Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 32
--------------------



"എന്നിട്ട് അവര് സമരം തുടർന്നോ ?"



" ഉം ..... എന്റെ തീരുമാനം അവർ അംഗീകരിച്ചതോണ്ട് മാത്രമല്ല അവരുടെയും ആവശ്യം അതായിരുന്നു , പൊട്ടിക്കാനായി തിരിയിട്ടു റെഡിയാക്കിവച്ചിരിക്കുന്ന പടക്കത്തിന് തീകൊടുക്കാൻ തീപ്പെട്ടി എന്നെ ഏൽപ്പിച്ചപോലെ , ഏതുനിമിഷവും അതുപൊട്ടിയേക്കാം . പൊട്ടണ്ട ആവശ്യവും ഉണ്ട് ."


" എന്നിട്ട് ...?"


"ശരത്തിന്റെയും തീരുമാനം സമരം ഉപേക്ഷിക്കരുതെന്നായിരുന്നു . ഒപ്പം അവനാണ് ചാർട്ടുകൾ എഴുതാൻ അവരോട് പറഞ്ഞത് , ചുവരെഴുത്തും കൂടിയാവുമ്പോൾ പുറത്തുനിന്നും വരുന്നവർക്ക് കാര്യമെന്തെന്ന് പെട്ടെന്ന് മനസ്സിലാവുമെന്നും അവൻ നിർദേശം നൽകി ,


അഭ്യസ്തവിദ്യരായ ആദിവാസികൾക്ക് എഴുത്തും വായനയും പിടിയില്ലെന്ന് അറിയാതെയല്ല ,എങ്കിലും സമരത്തിന് ഇവ കൂടിയേ തീരൂ . അറിയുംപോലെ ശെമ്പകത്തിനോട് എഴുതാൻ ഏൽപ്പിച്ചു . ഹോസ്പിറ്റലിൽ വെറുതെ കിടന്നിരുന്ന കാർഡ്ബോർഡ് ചട്ടകളും ഉണ്ടായിരുന്ന മാർക്കറുകളും കൊടുത്തുവിട്ടു "


"അപ്പോൾ നിങ്ങള്ക്ക് എഴുതിക്കൂടെ ?"



"എനിക്കതിന് മലയാളം എഴുതാനറിയില്ലാലോ , ആകെ അറിവുള്ള ശരത്തിന് കൈകൊണ്ട് പാടുകയുമില്ല "


"ഓ ...... നിങ്ങൾ മലയാളിയായ തമിഴനാണല്ലേ ..മറന്നുപോയി "


"ഹ ......പക്ഷേ ഞാൻ ഇവിടെയെത്തിയ ശേഷം പഠിച്ചെടുത്തു . "


"എന്നിട്ട് "


"എന്നിട്ട് അവർ സമരം തുടങ്ങി .എന്നാൽ ആ ദിവസവും തലേന്നത്തെപോലെ ആക്രമണം ഉണ്ടായി , കുറച്ചുപേർ ജയിലിലും കുറച്ചുപേർ കിടപ്പിലുമായി .


അവരെഴുതിയ പോസ്റ്ററുകൾ ചീന്തിയെറിയപ്പെട്ടു .
അന്നും വൈകീട്ട് ഞങ്ങളെ കാണാൻ ആളുവന്നിരുന്നു .


ഇത്തവണ പഞ്ചായത്ത് ഓഫീസിൽ നിന്നും മാറി പോലീസ് സ്റേഷനുമുന്പിൽ സമരം തുടരാൻ പറഞ്ഞയച്ചു . ഒപ്പം ആദ്യ ദിവസം അറസ്റ്റ് ചെയ്ത സമരക്കാരെ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞും മജിസ്‌ട്രേറ്റിന്റെ അടുത്ത് ഹാജരാക്കാത്തതിൽ പോലീസ് സ്റേഷനുമുന്പിൽ ധർണ്ണ എന്ന് പോസ്റ്ററുകളിൽ എഴുതാനും പറഞ്ഞേൽപ്പിച്ചു .
അന്നുരാത്രി അവർ വന്നത് സന്തോഷമുള്ള വാർത്തയുമായാണ് . "



"എന്താത് ?"


"പോലീസ് സ്റ്റേഷനിലെ കസ്റ്റഡിയിൽ എടുത്ത എല്ലാവരെയും മോചിപ്പിച്ചു .നിയമവശം എഴുതിയ ബോർഡുകളും ,
അടിച്ചമർത്താൻ ശ്രമിച്ചത് ആളിക്കത്തുന്നതുകണ്ട്‌ അവരും പതറിയിരിക്കണം .

 
അടുത്തദിവസം മുതൽ സമരത്തിൽ കൂടുതൽ ആളുകൾ പങ്കെടുത്തുകൊണ്ടിരുന്നു . അജീഷ് എഴുതിവെച്ചിരുന്ന പ്രൊജക്റ്റ് റിപ്പോർട്ട് കുറെ കോപ്പികളെടുത്തു ഞാനവർക്ക് കൈമാറിയിരുന്നു .
അവരുടെ പ്രശ്നങ്ങളെയും ആവശ്യങ്ങളെയും കുറിച്ചെല്ലാം അതിൽ വിശദമായി പറഞ്ഞിരുന്നു .



എല്ലാ കുടുംബങ്ങൾക്കും നാല് സെന്റ് ഭൂമിയും ഭവന പദ്ധതികൾ പ്രകാരം അടച്ചുറപ്പുള്ള വീടും ആയിരുന്നു അടിസ്ഥാന ആവശ്യമായി കാണിച്ചത് .


അതിന് അംഗീകാരം കിട്ടിയാൽ മാത്രം പോരാ ,നടപ്പിൽ വരുന്നവരെയും സമരവുമായി മുൻപോട്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു .


പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയെങ്കിലും അധികൃതരുടെ അടുത്തുനിന്നും കാര്യമായ പുരോഗതിയുണ്ടായില്ല.


ഇതിനകം കയ്യനക്കിത്തുടങ്ങിയ ശരത്ത് എഴുതിക്കൊടുത്തവ കാർഡ്‌ബോർഡുകളിൽ പകർത്തി അവർ സമരത്തിന് മൂലധനം കൂട്ടിക്കൊണ്ടേയിരുന്നു .


ഏതാണ്ട് ഒരാഴ്ച്ചകഴിഞ്ഞപ്പോഴാണ് അധികം സർക്കുലേഷനില്ലാത്ത പത്രത്തിലെ ചെറിയ കോളം വാർത്തയായി ഇത് ഇടംപിടിച്ചത് ."


"സമരത്തിന് എത്രപേരുണ്ടാവും "?
ആരും തിരിച്ചറിയുന്നില്ലെങ്കിൽ എണ്ണക്കുറവ് കൊണ്ടാവുമെന്നെനിക്ക് തോന്നി .


"ആയിരത്തിലധികം പേരപ്പോൾ തന്നെയായായി ,നീലഗിരിക്കാരും കൂടിച്ചേരുമ്പോൾ അംഗസംഖ്യ പിന്നെയും കൂടും .
"


"ഇത്രപേരുണ്ടായിട്ടും ഒരുപത്രത്തിലും വന്നില്ലെന്നോ ?"



" ഇല്ല വിദ്യാ , അവരതിന് സമ്മതിച്ചിരുന്നില്ല എന്നുപറയുന്നതാവും ശരി . പത്രത്തിലെ പ്രമുഖ പരസ്യദാതാക്കളെ അവരെങ്ങനെ കുടുക്കും ...?


 പിന്നെ ഈ വാർത്ത പുറത്തെത്താതിരിക്കാൻ ഒരുമതിൽക്കെട്ടുപോലെ അവർ ചുറ്റും നിന്നിരിക്കും ,അതുകൊണ്ടാവും പെട്ടെന്നൊന്നും പുറംലോകം ഇക്കാര്യമറിയാതെ പോയത് "



"ഉം "


"സമരം തുടങ്ങി രണ്ടാഴ്ച  പിന്നിട്ട അന്ന് രാത്രി പുറത്തുനിന്നുമുള്ളവരുടെ ആക്രമണത്തിൽ വനത്തിന് തീവെക്കപ്പെട്ടു . പത്തുമുപ്പത് ഏക്കറോളം അടിക്കാടും കത്തിനശിച്ചു ആ ഭാഗത്തുണ്ടായിരുന്ന ഏഴുവീടുകൾ പൂർണ്ണമായും കത്തി .


മറ്റൊരുകോളനിയിലെ പെൺകുട്ടി പീഡിപ്പിക്കപ്പെടുകയും സമീപവാസികൾക്കെല്ലാം അടിയേൽക്കുകയും ചെയ്തു .



 പിറ്റേന്നത്തെ പത്രത്തിൽ "അനധികൃതമായി വനത്തിനകത്ത് സമസിച്ചിരുന്നവർ വനത്തിന് തീയിട്ടെന്നും . പിന്നെ ഇതിന്റെ കാരണക്കാർ മാവോയിസ്റുകളാണെന്നും , വയനാടൻ മേഖലകളിലെ പൊതുജനജീവിതത്തെ സംരക്ഷിക്കാനായി സ്പെഷ്യൽ സേനയെ നിയോഗിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യമെന്നും ,


ഒപ്പം ഫോറെസ്റ് ഓഫിസ് തകർത്ത മാവോയിസ്റ്റിന്റെ ചിത്രമായി അന്നത്തെയന്റെ സി സി ടിവി ദൃശ്യവും ഒക്കെ കൂടെചേർത്തു ഒറ്റനോട്ടത്തിൽ വയനാട്ടിലെ പ്രശ്നം മാവോയിസ്റ് വിളയാട്ടമെന്നെഴുതിയ തരത്തിലുള്ള വാർത്തകളായിരുന്നു ..!"




തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...