Tuesday 11 July 2017

11
-----



മാവിൻചുവട്ടിലെ തണലിൽ ആയതുകൊണ്ടാവും സൂര്യൻ ഉച്ചിയിലെത്തിയിട്ടും കാര്യമായി ചൂടൊന്നും ഞങ്ങളെ ബാധിച്ചിരുന്നില്ല കൂടാതെ അയാളുമായുള്ള സംസാരം ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായി മനസ്സിന്റെ ഗാലറിയിൽ ഞാൻ സേവ് ചെയ്യുന്നുണ്ടായിരുന്നു .

 കാവൽനിന്ന പോലീസുകാർ അപ്പോഴും ജനലിലൂടെ അകത്തേക്ക് നോക്കി നിൽക്കുകയായിരുന്നു . തിരികെപോകുമ്പോൾ അവിടെന്താണെന്ന് ഒന്നെത്തിനോക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു .



 "എന്നിട്ടെന്തായി മനു " ?


"മനുവെന്ന് എന്നെയിപ്പോഴാരും വിളിക്കാറില്ലല്ലോ വിദ്യാ , "


"ഒളിച്ചുകളിക്കുവേണ്ടിയല്ലേ മനു രൂപേഷായി മാറിയത് , രണ്ടും ഒരാളാണെന്ന് എനിക്കറിയാവുന്ന സ്ഥിതിക്ക് വിളിച്ചൂടെ "


"ഉം .... എന്നാൽ പ്രായം കൂടിയവരെ ഏട്ടാ എന്നുവിളിക്കുന്ന കാര്യവും മറക്കണ്ട ..."


"സമ്മതിച്ചിരിക്കുന്നു മനുഎട്ടൻ പറയൂ കോളനികളിലെ ബോധവൽക്കരണം കൊണ്ടെന്തെങ്കിലും മാറ്റമുണ്ടായോ " ?


"കുറച്ചുണ്ടായി , പക്ഷേ അതിനുപിന്നിൽ മറ്റ്‌ കാരണങ്ങൾ ഉണ്ടെന്ന് കൂട്ടിക്കോളൂ .

ഓരോ ദിവസം കഴിയുമ്പോഴും ഞങ്ങൾക്ക് പോകേണ്ട ദൂരം കൂടിക്കൂടി വന്നു . അതിനൊപ്പം ഹോസ്പിറ്റലിലെ തിരക്കും വർദ്ധിച്ചു കൊണ്ടിരുന്നു , രാവിലെ പത്തുമണിയെന്ന ഒഫീഷ്യൽ സമയത്തെ ഓ പിയിൽ വരുന്ന രോഗികളെ നോക്കിത്തുടങ്ങാനാവൂ എന്നൊരു പ്രശ്നമുള്ളതുകൊണ്ട് അതിവേഗം തീർത്തിട്ട് മലകയറുമ്പോഴേക്കും ഉച്ചമയങ്ങിയിരിക്കും ,


നാട്ടുകാരായ ചിലർ മാറിമാറി ഞങ്ങൾക്കൊപ്പം വരുന്നത് ഓരോ കോളനികളെയും അപരിചിതഭാവത്തിൽ അഭിസംബോധന ചെയ്യേണ്ട ബുദ്ധിമുട്ട് കുറച്ചുതന്നു .


ഞാൻ പോയി ഒന്നുതൊട്ട് പറഞ്ഞു തുടങ്ങുന്നതിലും എളുപ്പത്തിൽ " ഇവര് അടിവാരത്തിലെ ആശുപത്രിയിൽ നിന്നാണ് , എന്തെങ്കിലും അസുഖമുണ്ടാവുമ്പോൾ അങ്ങോട്ട് വരണം പറയാൻ വന്നതാ " എന്നും തമിഴും മലയാളവും കൂടിക്കലർന്ന പ്രാചീന സ്ലാങ്ങിൽ പറയുന്നത് എളുപ്പത്തിൽ അവരിലെത്തിച്ചു .


 ഹോസ്പിറ്റലിന്റെ കാര്യം മാത്രമല്ല സ്‌കൂളിന്റെ വിഷയവും ഞങ്ങൾ അവതരിപ്പിച്ചിരുന്നു .
വിദ്യാഭ്യാസത്തിന്റെ മഹത്വവും വിലയുമൊന്നും തിരിച്ചറിയാൻമാത്രം പ്രാപ്തരാവാത്ത അവരോട്

" ഉച്ചയ്ക്ക് സൗജന്യമായി വയറുനിറയെ കഞ്ഞികൊടുക്കാം സ്‌കൂളിൽ പഠിക്കാൻ വരണം " എന്ന കറുപ്പന്റെ വാക്കുകളിലായിരുന്നു അധികംപേരും വീണത് "


"ഹോ .....ഇങ്ങനെയൊക്കെ ഉള്ളവർ നമുക്കുചുറ്റിലുമുണ്ടെന്ന് വിശ്വസിക്കാൻ വയ്യ "


"വിശാസിക്കാതിരിക്കാൻ ഇവയൊന്നും കള്ളമല്ല വിദ്യാ . പതിയെ പതിയെ ദൂരത്തുള്ള കോളനികളിൽ ഒറ്റയാനെയും ,വിഷജന്തുക്കളെയും ഭയന്ന് രാത്രി തങ്ങാൻ നിർബന്ധിതരായി .


ആരൊക്കെയോ ഞങ്ങൾക്കുവേണ്ടി മുളങ്കുറ്റികൾ കൊണ്ട് മണിക്കൂറുകൾക്കുള്ളിൽ കട്ടിലുണ്ടാക്കി തന്നു

ആരൊക്കെയോ ഞങ്ങൾക്കുവേണ്ടി ഒറ്റമുറിക്കുടിൽ ഒഴിഞ്ഞുതരാൻ തയ്യാറായി

പിന്നെയുമാരൊക്കെയോ ചേർന്ന് വിശേഷാവസരങ്ങൾക്കായി സംഭരിച്ചതും കൊണ്ട് ഭക്ഷണമുണ്ടാക്കി

ഞങ്ങൾക്കുവേണ്ടി ആനശല്യം ഉണ്ടാവുമെന്നറിഞ്ഞും ഏറുമാടങ്ങൾ ഒഴിഞ്ഞു തന്നവരുമുണ്ട്

ഞങ്ങൾക്കെങ്ങനെ വിരുന്നൊരുക്കുമെന്നറിയാതെ പതറിപ്പോയവരുമുണ്ട്

ഒന്നും വേണ്ടെന്നുപറയുമ്പോഴും ഉള്ളതിൽവെച്ചേറ്റവും സുഖങ്ങൾ ഞങ്ങൾക്കായി ത്യജിച്ചവർ .

 സത്യം പറഞ്ഞാൽ കാട്ടിലെ ഭക്ഷണത്തോളം രുചിയൊന്നും മറ്റെങ്ങും കിട്ടില്ല വിദ്യാ .

കാരണം അതിലവരുടെ നിഷ്കളങ്കമായ സ്നേഹവും ആഥിത്യമര്യാദയും ബഹുമാനവും അടങ്ങിയിട്ടുണ്ട്


ഞങ്ങളുണരും വരെ ഉറങ്ങാതെ കാവൽ നിന്നവരെ കണ്ടുണരുന്ന സുഖമൊന്ന് വേറെതന്നെയാണ് , അത്ഭുതവസ്തുവിനെപ്പോലെ ഞങ്ങളെക്കണ്ട് പോകുംവരെ ചുറ്റുംകൂടുന്ന കാടിന്റെ പുതുതലമുറയുടെ ഒട്ടിയുണങ്ങിയ മക്കൾക്കുനൽകാൻ ഒന്നുമില്ലാതെ അവരെനോക്കിച്ചിരിക്കുമ്പോൾ തിരികെത്തരുന്ന പുഞ്ചിരിയിൽ അനുഭവിക്കുന്ന സംതൃപ്തിയെത്ര വലുതാണെന്നോ ,


 ഞാൻ ചിരിക്കുമ്പോഴും കൈവീശി കാണിക്കുമ്പോഴും അവരുടെ കണ്ണും മനസ്സും നിറയുന്നത് എന്തുസുഖമാണെന്നോ ..

ഞങ്ങളെകാണുമ്പോൾ ഒളികണ്ണിട്ടുനോക്കുന്ന കൗമാരക്കാരികളായ പെൺകുട്ടികൾ ....

സിനിമയിലും മറ്റും കാണുന്ന സ്ട്രെയ്റ്റൻ ചെയ്തമുടിയും സൈഡിലേക്കൊരു കെട്ടും കരിമഷിയെഴുതിയ കണ്ണുകളും കുപ്പിവളക്കിലുക്കവും ചാന്തുപൊട്ടും തൂവെള്ളനിറവും കരിനീലക്കണ്ണുമൊന്നും പ്രതീക്ഷിക്കണ്ട , അതല്ല കാട്ടുപെണ്ണ് വിദ്യ "


"പിന്നെ ......"


കാടിനെക്കുറിച്ചുപറയുമ്പോൾ എന്റെയുള്ളിൽ ആദ്യം തെളിഞ്ഞുവന്നത് അത്തരത്തിലുള്ള പെണ്ണിന്റെ മുഖമാണ് .


" പാറിപ്പറന്ന ചുരുണ്ടമുടിയും ഒരുവിധം പൂച്ചക്കണ്ണിന്റെ ഷേഡുള്ള കണ്ണുകളും മെലിഞ്ഞുണങ്ങിയ ശരീരവും ..... പ്രായപൂർത്തിയായാൽ പിന്നെ അവൾ വിവാഹിതയായിരിക്കും , ചെറിയ പ്രായത്തിൽത്തന്നെ വിധവകളായവർ വേറെ . അവരുടെ മുഖത്തേക്കുനോക്കാന്പോലും പലപ്പോഴുമെനിക്ക് കഴിഞ്ഞിട്ടില്ല .


കാടിന്റെ തുടക്കം മുതൽ ജനജീവിതമുള്ളിടം വരെ ഉള്ള ഏറ്റവും വലിയ പ്രശ്നം ഈ ഇല്ലായ്മയും പട്ടിണിയും തന്നെ .
അമ്മ വെച്ചുണ്ടാക്കുന്നത് അറിഞ്ഞിട്ടും പുറത്തുപോയി കഴിചുവന്നും വീട്ടിൽ പിണങ്ങുമ്പോൾ വേണ്ടെന്നുപറഞ്ഞു പട്ടിണികിടക്കുമ്പോഴും ഒരു ദാക്ഷിണ്യവുമില്ലാതെ കൊണ്ടുകളഞ്ഞിരുന്ന ഭക്ഷണത്തെയോർത്ത് ഞാൻ അവിടുന്നാണ് ആദ്യമായി വേദനിച്ചത് ...


കാടിറങ്ങുമ്പോൾ സുരക്ഷിതസ്ഥാനമെത്തും വരെയും പുറകെ വരുന്നവരുണ്ട് വിദ്യ ,


 എന്നിട്ടും അധികമാരും അവിടെനിന്നും ആശുപത്രിയിലേക്ക് വന്നില്ല . പക്ഷേ സ്‌കൂളിൽ അതിരാവിലെ ദുർഘടം പിടിച്ച വനവീഥിയിലൂടെ ഉച്ചഭക്ഷണത്തിനായി പഠിക്കാൻ വരുന്ന കാടിന്റെ കൺമണികൾ ഞങ്ങൾക്കെല്ലാം കണ്ണുനിറയ്ക്കുന്ന കാഴ്ചകളായിരുന്നു ..."


മനു ന്റെ കൂടെയൊരു തുണക്കാരിയായി ഞാനും യാത്രചെയ്യുകയാണെന്ന് തോന്നുന്നുണ്ടായിരുന്നപ്പോൾ


"തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...