Tuesday 11 July 2017

6---------------


"അതാരാ കറുപ്പൻ "?


" അത് പച്ചയായ ഒരുകൂട്ടം മനുഷ്യരുടെ പ്രതിനിധി "


"എന്നുവെച്ചാൽ "?


" കറുപ്പൻ ആണ് മറ്റെങ്ങനെയോ ആയിപ്പോവുമായിരുന്ന എന്റെ വഴികാട്ടിയായി മാറിയത് . "


"ആരായിരുന്നു അയാൾ ? മനു എന്ന യുവ ഡോക്ടറെ രൂപേഷെന്ന നക്സലൈറ്റാക്കിയത് അയാളായിരുന്നോ ?"


"വിദ്യ കറുപ്പൻ വെറും സൂചനമാത്രമാണ് , പരീക്ഷയ്ക്ക് ഉപന്യാസമെഴുതാൻ ഹിൻറ് ഇട്ടുതരും പോലൊന്ന് മാത്രം "


"പിന്നെങ്ങനെയാണ് അയാള് നിങ്ങടെ വഴികാട്ടിയാവുന്നത് "?


"നമ്മുടെ അപ്പൂപ്പന്മാർക്കുപോലും 'കറുപ്പൻ ' എന്നൊക്കെ പേര് കാണുമോ വിദ്യ "?


ചെറുപ്പം മുതൽ കണ്ടുവളർന്ന നാട്ടിലെ വയസ്സായ മുഖങ്ങളിലൂടെ ഒരുപ്രദക്ഷിണം നടത്തിനോക്കി ,


"ഇല്ല , ഇത്രയും പഴയത് ഉണ്ടാവുമായിരിക്കും എന്റെ പരിചയത്തിൽ ഇല്ല "


" കറുപ്പനെ ഞാൻ പരിചയപ്പെടുമ്പോൾ അവന് പതിനെട്ട് വയസ്സേയുള്ളു , എനിക്ക് ഇരുപത്തിനാലും . എന്നുവെച്ചാൽ നമ്മുടെ മുത്തശ്ശൻ മാർക്കും മുൻപേയുള്ള ജീവിതസാഹചര്യങ്ങളിൽ ഇന്നെത്തി നിൽക്കുന്നവർ ,നമ്മുടെ ഭാഷയിൽ പറയുമ്പോൾ പത്തൊൻപതാം നൂറ്റാണ്ടിലെത്തി നിൽക്കുന്നവർ . "


"ഉം .... ഞാനും കുറച്ചൊക്കെ കേട്ടിട്ടുണ്ട് , ആദിവാസികൾ അല്ലെ ?"


"ജ്വലിക്കുന്ന യൗവ്വനമേ നീയുമവരെ ആദിവാസിയെന്ന് അധിക്ഷേപിച്ചാൽ കൂടെ നടത്താൻ ആളില്ലാതെ വീണ്ടുമവർ പുറകോട്ട് പോവില്ലേ ?"


അയാളുടെ പെട്ടെന്നുള്ള ഭാവമാറ്റവും ശബ്ദത്തിന്റെ ഗാംഭീര്യവും എന്നെയൊന്നു ഞെട്ടിച്ചു , ചോദ്യങ്ങളില്ലാതെ , ഉത്തരങ്ങളില്ലാതെ ഞാനയാളെ തന്നെ നോക്കിയിരുന്നു .


"വിദ്യ സോറി ..... ഞാനിങ്ങനെയാണ് പെട്ടെന്ന് മൂടുമാറിപ്പോകും ...ലീവ് ഇറ്റ് ..."


"ഉം "

പതിവിലും ശബ്ദം താഴ്ത്തി ഞാൻ മൂളി


" ആദിവാസികൾ എന്നുപറഞ് തരം തിരിക്കുമ്പോൾ പലരും അവരെ മറ്റേതോ മൃഗങ്ങളെപ്പോലെയാണ് വിദ്യ കാണുന്നത് . നമ്മള് നോക്കുമ്പോൾ ആഡംബരവും സമ്പത്തും പുരോഗമനവുമുള്ളവർ വിലയുള്ള മനുഷ്യർ ,
നമ്മുടെ ചുറ്റുമുള്ളവർ വിലയുള്ളവരാവാൻ പോകുന്നവർ അപ്പോൾ ബാക്കിയുള്ളവരെ ഏത് കാറ്റഗറിയിൽ പെടുത്തും നിങ്ങൾ ...?


" ഞാനൊന്നും പറയാതെ അയാളെ നോക്കിയിരുന്നു , നാട്ടിലെ ഉത്സവങ്ങളെക്കുറിച്ചു കൂട്ടുകാരോട് വായടിക്കുമ്പോൾ എനിക്കുമിടയ്ക്കൊക്കെ ഇതുപോലെ ആവേശം കയറാറുണ്ട് ,

 ഞാനുണ്ടാക്കിയ ഭക്ഷണത്തെക്കുറിച്ചു ബന്ധുക്കളോട് വീട്ടുകാർ പുകഴ്ത്തിപ്പറയുമ്പോൾ ഇതുപോലെ രോമാഞ്ചമുണ്ടാവാറുണ്ട് ...

ഇതുപക്ഷേ ...

ഇയാളെന്താണ് ഇങ്ങനൊരു മനുഷ്യനെന്ന് ഓർത്തുപോയി


"ഞാൻ കാടുകയറുന്നുണ്ടെങ്കിൽ പറയണം "


"ഇല്ല "


" കറുപ്പൻ എങ്ങനെ ചെന്നൈ സെൻട്രൽ ജയിലിൽ എത്തിയെന്നാണോ ...?

അത് വലിയൊരു കഥയാണ് വിദ്യ , അവന്റെ നാട് വയനാടാണെങ്കിലും അവനതറിയില്ല , അവന്റെ ജില്ലയും സംസ്ഥാനവും ,പഞ്ചായത്തും ഒക്കെ മലക്ക് അപ്പുറവും ഇപ്പുറവും എന്നാണ് .."


"മനസ്സിലായില്ല "


"കേരളത്തെയും തമിഴ്‌നാട്ടിലെയും വേർതിരിക്കുന്ന പശ്ചിമഘട്ടമാണ് അവന്റെ മുന്നിലെ ലോകം , നേരെവഴിയിലൂടെ നമ്മൾ അതിർത്തി കടക്കുമ്പോൾ അവർക്കതിനെക്കുറിച്ചു കാര്യമായ അറിവില്ല .


 ശരിക്കും പറഞ്ഞാൽ ആറുമാസത്തിലധികമൊന്നും അവനെ ചെന്നൈയിലെ ജയിലിലടക്കാൻ പാടില്ലാത്തതാണ് ,അവനുവേണ്ടി വാദിക്കാൻ ആരും വരാത്തതുകൊണ്ട് എന്നോടൊപ്പം തന്നെ അവനും ഉണ്ടായിരുന്നു ജയിലിൽ കുറച്ചുകാലം , പിന്നീട് ആദ്യം പുറത്തിറങ്ങിയത് ഞാനായതുകൊണ്ട് അവനെ പുറത്തിറക്കാനും കൂടെ കൂട്ടാനും എനിക്ക് സാധിച്ചു ."


"അവനെങ്ങനെയാ ജയിലിലെത്തിയതെന്ന് പറഞ്ഞില്ലാലോ ?" എനിക്കും ആകാംക്ഷ ആയിരുന്നു


" കുടിയിൽ നിന്നും വഴക്കിട്ട് മലകയറി , വടക്കോട്ട്‌ ഇറങ്ങിയാൽ മൈസൂരും തെക്കുനീങ്ങിയിറങ്ങിയാൽ ഊട്ടിയും എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊന്നുമില്ല അവന് .

അവൻ കേട്ട് പഠിച്ച മുത്തശ്ശിക്കഥകളും പൂർവികരുടെ വീരസാഹസിക കഥകളും പശ്ചിമഘട്ടത്തിന്റെ ഏതെങ്കിലുമൊരു സമ്പന്ന താഴ്വരയിലുള്ളവന്റെ സേവകനായി രണ്ടും മൂന്നും ജോഡി തുണിയും ചാക്കുനിറയുന്നത്രെ അരിയും സംഭരിക്കുന്നവരാണ് .

 കറുപ്പന്റെ ലക്ഷ്യവുമതായിരുന്നു , മലയിറങ്ങിയപ്പോൾ ഊട്ടിയിലെത്തി , അവിടെനിന്നും ഫോറെസ്റ്റുകാരുടെ വണ്ടിയിൽ ഇടയ്ക്ക് കിട്ടുന്ന ലിഫ്റ്റിന്റെ ഓർമയിൽ തേയില കയറ്റിപ്പോകുന്ന ലോറിയിൽ ഇവിടെയെത്തി ,


വണ്ടി നിന്നപ്പോൾ അവനിറങ്ങി നടന്നു , നഗരമവനെ കൗതുകത്തോടെയും വെറുപ്പോടെയും പുച്ഛത്തോടെയും നോക്കിയതല്ലാതെ ഒരുപിടി ചോറുകൊടുക്കാൻ താല്പര്യപ്പെട്ടില്ല .


ഇവിടുത്തെ ഒരുനേരത്തേക്കുള്ള ഭക്ഷണത്തിനുപോലും തികയാത്ത മുഴിഞ്ഞ ഇരുപത്തഞ്ചു രൂപയുമായി അവൻ പിന്നെയുംഅലഞ്ഞു , കാട്ടുപഴങ്ങൾ നിലത്തുവീണുകിടക്കുന്ന ഓർമയിൽ , മുളയരി അടിച്ചുകോരി കൊണ്ടുപോവുന്ന ഓർമയിൽ "ഡസ്ട് ബിന്നുകളിലെ " എച്ചിലുകളിൽ നിന്നുംകിട്ടിയത് കഴിച്ചുജീവിക്കുന്നതിനിടയിൽ എങ്ങനെയോ റെയിൽവേ സ്റ്റേഷനിൽ വച്ചു പിടികൂടപ്പെട്ടു ,ആ ഏരിയയിലെ സമീപത്തുണ്ടായ പെറ്റിക്കേസുകൾ അവന്റെ പേരിലെഴുതി ഇവിടെയെത്തിച്ചു ."


"എച്ചിലൊക്കെ ...." ?


"നിനക്കറിയാതെയാണ് വിദ്യ വിശക്കുന്നവന്റെ ആദർശം .......

കുറച്ചുനാൾ അതനുഭവിക്കുമ്പോൾ സ്വാഭാവികമായും നമ്മളാണെങ്കിലും ചെയ്തുപോകും ....

പിന്നെ കറുപ്പന്റെ കാര്യത്തിൽ അവൻ ചെയ്യുന്നത് മറ്റുള്ളവരുടെ മുന്നിൽ ബോറാണെന്ന് ചിന്തിക്കുവാനുള്ള അനുഭവമവനില്ല


അവന്റെ നാട്ടിൽ തിരിച്ചുകടിക്കാത്തതെന്തും പട്ടിണി സഹിക്കവയ്യാതാവുമ്പോൾ കഴിച്ചിട്ടുണ്ട് ,


 നമ്മളിവിടെ കോഴിക്കും താറാവിനും കൊടുക്കാൻ വാങ്ങിക്കുന്ന റേഷനറിക്കുവേണ്ടി ഏറ്റവും കൂടുതൽ കാത്തിരിക്കുന്നവർ ...

കല്ലും മണ്ണും പുഴുവരിച്ചതുമവർക്ക് വിഷയമല്ല വിദ്യ , പിന്നെ ചെറു മൃഗങ്ങളെയും കൊന്ന് ചുട്ടുതിന്നാറുണ്ട് "


"അയ്യേ .."


എനിക്ക് ശർദ്ധിക്കാൻ വരുന്നുണ്ടായിരുന്നു .അതുകണ്ടിട്ടാവണം അതുവരെയില്ലാത്ത പുച്ഛഭാവത്തോടെ അയാൾ തുടർന്നു .


" മനുഷ്യശരീരം തിന്ന് വിശപ്പടക്കുന്നവരുള്ളപ്പോൾ ഇതൊന്നുമൊരു വിഷയമേയല്ല വിദ്യ "


തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...