരും

വൈകിയെത്തിയാലും വീടിന്റെ അടുക്കള അവളുടെ കരസ്പര്ശമേൽക്കാൻ എന്നോണം കാത്തിരിക്കുന്നുണ്ടാകും ....

പണി മാറിയെത്തിയ അമ്മയും അവളും കൂടെ അവിടെ ശബ്ദമുഖരിതമാക്കും ...

ചോറും കറിയും ഉണ്ടാക്കി എല്ലാവരും കൂടെ കഴിക്കുന്നതിനിടയിൽ അമ്മ ബാധ്യതകളുടെ പട്ടിക നിരത്തും .

തന്റെ കൂലികൊണ്ട് ഒന്നുമാവില്ലെന്നു അവൾക്കറിയാം എങ്കിലും അതിനിടയ്ക്ക് ആ മനസ്സ് നൂറു സ്വപ്നങ്ങൾ കാണാറുണ്ട് ....

ബാധ്യതകൾ ഒഴിഞ്ഞൊരു നാളിനായി പ്രാർത്ഥിച്ചു  പ്രതീക്ഷയോടെ മനസ്സുകൊണ്ടൊരു തിരി കൊളുത്താറുണ്ട് പൂജാമുറിയിൽ ....


പുല്ലുപായയിൽ തണുത്തു വിറച്ചു കിടന്നുറങ്ങുമ്പോഴും ആ സ്വപ്നങ്ങളിൽ അവളെ സന്തോഷിപ്പിക്കാനൊരു രാജകുമാരൻ വരാറുണ്ട് ...

അവളുടെ കൈപിടിച്ചു ഇല്ലായ്മകളുടെ ലോകത്ത് നിന്നും സമൃദ്ധിയിലേക്കു അവൻ കൊണ്ടു ചെല്ലാറുണ്ട് ....

പിന്നീടെപ്പോഴോ രാജകുമാരൻ അവളെയുറക്കി പോകും ....

സൂര്യനുദിക്കും മുൻപേ അലാറം ഇല്ലാതെ അവളുണരും ....

ഓരോ ദിവസവും അവൾക്കൊരായിരം പ്രതീക്ഷകളാണ് ...

മോഹങ്ങളാണ് ....

പിന്നെ മോഹഭംഗങ്ങളാണ് ......

അതിനു ശേഷം വീണ്ടും രാവുറങ്ങും നേരം സ്വപ്നങ്ങളാണ് ....

യാന്ത്രികമായി പതിവുമുടങ്ങാതെ ചെയ്യുന്ന ജോലികളിൽ മുഴുകുമ്പോഴേക്കും ചിലപ്പോൾ പച്ചക്കറിക്കാരനോ ,ചീര വല്യമ്മയോ ,അല്ലെങ്കിലേതെങ്കിലും ബ്രോക്കറോ വന്നാൽ പണികളുടെ താളം തെറ്റലായി ...

തിരക്കിട്ട് ഓടിനടന്ന് എല്ലാം ഒതുക്കുന്നതിനിടയിൽ അമ്മയോ അച്ഛനോ പറയും "വന്നിട്ട് ചെയ്താൽ പോരെ "?

പക്ഷെ ഈ വാക്ക് കേട്ട് ഒതുങ്ങി നിൽക്കാൻ സാധിക്കുന്നതല്ല അവളുടെ ഉത്തരവാദിത്തം , അല്ലെങ്കിലീ വീട്ടുകാർ തന്നെ പറയും " രാവിലെ എഴുന്നേറ്റു കെട്ടിയൊരുങ്ങി പോയെന്ന്.."

വേഗത്തിലൊരു കുളിയും കഴിപ്പിച്ചുകൊണ്ട് നിറമോ ഗുണമോ നോക്കാതെ വിലകുറവ് കണ്ടു വാങ്ങിയ ചുരിദാർ എടുത്തിടും ....

കണ്ണെഴുതാനും കരിവളയിടാനും ചിലപ്പോൾ നേരം കിട്ടിയെന്നു വരില്ല ബസ്സിനായി ഓട്ടമാണ് ...

അപ്പോൾ ഇടയിലേതെങ്കിലും പരിചയക്കാരെ കണ്ടാൽ സംസാരിക്കാതെ പോകുന്നത് മറ്റൊന്നുമല്ല  ബസ്സ് പോകുമെന്ന വേവലാതിയാണവൾക്ക്...

നിമിഷങ്ങളുടെ ബസ്സിലെ റെസ്റ് എടുപ്പിനു ശേഷം ഉത്തരവാദിത്തങ്ങളുടെ വലിയൊരു കുന്ന് തന്നെ കടയിലവളെ കാത്തിരിക്കുന്നുണ്ട് എന്നറിഞ്ഞുകൊണ്ട് എത്രയും വേഗമെത്താൻ കഷ്ട്ടപ്പെട്ടു നടക്കും ....

അതിനിടയ്ക്ക് മെയ്ക്ഓവറുകളുടെ ഷൈനിങ് ഇല്ലാത്ത തന്റെ നിമിഷകാമുകിയെ( രാവിലെയും വൈകീട്ടും ഒരു നിമിഷനേരം മാത്രം കാണുന്ന ) കാത്ത് പെട്ടിഓട്ടോയ്ക്ക് പുറകെ അന്നത്തെ കച്ചവടത്തിനുള്ള പഴങ്ങൾ അടുക്കി അവനുമുണ്ടാകും .....

ചുണ്ടിലെ മന്ദഹാസവും ഹൃദയത്തിലെ കുളിർമയും ചിരിയിലെത്തിക്കാതെ ആ കണ്ണുകൾ പെട്ടെന്ന് പിൻവലിച്ചു നടക്കുമ്പോഴും മുന്പിലെ എ ടി എം കൗണ്ടർന്റെ കണ്ണാടി ചില്ലിലൂടെ അവൻ തന്നെ നോക്കി നിൽക്കുന്നത് കണ്ട സന്തോഷം മാത്രം മതിയവൾക്ക്....

കോളേജിൽ പഠിക്കുന്ന സമപ്രായക്കാരുടെ ഇടയിലൂടെ നടന്നുനീങ്ങുന്ന പഠിക്കാൻ മോശമില്ലാതിരുന്നിട്ടും പഠനം ഇടയ്ക്കു വച്ചു നിർത്തേണ്ടി വന്നവളുടെ അവസ്ഥ പറഞ്ഞാൽ നിങ്ങൾക്കു മനസ്സിലായെന്ന് വരില്ല ..... പക്ഷെ നിസ്സഹായാത ആ കണ്ണുകൾ മനസ്സിലാക്കിത്തരും കണ്ടു മനസ്സിലാക്കണം എന്നു മാത്രം ....

കുട്ടികളുടെയും ,മുതിർന്നവരുടെയും ,ജോലിക്കാരുടെയും അതിൽ സമ്പന്നരുടെയും ദരിദ്രരുടെയും മുൻപിൽ നിന്നുകൊണ്ട് തന്നെ കടയുടെ അകവും പുറവും അടിച്ചു തുടച്ചു വെക്കും ....

അപ്പോഴേക്കും ഉപഭോക്താക്കളുടെ വരവ് തുടങ്ങിയിരിക്കും ...

എല്ലാം വലിച്ചുവാരിയിട്ട് ഒന്നിലും തൃപ്തി വരാതെ അവർ പോകുമ്പോൾ ക്യാഷ് കൗണ്ടറിനു മുന്നിലിരിക്കുന്ന മുതലാളിയുടെ നോട്ടമുണ്ട് ....

എന്നിട്ടും അടുത്ത ആള് വരുമ്പോൾ ചിരിച്ചേ നിൽക്കാറുള്ളൂ ...

ചിലപ്പോൾ അവരുടെ മുന്നിൽ ചീത്ത കേട്ടെന്നും വരും ...

പ്രതികരിക്കാറില്ല ....

ജോലി മതിയായാക്കി ഇറങ്ങി പോകുന്നെന്ന് പറയാനുള്ള ധൈര്യവുമില്ല ...

ആരും കാണാതെ ടേബിളിന്റെ അടിയിൽ വെച്ചിരിക്കുന്ന പുതുമ മാറാത്ത തുണിക്കെട്ടുകൾ  മാത്രം കണ്ട കണ്ണുനീർ ദുപ്പട്ടയുടെ തുമ്പുകൊണ്ട് തുടച്ചു മാറ്റപ്പെടും ....

പിന്നെയും മുഖത്താ ചിരി തേച്ചുപിടിപ്പിച്ചു അവളെഴുന്നേൽക്കും ...

കസ്റ്റമേഴ്‌സ്നെ നോക്കി പുഞ്ചിരിക്കും ....

ചിലർ അനുകമ്പയോടും ....

ചിലർ അപരിചിതമായും...

ചിലർ ഗൗരവത്തിലും ....

മറ്റു ചിലർ അവരേതോ ലോകത്ത് നിന്ന് പൊട്ടി മുളച്ചതാണ് എന്ന തരത്തിലും  അതിനോട് പ്രതികരിക്കും ....

ആഘോഷങ്ങൾ നമുക്ക് സന്തോഷമേകുമ്പോൾ അവെരെപ്പോലുള്ളവർക്കു എന്നത്തേതിലും കൂടുതൽ ജോലി എന്നാണർത്ഥം ...

ആഘോഷങ്ങൾ ഇല്ലാത്തവരുടെ നൊമ്പരമാരും കാണാറുമില്ല ...

നമുക്കിഷ്ടമുള്ളവ തിരയുന്ന തിരക്കിലാവും അവർക്ക് ഓരോ പണിയുണ്ടാക്കിക്കൊണ്ട്....

ജോലി ചെയ്യാൻ മടിയില്ലെങ്കിലും അവരെയേറെ വെറുപ്പിക്കുന്ന ഓരോരുത്തരുടെ നോട്ടമാണ് ... റാക്കിന് മുകളിലെ സാധനമെടുക്കുമ്പോൾ സ്ഥാനം തെറ്റുന്ന വസ്ത്രവും ...

താഴെ നിന്നെടുക്കുമ്പോൾ തെന്നി നീങ്ങുന്ന വസ്ത്രവും ശാപം തന്നെ ....

ഒപ്പം അശ്ലീലം കലർത്തി  മാത്രം സംസാരിക്കുന്നവരും ഏറെയാണ് ...

മുതലാളിയോട് കൊഞ്ചിക്കുഴയാൻ വേണ്ടി മാത്രം കടയിലെത്തുന്ന പതിവ് സന്ദർശകരുടെ കല്ലുകടി നിറഞ്ഞ സംസാരവും അവളുടെ സദാചാരത്തെ കുറിച്ചാവും ഇടയ്ക്ക്....



ട്രേഡ് യൂണിയനുകളും മറ്റു സംഘടനകളും ഏതാണ്ട് ഉപേക്ഷിച്ച പരുവത്തിലിരിക്കുന്ന അവരെ സെയിൽസ്ഗേൾസ് എന്നോമന പേരുനല്കി വിളിക്കുമ്പോൾ നഷ്ട്ടമായ നിറങ്ങളുടെ ലോകത്ത് നിന്നും സ്വപ്നങ്ങളിലെ രാജകുമാരന്റെ കൈവിടുവിപ്പിച്ചു അവളോടി വരും ...

അല്ലെങ്കിൽ ആ ജോലി വിട്ടു പോകേണ്ടി വരുമെന്നും ...കഷ്ടമായിട്ടും അതിനായി കാത്ത് നിൽക്കുന്ന ഒരുപാടുപേരുണ്ടെന്നും അവൾക്കറിയാം ....

പണി കൂടുമ്പോഴും കൂലി പെട്ടെന്നൊന്നും കൂടാതെ ...

പുതിയ ടച് ഫോണിൽ കാമുകനോട് നർമ്മ സല്ലാപത്തിലിരിക്കുമ്പോൾ സീറ്റിൽ അവളെപ്പോലുള്ളവർ തളർന്നിരിക്കുന്നത് നാം കാണാറുണ്ടോ ...

നമ്മുടെ ആഭരണങ്ങളും വസ്ത്രവും നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ടോ ...അവർക്കും ആഗ്രഹമാണെന്നു അറിഞ്ഞിട്ടുണ്ടോ  കുപ്പിവളയും ,മുത്തുമാലയും മാറുന്ന കാലമെത്തുവാൻ ...

നമുക്കെല്ലാം നേടിത്തരാൻ ആളുണ്ടെന്നും മറ്റുള്ളവരുടെ മുന്നിൽ പകിട്ട് കാണിക്കുന്നതെല്ലാം നമ്മുടെ കഴിവ് കൊണ്ടല്ലെന്നും മനസ്സിലായ്ക്കുന്ന എത്രപേരുണ്ട് നമ്മുടെയിടയിൽ ..?
ഒന്നുമില്ലെങ്കിലും സ്വന്തം അധ്വാനത്തിന്റെ ഫലം കൊണ്ട് മാത്രം ജീവിക്കുന്നവർ ....(എല്ലാവരെയുമല്ല )

കാമുകനൊന്ന് വൈകിയാലും ...അമ്മ ഇഷ്ടമില്ലാത്ത വിഭവം ഉണ്ടാക്കിയാലോ  ...അച്ഛൻ പൈസ തന്നില്ലെങ്കിലും ...സഹോദരൻ വഴക്കുണ്ടാക്കിയാലും തനിക്കാരുമില്ലെന്നും,ആരും തന്നെ സ്നേഹിക്കുന്നില്ലെന്നും പരാതിപ്പെട്ടിരിക്കാനല്ലാതെ ആ സൗഭാഗ്യം നിഷേധിക്കപ്പെട്ടവരെ കുറിച്ചു ഓർത്തിട്ടുണ്ടോ ....

ഇഷ്ടമുള്ളത്രേം വീടിന്റെ ആധാരം വിറ്റും പഠിപ്പിക്കുന്ന അച്ഛനമ്മമാർ എല്ലാവർക്കും കിട്ടാറില്ല എന്നു മറക്കരുത് ....

സ്വർണാഭരണങ്ങളുടെ തിളക്കത്തിൽ മുങ്ങി നാമോരുത്തരും വിവാഹാഹിതരാകുമ്പോൾ അതുപോലെയുള്ളവർ പകലന്തിയോളം കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന ...തീരാക്കടങ്ങളുടെ മുകളിൽ നടത്തപ്പെടുന്ന വിവാഹങ്ങളെ പുച്ഛത്തോടെ അല്ലാതെ കാണാറുണ്ടോ ...

വിവാഹം കഴിഞ്ഞും അധികമൊന്നും ആവും മുൻപേ ആഭരണങ്ങൾ റോൾഡ് ഗോൾഡ് ആയി മാറിയവരുടെ വിഷമമെന്തെന്ന് അറിയാറുണ്ടോ ...

ചാറ്റിങ്ങിലും ,ഡേറ്റിങ്ങിലും ...പിന്നെ മിക്കപ്പോഴും ചീറ്റിങ്ങിലും അവസാനിക്കുന്ന പ്രണയങ്ങൾ വച്ചും എത്രയോ പരിശുദ്ധമായി ഓരോ നിമിഷത്തിന്റെ ആയുസ്സിൽ തീരുന്ന പ്രണയത്തെ അറിയുമോ ...(അവർക്ക് അവസരമില്ലെന്നു പറഞ്ഞവരും എന്നെ വിമർശിക്കരുത്..കഥയിൽ ചോദ്യമില്ല )

പുതുതായി ഇറങ്ങുന്ന സൗകര്യങ്ങളോടും ഫാഷനോടും ഇണങ്ങാനായി നാം കൊതിക്കുമ്പോൾ സിനിമകളും കഥകളും പറയാതെ പോയ ഇതുപോലെ ഒരുപാട് നിറമില്ല ജീവിതങ്ങളുണ്ട്  നമുക്ക് ചുറ്റിലും ...നാം കാണാതെ പോകുന്നെന്നേയുള്ളൂ ....


അവിടെയൊന്നും നമ്മളറിയാതെ പോകുന്ന ഒന്നുണ്ട് അവളും നമ്മെ പോലൊരു പെണ്ണ് തന്നെ മോഹമേറെ കൊണ്ട് നടക്കുന്ന എങ്കിൽ  കഷ്ടപ്പാടുകളുടെ മാത്രം  കൂട്ടുകാരി ...!

Thursday 16 June 2016

പണ്ട് തൊട്ടേ ഏറെ ഇഷ്ടമായിരുന്നു ട്യൂബ്റോസിനോട്.... പനിനീരിന്റെ കാന്തിയില്ലെങ്കിലും കാണുവാൻ ഏറെ ഐശ്വര്യം തോന്നിയിരുന്നു അവയോട്


മനുഷ്യനെ മത്തുപിടിപ്പിക്കുന്ന ആ മണം എങ്ങനെ ശുഭമുഹൂർത്തങ്ങളിൽ ഒഴിവാക്കപ്പെടുമെന്ന് എന്നെപ്പോലെ എല്ലാവരും ചിന്തിച്ചത് കൊണ്ടാവണം പൂമാലകളിൽ ട്യൂബ്റോസിന്റെ സാന്നിദ്ധ്യം ഒഴിച്ച് കൂടാനാവാത്തതായത്


കല്യാണ വീടിന്റെ പ്രതീതിയുണ്ടാക്കാൻ പലപ്പോഴും ബസ്സിൽ തൂക്കിയിട്ടുരുന്ന ട്യൂബ് റോസിന്റെ പൂമാലകൾക്ക് കഴിഞ്ഞിരുന്നു ... പോകുന്ന വഴിയിലെല്ലാം നിരത്തി വെച്ചിരുന്ന മാലകളുടെ സൌരഭ്യം ആസ്വദിക്കുമ്പോൾ നല്ല ഫീലാണ് ....സൊ റൊമാന്റിക്‌


ടേബിളിൽ ആരും കാണാതെയോളിപ്പിച്ചുവെച്ച എന്റെ ഡയറി എടുത്തു ഉച്ചത്തിൽ വായിക്കുകയും ഞാൻ കേട്ടോയെന്നു എത്തിനോക്കുകയും ചെയ്യുന്ന കാഴ്ച്ചകണ്ടാണ് ഭക്ഷണത്തോടുള്ള യുദ്ധം അവസാനിപ്പിച്ച് മുറിയിലെത്തിയത്


അടുക്കളയിലിരിക്കുമ്പോൾ അങ്ങിങ്ങായി ചിതറിത്തെറിച്ചു കേട്ട വചനങ്ങളെന്റെ തന്നെയായിരുന്നെന്ന് മനസ്സിലാക്കാനും വൈകിപ്പോയല്ലോ എന്നാ വേവലാതിയോടെ എത്തുമ്പോൾ ചേച്ചി ആ പുസ്തകത്തിലേക്ക് നോക്കി കൊണ്ടിരിക്കുന്നു വായിക്കുകയാണോ കരയുകയാണോ എന്നറിയില്ല ...


മുഖം പുസ്തകത്തിലില്ലാത്ത ഏതോ ആഴങ്ങളിൽ വീണ് പോയിരുന്നോ അപ്പോഴെന്നു തോന്നിപ്പോയി ...മുന്നിലൂടെ ഞാൻ ചെന്നിട്ടും അറിയാതെയായപ്പോൾ പതിയെ തൊട്ടു വിളിച്ചു


"ചേച്ചി ...."


ഒരു ഞെട്ടലിൽ നിന്നോണം അവളുണർന്നു എന്റെ നേർക്ക്‌ നോക്കിയോപ്പോൾ ആ മിഴികൾ തുളുംബിയതും എന്നിൽ നിന്നും മറയ്ക്കാൻ ആവാത്ത പരിഭ്രാന്തിയും ആ മുഖത്തു കണ്ടു .


"എന്തെ ചേച്ചി ...?"


"ഏയ് ഒന്നുല്ലാ ...ഞാൻ വെറുതെ വായിക്കുകയായിരുന്നു ....."


"പിന്നെന്ത ചേച്ചി കരഞ്ഞത് ...എന്റെ മണ്ടത്തരങ്ങൾ കേട്ട് ഫ്ലാറ്റ് ആയോ .."


ചേച്ചി ചിരി വരുത്തി മറുപടി പറഞ്ഞു "ഇല്ലാലൊ ..... സത്യം പറ നിനക്കാരോടെങ്കിലും ഇഷ്ടമുണ്ടോ ..."?


എന്റെ ദൈവമേ ...! ആരോടും പറയാതിരുന്നത് ...ഇത്രകാലം ആരുമറിയാതെ മുന്നോട്ടു കൊണ്ടുപോയത് ഇവരെങ്ങനെ അറിഞ്ഞു എന്നുള്ള അത്ഭുതം .


ഒപ്പം പെട്ടെന്ന് മനസ്സിലൊരു പേടിയുടെ ബാധയും കേറിയോ എന്ന് തോന്നി .... എല്ലാം കയ്യിൽ നിന്നും പോയെന്നു മനസ്സിലായി ...ചേച്ചിയുടെ മുഖത്തേക്ക് ദയനീയമാക്കി നോക്കി


"എങ്ങനെ അറിയും ...."


"നിന്റെ ഡയറിയിൽ ഉണ്ടല്ലോ ..."


ഇന്നലത്തെ ഉറക്കപ്പിച്ചിൽ പ്രേമം കൂടിയപ്പോൾ എന്തെങ്കിലും എഴുതിപിടിപ്പിച്ചു കാണുമോ ഞാൻ ...! എനിക്കൊന്നും വയ്യ എന്നെക്കൊണ്ട് ...ശരീരം തളരുന്നത് പോലെ തോന്നി ...


ഇനി അമ്മ അറിയും, " നീ ഇങ്ങനെ ചെയ്യുമെന്നറിയാടി മൂധേവി ...കുടുംബത്തിന് ചീത്തപേരുണ്ടാക്കാൻ എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ....


നിന്റെ അച്ഛനോട് ഞാനിതെങ്ങനെ പറയും ..." പിന്നെ എന്നെ കാണുമ്പോഴും അല്ലാതെയും ഇടയ്ക്കിടയ്ക്ക് കണ്ണ് തുടച്ചു ഞാനാണ് മൂന്നാം ലോക മഹായുദ്ധം നടത്തിയത് എന്നപോലെ നടക്കും


അച്ഛൻ അറിയുമ്പോൾ .....ദൈവമേ എത്ര കാലം മിണ്ടാതെ നടക്കും ... അച്ഛനിനി വീട്ടുകാരോട് പോലും മിണ്ടില്ല


അനിയൻ അറിഞ്ഞാൽ ... " എന്റെ ആൾടെ കാര്യം മാത്രം പറയണം നിന്നോട് ...നീ അളിയന്റെ കാര്യം പറഞ്ഞില്ലാലോ ...പോടീ ..."


ഏട്ടന്റെ പ്രതികരണം .....എന്റെ കവിളത്ത് ഞാൻ വെറുതെയൊന്നു തൊട്ടു നോക്കി ...."നീ ഇങ്ങനെ ചെയ്തല്ലോ മോളെ ..." ... അയ്യോ പാവം എന്റെ ഏട്ടൻ..ഇനിപ്പോൾ എന്നെ തല്ലിയ സങ്കടത്തിന്‌ ഒന്നും കഴിക്കില്ല .....


ഈ വാർത്ത അമ്മയോ അച്ഛനോ വിളിച്ചു പറയുന്നത് കേട്ടപാതി കേൾക്കാത്ത പാതി  തിരക്കിട്ട് ഓൾഡ്‌ യമഹ ബൈക്കിൽ ചെറിയേട്ടന്റെ വരവുണ്ട് ...


പെട്ടെന്ന് ഉടയുന്ന  വസ്തുക്കളെല്ലാം മുറിയിൽ നിന്നും മാറ്റി വെക്കണം ...കഴിഞ്ഞ മാസം അവൻ സമ്മാനം തന്നതടക്കം ....


എന്റെ സകലമാന സർട്ടിഫിക്കറ്റുകളും, വേണ്ടപ്പെട്ട പുസ്തകങ്ങളും പൈസയും ബാഗും ഒളിപ്പിക്കണം .....വല്യെട്ടനോട് കരഞ്ഞു വാങ്ങിപ്പിച്ച പുതിയ ഫോൺ ആദ്യം  ഒളിപ്പിക്കണം ....


പിന്നെ വല്ല ഇരുമ്പ് കവച്ചമോ കവിളിൽ ഒട്ടിച്ചു വെച്ചാലോ ...! മുടി വൃത്തിയായി പെട്ടെന്ന് അഴിയാത്ത വിധത്തിൽ കെട്ടി വെക്കണം .....അതൊക്കെ സഹിക്കാം ..ഇനിയവൻ ഡെയിലി കുടിച്ചിട്ട് കേറി വരുന്നത് ഓർക്കുമ്പോഴാ....


അച്ഛച്ചനും ,അച്ഛമ്മയും കൂടെ ചേർന്നൊരു ഉപദേശമഴയുണ്ട് , "എന്റെ മകളെ നീയിങ്ങനെ ചെയ്തല്ലോ ...ഇവടെ നിന്റെ മൂന്നു അമ്മായിമാർ വളർന്നിട്ടുണ്ട്..എത്ര   ചേച്ചിമാരുണ്ട്‌ ...


നമ്മടെ കുടുംബത്തിൽ എത്ര പെൺകുട്ടികളുണ്ട്...അവരൊന്നും ഇന്നേവരെ ഇങ്ങനൊന്ന് ചെയ്തിട്ടില്ല ....അതിനുള്ള കരളുകട്ടി നിനക്ക് മാത്രമേ ഉണ്ടായുള്ളൂ ....


നിനക്കെന്തു കൊറവ് വെച്ചു നിന്റെ അപ്പനും അമ്മയും ....നിന്റെ ആങ്ങളമാർക്കു വേറെ പെണ്ണ് കിട്ടോ ഇതറിഞ്ഞാൽ ...അവരുടെ ജീവിതം പാഴായില്ലേ .... ഇതുപോലെ ഏതു വീട്ടുകാരും  പെൺകുട്ടികളെയും  നോക്കില്ല ...


അന്നേ ഞങ്ങൾ പറഞ്ഞതാ പെൺപിള്ളാരെ കൊഞ്ഞിച്ചു വഷലാക്കരുതെന്നു....ആരും കേട്ടില്ല ...അല്ലെങ്കിലും നമ്മള് വയസായവര് ജോലിയും കൂലിയും ഇല്ലാത്തവര് പറഞ്ഞാ ആര് വേലവെക്കാനാണ്


തുണിക്ക് തുണി ...പഠിക്കാൻ കാശ് ...നിനക്ക് എന്ത് വേണം പറഞ്ഞാലും വാങ്ങിത്തരാൻ ആൾക്കാർ .... എന്നിട്ടും ഈ ചതി ചെയ്യാനെങ്ങനെ തോന്നിയടി....അതിനിടയ്ക്ക് അച്ഛമ്മയുടെ കണ്ണ് തുടയ്ക്കലോടെ ഉള്ള പരാമർശം വരും


"ആയതായി ..ഇനി അതൊക്കെ മറക്ക്... അപ്പനും ആങ്ങളമാരും പറയുന്നത് പോലെ ജീവിച്ചോ അല്ലെങ്കിൽ ഒരു നായിചാത്തൻ ഉണ്ടാവില്ല ..."


ഇനിയിപ്പോൾ വൈകീട്ട് വരുമ്പോൾ എനിക്കായി അച്ഛമ്മ ഒന്നും എടുത്ത് വെക്കില്ല ..പേരക്കുട്ടി പഠിക്കുകയാ എന്ന് ആരോടും അഭിമാനത്തോടെ അചാചാൻ പറയില്ല .എനിക്കോർക്കാനെ വയ്യ ....


ഈ വേലയൊക്കെ കഴിയുമ്പോഴേക്ക് അയൽ വീടുകളിൽ നിന്നും  ചെറിയച്ചന്മാർ,ചെറിയമ്മമാർ, വലിയമ്മ ,വലിയച്ചൻ തുടങ്ങിയവരുടെ പ്രവാഹമായിരിക്കും ...


"ചെറുപ്പത്തിൽ എടുത്തു നടന്നതും ..മക്കളെ പോലെ സ്നേഹിക്കുന്നതും പറയും ...അതിനിടയ്ക്ക് ചെറിയമ്മ എന്നെ ആദ്യായി ചീത്ത പറയുന്നത് കണ്ട് ഇത്തിരി എരിവ് കൂട്ടിക്കൊടുക്കും ....



"ഞങ്ങളോട് ചോദിച്ചിട്ടല്ല ഞങ്ങടെ കല്യാണം നടത്തിയത് , കാണാൻ വന്നു ഉറപ്പിച്ചു ...ഇതുപോലെ എവിടെയും കണ്ടിട്ടില്ല ...ഒരു സൊത്തും മൊതലും...എല്ലാം കൂടെ താഴത്തും തലയിലും വെക്കാതെ വളർത്തിയതല്ലേ അനുഭവിക്ക്..."


അതുകേൾക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം പൊടിയുന്നത് കണ്ട് ചെറിയച്ചൻ പറയും ..."നിന്നോടാരെങ്കിലും അഭിപ്രായം ചോദിച്ചോ ...?"


"ആഹ ....നിങ്ങളെല്ലാം കൊണ്ട് ഒതുക്കിക്കോ ...പെൺപിള്ളാരെ അടക്കിയൊതുക്കി വളർത്തണം അല്ലെങ്കിൽ ഇങ്ങനിരിക്കും ...." അപ്പോഴേക്കും ചെറിയച്ചൻ കൈ ഒങ്ങിയിട്ടുണ്ടാകും


"ആയതായി ...ഇനി എന്താ വേണ്ടത് എന്നാലോചിക്ക്... പിന്നെ അവനെ തിരക്കിയുള്ള ഓരോരുത്തരുടെ വരവായി ...എന്റെ അവനെ വേണം എന്നുള്ള നിവേദനം ചവറ്റുകുട്ടയിൽ എറിയപ്പെടും എന്നറിഞ്ഞാലും കൊടുക്കണം ...


എല്ലാം വായിച്ച് ചെല മന്ത്രിമാരെ പോലെ "എല്ലാം ശെരിയാക്കാം" എന്നൊരു തീീരുമാനത്തിൽ പിരിയുന്നതായി ഭാവിക്കും ...പിന്നെ എന്നെ കാണാതെ ചർച്ച ചെയ്യലായി ....


അതിനിടയ്ക്ക് വണ്ടി വിളിച്ചു വരുന്ന മേമ, ചാച്ചൻ, മാമന്മാർ ,അമ്മായിമാർ,വേറെ ചേച്ചിമാർ , ചേട്ടന്മാർ ..."ദൈവമേ ഇത്രകാലം കല്യാണം വേണ്ട പഠിക്കണം എന്ന് പറഞ്ഞു നടന്നത് ഇതിനാണോ എന്നുള്ള എല്ലാരും കൂടെ നിർത്തിയൊരു വിചാരണയുണ്ട്...."


 ഹോ അതോർക്കാനെ വയ്യ ... അതിനിടയ്ക്ക് അകന്ന വകയിലെ ഏതെങ്കിലും കോന്തനുവേണ്ടി പെണ്ണ് ചോദിച്ചെന്നും വരാം .... ആവേശം കെട്ടടങ്ങാത്ത ആ വേളയിൽ ചെലപ്പോൾ എല്ലാരും കൂടിയങ്ങ്‌ ഉറപ്പിക്കും ....



 അവനെക്കുറിചെല്ലാം ചോദിച്ചു മനസ്സിലാക്കി വീട്ടിൽ പോയി അവനോടിയ വേഴിക്കിനി പുല്ലു മുളയ്ക്കാത്ത തരത്തിലാക്കും ....എന്റെ പ്രേമം പോയല്ലോ ദൈവമേ ......   ! എന്നുള്ള വേദനയിൽ കഴിയുമ്പോഴേക്കും



 അടുത്ത വീടുകളിൽ പതിയെ അറിഞ്ഞു തുടങ്ങും ..കേട്ടവർ കേട്ടവർ പലക്കടാൻ സ്റ്റൈലിൽ മൂക്കത്ത് വിരൽ വയ്ക്കും ...



 പിന്നെ നാടുമുഴുവൻ ഫ്രീയായി അവർ വിതരണം ചെയ്തോളും ..ഇക്കാര്യത്തിൽ ഞങ്ങടെ നാട്ടുകാർക്ക് വല്ലാത്ത കഴിവാണ് ... വല്ല വിതരണക്കമ്പനിക്കോ മാർക്കറ്റിംഗ് കമ്പനിക്കോ ആളെ വേണേൽ ഇവടെ വരാം ..ഞാൻ ഗ്യാരണ്ടി .ഫയങ്കര ഹാർഡ് വർക്കാ



 അതിനിടയിൽ ഒളിഞ്ഞും തെളിഞ്ഞും അകന്നും ഉള്ള  എല്ലാ ബന്ധുക്കാരും  അറിയും ... മനസ്സിൽ ചിരിക്കും ..കുടുംബത്തെ കളിയാക്കും ഇടയ്ക്കിടെ ഇതും പറഞ്ഞ്....



അതിനിടയിൽ വീട്ടുകാര് അന്വഷിക്കാൻ വിളിച്ചോ അല്ലാതെയോ ഒന്നിൽ നിന്നും ഒന്നായി  എല്ലാ കൂട്ടുകാരും അറിയും ....അയ്യോ അതാണ്‌ സഹിക്കാൻ വയ്യാത്തത് .....


"പ്രേമിക്കാൻ തുടങ്ങിയിട്ട് ട്രീറ്റ് തരാൻ വയ്യാത്തോണ്ടാണോ പറയാതിരുന്നത് പിശുക്കി " എന്നുള്ള അവരുടെ ചോദ്യത്തെ ഞാൻ എങ്ങനെ ഫേസ് ചെയ്യും .....!


അങ്ങനെയെല്ലാം കൂടി പ്രേമം ഭംഗിയായി പൊളിച്ചു കയ്യിൽ തരും ...ഞാൻ അന്തം വിട്ടപോലെ ആലോചിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ചേച്ചി ..." എന്താടി ...എന്താ "


"ഒന്നുല്ലാ ....."


"സത്യം പറയടി ആരാ അവൻ ...."


എനിക്ക് കൈകാലുകൾ വിറയ്ക്കുന്നത് പോലെയും അതുവരെയില്ലാത്ത വയറുവേദന വ്യാപിക്കുന്നതായും ...ഒപ്പം തൊണ്ടയിലെ വെള്ളം വറ്റി വിയർപ്പായി പുറത്തേക്ക് ഒഴുകി നിർജലീകരണം സംഭവിക്കുമോ എന്ന് തോന്നിപ്പോയി


"ചേച്ചി ഞാൻ ....ഡയറിയിൽ എന്താ ...."


"അല്ല .... നീയെന്താ ട്യൂബ് റോസിനെ കുറിച്ചിത്ര കാര്യമായി എഴുതിയിരിക്കുന്നത് ... "


ഇനിയൊരിക്കൽ എന്റെ കഴുത്തിലും വരണമാല്യം വീഴുന്ന വേളയിൽ അവയുടെ മണമെങ്ങും നിറഞ്ഞിരിക്കും ...


പിന്നെയീ ജന്മത്തിൻ ഭാഗ്യമെന്നോതിയവൻ കൈകളിലെന്നെ ചേർത്ത് പിടിക്കും ...ഒന്നിച്ചിറങ്ങുന്ന പടികെട്ടിലും ...ഒരുമിച്ചു കയറുന്ന വാതിൽക്കലും ...പിന്നെയൊന്നായി തീരുന്ന മണിയറയിലും അവയെന്നും സുഗന്ധം നിറച്ചിരിക്കും...


കാലങ്ങളേറെ കഴിഞ്ഞും ആ ശുഭദിനമോർമ്മയിൽ വരുമ്പോൾ ചുറ്റും അവയുടെ ഗന്ധം നിറഞ്ഞിരിക്കും ...പിന്നെയാ പൂവിനെ കാണുന്ന വേളയിലെല്ലാമെൻ മനവും നിറഞ്ഞിരിക്കും ..."


ഇത് പിന്നെ എന്താടി .... അതെ ഈ പ്രായമൊക്കെ കഴിഞ്ഞിട്ടാ ഞാൻ വന്നത് .... എനിക്കറിയാം ...ഞാൻ കൊറെയായി ശ്രദ്ധിക്കുന്നു ഇടയ്ക്കിടെ ഒരു ചിരി ...ഏതുനേരവും സ്വപ്നം ...ഇടയ്ക്കിടയ്ക്ക് കുത്തിക്കുറിക്കൽ...ആരും കാണാതെ ചീന്തിയെറിയാൽ....


പിന്നെ അണിഞ്ഞൊരുങ്ങി നടത്തം ...ഇന്നുവരെ തല പൊക്കി നോക്കാത്തവൾ എല്ലാവരെയും നോക്കി ചിരിക്കുന്നു ...പിള്ളാരെ കളിപ്പിക്കുന്നു ...അടുക്കളയിൽ കയറുന്നു ...പണിയെല്ലാം ചെയ്യുന്നു ....ഈ ലോകത്തൊന്നും അല്ലെ പെണ്ണെ .... എന്തോ കാര്യമായുണ്ട് ...?


'ഏയ് ഒന്നുല്ലാന്നെ ...വെറുതെ തോന്നുന്നതാ ..... അല്ല  ചേച്ചി എന്തിനാ കരഞ്ഞത് ...." ഹാവൂ അറിഞ്ഞിട്ടില്ല ...അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌


"ഒന്നുല്ലടി ..."


"ഇല്ല എന്തോ ഉണ്ട് ...എനിക്കുമറിയാം ...ഞാനും പെൺകുട്ടിയല്ലേ..." എന്തെന്നറിയാൻ ഉള്ള ആകാംക്ഷ കളയാൻ ഞാനൊരുക്കമല്ല ...ഇന്ന് വൈകീട്ട് അവനെ വിളിച്ചു പറയാനൊരു സംഭവമായി ....


"അങ്ങനൊന്നുമില്ല ..." അവർ ജനലിന് അടുത്തേക്ക്‌ നീങ്ങി


"പിന്നെങ്ങനെയാ ..."


"പിന്നെ ..... നിന്റെ സന്തോഷം കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു ...ഞാനും ഇതുപോലെ ഒരാളെ സ്നേഹിച്ചിരുന്നു ..."


"എനിക്കാരോടും പ്രേമം ഇല്ലാ ട്ടാ ...." ഞാൻ തിരുത്തിക്കൊടുത്തു


അവൾ ചിരിയോടെ തുടർന്നു.... "ഇഷ്ടമായിരുന്നു ...ഒരുപാട് .... എങ്ങനെയാ ഇപ്പൊ ഞാൻ നിന്നോട് പറയ്യാ ....ഈ ആകാശത്തിന്റെ ദൂരവും കടലിന്റെ ആഴവും പോലെ ഇഷ്ടായിരുന്നു .... മറ്റൊരു ജീവിതമെനിക്ക് വേണ്ടെന്നുള്ള ഇഷ്ട്ടമായിരുന്നു ....എന്തും നല്കാമെന്നുള്ള ഇഷ്ട്ടായിരുന്നു ...."


"എന്നിട്ട് ..."


" ഈ ട്യൂബ് റോസിനോട് നിന്നെപ്പോലെ കമ്പം തോന്നിയതും ഞങ്ങളുടെ മംഗല്യം എന്നും സ്വപ്നം കാണുന്നത് കൊണ്ടായിരുന്നു ...


സത്യമല്ലേ ഒരു പെണ്ണിന്റെ ജീവിതത്തിൽ വിവാഹമാണ് പ്രധാനപ്പെട്ട മുഹൂർത്തം എന്ന് പറയുമ്പോൾ ...... ആ നിമിഷത്തിൽ കഴുത്തിൽ വീഴുന്ന മാലയുടെഗന്ധം പിന്നെയൊരിക്കലും മറക്കില്ല ..."


"ഉം ..... എന്നിട്ട് ..."


"എന്നിട്ട് ....എല്ലാം ഉറപ്പിച്ചതാ... ചൊവ്വാദോഷത്തെ തോൽപ്പിക്കാൻ ഒരു പ്രതിവിധിയും കാണാതിരുന്നപ്പോൾ അവന്റെ വീട്ടുകാര് കൈകഴുകി പോയി .... അവന് വിട്ടുപോകാൻ കഴിയുമായിരുന്നില്ല .....


പക്ഷെ പെട്ടെന്നൊരു ദിവസം എന്റെ മുഖത്തുനോക്കി ചൊവ്വാദോഷം ഉള്ള പെണ്ണിനെ വേണ്ടെന്ന് പറഞ്ഞു... അന്നത് താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു .... പിന്നെ നമ്മുടെ വീട്ടുകാരെ അറിയാമല്ലോ .....


വേണ്ടെന്ന് ഞാൻ ഒരുപാട് പറഞ്ഞതാ ...പക്ഷെ സമ്മതിച്ചില്ല .... പിന്നെ ന്നെ  വേണ്ടെന്ന് വെച്ച സങ്കടവും എന്തെങ്കിലും ആവട്ടെ ന്ന് ഞാനും കരുതി ....


പക്ഷെ ആ കതിർമണ്ഡപത്തിൽ നിൽക്കുമ്പോൾ എനിക്കൊരിക്കലും ട്യൂബ് റോസിന്റെ മണം അനുഭവപ്പെട്ടില്ല ...
പിന്നീടൊരിക്കലും എനിക്ക് സ്വപ്നങ്ങളും ഇല്ലായിരുന്നു ......


"എന്തിനാ വേണ്ടെന്ന് പറഞ്ഞത് എന്നറിയോ ...."


അവർ കണ്ണ് തുടയ്ക്കുന്നത് കണ്ടപ്പോൾ എനിക്ക് ചോദിക്കണ്ടായിരുന്നു എന്ന് തോന്നി " എന്നെ വല്യ ഇഷ്ടായിരുന്നു ..അതുകൊണ്ട് ...... ജീവിതം എപ്പോൾ വേണമെങ്കിലും തിരിചെടുക്കപ്പെടാം എന്ന് വന്നപ്പോൾ ...

എന്നെയും കൂടെ കൂട്ടണ്ട കരുതിക്കാണും ...അതല്ലേ ഇല്ലാത്ത പേരുപറഞ്ഞ്......വിട്ടുപോയത് ...ഒന്നും ഞാനറിഞ്ഞാൽ സമ്മതിക്കില്ല്യ എന്നറിയാം അദ്ദേഹത്തിന്...."


"ഉം ..."


"മനു ഏട്ടനെ എന്റെ അടുത്തു നിന്ന് കൊണ്ടുപോകാൻ എന്താണാവോ ദൈവത്തിന് തോന്നിയത് ...ചെലപ്പോ ഞങ്ങടെ സന്തോഷം കണ്ടിട്ട് പിരിച്ചതാകും ..... ആരും കാണാതെയെല്ലാം ഉള്ളിലോത്‌ക്കുകയായിരുന്നു....


ആരുമറിഞ്ഞില്ല ഒന്നും ...പറഞ്ഞുമില്ല എന്നോടുപോലും ഓരോ നിമിഷവും തിരിച്ചു കിട്ടാനാവാത്തവിധം ഞങ്ങൾക്ക് നഷ്ട്ടമാവുകയാ എന്ന് ...അന്ന് അമ്മൂന്റെച്ചൻ "നിന്റെ നാട്ടുകാരൻ ബ്ലഡ്‌ കാൻസർ വന്ന് " മരിച്ചെന്ന് പറഞ്ഞപ്പോൾ കൂടുതലൊന്നും ചോദിച്ചില്ല ....


 .....അറിയാൻ ഏറെ വൈകിപ്പോയി  .... ആ മുഖം അവസാനമായൊന്നു കാണാൻ പോലും കഴിഞ്ഞില്ല ....ഒരുപിടി മണമുള്ള ട്യൂബ് റോസുകൾ നല്കാനും .....എന്റെ കൈക്കുമ്പിളിൽ ഇപ്പോഴും ചേർത്ത് പിടിക്കുമ്പോൾ പുഞ്ചിരിക്കുന്ന മുഖമാണ് .....തെറ്റാണോ എന്നറിയില്ല എങ്കിലും ഇപ്പോഴും ഇഷ്ട്ടാണ് ...നഷ്ട്ട ബോധവും ....



പിന്നെ രേണുചേച്ചി  ഒന്നും പറഞ്ഞില്ല ....ജനാലയിലേക്ക് അവനിഷ്ട്ടമാണ് എന്ന് പറഞ്ഞതോണ്ട് മാത്രം ഞാൻ നട്ടുപിടിപ്പിച്ച ട്യൂബ് റോസിനെ നോക്കിനിന്നു ....ഒരിക്കലും വരാത്ത ഇഷ്ട്ട തോഴന്റെ വരവിനായി എന്നോണം ....



അവൻ ഫോൺ ചെയ്യാൻ നേരമായപ്പോൾ ഞാൻ അവിടെ നിന്നും പതിയെ നടന്നു ..." അവനോട് നിർധനനായ ചികിത്സിക്കാൻ പണമില്ലാതെ എല്ലാം ഉപേക്ഷിച്ചു മരണത്തെ വരിച്ച  ബ്ലഡ്‌കാൻസറുകാരന്റെ കഥ പറയാൻ .....

ബ്ലാക്ക്‌ ആൻഡ്‌ വൈറ്റിൽ അച്ചടിച്ച്‌ വന്ന അയല്ക്കാരന്റെ ഭാഗ്യം പറയാൻ .....  അവനെയോർത്ത് എന്നും ഉരുകിക്കൊണ്ടിരിക്കുന്ന ഒരഗ്നിപർവ്വതത്തിന്റെ അവസ്ഥ പറയാൻ ....

കൌതുകത്തോടെ അവൻ കേട്ടിരിക്കുമ്പോൾ "കഥയാണ്  ചെക്കാ " എന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ .....ട്യൂബ് റോസിന്റെ മണമുള്ള സ്വപ്‌നങ്ങൾ പങ്കുവെക്കാൻ ........

Friday 10 June 2016


 - ഭാഗം 23- 24

സഹയാത്രികൻ
--------------------------

അവളുടെ മുഖം കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത കൌതുകം തോന്നിത്തുടങ്ങി , ട്രെയിന അതിന്റെ വേഗത കൂട്ടുന്ന നേരമെല്ലാം അവളുടെ മനസ്സ് ശക്തമായി അവന്റെ സാന്നിധ്യത്തിനായി ആഗ്രഹിക്കുന്നുണ്ടാവും എന്നെനിക്കു തോന്നിത്തുടങ്ങി .

ഇനിചിലപ്പോൾ അവൾ അവന്റെ ആരെങ്കിലും ആയിരിക്കുമോ അല്ലെങ്കിൽ അങ്ങുധൂരെ ഈ ട്രെയിൻ യാത്ര തുടങ്ങിയത് മുതൽ രണ്ടു മൂന്നു ദിവസവും അവനെ മാത്രം കണ്ടുകൊണ്ടിരുന്നതാണോ അവൾ

അതുമല്ലെങ്കിൽ വരുംവഴിയിലെവിടെയോ ഹൃദയം കൈമാറിയിരുന്നോ... ഇല്ല അതിനു ചാൻസ് ഒട്ടുമില്ല അവന്റെ മുന്പത്തെ ഇരുത്തം ഞാൻ കണ്ടതാണ് ആാ കാര്യത്തിൽ ഒന്നും പറയാൻ കഴിയില്ല ,എന്തോ ആവട്ടെ

ഒറ്റപ്പാലത്ത് നിന്നും ട്രെയിൻ പുറപ്പെട്ട് തുടങ്ങിയിട്ട് നിമിഷങ്ങൾക്ക് അകം മറ്റൊരു ട്രെയിൻ ഞങ്ങളെ പാസ്‌ ചെയ്തു പോയി . ഒരു ട്രെയിനിൽ എത്ര മനുഷ്യരാണ് ...എപ്പോൾ വരുമ്പോഴും ആളുകളുണ്ടാകും ...

എല്ലാവരും തിരക്കിലാണ് ,,,എങ്ങൊട്ടെയ്ക്കൊയൊ പോകുന്നവർ..വരുന്നവർ..അവർക്ക് മറ്റുള്ളവരെ നോക്കാനോ അവരെ കുറിച്ച് ചിന്തിക്കാനോ നേരമില്ല ,അവർക്ക് തന്നെ ഏറെ വിഷമവും സങ്കടങ്ങളും ഉണ്ടായിരിക്കും

സീറ്റിലെ ഏറ്റവും അറ്റത്തായിരിക്കുന്ന രണ്ടു ചേച്ചിമാരും തമ്മിൽ കാര്യമായ എന്തോ ചർച്ചയിലാണ്... കൂടി വരുന്ന പച്ചക്കറി വില ...പാല് കിട്ടാത്ത അവസ്ഥ ... ഉച്ചയ്ക്ക് മുൻപേ രാവിലെ വെച്ച ചോറ് കേടാകുന്നത് ... അയലത്തെ പെണ്ണിന്റെ കല്യാണത്തിന് കൊടുത്ത സ്വർണ്ണം... ബന്ധുവിന്റെ സാരീ ... പിള്ളാരുടെ പഠിത്തം അങ്ങനെ നീണ്ടു പോയേക്കാം

ഇനി ചെറിയ പിള്ളാര് ആണെങ്കിൽ ക്രിസ്മസ് കഴിഞ്ഞു പോകുമ്പോൾ ചെയ്യേണ്ട ഹോം വർക്ക്, പുതിയ വീഡിയോ ഗെയിം , അല്ലെങ്കിൽ ഏതെങ്കിലും തല്ലിപ്പൊളി തമിഴ് സിനിമകൾ ... കഴിക്കാനുള്ള സങ്കടം തുടങ്ങിയവയാകം

മുതിർന്ന ആളുകളാണ് എങ്കിൽ പുതിയ ആളുകളുടെ "പഷ്കാരത്തെ" അല്പം കുറ്റപ്പെടുത്തി തങ്ങളുടെ കാലത്ത് ഇതൊന്നുമില്ലെ എന്ന തരത്തിൽ പഴയ ഓരോ കഥകൾ പറയുകയാവും ... ആദ്യമായി തിരൂരിൽ ട്രെയിൻ വന്നത് ... മിട്ടായി തെരുവിലെ തിരക്ക് കൂടിയത് അല്ലെങ്കിൽ മയ്യഴിയുടെ ഒഴുക്ക് കുറഞ്ഞത്‌ അതുമല്ലെങ്കിൽ കശുവണ്ടിക്ക് വിഷമരുന്നു അടിച്ചു തുടങ്ങിയത് മുതൽ

ചിലപ്പോൾ നിലമ്പൂർ തേക്കിന്റെയോ... കോഴിക്കോടൻ ഹൽവയുടെയോ...തലശ്ശേരി സർക്കസിന്റെയൊ ...ലിപിയില്ലാത്ത ഭാഷകൾ സംസാരിക്കുന്ന കാസർക്കോട് നമ്പൂതിരിമാരുടെയോ (തുളു ,കൊങ്കിണി ,സംസ്കൃതം ,ഹിന്ദുസ്ഥാനി ,മറാത്തി ,ഉറുദു,കന്നഡ തുടങ്ങിയ ഭാഷകൾ ) കഥകളാകും

ആ ചേട്ടന്മാരെ കാണുമ്പോൾ തന്നെ ഉത്തരവാദിത്തം തോന്നിക്കുന്നില്ലേ വിലയിടിയുന്ന നാണയ ഷെയർ മാർക്കറ്റും ...കുതിച്ചുയരുന്ന ഭൂമിയുടെ മൂല്യവും ... അവസാന കാലത്തേക്ക് ഏതു ഇൻവെസ്റ്റ്‌ മെന്റ് വേണമെന്നുള്ള ചിന്തയും ...ഹോം ലോൺ ന്റെ ഇ എം ഐ കുറവ് ഏതു ബാങ്കിലാണ് എന്നുമുള്ള ചർച്ചയാകും

മാറി നിന്ന് ഫോണിൽ തന്നെ കുത്തിക്കൊണ്ടിരുക്കുന്ന പിള്ളാരുടെ ഫോണിൽ കഥകളും ,കവിതകളും കൊണ്ട് നിറയുന്ന ഗ്രൂപ്പുകൾ ഉണ്ടാവും ...അനേകം സെല്ഫികൾ ഉണ്ടാകും ...മെയിൻ ബാലന്സ് ഇല്ലെങ്കിലും നെറ്റ് ഓഫർ ഉണ്ടാകും ..അകലത് ചാറ്റിൽ നാലഞ്ചു പെണ്പിള്ളാർ ഉണ്ടാകും ... പുതിയ ഫോണിനെ നോക്കി വാങ്ങാനുള്ള പദ്ധതി മനസ്സിലുണ്ടാകും ...

ദെ നമ്മടെ സുന്ദരി പെണ്ണിന്റെ മനസ്സിൽ പാതി വഴിക്ക് ഇറങ്ങിപ്പോയി പുഴയിൽ കാണാതായ ചെക്കനെ കുറിച്ചുള്ള വേവലാതിയാവാം....

ഞാൻ പിന്നെയും എന്റെ പരിപാടി ആരംഭിക്കാൻ തന്നെ തീരുമാനിച്ചു , സ്വപ്നയുടെ ഡയറി എടുത്ത് കയ്യിൽ വെച്ചപ്പോഴേക്കും മനസ്സ് പിന്നെയും കാണാ കാഴ്ചകളിൽ എത്തിയിരുന്നു എവിടെ നിന്നോ അവൻ പെട്ടെന്ന് കണ്മുന്നിൽ വന്നപ്പോൾ അറിയാതെ ഒന്ന് ഞെട്ടിപ്പോയി ..

ഒപ്പം വെറുതെയൊന്നു പുറത്തേക്ക് നോക്കി .........പുഴ കാഴ്ചയിൽ നിന്നും ഏറെ ദൂരെയായിരിക്കുന്നു... ഇവനിതെവിടെ നിന്നും പ്രത്യക്ഷപ്പെട്ടു എന്ന തിരിച്ചറിവ് ഉണ്ടാവാൻ അല്പം വൈകിയെനിക്ക് .. അവൻ തിരികെ വരില്ല എന്ന ഉറപ്പുണ്ടായിരുന്നു ഒപ്പം അവളുടെ മുഖം കാണുമ്പോൾ അല്ലാതെ അവനെ ഓർത്തിട്ടുമില്ല

ഞാൻ വെറുതെ അവളുടെ മുഖത്തേക്കൊന്നു നോക്കി ,,എങ്ങനെ ഞാനാ ഭാവത്തെ വിവരിക്കും പ്രണയം എത്രമേൽ മധുരമാണ് എന്ന് വിളിച്ചുപറയുന്ന ആ മിഴിയിലെ നനവ്‌ കാണുന്ന സുഖത്തെ ...

പക്ഷെ അവനതു കണ്ടോ നോക്കിയോ എന്നുപോലും ഞാൻ കണ്ടില്ല , ഇത്തവണയും മുകളിൽ പഴയതുപോലെ കയറിയിരിക്കും അന്ന് കരുതിയ എനിക്ക് തെറ്റി , എന്റെ മുന്നിലെ സീറ്റിൽ നിന്നും ബാഗെടുത്തു മടിയിൽ ചരിച്ചു വെച്ച് എനിക്കഭിമുഖമായി അവനിരുന്നു ,

അവളുടെ സ്ഥാനത്തിരുന്നു നോക്കിയാൽ വ്യക്തമായി അവനെയിപ്പോൾ കാണാം .... ചുവന്നു തുടുത്ത ആ മുഖം കണ്ടോണ്ടിരിക്കാൻ എനിക്കുമൊരു സുഖം തോന്നി തിരികെ പോയതെന്തോ തിരിച്ചു കിട്ടിയ സന്തൊഷമെന്തെ ഇവനറിയാതെ പോയത് ...., അവനപ്പോഴും ഫോണിൽ തിരക്ക് തന്നെയാണ് ....



സഹയാത്രികൻ -24
**********************

"എന്തെടാ ചെക്കാ നിനക്ക് കണ്ണില്ലേ ?" എന്ന് ചോദിക്കണമെന്ന്  തോന്നിയെങ്കിലും വേണ്ടെന്നു വച്ച് അവളെ ഒന്നുകൂടെ നോക്കി .... എനിക്ക് പുറത്തെ കാഴ്ചകൾ കാണണോ അകത്തെ മനുഷ്യരെ കാണണോ എന്നാ സംശയമായി .

ഇടയ്ക്കൊക്കെ പ്രൈവറ്റ് ബസ്സിൽ കയറുമ്പോൾ ഒറ്റ നോട്ടത്തിൽ നമുക്കിഷ്ട്ടപ്പെടുന്ന ചെല ചുന്ദരൻമാരുണ്ടാകും ,നമ്മൾ കയറുമ്പോൾ മുതൽ ഇറങ്ങുന്നത് വരെ ഒളിഞ്ഞും തെളിഞ്ഞും നോക്കിക്കൊണ്ടെയിരിക്കും ....ഇറങ്ങാൻ നേരം സ്റ്റെപ്പിന്റെ അടുത്ത് നിന്ന് അവസാനമായി നോക്കുമ്പോൾ ആ മുഖം കാണാൻ നല്ല രസമാണ് "പോവായോ " എന്നൊരു ഭാവം

അവിടെ മാത്രമല്ല കല്യാണവീടുകളിൽ സ്ഥിരം കാഴ്ചകളാണ് ഈ നിമിഷ പ്രണയങ്ങൾ ...സിനിമകളിലെ പോലെ രണ്ടും മൂന്നും ദിവസം ആഘോഷമില്ലാത്ത നമ്മടെ നാട്ടിൽ മിക്കപ്പോഴും ഉച്ചയോടെ പരിപാടി തീരും അതിനിടയ്ക്ക് എവിടെ നിന്നൊക്കെയോ പ്രത്യക്ഷപ്പെട്ട് കല്യാണം കഴിഞ്ഞു ,സദ്യയും കഴിച്ചു ,വെറ്റിലയും മുറുക്കി പിരിയുന്നതുവരെ കൂട്ടായുണ്ടാകും എന്നിട്ട് ഇനിയെന്ന് കാണും എന്നൊരു ചോദ്യം അവശേഷിപ്പിച്ച്പിരിയും ...



അവളെ കാണുമ്പോൾ എനിക്കെന്താണ് അതോർമ വന്നത് എന്നറിയില്ല .... ചിലപ്പോൾ അവന്റെ സാന്നിധ്യം അവളിൽ ഉണ്ടാക്കുന്ന ഓളങ്ങൾ കണ്ടിട്ടാകണം ..ട്രെയിൻ ഒറ്റപ്പാലം കഴിഞ്ഞിരുന്നു ...ഷോർണ്ണൂർ എത്തുന്നു ...


ഷൊർണ്ണൂർ എന്നുപറയുമ്പോൾ ഏതൊരു മലയാളിയും പോലെ ഞാനും ഏറെ ഇഷ്ട്ടപ്പെട്ടത്‌ "കൊച്ചിപ്പാലം " തന്നെയാണ് . ഇതിനോടകം എത്ര സിനിമകളിൽ അഭിനയിച്ചതാണ് കക്ഷി .. കാണാൻ നല്ല രസമാണ് പൊട്ടി പൊളിഞ്ഞ വൺ വേ പാലത്തിനു തൊട്ടടുത്തായി പുതിയ പാലവും ...കാടുമൂടിയ ഇടങ്ങൾ പൊതുവെ നമ്മൾ മലയാളികൾക്ക് വല്യ ഇഷ്ടമാണ് എന്നതിന്റെ സൂചന


പണ്ട് മലബാറും കൊച്ചിയും തമ്മിൽ ബന്ധിപ്പിക്കാൻ വേണ്ടി കൊച്ചി മഹാരാജാവ് പണി കഴിപ്പിച്ചതാണ്‌ എന്ന് പറയപ്പെടുന്നു .ഷൊർണ്ണോർനെയും (പാലക്കാട്‌ ) ചെറുതിരുത്തിയെയും(തൃശൂർ ) ബന്ധിക്കുന്നു , പക്ഷെ രണ്ടു വർഷം മുൻപ് ഗതാഗത യോഗ്യമല്ലാത്ത വിധം തകർന്നു ഭാരതപ്പുഴയിൽ വീഴുമ്പോൾ നൂറ്റിപ്പത് വർഷത്തെ പഴക്കമുണ്ടായിരുന്നു


എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ട്രെയിൻ അതുവഴി പോകാതെ ഷൊർണ്ണൂരിൽ നിന്നും വേറെ വഴിയിലൂടെയാണ് നീങ്ങിയതു,,റെയിൽവേ യോട് ചെറുതായി ദേഷ്യം തോന്നി അപ്പോൾ . ഇനി ചേലക്കര വടക്കാഞ്ചേരി ...തൃശൂർ അങ്ങനെ പോകും ... പാലക്കാട്‌ ഭാഗത്തെ യാത്രയിൽ രണ്ടു വഴിയോരവും നെൽപ്പാടങ്ങൾ ആയിരുന്നതിപ്പോൾ ഇഞ്ചിക്കും,വാഴയ്ക്കും,റബ്ബറിനും വഴിമാറിയിട്ടുണ്ട് ...


ഇനി പാടങ്ങളെ പ്രതീക്ഷിക്കണ്ട .... വഴിയരുകിൽ തരിസ്സാായ ഇടങ്ങളിൽ എത്തിച്ചേരുന്ന അഴുക്കുചാലുകൾ ...അവിടെ കൂടി കിടക്കുന്നു ...ഇതുപോലെ തന്നെ കൊച്ചിയിലും ...അഴുക്കുചാൽ പ്രവർത്തന സജ്ജമാണ് ...മറ്റുള്ള മിക്ക ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട് പക്ഷെ പാലക്കാട്‌ ചാലുകൾ ഉണ്ടെങ്കിലും അവയിലൂടെ വെള്ളം ഒഴുകുന്നത്‌ മഴക്കാലത്ത് മാത്രമാണ് ....


തൊഴിലുറപ്പ് പണിക്കാർക്ക് വർഷത്തിലൊരിക്കൽ വൃത്തിയാക്കാൻ ഉള്ള സ്ഥലമായി അതവിടെ കിടക്കുന്നു ... അതിനു കാരണം ആയെനിക്ക് തോന്നുന്നത് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സ്ഥല സൌകര്യം കൂടുതലുള്ളത് മാലിന്യങ്ങൾ അവിടെത്തന്നെ പരമാവധി ഡിസ്പോസ് ചെയ്യാൻ കഴിയുന്നു ,,


 ഘര മാലിന്യങ്ങൾ സ്വീകരിക്കാൻ മുടങ്ങാതെ മുനിസിപ്പാലിറ്റി വണ്ടിയുമെത്തും...ഒപ്പം സൌകര്യങ്ങൾ കുറഞ്ഞഗ്രാമ ജീവിതം ഒന്നുകിൽ ഈ ജനതയുടെ നന്മ അല്ലെങ്കിൽ ഈ ജനതയുടെ ശാപം .

അവൾ അവനെത്തന്നെ നോക്കിയിരിക്കുന്നു ,ഞാൻ അവളെയും അവൻ ഫോണിനെയും ...

അവിടെ കാര്യമായൊന്നും കാണാൻ ഇല്ലാത്തതുകൊണ്ട് ഞാൻ വീണ്ടും സ്വപ്നയുടെ ഡയറി എടുത്തു

"4/ ജനുവരി
*****************

ഇന്ന് ക്ലാസ്സിൽ നിന്നും വെറുതെ ശോകനാശിനിയിലേക്ക് നടക്കാൻ പോവാം എന്ന് ആരൊക്കെയോ തീരുമാനിച്ചു .... എനിക്ക് നടക്കാൻ എന്തോ വല്യ മടി തോന്നിയെങ്കിലും പിള്ളാരുടെ കൂടെ സൊറ പറഞ്ഞു അലഞ്ഞു തിരിയുന്ന സുഖം വേണ്ടെന്നു വെക്കാൻ തോന്നിയില്ല

പക്ഷെ ഈ പി എസ് സി ചോദ്യങ്ങളുമായി ഓരോരുത്തർ വരുന്നതാണ് സഹിക്കാൻ പറ്റാത്തത് . ഹരിത നടക്കാൻ തുടങ്ങിയതും ചോദിച്ചു "ബ്രൈലി ദിനം (braille   day )എന്നാണു എന്ന് ...?" ഈ തലവേദനയെടുക്കുന്നതരം  ചോദ്യങ്ങൾ,...ഇതൊക്കെ ആലോചിച്ചു വെക്കലല്ലേ നമുക്ക് പണി

അവള് തന്നെ ഉത്തരം പറഞ്ഞു ഇന്നാണ് എന്ന് ,ഒപ്പൽ ഐസക് ന്യൂട്ടൺ ന്റെയും ,,എവ് അർനൊലഡ് (eve  arnold - സാഹസികനായ പത്രപ്രവർത്തകൻ,ഫോട്ടോഗ്രാഫർ )ന്റെയും ഒക്കെ ജന്മദിനം ആണ് എന്ന് ,,,പിന്നെയൊരു ഇന്ത്യൻ പത്രക്കാരന്റെയും ,മറ്റേ ബ്രെയിൻ ലിപി കണ്ടെത്തിയ ആളുടെയും ഒക്കെ ജനമദിനം എന്ന് ...

പറയുന്നത് കേൾക്കുമ്പോൾ അന്തംവിട്ടുനോക്കികൊണ്ടിരുന്നു , ശരിക്കും പറഞ്ഞാൽ വീട്ടുകാരുടെ ജന്മദിനം പോലും ഓർക്കാത്തവരാന് ഇതൊക്കെ ....പതിവുപോലെ ക്ലാസ്സിൽ ടീച്ചർ വന്നു പുറത്ത് പോയവരോട് സ്റ്റാഫ് റൂമിൽ വരാൻ പറഞ്ഞു പുറത്തേക്ക് പോയിരുന്നു ...പതിവു തെറ്റിക്കാതെ  തന്നെ സ്റ്റാഫ്‌ റൂമിൽ പോയി ടീച്ചറുടെ വായിലിരിക്കുന്നതൊക്കെ കേട്ടപ്പോൾ നിറഞ്ഞ വയറും കൊണ്ട് ഇന്നും  ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു.


തുടരും

ഭാഗം 24 

Saturday 4 June 2016

ഭാഗം 22

സഹായാത്രികൻ
*************************

പെട്ടെന്നുള്ള ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല , അല്ലെങ്കിൽ "ഹലോ " എന്ന് പറഞ്ഞ് ഇവൻ അൽപനേരം മുൻപ് വിളിച്ചത് വെറുതെ സൊള്ളാൻ എന്ന് തെറ്റിദ്ധരിച്ചതിൽ എന്തോ പോലെ തോന്നി

അവൻ നിന്ന അടുത്തേക്ക്‌ നീങ്ങി ...പുഴയിലേക്ക് ഇറങ്ങുന്ന വഴിയിലായി നിന്നിരുന്ന അവൻ ഞാൻ താഴേയ്ക്ക് ഇറങ്ങെണ്ടാത്ത വിധത്തിൽ ഫോൺ നീട്ടി .

സോണിയുടെ പുതിയ ഫോൺ എല്ലാ സൌകര്യവും കാണും , ഇവരൊക്കെ എങ്ങനെ സങ്കടിപ്പിക്കുന്നു കൊറേ കാലമായി ഫോൺ മാറ്റണം എന്ന് പറയുന്നതല്ലാതെ എനിക്ക് ഒരു അയ്യായിരം തികയ്ക്കാൻ കഴിഞ്ഞിട്ടില്ല .

എങ്ങനെയാ ഓൺ ചെയ്യേണ്ടത് എന്ന് എനിക്കറിയില്ലാലോ എന്നൊരു പേടിയോടെയാണ് വാഗിയതെങ്കിലും ഡിസ്പ്ലേയിൽ ഓൺ ആയ ക്യാമറ കണ്ടപ്പോൾ സന്തോഷായി "ഇതെങ്ങനെയാ എന്നവനോട് ചോദിക്കണ്ടാലോ ..."

ഫോൺ കയ്യിൽ തന്ന്‌ അവൻ ആദ്യം ഞാൻ നിന്ന പുഴയ്ക്കു ഇറങ്ങുന്ന താഴെ വഴിയിലായി നിന്നിരുന്നു " അതെ ഈ പുഴ ബാഗ്രൌണ്ട് ആയി വരുന്നത് പോലെ എടുക്കണേ ..."

"ഹം ..." ഞാൻ ഒന്നിന് പകരം ഒരുപാട് ഫോട്ടോ എടുത്തെന്ന് മനസ്സിലായത്‌ ഫ്ലാഷ് ശബ്ദം കേൾക്കാതായപ്പോൾ ടച്ച്‌ പോയിക്കാണും കരുതി പലതവണ ടച്ചിയത് ഫോട്ടോ ആയി താഴെ സേവ് ആവുന്നത് കണ്ടപ്പോഴാണ്

എടുത്ത ശേഷം അങ്ങനെയുണ്ടെന്ന് പോലും നോക്കാതെ അവനു നേരെ നീട്ടിയപ്പോൾ അവന്റെ മറുപടി എന്നെ കുറച്ചു ചൊടിപ്പിച്ചു എന്നതാണ് സത്യം " ഒരു ഫോട്ടോ എന്ന് പറഞ്ഞാൽ ഒന്നേ എടുക്കൂ ......ഞാൻ അപ്പുറത്ത് നിൽക്കാം...അതും കൂടെ പ്ലീസ്..."

നീട്ടിയ ഫോൺ പിൻവലിച്ചു ഇപ്പോൾ പുഴയുടെ അരികിലുള്ള മതിലിൽ നിന്നും താഴെ വീഴുന്ന തരത്തിലുള്ള ഫോട്ടോ കൂടെ എടുത്തു കൊടുത്തു...ഈ പിള്ളാരുടെ ഒരു സെൽഫി ഭ്രമം , എന്തൊരു അപകടം പിടിച്ചിടത്തു നിന്ന് വേണമെങ്കിലും എടുക്കും ഒരു പേടിയുമില്ല

ഇനിയിപ്പോൾ ഈ ഫോട്ടോ ഇട്ടു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം ലൈക്സ് ,കമന്റ്സ് എണ്ണണം,പിന്നെ അടുത്ത ഫോട്ടോയിൽ കുറച്ചുകൂടെ മാറ്റം വരുത്തി പിന്നെയും ഫോട്ടോ എടുക്കണം അവസാനം അപകടത്തിൽ ചെന്ന് വീഴണം ....

എഫ് ബി യിൽ ഇടയ്ക്ക് വരുന്ന ലേഖനങ്ങൾ എന്റെ മനസ്സിലേക്ക് വന്നു ഒപ്പം അതെഴുതുന്നവരും ഫോട്ടോസ് ഇട്ടിരുന്നല്ലോ എന്ന സംശയവും . പറയാം എല്ലാവർക്കും എങ്കിലും ഇങ്ങനെത്തന്നെ .

ഈ പുഴയുടെ കരയിലെ ഫോട്ടോ ഇവനെന്തിനാണ് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഫോൺ വാങ്ങി "താങ്ക്സ് " പറഞ്ഞ് അവൻ ആദ്യം നിന്നിടത്ത്‌ നിന്നും കുറച്ചു അപ്പുറത്തായിരുന്നു ...

എനിക്കും അങ്ങോട്ട്‌ പോയാൽ കൊള്ളാം എന്നുണ്ട് പക്ഷെ പത്തുമിനുട്ടിൽ ട്രെയിൻ പോകും പിന്നെ ഓടിക്കിതച്ച് വരാനൊന്നും വയ്യ .

എന്നിട്ടും ഒന്നുകൂടെ വേഗത്തിൽ ബോഗിവരെ ചെന്ന് സീറ്റിൽ വെച്ചിരുന്ന ബാഗിൽ നിന്നും എന്റെ പഴയ നോക്കിയാ ഫോൺ എടുത്തോണ്ട് വന്ന് പുഴയുടെയും റെയിൽവേ ട്രാക്ക്ന്റെയും ഞാൻ ഇവിടെയൊക്കെ പോയെന്നു കാണിക്കാൻ ഒറ്റപ്പാലം എന്നുള്ള ബോർഡും കൂടെ പടമാക്കി വച്ച് സമാധാനത്തോടെ നേരമാകും മുൻപേ സീറ്റിൽ കയറിയിരിപ്പായി

സ്വപ്ന പറഞ്ഞത് വളരെ സത്യമാണ് ആണായി ജനിച്ചാൽ ഒരുപാട് ഭാഗ്യവും ഉണ്ട് ...എവിടെ വേണമെങ്കിലും ഒറ്റയ്ക്ക് പോകാനും വരാനും ജീവിക്കാനും എല്ലാം സ്വാതന്ത്രമുണ്ട്‌ ....

നമുക്ക് ഇല്ലാതെയല്ല പക്ഷെ സ്വതന്ത്രം കാണിച്ചു തുടങ്ങുമ്പോൾ സമൂഹം എഴുതി തള്ളുകയും സംശയ ദ്രിഷ്ടിയോടെ മാത്രം കാണുകയും ചെയ്യും

ഒന്നുമില്ലെങ്കിലും നമ്മുടെ ഫോണിന്റെ കാര്യം തന്നെ നോക്കാം , സ്വന്തമായിട്ട് പോലും ആണുങ്ങളെ പോലെ ഫോട്ടോ എടുക്കാൻ പോലും കഴിയില്ല അപ്പോൾ പറയും തല തെറിച്ചതാണ് എന്ന്

സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ ഇട്ടാൽ പറയും "അവള് പോക്കാണ് ...നല്ല പെണ്ണല്ല എന്ന് ..അർദ്ധരാത്രി ഓൺ ലൈനിൽ വന്നാലും ...എല്ലാവരുമില്ല എങ്കിലും ഭൂരിപക്ഷം ഇങ്ങനെ ചിന്തിക്കുന്നവരാണ് ...രാത്രി അറിയാത്തവരോട് മിണ്ടിയാൽ ...

ചിലപ്പോഴൊക്കെ തോന്നും വീട്ടിലും നാട്ടിലും ഇവിടെയും എവിടെയും പെണ്ണിന് നേരെ ഒളിഞ്ഞുനോട്ടവും പ്രശ്നങ്ങളും തന്നെ

പിന്നെ പറഞ്ഞിട്ടും കാര്യമില്ല കാണാൻ കൊള്ളാവുന്ന ഒരു ഫോട്ടോ ഏതെങ്കിലും പെണ്ണിന്റെ നെറ്റിൽ കണ്ടാൽ അതെടുത്ത് മോർഫ് ചെയ്തു രസിക്കുന്നവരാണ് ഇവിടെ പലരും ....ചിലരത് അപ്പ്‌ലൌഡ് ചെയ്യുക കൂടി ചെയ്യുമ്പോൾ കഴിഞ്ഞു ആ പെണ്ണിന്റെ ജീവിതം

അവളുടെ മാത്രം തെറ്റല്ല എന്ന് വിശ്വസിക്കാൻ ഇവിടെയാരും പഠിച്ചിട്ടില്ല എന്നും ചവിട്ടിയരക്കപെടാനും എറിഞ്ഞു തീരാനും മാത്രം ഉള്ളതാണ് പെണ്ണ് എന്നുള്ള കാലങ്ങളായുള്ള വിചാരം തന്നെ

ഇനി അഥവാ ശരീരം ആണ് പ്രശ്നമെങ്കിൽ ലോകത്തുള്ള എല്ലാ പെണ്ണും എല്ലാ ആണും ഒരുപോലെ തന്നെ ....അതിനും അപ്പുറത്ത് ഒന്നുമില്ല ചിന്തിക്കാൻ കഴിവുള്ള
മനസ്സുണ്ടെന്ന് ഈ ലോകം പലപ്പോഴും മറന്നു പോകുന്നു .

ചിലപ്പോൾ തോന്നാറുണ്ട് ഈ ശരീരം ആയിരിക്കും പെണ്ണിന് ശാപം എന്ന് . എന്നും നിറഞ്ഞു വരുന്ന പീഡനങ്ങളാൽ സമ്പന്നമായ പത്രം അതിനു ചെറിയൊരു ഉദാഹരണമാണ്

ഇരുൾ നീങ്ങിത്തുടങ്ങിയിരുന്നു ...... ഒപ്പം ട്രെയിനിന്റെ ഇരമ്പലും കേൾക്കാൻ തുടങ്ങി .... രാവിലത്തെ ചായ കമ്പാർട്ട് മെന്റിൽ നടന്നു വിൽക്കുന്നവരുടെയും യാത്രക്കാരുടെയും കലപില ശബ്ദം ...

അവനിതെവിടെ പോയി എന്ന് അപ്പോഴാണ്‌ ഓര്മ വന്നത് ,,ഇനിയിപ്പോൾ ട്രെയിന മിസ്സ് ആയിക്കാണും തോന്നുന്നു അല്ലെങ്കിൽ ചിലപ്പോൾ പുഴയിൽ വീണിരിക്കുമോ ....

ഇരുമ്പ് കമ്പികളുടെ ഇടയിലൂടെ ഞാൻ പുഴയിലേക്ക് പോകുന്ന വഴി നോക്കി ഒന്നുമുണ്ടായിട്ടല്ല വെറുതെ .... തൊട്ടടുത്ത് എന്തോ വല്യ ടെൻഷനോടെ ആ പെൺകുട്ടി ആരെയോ കാത്തിരിക്കുന്നു ...

ഇനിയിപ്പോൾ അവനെ ആയിരിക്കുംമോ ...? കാരണം ഇത്ര നേരം ഉണ്ടായിരുന്ന അവളുടെ കൂടെയുള്ളവരെല്ലാം യഥാസ്ഥാനത്തുണ്ട് ..പുറത്തേക്ക് പോയി വന്നത് ഞാനും പോയിട്ട് വരാത്തത് അവനും മാത്രം ...

ട്രെയിന ചെറുതായി ചലിക്കാൻ തുടങ്ങിയപ്പോൾ അവളുടെ മുഖഭാവം കാണാൻ എനിക്ക് വല്യ രസം തോന്നി ...കാര്യമായി എന്തോ കൈവിട്ടു പോകുന്ന പ്രതീതി ഉണ്ടായിരുന്നു ...എന്റെ സീറ്റിൽ ചാഞ്ഞിരുന്ന് പുഴയിലേക്കുള്ള വഴിയും അവളെയും മാറി മാറി നോക്കി ....

എവിടെനിന്നോ കണ്ടു എവിടെ നിന്നോ പിരിയുന്ന ആയിരക്കണക്കിന് പേരിൽ ഒരുവൾ അതിലൊരാളെ മാത്രം കാത്തിരിക്കുന്നുവെന്നോ ...

തുടരും

Wednesday 1 June 2016

ഭാഗം 20 - & 21


 നിളയൊഴുകും വഴി

***********


ആനമല മുതൽ അറബിക്കടൽ വരെ ഇരുനൂറ്റി ഒൻപത് കിലോമീറ്റർ സഞ്ചരിക്കുന്ന പുഴ ചിലപ്പോൾ പേടിപ്പിക്കുന്നതായും മറ്റു ചിലപ്പോൾ ദയനീയമായും ചിലയിടത്ത് ഏറെ മനോഹരമായും കണ്ടു വരുന്നു


"പെട്ടെന്ന് നിറയുകയും പെട്ടെന്ന് കുറയുകയും " എന്ന പാലക്കാടൻ പ്രയോഗം നിളയെ ഉദ്ദേശിച്ച് ഉണ്ടായതാണോ എന്ന് തോന്നിപ്പോകും .


 "കണ്ണാടിപ്പുഴ - ചിറ്റൂർപ്പുഴ-ശോകനാശിനി -ഉപ്പാർ " എന്ന പേരിൽ അറിയപ്പെടുന്ന പുഴയുടെ വലിയൊരു ഭാഗമാണ് ശരിക്കും  ആനമലയിൽ നിന്നും ഉത്ഭവിക്കുന്നത് മറ്റുള്ളവയൊക്കെ പാതിവഴിയിൽ പലയിടങ്ങളിൽ നിന്നുമായി വന്നു ഇവയോടോത്ത്  ചേർന്നവയാണ്‌.


ഭാരതപ്പുഴ ചിറ്റൂരിൽ എത്തുമ്പോൾ "ശോകനാശിനി " ആയതിനു പിന്നിൽ വലിയൊരു കഥയുണ്ട് . നമ്മുടെ ഭാഷാ പിതാമഹനായ " എഴുത്തച്ഛൻ " തന്റെ ജീവിതത്തിലെ പ്രധാന ഭാഗം ചിലവിട്ടത് ഈ പുഴയുടെ തീരത്താണ് ,

പുഴയെ ആശ്രയിച്ചുള്ള "നെല്ലറയുടെ  നാടെന്ന  പാലക്കാടിന്റെ നെല്ലറയായ ചിറ്റൂരിലെ " സാധാരണക്കാരുടെ ജീവിതത്തിലും ഒപ്പം ആത്മീയ ആനന്ദം തേടിയ അദ്ദേഹത്തിന്റെ ശോകത്തെ ശമിപ്പിക്കാനും പുഴയുടെ സാന്നിധ്യത്തിന് കഴിഞ്ഞു എന്നതുകൊണ്ടാണ് . ചിറ്റൂർ തത്തമംഗലം കൊടുമ്പ്‌  ഭാഗങ്ങളിൽ "ശോകനാശിനി " ആയി മാറിയത് .

മലയാള സാഹിത്യത്തിലെ സുപ്രധാന കൃതി  എന്ന് വിശേഷിപ്പിക്കപ്പെടുന്ന "അദ്ധ്യാത്മരാമായണം കിളിപ്പാട്ട് " ഉൾപ്പെടെ ഉള്ളവ എഴുതപ്പെട്ടതും ഇവിടെ വെച്ചാണ് എന്ന് ഐതീഹ്യമുണ്ട് . മുപ്പതോളം അക്ഷരങ്ങൾ ഉള്ള "വട്ടെഴുത്തിൽ " നിന്നും മലയാളത്തിനായി ഇന്നത്തെ രീതിയിലുള്ള അൻപത്തിയൊന്നു അക്ഷരങ്ങൾ വെച്ചുള്ള ലിപി അദ്ദേഹത്തിന്റെ സംഭാവനയാണ് .

അദ്ദേഹത്തിനു മുൻപും മലയാള കവികൾ ഉണ്ടായിരുന്നു എങ്കിലും "ജനകീയനായ കവിയായി അറിയപ്പെട്ടത് അദ്ദേഹം മാത്രം . സാധാരണക്കാർക്കും പെട്ടെന്ന് ഗ്രഹിക്കുന്ന മലയാളത്തെ വേർതിരിച്ച് എടുത്തെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കൂടുതലായി ആ കൃതികളിലും കാണപ്പെടുന്നുണ്ട് .

പറഞ്ഞാൽ തീരാത്ത വിശേഷങ്ങൾ എന്നെ വെച്ചും നന്നായി നിങ്ങൾക്ക് അറിയാമെന്നിരിക്കെ അതിലേക്കു കടക്കുന്നില്ല , ശോകനാശിനിയെ അറിഞ്ഞില്ലെങ്കിലും കാണണം എങ്കിൽ "ഔട്ട്‌ ഓഫ് സിലബസ് ,""നിന്റെ സ്വന്തം മൊയ്തീൻ " എന്ന സിനിമകൾ കണ്ടാലും മതി .


ഇനി , വാളയാർ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന നദിയോട് ഒപ്പം കോയമ്പത്തൂരിൽ നിന്നും കൊഴിഞ്ഞാബാറ വഴി വരുന്ന ചെറിയ പുഴയും (കോരയാർ- വരട്ടാർ എന്നീ പേരുകളിൽ അറിയപ്പെടുന്നു  ) കൂടെ ചേർന്ന് പുതുശ്ശേരിയിൽ വച്ച് ഒന്നിച്ചു കൽപാത്തിപ്പുഴ എന്ന പേരിൽ ഒഴുകി തുടങ്ങുന്നു .


ചരിത്ര പ്രസിദ്ധമായ കൽപാത്തി ശിവക്ഷേത്രം ഈ പുഴയുടെ തീരത്താണ് ,ഏഴ്  നൂറ്റാണ്ടുകൾ പഴക്കമുള്ള കൽപാത്തി രഥോൽസവം കാലങ്ങൾക്ക് ശേഷവും അതിന്റെ പ്രൌഡിയൊട്ടും കുറയാതെ തുലാമാസത്തിലെ അവസാന പത്തു ദിവസങ്ങളിൽ ആഘോഷിച്ചു വരുന്നു .


മറ്റു ഇടങ്ങളിൽ നിന്നും വ്യത്യസ്തമായി വേദ - പാരായണവും ഒപ്പം അഗ്രഹാര പ്രദക്ഷിണവും, എ . ഡി ആയിരത്തി നാനൂറ്റി ഇരുപത്തി അഞ്ചിൽ (1425) നിർമിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന "ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രം വാരണാസിയിലെ "കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കൊണ്ടായിരക്കണം " കാശിയിൽ പകുതി കൽപാത്തി " എന്ന് അറിയപ്പെട്ടിരുന്നത് .


തമിഴ്നാടിൽ നിന്നും കുടിയേറി പാർത്ത തമിഴ് ബ്രാഹ്മണരുടെ ആദ്യ കേന്ദ്രം കൽപാത്തി ആണ് . അതുകൊണ്ട് തന്നെ ആവണം  പിന്നീട് ഇവിടുത്തെ സാധാരണക്കാരുടെ സംസാരത്തിൽ പോലും തമിഴ് ചുവ കലർന്ന് വന്നത് .


പാലക്കാട്‌ ടൌണിൽ നിന്നും ഏറെ അകലെയല്ലാത്ത ഈ അഗ്രഹാരം സംസ്കൃതസംഗീതത്തിലും , വാദ്യ കലകളിലും , വേദങ്ങളിലും , ഉപനിഷത്തുക്കളിലും ഏറെ അറിവ് സംബാധിച്ചവരുടെ ഇടമായും അതെ സമയം മറു വശത്ത്‌ മണ്ണും ചെളിയും മണക്കുന്ന സാധാരണക്കാരന്റെ സ്ഥലമായതും .


കൽപാത്തിയിലെ സംഗീത പാരമ്പര്യത്തിന്റെ തുടർച്ച ഇന്ന് "ചെമ്പൈ സംഗീത കോളേജിൽ " കൂടെ തുടരുന്നു . കേരളത്തിലെ അഗ്രഹാരങ്ങളിൽ വ്യത്യസ്തത കൊണ്ട് സമ്പന്നമായ വീട്ടു മുറ്റങ്ങളിൽ അരിമാവിലെഴുതിയ കോലങ്ങൾ വരവേൽക്കുന്ന ഇന്നും മുഴുവനായും കൈവിട്ടു പോകാത്ത പഴയകാല സംസ്കാരത്തിന്റെ പ്രതാപം കാണാം


പാലക്കാട്‌ നഗരത്തിന്റെ ദാഹം തീർക്കുന്നതിലും ഒപ്പം മലമ്പുഴയിലേക്കുള്ള പ്രധാന ജലവിതരണം നടക്കുന്നതും ഈ പുഴ പ്രധാന പങ്ക് വഹിക്കുന്നു .


പിന്നീട് ഈ രണ്ടു  പുഴകളും  പറളിയിൽ എത്തുമ്പോൾ ഒരുമിച്ചു ഒഴുകി തുടങ്ങുന്നു .

കൂടല്ലൂരിൽ വച്ച് ഒന്നാവുന്ന ചുള്ളിയാറിൽ നിന്നും കൊല്ലെങ്കോട് വഴി വരുന്ന പുഴകൾ  പഴമ്പാലക്കോട് വച്ച് മംഗലം പുഴയോട് ചേരുകയും ഗായത്രിപുഴയായി ഒഴുകുകയും മായന്നൂരിൽ വച്ച് ഭാരതപ്പുഴയോട് ചേരുകയും പിന്നീട് അവ ഒരുമിച്ച് ഒഴുകുകയും

കൂടല്ലൂർ(തൃത്താലയ്ക്ക് സമീപം  ) വച്ച് കുന്തിപ്പുഴയുമായി ചേർന്ന് "ഇമ്മിണി വല്യൊരു പുഴയായി ഒഴുകുകയും ചെയ്യുന്നു . പിന്നെയത് അറബിക്കടലിന്റെ സമീപത്തു ചമ്രവട്ടത്ത് വച്ച് പൊന്നാനി പുഴയുമായി ചേരുന്നു ...ശേഷം ഈ സംസ്കാരവും പുണ്യവും അറബി കടലിലേക്ക്‌ ......

പറയാൻ മറന്നൊരു കാര്യം നിള കോട്ടായിക്ക്  സമീപം എത്തുമ്പോൾ കർണ്ണാടക സംഗീതത്തിലെ കുലപതി "ചെമ്പൈ വൈദ്യ നാഥ ഭാഗവതരുടെ " പേരുകൂടെ ചേർക്കണം എന്നതാണ് ....

കുന്തിപ്പുഴ എന്ന് പറയുമ്പോൾ പശ്ചിമഘട്ട മലനിരകളിൽ "അട്ടപ്പാടിയിൽ നിന്നും ഉത്ഭവിക്കുന്ന പുഴയുടെ കൂടെ കല്ലടിക്കോടൻ മലനിരകളിലൂടെ ഒഴുകി വരുന്ന പുഴയും കൂടെ കരിമ്പുഴ വച്ച് ഒന്നാവുകയും പിന്നീടത്‌

ആദിമനിവാസികളുടെ അഥവാ അട്ടപ്പാടിയിലെ പാവപ്പെട്ട ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ് സൈലന്റ് വാലി (നിശബ്ദ താഴ്വരയിലൂടെ ) യിലൂടെ ഒഴുകിയെത്തുമ്പോൾ ഏറെ ശുദ്ധമായ ജലവും   , പിന്നീട്  കല്ലടിക്കോടിന്റെ ചരിത്രവും പേറി നാടകത്തിനും ,കഥകളിക്കും പേര് കേട്ട ചെർപ്പുളശ്ശേരി വഴി വെള്ളിനെഴിയിലൂടെ (ഇപ്പോൾ കലാഗ്രാമം ആയി അംഗീകരിച്ചു ) ആട്ടവിളക്കിന്റെ   കഥ പറഞ്ഞ് ശ്രീകൃഷ്ണപുരം - തൂത - ഏലംകുളം - പുലാമന്തോൾ - തിരുവേഗപ്പുറ ക്ഷേത്രത്തിനു സമീപത്തു കൂടെയും ഒഴുകിയാണ് കൂടല്ലൂരിൽ എത്തുന്നത്

ഭാരതപ്പുഴ പട്ടാമ്പിയിൽ എത്തുമ്പോൾ ഓർക്കേണ്ട മറ്റൊന്ന് കൂടെയുണ്ട് ഇവിടെ പെരിങ്ങോടിന് അടുത്തു ആമാക്കാവിനു സമീപത്തായി എഴുത്തച്ഛന്റെ പരമ്പര താമസിച്ചു പോരുന്നു എന്നുള്ള സത്യവും ....

ഒപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ് പാലക്കാട്‌ ജില്ലയിൽ  തൃശ്ശൂർനോട് ചേർന്ന്   പിന്നെ  ഏറെ അകലെ അല്ലാതെ മലപ്പുറം ജില്ലയ്ക്കും സമീപമുള്ള  തൃത്താല , പടിഞ്ഞാറ് വശത്തുകൂടെ ആറ് കിലോമീറ്ററിൽ അധികം നിളാനദി ഒഴുകുന്നുണ്ട് , നദിയുടെ ഏറ്റവും കൂടുതൽ മനോഹരവും ഏറെ സംസ്കാര സമ്പന്നവും ആയ സ്ഥലമാണ് ഇതെന്നും പറയാം

"പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്ന പന്ത്രണ്ടു മക്കളും ഉണ്ടായത് ഈ പുഴയോരത്തു തന്നെയാണ് ,,ഇപ്പോഴും ഇവിടെ അതിനെ ഓർമപ്പെടുത്തി ക്ഷേത്രങ്ങളും കാണാം ... ഈ ചരിത്രം പരിശോധിക്കുമ്പോൾ അടുത്തു തന്നെ "രായിനെല്ലൂർ " മലയും ..പിന്നെ ദൂരവും സമയവും കണക്കാക്കുമ്പോൾ മറ്റുള്ള ഓരോരുത്തരും ഇവിടെ തന്നെയാണ് ... ആ ഒരു ചരിത്രവും  പുഴയ്ക്കു സ്വന്തം

കുറ്റിപ്പുറം റെയിൽവേ സ്റെഷനിൽ നിന്നും ഒരുപാട് ദൂരമില്ല "നിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രത്തിലേക്ക് ..ഇത് പാലക്കാട് അല്ലെങ്കിലും കേരള ചരിത്രത്തിലെ സുപ്രധാന ഭാഗമാണ് . കാലങ്ങൾക്ക് മുൻപ് മുതൽ കേരളത്തിൽ നടന്നു പോന്നിരുന്ന ഒരുമാസത്തോളം നീണ്ടു നില്ക്കുന്ന പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ അരങ്ങേറിയിരുന്ന ഉത്സവമാണ് മാമാങ്കം .

ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം നാന്നൂറ് വർഷക്കാലം  വള്ളുവനാടിന്റെയും (പാലക്കാട്‌ ലെ ഒരു ഭാഗം ) കോഴിക്കോടിന്റെയും അധിപന്മാർക്ക് വേണ്ടി ഈ മണപ്പുറത്ത് അങ്കം വെട്ടി മരിച്ചു വീണ യോദ്ധാക്കൾ ..പുഴയെ ചുവപ്പിച്ചവർ ...

ഭാഗ്യമോ നിർഭാഗ്യമോ ഇന്നത്‌ ചടങ്ങ് മാത്രമായി ഒതുങ്ങിയത് ....

തുടരും ......

 പുഴയൊഴുകും വഴി ...
******************************


പുഴയിലേക്ക് നോക്കി നിൽക്കുമ്പോൾ എന്തെന്നില്ലാത്ത കൌതുകം തോന്നി .. കണ്ണെടുക്കാനാവാതെ ശാന്തമായി പുഴയോടൊപ്പം ഒഴുകാൻ ഞാനും ഇടയ്ക്കെപ്പോഴോ കൊതിച്ചു പോയി ....


അല്ലെങ്കിലും  പ്രകൃതിയ്ക്ക് മാത്രമുള്ള വശ്യസൌന്ദര്യം എപ്പോഴും നമ്മളെ അതിന്റെ അടിമയാക്കിക്കൊണ്ടിരിക്കും എത്ര കണ്ടാലും മതിവരാതെ നദിയിലെ കുഞ്ഞോളമായി മാറിയെങ്കിലൊ എന്ന് തോന്നിപ്പോകും


ഈ ധനുമാസത്തിലെ തണുപ്പും... പൊതുവെ മഴക്കുറവു കാരണം അടിയൊഴുക്കും, വെള്ളത്തിന്റെ അളവും കുറഞ്ഞ പുഴയും....ഇനിയെന്നാണ് പഴം പാട്ടിൽ പാടിക്കേട്ടു പതിഞ്ഞു പോയതുപോലെ "കല്ലടിക്കോടൻ മല കറുക്കുന്നതും കുറ്റിപ്പുറം നിറയുന്നതും ..."അതൊരു കാഴ്ച തന്നെയാണ് നിളയ്ക്ക് മാത്രം സ്വന്തമായ കാഴ്ച



അങ്ങിങ്ങായി തെളിഞ്ഞു കാണാവുന്ന  മണൽപരപ്പുകളും കാട് കയറിത്തുടങ്ങിയ പുഴയരികും ...അതിനിടയിലും വെട്ടി വൃത്തിയാക്കി വാഴ നാട്ടു പിടിപ്പിച്ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി . കാട് വെട്ടി തെളിച്ച് കൃഷി ചെയ്ത കാർഷിക സംസ്കാരമല്ലേ നമ്മുടേത്‌ ഇപ്പോൾപുഴയിറങ്ങിയത്തിൽ എന്ത് അത്ഭുതം


ഏറെ അല്ലാതെ ഒരു വശത്ത്‌ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളും ...കുറച്ചുകൂടെ അപ്പുറത്ത് നദിയിലേക്ക് തള്ളി നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയവും ...അകലെ അകലെ ആയി പിന്നെയും ഉണ്ടായിരുന്നു അതുപോലെ കുറച്ച് നദിയിലേക്ക് ഇറങ്ങിയ കെട്ടിടങ്ങൾ


മറുവശത്ത്‌ പാലത്തിന്റെ അടുത്തായി മണൽ ലോറികൾ ...കുറെ ആളുകൾ...ചാക്കിൽ നിറച്ചതും കുന്നു കൂട്ടിയതുമായ പുഴമണൽ ....മണ്ണിന്റെ മാറ് പിളർന്ന് ആഴങ്ങളിലേക്ക് ഇറങ്ങുന്ന ജെ സി ബി കൈകൾ..


മോട്ടർ കൊണ്ട് മണലും മണ്ണും കല്ലും പുഴയിലെ തന്നെ വെള്ളമടിച്ച് വേർതിരിക്കുന്നു... നിമിഷങ്ങളുടെ ദൂരത്തിൽ പുഴകയറി പോകുന്ന ടിപ്പറുകളും ടോറസ്സുകളും .... പിന്നെ എല്ലാവർക്കും അറിയതും സർക്കാർ ഇനിയും കണ്ണടയ്ക്കുന്നതുമായ ഒരു വിഷയമുണ്ട്‌ . ഈ ടോറസ് ന് എല്ലാം ടിപ്പർ ന്റെ പാസ്‌ തന്നെയാണ് നല്കേണ്ടത് , പക്ഷെ ടിപ്പെറിന്റെ ഇരട്ടി ലോഡ് കയറ്റാനും കഴിയും ...


എന്നിട്ടും എന്തുകൊണ്ടാണ് എന്നറിയില്ല നടപടികൾ ഉണ്ടാവുന്നില്ല , എത്ര ഇടത്ത് മണൽ വാരൽ തടഞ്ഞതാണ് എങ്കിലും പിന്നെയും ആവർത്തിക്കപ്പെടുന്നു അധികൃതരിൽ ചിലരും മൌനമായി ഇതിനു കൂട്ട് നിൽക്കുന്നു ,കൈമടക്കിനോ, കൈബലത്തിനോ പേടിക്കുന്നത്  എന്നെ അറിയേണ്ടതുള്ളൂ .


എന്നാലും ഒരു കാര്യം സത്യമാണ് ഈ വണ്ടി ഓടിക്കുന്നവരുടെയോ മണൽ വാരുന്നവരുടെയോ കുടുംബം ഒരു ദിവസം അവർ പണിക്ക് പോകാതിരുന്നാൽ പട്ടിണിയാവുന്നു... ഇത്ര മണൽ കൊള്ള നടന്നിട്ടും രക്ഷപ്പെടുന്നില്ല .


പക്ഷെ റോഡിൽ മരണവേഗത്തിൽ വണ്ടിയോടിച്ചു ജീവൻ പോയവർ ഒരുപാടാണ്‌ ....ആ വണ്ടികൾ ഇടിച്ചു ജീവൻ പോയവരും ... മണൽ വാരിയ കുഴികളിൽ വീണു ജീവൻ നഷ്ട്ടപ്പെട്ടവരും മഴക്കാലത്തെ സ്ഥിരം കാഴ്ചയാണ് എത്ര നീന്തൽ അറിഞ്ഞാലും ഒഴുക്കിനൊപ്പം നീന്താൻ ആവാതെ കുഴികളിൽ വീണുപോകും  ....


പുഴയിൽ വെള്ളം കയറുമ്പോൾ ഈ കുഴികളിലേക്ക് മണ്ണിടിഞ്ഞു വീണ് പുഴയുടെ സ്വാഭാവിക ഒഴുക്കിനെയും - വീതിയും - പരപ്പിനെയും ബാധിക്കുന്നതും ശരിയാണ് ...നീരുറവകൾ പെട്ടെന്ന് വറ്റി പോകുന്നതും ശരിയാണ് ....

ഇക്കഴിഞ്ഞ മഴയിലും ഭാരതപ്പുഴയിൽ കുരുതി കൊടുക്കപ്പെട്ട ജീവന്റെ എണ്ണം പതിമൂന്നോ പതിനാലോ ആണ് ... ഇത് ഓരോ വർഷം ആവർത്തിക്കപ്പെടുമ്പോൾ ചെറിയൊരു പേടിയുമുണ്ട് പുഴയെ ....


മനുഷ്യന്റെ ജീവന്  മാത്രമല്ല ഭീഷണി  പുഴയിലെ വെള്ളം തിരിച്ചു വിടുന്നതും മണലെടുക്കുന്നതും കൊണ്ട് സമീപത്തുള്ള കിണറുകളിലെയും,കുളങ്ങളിലേയും ,പാടങ്ങളിലെയും ജലാംശത്തിന്റെ അളവ് ക്രമാധീതമായി കുറയുന്നു .

(കെട്ടിടം പണിക്ക് ഒഴിച്ച് കൂട്ടാനാവാത്ത ഒന്നാണ് മണൽ , അത് പുഴയിലേത് ആവുമ്പോൾ ഇഷ്ട്ടക്കാര് കൂടും ...പണം എത്ര ചെലവായാലും കാര്യമില്ല നല്ല സാധനം വേണമെന്ന് വാശി പിടിക്കുന്നവർക്ക് ഇത്തരം  അനധികൃത മണലെടുപ്പ് ഒരു പരിധിവരെ അനുഗ്രഹമാണ് .)



ഇന്ന് നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഉള്ള ശുദ്ധജല വിതരണത്തെ വലിയൊരളവിൽ ബാധിക്കുന്നു .ഇത്ര വലിയ പുഴയുണ്ടായിട്ടു കൂടി ഒറ്റപ്പാലം ഭാഗത്ത് വേനലിന് ഒപ്പം വെള്ളം കിട്ടാതെ വലഞ്ഞതും വലിയൊരു ഉദാഹരണമാണ് . ഇതുമാത്രമല്ല ഭാരതപ്പുഴയെ ആശ്രയിച്ച്   പലയിടത്തുമുള്ള കൃഷി ഒന്നടങ്കം നശിച്ചു പോയതും ...


വിളകൾ കരിഞ്ഞു ഉണങ്ങിയതും എന്തിനേറെ പറയുന്നു കാർഷിക കേരളത്തിൽ കര്ഷക ആത്മഹത്യകളുടെ എണ്ണം കൂടുതൽ ഉണ്ടായിരുന്നതും പാലക്കാടു തന്നെയെന്നത് നിഷേധിക്കാൻ ആവാത്ത സത്യമാണ് ....


പത്രങ്ങളിൽ എത്രമാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു എന്നറിയില്ല പക്ഷെ അടുത്ത  വീട്ടിലെ ആള് പെട്ടെന്ന് മരിക്കുമ്പോൾ കാരണം സ്വാഭാവികമായും അറിയാതിരിക്കില്ലാലോ ....

ഇതിനൊന്നും പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ചരമക്കോളത്തിൽ പോലും സ്ഥാനം കിട്ടാതെ പോകുന്നു ഒപ്പം ആ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്ന നിസ്സഹാരായ മറ്റു കുടുംബാംഗങ്ങൾ ...ചിലയിടത്ത് പിഞ്ചു കുഞ്ഞുങ്ങൾ അടക്കം ആത്മഹത്യ ചെയ്യുന്നതിനും ചുറ്റിത്തിരിഞ്ഞു നോക്കിയാൽ ഇങ്ങനെ ചിലത് കാണാം ...കടബാധ്യതയും ,ബ്ലേഡ് പലിശയും തുടങ്ങിയവ


കടം കയറി നാടും വീടും വിടേണ്ടി വന്നവർ.... എത്ര ആധാരങ്ങൾ തിരിച്ചെടുക്കാൻ ആളില്ലാതെ ലേലം ചെയ്യുന്ന വാർത്തയുമായി പത്രത്തിൽ ഉണ്ടായിരുന്നു ? അതിൽ ഏതെല്ലാം കാർഷിക വായ്പ ആണെന്ന് ചിന്തിച്ചാൽ തന്നെ മതിയാകും ....

പക്ഷെ ഓരോ വേനലിനും പുഴയെ ഓർക്കാറുണ്ട് എല്ലാവരും ...മഴയിൽ നിറയുമ്പോൾ ആ സൌന്ദര്യം  കാണാനായി വരുന്നവരുമേറെ... വറ്റി വരണ്ട് നീർച്ചാൽ എന്ന് പോലും പറയാൻ കഴിയാത്ത വിധം ഓരോ വർഷവും ചെരുതാാവുന്ന പുഴ ...അല്ലെങ്കിൽ നമ്മുടെ കർമഫലമായി മെലിഞ്ഞു ഉണങ്ങിയ പുഴ

എത്രത്തോളം നമ്മളിതിന് പ്രാധാന്യം കൊടുക്കാൻ മടിക്കുന്നുവോ അത്രത്തോളം നിള നമുക്കന്യമാവുകയാണ് ,,,പുഴയുടെ അരികിൽ വളർന്ന് വന്ന സംസ്കാരം മാത്രമല്ല പുഴയെ ആശ്രയിച്ചുള്ള എല്ലാം .....


എങ്കിലും പുഴ വറ്റിപ്പോവാൻ ഉള്ള കാരണങ്ങളിൽ ഒരു ഭാഗം ഇവിടുത്തെ പ്രകൃതി തന്നെയാണ് , മഴ പെയ്യുമ്പോൾ പെട്ടെന്ന് പുഴ നിറയുന്നു , മഴ പോകുമ്പോൾ ഈ  വെള്ളം ഇവിടുത്തെ ചൂടും ജലദൌർലഭ്യവും കാരണം പെട്ടെന്ന് കുറയുന്നു , കടൽ വരെയൊഴുകാൻ വിടാതെ പാതിയിലെ ഒഴുക്ക് നിൽക്കുന്നു,ഒപ്പം വേനലിൽ വറ്റി പോകുന്ന അരുവികളും കാരണം തന്നെ .


പക്ഷെ  കുറച്ചു മഴ കൂടുതൽ വന്നാൽ നാശനഷ്ടങ്ങളും കൂടും വെള്ളം ഒഴുകി പോകാനുള്ള കാരണങ്ങള കുറവുള്ളത് കൊണ്ട് മണ്ണിലേക്ക് ഇറങ്ങി പോകേണ്ട സാവകാശം വേണമല്ലോ ....ഇതിനു കഴിയാതെ വരുമ്പോൾ വർഷംതോറും കൃഷിനാശം ഉണ്ടാവുന്നു


മേൽ മണ്ണിൽ ജലാംശം കുറവാണ് എങ്കിലും ഭൂഗർഭജലനിരപ്പ്‌ കൂടുതലുള്ളത് പാലക്കാട്‌ തന്നെ . അതുകൊണ്ടല്ലേ ജലലഭ്യതയുള്ള ഇത്ര ജില്ലകൾ ഉണ്ടായിട്ടും കൊക്കക്കോളയും ,പെപ്സിയും വന്ന് ഇവിടെത്തന്നെ പ്ലാന്റ് സ്ഥാപിച്ചത് ...അതുകൊണ്ടല്ലേ കേരളത്തിലെ ആദ്യ ബോർവെൽ നെന്മാറയിൽ ഉണ്ടായത് ...അതുകൊണ്ടല്ലേ പതിനാലു അണക്കെട്ടുകൾ പാലക്കാട്‌ ഉണ്ടായത് ..അതുകൊണ്ടല്ലേ കൂടുതൽ കൃഷി ചെയ്യാൻ സാധിച്ചത് ...

ഈ പ്രകൃതി എന്ന് വെച്ചാൽ വല്യ സംഭവമാണ് .... നമുക്ക് വേണ്ടതെല്ലാം അത് നല്കിയിട്ടുണ്ട് ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ .... ഈ പുഴയെ ഓർക്കുമ്പോൾ പേടി തോന്നാനുള്ള കാരണം


 കുറച്ചു കാലം കഴിയുമ്പോൾ പുഴ തന്റെ സ്ഥലം മുഴുവൻ തിരിച്ചെടുക്കുമെന്നും അത് പുഴയോരത്തുള്ള ,കയ്യേറ്റപ്പെട്ട എല്ലാത്തിനെയും നശിപ്പിച്ചു കൊണ്ടാവും എന്നും നാം തിരിച്ചറിയാനും വൈകുന്നു ...ചെറുതാവുമ്പോൾ അനാവശ്യ സ്ഥലമെന്നു കരുതി നമ്മൾ അധീനപ്പെടുത്തുന്നത് എല്ലാം കൊണ്ട് പോകും ജലപ്രവാഹം ഒരിക്കൽ


ഒന്നുമില്ലെങ്കിലും രണ്ടായിരത്തിപതിമൂന്ന് ജൂൺ പതിനാറിന്(15/6/2013 രാത്രി ) ഉത്തരാഗണ്ടിൽ കണ്ടത് നമ്മൾ മറന്നിട്ടില്ല എന്ന് വിശ്വസിക്കാം . നദിയുടെ മാത്രമല്ല എല്ലാ കാര്യത്തിലും അങ്ങനെയാണ് ... അതുപോലൊരു ആഘാതം താങ്ങാൻ കൂടെ തയ്യാറായെങ്കിൽ മാത്രമേ ഇതിനെല്ലാം കൂട്ട് നിൽക്കാവൂ


പ്രകൃതി എല്ലാത്തിനോടും പ്രതികരിക്കും അത് നമുക്ക് പ്രശ്നമായി ഭവിക്കുന്നത് നാം അതിന്റെ അത്രമാത്രം ആശ്രയിക്കുംബോഴാണ്... ഇതുപോലൊരു വെള്ളപ്പൊക്കത്തിനു ഒരുപാട് കാലമൊന്നും കാത്തിരിക്കേണ്ടതില്ല കാരണം പ്രകൃതി നിയമം അത് ചാക്രികമായി തുടർന്ന് കൊണ്ടിരിക്കും അതിനെ തോല്പ്പിക്കാനുള്ള നമ്മുടെ ശ്രമമെല്ലാം വിഫലമാക്കി ....അന്ന് നാം നേടിയതൊന്നും കൂടെ ഉണ്ടാവില്ല


"ഹലോ ....." പുഴയുടെ ഭംഗിയെ ആസ്വദിക്കാൻ സമ്മതിക്കാതെ പിന്നെയും വിളി , ഞാൻ തിരിഞ്ഞു നോക്കിയില്ല . പിന്നെയും വിളി കേട്ടു

"ഹലോ ...എന്താ നോക്കുന്നത് ....?" തിരിഞ്ഞു നോക്കുമ്പോൾ മുൻപ് ബർത്തിൽ കിടന്നിരുന്നു എന്നോട് ബാഗ് എടുപ്പിച്ചവൻ . വെറുതെ മുഖത്തേക്ക് ഒന്ന് നോക്കി എന്റെ ജോലി തുടർന്നു ...

എന്തെന്നറിയില്ല പുഴയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല ... തണുപ്പത്ത് ഷാൾ കുറച്ചുകൂടെ പുതച്ചുനിന്നു , അകലെ എങ്ങുനിന്നോ ചെറിയ വെളിച്ചം വന്നു തുടങ്ങിയിരുന്നു ..


ഈ കാലത്ത് പൊതുവെ പകൽ കുറവായതുകൊണ്ട് അത്രനേരം കിടന്നുറങ്ങിക്കോട്ടേ എന്ന് പ്രകൃതി നിശ്ചയിച്ചപ്പോൾ ഇരുപത്തിനാല് മണിക്കൂറായി തിരിച്ചു ഓരോ ദിവസം തിട്ടപ്പെടുത്തിയവരോട് ദേഷ്യം തോന്നി


ഇടയ്ക്ക് വച്ച് തിരിഞ്ഞു നോക്കുമ്പോൾ അവൻ തിരക്കിട്ട് പുഴയ്ക്കരുകിൽ സെൽഫി എടുക്കുന്ന തിരക്കാണ് , ഞാൻ നോക്കിയത് കണ്ടപ്പോൾ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു


"ഒരു ഫോട്ടോ എടുത്തു തരുമോ ..?"


തുടരും

 ഭാഗം 21

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...