Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 22
---------------------



മാവിൻ ചുവട്ടിലെ നിഴലുകൾക്കിപ്പോൾ വലിപ്പമൊരുപാട് കുറവാണ് . സൂര്യൻ ഉച്ചിയിലെത്തിയിരിക്കുന്നു വനത്തിലെത്തിയ കുളിര് അയാളുടെ വാക്കുകളിൽ നിന്ന് കിട്ടുമ്പോഴും വിയ്യൂർ സെൻട്രൽ ജയിൽ ഈ മരത്തണലില്ലെങ്കിൽ മരുഭൂമിയുടെ പ്രതീതിയുണ്ടാക്കിയേനെ എന്ന് തോന്നിപ്പോയി .



  വിശപ്പിന്റെ വിളികൾ ആമാശയത്തിൽനിന്നുമുയരുന്നത് മനപ്പൂർവം അവഗണിക്കുന്നത് അത്ര സുഖമുള്ള കാര്യമൊന്നുമല്ലെങ്കിലും അയാളെങ്ങനെ അവിടെയെത്തിയെന്ന് എനിക്കറിയണമായിരുന്നു .


'"വിദ്യാ തനിക്ക് മതിയാവുന്നെങ്കിൽ പറയാം ..."


"ഏയ് ഇല്ല . ഞാനാലോചിക്കുകയായിരുന്നു എന്തുമാത്രം മനുഷ്യർ ...

അവർക്കൊക്കെ എത്രയെത്ര പ്രശ്നങ്ങൾ സ്വപ്‌നങ്ങൾ ...ഒരായിരം കഥകൾ ...

അവസാനമില്ലാത്ത എന്നിൽ നിന്നും നിങ്ങളിലേക്കും നിങ്ങളിൽ നിന്ന് മുതുമലയിലേക്കും

 പിന്നെയത് ഇപ്പോൾ ഓരോ ജീവിതകളിലൂടെ ശരത്തിന്റെ വാക്കുകളിൽ മറഞ്ഞിരിക്കുന്ന അജീഷിലേക്കും

പിന്നെ അജീഷിനും പറയാനുള്ള മറ്റൊരു കഥയിലേക്കും .....

സത്യം പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ല ഞാനൊരു അത്ഭുതലോകത്താണ് "



"അപ്പോൾ നീ ശരിക്കുമൊരു എഴുത്തുകാരിയാവണം "


"ഏയ് അല്ല . "


"ഇല്ല . നിന്റെ വാക്കുകളിലും കൗതുകങ്ങളിലും ഞാനത് തിരിച്ചറിയുന്നുണ്ട് . ഒരുപക്ഷെ ഇങ്ങനെയല്ലെങ്കിൽ നിനക്ക് ഈ അനുഭവങ്ങളെ കഥയ്ക്കുള്ളിലെ കഥകളായി രൂപപ്പെടുത്തി നോക്കാൻ സാധിക്കില്ല . "


"അങ്ങനൊന്നുല്ലന്നെ ..... "


"പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ എനിക്കൊരു ജോമെട്രി ബോക്സ് ഉണ്ടായിരുന്നു ,രണ്ടുകുട്ടികൾ അതുപോലത്തെ ബോക്സ് എടുത്തുവെച്ചു പഠിക്കുന്നതായിരുന്നു പുറം ചിത്രം .

അവ്യക്തമായി ആ ബോക്സിനുള്ളിൽ അതുപോലത്തെ മറ്റൊരു ബോക്സ് ഉള്ളത് കാണാം . ടീച്ചർ പഠിപ്പിക്കുമ്പോഴും റൂമെത്തി കിടക്കുമ്പോഴും ഒക്കെ എന്റെ ചിന്ത അനന്തമായി കിടക്കുന്ന ആ ബോസ്‌സിനുള്ളിലെ ബോസ്‌ക് കളെ കുറിച്ചായിരുന്നു .

 പിന്നെയത് എപ്പോഴോ കണ്ണാടിയിൽ കണ്ട എന്റെ കണ്ണിനുള്ളിലെ എന്റെ പ്രതിബിംബത്തിലായി ...അതിനകത്ത് വീണ്ടും വീണ്ടും കണ്ണുകളുണ്ടെന്ന് ചിന്തിക്കുമായിരുന്നു .

 ഇത്രയും കേട്ടിട്ട് നീപറഞ്ഞ മറുപടിയെന്നെ അതാണ് ഓര്മപ്പെടുത്തിയത് . എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും തനിയാവർത്തനവുമാണ് "


"ഹ .....ഞാൻ കരുതി ഇത്തരം ചിന്തകൾ എനിക്കുമാത്രമാണെന്ന് "


"എല്ലാവർക്കും തോന്നുമായിരിക്കും പക്ഷേ പുറത്ത് പറഞ്ഞ നിന്നെയെല്ലാവരും ഭ്രാന്തിയെന്ന് വിളിക്കും "


ഞാൻ വെറുതെ ചിരിച്ചു .



"വിദ്യാ അന്ന് അജീഷ് തെളിവുസഹിതം കണ്ടെത്തിയ കാര്യങ്ങൾ ശരത്ത് ഞങ്ങളോട് പറഞ്ഞു . ശെമ്പകം ഒരുവശത്ത് മാറിനിന്നിരുന്ന അവളുടെ സുഹൃത്തുക്കളെ വിളിച്ചു അവർക്ക് മനസ്സിലാവും വിധത്തിൽ പറഞ്ഞുകൊടുത്തപ്പോൾ എന്ത് പ്രവർത്തനത്തിനും കൂടെനിൽക്കാമെന്ന് അവർ ഉറപ്പുതന്നു
.

വയനാട്ടിലെ ശത്രുക്കൾ പ്രേതെകിച്ചു ഹിൽ വ്യൂ റിസോർട്ടിന്റെ ഉടമ അവനുപുറകേ കൊട്ടേഷൻകാരെയും വിട്ടിരുന്നു .


എന്നാൽ തലശ്ശേരിയിലെ അജീഷിന്റെ ജനസമ്മതികാരണം അവർക്ക് അവനടുത്തെത്താൻ സാധിച്ചില്ല . പക്ഷേ ഇരുപത്തിമൂന്നാം വയസ്സിൽ ഒരു തിരിച്ചുപോക്ക് അവന്റെ വിധിയിൽ എന്നോ കൂട്ടിച്ചേർത്തെഴുതി വെച്ചതുപോലെയായിരുന്നു .


തലശ്ശേരിയിലെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്ന അജീഷ് ഇഷ്ടപ്പെട്ടത് അച്ഛനമ്മമാരുടെ സാരോപദേശവും മുത്തശ്ശിക്കഥകളും ഒന്നുമില്ലായിരുന്നു ,


അവൻ ജനിക്കുന്നതിനും മാസങ്ങൾക്കുമുമ്പ് വെട്ടേറ്റ് വീണ ബാലചന്ദ്രൻ തലശ്ശേരിയെന്ന അവന്റെ വല്യച്ഛനെക്കുറിച്ചുള്ള ജീവനുള്ള കഥകൾ .

ഓര്മവച്ചുതുടങ്ങിയകാലം മുതൽക്കേ വല്യച്ഛന്റെ രക്തസാക്ഷിമണ്ഡപത്തിൽ പൂക്കളർപ്പിക്കാനും പാർട്ടിപ്രസംഗങ്ങൾ കേട്ടിരിക്കാനും കണ്ണിൽകാണുന്നതെല്ലാം വായിക്കാനുമായിരുന്നു അവനിഷ്ടം .


അവനോടൊപ്പം വളർന്ന സഹജീവികളോടുള്ള സ്നേഹം ആ ചെറുപ്രായത്തിലേ കുറെ ശത്രുക്കളെയും ഉണ്ടാക്കിയിരുന്നു . കമ്മ്യൂണിസ്റ് ആശയങ്ങളോട് കൂടുതൽ ചായ്‌വ്‌കാണിച്ച അവൻ മുഖമോ കൊടിയോ നോക്കാതെ പ്രതികരിക്കുമായിരുന്നത് സ്വന്തം കൂട്ടത്തിൽ ശത്രുക്കളെ ഉണ്ടാക്കാനും മറ്റ്‌ സംഘടനകളിൽ പലരുമായി നല്ല അടുപ്പമുണ്ടാക്കാനും ഇടയാക്കി .


മറ്റുള്ളവരിൽ നിന്നും അൽപം വ്യത്യസ്തമായിരുന്നു അവന്റെ തീരുമാനങ്ങളും നിലപാടുകളും ആശയങ്ങളും . വേദനിക്കുന്നവർക്കുവേണ്ടിയാണ് അവനെപ്പോഴും വാദിച്ചതും .


പക്ഷേ അന്ന് സുഹൃത്തിന്റെ വീട്ടിൽച്ചെന്ന് പെരുന്നാൾ ആഘോഷിച്ചു വരുന്നതിനിടയ്‌ക്കു ആരുടെയൊക്കെയോ ശത്രുത അവന്റെ ശരീരം വടിവാളുകളാൽ കീറിമുറിച്ചു . നാളേയ്ക്ക് മുന്നിൽ അഭിമാനത്തോടെ കാണിക്കാവുന്ന ഒരുനല്ല മനുഷ്യന്റെ രക്തം കണ്ണൂരിന്റെ മണ്ണിൽ ഒലിച്ചിറങ്ങി . "


"അയ്യോ ....."


"എന്താ വിദ്യാ "?


"ഏയ് ഒന്നുല്ല ...
... ജീവൻ നിലനിർത്താനായി ആശുപത്രിയിൽ നെട്ടോട്ടമോടുമ്പോൾ ആ ജീവനെടുക്കാൻ വഴികളിൽ ചതിയിൽപൊതിഞ്ഞ മരണവുമായി എത്രപേരാണല്ലേ "



"ഉം ..... ഒന്നാലോചിച്ചു നോക്ക് വിദ്യാ ഒരു കുഞ്ഞു വയറ്റിലുണ്ടായെന്നറിയുന്ന നിമിഷം മുതൽ അതിനെ ഹൃദയത്തോട് ചേർത്തുപിടിച്ചു ഒരായിരം സ്വപ്‌നങ്ങൾ കണ്ടുതുടങ്ങുന്ന പ്രതീക്ഷകൾ ..


ആ കുഞ്ഞിന്റെ വരവോടെ മാതാപിതാക്കളോടൊപ്പം അതിനെ ഹൃദയത്തിലേറ്റുന്ന ചുറ്റുമുള്ളവർ .

 അടിതെറ്റുമ്പോഴും തെന്നിവീഴുമ്പോഴും എന്തിന് പ്രതിരോധകുത്തിവയ്പു എടുക്കുമ്പോൾ പോലും കണ്ണുനിറയ്ക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട് .

ആ കുഞ്ഞിന്റെ വളർച്ചയെക്കുറിച്ചു എത്രയെത്ര സ്വപ്‌നങ്ങൾ അവനോടൊപ്പം തളിർത്തിരുന്നു ....

എന്നിട്ട് ........

അവസാനം വെറുമൊരു പകപോക്കലിൽ നൂറായിരം സ്വപ്നങ്ങളെ തല്ലിതുടച്ചുകൊണ്ട്


തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...