Wednesday 5 July 2017

ഭാഗം ഏഴ്


നാരായണിയേടത്തി ,




അഞ്ചുവർഷത്തെ തിരുവനന്തപുരം വാസത്തിനുശേഷം പാലക്കാട്ടേക്ക് തിരിച്ചുപോകുമ്പോൾ നാടിൻറെ മുഖച്ഛായ തന്നെ മാറിയിരുന്നു ...


നാരായണിയേടത്തിക്ക് വീണ്ടും വയസ്സായിരുന്നു



ഓലക്കൂരയും ഓടുവീടുകളും പതിയെ മറഞ്ഞുകൊണ്ട് കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നുതുടങ്ങിയിരിക്കുന്നു , ചെമ്പൂഴിത്തറവാടിന്റെ പതിനൊന്നായിരം പറയിൽ മുക്കാലും ഇന്ന് നികത്തി കോളനികൾ പണിതിരിക്കുന്നു . അതിലൊരു കോളനിയിലാണ് എന്റെവീടും...


നാരായണിയേടത്തിയുടെ വീട്ടിലേക്കുള്ള വഴികളിൽ കാടുപിടിച്ചു കിടക്കുന്നതുപോലെ


"നമ്പൂരിച്ചിന്റെ കയ്യിൽ കാശില്ല , എല്ലാം വെറുതെ  വെട്ടിത്തെളിക്കണം പറഞ്ഞാൽ എങ്ങനെയാ " ഞാൻ ചോദിച്ചപ്പോൾ ചെന്ദ്രേട്ടൻ പറഞ്ഞതാണ് ഇത് .


ഒരുകാലത്ത് ഈ നാടുമുഴുവൻ അവരുടേതായിരുന്നു എന്ന സത്യം ലോകം മറന്നിരിക്കുന്നു ... നാടും മനുഷ്യരും ഏറെ മാറിയിരിക്കുന്നു . ഞങ്ങളുടെ വീട് അല്ല ഓലപ്പുര നിന്നിരുന്ന ഇടം കാടുപിടിച്ചിരിക്കുന്നു .



വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ പതിവുപോലെ വാതിൽ തുറന്നിരിക്കുന്നുണ്ട് . അഞ്ചുവർഷത്തിനുശേഷം നാരായണിയേടത്തിയെ കാണുകയാണ് ഞാൻ .



എന്നോട് പൊന്നുപോലെ നോക്കണമെന്ന് പറഞ്ഞവൾ ഇപ്പോൾ മറ്റൊരുത്തന്റെ കൂടെ പോവാൻ വിട്ടുകൊടുത്തില്ലേ എന്നെനിക്ക് ചോദിക്കണം ...


നാരായണിയേടത്തി പറയാൻ ബാക്കിവച്ച ഒരുപാടുകഥകൾ കേൾക്കണം , വരുമെങ്കിൽ നാരായണിയേടത്തിയെ കൂടെ കൊണ്ടുപോവണം


ഓരോ കണക്കുകൂട്ടലുകൾക്കൊപ്പം ഞാൻ വീടിന്റെ തിണ്ണയിലിരുന്നു , നാരായണിയേടത്തി കുളിക്കുകയാവും എന്നായിരുന്നു ചിന്ത


കുറേനേരം കാത്തിരുന്നു അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അമ്പലത്തിലെ ശാന്തി വേലായുധേട്ടൻ വന്നത്


"മനുവോ ...എപ്പോൾ വന്നു"


"കുറച്ചു നേരായി ...നേരെ ഇങ്ങോട്ടു വന്നതാ ...നാരായണിയേടത്തിയെ കണ്ടില്ലെങ്കിൽ എങ്ങനെയാ .."


"നാരായണിയേടത്തിയെ കാണാതായിട്ട് ഇന്നേക്ക് മൂന്ന് ദിവസമായിരുന്നു മനു "


"എവിടെപ്പോയി ?"


"അറിയില്ല .... അതാണ് ഞാൻ തിരക്കി വന്നത് , വയസ്സായില്ലേ തളർന്നോ മറ്റോ കിടപ്പുണ്ടെങ്കിലോ ?"


 അതൊരു ഞെട്ടലോടെയാണ് ഞാൻ കേട്ടത് . കാരണം ഒന്നുമല്ലാതിരുന്നപ്പോൾ എനിക്കൊപ്പം നാരായണിയേടത്തിയുണ്ടായിരുന്നു , ഇപ്പോൾ ജീവിതത്തിൽ എന്തൊക്കെയോ നേടിയെന്ന് കരുതി വന്നപ്പോൾ ഇല്ലെന്നോ . നാരായണിയേടത്തിയെ എനിക്ക് ജീവനോടെ വേണമായിരുന്നു , ഇനിയുള്ള കാലം മുഴുവൻ എന്നെ സ്നേഹിച്ചു ജീവിപ്പിക്കാൻ


ഞങ്ങൾ രണ്ടുപേരും എല്ലായിടത്തും തിരഞ്ഞെങ്കിലും എവിടെയും കണ്ടില്ല . വേലായുധേട്ടൻ തിരികെ പോയപ്പോൾ ഞാൻ അവിടെത്തന്നെ നിന്നു . മക്കളെ വിവരമറിയിക്കുന്ന ചടങ്ങിനായി വിലാസം തിരഞ്ഞപ്പോഴാണ്  വിദ്യയുടെ കത്തെനിക്ക് കിട്ടിയത്


"പ്രിയപ്പെട്ട മനുവിന് ,


   രണ്ടുതവണ ഞാൻ എഴുതിയിട്ടും മറുപടിയൊന്നും തരാതിരുന്നപ്പോഴേ ഊഹിക്കണമായിരുന്നു മനു എന്നെ ഇഷ്ടപ്പെടുന്നെന്ന് വെറുതെ പറഞ്ഞതാവുമെന്ന് . അല്ലെങ്കിലും ആരുമില്ലാത്ത പണമില്ലാത്ത അനാഥപെണ്ണിനെ കെട്ടാൻ മാത്രം ദാരിദ്രം ഇല്ലാലോ ഡോക്ടർ മനു വാസുദേവന് അല്ലെ


അമ്മയോട് പറഞ്ഞുവിടണ്ടായിരുന്നു , ഓർമവെച്ചപ്പോൾ മുതൽ തോന്നിയ ഇഷ്ടമായിരുന്നു മനു അന്ന് നാരായണിയേടത്തിയോട് പറഞ്ഞില്ലെങ്കിൽ ഞാനിത്ര മോഹിക്കില്ലായിരുന്നു , പക്ഷെ മനുവിന് അറിയാമോ അങ്ങനെ പറഞ്ഞപ്പോൾ മുതൽ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്


അതൊരിക്കലും മനുവിന്റെ ജോലിയോ കുടുംബമോ പണമോ ഒന്നും കണ്ടിട്ടല്ല , അതൊന്നും മനുവിന് ഉണ്ടാവുന്നതിന് മുൻപേ നാരായണിയേടത്തി എനിക്കുനീട്ടുന്ന മാമ്പഴങ്ങളെ ദേഷ്യത്തോടെ നോക്കുന്ന കുട്ടിയോടുള്ള കൗതുകം


ഞാൻ വളരുന്നതിനൊപ്പം മനു എന്റെ ആരൊക്കെയോ ആയിത്തീരുകയായിരുന്നു , ഈ ജീവിതം തന്നെ സമ്പൂർണ്ണമായെന്ന് ഞാൻ കരുതി . പക്ഷെ ......


എന്തിനായിരുന്നു എന്നെ മോഹിപ്പിച്ചത് ? സ്വപ്നം കാണാൻ പഠിപ്പിച്ചത് ?"


എന്റെ വിവാഹം അടുക്കുകയാണ് , പള്ളിയിൽ വെച്ച് കണ്ടിഷ്ടമായി എല്ലാം അറിഞ്ഞു കൊള്ളാവുന്ന വീട്ടിലെ ഒരാളുവന്നപ്പോൾ എതിരൊന്നും പറയാൻ എനിക്ക് കാരണം കണ്ടില്ല ,

ഇത്രനാളും പോറ്റി വളർത്തിയ അമ്മാമ്മയും അപ്പാപ്പനും സന്തോഷായിരിക്കട്ടെ എന്നുമാത്രം ...

അല്ലെങ്കിലും ഇങ്ങനെ കഴിഞ്ഞാലും നാട്ടുകാരുടെ പരദൂഷണ കേദ്രമാക്കി എന്നെ മാറ്റിയേക്കും ...മനു മറ്റൊരു വിവാഹം കഴിച്എന്റെ മുന്നിലൂടെ പോകുന്നത് കണ്ടുനിൽക്കാനുള്ള ശക്തിയെനിക്കില്ല .


ഇനിയുള്ള ജീവിതം എങ്ങനെയെന്നറിയില്ല മനൂ , ഒരാളെ ഇത്രത്തോളം സ്നേഹിച്ചു മറ്റൊരാളുടെ കൂടെ ജീവിക്കേണ്ടിവരുന്ന കഷ്ടപ്പാട് ഇനിയൊരു പെണ്ണിനും ഉണ്ടാവാതിരിക്കട്ടെ ,

 മനു എപ്പോഴെങ്കിലും നാരായണിയേടത്തിയെ കാണാൻ വരുമെന്ന് എനിക്ക് തോന്നുന്നു , അതുകൊണ്ട് ഞാനിത് ഇവിടെ ഏൽപ്പിക്കുകയാണ്


സ്നേഹപൂർവ്വം


വിദ്യ
15 /02 / 2013



നാരായണിയേടത്തിയെ  കാണാത്തതാണോ  അവളുടെ സ്നേഹം തിരിച്ചറിയാതെ നഷ്ടപ്പെടുത്തിയ വിധിയെയാണോ ഞാനിപ്പോൾ ഓർക്കേണ്ടത് എന്നറിയാതെ അവിടെയെത്രനേരം നിന്നെന്നറിയില്ല .

ഒരുതരം മരവിപ്പായിരുന്നു , ഈ ജന്മം ഇങ്ങനെത്തന്നെ അവസാനിച്ചെങ്കിൽ എന്ന് തോന്നിപ്പോയി .

ഒരു വിലയും ഇല്ലാത്ത ലക്ഷ്യത്തില്ലാത്തവനാണ് താനെന്നുള്ള ചിന്തയായിരുന്നു ഇതുവരെയും , അന്യന്റെ കൂടെ ആടിപ്പാടി നടന്നപെണ്ണിനെ കെട്ടിയെടുക്കാമെന്ന് സമ്മതിച്ചതും അതുകൊണ്ടുതന്നെ . പക്ഷെ ഇപ്പോൾ

തനിക്കും വിലയുണ്ട് . കാരണം അവൾ തന്നെ സ്നേഹിച്ചിരുന്നു . അവൾ മോഹിച്ചിരുന്നു , അങ്ങനെയുള്ള താനെന്തിനാണ് ആ സ്ഥാനം മറ്റൊരുത്തിക്ക് കൊടുക്കുന്നത് ?



ഇരുട്ടടുത്തപ്പോഴാണ് വാതിൽ ചാരിവച്ചു ഇറങ്ങിയത് .പോലീസ് സ്റ്റേഷനിൽ പോയി കാണ്മാനില്ല കേസുകൊടുത്ത് വീട്ടിൽ വന്നുകിടക്കുമ്പോൾ വിദ്യയും നാരായണിയേടത്തിയും എന്റെ ഉറക്കത്തെ നശിപ്പിച്ചുകൊണ്ടേയിരുന്നു



നഷ്ടബോധം കൂടുതലായ നേരത്താണ് അമ്മയോട് വിദ്യയുടെ കത്തിനെക്കുറിച്ചു ചോദിച്ചത് ...


" വായിച്ചശേഷം ചീന്തിക്കളഞ്ഞു നിന്റെ നല്ല ഭാവിക്കുവേണ്ടി "എന്ന മറുപടി കേട്ട് എന്റെ മനസ്സിലുള്ള ദേഷ്യം മുഴുവൻ പറഞ്ഞുതീർത്ത് , ദിൽഷയെ കണ്ടുമുട്ടിയ സാഹചര്യം കൂടെ ബോധ്യപ്പെടുത്തി കഴിഞ്ഞപ്പോൾ ആരോടൊക്കെയോ ജയിച്ചു തോറ്റ ഫീലിങ്ങായിരുന്നു വന്നുകിടക്കുമ്പോൾ ഒരാഴ്ച്ചശേഷം എന്റെ വിവാഹമാണെന്നത് മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു .



പിറ്റേദിവസം ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന തൊടിയിലെ  കിണറ്റിൽ നിന്നും ചീഞ്ഞഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ നാരായണിയേടത്തിയെ വെള്ളത്തിൽ വീണ് മരിച്ചതായി കണ്ടെത്തി .



ആത്മഹത്യ , കൊലപാതകം , അപകടമരണം . നൂറടുക്കുന്ന നാരായണിയേടത്തിയുടെ മരണത്തിന് കാരണം എഴുതാൻ പോലീസുകാർ ഊഹിച്ചുകൊണ്ടിരിക്കുന്നു .


ആൺമക്കളെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ ഉമ അമ്മയുടെ മകൻ ചിതയ്ക്ക് തീകൊളുത്തി .


"മനൂ ഒരു ജനതയുടെ ശാപം എന്താണെന്നറിയാമോ ?"


"എന്താ "


"വിശക്കുന്ന വയറുകൾ "


"ഒരു വീടിന്റെ ശാപം എന്താണെന്നറിയാമോ ?"


"എന്താ നാരായണിയേടത്തി ?"


"അവഗണന "



കയ്യിലൊരു വിറകുകനൽ കൊണ്ടപ്പോൾ അലറിക്കരയുന്ന എന്നെ ചേർത്തുപിടിച്ചു പതിയെ ഊതി വേദന കുറപ്പിച്ചുതന്ന നാരായണിയേടത്തി മുഴുവനായി കത്തുമ്പോൾ ഒന്നും ചെയ്യാനാവാതെ ഞാൻ നോക്കിനിന്നു .

അവസാന  കനലും കർക്കിടകമഴയിൽ ചെമ്പൂഴിയിലെ മണ്ണിൽ കുതിരുന്നത് എന്നെപ്പോലെ നോക്കി നിൽക്കാൻ ഒരാൾ കൂടെ ഉണ്ടായിരുന്നു . വിദ്യ ,


മടങ്ങുമ്പോൾ എന്തുപറയണമെന്നറിയാതെ അവളെ നോക്കി ചിരിച്ചതേയുള്ളൂ


"വിവാഹം അടുത്തല്ലേ ..?"


"ഉം ... "


"വിധി ചിലപ്പോൾ അങ്ങനെയാണ് മനു , മനുവിന്റെ 'അമ്മ ഇപ്പോഴാണ് എല്ലാം പറഞ്ഞത് . അവർക്ക് തന്റെ കാര്യത്തിൽ തെറ്റ് ചെയ്‌തോ എന്നൊരു വിഷമമുണ്ട്ഒന്നു നഷ്ടപ്പെടുത്തുമ്പോൾ മനോഹരമായ  മറ്റൊന്ന് കാലം    കാത്തുവയ്ക്കും "


"ആണോ ...." ?വിഷമിക്കട്ടെ ..... എന്നോട് ആദ്യമായാണ് വിദ്യ സംസാരിക്കുന്നത് "



എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ അവൾ പുഞ്ചിരി നൽകി വിടവാങ്ങി , ഞാനും ചിരിയോടെ യാത്ര നൽകി . നാരായണിയേടത്തിയും ഇപ്പോൾ കുഞ്ഞുനാളിൽ  എന്നെ മറഞ്ഞുനിന്നു പറ്റിക്കുന്നതോർത്തു ചിരിക്കുകയാവും .


 ഹ പുഞ്ചിരി എത്ര കുലീനമാം കള്ളം ......!

********************************** end




"മനൂ ഇപ്പോൾ ആ കിണറ്റിൽ പ്രേതമുണ്ടാവുമോ ?"


എല്ലാം വായിച്ചശേഷം വന്ന ദിൽഷയുടെ ചോദ്യം കേട്ടപ്പോൾ മനസ്സിലായി അവൾ വിശ്വസിച്ചിട്ടില്ല ഇതെന്റെ ജീവിതമാണെന്ന്


" ഏയ് .... കുറച്ചുദിവസം അതങ്ങനെ കിടക്കും .... വേനലിൽ വെള്ളത്തിനു ക്ഷാമം വരുമ്പോൾ നിറഞ്ഞുകിടക്കുന്ന ആ കിണറിൽ നിന്നും വെള്ളമെടുക്കും ... നാരായണിയേടത്തിയുടെ കണ്ണീര് കൊണ്ട് നിറഞ്ഞ കിണർ വറ്റാതിരിക്കുമ്പോൾ നാട്ടുകാർ അടുത്ത മഴയ്ക്കുമുൻപ് അത് പുതുക്കിപ്പണിയും ..."


"എന്തൊരു ഭാവന ...നിങ്ങൾ ശരിക്കും കള്ളൻ തന്നെ ..." അവൾ ചിരിക്കുന്നത് നോക്കി ഞാൻ വെറുതെയിരുന്നു.... കാലമേ  നീ ഞങ്ങളെ ജയിപ്പിച്ചുകൊണ്ട് തോൽപ്പിക്കുകയാണല്ലോ ...!!!!!!!!!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...