Wednesday 5 July 2017

ഭാഗം 5



ശങ്കരന് പിന്നാലെ ശംഭുവും ,എതിർപ്പുകളെ വകവെയ്ക്കാതെ ഉമയും പള്ളിക്കൂടത്തിൽ പോയിത്തുടങ്ങി . ഭ്രഷ്ട് കല്പിച്ചവരുടെ ഇടയിലൂടെ തന്നെ കൃഷ്ണനും മാധവിയും കൂടെ പെങ്ങളെ കാണാൻ വന്നുകൊണ്ടിരുന്നു .


നാരായണിയേടത്തി ആണ് ഇല്ലത്തിന്റെ ചീത്തപ്പേരിന് കാരണമെന്ന് ക്ഷയിക്കാത്ത ഇല്ലങ്ങളിലെ അകത്തമ്മമാർ അടക്കം പറഞ്ഞുചിരിച്ചു , നമ്പൂതിരി സഭകളിൽ നിന്നും അന്യജാതിക്കാരുമായി സഹവർത്തിത്വം തുടരുന്നതിനാൽ നാരായണിക്കും ഭ്രഷ്ട് വന്നു .


പക്ഷെ അവരെ അപ്പോഴും "എങ്ങനെ  കഴിഞ്ഞിരുന്നതാണ് " എന്ന് സഹതാപത്തോടെ പറയാനും ഉള്ള കഞ്ഞിയിൽ പാതി കൊടുക്കാനും അന്യജാതിക്കാരെ ഉണ്ടായിരുന്നുള്ളൂ .



കമ്മ്യൂണിസ്റ് മന്ത്രിസഭാ അധികാരത്തിൽ വന്നപ്പോൾ കൃഷ്ണേട്ടൻ പറഞ്ഞതുപോലെ അടിയാന്റെയും കുടിയാന്റെയും ഭൂമിയിലും അനധികൃതമായി കൈവശം വച്ചവരിലും തുല്യ നീതി നടപ്പാക്കാനുള്ള ഭൂപരിഷ്കരണ നിയമം പാസായി .



ഒരുവശത്ത് പാവപ്പെട്ടവന്റെ ആഹ്ലാദം ഒരുവശത്ത് പുതുപ്പണക്കാരുടെ ആവലാതി .



നാരായണി എല്ലാം കണ്ടിട്ടും പുഞ്ചിരിച്ചതേയുള്ളൂ . ആ വർഷം തന്നെ ചെമ്പൂഴിയിൽ ആദ്യ സ്‌കൂൾ വന്നപ്പോൾ ശങ്കരനെയും ശംഭുവിനെയും ഉമയെയും ഇല്ലത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു .



ജാതിയും മതവും പണവും എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ പഠിക്കുവാനായി കരയോഗത്തിന്റെയും , യോഗക്ഷേമസഭയുടെയും , ക്രിസ്ത്യൻ മിഷനറിമാരുടെയും സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കുകയും , ചിലതിന് എയ്ഡഡ് പദവി നൽകുകയും ചെയ്തു .



കൃഷ്ണേട്ടൻ ഓരോ വരവിലും കൂടുതൽ സന്തോഷത്തിലാണെന്ന് നാരായണി തിരിച്ചറിഞ്ഞു . കാരണം അയാൾ ആഗ്രഹിച്ചതുപോലൊരു ഭരണമാണെന്ന് നാരായണിക്കറിയാം . നാരായണിക്കും കമ്മ്യൂണിസത്തെ വിശ്വാസമാണ് കാരണം അവളുടെ കൃഷ്ണേട്ടൻ പറയുന്നതിലെല്ലാം സത്യമുണ്ടെന്ന് അവൾ ഉറച്ചുവിശ്വസിച്ചിരുന്നു .



പിന്നീടൊരിക്കൽ കൃഷ്ണേട്ടൻ വരുമ്പോൾ കൂടുതൽ വിഷമിച്ചു കാണപ്പെട്ടു


"എന്താ ഏട്ടാ ?"


"വിമോചനസമരം തുടങ്ങി "


"എന്തിനാ അത് "


"സർക്കാർ വിഭ്യാഭ്യാസബില്ല് പാസാക്കുകയാണ് , അതിനെതിരെ "


"അത് നല്ലതല്ലേ ഏട്ടാ "


"എല്ലാവർക്കും നിർബന്ധിതവും സൗജന്യവുമായ വിഭ്യാഭ്യാസം വന്നാൽ പാവപ്പെട്ടവർ ചിന്തിച്ചുതുടങ്ങും , ഇന്ന് കൂടുതൽ പദവികളിൽ സർക്കാർ ജോലികളിൽ ഇരിക്കുന്ന ഉയർന്ന വർഗക്കാരുടെ സ്ഥാനത്തേക്ക് അവരും വരും . ഇതിനെതിരെയാണ് സമരം "



"നല്ലകാര്യങ്ങൾക്ക് ആരും കൂട്ട് നിൽക്കില്ല പറയുന്നത് ഇതാണല്ലേ ഏട്ടാ "



"അതെ , ഇപ്പൊ പറയണത് സർക്കാർ ശരിയല്ലെന്നാണ് .... അരിയും തുണിയും കളപ്പുരയിൽ പൂഴ്ത്തിവെച്ചിട്ട് , പാവപ്പെട്ടവന് വീതം കൊടുത്തമണ്ണും തട്ടിപ്പറിച്ചിട്ട് "അരിയെവിടെ തുണിയെവിടെ നമ്പൂരി " എന്ന് ബാക്കിയുള്ളോരേ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയാണ് . പിന്നെ ആന്ധ്രായിൽ നിന്നും അരി കൊണ്ടുവരുന്നതിൽ ക്രമക്കേടുണ്ടത്രെ ....ചട്ടം നോക്കി വരുത്താനിരുന്നാൽ പട്ടിണിക്കാരെ ആര് പോറ്റും ?



കയ്യിലിരിക്കണത് കൊടുക്കുകയുമില്ല , മറ്റുള്ളവരെ കൊടുക്കാനും വിടില്ല , വൈകാതെ ഞങ്ങളുടെയെല്ലാം സ്വപ്‌നങ്ങൾ തകരും നാരായണി .... അന്ന് ബ്രിട്ടീഷുകാരായിരുന്നു ... ഇനിയുണ്ടാവുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണം ഇന്ത്യക്കാർ തന്നെയാണെന്ന് ഗാന്ധിജി പറഞ്ഞത് എത്ര ശരിയാണ് ..."


"ഗാന്ധിജി ആരാ ?"


"അത് നമ്മുടെ രാജ്യത്തെ ബ്രിട്ടീഷുകാരിൽ നിന്നും രക്ഷപ്പെടുത്താൻ പ്രവർത്തിക്കുന്ന മനുഷ്യനാണ് . എല്ലാരും കൂടെ സ്വാതന്ത്രം കിട്ടീപ്പോൾ ചുട്ടുകൊന്നു "


"ഒരുപാടുപേര് സമരം ചെയ്തിട്ടും ഗാന്ധിജിയെ ഏട്ടന് ഇഷ്ടപ്പെടാൻ കാരണമെന്താ "?


"ഗാന്ധിജി പ്രവൃത്തിച്ചത് സാധാരണക്കാരന് വേണ്ടിയാണ് , കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരുടെ ദൈവമാണ് ഗാന്ധിജി "


"മനുഷ്യൻ ദൈവമാകുമോ ?"


"ദൈവം രക്ഷകനല്ലേ ... ഇവിടെ ഞങ്ങളെല്ലാം രക്ഷകനായി കണ്ടത് അദ്ദേഹത്തെയാണ് . വലിയ കുടുംബവും വക്കീൽ ജോലിയും ഉണ്ടായിട്ടും സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിവന്ന് എന്റെ ചുറ്റുമുള്ളവർക്കു ഇല്ലാത്ത സൗകര്യം എനിക്കും വേണ്ട എന്ന് പറഞ്ഞ വലിയ മനുഷ്യനാണ് . അദ്ദേഹം ദൈവം തന്നെ .  തേന ത്യക്തേന ഭുഞ്ജീഥാ ന്ന് നമ്മടെ ആൾക്കാര് ചൊല്ലുകയേയുള്ളൂ ഗാന്ധിജിയത് ജീവിതത്തിൽ കൂടെ തെളിയിച്ചതാണ് , എല്ലാം ത്യജിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് "



"അതെന്താ ഏട്ടാ ഗാന്ധിജി എന്നൊരു പേര് "


"മോഹൻദാസ് കരം ചന്ദ് ഗാന്ധി " എന്നാണ് പേര് , പക്ഷെ വടക്കോട്ടുള്ള
 ആളുകൾ സ്നേഹവും ബഹുമാനവും ഉള്ളവരെ "ജി " എന്ന് വിളിക്കുന്നതും ചേർത്ത് "ഗാന്ധിജി എന്ന് വിളിച്ചു ."



"ആരാ ഏട്ടാ ഇങ്ങനെ സമരം പിടിക്കണത് "


"മുസ്ലിം ലീഗിന്റെ ആൾക്കാര് കുറച്ചുണ്ട് അവരുടെ വിചാരം വിദ്യാഭ്യാസബില്ല് വന്നാൽ മദ്രസ്സയിൽ പഠിക്കാൻ ആളുണ്ടാവില്ലെന്ന് , നമ്പൂതിരിമാർക്കു വേദം പഠിക്കാൻ ആളുണ്ടാവില്ലെന്ന് , ക്രിസ്ത്യന്മാർക്ക് വെട്ടിത്തെളിച്ച കാടും , മലകൾ കയ്യടക്കിയുണ്ടാക്കിയ തോട്ടങ്ങളും പോകുമോയെന്ന് ...


പഠിച്ചുകഴിഞ്ഞാൽ ഭാവിയിൽ പണിക്കാരെ കിട്ടില്ലാലോ ..അങ്ങനെ എത്രയോ കാരണങ്ങൾ ..... അതുകൊണ്ടെന്താണ് വെച്ചാൽ വീണ്ടും പാവപ്പെട്ടവൻ പാവപ്പെട്ടവൻ തന്നെ ... ഇനി അങ്ങനെയൊരു അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത് "


ഇവറ്റകൾ ഒരിക്കലും രക്ഷപ്പെടില്ല നാരായണി ...അതിനാരും സമ്മതിക്കുകയുമില്ല " നിരാശയോടെ കൃഷ്ണേട്ടൻ അത് പറയുമ്പോൾ അവളുടെയുള്ളിൽ നാണിയുടെ സ്വന്തം ഭർത്താവിൽ ഉണ്ടായ മക്കളുടെ മുഖമായിരുന്നു .


"നാരായണി നിനക്കിപ്പോഴും പ്രായം ആയിട്ടില്ല , ഇത്രകാലം നീ ഒഴിഞ്ഞുമാറി കുട്ടികളുടെ കാര്യം പറഞ്ഞിട്ട് ...ഇനിയെങ്കിലും ഒരു തുണ വേണ്ടേ .... വിധവകൾക്കും വിവാഹം കഴിക്കാവുന്ന കാലത്താണ് നമ്മളിപ്പോൾ നിൽക്കുന്നത് "


"ഈ മക്കളിൽ ഒന്നിനെ കൊടുത്താലും രണ്ടെണ്ണം ഉണ്ടാവില്ലേ തുണയായിട്ട്... എനിക്ക് വിവാഹത്തോടുള്ള ഇഷ്ടമെല്ലാം പണ്ടേ പോയെന്ന് ഏട്ടനറിയാമല്ലോ .."


"ഉം,  നിന്റെ ഇഷ്ടം "



കേരളത്തിന്റെ ഭരണം രാഷ്‌ട്രപതി ഏറ്റെടുക്കുകയും ആദ്യമായി ചട്ടം 356  പ്രകാരം മന്ത്രിസഭാ പിരിച്ചുവിടുകയും ചെയ്തു . ഇതറിഞ്ഞപ്പോൾ മുതൽ കൃഷ്ണേട്ടനോടൊപ്പം തന്നെ അയൽവീട്ടിലെ അന്യജാതിക്കാരായ പണിക്കരും ദുഖത്തിലായിരുന്നു .



പിന്നെയായിരുന്നു ഒഴിഞ്ഞുകിടക്കുന്ന പാടങ്ങളിൽ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടത് . യജമാനവർഗം കോൺഗ്രസ്സും തൊഴിലാളിവർഗം കമ്മ്യൂണിസ്റ്റും ആയി വേർതിരിയപ്പെടുന്ന കാഴ്ചകൾ നാടകങ്ങളിൽ അലയടിച്ചു .



തൊഴിലാളി പ്രസ്ഥനങ്ങൾ ഉണ്ടായിത്തുടങ്ങി , നാടിന്റ ജീവൻ പാടങ്ങളിൽ ആണെന്നും കർഷകരാണ് ഉന്നതർ എന്നും നാടകങ്ങൾ വിളിച്ചുപറഞ്ഞു , നാരായണി അപ്പോഴും പ്രതികരിക്കാതെ എല്ലാവരുടെയും തീരുമാനങ്ങളെയും ഇഷ്ടങ്ങളെയും അംഗീകരിക്കുകയായിരുന്നു .



നാട്ടിലെ സ്‌കൂളിൽ പഠനം കഴിഞ്ഞ ശങ്കരനും ശംബുവും കൃഷ്ണേട്ടന്റെ സാഹായത്തോടെ നഗരത്തിൽ ചെന്ന് പഠിക്കാൻ  പോയി . പാടത്തും പറമ്പിലും ജോലിയെടുത്ത് നാരായണി അവർക്ക് ആവശ്യത്തിനുള്ള പണമയക്കാൻ പാടുപെട്ടു . ഉമയുടെ പഠനം കാര്യമായ ലോകവിവരം ഇല്ലാത്തത് കൊണ്ട് നാലാം തരത്തോടെ നിർത്തിയപ്പോൾ അമ്മയെ സഹായിക്കാൻ അവളും കൂടി



ഇതിനിടയിൽ വർധക്യത്തിലെത്തിയ അകത്തമ്മമാർ ഓരോരുത്തരായി വിടപറഞ്ഞുപോയി .വീട്ടിൽ ഒറ്റപ്പെട്ടുപോയ നാരായണിക്ക് പഴയപോലെ വാതിലിൽ മുട്ടുകളെ പേടിക്കേണ്ടി വന്നില്ല ,


 ഉറക്കെവിളിച്ചാൽ ഓടിവരാൻ അയൽക്കാർ ഉണ്ടെന്നുള്ള വിശ്വാസം അവളിലും , എല്ലാവരെയും ഒരുപോലെ കാണണമെന്ന ബോധം മറ്റുള്ളവരിലും ഇതിനോടകം ഉടലെടുത്തുകഴിഞ്ഞിരുന്നു .



മറ്റുള്ളവരോടൊപ്പം നാരായണിയും കൊയ്തപാടത്ത് അരങ്ങേറുന്ന നാടകങ്ങൾ കാണാൻ പോയി

" പൊന്നരിവാളമ്പിളിയിലും ..." "ഞങ്ങള് കൊയ്യും വയലെല്ലാം ഞങ്ങടെതാകും " "പുഞ്ചപ്പാടത്തെ പൂങ്കുയിലേയും " അവളും ഇടയ്ക്കെല്ലാം മൂളിക്കൊണ്ടിരുന്നു . അശുദ്ധിയും തീണ്ടലും മാഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചകൾ നേരിട്ടുകണ്ട നാരായണിക്ക് ആ വരികളെല്ലാം പ്രിയമായിരുന്നു .


പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാര പാട്ടൊന്നു പാടാമോ
അക്കണ്ടം നട്ടു ഞാൻ കടം നട്ടു ഞാൻ
മേലെകണ്ടത്തിൽ ഞാറുനട്ടു

ഞാറു പറിച്ചു കൊയ്ത് മെതിക്കുമ്പോഴും
തബ്രാന് തീണ്ടലില്ല
കൊയ്ത്ത് കഴിഞ്ഞു അറയിൽ നിറച്ചപ്പോൾ
തബ്രാന് തീണ്ടലാണ്

ഓരോ തവണ കേൾക്കുമ്പോഴും അവളുടെ മനസ്സിലൂടെ കടന്നുപോയത് നാണിയുടെ കൂടെ ശയിക്കുന്ന ഭർത്താവിന്റെ മുഖമായിരുന്നു



പതിനേഴ് കഴിഞ്ഞപ്പോൾ ഉമയെ കൃഷ്ണേട്ടന്റെ മകന് തന്നെ വിവാഹം ചെയ്തുകൊടുത്തു , വേണ്ടന്ന് നിർബന്ധിച്ചിട്ടും ആ 'അമ്മ മക്കളെ പഠിപ്പിച്ചശേഷം സ്വരുക്കൂട്ടിയ ഇത്തിരി സമ്പാദ്യം സ്ത്രീധനമായി നൽകി


പഠനം കഴിഞ്ഞു ഒരാൾ ഡോക്റ്ററായും ഒരാൾ വക്കീലായും തിരിച്ചെത്തിയപ്പോൾ നാരായണിയെപ്പോലെ ആ നാടും ആഗ്രഹിച്ചു


"എത്രകാലം അവർ കഷ്ട്ടപ്പെട്ടു , ഇനി അതുണ്ടാവില്ല "


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...