Tuesday 11 July 2017

അയാളും ഞാനും തമ്മിൽ ഭാഗം 12
-------------------


അതിരാവിലെ പലപ്പോഴും സ്‌കൂളിലേക്കുവരുന്ന കുട്ടികളുടെകൂടെ മലയിറങ്ങാൻ ഞങ്ങളുമുണ്ടായിരുന്നു ,


   കൂടുതൽദൂരത്തുള്ള കോളനികളിലേക്കുപോകുമ്പോഴെല്ലാം ആശുപത്രിയിലെത്തി ഭക്ഷണം കഴിക്കാൻ പോലും നേരം കിട്ടാറില്ല .

പാക്കരേട്ടന്റെ കടയിൽ നിന്നും കൊണ്ടുവരുന്ന ചായ പലപ്പോഴും ആറിത്തണുത്തുപോയിരിക്കും ,
ആദ്യമൊക്കെ ജനലിലൂടെ പുറത്തേക്കൊഴിച്ചു കളയുമെങ്കിലും കോളനികളിലെ അനുഭവങ്ങൾ ഓർക്കുമ്പോൾ ഏറെ സ്വാദോടെ കഴിക്കാറുണ്ട് അല്ലെങ്കിൽ ഏതെങ്കിലും രോഗികൾക്ക് നീട്ടും .


ചിലദിവസങ്ങളിൽ എന്റെഭക്ഷണം ഈ ചായമാത്രമായിരുന്നു .എത്ര സമയംകിട്ടിയാലും കറുപ്പനും ഞാൻകഴിച്ചില്ലെങ്കിൽ ഒന്നും കഴിക്കാറില്ല ,നന്ദിയുള്ള കാവൽക്കരനെപ്പോലെ അവനെനിക്ക് കൂട്ടുനിൽക്കും .


 " നീയെന്റെ സുഹൃത്തല്ലേ നിനക്കുവിശക്കുമ്പോൾ കഴിച്ചൂടെ ചോദിച്ചാൽ

"നൻപൻ പസിയായിരുക്കുമ്പോത് നാൻ എപ്പടി " എന്നുള്ള മറുപടിയിൽ ഞാൻ കുഴഞ്ഞുപോകും ."


"നിങ്ങളുടെ ഭാഗ്യമാണ് "


എനിക്കില്ലാത്ത ഇത്തരം സന്തോഷങ്ങളെക്കുറിച്ചോർത്തപ്പോൾ ആദ്യമായെനിക്ക് നിരാശ തോന്നി .


"ഭാഗ്യം വന്നുചേരുന്നതല്ലേ വിദ്യ , ബന്ധങ്ങൾ നമ്മളുണ്ടാക്കുന്നതും . കുടുംബത്തെയും കുറച്ചു സൗകര്യങ്ങളെയും തല്ക്കാലം മാറ്റിവെച്ചപ്പോൾ എനിക്കുകിട്ടിയ സന്തോഷം ആണിവരെല്ലാം .


പക്ഷേ അവനതൊന്നുമൊരു ക്ഷീണവുമായിരുന്നില്ല ട്ടോ . നാലുദിവസം പട്ടിണികിടന്ന അനുഭവങ്ങളൊക്കെ ഉണ്ട് അവന് , ആഴ്ചക്കണക്കിന് പട്ടിണികിടന്നത് പറയാൻ കോളനിക്കാർക്കും .എന്റെമുന്നിലെത്തുന്നവരിൽ ഓരോരുത്തരും ഇല്ലായ്മകളുടെ കൂമ്പാരങ്ങളായിരുന്നു .



ആശുപത്രിയിലെത്തി ചടങ്ങു തീർത്ത് മരുന്നുമായി തിരിക്കാൻ വരുന്ന
രോഗികളെ നോക്കാൻ ഞാനേറെ സമയമെടുക്കുന്നുണ്ടെന്ന് ചിലപ്പോഴൊക്കെ കാത്തുനിൽക്കുന്നവരുടെ പരാതി വരാറുണ്ടെങ്കിലും എം ബി ബി എസ് മാത്രം കഴിഞ്ഞ എന്റെ അനുഭവക്കുറവും പിന്നെ മെഡിക്കൽ എത്തിക്സ് പ്രകാരം മുന്നിലെത്തുന്ന രോഗിയെ വിശദമായി പരിശോധിക്കണമെന്ന നിർബന്ധവും ,എഴുതിക്കൊടുക്കുന്ന മരുന്നുകളെക്കുറിച്ചുംവിശദമായി പറഞ്ഞുകൊടുക്കുമ്പോൾ നേരമെടുക്കാതെങ്ങനെയാണ് ."



"ങേ ...! അതെന്തിനാ മരുന്നിനെക്കുറിച്ചു പറയുന്നേ ? "


 എനിക്കിതൊന്നും പതിവില്ലാത്തതുകൊണ്ടും , രോഗംപറയും മുന്നേ കുറിപ്പടിയെഴുതുന്നത് കണ്ട് ശീലിച്ചതുകൊണ്ടും പുതുമയായിത്തോന്നി


" നമ്മളെന്താണ് കഴിക്കുന്നതെന്ന ബോധ്യം നമുക്കുവേണം , ഇല്ലെങ്കിൽ അറിയുന്നവർ പറഞ്ഞുകൊടുക്കണം , അതവരുടെ അവകാശമാണ് നമ്മുടെ കടമയും , മെഡിസിൻ കഴിക്കുന്നതുകൊണ്ടുള്ള എഫക്ട് എന്തെന്ന് പറയണം ,എങ്ങനെ സൂക്ഷിക്കണമെന്നും ,എത്രകാലം ഉപയോഗിക്കാമെന്നും . .
കവർ പൊട്ടിച്ചതോ ,കാലാവധി കഴിഞ്ഞതോ ,കൃത്യമായ താപനിലയിൽ സൂക്ഷിക്കാത്തതോ ആയ മെഡിസിൻസ് വിഷത്തിന് തുല്യമാണ് . പലരും ഇതൊന്നും മനസ്സിലാക്കുന്നില്ലെന്ന് മാത്രം ."



"ഉം "

 ശരിയാണ് അയാൾ പറയുന്നത് എങ്കിലും കൂടുതൽ അതേക്കുറിച്ചു ചർച്ച ചെയ്യാനെനിക്ക് നേരമില്ലായിരുന്നു .


"എന്നാലും ഹോസ്പിറ്റലിലെ ആർക്കുമിതിൽ പരാതിയൊന്നുമില്ല ട്ടോ . അവരുടെ അനുഭവത്തിൽ ആദ്യമായാണ് ഇത്രയും ആളുകളിവിടെ ഉണ്ടാവുന്നത് .


 അവർ ഉത്തരവാദിത്തങ്ങളുടെ പുതിയ ലോകത്തായിരുന്നു
ശങ്കരേട്ടൻ രാവിലെ വനാതിർത്തിവരെ ആംബുലൻസുമായി ചെന്ന് ആശുപത്രിയിലേക്ക് വരുന്നവരെയും , ഒപ്പം സ്‌കൂൾകുട്ടികളെയും കയറ്റിവരും , ഉച്ചയ്ക്ക് രോഗികളെ വിടാനും ഒരു ട്രിപ്പ് ,വൈകുന്നേരം എന്റെയൊപ്പം കോളനി സന്ദർശനങ്ങൾക്കു വന്നില്ലെങ്കിലോ ഞാൻ പോവാതിരുന്നാലോ സ്‌കൂൾ വിടുമ്പോൾ കുട്ടികളെ വനാതിർത്തിവരെ നാലഞ്ചു കിലോമീറ്റർ കൊണ്ടുവിടലുമായി തിരക്കിലാവും .


ഇപ്പോൾ ശങ്കരേട്ടന് അറിയാം ആംബുലൻസിനുവേണ്ടി എത്ര സഹായം ഗവണ്മെന്റിൽനിന്നും കിട്ടുമെന്നും അത് ജനസേവനത്തിന് വേണ്ടിയാണെന്നും .എങ്കിലും ആർക്കും ഉപദ്രവമില്ലാത്ത കുപ്പിപെറുക്കൽ നിർത്തിയില്ല ട്ടോ ,ആശുപത്രിയുടെ പുറകിലെ വാട്ടർ ടാങ്കിനടിയിലേക്ക് അവർ "കുടിസ്ഥലം "ഷിഫ്റ്റ് ചെയ്തിരുന്നു , ആരും നിർബന്ധിച്ചല്ല അവർക്കുസ്വയം തോന്നിയിട്ട് . "



"ഹ ഹ മാതൃകാ കുടിയന്മാർ "


"നമുക്കുമുന്നിൽ വ്യക്തമായ ലക്ഷ്യവും അതുനേടാമെന്നുള്ള അതീയായ ആഗ്രഹമുണ്ടെങ്കിൽ എല്ലാം വഴിയേ വന്നുചേരുമെന്ന് കേട്ടിട്ടില്ലേ ? അതനുഭവത്തിൽ വന്നത് ഇതുപോലെ ഒരുപാട് സൂചകങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിരുന്നു


അറ്റൻഡർ കൊവാലെട്ടന് നിന്നുതിരിയാൻ നേരമില്ല , ഞാനെഴുതിക്കൊടുക്കുന്ന മരുന്നുകൾ ഫാർമസിയിൽനിന്നും എടുത്തുകൊടുക്കലുംഎന്റെയൊപ്പം മുടങ്ങാതെ കോളനി സന്ദർശനവും തുടങ്ങി ആശുപത്രിയിലെ മിക്കജോലികളും ആൾക്കുതന്നെ ആയിരുന്നല്ലോ


സുനിതേച്ചിക്കു അതിലേറെ തിരക്കാണ് , ഇൻജക്ഷനും ,മറ്റുപരിശോധനകളും ഇതിനോടകം അവരെഞാൻ പഠിപ്പിച്ചിരുന്നു , എങ്കിലും സുനിതേച്ചിയുടെ അർപ്പണബോധമാണ് ഇത്രകഷ്ട്ടപ്പെടാനും അവരെ പ്രാപ്തയാക്കിയത് .


കറുപ്പനാണെങ്കിൽ പൂന്തോട്ടം ,പച്ചക്കറിത്തോട്ടം തുടങ്ങിയ വെച്ചുപിടിപ്പിക്കലും പരിപാലനവും പരിശോധനകഴിയുമ്പോൾ മുതൽ എന്റെനിഴലിന്റെ ജോലിയും ഏറ്റെടുത്തു.


ഒരാശുപത്രി എന്നതിനപ്പുറം അവരുടെയെല്ലാം പ്രിയപ്പെട്ട സ്ഥലം എന്നുവേണമെങ്കിൽ പറയാം . അതുപോലെത്തന്നെ സ്‌കൂളും നാട്ടുകാർക്കേറെ പ്രിയപ്പെട്ടതായിത്തുടങ്ങി .


ഉച്ചഭക്ഷണം മാത്രം ഉന്നംവെച്ചെത്തുന്ന കുട്ടികളിൽ പലരും ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു ഇല്ലായ്മയിൽ നിന്നുവന്നിട്ടും അവരുടെ ഗ്രാസ്‌പിങ് പവർ എടുത്തുപറയേണ്ടതാണ് . പാക്കരേട്ടന്റെ കടയിൽ ഇപ്പോൾ നല്ല തിരക്കാണ് .


എന്നാലും എനിക്കുള്ള ഭക്ഷണം കൃത്യമായി ഉണ്ടാക്കാറുണ്ട് , കൂടാതെ പൈസകൊടുത്താൽ വാങ്ങുകയുമില്ല .

"നിങ്ങൾ ഈ നാടിന്റെ വെളിച്ചമാണ് ,വെച്ചുവിളമ്പാന് കഴിഞ്ഞതെന്റെ ഭാഗ്യമാണ് " എന്നുപറഞ്ഞൊഴിയും .


ഇടയ്ക്കൊക്കെ എന്റെകൂടെ മലകേറാൻ വരുമ്പോൾ കടയിൽ ബാക്കിയായത് കൂടെ പൊതിഞ്ഞെടുക്കും , കോളനിയിലെ ആൾക്കാർക്ക് വീതിച്ചുകൊടുത്തശേഷം "ശരിയല്ലേ " എന്ന രീതിയിലെന്നെ നോക്കും .


 അതിനായി കാത്തിരിക്കുന്ന കോളനിക്കാരെ കണ്ടപ്പോഴാണ് ഓരോ മലകയറ്റത്തിലും കറുപ്പന്റെ ചുമലിന് അരിച്ചാക്കിന്റെ ഭാരംകൂടിഞ്ഞാൻ നൽകിത്തുടങ്ങിയത് ...!!!


തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...