Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 35
------------------



"ഏതാണ്ട് ഈ വിധമായിരുന്നു വിദ്യാ പ്രസംഗം "



"ഉം ...."


അവൾ പറഞ്ഞതെത്ര വാസ്തവമാണെന്ന് ഞാനോർത്തു . എല്ലായ്പ്പോഴും എല്ലാകാലത്തും താഴത്തട്ടിലുള്ള ജനങ്ങൾ വിഡ്ഢിയാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു .


" അടുത്ത ദിവസം മറ്റുവഴികളൊന്നും ഇല്ലാതെയാവും എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ തന്നെ വാർത്ത പ്രസിദ്ധീകരിച്ചു , ചിലർ കോളനിയിലെ അന്നുവരെയുള്ള ദുരവസ്ഥകൾ തുറന്നെഴുതി .

എന്തായാലും നനഞ്ഞു ഇനി നന്നായൊന്ന് കുളിച്ചുകയറാമെന്ന നയമായിരുന്നു അവർക്കും .


മന്ത്രിസഭാ യോഗത്തിൽ വിഷയം കാര്യമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .


സർക്കാർ ഭൂമിയേറ്റെടുത്തോ ,  വനഭൂമിയെ മിച്ചഭൂമിയായി കണ്ടുകെട്ടിയോ ഉണ്ടാവുന്ന താമസം ഒഴിവാക്കാൻ കളക്ടർ നേരിട്ട് അംഗമായ സമിതിയുടെ കീഴിൽ സ്ഥലം കണ്ടെത്തുകയും അത് ഭൂമിയില്ലാത്ത ആദിവാസിക്ക്‌ വാങ്ങിനൽകാനും തീരുമാനമായി .


പക്ഷേ ശെമ്പകത്തിന്റെ വാക്കുകളിൽ ചൊടിച്ചിട്ടാണോ എന്നറിയില്ല ഇത്തവണ ഫോറെസ്റ്റുകാരും പോലീസുകാരും മറ്റ്‌ അധികാരികളും ശേഷിച്ച ആദിവാസിപ്പെണ്ണുങ്ങളുടെ മാനംകൂടെ കവർന്നു ,


 പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെ വിട്ടില്ല , ഗ്രാമവാസികളെ ഈ പരിപാടി നടത്താൻ കൂട്ടുനിന്ന നക്‌സലൈറ്റുകൾ എവിടെയെന്ന് ചോദിച്ചു തല്ലി വശം കെടുത്തി .


ഇനിമുതൽ ആദിവാസിയുടെനേരെ കൈവയ്ക്കാൻ കഴിയില്ലെന്നതുകൊണ്ടാവും അവസാനമായി തങ്ങളുടെ പരാക്രമമെല്ലാം തീർത്തത് .


വല്ലപ്പോഴും മാത്രം കിട്ടുന്നലീവില് ഓടി പോയി വീട്ടിൽ മുഖംകാണിച്ചെത്തുന്നവർക്കു ഇതൊക്കെയല്ലേ വികാരശമനത്തിനുള്ള മാർഗമെന്നുവരെ ചോദിച്ചവരുമുണ്ട് .


പണ്ട് എവിടെയും കയറിയിറങ്ങാൻ കഴിയുമായിരുന്ന പട്ടാളക്കാർ ക്യാമ്പുകൾക്കടുത്തുള്ള പെണ്ണിനെ വെറുതെവിടാറില്ലെന്നു കേട്ടിട്ടുണ്ട് ...



വീട്ടിലെ ആണുങ്ങളെ പിടിച്ചുകെട്ടി പെണ്ണിന്റെ തുണിയുരിയുന്നത് ആദ്യമല്ലാലോ ചരിത്രത്തിലും .... വീണുപോയ ആണുങ്ങളെനോക്കി സ്വയം നശിച്ചുവിലപിച്ച സതിമാരുടെയും ,ഗാന്ധാരിമാരുടെയും ,പാഞ്ചാലിമാരുടെയും നാടല്ലേയിത് ....


അല്ലെങ്കിൽ മറ്റുള്ളിടത്തായാലും വല്യ വ്യത്യാസമൊന്നുമില്ല . കല്ലെറിഞ്ഞു കൊല്ലപ്പെട്ട ഈജിപ്ഷ്യൻ പെണ്ണുങ്ങളും ,

 യുദ്ധത്തിനുപോയ ഭർത്താവിന്റെ ശവശരീരത്തിന് അന്ത്യചുംബനം നൽകും മുൻപേ അന്യന്റെ കിടപ്പറയിലെത്തേണ്ടി വന്ന ട്രോജൻ പെണ്ണുങ്ങളും ,

തൂക്കിവിൽക്കുന്ന പച്ചമാംസത്തെപ്പോലെ അടിമപ്പെണ്ണിനെ കണ്ട പൂർവ ഇസ്ലാമിക പ്രഭുക്കളും ,

 സംരക്ഷകൻ മരിച്ചാൽ കൂടെമരിക്കേണ്ടിവന്ന അവരുടെ അന്തപ്പുരങ്ങളിലെ പെൺപടയും ആവർത്തിച്ചു പറയുന്നു സ്ത്രീ ഭോഗിക്കപ്പെടാനും പെറ്റുകൂട്ടാനും അടിമപ്പണിചെയ്യാനും മാത്രമാണെന്ന് .


ഞാൻ പറഞ്ഞു കാടുകയറിയോ വിദ്യാ .... അവിടുത്തെ സ്ത്രീകളുടെയവസ്ഥ ഓർത്തപ്പോൾ പറയാതിരിക്കാനായില്ല "



"മനസ്സിലായി .... പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യവും ശത്രുവും ഈ ശരീരം തന്നെയല്ലേ "


അന്നുവൈകുന്നേരം ഞങ്ങളെക്കാണാൻവന്ന കോളനിക്കാരുടെ കണ്ണീരുകാണാൻ മനുഷ്യനായിപ്പിറന്ന ആർക്കും സാധിക്കില്ല . ഏതോ ഒരു പോലീസുകാരന്റെ പരാക്രമത്തിൽ ജീവനുള്ള ശവംപോലെയായ പത്തുപന്ത്രണ്ടു് വയസ്സുപ്രായമുള്ള പെൺകുട്ടിയും ഉണ്ടായിരുന്നു അവരുടെ കൂടെ .



അവളെ ചികിൽസിക്കാൻ അവർക്കറിയാതെയല്ല പക്ഷേ അടുത്തരാത്രിയിൽ ഇതുപോലെ തെളിവുനശിപ്പിക്കാനായി ഒരുവരവുകൂടെ വന്നാലത്‌ താങ്ങാനാവൾക്കു കഴിയില്ലെന്നുറപ്പുള്ളതുകൊണ്ടു .


അവളെ പരിശോധിച്ചപ്പോഴാണ് മനുഷ്യനെത്രമാത്രം അധഃപതിക്കാം എന്നെനിക്ക് മനസ്സിലായത് . പരിപാടി നടത്തിക്കിട്ടിയ പൈസയിൽ പാതിയും അക്രമികൾ കൊണ്ടുപോയത്രെ .


ഇതൊക്കെ കേട്ട് എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് വിഷ്ണു അകത്തുനിന്നും വെട്ടുകത്തിയും കയ്യിലെടുത്ത് വന്നത്



" അണ്ണാ അവരിലാരെങ്കിലും മരിച്ചാൽ കുടുംബത്തിന് സർക്കാർ കാശുകൊടുത്തോളും , ജീവിച്ചാൽ വികലാംഗ പെൻഷൻ കൊടുത്തോളും . ഇനിയൊരു പെണ്ണിനേയും അവൻ നോട്ടം കൊണ്ടുപോലും കളങ്കപ്പെടുത്തരുത് , അണ്ണന് പറ്റുമെങ്കിൽ വാ ... "



ധൈര്യത്തോടെ തിരുനെല്ലിയെ ലക്ഷ്യവെച്ചുനടന്ന അവന്റെ പുറകെ പോകുന്ന ആദിവാസികളിലും ഞാൻ അന്നുവരെ കാണാത്തൊരാവേശം കണ്ടു .


പെൺകുട്ടിയെ നോക്കാൻ ശരത്തിനെ ഏൽപ്പിച്ചു ഞാനും പുറകെ തിരിച്ചു .
ഓരോകോളനികൾ കടക്കുമ്പോഴും ആക്രമിക്കപ്പെട്ടവരുടെ നിലവിളികൾ കേൾക്കാമായിരുന്നു .


 ഞങ്ങൾക്കുപിന്നിൽ വെട്ടുകത്തിയും കുന്തക്കോലും ,വടികളുമായി വരുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു . വിഷ്ണുവായിരുന്നു ഏറ്റവും മുൻപിൽ , അല്ലെങ്കിലും അവന്റെയീ മാറ്റങ്ങ്ൾ എന്നെ ഇത്തിരി യത്രയുമൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്.


പരിപാടികഴിഞ്ഞുവന്ന ശേഷമവൻ അതെന്നോട് പറയുകയും ചെയ്തു

"ഇപ്പോൾ ജീവിതത്തിനൊരുത്തരം " കിട്ടിയതുപോലെയുണ്ട് "എന്ന് .



അന്നുരാത്രി തിരുനെല്ലി ഡിവിഷന്റെ എല്ലാ പോലീസ് ഫോറെസ്റ് ഡിവിഷനുകളും ആക്രമിക്കപ്പെട്ടു . സമാധാനമായി പോരാടുന്ന ഗാന്ധിയുടെ മാത്രമല്ല , അതേനാണയത്തിൽ തിരിച്ചടിക്കാൻ പഠിപ്പിച്ച ഭഗത്തിന്റെ കൂടി നാടാണിത് . "


"എന്നിട്ടത് പ്രശ്നമായോ ?"



" ഉം . നക്സലുകളായി ചേർന്ന് ആദിവാസികൾ ഗവണ്മെന്റ് ഓഫിസുകൾ തകർത്തെന്ന വാർത്തയുമായാണ് പിറ്റേന്ന് പ്രബുദ്ധകേരളം ഉണർന്നത് ...."



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...