Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 28
---------------------




"അപ്പോൾ വിളിച്ചൂടാരുന്നോ ?"



 "എന്താ വിളിക്കേണ്ടതെന്നറിയില്ലായിരുന്നു . പിന്നെ രണ്ടും കൽപ്പിച്ചു കോളിംഗ് ബെൽ അമർത്തി ".


"ആരാ വന്നേ "?


"എന്റെ അച്ഛമ്മ , നടക്കാൻ വയ്യെന്ന് തോന്നിപ്പിക്കുന്ന ചുവടുകളോടെ വെള്ളപ്പഞ്ഞിക്കെട്ടുപോലുള്ള മുടിയും ഏതാണ്ട് വെളുത്ത സാരിയുമുടുത്ത ഒരു മാലാഖ "


"അതെന്താ മാലാഖ ?"


"ഞാനിതുവരെ കാണാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാളല്ല ?"


"തിരിച്ചറിഞ്ഞത് എങ്ങനെയാ ഒറ്റനോട്ടത്തിൽ അച്ഛമ്മയെ ?"


"ശരത്ത് പറഞ്ഞുതന്ന അറിവുവച്ചു അതാവുമെന്ന് ഊഹിച്ചതാ . "


"എന്നിട്ട് ? "


"എന്നിട്ട് അവരെന്നോട് ചോദിച്ചു അജീഷിന്റെ കൂട്ടുകാരാണോ എന്ന് , അല്ലെന്ന് പറഞ്ഞപ്പോഴാണ് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയത് ,അവരുടെയുള്ളിൽ എന്തൊക്കെയോ ഊഹാപോഹങ്ങൾ കണക്കുകൂട്ടപ്പെടുന്നത് ഞാനറിഞ്ഞു .


അല്ലെങ്കിലും എവിടെ വളർന്നാലും ജീവിച്ചാലും ബാക്കിവെപ്പിക്കപ്പെട്ട പാരമ്പര്യത്തിന്റെ തുടർച്ച നമ്മിലുണ്ടാവുമല്ലോ അതുപോലൊന്നാവാം അച്ഛന്റെ മുഖസാമ്യം ".


അവര് അകത്തേക്ക് നോക്കി നീട്ടിവിളിച്ചു സതീശാ എന്ന് "


"അതാര സതീശൻ ?"


"അജീഷിന്റെ അച്ഛനാണെന്ന് ശരത്ത് പറഞ്ഞിരുന്നു ,അവനിലൂടെയാണല്ലോ ഞാനെന്റെ വീടിനെക്കുറിച്ചറിഞ്ഞത് "


"എന്നിട്ട് ?"


"എന്നിട്ടൊന്നുമില്ല അദ്ദേഹം വന്നു , എന്നെക്കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തും സംശയമായിരുന്നു .
പിന്നെ രണ്ടും കൽപ്പിച്ചു പറഞ്ഞു "മുത്തശ്ശിയുടെ കൊച്ചുമോനാണ് ഞാൻ , എന്നെയിവിടാരും കണ്ടിരിക്കില്ല "


"ബാലൂന്റെ മകനാണോ ?"


"അതെ മുത്തശ്ശി ബാലൂന്റെ മകൻ . "


അപ്പോൾ ചെറിയച്ഛന്റെമുഖം തിളങ്ങുന്നതും അച്ഛമ്മയുടെ കണ്ണുകൾ നിറയുന്നതും ഞാൻകണ്ടു .


"എന്നാലും എന്റെമോന് ഇപ്പോഴാണോ മനസ്സിലായെ ഉടയോരൊക്കെ ഇവിടുണ്ടെന്ന് ?"


മുത്തശ്ശിയെന്നെ കൈപിടിച്ച് അകത്തേക്ക് നയിച്ചു ,  ചെറിയച്ഛൻ വിഷ്ണുവിനെവിളിച്ചു പുറകെ വരുന്നുണ്ടായിരുന്നു . "


"എന്നിട്ട് "?


"മുത്തശ്ശിയെന്നെ ചേർത്തുപിടിച്ചു കുറച്ചുനേരം കരഞ്ഞു ,അറിയാതെന്റെ കണ്ണുകളും എപ്പോഴൊക്കെയോ നിറഞ്ഞുവന്നിരുന്നു . അതിനിടയിൽ അകത്തുനിന്നും ചെറിയമ്മയും അജീഷിന്റെ , അല്ല ഞങ്ങളുടെ പെങ്ങളും പുറത്ത് വന്നു .


അച്ഛമ്മയുടെ സ്നേഹപ്രകടനങ്ങളും ചെറിയച്ഛന്റെ സന്തോഷവും കണ്ടിട്ടാവും ആ പെൺകുട്ടി

 "ആരാ അച്ഛാ ?" എന്ന് ചോദിക്കുന്നുണ്ടായിരുന്നു .


"നിന്റെ വല്യേട്ടനാ " എന്നുപറയുമ്പോൾ ശരത്തിന്റെ വാക്കുകളിൽ പരിചയപ്പെട്ട മുരടനായ ചെറിയഛനല്ല അതെന്ന് തോന്നി .


പിന്നെ അച്ഛമ്മ കൊണ്ടുപോയത് കഷായത്തിന്റെ മണമുള്ള അകത്തെ മുറിയിലേക്കായിരുന്നു . അവിടെ കട്ടിലിൽ ക്ഷീണിതനായി കിടക്കുന്നയാളെ അല്ല എന്റെ മുത്തച്ഛനെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി


സന്തോഷത്തോടെ പറഞ്ഞു

 "നമ്മടെ ബാലൂന്റെ മോനാ ....ഞാൻ പറഞ്ഞില്ലേ നമ്മളെത്തേടി അവൻ വരാതിരിക്കില്ലെന്ന് "


അതിനോടകം ഹാളിലെ എല്ലാരും മുറിയിലേക്ക് വന്നിരുന്നു . അച്ചാച്ചന്റെ നരച്ചക്കണ്ണുകളിൽ നിന്നും വരുന്ന സന്തോഷാശ്രുക്കൾ നോക്കിയാ കൈപിടിച്ചരികത്തിരിക്കുമ്പോൾ വളരെ മുൻപേ എത്തിപ്പെടാതെപോയ വിഷമമുള്ളിൽ തികട്ടിവന്നു .


"അമ്മയ്ക്ക് സുഖാണോ അച്ചൂ "


ആ പേരെനിക്ക് പരിചയമില്ലെങ്കിലും എന്നോടാ തോന്നിയപ്പോൾ തിരിഞ്ഞുനോക്കി ,ചെറിയമ്മയായിരുന്നു

എനിക്ക് മനസായിലായില്ല തോന്നിയതോണ്ടാകും ചെറിയച്ഛൻ പറഞ്ഞു


 "അച്ചൂന്നായിരുന്നു ഞങ്ങള് വിളിച്ചിരുന്നെ ഒരാഴ്ചയാണെലും ചേട്ടന്റെ മരണമുണ്ടാക്കിയ ഞെട്ടലിൽ ചേച്ചി വല്ലാത്തൊരവസ്ഥയിലായിരുന്ന് ,അപ്പോഴൊക്കെ നിന്നെയെടുത്തുനടന്നത് ഇവളാരുന്നല്ലോ ,അജീഷിനും മുന്നേ അവൾക്കുകിട്ടിയ മോനാണ് നീയെന്ന് പറയുമായിരുന്നെപ്പോഴും .



എപ്പോഴെങ്കിലും സത്യമൊക്കെയറിയുമ്പോൾ നീ ഞങ്ങളെത്തേടി വരുമെന്ന് ഉറപ്പുണ്ടായിരുന്നു അച്ചൂ , പിന്നെ നിന്റെയമ്മയെയും നിന്നെയും കാണാൻ ഞങ്ങളൊരുപാട് ശ്രമിച്ചെങ്കിലും ഏട്ടത്തി കാണണ്ട എന്ന വാശിയിലായിരുന്നു ,


 നിന്നെയെങ്കിലും കാണിക്കാൻ ഞങ്ങള്കുറെ ശ്രമിച്ചതാ പക്ഷേ ഒന്നും വിലപ്പോയില്ല . അല്ലെങ്കിലും ഇരുപത്തഞ്ചു തികയും മുന്നേ വിധവയായി ,


കുഞ്ഞുണ്ടായതും അച്ഛനും പോയി അതിലേറെ ആ ദിവസങ്ങളിൽ ഇവിടുണ്ടായിരുന്ന പാർട്ടി സംഘർഷങ്ങളും വീടിനുനേരെ കല്ലേറും തെറിവിളിയും എല്ലാം കൂടെ മടുത്തുകാണും ...


അതല്ലേ നിന്നേം കൊണ്ട് ഇവിടുന്ന് രക്ഷപ്പെട്ടത് .... ചിലപ്പോ തോന്നും അതുനന്നായീന്ന് ,എവിടെങ്കിലും ജീവനോടെ ഉണ്ടെന്നറിഞ്ഞ മതി ...അല്ലാതെ ഇവിടെക്കഴിഞ്ഞാൽ നീയും ....."



ചെറിയച്ഛൻ പെട്ടെന്ന് കണ്ണ് തുടച്ചു മുറിയിൽനിന്നും പോയി


"മോനിതൊന്നും കാര്യാക്കണ്ട ..... മുരടനായിരുന്നു , അജീഷും പോയപ്പോ ഇങ്ങനെയായി "


"ഉം ..."


എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല ,വേദനകൾ നിറഞ്ഞുനിൽക്കുന്ന വീട്ടിലെക്കെന്തിനാണ് വന്നതെന്നോർത്തപ്പോൾ വേണ്ടായിരുന്നു എന്നും തോന്നിപ്പോയി .


ചെറിയമ്മ ഒന്നും മിണ്ടാതെയെന്നെത്തന്നെ നോക്കിനിൽകുകയായിരുന്നു


,"അങ്ങനെ ബാലു ഏട്ടനെപ്പോലെത്തന്നെ ഉണ്ടല്ലേ അമ്മെ "


അച്ഛമ്മയും എന്നെത്തന്നെ ഉറ്റുനോക്കുകയായിരുന്നു .


 എത്രനേരംഅങ്ങനെയിരുന്നെന്നറിയില്ല ചെറിയമ്മ ഭക്ഷണം വിളമ്പി വിളിച്ചപ്പോഴാണ് കഴിക്കാൻ ചെന്നത് .


ചുരുങ്ങിയസമയം കൊണ്ട് ചെറിയമ്മ പായസമടക്കം ഇത്ര വിഭവങ്ങൾ എങ്ങനുണ്ടാക്കിയെന്നറിയില്ല .


"നിന്റെ വീടാണെങ്കിലും നീ ആദ്യായി
വരികയല്ലേ അച്ചൂ ,എന്തൊക്കെയാ ഇഷ്ടമെന്നറിയില്ല അതാ "


ചെറിയമ്മയും ചെറിയച്ഛനും അച്ഛമ്മയും അനിയത്തിയും പിന്നെ ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന വിഷ്ണുവും കൂടെ ഭക്ഷണം കഴിച്ചു . വീട്ടിലുള്ള എല്ലാവരും അവരവരുടെ തിരക്കുകൾ മാറ്റിവെച്ചു എനിക്കുചുറ്റും നിൽക്കുന്നത് വിഷ്ണുവിന് അന്നുവരെ കാണാത്ത കാഴ്ചയായിരുന്നു .



അച്ഛമ്മയ്ക്കും ചെറിയമ്മയ്ക്കും ആയിരുന്നു കൂടുതൽ ചോദിക്കാൻ , ഇവിടുന്ന് അമ്മപോയതുമുതൽ അവർക്കെല്ലാം അറിയണമായിരുന്നു . അമ്മ വേറെ വിവാഹം കഴിച്ചത് അവർക്ക് പ്രശ്നമല്ല എന്നെ ഒരിക്കൽപോലും തിരികെ കൊണ്ടുവരാത്തതാണ് വിഷമമുണ്ടാക്കിയത് .



അനിയത്തിക്ക് എന്റെ പേരും ജോലിയും കൂടെവന്നത് ആരാണെന്നും ഇവിടേക്കുള്ള യാത്രയെക്കുറിച്ചും ആയിരുന്നു അറിയേണ്ടത് .


എന്റെ പേരുപറയുമ്പോൾ അച്ഛമ്മയുടെ കണ്ണ് നിറഞ്ഞുപോയി "എന്റെ മടിയിലിരുത്തി പേരിടേണ്ടതാണ് ..കുടുംബത്തിലെ മൂത്തകുട്ടിയാണ് "എന്നെല്ലാം ആവലാതിപെട്ടുകൊണ്ടേയിരുന്നു .



ഞാൻ ഡോക്ടർ ആണെന്നറിഞ്ഞപ്പോൾ ചെറിയച്ഛന് വലിയസന്തോഷം ആയപോലെ തോന്നിയിരുന്നു .


വൈകീട്ട് എന്നെയും കൂട്ടി കുടുംബക്ഷേത്രത്തിലും നാട്ടുവഴിയിലൂടെ നടക്കാനും അവർക്കൊക്കെ എന്ത് സന്തോഷമായിരുന്നെന്ന് ഞാൻ കണ്ടറിയുകയായിരുന്നു ,


 വന്നതും തിരിച്ചുപോകാനിരുന്ന ഞാൻ അവിടെത്തന്നെ തന്നെ തങ്ങാൻ നിർബന്ധിതനായി .അജീഷ് ഉപയോഗിച്ചിരുന്ന മുറിയാണ് എനിക്കുവേണ്ടി ഒരുക്കിത്തന്നതും ,


ആരും കാണാതെ ചെറിയമ്മ പറഞ്ഞു അജീഷ് മരിച്ചതിനുശേഷം ഇന്നാണ് ചെറിയച്ചനെ ചിരിച്ചു കാണുന്നതെന്ന് .
ആ മുറിയിൽ വൃത്തിയായി അടുക്കിവെച്ചിരുന്ന പുസ്തകങ്ങളും തൊടിയിലേക്ക് തുറക്കുന്ന ജനാലകളും കുത്തികുറിക്കപ്പെട്ട ചുവരെഴുത്തുകളും എന്നെ ഒരിക്കലും കാണാതെ തന്നെ പ്രിയമായ സഹോദരൻ കൂടെയുള്ളപോലെ തോന്നി .


കിടക്കാൻ നേരം വിഷ്ണു പറഞ്ഞു


 "
"നിങ്ങളൊരുപാട് ഭാഗ്യം ചെയ്തയാളാണ് ,എല്ലായിടത്തും നിങ്ങളെ സ്നേഹിക്കാനെത്രപേരാണ് ."


അവനൊരിക്കലും കിട്ടിയിട്ടില്ലാത്ത പരിഗണന എനിക്കുലഭിക്കുമ്പോൾ അവനിലുണ്ടാവുന്ന തിരിച്ചറിവുകൾ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു "രാത്രി കിടക്കുമ്പോൾ ആദ്യമായി അവനുറക്കമില്ലാതെ മുറിയിൽ നടക്കുന്നത് ഞാൻ കണ്ടു .



ചിലനഷ്ടങ്ങൾക്കുപകരം കാലം കാത്തുവെച്ചിരിക്കുന്ന പകരം വെയ്പുകളിൽ ഒന്നാവണം അജീഷിന്റെ പകരം വിഷ്ണുവിനെയും ശരത്തിനെയും എനിക്ക് ലഭിച്ചത് ...!



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...