Monday 12 October 2015


കളിക്കൂട്ടുകാർ കൂടുതലും ആൺ പിള്ളാർ ആയതു കൊണ്ടാവണം എനിക്ക് താൽപര്യം ലോറിയും ബസ്സും ജീപ്പും ഒക്കെയായിരുന്നു പണ്ട്. അവരെയൊക്കെ പോലെ വലിയൊരു ഡ്രൈവർ ആവണം എന്നായിരുന്നു ആഗ്രഹവും .

അവരാണ് എന്നെ സൈക്കിൾ പഠിപ്പിച്ചതും മതിലും വേലിയും ചാടാൻ പഠിപ്പിച്ചതും ഉന്നം തെറ്റാതെ മാങ്ങ എറിഞ്ഞു വീഴ്ത്താനും തളപ്പില്ലാതെ തെങ്ങിൽ കയറാനും ഒക്കെ പഠിപ്പിച്ചത്

പിന്നീട് വളർന്നു വലുതായപ്പോൾ എന്നെ ഒന്ന് ജീപ്പ് ഓടിക്കാൻ പഠിപ്പിക്കുമോ എന്നാ ആഗ്രഹവുമായി ഒരിക്കൽ എന്റെ പ്രിയ സുഹൃത്തും കൂടിയായ അനിയന്റെ അടുത്തു ചെന്നു. കുറെയേറെ വഴക്ക് പറഞ്ഞു തിരിച്ചു അയച്ചു . അതിനു ശേഷം വിഘ്നേഷ് ന്റെ അടുത്തു ചെന്നു "നിനക്ക് വേറെ പണിയില്ലേ " ചോദിച്ചു തിരികെ അയച്ചു

അവരൊക്കെ ജീപ്പ് പഠിച്ച്,ഓട്ടോ പഠിച്ച് ,ടെമ്പോ പഠിച്ച് ,ലോറി പഠിച്ച് എനിക്കൊരു സ്കൂട്ടി പോലും പഠിപ്പിച്ചു തന്നില്ല എന്ന നിരാശയിൽ ഇരിക്കുമ്പോഴാണ് ആദ്യമായി ഞങ്ങളുടെ വീട്ടിൽ അത് വാങ്ങുന്നത് .

പിന്നെ എനിക്കിതൊരു പതിവായിരുന്നു ,വെറുതെ വണ്ടിയെടുത്തു നാട് ചുറ്റി വരുന്നത് ... പിന്നെ ആരും നേരെ പഠിപ്പിച്ചു തരാതെ സ്വയം പഠിച്ച കുറച്ചു അഹങ്കാരവും ,പിന്നെ കൂട്ടുകാരുടെ മുന്നിലൂടെ ഷൈൻ ചെയ്തു പോകാൻ ഒരു അവസരവും ആണ് കൂടാതെ എന്റെ അനിയന്മാരും അടുത്ത വീട്ടിലെ പിള്ളാരും ഞാൻ ഇല്ല പറഞ്ഞാൽ കൂടെ എന്റെ കൂടെ വരും "സൊത്തൂ വാ ഒരു റൌണ്ട് പോയിട്ട് വരാം ...:"

പിന്നെ ഞങ്ങളുടെ ലോകമാണ് ......

മലകളും പുഴകളും ഉള്ള നമ്മടെ ഗ്രാമഭംഗി കണ്ടറിഞ്ഞു ഒരു യാത്ര

പാടങ്ങൾക്കും ചെറു കാടുകൾക്കും തെളി നീരരുവികൾക്കും ഇടയിലൂടെ ഒരു യാത്ര

ഇടയിൽ ആൽത്തറയിൽ കിടന്നുറങ്ങുന്ന കർഷകരെ കാണാം ...വേപ്പിൻ ചുവട്ടിൽ എല്ലാം കണ്ടു കൊണ്ട് നില്ക്കുന്ന കരിങ്കൽ ദൈവങ്ങളെ കാണാം ...

അങ്ങകലെ പാടത്തിന്റെ അറ്റത്തെ കിണറ്റിൽ നിന്ന് വെള്ളമെടുത്തു വരുന്ന ചേച്ചിമാരെ കാണാം ...

തരിശ്ശായിപ്പോയ പാടത്ത് കൊട്ടിയും പുള്ളും കളിക്കുന്ന ചേട്ടന്മാരെ കാണാം ....

പിന്നെ കുളക്കടവിൽ കൂട്ടം കൂടി നില്ക്കുന്ന അമ്മമാരെ കാണാം ...

പടിയുമ്മറത്തിരുന്ന് മുറുക്കാൻ നീട്ടിത്തുപ്പി ഓല ചീന്തുന്ന അമമ്മമാരെ കാണാം ....

കുറച്ചു കൂടി മുന്നോട്ടു പോയി ദെ കണ്ടില്ലേ ആ കുഞ്ഞു തോട്ടുപാലം കടന്നാൽ അവിടെ കള്ളുഷാപ്പാണ് പറയുമ്പോൾ തന്നെ ഒരു സുഖാണ് അല്ലെ ...

വല്ലപ്പോഴും വന്നു പോകുന്ന കള്ളു ജീപ്പുകൾ ഒഴിച്ചാൽ പിന്നെ അതിലെ പോകുന്ന വാഹനങ്ങൾ സൈക്കിൾ തന്നെ .... നല്ല തെങ്ങിൻ കള്ളും പനങ്കള്ളും ഒക്കെ കിട്ടും ഇവിടെ ..

താഴെ തോട് കണ്ടോ മീൻ പിടിക്കുന്ന പാവം വലിയച്ചന്മാർ .... വീട്ടിലേക്കു കൊണ്ടുപോകാൻ ഒന്നുമല്ല ട്ടോ നല്ല മുളകും ഉപ്പും ഒക്കെ ഇട്ടു ചുട്ടു കഴിക്കാനാണ് നല്ല സൈഡ് ഡിഷ്‌ അല്ലെ ....

കള്ളു ഷാപ്പ് കണ്ടാൽ തിരികെ വരാൻ വൈകും ,,ആ വഴി പോകണ്ട ..... വണ്ടി തിരിച്ചു തോട്ടിന് നേരെ വഴിയിലൂടെ വിടാം ...അങ്ങ് ദൂരെ കള്ളു ഷാപ്പിലെ പാട്ടുകൾ വിധൂരത്തെത്തുന്ന നേരത്ത് ഭക്തിഗാനം കേൾക്കുന്നത് കണ്ടോ

അവിടെയാണ് ഞങ്ങടെ അമ്പലം കേൾക്കുന്നില്ലേ രാവിലെയും വൈകീട്ടും കൃത്യം അഞ്ചര യ്ക്ക് കതനയും തുടർന്നുള്ള ലളിത സഹസ്ര നാമജപവും പിന്നെ ബെല്ലടിക്കുന്ന ശബ്ദവും ചന്ദനത്തിരിയുടെ മണവും ....

നമ്മുടെ വണ്ടി പിന്നെയും നേരെ പോകാം

രാവിലെയും വൈകീീട്ടും മഞ്ഞൾ തേച്ച മുഖങ്ങളും കസവും നേര്യേതും അണിഞ്ഞ സ്ത്രീകളും ഞങ്ങളെ മുട്ടാതെ കടന്നു പോകുന്നത് കണ്ടോ .....

വെള്ള മുണ്ടും ഷർട്ടും ഇട്ട് തടിയും ഷുഗറും കുറയ്ക്കാൻ നടക്കുന്നവരെ കണ്ടില്ലേ നമ്മളെ പുച്ഛത്തോടെ നോക്കുന്നവരെ ,,,

പൂത്തു നിൽക്കുന്ന ശീമക്കൊന്ന കാണാം ഇവിടെ .....കണിക്കൊന്ന കാണാം .....ശിവമല്ലി കാണാം .....

പഴുത്ത ചക്കയും മാങ്ങയും നിറഞ്ഞ കൊതിപ്പിക്കുന്ന മരങ്ങൾ കാണാം ...അവിടെ കലപില കൂട്ടുന്ന അണ്ണാൻ മാരെയും പക്ഷികളെയും കാണാം ....അവർ കൊത്തി പാതി തിന്നു പോയ ഫലങ്ങൾ കാണാം ...

പനമ്പഴം വീണു കിടക്കുന്ന വഴികൾ ഉണ്ട് ഒപ്പം പനമ്പട്ടയുടെ ഗന്ധമുള്ള വഴിയെന്നും പറയാം ....

തെങ്ങോലയും പനയോലയും മേഞ്ഞ കുടിലുകൾ ഉണ്ട് ,,,ഓടു മേഞ്ഞ വീടുകളുമുണ്ട്.... അതിനൊക്കെ ഓരത്തായി അസ്ഥിത്തറകളും കാണാം ...ചില സംയോത്തോക്കെ അത്ഭുതം തോന്നാറുണ്ട് വൈകുന്നേരം അതിലെ പോകുമ്പോൾ ആരാണ് ഈ വഴികളിലെല്ലാം ഇങ്ങനെ ദീപങ്ങൾ കൊളുത്തി വെച്ചത് എന്ന് ....

അടിയാന്റെ മാളികകളും കുടിയാന്റെ കൂരകളും പിന്നിട്ടു വീണ്ടും പോകാം നമുക്ക് നെല്ലിക്കചോട്ടിൽ ....മാഞ്ചോട്ടിൽ ....പിന്നെ പേരയ്ക്ക പറിക്കാൻ ....ഇലന്തിക്കായ പെറുക്കാൻ ....
കാട്ടിലേക്ക് തിരിയുന്ന വഴികൾ കാണുമ്പോൾ തിരികെ പോരണം (അകത്തേക്ക് കയറാൻ ദൈര്യമില്ല ) അവിടെ കുറെ നേരം നിന്നാൽ വേഗത്തിൽ ഓടി മായുന്ന മുള്ളൻ പന്നിയെയോ ,,മയിലിനെയൊ..ഇടയ്ക്ക് കുരങ്ങനെയോ കാണാം ,....

പിന്നെയും പോകുമ്പോൾ കല്ലിട്ട നടപ്പാതയിൽ നിന്നും കാട്ടിലേക്കുള്ള ചെമ്മൺ പാതകൾ കാണാം .... അതിനപ്പുറം സ്മശാനമാണ് അറ്റമില്ലെന്ന് പറഞ്ഞു കേട്ട പേടിപ്പിക്കുന്ന സ്മശാനം ...

അതിനു മുന്നിലൂടെ പോകുമ്പോൾ പണ്ടൊക്കെ വലിയ പേടിയായിരുന്നു ,,കണ്ണടച്ച് ഒറ്റ ഓട്ടമാണ് ...ഒരിക്കൽ അതിനു മുന്നില് വീണു കാലൊക്കെ പൊട്ടി ഒപ്പം പേടിപ്പനിയും ...ഇപ്പോഴും പേടിയാണ് ആകെ ദൈര്യം പുറകിൽ അനിയന്മാർ ഉണ്ടെന്നത് ആണ് ..

പെട്ടെന്നുള്ള പേടിയിൽ വേഗത്തിൽ വണ്ടിയെടുത്തതും വീണതും ഒരുമിച്ചായിരുന്നു ....

പിള്ളാരുടെ കരച്ചിലും പൊട്ടിപ്പോയ വണ്ടിയും വീട്ടിൽ പോയാൽ കിട്ടാൻ ഇടയുള്ള വഴക്കും ...താഴെ വീണു കിടന്നിരുന്ന ഞാവൽ പഴങ്ങളും .... ഒരു വിധത്തിൽ എല്ലാം കൂടെ എടുത്തു ഒപ്പമാക്കി വീടെത്തുമ്പോൾ ......

നല്ല കിഴക്കൻ കാറ്റും ഗ്രാമീണ സൌന്ദര്യവും ഒന്നുമില്ലായിരുന്നു ..പിന്നിലിരുന്ന അനിയൻ കയറിയിട്ടില്ല .അതും വീണത്‌ സ്മശാനത്തിനു അടുത്തു വെച്ച് ...

തിരഞ്ഞു പോകുവാൻ പേടി ഉണ്ടായിട്ടും വരില്ല പറഞ്ഞ അടുത്ത വീട്ടിലെ കുട്ടിയേയും കൂട്ടി അനിയനെ തിരഞ്ഞു പോകുമ്പോൾ മനസ്സിൽ ഒന്നുമാത്രം "സ്മശാനം ...അതിനടുത്തു ഞാവൽ മരം ..... ഗുൽമോഹറിന്റെ ചുവന്ന പൂക്കളും കായ്കളും വീണ് കിടക്കുന്നു ....പിന്നെയൊരു വശത്തായി വൃദ്ധ വിശ്രമ കേന്ദ്രവും ,അമ്പലവും ..ചുറ്റും കാട് ....

എന്റെ ദൈവമേ എന്റെ അനിയൻ ...അവനെ ഇനി ....പേടിയോടെ കഴിയുന്നത്ര വേഗത്തിൽ വണ്ടി വിടുമ്പോൾ 60 ന് മേൽ പോകരുത് എന്ന നിർദേശം ഒന്നും ഓർമയിൽ ഇല്ലായിരുന്നു ,,,മണ്ണും മണലും നിറഞ്ഞ നാട്ടു വഴിയിലൂടെ പോയി ..... കല്ലും ചെടിയും ഒന്നും വക വെച്ചില്ല ...

പിന്നെ സ്മശാനത്തിനു മുന്നിൽ എത്തുമ്പോൾ അവൻ വൃദ്ധ വിശ്രമ കേന്ദ്രത്തിനു അടുത്തിരിക്കുന്നു ....വണ്ടി നിരത്തി അനിയനോട് കയറാൻ പറയുമ്പോൾ അടുത്ത വീട്ടിലെ കുട്ടിയുടെ കമന്റ്‌ " ചേച്ചി ഇനി അവൻ പ്രേതമായിരിക്കുമോ ....."

"ഏയ് ....അല്ല ...." എന്നൊക്കെ പറഞ്ഞു എങ്കിലും മനസ്സ് മുഴുവൻ പേടിയായിരുന്നു ,വീടെത്തി അനിയനെ കൊണ്ട് പോയി ഞങ്ങൾ ദൈവത്തിനു മുന്നിൽ നിർത്തിയപ്പോഴാണ് സമാധാനം ആയത്. സംശയം മാറാത്ത ആ ചെക്കൻ ഭസ്മം കൊടുത്ത് അവനോടു കഴിക്കാൻ പറഞ്ഞു ..എന്നിട്ട് രഹസ്യമായി എന്റെ കാതിൽ " പേടിക്കണ്ട രാത്രി വീണാലേ പ്രേതം പിടിക്കൂ "

ആരോടും പറയരുത് എന്ന് എല്ലാവരെയും പറഞ്ഞു ഏല്പ്പിച്ചു വണ്ടി അതെ പോലെ കൊണ്ട് പോയി വെച്ച് ... കയ്യിലേയും കാലിലെയും മുറിവുകൾ താഴെ ഓടി കളിക്കുമ്പോൾ വീണതാണ് എന്ന് പറയാൻ പിള്ളാരെയും പഠിപ്പിച്ചു സാധനമായി രാവിലെ കള്ളു കുടിച്ചു വണ്ടി ഓടിച്ചു വീണെന്ന് പറഞ്ഞു അമ്മ അച്ഛനെ ചീത്ത പറയുമ്പോൾ കേട്ടിരുന്നു ...

കാര്യങ്ങൾ ശാന്തമായപ്പോൾ അടുത്ത വീട്ടിലെ ചെക്കൻ വീണ്ടുമെത്തി .."നമ്മടെ പാലത്തിന്റെ അപ്പ്രത്തെ മാങ്ങ മരത്തിലില്ലേ മധുരമുള്ള മാങ്ങയാണ്‌ അത്രേ ...പോകാം ...."

"എനിക്ക് നടക്കാൻ വയ്യ ഡാ ..."ഞാൻ തീർത്ത്‌ പറഞ്ഞു

"സാരമില്ല നിങ്ങടെ വണ്ടിയെടുക്ക് ,,,വീഴ്ത്തിയിടാണ്ടിരുന്ന മതിയല്ലോ ...."

പിന്നെ ഉള്ളത് പറയെണ്ടാലോ....അല്ലെ .....

പക്ഷെ ആരും പഠിപ്പിച്ചു തരാതെ എങ്ങനെ ഞാൻ പഠിച്ച് എന്നത് അവർക്ക് എന്നും ഉള്ള സംശയമാണ് . ഒപ്പം തന്നെ ടെമ്പോയിൽ കയറുമ്പോൾ അവര് ഗിയർ മാറ്റുന്നതും സ്ടിയരിംഗ് തിരിക്കുന്നതും ബ്രേക്ക്‌ ഇടുന്നതും ക്ലെച് ചവിട്ടുന്നതും ഒക്കെയാണ് ശ്രെദ്ധിക്കുക

ഒരിക്കൽ അറിയാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു വീട്ടുകാരെ ഞെട്ടിപ്പിച്ചു ,കുറെ തല്ലു കൊണ്ടിട്ടും ഇപ്പോഴും ഏതെങ്കിലും വണ്ടി കണ്ടാൽ എനിക്ക് വലിയ ആഗ്രഹമാണ് ഒന്ന് ഓടിച്ചു നോക്കുവാൻ ....അവർക്ക് പേടിയും ....

ഒരുപാടൊന്നും ഇല്ലെങ്കിലും ഒരു ബസ്‌ എങ്കിലും .... അല്ലെങ്കിൽ ഒരു ലോറി ......

(എന്റെ വീടിനടുത്ത് മല ഇല്ല പകരം ചെറിയ കുന്നുകളും പാറക്കെട്ടുകളും ഉണ്ട് അത് വെച്ച് അഡ്ജസ്റ്റ് ചെയ്യണം ...പിന്നെ പുഴയില്ല പകരം മലമ്പുഴ കനാലും തോടുകളും ഉണ്ട് ...പറയുമ്പോൾ ഒരു വൈറ്റ് ന് വേണ്ടി കൂട്ടി പറഞ്ഞതാ

Vidhya Gcc1:16pm Oct 6


കഴിഞ്ഞകാലങ്ങൾ ഇനിയും തിരികെ വരുമെങ്കിൽ എനിക്ക് തിരികെ കിട്ടണം എന്ന് ഏറെ മോഹമുള്ള ചിലതുണ്ട്

ഇരുപത്തിരണ്ട് വയസ്സിൽ എന്നിൽ നിന്നുമകന്നു തുടങ്ങിയ എല്ലാ കൂട്ടുകാരെയും വിളിച്ചു സംസാരിക്കണം ...കുറെ നേരം മതിവരുവോളം സംസാരിക്കണം ... അൺലിമിററഡ് കാൾ ഓഫർ ഉള്ള സ്കീം ചെയ്ത്... ഒരാഴ്ചയോളം ലീവെടുത്ത് ആരുടേയും ശല്യമില്ലാതെ സ്കൂൾ,കോളേജ് വിശേഷങ്ങൾ എല്ലാം ഒന്നുകൂടി ഓർത്തെടുത്ത് എല്ലാവരോടും സംസാരിക്കണം

ഇരുപത്തൊന്നു വയസ്സിൽ അറിഞ്ഞും അറിയാതെയും പറഞ്ഞും പറയാതെയും മനസ്സിലായും മനസ്സിലാവാതെയും അകന്നു പോയ പ്രിയ പ്രണയത്തോട് ഒരു തവണയെങ്കിലും പറയണം എനിക്ക് നിങ്ങളെയേറെ ഇഷ്ട്ടമായിരുന്നുവെന്നു. ഒരിക്കലെങ്കിലും പറയണം കാത്തിരുന്നതൊക്കെയും എന്നെങ്കിലും മനസ്സിലാക്കും എന്ന് കരുതിയാണെന്ന്

ഇരുപതാം വയസ്സിൽ കോളേജിലെ വിടപറയൽ പ്രസംഗത്തിൽ ഒരുവാക്കുപോലും മിണ്ടാതെ കരഞ്ഞുകൊണ്ട്‌ ഇറങ്ങി വരുന്നതിനു പകരം ഇനിയും കാണാമെന്നും എനിക്ക് നഷ്ട്ടമായ നല്ല ദിനങ്ങളെകുറിച്ചും ഒന്നായി നടന്ന കൂട്ടുകാരെക്കുറിച്ചും പ്രിയപ്പെട്ട അദ്ധ്യാപകരെക്കുറിച്ചും ഏറ്റവുമൊടുവിൽ ഒരിക്കലും തിരികെ കിട്ടാത്ത കലാലയത്തെകുറിച്ചും സംസാരിക്കണം ... എന്നിട്ട് കുറെയേറെ ദിവസം ജോലി അന്വഷിക്കാതെ അത്ര നാളും പഠിച്ച ക്ഷീണം തീർക്കാൻ എന്നോണം വീട്ടിൽ മടിപിടിച്ചിരിക്കണം ഇഷ്ട്ടപ്പെട്ട പാട്ടുകൾ കേട്ടും..ഉറങ്ങിയും ....അങ്ങനെയങ്ങനെ .....

പത്തൊൻപതാം വയസ്സിൽ ഇനിയുമൊരിക്കൽ കൂടി സിനിമകൾക്ക്‌ പുറകെ പോകണം ... ആരും കാണാതെയും കണ്ടില്ലെന്നു നടിച്ചതും അറിയപ്പെടാതെ പോയതുമായ മികച്ച സിനിമകൾ കാണണം ...കേരളത്തിലും ഒരു ഹിച്ഹോക്കും ,കുറസോവയും, ചാപ്ലിനും,മജീദിയും ഉണ്ടാവുമെന്ന് കരുതി തിരയണം പുതിയ ഷോർട്ട് ഫിലിമുകളിൽ നാളത്തെ താരങ്ങളെ ... ഒരമ്പലവും വിടാതെ ഒരു ഉത്സവവും നഷ്ട്ടപ്പെടുത്താതെ ഒരു സിനിമയും മിസ്സാക്കാതെ കൂട്ടുകാരോടൊപ്പം കറങ്ങിനടക്കണം . ഫിലിം സ്റ്റഡി ക്ലാസ്സിൽ അത്ഭുതത്തോടെയിരിക്കണം

പതിനെട്ടാം വയസ്സിൽ ഒരിക്കൽ കൂടി പ്രതീക്ഷയോടെ സ്വപ്‌നങ്ങൾ കാണണം ...പാതിക്കു വെച്ച് മുടക്കിയ വായന തുടരണം ...പിന്നെ എന്നും പത്രവാർത്തകൾ ഒന്നും വിടാതെ കുറിച്ച് വെക്കണം "എം സി ജെ എന്ട്രന്സിനായി " പഠിക്കണം ...ആരൊക്കെ നിരുൽസാഹപ്പെടുത്തിയാലും പഠിക്കണം ..നാളെ അധികമൊന്നുമില്ലെങ്കിലും അറിയപ്പെടാത്ത മാധ്യമ പ്രവർത്തകയാവണം എന്നൊരു മോഹം വേണം . ദീപ്തി ടീച്ചറുടെ ഒരു പിരീഡ് എങ്കിലും ഉറക്കം വരാതെ ക്ലാസ്സിലിരിക്കണം

പതിനേഴാം വയസ്സിൽ ബി ഏ ജേർണലിസം പഠിക്കാൻ പോകണം വയനാട് . പുതിയ കൂട്ടുകാരെ പരിചയപ്പെടണം .. മാസത്തിലൊരു തവണയെങ്കിലും എല്ലാ കൂട്ടുകാർക്കും മുടങ്ങാതെ കത്തെഴുതണം .. ഇനിയൊരിക്കലും തിരികെ വരാൻ കഴിയാത്ത എന്റെ സ്കൂളിനോട് വിട പറയണം അവസാനമായി പ്രിയപ്പെട്ട കഥാപ്രസംഗം അവതരിപ്പിച്ച്.... മൌനമായി .....

പതിനാറാം വയസ്സിൽ അന്നേവരെ ശീലമില്ലാത്ത ടെക്സ്റ്റ്‌ ബുക്ക്‌ വായന നടത്തിയേ ഇനി മുതൽ പരീക്ഷയ്ക്ക് പോകൂ എന്ന് തീരുമാനമെടുക്കണം ...എന്നിട്ട് അടുത്ത പരീക്ഷയ്ക്കും ഉത്സവം വേണോ പരീക്ഷ വേണോ എന്ന് ചിന്തിക്കണം .. എന്നിട്ട് ഉത്സവം വേണ്ട പരീക്ഷ മതി എന്ന് ഉറപ്പിക്കാൻ കഴിയണം ...ഉറങ്ങാതെ പരീക്ഷയെഴുതണം . രാത്രി മുഴുവൻ ലൈബ്രറി പുസ്തകം വായിച്ച് രാവിലെ മുഴുവൻ ഉറക്കം തൂങ്ങുന്ന സ്വഭാവം മാറ്റണം

പതിനഞ്ചാം വയസ്സിൽ പതിനൊന്നാം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ച ഏതു കുട്ടിയാണ് കൂടെയുണ്ടാവുക എന്ന് വന്നും പോയുമിരിക്കുന്ന കുട്ടികളുടെ ഇടയിൽ തിരഞ്ഞ് ആർക്കും വേണ്ടാത്ത വിഷയത്തിലെ ആദ്യ അഡ്മിഷൻ വിദ്ധ്യാർഥിയാവണം . പ്രിയകൂട്ടുകാരിയുടെ പ്രേമത്തിനു കൂട്ടുനിന്നു വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ പരിഹാസവും കൂട്ടുകാർക്ക് മുന്നിൽ ഹീറോയും ആവാതിരിക്കണം. 'ആയിരത്തൊന്നു രാവുകൾ കൊണ്ട് ക്ലാസ്സിൽ കയറുമ്പോൾ "വെളിച്ചപ്പാടും ഭാസ്മപ്പെട്ടിയും "എന്ന് കേൾക്കണം

പതിനാലാം വയസ്സിൽ എസ് എസ് എൽ സി പരീക്ഷ ആണ് എന്ന് മനസ്സിലാക്കി വെറുതെ ലീവെടുത്തിരിക്കാതെ പഠിക്കണം . എത്ര കരഞ്ഞാലും അനിയനെ അടുത്തിരുത്തി പഠിപ്പിക്കണം . ആദ്യമായി കിട്ടിയ അധ്വാനഫലം കൊണ്ട് അവനൊരു പുതിയ ഡ്രസ്സ്‌ വാങ്ങിക്കൊടുക്കണം . എന്നിട്ട് മൂന്നുപേരുടെയും കൈത്തണ്ടകൾ ചേർത്ത് വെച്ച് ആരാ വെളുപ്പ്‌ കൂടുതൽ എന്ന് നോക്കണം . ക്രിസ്മസ് ആഘോഷിക്കാതെ മുടിയെ മെഴുകുതിരിക്കു ഭോജനമാക്കാതെ അവസാനം പ്രിയ കൂട്ടുകാരിക്ക് "ബാർബർ" എന്ന് വിളിപ്പേര് നേടിക്കൊടുക്കൊടുക്കാതിരിക്കണം ... രണ്ടുഭാഗത്തും പിന്നിയിടാൻ മുടിയെത്തുന്നില്ലെന്നു വിഷമിക്കാതിരിക്കണം

പതിമൂന്നാം വയസ്സിൽ ജനിച്ചു ഇരുപത്തെട്ടു ദിവസം ആയന്ന് മുതലിട്ട നീക്കല്ലുവെച്ച കമ്മൽ മാറ്റി പുതിയത് ചോപ്പും ,പച്ചയും ,നീലയും നിറമുള്ളത് വാങ്ങി കൂട്ടുകാരെപ്പോലെ ഇട്ടുനടക്കണം . നിന്നെയിഷ്ട്ടമാണ് എന്ന് പറഞ്ഞുവന്ന കുട്ടിയോട് "അതെ " എന്ന് പറയണം ...പിന്നെ എന്നും സ്കൂൾ ഗേറ്റിനു മുന്നിൽ അവനെ കാണുമ്പോൾ തലതാഴ്ത്തി നാണത്തോടെ നടക്കണം . ഒരിക്കലും കിട്ടാതെ പോയ ഉടുപ്പിനെ കുറിച്ച് ഓർത്ത്‌ വിഷമിക്കാതിരിക്കണം

പന്ത്രണ്ടാം വയസ്സിൽ ഹൈസ്കൂളിലെ അന്നുവരെ കാണാത്ത തിരക്കിലേക്ക് പേടിയില്ലാതെ പോകണം ..ഒപ്പം പഠിച്ചവർ കൂടെയുണ്ടാവാൻ എല്ലാവരും കൂടി പ്ലാൻ ചെയ്തു ഒരേ വരിയിൽ നിൽക്കണം, അത്രകാലം ഉണ്ടായിരുന്ന പോപ്പി കുടയ്ക്കുപകരം കറുപ്പുകുട കൊണ്ട് പോകണം . അവസാനമായി ഒരിക്കൽ കൂടി അച്ചാച്ചൻ മുടി വെട്ടിത്തരണം ,അച്ഛമ്മ മുടി കെട്ടിത്തരണം

പതിനൊന്നാം വയസ്സിൽ ഒരിക്കൽ കൂടി സ്കൂൾ മുറ്റത്ത് നിന്ന് സ്വതന്ത്ര ദിനത്തിന് പ്രസംഗിക്കണം ...വിടപറയാൻ നേരം അദ്ധ്യാപകരുടെ കാൽതൊട്ടു ഒന്നുകൂടെ വണങ്ങണം... ഇനിയും തിരികെ വരാമെന്ന് പുളിമരത്തോടും,ഇലന്തിമരത്തോടും പറയണം ... അന്നുമുതൽ മുടി നീട്ടി വളർത്തിത്തുടങ്ങണം ഒരിക്കൽ കൂടി ... അവസാനമായി "ബൊമ്മക്കുട്ടി" എന്നുള്ള നിഷ്കളങ്കമായ വിളികൾ കേൾക്കണം

പത്താം വയസ്സിൽ പ്രിയപ്പെട്ട അധ്യാപികയോട് കള്ളം പറഞ്ഞു ലീവ് എടുക്കാതിരിക്കണം . പിന്നെ അതൊരു മായാത്ത നോവായി ഉള്ളിൽ കിടക്കാതിരിക്കണം . അമ്പലപ്പറമ്പിൽ രാത്രിപരിപാടിക്കിടെ അച്ഛമ്മയുടെ മടിയിൽ നാട്ടുകാരുടെ മുന്നിൽ കിടന്നുറങ്ങാതിരിക്കണം..പിറ്റേന്ന് സ്കൂളീന്ന് പിള്ളാര് കാണുമ്പോൾ ഇതും പറഞ്ഞു കളിയാക്കാതിരിക്കണം . കണ്ണടയ്ക്കുന്ന പാവയെക്കണ്ട് അതുപോലെ വേണമെന്ന് ആശിക്കാതിരിക്കണം

ഒൻപതാം വയസ്സിൽ നവോദയ പരീക്ഷ എഴുതാൻ വേണ്ടി പഠിക്കണം , ആദ്യമായി പാസ്പോർട്ട്‌ സൈസ് ഫോട്ടോ എടുക്കുമ്പോൾ നന്നായി ചിരിക്കണം . എന്നിട്ട് ആ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ചിത്രത്തെ അഭിമാനത്തോടെ എല്ലാവർക്കും കാണിച്ചുകൊടുക്കണം . സ്കൂളിൽ തന്നെ ഒന്നാമതെത്തണം .. പുതിയ വെള്ള ഉടുപ്പിട്ട് രണ്ടു കൊമ്പത്തും മുടി കെട്ടി സ്കൂളിൽ പോകണം .

എട്ടുവയസ്സിൽ ഇടതും വലതും എന്നോണം അനിയനും കൂട്ടുകാരനുമായി ലോകത്തിന്റെ അറ്റം കാണാൻ ...അമ്പിളി മാമന്റെ വീടുകാണാൻ ...ആകാശം തൊടാൻ ഒക്കെ യാത്ര പോകണം .... വീഴാതെ സൈക്കിൾ ഓടിക്കാൻ പഠിക്കണം ... ആഘോഷ രാത്രികളിൽ മൂന്നുപേരും കൂടെ വെറുതെ നടക്കാനിറങ്ങണം..ആരെയെങ്കിലും കാണുമ്പോൾ തിരികെയോടി വരണം ... കനാലിന്റെ കടവുകളിലെല്ലാം ഇറങ്ങിക്കുളിക്കണം ...കുളത്തിന്റെ അക്കരെയും ഇക്കരെയും പോകണം ...

ഏഴുവയസ്സിൽ അനിൽ മാഷിന്റെ ഓട്ടം തുള്ളൽ ക്ലാസ്സിലിരിക്കണം ... മനോരമയും മംഗളവും ഒളിപ്പിച്ചു വെച്ചത് കാണാതെ എടുത്തു വായിക്കണം

ആറാം വയസ്സിൽ മുടി കെട്ടിത്തരാത്തതിനു പിണങ്ങിപ്പോയി ..സ്കൂളിൽ കയറാതെ ക്ലാസ് കട്ട്‌ ചെയ്ത് വന്നു തെങ്ങിൻ ചുവട്ടിലിരുന്നു അറിയാതെ ഉറങ്ങിപ്പോകണം ..നാട്ടുകാരും വീട്ടുകാരും അന്വഷിച്ച് വരുമ്പോൾ തല താഴ്ത്തി നിൽക്കണം

അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസ്സിൽ വിഘ്നേഷ്ന്റെ കൂടെ തന്നെ പോകണം , ടീച്ചർ തരുന്ന ബലൂൺ രണ്ടുപേരും കൂടെ ഊതി പൊട്ടിക്കണം ... എന്തുകിട്ടിയാലും പങ്കുവെച്ച് നാട്ടുവഴിയിലൂടെ സ്കൂളിലേക്ക് പോകണം ..മഷിത്തണ്ട് പെറുക്കണം....നായയെ കാണുമ്പോൾ കല്ലെറിയണം ..അത് ഓടിപ്പോയാൽ കൈകൊട്ടി ചിരിക്കണം ,,നേരെ വന്നാൽ അലറിക്കരയണം... മഴയത്ത് ചെളിവെള്ളത്തിലൂടെ നടക്കണം

നാലാം വയസ്സിൽ അങ്കനവാടിയിലെ ഉപ്പുമാവും കഞ്ഞിയും കഴിക്കണം ... വീടിനടുത്തുള്ളത് അല്ലാതെ പുറത്തുള്ള കുട്ടികളെ കാണണം ..അക്ഷരം അറിഞ്ഞു തുടങ്ങണം ... വീടിനു അപ്പുറവും പുതുലോകം ഉണ്ടെന്നു അറിയണം ... അമ്മായിയെ കല്യാണം കഴിച്ചു കൊടുക്കുമ്പോൾ "എന്റെ അമ്മായിയെ കൊണ്ട് പോവല്ലേ പറഞ്ഞു കരയണം ...അമ്മായിയുടെ അടുത്തു മാമൻ ഇരിക്കുന്നതിനെ എതിർക്കണം...കരഞ്ഞു കലങ്ങിയ കണ്ണുമായൊരു ഫോട്ടോ എടുക്കണം .......

തിരികെ കഴിഞ്ഞ കാലം വരുമ്പോൾ എനിക്ക് നേടാൻ ഉണ്ട് ഇതെല്ലാം ഒരിക്കൽ കൂടി

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...