Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 17
-----------------



അവൾക്ക് പിന്നിലായി കുടിയിലേക്ക് നടക്കുമ്പോൾ മനസ്സിലൊരു ശൂന്യതയും ആണായിട്ടും ഈ കൊച്ചുപെണ്ണിന്റെ മുന്നിൽ തോറ്റുപോകുന്നപോലെ



 "അവൻ മരിച്ചോ ?"


"അറിയില്ല , പക്ഷേ മരിക്കണം ഇല്ലെങ്കിൽ ഞങ്ങൾക്കിനിയിവിടെ ജീവിക്കാൻ സാധിക്കില്ല . അവനെന്നെ കണ്ടിരുന്നു ,ജീവിച്ചുവന്നാൽ ..........


വേണ്ട അണ്ണാ ഞാനത്രയും കുത്തിയിട്ടുണ്ട് . എന്റെയും എന്നെപ്പോലുള്ളവരുടെയും ജീവിതത്തിൽ അവനെപേടിക്കാതെ ജീവിക്കാൻ കഴിയുന്ന നാളുകളുണ്ടാവണം ,ഇവിടത്തെ പെൺകുട്ടികൾ സമാധാനമായുറങ്ങിക്കോട്ടെ"



"
"ഉം "


ഞാനൊന്നും പറയാതെ സീതയുമായി നടന്നു , തണുപ്പും അപരിചിതമായ കാട്ടുവഴികളും സീതയെ ചുമന്ന് നടക്കുന്നത് കൂടുതൽ ആയാസമുള്ളതാക്കിയിരുന്നു , നിലാവിന്റെ വെട്ടമെങ്കിലും ഞാൻ പ്രതീക്ഷിച്ചു.


തിരികെയെത്തുമ്പോഴും എല്ലാവരും ഉറക്കത്തിൽ തന്നെയായിരുന്നു , മീനമ്മയെ താൻ കിടക്കുന്ന പായയിൽ കിടത്തി പുതപ്പിച്ചു , അടുത്തുതന്നെ മറ്റൊരുപായയിൽ സീതമ്മയെ കിടത്തി ഞാൻ തിരികെ പോകാൻ നിൽക്കുമ്പോൾ അവൾ വിളിച്ചു


"അണ്ണാ മീനമ്മാവ്‌ടെ സാവ്‌വാർത്ത അറിഞ്ഞാൽ നാളെ കല്യാണം നടക്കില്ല . എന്നെ പോലുള്ള പെണ്ണിനെ കിട്ടാതിരിക്കാൻ ദൈവം കൊണ്ടുതരുന്ന സൂചനയാണിത് "


"അല്ല മോളെ ഇതൊരു പുതിയ തുടക്കമാണ് , നിന്നെ ഇല്ലാതാക്കിയവരോടുള്ള പ്രതികാരം നീ ചെയ്തുകഴിഞ്ഞു .
ഇഷ്ടമില്ലാത്തവൻ തൊടുമ്പോൾ ഏതുപെണ്ണിനും സ്വന്തം ശരീരത്തോടും വ്യക്തിത്വത്തോടും അറപ്പുതോന്നും . നീയാഗ്രഹിക്കാതെ നിനക്കുവന്ന അസുഖംപോലെ ഇതിനെയും മറന്നുകളയണം .


കാട്ടിലൂടെ പോകുമ്പോൾ അറപ്പുണ്ടാക്കുന്നതരം അട്ടകൾ ശരീരത്തിൽ അള്ളിപ്പിടിച്ചു രക്തം കുടിക്കില്ല അതുപോലൊരസുഖം , അതിനെ വേർപെടുത്തിയെടുത്ത് വിഷം പോവാൻ നിങ്ങള് കൊറേ പച്ചിലമരുന്ന് പ്രയോഗിക്കില്ലെ അതുപോലെ ഒരുമരുന്നായിരുന്നു അവനെ നീ കൊന്നത് .


ഇതോടെ നിന്റെയെല്ലാ അഴുക്കുകളും പോയെന്ന് കരുതുക .
നീയാണ് സീതയ്ക്കും ഇതുപോലെ വേദനയനുഭവിക്കുന്ന ഒരുപാടുപേർക്കും താങ്ങാവേണ്ടത് . നിനക്കത്തിന് കഴിയുമെന്നെന്റെ മനസ്സുപറയുന്നു .


സ്വന്തം നിലനില്പിനുവേണ്ടി ആയുധമെടുക്കുന്നവർ കൂടുതലാണ് ശെമ്പകം , എന്നാൽ ചുറ്റുമുള്ളവരുടെയെല്ലാം ക്ഷേമത്തിനായി ആയുധമെടുക്കുന്നവനാണ് ത്യാഗി . അതെല്ലാവർക്കും കഴിഞ്ഞെന്നുവരില്ല നിന്നെപ്പോലെ ചിലർക്കുമാത്രം ."



"ഉം .... ആനാലും മീനമ്മ ഇപ്പിടി കിടക്കുമ്പോത് എപ്പടി കല്യാണം "


"മോളെ നീയതൊന്നും ആലോചിക്കേണ്ട , ഇന്ന് നിന്റെചുറ്റിലും ഞങ്ങളെല്ലാമുണ്ട് പക്ഷേ നാളെമുതൽ നീതനിച്ചാണ് അപ്പോൾ നിനക്കീ താലിയുടെ കവചം കൂടിയേതീരൂ . നാളെ വിവാഹത്തിനുശേഷം ഈ മരണവാർത്ത എല്ലാരുമറിഞ്ഞാൽ മതി ,വിവാഹം കഴിഞ്ഞശേഷം ഞാനെല്ലാവരോടും പറഞ്ഞോളാം . സീതയുടെ കാര്യം രാമയ്യനെ ഏൽപ്പിക്കാം "


"ഉം .."


ചെയ്യാൻ പാടില്ലാത്തതാണെങ്കിലും മരണം മറച്ചുവച്ചു ഞങ്ങളാ വിവാഹം നടത്തി . ആരുടേയും കണ്ണിൽപ്പെടാതെ മീനമ്മയുടെ ബോഡി ഞങ്ങൾ കാട്ടിലേക്ക് മാറ്റിയിരുന്നു . വിവാഹം കഴിഞ്ഞതും രാമയ്യന്റെ സഹായത്തോടെ മീനമ്മയെ എല്ലാവരുടെയും മുന്നിലേക്ക് കൊണ്ടുവന്നു .


നോട്ടം കൊണ്ട് കാരണം കണ്ടുപിടിക്കുന്ന ആദിവാദികളോട് കുറച്ചുമുമ്പേ മരിച്ചെന്ന് പറയാൻ കഴിഞ്ഞില്ല . സത്യങ്ങൾ അവരെയറിയിക്കുമ്പോൾ പ്രതീക്ഷിച്ചപോലൊരു ഞെട്ടലോ ഞങ്ങളെ കുറ്റപ്പെടുത്തലോ ഉണ്ടായില്ല .


എല്ലാമവരുടെ വിധിയെന്നുള്ള സ്വയം സമാധാനമേ ഉണ്ടായുള്ളൂ ഒപ്പം നിയന്ത്രിക്കാനാവാത്ത കരച്ചിലും .
തിങ്കളാഴ്ചയായതുകൊണ്ട് സംസ്കാരത്തിൽ പങ്കെടുക്കാൻ നിൽക്കാതെ രാമയ്യനെയും കൂട്ടിഞാൻ മലയിറങ്ങി .


ഇരുനൂറോളം കിലോമീറ്ററുകൾ കാട്ടുവഴികളിലൂടെ നടക്കുമ്പോഴാണ് രാമയ്യൻ കുറച്ചുനാൾ മുൻപ് കാട്ടിൽ വിപ്ലവമുണ്ടാക്കാൻ വന്നിട്ട് പെട്ടെന്നൊരുദിവസം മടങ്ങിപ്പോയ ശരത്തിനെയും അജീഷിനെയും കുറിച്ച് പറയുന്നത് .


അടിമകൾക്ക്‌ അക്ഷരാഭ്യാസം നൽകാനും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും വീടും നാടുമുപേക്ഷിച്ചു കാടുകയറിയ ചെറുപ്പക്കാർ വൃത്തിയും വെടിപ്പും പഠനത്തിന്റെ ആവശ്യവും അവരെപറഞ്ഞു മനസ്സിലാക്കുന്നതിൽ ഒരുപരിധിവരെ വിജയിച്ചതായിരുന്നെങ്കിലും കൂടുതൽ മുന്നോട്ടുപോവാതെ പിന്തിരിഞ്ഞോടുകയായിരിന്നു.



"അതെന്തുപറ്റി ?"


"അവർക്കവിടെ നിലനില്പില്ലായിരുന്നു "



"എന്നുവെച്ചാൽ ആദിവാസിയെ നന്നാക്കാൻ ആരെയും സമ്മതിക്കില്ലെന്ന് കച്ചകെട്ടിയിറങ്ങിയ ചിലരുണ്ടായിരുന്നു . അവർ പ്രതികരിച്ചതാവും "


"ഉം ....എന്ത് മനുഷ്യർ ആണല്ലേ ...."


"അതെ വിദ്യാ ....അന്ന് രാമയ്യനോടൊപ്പം മലയിറങ്ങിയപ്പോഴാണ് അച്ഛനും അമ്മയും വന്നിട്ട് രണ്ടുദിവസമായെന്നറിയുന്നതു .
അച്ഛനെ എളുപ്പത്തിൽ പറഞ്ഞുമനസ്സിലാക്കാൻ സാധിച്ചെങ്കിലും എത്രെയും പെട്ടെന്ന് മറ്റൊരിടത്തേക്കുള്ള ട്രാൻസ്ഫർ എന്ന വാക്ക് അംഗീകരിക്കേണ്ടി വന്നു .



അമ്മയുടെ ഏറ്റവുംവലിയ പരാതി എനിക്ക് വിവാഹപ്രായം ആയെന്നും പെട്ടെന്നൊരു മരുമകളെ വേണമെന്നുള്ള സങ്കടമായിരുന്നു . ട്രാൻസ്ഫർ കിട്ടിയിട്ട് നോക്കാമെന്ന വ്യവസ്ഥയിൽ അതും അപൂർണ്ണമായി സമ്മതിച്ചു .
എന്നോടൊപ്പം രണ്ടുദിവസം കൂടെ നിന്നിട്ടാണ് അവർ മടങ്ങിയത് .


അതിനിടയ്ക്ക് അച്ഛൻ ആശുപത്രിയും പരിസരവും പരിചയപ്പെട്ടു . ഇറങ്ങാൻ നേരം


 "നിന്നെയോർത്ത്എനിക്കിപ്പോൾ അഭിമാനം തോന്നുന്നുണ്ട് " എന്നച്ഛൻ പറഞ്ഞത് അതുവരെയില്ലാത്ത ആവേശം തോന്നിപ്പിച്ചു .



പിന്നീടുള്ള ദിവസങ്ങളിലായിരുന്നു കറുപ്പന്റെ അഭാവം നന്നായറിഞ്ഞത് . ശനിയാഴ്ച ഉച്ചയ്ക്ക് മലകയറാൻ ഉറപ്പിച്ചിരിക്കുമ്പോൾ അന്ന് രാവിലെത്തന്നെ കറുപ്പൻ തിരികെയെത്തി കൂടെ ശെമ്പകവും .!



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...