Tuesday 11 July 2017

അയാളും ഞാനും തമ്മിൽ ഭാഗം 14 ----



"അവനവളെ വിവാഹം ചെയ്തെന്നോ "?

എനിക്ക് വിശ്വസിക്കാനല്പം വിഷമം തോന്നി , അല്ലെങ്കിലും നല്ലതുകണ്ടാൽ നമ്മുക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കില്ല


  "വിദ്യാ അറിവില്ലാത്തവർക്കുപോലും പെണ്ണിനേയും മണ്ണിനെയും തിരിച്ചറിയുമ്പോൾ അതെല്ലാമുണ്ടായിട്ടും മാനഭംഗത്തിനിരയാവുന്നവരുടെ ലിസ്റ്റ് നമ്മുടെയിടയിലെത്ര വലുതെന്നോർക്കണം .


ആ ദിവസം കറുപ്പൻ ഏല്പിച്ചുതന്ന രാമയ്യനുമായി ഞങ്ങൾ മലകയറി വീണ്ടും ഏതൊക്കെയോ ഊരുകളിൽ.... കോളനികളിൽ.


കുടികൾ തോറും കയറിയിറങ്ങി . ഞങ്ങൾ പറയുന്നത് അത്ഭുതമെന്നപോലെ നോക്കിനിന്നതല്ലാതെ പുരോഗതിയൊന്നും കണ്ടില്ലെങ്കിലും ഇടയിൽ വച്ചൊരു സ്ത്രീ ഓടിവന്നിട്ട് പ്രസവ വേദനയെടുത്ത് നിലവിളിക്കുന്ന പെൺകുട്ടിയുടെ കാര്യം പറഞ്ഞു .


പക്ഷേ അവളുടെ കുടുംബത്തിന് ഊരുവിലക്ക് പൂർത്തിയാവാത്തതിനാൽ ഊരുനിയമം അനുസരിച്ചു ആർക്കും അടുത്തുപോവാൻ കഴിഞ്ഞില്ല , അത് ദൈവകോപമുണ്ടാക്കുമെന്ന വിശ്വാസത്തെ ഭയന്ന് വേദനയോടെ അവളെ നോക്കി നിൽക്കാനേ അവർക്ക് സാധിച്ചുള്ളൂ .



ഇതിനിടയിൽ ഞാൻ ഡോക്റ്ററാണെന്ന തിരിച്ചറിവുവന്ന ആരോ ഓടിവന്നെന്നോട് യാചിച്ചു , പിന്നെ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു ,


അവരുടെ നിയമപ്രകാരം പുറത്തുനിന്നും വരുന്ന ഞങ്ങൾക്ക് പ്രശ്നമില്ല ത്രെ .
പക്ഷേ ഒരാണായതുകൊണ്ട് അവൾക്കടുത്തേക്ക് വിടാനും മടി .


എം ബി ബി എസ് മാത്രമുള്ള എനിക്ക് ഗൈനക്കോളജി വല്യ കയ്യടക്കമില്ലെങ്കിലും എന്തൊധൈര്യത്തിൽ അവൾക്കടുത്തേക്ക് ചെന്നു .


 എന്റെ മനസ്സിലുണ്ടായിരുന്ന അവളെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും തെറ്റിയത് അവളെ കണ്ടപ്പോഴാണ് . ഏകദേശം പതിനാലോ പതിനാറോ പ്രായമുണ്ടാവുന്ന മെലിഞ്ഞൊട്ടിയ പെണ്ണ് . ഇവളെങ്ങനെ ഗർഭിണിയായി എന്നതിനുപകരം ഇവളെങ്ങനെ ഇത്രകാലം ഈ വയറുംപേറി നടന്നു ... ആ
പെണ്ണിനെയോർത്തു അഭിമാനം തോന്നിയ നിമിഷമായിരുന്നത് .



എന്നെക്കണ്ടതും ചുറ്റുമുള്ളവർ എഴുന്നേറ്റ് ഓലമറയിൽ നിന്നും പുറത്തുപോയി . അവൾ അടുത്തുവരേണ്ടെന്ന അർത്ഥത്തിൽ എന്നെനോക്കികൊണ്ടിരുന്നു , എന്താ ചെയ്യേണ്ടതെന്ന് പിടികിട്ടാതായപ്പോൾ കയറ്റുപിരി കട്ടിലിൽ ഞാനിരുന്നു .



പേടികൊണ്ടോ ക്ഷീണംകൊണ്ടോ വേദനകൊണ്ടോ തേങ്ങുന്ന അവളുടെ നെറ്റിയിൽ വീണുകിടന്ന ചെമ്പൻ മുടിയൊതുക്കി നെറ്റിയിൽ തലോടിയപ്പോൾ അവളൊന്ന് ശാന്തമായപോലെ തോന്നി പിന്നെയും ഒരുറപ്പിനു വേണ്ടി


" നീയെന്റെ പെങ്ങളല്ലേ മോളെ ...പേടിക്കണ്ട "


എന്നുപറഞ് എഴുന്നേൽക്കുമ്പോൾ അവളെന്റെ കൈകൾ മുറുകെ പിടിച്ചിരുന്നു ,എവിടുന്നോ വന്ന കണ്ണുനീർത്തുള്ളിയിൽ അവളുടെ മനസ്സുവായിക്കാനെനിക്ക് കഴിഞ്ഞു .


അതിനിടയ്ക്ക് വീണ്ടുമവൾക്ക് വേദന കൂടി , പിന്നെയെല്ലാം പെട്ടെന്നായിരുന്നു , ആധൂനിക സൗകര്യങ്ങളൊന്നുമില്ലാതെ പ്രസവമെടുത്തുള്ള അനുഭവമില്ലാത്ത എന്റെ കൈകളിലേക്ക് കാടിന്റെ മകൾ പിറന്നുവീണു
"


"അയ്യോ ....!"


എനിക്കുമുന്നിൽ അയാൾ വലിയൊരു അത്ഭുതമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു .


" പൊക്കിള്ക്കൊടിയറുക്കാൻ കൊണ്ടുവന്ന മുളയുടെ ചീളുകണ്ട്‌ ഞാനാദ്യം അമ്പരന്നെകിലും പിന്നെ മറ്റുവഴികളില്ലാതെ അതുവാങ്ങിയുപയോഗിച്ചു . അതിനിടയ്ക്ക് ആരൊക്കെയോകൊണ്ടുവന്ന പച്ചിലമരുന്നുകൾ അവർ പറയുംപോലെ ചെയ്തുകൊടുത്ത് നിമിഷങ്ങൾക്കകം അവൾ കണ്ണുതുറന്നു ,


പട്ടിണിയിലും വേദനയിലും തളരാത്ത അവളുടെ മകളെ അരികിൽ കിടത്തുമ്പോൾ ലോകം ജയിച്ച സന്തോഷമുണ്ടായിരുന്നെനിക്കു ഒപ്പം ആ കുഞ്ഞിനുവേണ്ടുന്ന മുലപ്പാലുപോലും നൽകാനുള്ള ശേഷിയവൾക്കില്ലെന്നവിഷമവും .


ഇതുപോലെ എത്രയെത്ര കുഞ്ഞുങ്ങൾ വയറ്റിനുള്ളിലും പുറത്തുംവെച്ചു ആഹാരമില്ലാതെ ജീവൻ വെടിയുന്നുണ്ട് . ഉടുമുണ്ട് മാറ്റിയുടുക്കാനില്ലാത്തവന്റെ നിലവിളിയൊന്നും കേൾക്കാനുള്ള മനസ്സ്‌ മുന്നിലെത്തുന്ന ഭക്ഷണത്തെ വലിച്ചെറിയുന്ന നമ്മൾക്കെങ്ങനെയറിയും "



"ഉം ,ശരിയാണ് എങ്കിലും പ്രസവം നോക്കുമ്പോൾ മടി തോന്നിയില്ലേ ?"



"ആതുരസേവകന്റെ മുന്നിൽ ആണും പെണ്ണും എന്നവ്യത്യാസമില്ല മനുഷ്യനെന്ന വിശ്വാസം മാത്രം . പിന്നെ ലോകത്തുള്ള എല്ലാ മനുഷ്യ സ്ത്രീകളുടെയും പുരുഷൻമാരുടെയും ശരീരഘടന ഒന്നാണ് വിദ്യാ എത്ര മറച്ചുവെച്ചാലും പരസ്പരമറിയുന്ന സത്യമാണത് ...


പക്ഷേ മറ്റുമൃഗങ്ങളിൽ നിന്നും നമ്മളെ വ്യത്യസ്തരാകുന്നത് മനസ്സാണ് , അമ്മയെയും അച്ഛനെയും പെങ്ങളെയും മക്കളെയും തിരിച്ചറിയാനുള്ള വിവേകവും , പരസ്പരം നൽകുന്ന മതിപ്പും വിലയും ആണ് നമ്മുടെ പ്രേതെകത .


കോലിൽ തുണിചുറ്റിയാലും ഭോഗവസ്തുവായി കാണുന്നൊരുത്തൻ കൊടുത്ത സമ്മാനത്തെ ഊരുവിലക്കും വാങ്ങിയാ പെൺകുട്ടി കൊണ്ടുനടക്കേണ്ടി വരില്ലായിരുന്നു മനുഷ്യഗണത്തിൽ പെട്ട ചിലരെങ്കിലും അന്നാ ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് എല്ലാം കഴിഞ്ഞുമലയിറങ്ങുമ്പോൾ രാമയ്യനെന്നോട് പറഞ്ഞുതന്നു .


അന്ന് മരണത്തിൽനിന്നും പച്ചമരുന്നുകളുടെ ബലത്തിൽ നേരിയ വ്യത്യാസത്തിലാണ് അവൾ ജീവിതത്തിലേക്ക് മടങ്ങിവന്നതത്രെ.


ശെമ്പകത്തിനും ഞാൻ പ്രസവം നോക്കിയ രാധമ്മയ്ക്കും മാത്രമല്ല ഈ ദുരന്തമെന്നും ഏതുപെണ്ണിനും എപ്പോൾവേണമെങ്കിലും സംഭവിക്കാവുന്ന കാട്ടിലെ ഏറ്റവുംവലിയ ആപത്ത് ഇങ്ങനെ കയറിവരുന്ന ദുരന്തങ്ങളാണെന്നും ഒപ്പം തന്റെ പെങ്ങൾക്കും ഇതേയവസ്ഥ ഉണ്ടായത് പറഞ്ഞുകരഞ്ഞപ്പോൾ മറുപടിയില്ലാതെ ഒരായിരം നിലവിളികൾ കാതിലും വേദന നെഞ്ചിലുമേറ്റുവാങ്ങി രാമയ്യൻ കാണിച്ച വഴിയിലൂടെ നടക്കുകയായിരുന്നു ഞങ്ങൾ .


കറുപ്പന്റെ കുടിയിലെത്തുമ്പോഴേക്കും വിവാഹത്തിന്റെ ചടങ്ങുകൾ തുടങ്ങിയിരുന്നു..


ഇത്ര ചുരുങ്ങിയസമയം കൊണ്ട് ഇല്ലായ്മകളിൽ തളരാതെ അവിടൊരു കല്യാണവീടൊരുങ്ങിയിരിക്കുന്നു . അവന്നുകൂട്ടായി നിൽക്കുന്ന സുഹൃത്തുക്കളെയും കോളനിക്കാരെയും കണ്ടപ്പോൾ സമൃദ്ധിയുടെ നടുവിൽ പരസ്പരം പാരവെച്ചും ഏഷണിക്കൂട്ടിയും ചതിച്ചും പറ്റിച്ചും കഴിയുന്ന മാനുഷികമൂല്യങ്ങൾക്കു ദാരിദ്രം വന്ന നഗരജീവികളെ ഓർത്തുപോയി .


ഇത്രകാലം കൊണ്ട് ഉറ്റവനായ കറുപ്പനെന്താണ് സമ്മാനം കൊടുക്കേണ്ടതെന്നറിയാതെ കുഴങ്ങിപ്പോയിരുന്നു .


കോട്ടേഴ്‌സിൽപോയി പൈസയെടുത്തു ടൗണിൽ ചെന്നു സമ്മാനംവാങ്ങി വരാനുള്ള നേരമില്ല . ഈ രാത്രി വനത്തിലൂടെ യാത്ര അസാധ്യവും , ജോലികിട്ടി ഇവിടേക്കുംവരും മുൻപ് അമ്മയിട്ടുതന്ന മാലയഴിച്ചു കയ്യിൽ വെച്ച് എന്റെ പെങ്ങളെ കാണുവാനായി അകത്തേക്ക് നടന്നു ...




തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...