Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 33
---------------------



"അയ്യോ .....എന്നിട്ടോ "?


"എന്നിട്ടെന്താ അവരുടെ സമരം പുറത്തുള്ളവർ തെറ്റിദ്ധരിക്കുകയും മാവോയിസ്റ്റുകളെ വേരോടെ പിഴുതെറിയാൻ സ്പെഷ്യൽ ഫോഴ്‌സിനെ വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു .


അവർ എന്തുകൊണ്ടാണ് അവിടെ അന്നുവരെ ദുരിതത്തിൽ കഴിഞ്ഞ ആദിവാസികളെ ഓർക്കാതിരുന്നത് എന്നുമാത്രം ഇപ്പോഴും മനസ്സിലാവുന്നില്ല . ? "



"എന്നിട്ട് പ്രശ്നായോ ?"


"ഉം ... മറ്റുകാര്യങ്ങളിൽ ഗവൺമെന്റിന് വല്യ താല്പര്യമില്ലെങ്കിലും ഇക്കാര്യത്തിൽ കാര്യമായി തന്നെ ഇടപെട്ടു .


ആദിവാസികളുടെ ഭൂസമരം വിഷയമാക്കാനോ അതിനുവേണ്ടുന്ന നടപടിയെടുക്കാനോ മുതിരാതെ അവർ ഇറങ്ങിവന്ന സമയം നോക്കി മാവോയിസ്റ് വേട്ടയെന്ന പേരുമിട്ട് കുറച്ചുപേരെ ആക്രമിക്കാനും കോളനികളിലെ ഒറ്റപ്പെട്ട കുടിലുകളിൽ കുഞ്ഞിനേയും നോക്കിയിരിക്കുന്ന സ്ത്രീകൾക്കും വൃദ്ധർക്കും നേരെ പീഡനങ്ങളും അവരുടെ വീടുകൾ തിരച്ചിലെന്ന പേരിൽ നശിപ്പിക്കലും ചിലതിന് തീയിടലും ഒക്കെയായി ഒന്നുമില്ലായ്മയിൽ നിന്നും സംഭരിച്ചു സൂക്ഷിച്ചവയെല്ലാം നശിപ്പിക്കപ്പെട്ടു .




ഉടുതുണിക്ക് മറുതുണിയില്ലാതെ ,

പാകംചെയ്തു കഴിക്കാൻ കിലോമീറ്ററുകൾ താണ്ടിച്ചെന്ന് റേഷൻകടയിൽ നിന്നും സംഭരിച്ച അരിപോലും ഇല്ലാതെ ,


സ്‌കൂളിൽ പോയിത്തുടങ്ങിയ കുട്ടികളുടെ പാഠപുസ്തകം വരെയുണ്ടായിരുന്നു നശിപ്പിക്കപ്പെട്ടതിൽ .


 അന്നും വൈകുന്നേരം താൽക്കാലികമായി സമരമവസാനിപ്പിച്ചു കോളനികളിലെത്തിയവർ ഞെട്ടിപ്പോയി.വീണ്ടും നടുകാട്ടിൽ ഒന്നുമില്ലാത്തവരായി മാറപ്പെട്ടിരിക്കുന്നു . !



ആകെയുള്ള ഉപകാരം എന്തെന്നുവെച്ചാൽ അവിടെ ആകെയുണ്ടായിരുന്ന കള്ളുഷാപ്പും നശിപ്പിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ടായിരുന്നു .


കാടുകയറി കഷ്ടപ്പെട്ടുണ്ടാക്കി കൊണ്ടുവരുന്ന മലഞ്ചരക്കുകൾ വിറ്റുകിട്ടുന്ന പണവുമായി കോളനികളിലെ ആണുങ്ങൾ ആദ്യമെത്തുന്നത് കള്ളുഷാപ്പ് എന്നറിയപ്പെടുന്ന "ചാരായവാറ്റു കേന്ദ്രത്തിലായിരുന്നു " , മേലെ ആകാശവും താഴെ ഭൂമിയുമായി നടക്കുന്നവർക്ക് പിന്നെയതിന്റെ ആവശ്യവും ഇല്ലായിരുന്നു .



ഞങ്ങളെല്ലാം പലതവണ പറഞ്ഞുപറഞ്ഞു കുറച്ചുവന്നെങ്കിലും മുഴുവനായി ചാരായസേവനം അവസാനിച്ചതപ്പോഴാണ് .


അടുത്ത ദിവസങ്ങളിൽ ആദിവാസിസമരം നിന്നുപോകുമെന്ന് കരുതിയവർക്ക് മറുപടിയായി അന്നുരാത്രി തന്നെ മുളയും ഈറയും പനമ്പട്ടയും കൊണ്ട് അതിൽ പാതിയോളം കുടിലുകളും അവർതന്നെ പുനർനിർമിച്ചു പിറ്റേന്ന് രാവിലെ സമരസ്ഥലത്തെത്തി .



പഞ്ചായത്ത്‌ ഓഫീസിൽ മൂന്നുദിവസവും ബ്ലോക്ക് ഓഫിസിൽ ഏഴുദിവസവുമായി സമരം പത്തുദിനം കടന്നപ്പോഴും അർഹതയില്ലാത്ത അഭയാർത്ഥികൾ എന്നരീതിയിലുള്ള പരിഗണന മാത്രമാണ് അധികൃതർ നൽകിയത് .



ആകെ വിജയിച്ചത് പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരെ വിടുവിപ്പിച്ചത് മാത്രം .


ഇവരും കൂടി കൊടുക്കുന്ന നക്കാപിച്ചകൾ കൂട്ടിച്ചേർത്തിയതിൽ നിന്നും മാസാമാസം എണ്ണിക്കൊടുക്കുന്നതുപോരാതെ പിച്ചച്ചട്ടിയിൽ എങ്ങനെയൊക്കെ കയ്യിട്ടുവാരം എന്നുചിന്തിക്കുന്നവരാണ് അവിടെയുണ്ടായിരുന്ന മിക്കവാറും ഉദ്യോഗസ്ഥരും .


എന്നും വൈകുന്നേരം ഞങ്ങളെക്കാണാൻ കിലോമീറ്ററുകൾ വനത്തിനുള്ളിലൂടെ നടന്ന് വന്ന് വിവരങ്ങളറിയിച്ചു പോകുമായിരുന്നു .


ഒരുപക്ഷെ ഈ സമരം പൊളിഞ്ഞുപോയാലും സാരമില്ല ,ഞങ്ങളുടെ അഭിപ്രായവും നിർദേശവും അവർക്ക് എപ്പോഴും വേണ്ടതുണ്ടെന്ന് എനിക്ക് മനസ്സിലായി .


പോരാടാൻ അവർ തയ്യാറാണ് ,

 പക്ഷേ മുന്നിൽനടക്കാൻ ഞങ്ങളാരെങ്കിലും ഉണ്ടാവണമെന്ന അമിതമായ വിശ്വാസം കൊണ്ടായിരിക്കാം .


ദിവസങ്ങൾ പിന്നെയും കടന്നുപോയി ആദ്യമൊക്കെ എവിടെയുമെത്താതിരുന്ന വാർത്തകൾ പത്രങ്ങളിൽ ചെറുതായി സ്ഥാനംപിടിച്ചുതുടങ്ങി പക്ഷേ വിഷയത്തിലൽപം വെള്ളം ചേർത്തിട്ടെന്ന് മാത്രം .


ഉൾവനങ്ങളിൽ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകൾ ആദിവാസികോളനികൾക്കു തീയിടുകയും നശിപ്പിക്കുകയും ഒപ്പം വനം കൊള്ളയടിക്കുന്ന മാവോയിസ്റുകളെക്കുറിച്ചു ഫോറെസ്റ്റുകാരുടെ പ്രതികരണംകൂടിയായപ്പോൾ എല്ലാം തികഞ്ഞു .



അവർതന്നെയുണ്ടാക്കികൊണ്ടുവന്ന നോട്ടീസുകൾ അവർതന്നെ പലയിടത്തുനിന്നും കണ്ടെടുക്കുകയും കേസ് കുറച്ചുകൂടെ ശക്തിപ്പെടുത്തുകയും ചെയ്തു ,


എങ്കിലും എന്തടിസ്ഥാനത്തിലാണ് അക്ഷരാഭ്യാസമില്ലാത്തവർക്കു ലഘുലേഖകൾ അവരോടൊപ്പം ഇടപഴകുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവർ കൊടുക്കുന്നതെന്ന് ചിന്തിക്കാനുള്ള സാമാന്യബോധം ഇവർക്കൊന്നും ഇല്ലാതെ പോയതെന്തെന്നു അറിയില്ല .



ദിവസങ്ങൾ പിന്നെയും കടന്നുപോകവേ സമരക്കാരുടെ വീടുകൾ മിക്കദിവസങ്ങളിലും ആക്രമിക്കപ്പെട്ടു ,


അവരുടെ പെണ്ണുങ്ങൾ ഓരോദിവസവും ബലാൽസംഗം ചെയ്യപ്പെട്ടു . ഒപ്പം വൈകുന്നേരം ഞങ്ങളെ കാണാനെത്തുന്നവരുടെ കയ്യിൽ കൊടുത്തയക്കുന്ന അരിയുംകൂടെ ഇല്ലെങ്കിൽ അവരിൽ പലരും പട്ടിണിയായേനെ .



അപ്പോൾ താൻ കരുതുന്നുണ്ടാവും എപ്പോഴും അവർക്ക്‌ ഓരോന്നും കൊണ്ടുകൊടുക്കാൻ എവിടെനിന്നാണ് പൈസയെന്ന് , സത്യം പറഞ്ഞാൽ എന്റെ സാലറിയും സേവിങ്‌സുമൊക്കെ ഇവിടെയെത്തിയ ആദ്യ ദിനങ്ങളിൽത്തന്നെ തീർന്നു .


ഇത് അച്ഛനോടും വിഷ്ണൂനോടും കൂട്ടുകാരോടും വാങ്ങിച്ചതെല്ലാം ചേർത്താണ് ,എന്തുകൊണ്ടെന്ന് ചോദിച്ചാൽ എനിക്ക് ഇഷ്ടമുണ്ടായിട്ട് എന്നെ മറുപടി പറയാനൊക്കു . "



"ഉം ..."

ഇയാൾക്ക് വട്ടാണെന്ന് മനസ്സിൽ പറഞ്ഞു ഞാൻ മൂളിക്കേട്ടു



"ഓരോ ദിവസവും വ്യത്യസ്‌തതകൾ വരുത്തി സമരം തുടരുന്നുണ്ടെങ്കിലും പ്രതേകിച്ചൊരു ഫലവുമുണ്ടായില്ലെന്നു മാത്രമല്ല നാശനഷ്ടങ്ങൾ കൂടുകയേ ഉണ്ടായുള്ളൂ .



അവർ ലക്ഷ്യത്തിലെത്താതെ കീഴടങ്ങുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു , കാരണം ഇനി ഒതുങ്ങിക്കൂടിയാൽ അതൊരുപക്ഷേ അവരുടെ സർവ്വനാശം ആയിക്കൂടായ്കയില്ല . 


എന്നും രാത്രി ഞങ്ങളിൽ നിന്നും നിർദേശം വാങ്ങാനെത്തുന്നവർക്കു പക്ഷേ മടുപ്പുണ്ടായതായി തോന്നിയില്ല .


കാരണം അതവരുടെ ജീവിതമാണ് ,

 അവസാനമൊരു രക്ഷപ്പെടൽ ഉണ്ടാവുമെന്നുതന്നെയാണ് അവരുടെ വിശ്വാസം .

ഒപ്പം ഞാനും ശരത്തും അജീഷും ഇതുപോലെയെത്തിയ മറ്റുപലരും അവരെ പറഞ്ഞുപഠിപ്പിച്ച വിപ്ലവച്ചുവയുള്ള പോരാട്ടകഥകളിൽ അവസാനമൊരു വിജയമുണ്ടായിരുന്നുവല്ലോ ...


അവരിലേക്ക്‌ പകർന്നുകൊടുത്ത ഗീതോപദേശങ്ങളിൽ എല്ലാം " സമയവും കാലവും കൂടുമ്പോൾ ഭൂമിയിലുണ്ടാവുന്ന എല്ലാ അഹിംസകൾക്കും മറുപടിനൽകാൻ ഒരവതാരമുണ്ടാവുമെന്നു അവർ ഉറച്ചു വിശ്വസിക്കുന്നു .


ചിലപ്പോൾ ആ വിശ്വാസമാവും ഞങ്ങളെപ്പോലുള്ളവരുടെ വാക്കുകൾക്കുവേണ്ടി കാത്തുനിൽക്കുന്നതിനുള്ള കാരണം .


ആയിരത്തി എണ്ണൂറിൽ പഴശ്ശിവിപ്ലവം തുടങ്ങുംവരെ സ്വന്തമായി വനവും മണ്ണും സമാധാനത്തോടെ കൃഷിചെയ്തുള്ള ജീവിതവും , ഒരുപക്ഷെ വനത്തിനുപുറത്തെത്താത്തതിനാൽ നമ്മെളെവെച്ചും നീണ്ട സമുദായ പാരമ്പര്യവും ആദിവാസിക്ക് സ്വന്തമാണല്ലോ ....


പഴശ്ശിരാജാവ് പോയപ്പോൾ പിന്നെയും മാറിമാറിവന്ന ബ്രിടീഷുകാർക്കെതിരെയുള്ള പ്രാദേശികനേതാക്കളുടെ ഒളിപ്പോരുകളിൽ ഏറ്റവുമധികം സഹായംചെയ്തതും ഇവരല്ലെന്ന് എങ്ങനെ പറയും ....


നീലഗിരിനിരകൾ തേക്കുമരത്തിന് അനുയോജ്യമെന്ന് അവർ തിരിച്ചരിച്ചറിഞ്ഞത് ആദിവാസിയോടുള്ള ശത്രുത വർദ്ധിക്കാൻ കാരണമായി ...

അന്നുമുതൽ വന്നവരും പോയവരും കയ്യിട്ടുവാരിയ സ്വന്തം ഭൂമിയിൽനിന്നും തലചായ്ക്കാൻ ഒരു കുടിൽ പണിയാനിടം മാത്രമായിരുന്നു അവരുടെയാവശ്യം . എന്നിട്ടും .... "



"ആ സമരം വിജയിച്ചില്ല അല്ലെ ?"



"മുഴുവനായി ഇല്ലെങ്കിലും അല്പമെങ്കിലും വ്യത്യാസം വരുത്തുവാൻ സാധിച്ചു . ഏതാണ്ട് മൂന്നാഴ്ചയോളം കാര്യമായ മാറ്റമില്ലാതിരുന്ന സമരത്തിനെ മറ്റൊരുവഴിയിൽ ദിശതിരിച്ചുവിടാൻ ശരത്തായിരുന്നു വഴി പറഞ്ഞു തന്നത് "


"എന്തുവഴി ....."



"ഏതാണ്ട് ഒരുവർഷമായി സ്ഥിരമായി സ്കൂളിൽ പോകുന്ന കുട്ടികളെ മുൻനിർത്തി ആദിവാസിജനജീവിതം പൊതുജനമധ്യത്തിൽ എത്തിക്കുക എന്നതായിരുന്നു പ്രധാനം .


ഒന്നുമുതൽ പത്തുവരെ ക്‌ളാസ്സുകളുള്ള സ്‌കൂളിൽ അധ്യാപകരുടെയെണ്ണം ഇരുപത്തിയാറും ,പ്രധാനാധ്യാപകനും ,പ്യൂൺ ,ലാബ് അസിസ്റ്റന്റ് ,പാചകത്തിനുള്ള ഒരുസ്ത്രീയും ചേർത്ത് മുപ്പതോളം സ്റ്റാഫുകൾ .



എന്നാൽ രാവിലെപ്പോയി ഉച്ചവരെ അക്ഷരമാലയോ പെരുക്കപ്പട്ടികയോ മാത്രം ചൊല്ലിക്കൊടുത്ത് ഉച്ചക്കഞ്ഞിയും നൽകി പറഞ്ഞുവിടുക എന്നതിനപ്പുറം കാര്യമായ പ്രവർത്തങ്ങൾ ഒന്നുമില്ലാത്തതും എന്നാൽ മാസാമാസം ശമ്പളമടക്കം സർക്കാരിന് ചെലവ് പത്തുലക്ഷത്തോളം ഉണ്ടാക്കിക്കൊടുക്കുന്നതുമായ മാതൃക വിദ്യാലയത്തിൽ നിന്നുമല്ലേ തുടങ്ങേണ്ടത് എന്നവൻ പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി .



 ഇവിടെത്തെ അധ്യാപകരുടെ മക്കളെ പഠിപ്പിക്കുന്ന പത്തായിരംപോലും തികച്ചുശമ്പളമില്ലാത്ത അധ്യാപകരെയും ക്ഷണിച്ചിരുന്നു , ഒരു തെറ്റ് ചൂണ്ടിക്കാട്ടൽ പോലെ ...ഉയർന്നുവരേണ്ട നാളത്തതലമുറ ഇവിടെയും വളരുന്നുണ്ട് .



സമരക്കാരോട് അവതരിപ്പിച്ചപ്പോൾ അവർക്കും ഇഷ്ടപ്പെട്ടു . പേരിനാണെങ്കിലും പ്രധാനാധ്യാപകനോട് സ്‌കൂളിൽ ആദിവാസികളുടെ പരിപാടി നടത്തട്ടെയെന്ന് ചോദിച്ചപ്പോൾ വെറുതെ കിട്ടുന്ന പേരല്ലേ കരുതിയാവും അയാൾക്കും സമ്മതം .



സമരമുഖത്തുനിന്നും ഊർജ്ജസ്വലരായ കുറച്ചുയുവാക്കളെയും മുഴുവൻ കുട്ടികളെയും അണിനിരത്തി "ഞങ്ങളും ഇവിടെയുണ്ടെന്ന് " ലോകത്തോട് വിളിച്ചുപറയാൻ ഒരു ചെറിയ ശ്രമം ആദിവാസികളുടെ തനത് നൃത്തരൂപങ്ങളും ,വാദ്യഘോഷങ്ങളും ,നാട്ടുപാട്ടുകളും ഉൾക്കൊള്ളിച്ചുള്ള കലാപരിപാടികൾക്കൊപ്പം

വരുന്നവരെ മുഷിപ്പിക്കാതിരിക്കാൻ സിനിമാറ്റിക് ഡാൻസും ,ഗാനമേളയും ,ആദിവാസി ഉൽപ്പന്നങ്ങൾക്ക് ചെറിയൊരുവിപണി ഉണ്ടാക്കുന്നതിനൊപ്പം തല്ക്കാലം കുറച്ചുദിവസത്തേക്കു പട്ടിണിതീർക്കാനുമായി ചെറിയൊരു വിപണനമേളയും കൂടിച്ചേർത്തു ഒരുദിവസത്തെ പരിപാടി . അജീഷ് പലപ്പോഴായി മുന്നോട്ടുവച്ച അഭിപ്രായങ്ങളിൽ ഒന്നായിരുന്നു ഇതും "


"അജീഷിന് ഒരുപാട് പ്രതീക്ഷയായിരുന്നല്ലേ ?"


"ഉം ..... അവന് ഒരുവിധം എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവും പ്ലാനിങ്ങും ഉണ്ടായിരുന്നു . "


"ആഹാ ....സംഗതി കൊള്ളാലോ ...എന്നിട്ട് എങ്ങനെയുണ്ടായിരുന്നു പരിപാടികൾ "?


ഇക്കാര്യം എനിക്കെന്തോ വല്യ ഇഷ്ടമായി ,ഷോപ്പിങ്ങിനോടുള്ള ചെറിയ കമ്പം ആണെന്ന് കൂട്ടിക്കോളൂ .



"ഗദ്ദിക " എന്ന് പേരിട്ട പരിപാടി എത്രയും പെട്ടെന്ന് നടത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു .


ആദ്യം ഒരാഴ്ചയ്ക്കപ്പുറം വരുന്ന ഞായറാഴ്ച പരിപാടി നടത്താമെന്നുറച്ചു നോട്ടിസ് അച്ചടിക്കാൻ കൊടുക്കുകയും , വിഷ്ണുവിന്റെ സഹായത്തോടെ ശെമ്പകത്തെയും മറ്റ്‌ രണ്ടുമൂന്നുപേരേയും കൂട്ടി അവരുടെ വോട്ടുകൾ കൊണ്ട് അധികാരത്തിലെത്തിയ ഒട്ടുമിക്ക രാഷ്ട്രീയനേതാക്കളെയും ക്ഷണിച്ചു . സത്യം പറഞ്ഞാൽ അവരിൽ മിക്കവരും പുച്ഛത്തോടെയാണ് ഇതിനോട് പ്രതികരിച്ചത് .


ഡിസ്ട്രിക്ട് കളക്ടർ മുതൽ വില്ലേജ് ഓഫീസർ വരെയുള്ള സർക്കാർ ജോലിക്കാരെയും ജില്ലയിലേറ്റവും കൂടുതലുണ്ടായിരുന്ന ഫോറെസ്റ് ഓഫിസര്മാരെയും പെട്ടെന്നെത്താവുന്ന ആശുപത്രി അധികൃതരെയും , സമ്പന്നരും സാധാരണക്കാരുമായ ഒട്ടുമിക്ക ജനങ്ങളെയും അവർ ക്ഷണിച്ചത് അതും ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ വലിയൊരു അത്ഭുതം തന്നെയായിരുന്നെനിക്ക് .



പിന്നെ ശരത്തിന്റെ ചില കൂട്ടുകാരുടെ സഹായത്തോടെ അന്നത്തെ മുഖ്യമന്ത്രിയെയും പട്ടികജാതി - പട്ടികവർഗ്ഗ കാര്യ മന്ത്രിയെയും ക്ഷണിച്ചു .


ഇവർക്കെല്ലാം ഒഴിവാക്കാമായിരുന്ന ഈ പരിപാടിയെകുറിച്ചു ഒട്ടുമിക്ക ദിനപത്രങ്ങളിലും വാർത്തയും , ഓർക്കൂട്ട് ,ജി മെയിൽ വഴിയും ഷെയർ ചെയ്തു പരിപാടിയുടെ ഗൗരവം കൂട്ടാൻ അജീഷിനെ ഒരുപാട് സ്നേഹിച്ചിരുന്ന അവന്റെ സുഹൃത്തുക്കൾക്ക് കഴിഞ്ഞു.


വല്ലപ്പോഴും കേട്ടുമാത്രം പരിചയമുള്ള സിനിമാഗാനങ്ങൾക്കൊപ്പം അവർക്കും ചുവട് വെപ്പിച്ചുകൊടുത്തത് വിഷ്ണുവാണ് ...


വൈകുന്നേരം വരെ സമരമുഖത്തിരുന്നും വൈകുന്നേരം മുതൽ അവരുടെ തനതായ ചില വസ്തുക്കൾ ഈറയും ,മുളയും കൊണ്ട് നിർമിച്ചും , ഉണങ്ങിത്തുടങ്ങിയ വനത്തിൽ നിന്നും ശേഷിച്ച മലഞ്ചരക്കുകൾ സംഭരിക്കുന്ന തിരക്കിലുമായിരുന്നു .


അവരുടെ അധ്വാനത്തിന് എത്ര വിലയുണ്ടെന്ന് മനസ്സിലാക്കി കൊടുക്കാനും ഇതൊരു വേദിയായിരുന്നു . ബാണാസുരൻ മലയുടെ താഴ്വാരത്തിൽ പുതിയൊരു യുഗപ്പിറവിക്കുകൂടി അടിത്തറയിടുകയായിരിന്നു ചരിത്രം ..!



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...