Tuesday 4 July 2017

രണ്ട് 

 നാരായണിയേടത്തി 








"അവള് കുഞ്ഞല്ലേ അച്ഛാ ഇപ്പോൾ തന്നെ കെട്ടിക്കണോ ?"

"ഈ പ്രായത്തിൽ തന്നെയാ നിന്റെ അമ്മയെ ഞാൻ കൊണ്ടോന്നത്..."

'എന്നാലും "

"ഇല്ല , ഇതിനൊരു മാറ്റവും ഇല്ല , അമ്പത് വയസ്സ് വല്യ വ്യത്യാസമൊന്നുമല്ല . അയാൾക്ക് ഇങ്ങനൊരു ബുദ്ധി തോന്നീത് കുട്ടീടെ ഭാഗ്യന്ന് പറ , ഇല്ലെങ്കിൽ കന്യകയായി മരിക്കേണ്ടി വരും "

"അച്ഛാ അതൊക്കെ അന്നത്തെ കാലമാണ് , ഇപ്പോൾ നാടാകെ മാറിയിരിക്കുന്നു . കമ്മ്യൂണിസ്റ്റുകാര് അറിഞ്ഞാ പിന്നെ ചോദ്യവും പറച്ചിലുമുണ്ടാവില്ല , ആക്രമണമാണ് "

സഹോദരന്റെ വാക്കുകൾ മറഞ്ഞുനിന്നുകേട്ട നാരായണിയുടെ ഉള്ളിൽ കമ്മ്യൂണിസ്റ് എന്ന ഭീകരന്റെ രൂപം രൂപപ്പെട്ടു തുടങ്ങിയിരുന്നു . അടുക്കളപ്പുറത്ത് നിൽക്കുന്ന അമ്മയുടെ അടുത്തേക്ക് അവൾ ഓടി 

"അമ്മെ ന്റെ വേളിയാണോ ?'

"അതെ .... ഇന്നേക്ക് മൂന്നാം പക്കം, അവര് വല്യ കുടുംബക്കാരാ, എന്റെ മോളുടെ ഭാഗ്യമാണ് "

പക്ഷെ നാരായണിയുടെ മുഖം തെളിഞ്ഞില്ല . അവൾ അത്രനേരം അച്ഛനോട് തർക്കിച്ചുനിന്ന രണ്ടാമത്തെ സഹോദരന്റെയടുത്തേക്ക് ചെന്നു

"ഏട്ടാ എനിക്ക് വേളികഴിക്കാൻ പ്രയായോ ?"

"ഇല്ല മോളെ .... ഋതുമതിയാവാത്ത പെൺകുട്ടിയെ അപ്പന്റെ പ്രായമുള്ളൊരുത്തന് കയ്യൊഴിയുകയാ "

"ഏട്ടന് പറഞ്ഞൂടെ "

"അവര് സമ്മതിക്കില്ല .... നീയ്യ്‌ നോക്കിക്കോ വൈകാതെ കമ്മ്യൂണിസ്റ്റ് ഭരണം വരും പിന്നെ നിന്നെപ്പോലുള്ളോർക്ക് വിഷമിക്കേണ്ടി വരില്ല "

"അതെന്താ ഏട്ടാ നമുക്കുമാത്രം ഇങ്ങനെ ..."

"അത് വല്യ കഥയാണ് മോളെ .... "



"പറയ് ...."


"പിന്നെപ്പറയാം ..."


"മൂന്നാം നാൾ ന്റെ വേളി കഴിഞ്ഞാൽ പിന്നെ കഥ കേൾക്കാൻ ആളുണ്ടാവില്ല "

അതുകേട്ടപ്പോൾ അയാൾ കുഞ്ഞുപെങ്ങളുടെ നിറുകയിൽ ചുംബിച്ചുകൊണ്ട് വിതുമ്പി 

"ഉം ...പറയാം ..... പണ്ട് പണ്ട് ഇവിടെ കുറച്ചു മനുഷ്യർ മാത്രേ ഉണ്ടായുള്ളൂ ... അവിടേക്ക് പലനാടുകളിൽ നിന്നും വേദവും മന്ത്രങ്ങളും പഠിച്ചവർ ഇങ്ങോട്ടേക്ക് വന്നെത്തി .  "

""അതെന്തിനാ വന്നത് ?"

"ആ നാടുകളൊക്കെ അവരുടേതായി , ശേഷിച്ച നാടുകൾ കൂടെ പിടിച്ചെടുക്കുവാൻ "

"എന്നിട്ട്"


"എന്നിട്ട് അതുവരെയുണ്ടായിരുന്ന രാജാക്കന്മാരെയും നാടുവാഴികയും കുത്തിത്തിരുപ്പുണ്ടാക്കി സാധാരണ ജനങ്ങളെ പണിക്കാരാക്കി തരം താഴ്ത്തി, ഗതിയില്ലാതെ വന്ന ചിലർ ഇവരിൽ നിന്നെല്ലാം ഓടിയൊളിച്ചു കാടുകളിൽ അഭയം തേടി . വൈകാതെ നാട് മുഴുവൻ അവരുടെ വരുതിയിൽ വന്നു 


അവർ നാടുവാഴികളും ഉയർന്ന സ്ഥാനം വഹിക്കുന്നവരായി . അതുവരെ ഇവിടെനിലനിന്നിരുന്ന പ്രകൃതിദേവകളെ ആരാധിക്കുന്നതിന് പകരം അവരുടെ ദൈവങ്ങളുടെ കഥകൾ പ്രചരിപ്പിക്കുകയും അതാണ് ഉന്നതമെന്ന് ഇവിടെയുള്ളവർ ബോധ്യപ്പെടുത്താനും അവർക്ക് സാധിച്ചു "


"എന്നിട്ടോ "


"എന്നിട്ട് പിന്നെയും കൊറേക്കാലം കടന്നുപോയപ്പോൾ അവർ കൂട്ടത്തിലുള്ളവരുടെ എണ്ണം കൂടാതിരിക്കാൻ വേണ്ടി വിവാഹം കുടുംബത്തിലെ മൂത്ത ആണിന് മാത്രമാക്കി , "


"മറ്റുള്ളവരോ ?"


"അനിയന്മാരെയെല്ലാം അഫ്‍പൻ നമ്പൂതിരി എന്ന് വിളിച്ചു . ഇവർക്ക് സ്വന്തം കൂട്ടത്തിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ വിവാഹം ചെയ്യാൻ പറ്റില്ലായിരുന്നു "


"അപ്പോൾ പെണുങ്ങളോ ?"


"പെണ്ണുങ്ങളുടെ കാര്യമാണ് കഷ്ടം . ചുരുക്കം ചിലർക്ക് മാത്രമേ നല്ലപ്രായത്തിൽ അനുയോജ്യനായ ആളെ വിവാഹം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ , മറ്റുള്ളവർക്കൊക്കെ എന്റെ മോളുടെ വിധി തന്നെയാ .... ഏറെ മൂപ്പുള്ളവരെ വിവാഹം കഴിക്കാനും പെട്ടെന്ന് വിധവയാവേണ്ടിയും വരുന്ന കഷ്ടപ്പാട് "


"ഏട്ടൻ രണ്ടാമത്തെയല്ലേ എന്നിട്ട് മാധവിയേടത്തിയെ വിവാഹം കഴിച്ചതോ ?"


"മാധവിയേടത്തിയോടൊപ്പം താമസിക്കാണ്‌ എന്നേയുള്ളൂ മോളെ , വിവാഹം കഴിക്കാൻ പാടില്ല . മാധവിയേടത്തി നായർത്തിയും നമ്മള് നമ്പൂതിരിയും അല്ലെ അപ്പൊ സംബന്ധമാണ് "


"എന്തിനാ ഏട്ടാ വയസിന് ഇത്രേം മൂത്തവരെ നിർബന്ധിച്ചു കെട്ടിക്കണേ?"


"കുടുംബത്തിലെ മൂത്ത ആൾക്ക് മാത്രം വിവാഹമാവുമ്പോൾ മറ്റുള്ള പെണ്ണുങ്ങളുടെ സ്ഥിതി എന്താവും ... അവർക്കൊരിക്കലും വിവാഹയോഗം  ഉണ്ടാവില്ല . അതുകൊണ്ട് ഒരാൾക്ക് എത്രപേരെ വേണമെങ്കിലും വിവാഹം ചെയ്യാം ."


"കന്യകയായി ജീവിച്ചാലെന്താ ?"


"അത് നമ്മുടെ ജാതിയിലില്ലല്ലോ മോളെ ... ഒരു പെണ്ണിന് ജീവിതത്തിൽ വിവാഹമാണ് വലിയ കാര്യം . കന്യകയായി മരിച്ചവൾക്കു മോക്ഷം കിട്ടില്ല "


"അതുകൊണ്ടാണോ എന്നെ അയാൾക്ക് വിവാഹം കഴിച്ചു കൊടുക്കണേ ?"


"ഉം ..."


"ഞാനയാളെ കണ്ടുപോലുമില്ലാലോ ?"


"അതുനമ്മുടെ നിയമങ്ങളിലില്ല , ആണിന് മാത്രം ബോധിച്ചാൽ മതി , അല്ലെങ്കിൽ കുടുംബക്കാർക്ക്. പെണ്ണ് ആണിനെ സേവിക്കാൻ വേണ്ടിയുള്ളതാണ് "


"ഞാൻ എത്രാമത്തെ വേളിയായാണ് പോകുന്നത് ?"


"പന്ത്രണ്ടാണെന്ന് പറയുന്നത് കേട്ടു "


"എന്റെ മോൾക്ക് വിഷമമുണ്ടോ ?"


"ഉം ..."


"ഏട്ടനും "


"എന്നാൽ ഏട്ടന് എതിർത്തോടെ ?"


"ഏട്ടന് കുടുംബത്തിൽ സ്ഥാനമില്ല മോളെ , അവകാശമില്ല . ഏട്ടൻ ഉപദേവതകൾക്ക് പൂജകഴിക്കാൻ മാത്രമാണ് "


"ഉം ..."


ഓമനിച്ചുവളർത്തിയ കുഞ്ഞനുജത്തി മിഴിനിറച്ചു പോകുന്നത് കണ്ടപ്പോൾ ശങ്കരൻ നെടുവീർപ്പെട്ടു "ഏറിയാൽ പത്തുകൊല്ലം അതിനപ്പുറം ആ കിഴവൻ ജീവിച്ചിരിക്കില്ല "



അന്നവളുടെ വിവാഹമായിരുന്നു .


 പൂജാവിധിപ്രകാരം ചെറുക്കൻ വീട്ടിൽ വന്ന് പൊറുതി തുടങ്ങി ആതിഥ്യം സ്വീകരിക്കാൻ തുടങ്ങിയതിന്റെ രണ്ടാം നാളായിരുന്നു അന്ന് . തറവാട്ട് ക്ഷേത്രത്തിലും പൂജാമുറിയിലും ചെന്ന് വെറുതെ കൈകൂപ്പി കണ്ണടച്ച് നിന്നെന്നല്ലാതെ അവൾക്കെന്താണ് പ്രാർത്ഥിക്കേണ്ടതെന്ന അറിവുണ്ടായില്ല . 


തലേന്ന് മുതൽ പാലല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല , ഉപവാസം എടുക്കാറുണ്ടെങ്കിലും ഇത്രയ്ക്ക് കാഠിന്യം തോന്നുന്നത് ആദ്യമായിട്ടാണെന്ന് അവൾക്ക് തോന്നി . ചെറുക്കന്റെ തറവാട്ടിൽ നിന്നും കൊണ്ടുവന്ന പുടവയും മേൽമുണ്ടും അവളുടെ കുഞ്ഞുശരീരത്തിന് ചുറ്റിക്കൊടുക്കാൻ അകത്തേമ്മമ്മാർ കഷ്ട്ടപെടുന്നുണ്ടായിരുന്നു . 


"ഇനി മുതൽ നാരായണി ഇതേ അണിയാവൂ "


"എനിക്കെങ്ങും വേണ്ട . മേല്മുണ്ടിന് കനം കൂടുതലാണ് "


"ഏയ് ... അങ്ങനല്ല . ഇനിമുതൽ നീ കളിക്കുട്ടിയല്ല . ഭാര്യയാണ് . അവിടെയുള്ളവരുടെ ഇഷ്ടത്തിന് മാത്രമേ ജീവിക്കാൻ പറ്റൂ "


അവൾക്ക് തന്റെ വിവാഹം അതുവരെ മനസ്സിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരനെക്കാളും വലിയ ഭീകരതയാണെന്ന് തോന്നി . ചടങ്ങുകൾക്ക് ശേഷം ഭർത്താവെന്ന മനുഷ്യനെ ഒരുനോക്ക് കണ്ടതും അവൾ പേടിച്ചുപോയി . അച്ഛനോളം പ്രായംവരും . ആരൊക്കെയോ പറഞ്ഞിരുന്നു അച്ഛനും അയാളും കടവല്ലൂരിൽ പയറ്റാൻ വേണ്ടി  ഒരുമിച്ചു പോയിട്ടുള്ളവരാണെന്ന്



വിവാഹശേഷം വീട്ടുകാരോട് യാത്രപറയുമ്പോൾ അമ്മയും അച്ഛനും ഒന്നുരണ്ട് ഉറ്റവരും അല്ലാതെ തന്റെ കളിക്കൂട്ടുകാരി ചീതയെ പോലും കാണാൻ കഴിഞ്ഞില്ലെന്ന് വിഷമത്തോടെ ഓർത്തു. പ്രിയപ്പെട്ട ഏട്ടനോടും യാത്ര പറഞ്ഞില്ല എന്ന വേദനയോടെ അവൾ അയാൾക്ക് പുറകെ 'അമ്മ നൽകിയ ഓലക്കുടയുമായി നടന്നു . 



അവൾ നടന്നുനീങ്ങിയ വഴിയിൽ 'അമ്മ തുളസിക്കതിരും  പച്ചരിയും വീശിയെറിഞ്ഞുആശീർവദിച്ചു .  അത്രനേരം മാവിൻകൊമ്പിലിരുന്ന കാക്കകൾ അരിമണികൾ പെറുക്കാൻ തിരക്കുകൂട്ടി .


എത്രനേരം അവർ ആ നടത്തം തുടർന്നെന്ന് അവൾക്കറിയില്ല . പാടങ്ങൾ കഴിഞ്ഞപ്പോൾ ഭർത്താവിനെ ഏറ്റിയ കസേരയും ചുമലിൽ വെച്ചുനടക്കുന്ന പണിക്കാരെ അവൾ കൗതുകത്തോടെ നോക്കിക്കണ്ടു . ഇത്രയടുത്ത് പണിക്കാരെ കണ്ടാൽ അച്ഛൻ ഒന്നുകൂടി കുളിച്ചു ശുദ്ധി വരുത്താറുള്ളത് അവൾക്കോർമ്മവന്നു


പാടങ്ങൾക്കപ്പുറത്തു നിന്നും അവരെ ഉറ്റുനോക്കി നിൽക്കുന്ന പണിക്കാരത്തികളെ നോക്കി അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം പിന്നിൽ നിന്നും മറക്കുട നീക്കിയതിന് ശകാരവും വന്നുകൊണ്ടിരുന്നു . 



അവൾ അതുവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ വീട്ടിലേക്കാണ് ഇനി പോകുന്നതെന്ന് പടിപ്പുരയിൽ നിന്നുതന്നെ അവൾ തിരിച്ചറിഞ്ഞു . ഇന്നുവരെ കണ്ടിട്ടുള്ളത് അമ്മാത്തും സ്വന്തം വീടുമാണ് . അമ്മാത്തേക്കു പോകുന്ന വഴിക്കുള്ള  ഇല്ലങ്ങളും ചെറുത് തന്നെയായിരുന്നു . "ഇത് പതിനാറ് കെട്ടാണെന്ന് " ആരൊക്കെയോ വിവാഹവേളയിൽ പറഞ്ഞത് അവളോർത്തു . 



പുതിയ ഇല്ലത്തേക്ക് കാല്കഴുകിച്ചു സ്വീകരിക്കാൻ അവിടത്തെ ആത്തേമ്മമാർ വന്നത് കരിമുഖത്തോടെയായത് അവളെ ചെറുതായി വേദനിപ്പിച്ചെങ്കിലും അവൾ ചെറുതായി പുഞ്ചിരിച്ചു . അവരെല്ലാം കൂടി രണ്ടാം മച്ചിന്റെ മേലെയുള്ള മുറിയിൽ കൊണ്ടുചെന്നാക്കി വാതിലടച്ചപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി . 



ഇത്രയും വലിയ മുറി തന്റെ ഇല്ലത്ത് അച്ഛനുമാത്രമേ ഉള്ളെന്നു അവൾ തിരിച്ചറിയുകയായിരുന്നു . വെള്ളവിരിച്ച കട്ടിലും ഒരുവശത്ത് വലിയ കണ്ണാടിയും താഴെ കുംകുമചെപ്പും ആഭരണങ്ങളും അടച്ചുവെച്ചിരിക്കുന്ന പെട്ടിയിൽ വൃത്തിയായി മടക്കിവെച്ചിരിക്കുന്ന മുണ്ടും നേര്യേതും അവൾ വെറുതെ തൊട്ടുനോക്കി . 



കയ്യിലെ ഭാണ്ഡം മുറിയുടെ മൂലയ്ക്ക് വച്ചശേഷം അവൾ എന്താണ് ചെയ്യേണ്ടതെന്നറിയാതെ വെറുതെയിരുന്നു. വിശപ്പിന്റെയും നടത്തത്തിന്റെയും ക്ഷീണം കൊണ്ട് എപ്പോഴോ ഉറങ്ങി കട്ടിലിലേക്ക് വീണെന്ന് ഞെട്ടിയുണർന്നപ്പോഴാണ് മനസ്സിലായത് . 



ചടങ്ങുസമയത്ത് 'അമ്മ ഉടുപ്പിച്ചുതന്ന ചേലയ്ക്കു പകരമെന്നോണം തന്നെ വിവാഹം കഴിച്ചയാളുടെ ശരീരമാണെന്ന് അവൾ തിരിച്ചറിഞ്ഞു . എവിടേക്കും തിരിയാൻ കഴിയാത്തവിധം അയാളുടെ ഭാരം അവളെ നിസ്സഹായകയാക്കി . നിലവിളിക്കാൻ ശ്രമിച്ചെങ്കിലും അമ്മയുടെ ഉപദേശം മനസ്സിലേക്ക് കയറിവന്നു 



"അവരെന്ത് ചെയ്താലും കരയരുത് ... ദേഷ്യപ്പെടരുത് ... നിലവിളിക്കരുത് . ഇനി നിന്റെ വീട് അതാണ് . അവർക്കൊരു ഇഷ്ടക്കേടും ഉണ്ടാക്കരുത് . അവർക്ക് നീ ശല്യമായി തോന്നിയാൽ ചങ്ങലക്കിടും അല്ലെങ്കിൽ കൊല്ലും . എല്ലാത്തിനും അവർക്ക് അവകാശമുണ്ട് "  


'അമ്മ പറയുന്നതുപോലെ മിണ്ടാതിരിക്കുമ്പോഴും ശരീരം എവിടെയൊക്കെയോ നീറുന്ന വേദനയിൽ അവൾ ശബ്ദമില്ലാതെ നിലവിളിച്ചുകൊണ്ടിരുന്നു .



പിറ്റേന്ന് രാവിലെ അയാൾ എഴുന്നേറ്റ് പോകുംവരെ തന്നെ വേദനിപ്പിച്ചതോർത്തും  വിശപ്പും ക്ഷീണവും കൊണ്ടും അവളാകെ തളർന്നിരുന്നു . അടുത്തുകിടന്ന മുണ്ട് വാരിചുറ്റി ചുരുണ്ടുകൂടി കിടന്നതേ ഓർമയുള്ളൂ. 

"പുതുപ്പെണ്ണ് ഇനിയും ഉണർന്നില്ല " എന്നുള്ള വിളികളുമായി അടുത്തത്തിയവർ അവളെ കുലുക്കി വിളിച്ചു . 

"എനിക്ക് വയ്യ ...."

"ഏയ് ...നിങ്ങടെ ഇല്ലത്ത് എങ്ങനെയോ ആവട്ടെ , ഇവിടെ കുറച്ചു നിയമങ്ങളൊക്കെയുണ്ട് . പോയി കുളിച്ചു നാമജപം കഴിഞ്ഞു വരൂ "  അവർക്ക് തന്റെ അമ്മയോളം പ്രായമുണ്ടാവും എന്നവൾക്കു തോന്നി . എന്നിട്ടും ഇങ്ങനെയാണോ പെരുമാറ്റം . അവർ പോയപ്പോൾ കടന്നുവന്ന പണിക്കാരത്തികൾ എന്ന് തോന്നിപ്പിക്കുന്ന രണ്ടുപേർ അവളെനോക്കി ഭവ്യതയോടെ നിന്നു

"ഞാനിപ്പോൾ കുളിച്ചോളാം .... എനിക്കെഴുന്നേൽക്കാൻ വയ്യ "

അവർ രണ്ടുപേരും മുഖത്തോടു മുഖം നോക്കി 

"എത്ര ചെറിയ പെൺകുട്ടിയാണ് ... മനുഷ്യൻ കാണില്ല അതിന്റെ കണ്ണീര് "

"എന്നെ പിടിക്കാമോ ...എഴുന്നേൽക്കാൻ "

"അത് ...ഞങ്ങൾ തൊട്ടഅശുദ്ധാവും "

"അതെന്താ ..."

"ഞങ്ങള് നായർത്തികള ..."

"എന്റെ ഏട്ടൻ മാധവിയേടത്തിയെ തൊടാറുണ്ടല്ലോ , മാധവിയേടത്തി നായർത്തിയാണ് , എന്നിട്ട് അശുദ്ധമില്ലാലോ "

അവർ രണ്ടാളും അവളുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു 

"അത് സംബന്ധമാണ് .... അപ്പോൾ മാത്രം തൊടാം . എന്നിട്ട് കുളിച്ച നമ്പൂതിരിയുടെ  അശുദ്ധം പോകും "

"ആരോടും പറയില്ല . എന്നെ എഴുന്നേൽക്കാൻ സഹായിക്കാമോ ...ഞാനിപ്പോൾ കുളിച്ചോളാം "

ചുറ്റും ആരും വരുന്നുണ്ടോ നോക്കി അവളെ എഴുന്നേൽപ്പിച്ചിരുത്തി അവർ പിന്തിരിയുമ്പോൾ പരസ്പരം നാരായണിയുടെ അവസ്ഥയോർത്ത് പരിതപിച്ചു . 

പിന്നീടുള്ള പലദിവസങ്ങളിലും അവൾക്ക് ഇത്തരം വേദനിപ്പിക്കുന്ന അനുഭവങ്ങൾ മാത്രമായിരുന്നു . അതിനിടയിൽ അവൾ കൂടുതൽ അടുത്തത് പണിക്കാരികളോടാണ് . അവരുടെ വിഷമങ്ങൾ അവതരിപ്പിക്കപ്പെടുന്നതിനൊപ്പം അവളുടെ മുറിയിൽ വെച്ചിരുന്ന സാധനങ്ങളുടെ എണ്ണവും കുറഞ്ഞുവന്നു . 

ആ രണ്ടുവർഷത്തിലും അവൾ ഒരിക്കൽ മാത്രമാണ് സ്വന്തം ഇല്ലത്തേക്ക് പോയത് . അതും മൂത്ത സഹോദരന് കുഞ്ഞുണ്ടായി എന്നറിഞ്ഞപ്പോൾ . പാരമ്പര്യം വച്ച് കുടുംബത്തിലെ ഇളമുറ കാരണവർ ആ കുഞ്ഞാണ് . ഏട്ടനെ പലയിടത്തും നോക്കിയിട്ടും കണ്ടില്ലെങ്കിലും മാധവിയേടത്തിയെയും കുഞ്ഞിനേയും കാണാൻ സാധിച്ചു . അത് തന്റെ ഏട്ടന്റെ കുഞ്ഞാണെന്ന് മാധവിയേടത്തി പറഞ്ഞപ്പോൾ അയിത്തം മറന്ന് ആരുംകാണാതെ അവളതിനെ കുറേനേരം ഓമനിച്ചു . 

"നാരായണിക്കുട്ടി ഇന്ന് പോകുമോ ?"

"അറിയില്ല . അച്ഛനെന്ത് പറയും ന്ന്"

"ഏട്ടനെ കണ്ടില്ലാലോ എവിടെയും "

"കുട്ടീടെ ഏട്ടനിപ്പോൾ ഒളിവിലാണ് . വല്ലപ്പോഴും രാത്രിയിൽ വന്ന് ഞങ്ങളെ കണ്ടിട്ട് പോവുമെന്നേയുള്ളൂ , കുട്ടീടെ വേളി കഴിഞ്ഞേൽ പിന്നെ തറവാടിന്റെ പടി കേറീട്ടില്ല ".



"അതെന്താ ഏടത്തി "

"അങ്ങനെയാ .... ഏട്ടന് ഒട്ടും ഇഷ്ടല്ലാരുന്നു കുട്ടിയെ ആ കിഴവന് കൊടുക്കാൻ . അതിന്റെപേരിൽ ചെറിയ വാക്കുതർക്കം "

"വല്യേട്ടൻ ഒന്നും പറഞ്ഞില്ലേ ?"

"വല്യേട്ടൻ പറയില്ല . വല്യേട്ടന് ഇല്ലത്തെ സ്വത്തുക്കൾ കൈമറിയാൻ പാടില്ലാലോ "

"ഉം "

"വല്യേട്ടന്റെ കുഞ്ഞും ഈ കുഞ്ഞും ഒപ്പം വളരേണ്ടവരാണ് എന്ന് കമ്മ്യൂണിസ്റ്റുകാർ പറയാണ്, കുട്ടീടെ ഏട്ടനും പറയുന്നു "

"അതൊക്കെ നടക്കോ ഏടത്തി "

"നടക്കുമായിരിക്കും . .... കുട്ടിക്ക് അവിടെയെന്തുണ്ട് വിശേഷം ?"

വിശേഷം പറയാൻ കഴിയാതെ അവൾ കുഞ്ഞിനെക്കിടത്തി പിന്തിരിയുന്നത് വേദനയോടെ മാധവി നോക്കിയിരുന്നു . 


അതിനുശേഷം സ്വന്തം വീട്ടിലേക്ക് പോവാൻ ആശയുണ്ടെങ്കിലും ആരോട് പറയാനാണ് . നാണിയും കാശുവും മാത്രമേയുള്ളൂ ഈ വീട്ടിൽ അല്പമെങ്കിലും സ്നേഹമുള്ളവർ . പക്ഷെ അടിച്ചുതളിക്കല്ലാതെ അവർക്ക് വീട്ടിലേക്ക് കയറാൻ പാടില്ല , പുറത്തിറങ്ങി സംസാരിക്കാം എന്നുവെച്ചാൽ ആരെങ്കിലും കണ്ടാൽ പണിയായി . 



രണ്ടുവർഷത്തിനുശേഷം അവൾ ഋതുമതിയായത് എല്ലാവരും പറഞ്ഞ അടയാളങ്ങൾ വച്ചവൾ തിരിച്ചറിഞ്ഞു . പിന്നീടുള്ള ദിവസങ്ങളിൽ കൂടുതലായി ഭർത്താവിന്റെ ശല്യം സഹിക്കേണ്ടി വന്നതിൽ അവൾക്ക് വിഷമം ഉണ്ടായെങ്കിലും മാസത്തിൽ ഒന്പത് ദിവസം അല്പം വേദനയുണ്ടെങ്കിലും അയാളുടെ ശല്യമില്ലാതെ പണിക്കാരികളുടെ അടുത്തുള്ള ചായ്പ്പിൽ കിടന്നുറങ്ങാമെന്ന സന്തോഷമായിരുന്നു . ഇടയ്‌ക്കൊരുദിവസം മൊന്തയിൽ വെള്ളം നിറയ്ക്കാൻ അകത്തുകയറരുത് എന്നറിഞ്ഞിട്ടും കയറിയപ്പോൾ കണ്ടത് നാണിയുടെ കൂടെ കിടക്കുന്ന ഭർത്താവിനെയാണ് . ഇപ്പോൾ അയാളുടെ അയിത്തം എവിടെ പോയെന്ന്അവളോർത്തു


countinued







No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...