Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 30
--------------------



"പ്രൊജക്റ്റ് റിപ്പോർട്ട് ഇങ്ങനെയൊക്കെ ആവാമോ ?"


എനിക്കത്ഭുതമായി ,കാരണം ഞാനൊക്കെ കടമതീർക്കാനായി നെറ്റിനുമുന്പിലും പുസ്തകങ്ങൾക്ക് മുൻപിലും കുത്തിയിരുന്നു കോപ്പിയടിക്കുകയായിരുന്നല്ലോ പതിവ്



"യൂണിവേഴ്‌സിറ്റി ഇതുപോലുള്ള പ്രൊജെക്ടുകൾ വഴി ഉദ്ദേശിക്കുന്നത് ഇതുതന്നെയാണ് , പഠിച്ചത് എങ്ങനെ പ്രയോ ഗിക്കുന്നു ,അതുജീവിതത്തിൽ എങ്ങനെ ഉൾക്കൊള്ളുന്നു എന്നറിയാനാണ് വിദ്യാ .


നേരം പുലർന്നുതുടങ്ങിയപ്പോൾ വിഷ്ണു ഉറക്കം തുടങ്ങിയിരുന്നു , ഞാൻ അജീഷിന്റെ സാധനങ്ങളെ വെറുതെ പരിശോധിച്ചും സമയം കളഞ്ഞു .
പിറ്റേന്ന് പോകുകയാണെന്നും മുതുമല വരെയെത്തണമെന്നും പറഞ്ഞപ്പോൾ അവർക്ക് തടയാനും കഴിഞ്ഞില്ല .


ഇനി തിരികെവരാമെന്ന ഉറപ്പുകൊടുത്ത് അവിടെനിന്നിറങ്ങുമ്പോൾ അജീഷേത്ര ഭാഗ്യവാനാണെന്ന് എനിക്കുതോന്നി .


അമ്മ മറ്റൊരു വിവാഹം കഴിച്ചിട്ടും അമ്മയുടെയും അച്ഛന്റെയും ചിത്രം ചുവരിൽ നിന്നും മാറ്റാതെ സൂക്ഷിക്കുന്നവർ ... അനിയത്തി ഉണ്ടെന്ന് ശരത്ത് പറഞ്ഞെങ്കിലും അതുകാര്യമായെടുക്കാതെ അവൾക്കൊന്നും വാങ്ങാതെ പോയത് തെറ്റായി പോയെന്ന് തോന്നി .


ഒരുപക്ഷെ ഇവിടെത്തന്നെ ജീവിച്ചെങ്കിൽ അവളുടെകയ്യും പിടിച്ചു വല്യേട്ടനായി നടന്നേനെ ...നാട്ടിൻപുറത്തെ സുന്ദരമായൊരു ബാല്യകാലം നിഷേധിക്കപ്പെട്ടതിൽ ആദ്യമായെനിക്ക് വേദനതോന്നി .


വയനാട്ടിലേക്കുള്ള ബസ് കയറ്റി വിടുംവരെയും നാട്ടിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചുമാത്രമായിരുന്നു ചെറിയച്ഛൻ പറഞ്ഞത് .
വിഷ്ണുവിന്റെ കയ്യിലെ അധികമുള്ള പൈസവാങ്ങി അനിയത്തിക്കൊരു വസ്ത്രംവാങ്ങി കയ്യിലേൽപ്പിക്കുമ്പോൾ ചെറിയച്ഛന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു .


അനിയത്തി , ഓർമയായെങ്കിലും അനിയൻ ,അച്ഛാച്ചൻ ,അച്ഛമ്മ ,ചെറിയമ്മ ,ചെറിയച്ഛൻ ,എന്നെക്കാണാനായി പലയിടങ്ങളിൽ നിന്നായി വന്നുപോയ ബന്ധുക്കൾ സ്നേഹത്തോടെ വരവേറ്റ നാട്ടുകാർ .... പ്രിയപ്പെട്ടവരുടെ ലിസ്റ്റിന് നീളം കൂടിത്തുടങ്ങിയത് വല്ലാത്തൊരു സുഖത്തോടെ ഞാൻ ഫീൽചെയ്യുകയായിരുന്നു.


കോളനിയിലൂടെ മടങ്ങി ശരത്തിനെയും കൂട്ടിയാണ് ഞങ്ങൾ മുതുമലയിലേക്ക് മടങ്ങിയത് .ഏതുനിമിഷവും പുറത്തുനിന്നും അവനെയാന്വഷിച്ചു ആളെത്തിയെക്കാം എന്നൊരു പേടിയുണ്ടായിരുന്നു .


ആദിവാസിക്ക് സ്വന്തം ഭൂമി പതിച്ചുനൽകണെമെന്ന ആവശ്യവുമായി പിറ്റേന്ന് സമരംചെയ്യുന്നവർക്കു വേണ്ട നിർദേശങ്ങളും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വരണമെന്നും പറഞ്ഞേൽപ്പിച്ചു ഞങ്ങൾ തിരിച്ചു ,


അവനെ അതുവരെ ചികില്സിച്ച രീതിയും മരുന്നുകളും മനസ്സിലാക്കി ശരത്തിനെ കിടത്തിയ മുളകൊണ്ടുള്ള സ്ട്രെക്ച്ചർ എടുക്കാൻമാത്രം ആളെ കൂടെ കൂട്ടി ഞങ്ങൾ മലയിറങ്ങി .


മുളപൂത്തുനിൽക്കുന്ന കാട്ടുവഴിയിലൂടെയുള്ള യാത്ര എനിക്കെപ്പോഴും ഭയപ്പാടുണ്ടാക്കുന്നുണ്ടെങ്കിലും മുളങ്കാറ്റിനും കാടിനും പ്രതേക സുഖമാണ് , വീണുകിടക്കുന്ന ഈ മുളയരികൾ മഴയെത്തുമ്പോൾ വീണ്ടും തളിർക്കുകയും അപ്പോഴേക്കും പൂത്തു വളർച്ചയാവസാനിച്ച മുളകൾ വീഴുകയും ചെയ്തിരിക്കും , , എത്രസങ്കീര്ണമായാണ് പ്രകൃതിയിൽ ഓരോന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നു എനിക്കെപ്പോഴും കൗതുകം തോന്നാറുണ്ട് .


വനത്തിനകത്തെ ഒട്ടുമിക്ക അരുവികളും വറ്റിത്തുടങ്ങിയെങ്കിലും ഇത്തിരിയുള്ള വെള്ളത്തിൽ മുഖം കഴുകാനും ഉറവ തുടങ്ങുന്നിടത്താണെങ്കിൽ കുടിക്കാനും ഞാൻ സമയം കണ്ടെത്താറുണ്ട് , ഇപ്പോൾ എനിക്കുമുന്പേ വെള്ളംകണ്ടാൽ അടുക്കുന്നത് വിഷ്ണുവാണ് അവനും എനിക്കുമൊന്നും പരിചയമില്ലാത്ത ശാന്തതയും കുളിരും ഞങ്ങൾ ആസ്വദിക്കാൻ മടിച്ചില്ലെന്നതാണ് സത്യം .


മിതമായ ചൂടും തണുപ്പും അറബിക്കടലിന്റെയും സഹ്യന്റെയും കവചവും ഫലഭൂയിഷ്ഠമായ മണ്ണും സുലഭമായ ശുദ്ധജലലഭ്യതയും കേരളത്തിലല്ലാതെ മറ്റെങ്ങുമില്ലെന്നത് സത്യം തന്നെ , മറ്റ്‌ സംസ്ഥാനങ്ങളിൽ കൂടിയ ചൂടോ അല്ലെങ്കിൽ തണുപ്പോ അവിടെത്തെ ജനങ്ങൾ റിക്കവർ ചെയ്യാൻ പഠിക്കണം .


അതൊക്കെ വെച്ചുനോക്കുമ്പോൾ സ്വർഗംതന്നെയീ ഭൂമിയെന്നെനിക്കു തോന്നി .
തമിഴ്‌നാടിന്റെ ഭൂപടമെടുത്ത് നോക്കിയാലേ അറിയാം തരിശ്ശുഭൂമിയും തിങ്ങിപ്പാർക്കുന്ന ജനങ്ങളും മാലിന്യം തുപ്പുന്ന കമ്പനികളും ഒച്ചപ്പാടും .


"അതൊക്കെ ചുമ്മാതാണ് കേരളത്തിലെ ചൂട് കൂടുതലാ ,വെള്ളത്തിന്റെ ബുദ്ധിമുട്ട് പിന്നെ പറയുകയേ വേണ്ട " ഞാനെന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ മറുപടി നൽകി.



" അങ്ങനെയുണ്ടായെങ്കിൽ അതിവിടുത്തുകാരുടെ കയ്യിലിരി പ്പുകൊണ്ടുമാത്രമാണ് "


തർക്കിക്കാൻ ഞാൻ നിന്നില്ല ,അയാളോട് വാദിച്ചാൽ ജയിക്കില്ലെന്ന് അറിയാവുന്നതോണ്ട് മാത്രമല്ല ഇവിടുത്തെ ജീവിതസാഹചര്യങ്ങൾ കണ്ടറിഞ്ഞതോണ്ട് .


മഴക്കാലമത്രയും ഉറവയെടുക്കന്ന നാട്ടിടവഴികളിൽ നിന്നും ഉറച്ച ടാർ റോഡിലേക്ക് സ്ലിപ്പറുമിട്ട് നടക്കാൻ മലയാളി തുടങ്ങിയ നാളുതൊട്ടിങ്ങോട്ട് പ്രകൃതി നശീകരണമല്ലാതെ സംരക്ഷണമെങ്ങും ഞാൻ കണ്ടിട്ടില്ല .


ശീമക്കൊന്നയും മുളയും കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലുകളിൽ വികസനമെത്തിയപ്പോൾ കടയറുക്കപ്പെട്ടു പട്ടികകളായി മാറിയ മരങ്ങൾ പറയും ...

അംഗങ്ങളുടെയെണ്ണം കൂടിയപ്പോൾ വനത്തോടൊപ്പം വനംവെട്ടിത്തെളിച്ചുണ്ടാക്കിയ വയലുകൾ കുന്നിടിച്ച മണ്ണുകൊണ്ടുമൂടപ്പെട്ട് അവിടെ നവകേരളം ഉയർന്നുവന്നു .


വയലുംകാടുംഇല്ലാതായപ്പോൾ മഴയും കുറഞ്ഞപ്പോൾ ഉറവ നഷ്ട്ടപ്പെട്ട കിണറുകൾ വേനലിന്റെ ദാഹം തീർക്കാതെ വന്നപ്പോൾ നൂറ്റാണ്ടുകള്കൊണ്ട് സംരക്ഷിക്കപ്പെട്ട മണ്ണിന്റെ മാറിലേക്ക് ബോർവെൽ യന്ത്രങ്ങൾ തുരന്ന് തുടങ്ങി .


പ്രമാണംകൊണ്ട് സ്വന്തമായ മണ്ണിൽക്കുത്തിയ കിണറുകൾ പക്ഷേ ഊറ്റിയെടുത്തത് ഒരു ജനതയുടെയും വരാനിരിക്കുന്ന തലമുറയുടെയും സമ്പത്തായിരുന്നുവെന്ന് മനപ്പൂർവം മറന്നവർ ശേഷിച്ചമരങ്ങൾ മുറിച്ചു ഫർണീച്ചറുകൾ പണിയുന്നതിരക്കിൽ മണ്ണിനെ മറന്നുപോയി .


ആഡംബരംകൊണ്ട് അധഃപതിച്ച ജനതകളുടെ ലിസ്റ്റിൽ കേരളമെന്ന പേരെഴുതിച്ചേർക്കുന്നകാലം വിദൂരമല്ല.
ചുറ്റുമുള്ള പച്ചപ്പെല്ലാം നശിപ്പിച്ചുണ്ടാക്കിയ കോൺക്രീറ്റ് കെട്ടിടത്തിൽ ഏ സിയുടെ ചുവട്ടിലിരുന്നു പരസ്യമായി പുച്ഛിച്ച അന്യസംസ്ഥാത്തെ വിഷംതെളിച്ച സാധനങ്ങളാൽ ഭക്ഷിച്ചും ഫെയിസ്ബുക്കിൽ "നഷ്ടമായ പ്രകൃതിയെക്കുറിച്ചു " വിലപിക്കുന്നവരെക്കുറിച് ഞാനെന്ത് പറയാൻ അയാളോട് ... !


"എല്ലാം ചെയ്തത് അവരെന്നും നിങ്ങളെന്നും പറയാനല്ലാതെ താനെന്തായിരുന്നെന്നു തിരിച്ചറിയുന്ന കാലം ഇനിയുമെത്ര അകലെയാണെന്നോർത്തപ്പോൾ വേദന തോന്നി .


കാലം ക്ഷമിക്കാത്ത തെറ്റുകൾ ഓരോനിമിഷവും ആവർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു ....!



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...