Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 34
-----------------------



ഒരുപാട് ടെൻഷനും ആശങ്കകളും ഉണ്ടായിരുന്നെങ്കിലും നല്ലരീതിയിൽ നടത്താൻ കഴിയുമെന്ന് തോന്നുന്നുണ്ടായിരുന്നു .


എനിക്ക് നിർദേശങ്ങൾ നല്കാനല്ലാതെ മാവോയിസ്റ് എന്നപേരുള്ളതുകൊണ്ട് അവരുടെകൂടെകൂടാൻ സാധ്യമല്ലായിരുന്നു .


പ്രതീക്ഷിച്ചതിലും അധികം ആളുകൾ പരിപാടിക്കുവന്നത് ചെറിയൊരു പേടിയുണ്ടാക്കിയെങ്കിലും മനസ്സുനിറഞ്ഞെന്നുതന്നെ പറയാം .


ഒരു വശത്ത് ആദിവാസി -നാടൻ വിഭവങ്ങൾ , ഒരിടത്ത് എക്സിബിഷൻ , ഒരിടത്ത് സ്റ്റേജിൽ നിർത്താതെ തുടർന്നോണ്ടിരിക്കുന്ന കലാപരിപാടികൾ .


 കുട്ടികൾക്ക് കളിക്കാൻ ഉള്ള ഉപകരണങ്ങൾ ഒരുവശത്ത് . ഇതിനിടയിൽ ഓടിനടക്കുന്ന ആദിവാസിചെറുപ്പക്കാരും ഒപ്പം ശരത്തിന്റെയും വിഷ്ണുവിന്റെയും എന്റെയും സുഹൃത്തുക്കളും .


കാര്യമായി ചെലവില്ലാതെ ആദരിക്കപ്പെടാനും , മന്ത്രിയായി ആദിവാസിക്ക് എന്തൊക്കെയോ ചെയ്തെന്ന് ബോധ്യപ്പെടുത്താൻ കിട്ടിയ അവസരം പാഴാക്കാതെ സമയത്തിനുതന്നെ മന്ത്രിമാരും എത്തി .


സോഷ്യൽ മീഡിയയിലൂടെ ഉള്ള ശരത്തിന്റെ കൂട്ടുകാരുടെ പ്രൊമോഷൻ പരിപാടികൾ ഫലം കണ്ടു . അല്ലെങ്കിലും ഇക്കാലത്ത് വൈറൽ ആവാതെ ആരും ശ്രദ്ധിക്കില്ലാലോ .


എല്ലാവരുടെയും വാഗ്ദാനപ്രസംഗങ്ങൾക്കുശേഷമാണ് ആദിവാസിയുടെ ഭാഗത്തുനിന്നും നന്ദിപറയാൻ ശെമ്പകം വേദിയിലെത്തുന്നത് .


ആളുകളുടെമുന്നിൽ നിൽക്കാനുള്ളമടി അവൾ ആദ്യംമുതലെ പറയാറുണ്ടായിരുന്നെങ്കിലും സ്റ്റേജിൽ അതൊന്നും കണ്ടില്ലെന്ന് മാത്രമല്ല എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു അവളുടെ വാക്കുകൾ എന്നെപ്പോലെ മറ്റുള്ളവരെയും . "



"അവളെന്താ പറഞ്ഞെ ...?"

പ്രസംഗം കേൾക്കാൻ എനിക്കുപണ്ടേ ഇഷ്ടമാണ്


"കൃത്യമായി എനിക്കോർമ്മയില്ല ...


ഞങ്ങളുടെ ക്ഷണം സ്വീകരിച്ചിവിടെയെത്തിച്ചേർന്ന അഭിവന്ദ്യ സദസിന് നമസ്കാരം ,


ഇന്ന് അടിച്ചമർത്തപ്പെട്ട ഒരുസമൂഹത്തിന്റെ പ്രതിനിധിയായി നിങ്ങളുടെമുന്നിൽ നിൽക്കാൻ കഴിഞ്ഞത് ഭാഗ്യമെന്നുതന്നെയാണ് ഞാൻ കരുതുന്നത് കാരണം അടിയാളരായ ഞങ്ങൾക്കുമുന്നിൽ നിങ്ങളുടെ വാതിലുകൾ ഇന്നേവരെയും തുറക്കപ്പെട്ടിട്ടില്ല ,


ഇനിയും സംഭവിക്കില്ലായിരിക്കാം കാരണം വനത്തിൽ താമസിക്കുന്നതിനാൽ മൃഗമായി കാണുന്നവരും , പൊട്ടുതൊട്ടതിനാൽ ഹിന്ദുവായി കാണുന്നവരും , മൃഗങ്ങളെ ചുട്ടുതിന്നുന്നതിനാൽ അസുരന്മാരായും ഞങ്ങളെ കാണുന്നവരാണധികവും .


അവർക്കൊരിക്കലും ഞങ്ങളെപോലുള്ളവരെ അംഗീകരിക്കാൻ സാധിക്കില്ല . മജ്ജയും മാംസവും രക്തവും മനസ്സും ഉള്ള മനുഷ്യവർഗം തന്നെ ഞങ്ങളെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഞാൻ ഇന്നീ വേദിയിൽ നിൽക്കാൻ കാരണമായ ഞങ്ങളെ സംരക്ഷിച്ച കുറ്റത്തിന് ജീവിതം നശിക്കപ്പെട്ടതും ,അംഗഭംഗം സംഭവിച്ചതും മരണത്തിനുവരെ കീഴടങ്ങേണ്ടി വന്നവരുമായ ഞങ്ങളുടെ ദൈവങ്ങൾക്ക് ആദ്യ നന്ദി .


എന്തുകൊണ്ടാണ് സഹായിച്ചവരെ ദൈവമെന്ന് വിളിക്കുന്നതെന്നുവെച്ചാൽ ഭഗവത്ഗീത പറയുന്നുണ്ട് വേദനയിൽ ആശ്വാസമാവുന്നവനാണ് യഥാർത്ഥ മിത്രവും ദൈവവുമെന്ന് .


തിരക്കുകൾ മാറ്റിവച്ചു ഞങ്ങൾക്കുവേണ്ടിയൊരിത്തിരിനേരം തന്ന ബഹുമാനപ്പെട്ട രാഷ്ട്രീയ നേതാക്കൾക്കും മറ്റ്‌ ഉദ്യോഹസ്ഥർക്കും ഇങ്ങനൊരു പരിപാടി വൻവിജയമാക്കിത്തന്നതിനു ഹൃദയം നിറഞ്ഞ നന്ദി .


ഞങ്ങളുടെ എല്ലാപ്രശ്നങ്ങളും പരിഹരിക്കാമെന്ന് കിട്ടുന്ന വാഗ്ദാനങ്ങൾ ഇപ്പോൾ ഞങ്ങൾക്ക് സന്തോഷം നൽകാറില്ല , കാരണം ഓരോവർഷവും ഞങ്ങൾക്കുവേണ്ടിയാണ് ഏറ്റവുംകൂടുതൽതുക കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മാറ്റിവെക്കുന്നതെന്ന് ഞങ്ങൾക്കറിയാം .


 കണ്ടില്ലേ ഒട്ടിയുണങ്ങി എല്ലുകൾ ഉന്തിനിൽക്കുന്ന കുറച്ചു മനുഷ്യർ ?
ഞങ്ങളുടെ ഉന്നമനത്തിനായി മാറ്റിവെക്കപ്പെട്ട കോടികൾ ചെലവാക്കി തിന്നുകൊഴുത്ത കോലം ആണത് ...


കണ്ടില്ലേ ഞങ്ങളുടെ കുട്ടികൾ അപ്പുറത്ത് രുചിയേറിയ ഭക്ഷണപദാര്ഥങ്ങളിൽ കണ്ണും നട്ടിരിക്കുന്നത് ? അവർക്കുകിട്ടുന്ന സ്‌കോളർഷിപ്പുകൾ തികയുന്നില്ലത്രേ അവരുടെ വിശപ്പടക്കാൻ ...


കണ്ടില്ലേ അവരുടെയടുത്തായി നമ്മളെത്തന്നെ വീക്ഷിച്ചു തളർന്നിരിക്കുന്നവർ ... പട്ടിണിക്കിടയിലും ആരോഗ്യമുള്ള ആദിവാസിയുടെ പേരുകളയിക്കാൻവേണ്ടി അങ്ങനെകുറച്ചു സിക്കിൾസെൽ അനീമിയക്കാർ ..


കണ്ടില്ലേ ഭരണഘടനപ്രകാരം കൗമാരം കഴിഞ്ഞില്ലെങ്കിലും അമ്മമാരായവരായ പെൺകുട്ടികളെ ...അവരുടെ പോഷകാഹാരക്കുറവുകൊണ്ടു ഭൂമിയിലെത്താതെ മടങ്ങിയ കുഞ്ഞുങ്ങളെ ...


ശൈശവവിവാഹം തെറ്റാണെന്ന് ഞങ്ങൾക്കിപ്പോൾ അറിയാം , പക്ഷേ കാലം തികയ്ക്കാൻ കാത്തിരുന്നാൽ കാട്ടിലെത്തുന്ന വിരുന്നുകാരുടെ സമ്മാനംകൊണ്ടു ആ വയറുകൾ നിറഞ്ഞാലോയെന്ന പേടിയാണവർക്ക് ...


അച്ഛനില്ലാത്ത കുഞ്ഞിനെ അബോർഷൻചെയ്തു കളയാനൊട്ടു ചങ്കൂറ്റവും ഇല്ലാത്തതുകൊണ്ടാണിത് ...


നിങ്ങൾ കാണുന്നുണ്ടോ അവിടെ ഒരുഭാഗത്തായിരിക്കുന്ന വൃദ്ധജനങ്ങളെ ?


 സ്വതന്ത്രവും നാട്ടിലെ മാറ്റങ്ങളും അടുത്തുകണ്ട തലമുറയിലെ അവസാന കണ്ണികളാണ് ... ഈ ജനതയെമൊത്തം പാടത്തുപണിയെടുത്തു തീറ്റിപ്പോറ്റിയതു കൊണ്ടാവാം ഇവർക്ക് സ്വാതന്ത്രസമര പെൻഷനോ വർദ്ധക്യപെൻഷനോ പോയിട്ട് കേറിക്കിടക്കാനൊരു കൂരപോലുമില്ല .


ഈ പരിപാടി നടത്താൻ ഓടിനടക്കുന്ന ഇവിടുത്തെ യുവാക്കളെക്കണ്ടോ ?

കഴിഞ്ഞരണ്ടാഴ്ചയായി നേരെ ഭക്ഷണമോ ജോലിയോ ഇല്ലാതെ ഇവിടുത്തെ പഞ്ചായത്ത് ബ്ലോക്ക് ഓഫിസുകളിൽ സമരം ചെയ്തുകൊണ്ടിരുന്നവരാണ് ...


 എന്തിനെന്ന് ചോദിക്കുന്നില്ലേ ?


 കേറിക്കിടക്കാനൊരു കൂരപണിയാനുള്ള ഇടത്തിനുവേണ്ടി ,

അവന്റെയൊക്കെ കാരണവന്മാരെ പറ്റിച്ചുണ്ടാക്കിയ മണ്ണിൽ നിന്നൊരുപിടിയെങ്കിലും തിരികെ കിട്ടാൻ ...

അവരുടെ അമ്മപെങ്ങന്മാർക്കും മക്കൾക്കും അന്യന്റെമുന്നിൽ മടിക്കുത്തഴിക്കാതെ സുരക്ഷിതരായിരിക്കാൻ ...

ദേ ഞാനടക്കമുള്ള ഇവിടുത്തെ യുവതലമുറയെ കണ്ടോ ഞങ്ങൾക്ക് നിങ്ങളെപ്പോലെ അവകാശങ്ങൾ ചോദിച്ചുവാങ്ങാനാറിയില്ല . അത്രയും വിദ്യാഭ്യാസം ഞങ്ങൾക്കില്ല .

പത്തും പതിനഞ്ചും ലക്ഷം ഓരോമാസവും ശമ്പളംകൊടുത്ത് ഗവണ്മെന്റ് വെച്ചുതന്ന അധ്യാപകർക്ക് ഞങ്ങളെ പഠിപ്പിക്കാൻ അറിയില്ലായിരുന്നു ,

അതുകൊണ്ടാവും ഒന്നുംരണ്ടും ലക്ഷത്തിന് അടുത്ത് ശമ്പളം വാങ്ങുന്ന പ്രൈവറ് സ്‌കൂളുകളിലേക്ക് മികച്ചവിദ്യാഭ്യാസം എന്നുപറഞ് അവരുടെ മക്കളെ പറഞ്ഞുവിട്ടത് .

ബഹുമാനപ്പെട്ട മന്ത്രി സാറേ ഞങ്ങളും കൂടെ കൊടുക്കുന്ന നക്കാപിച്ചകൾ, (നികുതി ) കൂട്ടിച്ചേർത്തു വെച്ച് ഒരാവശ്യവുമില്ലാതെ അവർക്ക് ശമ്പളം കൊടുത്ത് നിർത്തുന്നതിൽ ഞങ്ങൾക്ക് താല്പര്യമില്ല ,

അടച്ചുപൂട്ടാൻ ഇഷ്ടമല്ലെങ്കിൽ ആദിവാസിക്കുവേണ്ടി എന്നപേരെങ്കിലും ഒഴിവാക്കുക . ഇതൊരപേക്ഷയാണ് ...

ഇനിയും എല്ലാ സൗകര്യവും ഞങ്ങൾക്കുനൽകിയും മുന്നോട്ടുവരുന്നില്ലെന്നു പരാതി പറയരുത് .


അതുപോലെ തന്നെ ഞങ്ങൾക്ക് വാർഡും ,വില്ലേജും ,ബ്ലോക്കും ,പഞ്ചായത്തുമൊന്നും വേണ്ട ഇവയൊന്നും ഞങ്ങളുടെ ആവശ്യങ്ങൾ ഇത്ര കാലമായിട്ടും ഇവരാരും കേട്ടിട്ടില്ല .


ഫോറെസ്റ് ഓഫിസുകൂടെ ഇല്ലാതെയായാൽ ഇവിടുത്തെ പെണ്ണിന്റെ മാനം രക്ഷപ്പെട്ടു .


പണിയെടുക്കാൻ മുൻപ് സ്ഥലമുണ്ടായിരുന്നു ,
ഇന്നതുമില്ല ,

കാട്ടിൽ നിന്നും മൃഗങ്ങളല്ലെന്നു പറഞ്ഞു ഇറക്കിവിട്ടു , നാട്ടിൽ മനുഷ്യരല്ലെന്ന് തോന്നിയതോണ്ടാവും ഇവിടെയും ഇടമില്ല .


പ്രിയപ്പെട്ടവരേ പാതിവഴിയിൽ ആശ്രയമില്ലാത്തഞങ്ങൾക്കു ഇതല്ലാതെ മറ്റുവഴിയൊന്നുമില്ല , സമരം തുടർന്നുകൊണ്ടേയിരിക്കും അവസാനം വരെയും ...

ഞങ്ങളെ സഹായിക്കാനെത്തുന്നവരെ നക്‌സലൈറ്റുകൾ ആയി മുദ്രകുത്തി ഭയപ്പെടുത്തിയാലും കുടിലുകൾ പൊളിച്ചുകളഞ്ഞാലും പോരാടാതെ നിർവാഹമില്ല .


ഞങ്ങൾക്കുവേണ്ടി നിങ്ങൾ ചെയ്തുതന്ന എല്ലാവിധ സേവനങ്ങൾക്കും നന്ദി ...



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...