Thursday 23 July 2015

7 7 7 7
---------ജനിച്ചത്‌ കൊണ്ട് ഞാൻ ജീവിച്ചു തുടങ്ങി ...ജീവിതത്തിനിടയ്ക്ക് നടന്ന പാതകൾ ഓർമകളായി..നടന്ന വഴിയിൽ ഓർമ്മകൾ സൂക്ഷിച്ച സുഹൃത്ത്‌ പറഞ്ഞുചിതയിലെരിഞ്ഞ ഓർമയിൻ താളുകൾ നഷ്ട്ടമെന്നു ..തിരിഞ്ഞു നോക്കിയപ്പോൾ ചിതലരിക്കുന്ന ചിത്രങ്ങൾ മാത്രംപെറുക്കികൂട്ടുമ്പോൾ ചിതറി പോകുന്നവ ...ഇരുപത്തൊന്നു വർഷങ്ങൾ ...ഏഴായിരത്തി എഴുനൂറ്റി എഴുപത്തി ഏഴു ദിവസം ...(നാളെ 7777)എണ്ണം മറന്ന ദിനങ്ങളെ ..കളഞ്ഞുപോയ സമയത്തെ ...തിരിച്ചു കിട്ടാത്ത ഓർമകളെ...തിരിച്ചറിയാൻ പഠിപ്പിച്ച സുഹൃത്തിനു നന്ദി ....കളഞ്ഞു പോയ കണക്കു പുസ്തകം തുറന്നപ്പോൾനഷ്ട്ടക്കണക്കുകൾ....കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും കുറച്ചാലുംതിരികെ കിട്ടാത്ത "സമയം " എന്ന നഷ്ട്ടംതീരാ നഷ്ട്ടം ....


നിന്റെ ചുണ്ടിലെ തക്ബീറും വേണ്ട 
എന്റെ കയ്യിലെ ഗീതയും വേണ്ട 
നമ്മുടെ കുഞ്ഞിന്റെ കഴുത്തിൽ-
കൊന്തയും വേണ്ട ..!

തട്ടമിടാൻ ഞാൻ വരില്ല
ചന്ദനം നീ തൊടണ്ട ..
നമ്മുടെ മക്കൾ
ബൈബിളും വായിക്കണ്ട ..!

മണ്ണിലും മനസ്സിലും ഒരുമിക്കാം നമുക്കു-
മനുഷ്യനായി മാത്രം പിറക്കട്ടെ മക്കൾ ....!!!!




കണ്ണിൽ കണ്ടെതെല്ലാം കനവായിരുന്നു 
മുന്നിൽ നീ വന്നതും നിനവായിരുന്നു 
കാണാതെ നീ പോകിലും 
കരയുന്നതെൻ മനമാണ്...
കണ്ടു നീ നിന്നാലും ...
കൂട്ടിനു വന്നാലും ...
കിട്ടില്ലെയെന്നതും ...
കിട്ടിയ നേരത്ത് വേണ്ടെന്നു ചൊന്നതും
കാണാതെ മെല്ലെ കണ്ണൊന്നു തുടച്ചതും
കൂട്ടാതെ പോയതും ...
കൂട്ടിൽ കാത്തതും...
കിട്ടാതെ കിടക്കിലും ..
എന്നും ഞാൻ കാണുന്നു ...
അറിയാതെയറിയുന്നു ...
നീയാണെൻ കൂട്ടെന്നു




മാനം മുട്ടെ കാണണം സ്വപ്‌നങ്ങൾ ...
മനസ്സ് നിറഞ്ഞുകാണണം ....
മതിവരുവോളം കാണണം ...

എന്നിട്ട് വേണം 

മഞ്ഞ ചരടിന്റെ നീളത്തിൽ
സിന്തൂരത്തിന്റെ വെട്ടത്തിൽ
വലതു കാലു വെച്ച് ,സ്വപ്‌നങ്ങൾ
ചീന്തിയെറിഞ്ഞു ജീവിക്കാൻ ...

അപ്പോൾ തിരിച്ചറിയും

ആകാശത്തിലെ ദേശാടന പക്ഷികളും
ഭൂമിയിലെ കൂട്ടിലടച്ച കിളികളും ഒന്നല്ലെന്ന് ...

എങ്കിലും പ്രിയമാണ് ....
സീമന്ത രേഖയിലെ ചുവപ്പ് ....

സ്വപ്നങ്ങൾക്ക് ചിതയൊരുക്കി
സ്വർഗങ്ങൾക്ക് കൂടൊരുക്കി
ഒന്നും ആവാതെ
ഒരിക്കലും തിരിച്ചറിയാതെ പോകുന്ന
കരിപുരണ്ട ജീവിതങ്ങൾക്ക്.....
ഓർമയിലെ കുപ്പിവളപ്പോട്ടുകൾക്കു
സമർപ്പിക്കുന്നു....

വിദ്യ ജി സി സി

ശവപ്പറമ്പിലെ മണ്‍കൂനകളെ മാന്തിപ്പറിക്കുന്ന കുറുക്കനും കഴുകനും
കാണും ഇതിലും മനുഷ്യത്വം ... മണ്ണിനടിയിൽ ഒന്നും അറിയാതെ
ഉറങ്ങുന്ന നേരത്തും ആ കുട്ടികൾ പേടിച്ചിരിക്കും,,
പാഞ്ഞു പോകുന്ന തീവണ്ടിച്ചക്രങ്ങളെ അല്ല -
തൂലികതുമ്പിനാലും വാക്ശരങ്ങളാലും
കീറിമുറിക്കുന്ന സഹതാപത്തിൽ പൊതിഞ്ഞ
പരിഹാസങ്ങളെ ... ആ ആത്മ്മാക്കളെ എങ്കിലും
വെറുതെ വിട്ടുകൂടെ ...
കഥകൾ എഴുതാൻ താല്പര്യം ഉള്ളവർ ആദ്യം
സ്വന്തം കൂടപ്പിറപ്പുകളെ കുറിച്ച് എഴുത് ..
നിങ്ങൾക്ക് നല്കാനാവുമോ ആ കുട്ടികൾ
ആത്മഹത്യ ചെയ്തതാണ് അത് എഫ് ബി പ്രണയ ന്യരാശ്യം
ആണെന്ന് ??? നിങ്ങൾക്ക് നൽകാനാവുമോ അവരുടെ
കാമുഖനെ കുറിച്ചുള്ള തെളിവുകൾ ?????
പിന്നെന്തിനു നിർമിക്കുന്നു ഇതുപോലുള്ള
പൈങ്കിളി കഥകൾ ,,,
അക്ഷരാഭ്യാസം ഉണ്ടെന്നു വെച്ച് അത്
എന്തും എഴുതാനുള്ള ഒന്നല്ല ...
നാളെ അപകടങ്ങളിൽ പോലും ആരേലും
മരിച്ചാൽ കല്ലറ കീറി മുറിക്കും തരത്തിൽ
കഥകൾ മെനയുമല്ലൊ ????????
അറിയാത്ത സത്യം ,,,ഊഹാക്കഥകൾ കൊണ്ട്
മറയ്ക്കരുത്‌....അവരും മനുഷ്യരായിരുന്നു
നമ്മളെപ്പോലെ മജ്ജയും മാംസവും മനസ്സും ഉള്ള
മനുഷ്യർ കുഞ്ഞുങ്ങൾ ആണ് ..
ഇനിയും കീറിമുറിക്കരുത്...
വെറുതെ വിടുക ആ ആത്മാവുകളെ എങ്കിലും ...
ഇനിയവർക്ക് വേണ്ട നിങ്ങളുടെ സഹതാപങ്ങൾ ...
ഇനി വേണ്ടത് ഹൃദയം മുറിഞ്ഞു പോകുന്ന
വേദനയിൽ കഴിയുന്ന കുടുംബങ്ങൾക്ക്-
ആശ്വാസം ആണ് ... നിങ്ങളുടെ ഭാവനകൾക്ക്
ചിറകു മുളയ്ക്കുമ്പോൾ അവരുടെ നെഞ്ചിൽ നീറ്റലാണ്..
എക്സ്ക്ലൂസിവുകൾ തേടി പോയി
വീണ്ടും വീണ്ടും വേദനിപ്പിക്കരുത് ആ ഹൃദയങ്ങളെ ..
ഇത് അഭ്യര്ത്ഥന ആണ് ,,,
കെട്ടുകഥകൾ കണ്ടു മടുത്ത ,,ചിലപ്പോൾ നാളെ
എനിക്കും ഈ അവസ്ഥ വരുമ്പോൾ നിങ്ങൾ
ഇതുപോലെ പ്രതികരിക്കുമ്പോൾ വേദനിക്കുന്ന
എന്റെ വീട്ടുകാരുടെ മുഖം ഓർക്കുമ്പോൾ ഉള്ള വേദനയാണ് ...


വിദ്യ ജി സി സി


(ഈ ചിത്രങ്ങളിൽ ഉള്ള വ്യക്തികളെ മാത്രം ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്‌ )
Like   Comment   
നിഷേധിക്കപെട്ടവരുടെ നീതിശാസ്ത്രം
--------------------------------------------------
ആശുപത്രി വരാന്തയിൽ പരിഭ്രമം കലർന്ന പേടിയോടെ നടക്കുമ്പോൾ അകത്തു നിന്ന് വാതിൽ തുറന്നു നേഴ്സ് വന്നു ,,അവരുടെ മുഖം കണ്ടപ്പോൾ പേടി കൂടി ,,എങ്കിലും അടുത്ത് ചെന്ന് ചോദിച്ചു

"എന്തായി സിസ്റ്റർ "

സിസ്റ്റർ :നിങ്ങൾ ഇത് എത്രാമത്തെ തവണയാണ് ചോദിക്കുന്നത് ,,ഒരു പ്രശ്നവും ഇല്ല ഡോക്ടർ വന്നു സ്റ്റിച് ഇട്ടതും പോകാം ,,


(മുന്നിലൂടെ ഒരു ദയയുടെ നോട്ടം പോലും ഇല്ലാതെ പോയ അവരെ വെറുപ്പോടെ നോക്കി ഞാൻ ചാരുബെഞ്ചിൽ ഇരുന്നു
,,അടുത്ത് ഒരു സ്ത്രീ ഇരിക്കുന്നു സ്ത്രി ഒരു പേപ്പറും പിടിച്ചു, .,,നേഴ്സ് തിരികെ വരുന്നു ),,

റൂമിൽ കയറുന്നതിനു മുൻപ്


"നിങ്ങൾ ഇനിയും അത് പൂരിപ്പിചില്ലേ ..വേഗം കൊണ്ട് വരൂ"

(ആ പേപ്പറിൽ നോക്കി അവർ കരയുകയാണോ എന്ന് എനിക്ക് തോന്നിപ്പോയി ,,പെട്ടെന്ന് അവർ തലയുയർത്തി എന്നെ നോക്കി)

"ആരെങ്കിലും സീരിയസ് ആണോ ?"

"വരുന്ന വഴിക്ക് ഞങ്ങളുടെ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചു വലിയ പരിക്കൊന്നും ഇല്ല ,,എങ്കിലും എനിക്ക് ഇവിടെയിരുന്നൊരു സമാധാനം ഇല്ല "

(അവിടെ ദയയോടെ ഞാൻ കണ്ട മനുഷ്യജീവിയോടു എന്റെ വിഷമം പറഞ്ഞു )

"ആരാണ് അകത്ത് "

"എന്റെ ഭർത്താവാണ്‌"

"ഹും ,,,പേടിക്കാൻ ഒന്നും ഇല്ലാലൊ ,,,"

"ഇല്ല ,,സ്റ്റിച് ഉണ്ട് ...അതോർക്കുംബോഴാണ്"

"സ്റ്റിച് ഒക്കെ പെട്ടെന്ന് കഴിയും ദൈര്യമായിരിക്കൂ "

(എനിക്ക് ഇച്ചിരി സമാധാനം തോന്നി )

"നിങ്ങളുടെ ആരാണ് അകത്ത്"

"ഒരു സുഹൃത്ത്‌ ,,,അല്പം ക്രിട്ടിക്കൽ ആണ് "

"എന്നിട്ട് ബന്ധുക്കളെ ഒന്നും കാണുന്നില്ലാലോ ,,"

"ഞങ്ങൾക്ക് ബന്ധുക്കൾ ഇല്ല "

"ഓ... അപ്പോൾ പ്രണയിച്ചു വീട്ടില് നിന്ന് വന്നവരാണോ ,,ഞങ്ങളെപ്പോലെ"

"അല്ല ,,ഞങ്ങൾക്ക് പ്രണയമില്ല ,,,"

"അപ്പൊ ?"

"പേടിക്കണ്ട ഞങ്ങൾ അനാഥർ ആണ് ,,ആർക്കും വേണ്ടാത്ത കുറെ ,,,"

"ഞങ്ങളും അതുപോലെ തന്നെയാണ് ,,,ഇപ്പോൾ എനിക്ക് ചേട്ടനും ചേട്ടന് ഞാനും മാത്രം പിന്നെ ഒരു കൊച്ചു വാവ കൂടി വൈകാതെ വരും ,,,"

"സന്തുഷ്ട്ട കുടുംബം അല്ലെ"

"അതെ ,,, ഇതാണ് ഞങ്ങളുടെ ലോകം ,,,, കുടുംബം ???"

"എനിക്ക് കുടുംബം ഇല്ല "

"സന്യസിക്കുവാണോ "

"ഞാൻ സന്യാസിയുമല്ല "

"പിന്നെ"

"എനിക്കറിയില്ല "

"എനിക്ക് മനസ്സിലാവുന്നില്ല ..."

"നിങ്ങളെ എന്ത് വിളിക്കണം ഞാൻ "

"എന്റെ അനിയത്തിയുടെ പ്രായമേ നിനക്ക് തോന്നുന്നുള്ളൂ ,,ചേച്ചി ന്നു വിളിച്ചോളൂ "

"ചേച്ചിയെ പോലെ എനിക്കും ആഗ്രഹം ഉണ്ട് കുടുംബം ,,കുട്ടികൾ ,,ഭർത്താവ്,,പക്ഷെ ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം ഇല്ല"

,,,"കാരണം"

"ആർക്കും വേണ്ടാത്ത മനുഷ്യ രൂപമുള്ള ജന്തുക്കൾ ആണ് ഞങ്ങൾ എന്ന് പലരും പറയാറുണ്ട്‌ ,,,ഭിന്നവർഗം...

(അപ്പോഴാണ്‌ ഞാൻ അവളുടെ വസ്ത്ര ധാരണം ശ്രെധിച്ചത് മുഖവും ,ഞാൻ കുറച്ചു നീങ്ങിയിരുന്നു ,,,അവൾ എന്നെ നോക്കിയൊന്നു ചിരിച്ചു ,,,എനിക്ക് എന്തോ വേണ്ടായിരുന്നു എന്ന് തോന്നി,..അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു)

"ഇതാണ് ഞാൻ പറഞ്ഞത് വെറും മനുഷ്യ രൂപം ഉള്ള ജന്തുക്കൾ ആണ് ഞങ്ങൾ എന്ന് ,,, മനുഷ്യരായി ആരും കാണാറില്ല ഞങ്ങളെ"

.............................................


(എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു )


,",,അർദ്ധരാത്രി കാമം തീർക്കാൻ വരുന്ന മനുഷ്യനായ്ക്കൾ മാത്രം ഞങ്ങൾക്ക് ആ പരിഗണന തരുന്നു ,,,"

(നീങ്ങിരിക്കെണ്ടായിരുന്നു എന്ന് എനിക്ക് തോന്നി ..അവൾ തുടർന്നു..)

"ആണായി ജനിച്ചു പെണ്ണായി ജീവിക്കുന്നുന്നു ഞാൻ ,,ഞാൻ മാത്രം അല്ല ഞങ്ങളിൽ പലരും ,,,

പണം ഉണ്ടെങ്കിൽ അല്ലെ തിന്നാൻ പറ്റുള്ളൂ ,,,


വിശപ്പ്‌ സഹിക്കാൻ പറ്റാത്തതുകൊണ്ട് മറ്റുള്ളവരുടെ വിശപ്പുമാറ്റി ,,,


,(അവൾ കരയുകയായിരുന്നു ..ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു )

ചേച്ചി എന്റെ അടുത്തിരിക്കണ്ട ആരെങ്കിലും കണ്ടാൽ ഇനി കുറ്റം എനിക്കാവും ...

(ഞാൻ കുറച്ചു കൂടി അവളോട്‌ ചേർന്നിരുന്നു ...സാരി ത്തലപ്പുകൊണ്ട് കണ്ണ് തുടച്ചു കൊടുത്തു )

"എല്ലാവർക്കും ഇങ്ങനെയാണ് ചേച്ചി ഞങ്ങളോട്

...വിവേചനം ,,,ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ,,,,അല്ലെങ്കിലും സദാചാരത്തിന്റെ മുഖം മൂടിയണിഞ്ഞ കുറുക്കന്മാരെ ഒരുപാട് കണ്ടതാണ് ഞാൻ ,,പകലിൽ നിഷേധിക്കും രാത്രി അന്വഷിക്കും ,,എതിർക്കാൻ കരുത്തില്ല ,,,കൂടെ നില്ക്കാൻ ആരുമില്ല ,,എങ്ങും അവഗണന മാത്രം ,,,"


"ജോലിക്ക് "

"ആര് ജോലി തരും ചേച്ചി .... ഞങ്ങളെ കാണുമ്പോൾ എത്തി വലിഞ്ഞു നോക്കുന്ന ചുറ്റും കൂടുന്ന പരിഹസിക്കുന്ന മുഖങ്ങളെയെ കണ്ടിട്ടുള്ളു ...ഒരുത്തൻ ഫോണും പിടിച്ചു പുറകിൽ വന്നു കഴിഞ്ഞ ദിവസം ,,

സഹികെട്ടപ്പോൾ ഞാൻ മാറിപ്പോവാൻ പറഞ്ഞു ,,അതിനു അവിടെ കൂടി നിന്നവർ എല്ലാം കൂടി പരിഹസിക്കുനത് കേട്ടപ്പോൾ തോന്നി മരണം ആണ് നല്ലതെന്ന് അവിടെ അവഗണന ഇല്ലാലൊ ...പക്ഷെ പേടിയാണ് മരിക്കാൻ ,,അതുകൊണ്ടാണ് ഞങ്ങളിൽ പലരും ജീവിച്ചിരിക്കുന്നത്‌ "


,,,


"അപ്പോൾ വീട്ടുകാർ "


"ഉണ്ടായിരുന്നു ,,പണ്ട് ,,പഠിക്കാൻ മോശമല്ലായിരുന്നു ,,ആദ്യത്തെ കുട്ടി ,,അന്നെന്റെ പേര് "സന്തോഷ്‌ " എന്നായിരുന്നു ,,പേരില് സന്തോഷം നിറഞ്ഞത്‌ കൊണ്ടാവാം ,,,ദൈവം ജീവിതത്തിൽ ദുഖം മാത്രം തന്നത് ,,,

"പത്താം ക്ലാസ് കഴിയുന്ന സമയത്താണ് ,,ഞാൻ എന്റെ ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയത്

,,,വിദൂരതയിൽ കേട്ട് തുടങ്ങിയ പരിഹാസങ്ങൾ അടുത്തെത്താൻ ഒരുപാട് കാലം വേണ്ടി വന്നില്ല ...വീട്ടുകാർക്കും മടുത്തു തുടങ്ങിയതിനാലാവാം അവർ എന്നെ ഈ ചുവന്ന തെരുവിൽ ഉപേക്ഷിച്ചു മടങ്ങിയത് ,,,

എന്റെ അമ്മയുടെ കണ്ണില ഞാൻ അന്ന് അവസാനമായി സമാധാനം കണ്ടു ,,പിന്നെ നാട്ടിലേക്ക് തിരികെ പോകാൻ തോന്നിയില്ല ,,,എനിക്ക് പേടിയായിരുന്നു "ചാന്തുപോട്ടെന്നും ""ഒൻപതെ"എന്നുമൊക്കെ വിളിക്കുന്നത്‌ കേൾക്കാൻ,,

ഇവിടെ വെച്ച് ഞാൻ എന്നെപ്പോലെ ഒരുപാടുപേരെ കണ്ടെത്തി ,,,അധ്വാനിച്ചു ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ശരീരം വിറ്റ് ജീവിക്കാൻ തുടങ്ങി ,,,എന്റെ മുജ്ജന്മ പാപം ആണെന്ന് മുത്തശ്ശി പറഞ്ഞത് സത്യമായിരിക്കും അല്ലെ ചേച്ചി ...

(ഇത്തവണ നിറഞ്ഞു തുടങ്ങിയത് എന്റെ കണ്ണുകൾ ആയിരുന്നു ,,ഞാൻ "അവന്റെ " കൈകൾ ചേർത്തുപിടിച്ചു..)

"പേടിക്കണ്ട ചേച്ചി ,,,ഞാൻ ആണല്ല ഇന്ന് പെണ്ണാണ് ,,,അല്ല ഞാൻ പെണ്ണുമല്ല,,ഞാൻ ..."

"നീ മനുഷ്യനാണ് "

"പറയാൻ കൊള്ളാം ,,കേൾക്കാൻ സുഖമുണ്ട് "

........................................................

"മനുഷ്യർ നിങ്ങളല്ലേ ...ആണും പെണ്ണും ,,,ഞാൻ ഇതിലേതാണ് "

"നീ എന്റെ അനിയത്തി അല്ലെ ?"

ഞാൻ ചേച്ചിന്റെ അനിയനുമല്ലേ ????

.............................


"

ചേച്ചിക്ക് മറുപടി ഇല്ലാലെ .... "

(ഞാൻ ഒന്നും പറഞ്ഞില്ല)

", ചേച്ചി ഈ മനുഷ്യരുടെ ജീവിതം പൂർണ്ണമാവുന്നത് നാളത്തെ തലമുറയെ സൃഷ്ടിക്കുമ്പോൾ ആണ് ,,അങ്ങനെയെങ്കിൽ ഞാൻ പൂർണ്ണമല്ലാലോ ,,, ജനിതക ശാസ്ത്രം ചതിച്ച ചില ജന്മങ്ങൾ ,,,, എന്താണ് ഞങ്ങൾക്ക് മാത്രം ഇങ്ങനെ ... എന്താണ് ഞങ്ങൾ ചെയ്ത തെറ്റ് ? "

"ഇല്ല ,,നിങ്ങൾ തെറ്റൊന്നും ചെയ്തില്ല ,,"

"എനിക്കും ആഗ്രഹം ഉണ്ട് ചേച്ചിയെപ്പോലെ ഒരു വീട്ടമ്മയായി ,,,ഭാര്യയായി ,,,അമ്മയായി ,,,അല്ലെങ്കിൽ ചേട്ടനെപ്പോലെ "

...................................

",,,പക്ഷെ കഴിയില്ലാാലൊ ,,,ശരിക്കും ഞങ്ങൾ എന്തിനാണ് ??? സാധാരണ മനുഷ്യരുടെ മോഹം നല്ലൊരു കുടുംബ ജീവിതം ആണ് അതൊരിക്കലും ഞങ്ങള്ക്ക് സാധ്യമല്ല ,,പിന്നെ എന്തിനു ഈ ജീവിതം എന്ന് ചോദിച്ചാൽ ഉത്തരമില്ല ,,,പകലിനെ പേടിച്ചു ജീവിക്കാം ,,,

.........................................

"ചേച്ചി എന്താണ് ഒന്നും പറയാത്തത് ,,,??? അല്ലെങ്കിലും എന്തുപറയാൻ അല്ലെ ??? "

"ശരിയാണ് ,,,എനിക്കറിയില്ല മോളെ ,,,അല്ല മോനെ "

"ചേച്ചി മിനി എന്ന് വിളിച്ചാൽ മതി ഇല്ലാത്ത ലിംഗ വ്യത്യാസം വേണ്ട ... "

"എന്ത് വിളിക്കണം എന്ന് അറിയുന്നില്ലല്ലേ ചേച്ചിക്ക് ,"

", കണ്ടോ ഈ ഫോം ഞാൻ പൂരിപ്പിച്ചു അതിനുള്ള അറിവുണ്ട് പക്ഷെ ഇവിടെ "ജെൻണ്ടർ" കോളത്തിൽ ഞാൻ എന്തെഴുതും എന്നെനിക്കറിയില്ല ,,എഴുതാതിരുന്നാൽ അവർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല ,,കമ്പ്യൂട്ടറിൽ ചെയ്തു വെച്ചിരിക്കുന്ന പ്രോഗ്രാമുകൾക്ക് പോലും ഞങ്ങളോട് അവഗണയാണ്,,,

...............................................


പഠിക്കാൻ സാധിക്കില്ല ,,പണിയെടുക്കാൻ സാധിക്കില്ല ,,ജീവിക്കാൻ അനുവാദം ഇല്ല ,,സ്വപ്നങ്ങളില്ല ,,,ഒന്നുമില്ല വെറും പഴ്ജന്മങ്ങൾ ,,,പരിഹാസങ്ങൾ മാത്രം...

"ഉം ..."

(എന്റെ കണ്ണ് നിറഞ്ഞു )

"ചേച്ചി എന്തിനാണ് കരയുന്നത് ??? സഹതാപം അല്ലെ ?"

"അല്ല ..സഹതപിക്കാൻ എനിക്ക് യോഗ്യതയില്ല ഇത്"കുറ്റബോതമാണ്"

"ഞങ്ങളല്ലേ കുറ്റക്കാർ "

"ഒരിക്കലും അല്ല ,,ഇവിടെ ഞങ്ങളും നിങ്ങളും ഇല്ല മിനി നമ്മൾ ,,നമ്മൾ മനുഷ്യർ"

"ഇല്ല ചേച്ചി അത് നിങ്ങളുടെ നല്ല മനസ്സ് ..."

"മനുഷ്യരെ തിരിച്ചറിയാൻ കഴിയാതെ പോയ ദുഷിച്ച മനസ്സ് ,,ദയയും സഹതാപവും നീയാണ് നൽകേണ്ടത്,,, മാപ്പ് ചോദിക്കേണ്ടത്‌ പരിഹസിച്ചവരും ...അതിൽ ഒന്ന് ഞാനും ,,

(ഞാൻ അവളെ ആലിംഗനം ചെയ്തു ,,അവളുടെ കണ്ണുനീർ തുള്ളികൾ എന്റെ തോളിൽ വീഴുന്നത് ഞാൻ തിരിച്ചറിഞ്ഞു ,,,,)

അന്നാദ്യമായി ഞാൻ മനസ്സിലാക്കി എന്റെ കഴുത്തിലെ താലിമാല എന്റെ ഭാഗ്യമാണെന്നും കുടുംബം എന്നതിനപ്പുറത്ത്

ഞാനൊരു "വ്യക്തി " ആണെന്നും...

ആണും പെണ്ണും അല്ലാത്ത മനുഷ്യൻ ആണെന്നും .......



വിദ്യ ജി സി സി

(ഒരു കയ്യിലെ അഞ്ചു വിരലും ഒരുപോലെ ആവണം എന്നില്ല ,,അതൊരിക്കലും നമ്മുടെ തെറ്റല്ല ,,, വിധി ആണ് ,,,പക്ഷെ നമ്മൾ കേമന്മാർ ചമയുംബോൾ അവഗണിക്കപെടുന്നവർക്ക് വേണ്ടി സമർപ്പിക്കുന്നു... നമ്മൾ ഒന്നാണ് ,,മനുഷ്യരാണ് ,,നിങ്ങൾ കരയുമ്പോൾ എന്റെ ചിരി പൂർണ്ണമല്ല)

Monday 20 July 2015

ആത്മാവിൽ ഒരു ചിത
തന്റെ യൌവ്വനം പിതാവിന് നൽകി ജരാനരകൾ
ഏറ്റുവാങ്ങിയ മകൻ പുരാണാത്തിൽ... ഇത് -
തന്റെ കൌമാരം പിതാവിന് നൽകി 
ഉത്തരവാദിത്തങ്ങളുടെ ചുമടെറ്റിയവരുടെ വിലാപം .


അക്ഷരം പഠിച്ചുതുടങ്ങിയ നാളുകളിലാദ്യം
വായിച്ചു തുടങ്ങിയത് ഒഴിഞ്ഞ മദ്യകുപ്പിയിൻ-
പൊതിയിൽ മിന്നിയ എഴുത്തിൽ നിന്ന്
കണക്കുകൂട്ടി തുടങ്ങിയത് കടയിലെ -
ഹാൻസിനും പുകയ്ക്കും കൂടി

തിരിച്ചറിവിന്റെ പ്രായത്തിൽ ഭാരമായി
തോളിലെ പുസ്തക സഞ്ചി- എറിഞ്ഞു കൊണ്ടാവ -
നാദ്യം ചെന്നത് അടുക്കള പുകയ്കാനോരല്പം
അരിയ്ക്കായി...നീണ്ടുവന്ന സഹതാപ -
കരങ്ങൾ തൻ മുഖത്തുറിനിന്ന പരിഹാസചിരിയിൽ
വിയര്പ്പിനുപ്പിന്റെ രുചിയെന്നറിഞ്ഞ നാളിൽ-
കൂട്ടുകാരന്റെ കുപ്പായത്തിൻ അത്തറിൻ-
മണത്തിനുമുന്നിൽ അവൻ തിരിച്ചറിഞ്ഞു
അച്ഛന്റെ "മദ്യത്തിൽ" കുതിർന്നു തൻ ജീവിതമിനി-
യമ്മയുടെ കവിളിൽ കൈപ്പാടുകൾ ഇല്ലാത്ത
നാളുകൾ...കൊച്ചനുജന്റെ കാഴ്ചയിൻ നിറമായിടാൻ
സഹോദരിതൻ മുന്നിലഷ്ട്ടമങ്ങല്യം തെളിയുന്ന
നേരത്തവൾ തൻ കവിളുകൾ ഉപ്പുചാലുകളിൽ
കുതിരാതിരിക്കുവാൻ ....

പിതാവേ നിന്റെ യൌവ്വനം കടം തരിക
എന്റെ കൌമാരം മണ്ണിലലിയട്ടെ ,

എന്റെ ആത്മാവിനു മീതെ ചിതയോരുക്കുന്നു
എന്റെ സ്വപ്‌നങ്ങൾ അതിൽ എരിഞ്ഞടങ്ങട്ടെ
നിങ്ങളുടെ ലഹരിയിൽ തളർന്ന
കുടുംബത്തിനു തണലെകുവാൻ...

വിദ്യ ജി സി സി


കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...