Monday 26 June 2017

രാജ്യദ്രോഹി





"ശാന്തചേച്ചിടെ വീട്ടിലേക്ക് ഫോർ , തേക്കിൻ കാട്ടിലേക്കും കുളത്തിലേക്കും സിക്സ് " ബോളടിച്ചവർ പോയി എടുത്തിട്ട് വരണം . ഫീൽഡ് ചെയ്യാതെ പോയാൽ അടുത്ത കളിയിൽ കൂട്ടില്ല . ഇരുപത് ഓവർ "



"സമ്മതിച്ചു "



അരുണിന്റെ വാക്കുകൾകളിൽ പുതുമയൊന്നുമില്ലാത്തപോലെ എല്ലാവരും ഏറ്റു പറഞ്ഞു . അരുണിനെ അറിയില്ലേ നിങ്ങൾക്ക് താമരശ്ശേരി ഫീനിക്സ് ക്ലബ്ബിലെ  ഒന്നാന്തരം കളിക്കാരനാണ് . അടിക്കുന്നതെല്ലാം സിക്സ് , പിടിക്കുന്നതെല്ലാം വിക്കറ്റ് . ബൗളിംഗ് ആണെങ്കിൽ പിന്നെ പറയുകയും വേണ്ട . പക്ഷെ കളിക്കുന്നതെല്ലാം താമരശ്ശേരിയിലെ തരിശുപാടങ്ങളിലും ആരാന്റെ പറമ്പുകളിലും ആണെന്ന് മാത്രം .



"അരുണേട്ടാ നിങ്ങൾക്ക് വല്ല ജോലിക്കും പൊയ്ക്കൂടേ ?"



"ജോലി കിട്ടാതെയല്ലേ ...കിട്ടിയാൽ എപ്പോ പോയെന്ന് ചോയിച്ച മതി , പിന്നെ ഞാൻ പോയാൽ നിങ്ങടെകൂടെ കളിക്കാൻ ആര് വരുമെന്നോർത്താ കാര്യമായി അന്വഷിക്കാത്തത്"


"അതും ശരിയാ .."  പ്ലസ് ടു  എക്സാം എഴുതാൻ പോകുന്നതിനിടെ നവീൻ മനസ്സിൽ പറഞ്ഞു "അരുണേട്ടന് ജോലിയൊന്നും കിട്ടല്ലേ ദൈവമേ "


പക്ഷെ അന്ന് വൈകുന്നേരം അരുൺ പാടത്തെത്തിയത് നിരാശാഭവത്തിലായിരുന്നു .


"ഇറങ്ങുന്നില്ല അരുണേട്ടാ "


"ഇല്ലടാ നവീനെ"


"അതെന്താ ...?"


"എനിക്കൊരു മൂഡില്ല . നിങ്ങള് കളിച്ചോ "


"അതെന്താ നിങ്ങൾക്ക് മൂഡില്ലാത്തെ ?"


"എനിക്ക് വിസ വന്നു , അടുത്തയാഴ്ച പോയി ജോയിൻ ചെയ്യണം "


"ഏത് .... ഷക്കീർ ഇക്ക പറഞ്ഞ കമ്പനി ജോലിയോ "


"അതെ . "


"ഞങ്ങളെയൊക്കെ വിട്ട് പോകുമോ ?"


"വീട്ടിലെ സ്ഥിതി അറിയാമല്ലോ , അവളെയെങ്കിലും ഒന്ന് കെട്ടിച്ചുവിടണ്ടേ നല്ല രീതിയിൽ . അതുകൊണ്ട് പോവുകയാണ് "


"അപ്പൊ നൈറ്റ് ഡ്യൂട്ടിയോ ?"


"അത് ഇന്നത്തോടെ നിർത്തും . "


"ഫൈനാൻസിലെയോ?"


"അതും ."


"അപ്പോൾ കാര്യമായിട്ടാണ് അല്ലെ ?"


അരുൺ ഒന്നും മിണ്ടിയില്ല , അതിനിടെ  കയറിവന്നവരുടെ മുഖത്തേക്കും ആ വിഷാദം ബാധിച്ചു .



കൃത്യം  ഒരാഴ്ച കഴിഞ്ഞപ്പോൾ അരുൺ ദുബായിലെത്തി . ആറുപേർ ഒന്നിച്ചു പങ്കുവെയ്ക്കുന്ന മുറിയും , മുകളിൽ മുകളിൽ അടുക്കിവച്ചതുപോലെ മൂന്നു തട്ടുള്ള കട്ടിലും , രുചിമാറിപ്പോയ ഭക്ഷണവും അവനെ ആദ്യമൊക്കെ നന്നായി ബാധിച്ചെങ്കിലും പതിയെ പതിയെ അവനതെല്ലാം ശീലമായി മാറുകയായിരുന്നു.



വീക്കിലി ഓഫുള്ള ദിവസങ്ങളിൽ വെയിലിനെ വകവെയ്ക്കാതെ ക്രിക്കെറ്റ് കളിക്കാൻ അരുൺ അവിടെയും കൂട്ടുകാരെ കണ്ടെത്തി . സ്വരാജ്യക്കാരും അന്യരാജ്യക്കാരും ചേരുന്ന ക്രിക്കറ്റ് ടീം . അരുണിന്റെ സ്വഭാവവും സമാനജോലിക്കാർ എന്ന പരിഗണനയും അവനെ അവിടെയുള്ളവർക്കെല്ലാം പ്രിയപ്പെട്ടതാക്കാൻ അധികകാലം വേണ്ടി വന്നില്ല .



ആദ്യമൊക്കെ മടിച്ചുനിന്ന പലരും അരുൺ ഇല്ലാത്ത ദിവസങ്ങളിലും ഷിഫ്റ്റ്‌ കഴിഞ്ഞു വരുമ്പോഴും ക്രിക്കറ്റിനെ തങ്ങളുടെ അടിമത്വവും ജോലിഭാരവും ഏകാന്തതയും ജീവിതപ്രാരാബ്ധങ്ങളും
മറക്കാനുള്ള വഴിയായി ഏറ്റെടുത്തു . പലഭാഷ സംസാരിക്കുന്നവർ അവിടെ പുതിയ സൗഹൃദം തീർത്തു.


അന്ന് പതിവുപോലെ കളിക്കുന്നതിനിടയിൽ അരുൺ അടിച്ച ബോൾ ചെന്ന് വീണത്  സമീപത്തെ ഹോട്ടലിന് മുൻപിൽ നിർത്തിയിട്ട ബി എം ഡബ്ല്യൂ വിലും .

ബോളെവിടെ എന്നെത്തിനോക്കിയ സഹകളിക്കാർ അഭിനന്ദിക്കണോ പേടിക്കണോ എന്നറിയാതെ കുഴഞ്ഞു .



അന്നത്തെ കളി നിർത്തി വരാൻ പോകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ചർച്ച ചെയ്തിരിക്കുന്നതിനിടയിൽ ആണ്  അവർ ജോലി ചെയ്യുന്ന കമ്പനിയുടെ ഓണർ അറബി  മാന്യമായി വസ്ത്രധാരണം നടത്തി രണ്ടുപേരുടെ കൂടെകയറിവന്നത് .


"ആരാണ് ബോൾ എറിഞ്ഞത് ?"


ആരുമൊന്നും മിണ്ടാതായപ്പോൾ അയാൾ കൂടുതൽ ദേഷ്യപ്പെട്ടു .


ഇത്തവണ അരുൺ മുന്നോട്ട് വന്നതും , അതുവരെ മാറിനിന്ന സഹകളിക്കാർ ഓരോരുത്തരായി  അവന്റെയൊപ്പം വന്നു നിന്നു


"ആരാ ?" അറബി വീണ്ടും ചോദിച്ചു


"ഞങ്ങളെല്ലാവരും കൂടെയാണ് . ശിക്ഷിക്കുകയാണെങ്കിൽ എല്ലാവരെയും ശിക്ഷിച്ചോള്ളൂ " ലൈബീരിയക്കാരൻ പറഞ്ഞത് കേട്ട് ഓരോരുത്തരായി തങ്ങളുടെ ഭാഷയിൽ ആവർത്തിച്ചു .



"സത്യം പറയൂ "



"സാർ ഞങ്ങളിൽ ഒരാളെ മാത്രം ശിക്ഷിക്കാൻ സമ്മതിക്കില്ല , എല്ലാവരും കുറ്റക്കാരാണ് . ആ ചില്ല് മാറ്റിയിടാൻ ഞങ്ങളുടെ ഒന്നോ രണ്ടോ മാസത്തെ എല്ലാവരുടെയും അധ്വാനം വേണമായിരിക്കും . എങ്കിലും സാരമില്ല . ഞങ്ങൾ തന്നോളം "




അടുത്ത് നിന്ന മാന്യവേഷധാരി പറഞ്ഞു


" ഇത്രയും ദൂരേയ്ക്ക് പന്തടിക്കുക എന്നാൽ ചെറിയ കാര്യമല്ല . ഞങ്ങൾ വരുന്ന ലോക കപ്പിനായി ടീമുണ്ടാക്കുന്ന ചർച്ചയിൽ ആയിരുന്നു
 .

അതിന്റെ ഒഡീഷന് ക്ഷണിക്കാനാണ് വന്നത് . ആരാണോ അതടിച്ചത് അയാളെ കൊണ്ടുവരുക , നിങ്ങളുടെ ജന്മദേശം മറ്റൊന്നായിരിക്കാം പക്ഷെ നിങ്ങൾ ജോലി ചെയ്യുന്നത് ഞങ്ങൾക്ക് വേണ്ടിയാണ് . എന്ത് ജോലിയാണെലും കുഴപ്പമില്ല എന്ന് എഗ്രിമെന്റ് ചെയ്ത് വന്ന നിങ്ങള്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവസരമാണിത് "


അവരുടെ മറുപടിക്കു കാത്തുനിൽക്കാതെ രണ്ടുപേരും പിന്തിരിഞ്ഞപ്പോൾ അറബി അവരോടായി ഓർമപ്പെടുത്തി

"ക്രിക്കെറ്റ് ടീമിന്റെ  പരിശീലനത്തിന് പോയാലും നിങ്ങളുടെ സാലറി മുടങ്ങില്ല ,ഇവിടുത്തെ താമസവും ഒന്നും . ഇത് ഞങ്ങളുടെ സ്വപ്നമാണ് . തിരികെ വന്നാലും ഇവിടെ ജോലി ഉണ്ടാവും "


അറബി പോയപ്പോൾ എല്ലാവരും കൂടെ അരുണിനെ പിടിച്ചുയർത്തി .


"എന്നാലും നിങ്ങളെല്ലാം എന്തിനു വേണ്ടിയാണ് എന്നെ സംരക്ഷിച്ചത് "


"അരുൺ , നമ്മളെല്ലാം നാട്ടിൽ ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടാൻ വന്നവരാണ് . ആര് തളർന്നാലും ബാധിക്കുന്നത് ഒരു കുടുംബത്തെയാണ്  ഒരുപാട് പ്രതീക്ഷകളെയാണ്... എന്ന് എല്ലാവർക്കുമറിയാം . ഒരാളെ കിട്ടിയാലേ അവർ ശിക്ഷിക്കൂ , എല്ലാവരും കൂടെ ഏറ്റെടുക്കുമ്പോൾ അവർക്കതിന് ആവില്ലെന്ന് അറിയില്ലേ "


പിറ്റേന്ന് നടന്ന ഒഡീഷനിൽ മികച്ച പ്രകടനം കാഴ്ചവച്ച അരുണിനെ ടീമിലെടുത്തു .


വീട്ടിലുള്ളവർ ആ വാർത്ത കേട്ടത് അതീവ സന്തോഷത്തോടെയാണ് . അരുണിന്റെ നാട്ടിലെ കൂട്ടുകാർ ഈ സന്തോഷം ആഘോഷിച്ചു . യു എ ഇ ലോകകപ്പ് ക്രിക്കെറ്റ് ടീമിൽ ഇടം നേടിയ മലയാളിയെക്കുറിച്ചു പത്രങ്ങൾ പുകഴ്ത്തിയെഴുതി .


അന്നുവരെ അധികമാരും അറിയാതിരുന്ന അരുണിന്റെ ഫെയിസ്ബുക്ക് അയ്യായിരം ഫ്രണ്ട്   ലിമിറ്റും കഴിഞ്ഞു ഫോള്ളോവെഴ്സിനെ കൊണ്ട് നിറഞ്ഞു . അഭിനന്ദനങ്ങളും ആശംസകളും ഒരിക്കലും അരുണിനെ മോഹിപ്പിച്ചില്ല .



 തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ചൊവ്വാദോഷക്കാരിയായ സഹോദരി നല്ലൊരു പയ്യന്റെ
 കൈ പിടിച്ചിറങ്ങുന്നത് അവൻ ഓൺലൈനിലൂടെ കണ്ടു .


ജോലിസ്ഥലത്തെ അവന്റെ കൂട്ടുകാരിൽ നിന്നും മാറി താമസിക്കാൻ അവസരമുണ്ടായിട്ടും അവനതിനു  മുതിരാത്തത് അവരുടെയും മനസ്സ് നിറയ്ക്കുന്ന കാര്യമായിരുന്നു .


പഴയ വീടിന്റെ സ്ഥാനത്ത് പുതിയ വീടിന്റെ ജോലികൾ ആരംഭിച്ചു . ഒപ്പം ആപത്തിൽ കൂട്ടുനിന്ന കൂട്ടുകാരെയും സഹായിക്കാൻ അരുൺ മറന്നില്ല . ഒന്നരവർഷത്തെ തീവ്രപരിശീലനത്തിന് തിരശീലവീഴ്ത്തി യു എ ഇ ക്രിക്കെറ്റ് ടീം അരംങ്ങത്തെത്താൻ പോകുന്നുവെന്ന വാർത്ത മലയാളമാധ്യമങ്ങളും ആഘോഷിച്ചു .



ഇന്ത്യൻ ടീമിന്റെ ജയമാണോ വലുത് അരുണിന്റെ വിജയമാണോ എന്ന് വരെ ചോദ്യങ്ങൾ ചോദിച്ചു മാധ്യമങ്ങൾ കാഴ്ചക്കാരെ നിലനിർത്തി .



ആദ്യമായി കളത്തിലിറങ്ങിയ യു എ ഇ ടീം ലോകശ്രദ്ധ പിടിച്ചുപറ്റാൻ അധികനേരം വേണ്ടി വന്നില്ല . കാരണം ടീമിലെ നാലുപേർ മറ്റുരാജ്യങ്ങളിൽ നിന്നും ഉള്ളവരാണ് എന്നത് തന്നെ .


ആദ്യമായി കളത്തിലിറങ്ങുന്ന അംഗങ്ങൾ ആദ്യം ഒന്ന് ഭയന്നെങ്കിലും കൃത്യമായ ഒന്നരവർഷത്തെ പ്രാക്ടീസ് അവരെ അതില്നിന്നെല്ലാം മറികടക്കാൻ പ്രാപ്തരാക്കിയിരുന്നു .


കായികപ്രേമികളുടെ ഇടയിൽ നിന്നും അരുണിനായി കയ്യടികൾ ഉയർന്നുവന്നു . താമരശ്ശേരിയെന്ന കൊച്ചുഗ്രാമം അരുണിന്റെ ഓരോ ചലനങ്ങളും ശ്രയോടെ വീക്ഷിച്ചു , അവന്റെ ഓരോ റണ്ണുകളിലും അവർ ആഘോഷിച്ചു . ആദ്യമത്സരം കഴിയുമ്പോൾ "മാൻ ഓഫ് ദ മാച്ചും നേടിയാണ് അരുൺ എന്ന യുവാവ് ആരാധകരുടെ ഹൃദയത്തിലിടം നേടിയത് .



മാധ്യമങ്ങൾ താമരശ്ശേരിയെയും , അരുണിന്റെ ഓരോ ഓർമ്മകളെയും കുത്തിനിറച്ചു ആസ്വാദകർക്ക് വിരുന്നൊരുക്കികൊണ്ടിരുന്നു . ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം വിജയിച്ചതും അരുണിന്റെ പ്രകടനവും സംശയദൃഷ്ടിയോടെ കുത്തിക്കീറി മാധ്യമങ്ങൾ എക്സ്ക്ലൂസീവുകൾ ഉണ്ടാക്കാൻ പരക്കം പാഞ്ഞു .



"ഇത്ര ടാലന്റഡ് ആയ ഒരാളെ ഇന്ത്യൻ ടീമിലേക്ക് വിടുന്നതിന് പകരം ആ കഴിവുകൾ അന്യരാജ്യത്തിന് പണത്തിനുവേണ്ടി വിറ്റില്ലെ ?" എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാതെ അരുണിന്റെ 'അമ്മ മുഖം താഴ്ത്തി



അരുണിന്റെ വളർച്ചയ്‌ക്കൊപ്പം ഇല്ലാത്ത താരറാണിമാർ കാമുകികളായി കഥകൾ സൈബർ മീഡിയയിലും മറ്റും പ്രചരിച്ചുതുടങ്ങി , ചിലരാവട്ടെ വ്യത്യസ്തതയ്ക്കായി അരുണിന് ഇന്ത്യ വിരുദ്ധ ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് വരെ വാർത്തകൾ പരത്തി



ക്രിക്കറ്റ് ഹൃദയത്തിലേറ്റുകയും സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് കോളേജ് ക്രിക്കറ്റ് ടീമിനോട് വിടപറഞ്ഞു , തരിശ്ശ്പാടത്തെ ഒഴിവുസമയ വിനോദമാക്കി ക്രിക്കറ്റിനെ മാറ്റേണ്ടി വന്ന യുവാവിന്റെ ഹൃദയം കാണാനുള്ള കാഴ്ചശക്തി അവർക്കാർക്കും ഇല്ലായിരുന്നു .



രണ്ടാം മത്സരവും കഴിഞ്ഞു ഉജ്ജ്വല വിജയത്തോടെ സെമി ഫൈനലിലേക്ക് അരുണിന്റെ ടീം കടന്നപ്പോൾ ഒരുഭാഗത്ത് ആരാധകർ അഭിനന്ദന പ്രവാഹവും ഒരുവശത്ത് അവനറിയാതെ അവനുണ്ടായിത്തീർന്ന ശത്രുക്കൾ കുപ്രചാരണങ്ങളുമായി മുന്നോട്ട് പോയി .


ജന്മനാട്ടിൽ പാഴ്ശ്രുതികൾ വിശ്വസിച്ച സാധാരണക്കാർ അരുണിനെ വെറുത്തു . കഴിവുകൾ അംഗീകരിക്കപ്പെടുന്നത് പാപമായി മാറാൻ അധികകാലം വേണ്ടിവന്നില്ല . ചിലർ രാജ്യദ്രോഹി എന്ന തലക്കെട്ടോടെ തന്നെ പ്രതിഷേധിച്ചു




 സെമി ഫൈനലിൽ കടന്നുകയറിയ ഇന്ത്യയുടെ താരങ്ങൾ ലോകകപ്പുമായി വരുന്ന പ്രതീക്ഷയിൽ കോടിക്കണക്കിനാളുകൾ പ്രാർത്ഥനയോടെ കാത്തിരുന്നു . ഒരുവശത്ത് തനിക്ക് സെമിയിൽ ജന്മനാടുമായി കളിക്കേണ്ടിവന്നാൽ എന്തുചെയ്യുമെന്ന മാനസികാവസ്ഥയിൽ അരുൺ തളർന്നുതുടങ്ങിയ സമയമായിരുന്നത്.



ഇടയ്ക്കു കിട്ടുന്ന സമയത്തു വീട്ടിലേക്ക് വിളിക്കുമ്പോൾ പിന്നെപ്പിന്നെ അമ്മയ്ക്കും സഹോദരിക്കും കൂട്ടുകാർക്കും പറയാനുണ്ടായിരുന്നത് "പുതിയൊരു രാജ്യദ്രോഹി സൃഷ്ടിക്കപ്പെടുന്നു " എന്ന സൂചനകളെകുറിച്ചാണ് .



"എടാ ... ആരും അറിയാതെ പോവുമായിരുന്നു എനിക്കൊരവസരം തരാൻ നമ്മുടെ നാടിനായില്ല , അതിലേക്ക് പൊരുതാൻ എനിക്ക് കഴിവുമില്ലാതെപോയി . അവസാനം ജീവിതത്തിന്റെ പച്ചപ്പുതേടി വന്നിടത്ത് നിന്നും ഒരവസം ലഭിച്ചപ്പോൾ ആദ്യം തലയിലേറ്റിയവർ തന്നെ കുറ്റപ്പെടുത്തുന്നു . ഞാനെന്ത് തെറ്റാണ് ചെയ്തത് നവീനെ...."



"അരുണേട്ടാ .... എല്ലാർക്കും നമ്മളെ മനസ്സിലാവണം എന്നില്ല . നമ്മള് നമുക്കുവേണ്ടിയല്ലേ ജീവിക്കേണ്ടത് ?"



"പക്ഷെ ആരും ജീവിക്കാൻ സമ്മതിക്കുന്നില്ലാലോ എന്നെ .... കാശുതന്നാലോ , ജന്മനാടിന് വേണ്ടിയോ കളിയിൽ നിന്നും പിന്മാറാൻ പറയുന്ന ഒരുകൂട്ടം , അവസാനനിമിഷം പിന്മാറിയാൽ വിശ്വാസവഞ്ചനയ്ക്ക് ഇത്രകാലം അന്നം തന്നവരുടെ ക്രൂരമായ ശിക്ഷാക്രമം . എനിക്ക് വയ്യ നവീൻ ..."



"അരുണേട്ടാ ഒരുകാര്യം മറക്കണ്ട , നമ്മൾ താമരശ്ശേരിയിൽ ക്രിക്കെറ്റ് കളിച്ചു നടപ്പോൾ ആരുമുണ്ടായില്ല കൈപിടിച്ച് കയറ്റാൻ .... കൂടെ കളിക്കുന്ന ഞങ്ങൾ മാത്രമല്ല നിങ്ങളും , നമ്മളെപ്പോലെ എങ്ങുമെത്താതെ പാടത്തും പറമ്പിലും മാത്രം കളിക്കുന്ന എല്ലാവരും ഇടയ്ക്കൊക്കെ സ്വപ്നം കാണുന്ന ഒന്നുണ്ട് അരുണേട്ടാ ജനിച്ചനാടിന്റെ ടീമിലൊരു സ്ഥാനം . അത് കിട്ടാതെപോയി ...


പക്ഷെ നിങ്ങളുടെ കഴിവുകണ്ട് അംഗീകരിച്ച  ഒരു  ജനതയുണ്ട് , നിങ്ങൾക്കുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു ജനത ... പിന്മാറുമ്പോൾ തകർക്കപ്പെടുന്നത്  നിങ്ങളുടെമേൽ മാത്രമല്ല , അവിടെ ഉപജീവനം തേടിയെത്തുന്ന ഓരോ രാജ്യക്കാരന്റെയും മേലുള്ള വിശ്വാസമാണ് "



"ശരിയാണ് നവീനെ "


 "നിങ്ങടെ പെങ്ങളെ കെട്ടിക്കൊണ്ട്പോകാൻ ...വീട് വയ്ക്കാൻ .... ഇങ്ങനെയൊന്ന് സംഭവിച്ചില്ലെങ്കിൽ ചൊവ്വാദോഷം പറഞ്ഞു അഞ്ചു ചേച്ചിക്ക് അടുത്തെങ്ങാനും കല്യാണം നടക്കുമായിരുന്നോ ... പൊളിഞ്ഞു വീഴാനായ വീടും സ്ഥിരമായ ജോലിയുമില്ലാത്ത നിങ്ങൾക്കായി ഏത് പെണ്ണ് വരും ? "


"ഉം .."



"അരുണേട്ടാ നിങ്ങളുടെ വിലയും നിലയും ഇന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉയരത്തിലാണ് . അതുകൊണ്ടാണ് താഴ്ത്തിക്കെട്ടാനായി ഇത്രയധികംപേർ ശ്രമിക്കുന്നതും . ആരൊക്കെയെന്തൊക്കെ പറഞ്ഞാലും കുറ്റപ്പെടുത്തിയാലും ഓരോ താമരശ്ശേരിക്കാരന്റെയും അഭിമാനമാണ് അരുണേട്ടാ നിങ്ങൾ . 


നിങ്ങള്ക്ക് കിട്ടിയ പണം കൊണ്ട് പണിത നമ്മുടെ നാട്ടിലെ ആദ്യത്തെ സ്പോർട്സ് ക്ലബ്ബ് നാളെ നമുക്കെല്ലാം കഴിയാതെ പോയ ലക്ഷ്യങ്ങൾ നിറവേറ്റാൻ നമുക്ക് താഴെയുള്ളവരെ സഹായിക്കും "



"ഉം "



"വൃദ്ധസദനത്തിലെ സൗകര്യങ്ങൾ , നമ്മുടെ ആശുപത്രിയുടെ വികസനം , എന്റെ ചേച്ചിയടക്കം ജോലിയില്ലാതിരുന്നവരുടെ ജീവിതമാർഗമായ മാറിയ സ്വയം തൊഴിൽ പദ്ധതിക്കുള്ള പണം , ഇന്നുവരെ ആരും മാറി മാറി ഭരിച്ചിട്ടും കാണാതിരുന്ന നമ്മുടെ നാടിന്റെ വലിയ ആവശ്യമായിരുന്ന പുഴപ്പാലം അവിടെ വന്നത് നിങ്ങളെത്തേടി ലോകം ഇവിടെയെത്തും എന്നതുകൊണ്ട് മാത്രമാണ് . ഞങ്ങളെല്ലാം നിങ്ങടെകൂടെയുണ്ട് . അവിടെ നിങ്ങൾ ഹീറോ ആണ് , താമരശ്ശേരിയിലും ...."



നവീന്റെയും ,അഞ്ചുവിന്റെയും , ദിനേഷിന്റെയും ഒക്കെ വാക്കുകൾ ഗീതോപദേശം പോലെ തോന്നുമ്പോഴും അവനുള്ളിൽ   പേടിയായിരുന്നു . 


സെമിയിലെ ആദ്യമത്സരത്തിൽ മികച്ചവിജയം കാഴ്ചവെച്ച നാലുടീമുകൾ പരസ്പരം ഏറ്റുമുട്ടുകയാണ്. ഇവരിൽ നിന്നും രണ്ടു ടീം  ഫൈനലിൽ .


ലോകം വീണ്ടും ചർച്ച ചെയ്തുതുടങ്ങി . ആദ്യമായി ഇറങ്ങിയ യു എ ഇ ടീം ക്രിക്കറ്റ് ലോകത്തെ കിരീടമില്ലാ ചക്രവർത്തികളെ നേരിട്ട് വിജയം കൊയ്യുമോയെന്ന പ്രതീക്ഷ മാധ്യമങ്ങൾ ആഘോഷിച്ചു .



 അറബിനാടിന്റെ മണലാരണ്യങ്ങളിൽ നിന്നും അരുണിന് വേണ്ടി പ്രാർത്ഥനകൾ വർദ്ധിച്ചുവന്നു . എന്നും എക്കാലത്തും തങ്ങളുടെ രാജ്യത്തെ ആപത്തിൽ നിന്നും സംരക്ഷിക്കാൻ ഒരു രക്ഷകൻ വരുമെന്ന് അവർ വിശ്വസിച്ചു , ലോകത്തിനുമുന്പിൽ മുട്ടുമടക്കാതിരിക്കാനായുള്ള രക്ഷകനായി അരുണും സംഘവും മാറുകയായിരുന്നു . 



താമരശ്ശേരിക്കാർക്കും ഇത് വലിയ പ്രതിസന്ധി തന്നെയായിരുന്നു . അരുൺ മനപ്പൂർവ്വം തോറ്റുകൊടുത്താലും അതുമനസ്സിലാക്കാതെ അവനെ ക്രൂശിക്കാൻ കാത്തുനിൽക്കുന്ന ജനതയും , അവനെ പ്രതീക്ഷിക്കുന്നൊരു ജനതയും , 


താമരശ്ശേരിയിലെ കവലകളിൽ അന്യനാടുകളിൽ നിന്നും വന്നു ഉടക്കുണ്ടാക്കി പോകുന്നവരുടെയും , അരുണിന്റെ വീടിനുനേരെ കല്ലെറിയുന്നവരുടെയും എണ്ണം ദിനംപ്രതി വർദ്ധിച്ചുവന്നു . വാതുവയ്പുകളും പ്രവചനങ്ങളും യു എ ഇ ടീമിന്റെ വിജയം ഉറപ്പിച്ചപ്പോൾ  ഇന്ത്യൻ മാധ്യമങ്ങൾ അരുണിനോടുള്ള  വിവേചനം കൊണ്ട് നിറഞ്ഞു 




പക്ഷെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് അരുൺ  സെഞ്ചുറി നേടിയിട്ടും യു എ ഇ ടീം സെമിയിൽ നിന്നും രണ്ട് റൺസിന്‌ പുറത്തായി . പക്ഷെ യു എ ഇ മാധ്യമങ്ങൾ പോരാടി വന്നവർക്ക് നൽകിയത് ഗംഭീര സ്വീകരണമാണ് . 



ആദ്യമായി പോയത് എന്ന പ്രശ്നമുണ്ടായിട്ടും അവസാനം വരെ പിടിച്ചുനിന്നത് വലിയ കാര്യം തന്നെയാണെന്ന് രാജാവ് പ്രഖ്യാപിച്ചു . അരുണിന്റെ യജമാനൻ അറബി അവനെ സമ്മാനങ്ങൾ കൊണ്ട് പൊതിഞ്ഞു . ആദരവുകൾക്കു ശേഷം അരുൺ തന്റെ മുറിയിലേക്ക് മടങ്ങിയെത്തിയത് അവന്റെ കൂട്ടുകാരെ സന്തോഷിപ്പിച്ചു .


 ഉയരങ്ങളെത്തിയിട്ടും വന്നവഴിമറക്കാത്ത അരുൺ അവരോടു പറഞ്ഞത് "ശിക്ഷ കിട്ടും എന്നറിഞ്ഞിട്ടും എന്നെ രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരോളം വരില്ല സൗകര്യങ്ങൾ ഒന്നും " എന്നാണ്




തന്റെ ടീം തോൽക്കുമ്പോൾ വേദനയോടെ പിന്തിരിയുന്നവരിൽ നിന്നും വ്യത്യസ്‍തനായിരുന്നു അരുൺ .  ഒരുപക്ഷെ ജയിച്ചെങ്കിലും രാജ്യദ്രോഹിയായി മുദ്രകുത്തിയേനെ ജന്മനാട് .മഹാഭാരതത്തിൽ സ്വതവേ ദുഷ്ടരെന്ന് കരുതുന്ന കൗരവർക്ക് വേണ്ടി പോരാടിയ കർണ്ണനായി അരുണിനെ ചിത്രീകരിച്ചവരും കുറവല്ലായിരുന്നല്ലോ 


 

വിധിഹിതമെന്ന് പറയട്ടെ അടുത്ത ദിവസം നടന്ന  സെമിഫൈനലിൽ നിന്നും ഇന്ത്യ പുറത്തായി . പക്ഷെ തിരികെയെത്തിയ ഇന്ത്യൻ താരങ്ങളെ വരവേറ്റത് ഗോസി പ്പുകളും കോഴ വിവാദങ്ങളും , വാതുവയ്പ്പ് കേസുകളും 
പരസ്യകമ്പനികളുടെ മുറുമുറുപ്പും , കോലം കത്തിക്കലും ട്രോളുകളും , കുറ്റപ്പെടുത്തലുകളും ആയിരുന്നു .  നിരാശയോടെ പിന്തിരിഞ്ഞ ക്യാപ്റ്റന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ ആഘോഷമാക്കുന്നതിനിടയ്ക്ക് അരുണെന്ന രാജ്യദ്രോഹിയെ തിരയാൻ അവർ മനപ്പൂർവ്വം 
 മറന്നു . 



കോടിക്കണക്കിനാളുകളുടെ പ്രതീക്ഷകൾ നശിപ്പിച്ചവർ എന്നതിനപ്പുറം അവസാനം വരെയും എത്തിയെന്ന പരിഗണന നൽകാൻ അധികമാരും തുനിഞ്ഞില്ല . ആദ്യമായി കളത്തിലിറങ്ങി വിരലിലെണ്ണാവുന്ന റൺസുകളും അബന്ധങ്ങളും മാത്രം നേടിയ പുതുമുഖങ്ങളെയും വെറുതെ വിട്ടില്ല .  


 വാക്കുകൾ കൊണ്ട് പോസ്റ്റുമോർട്ടം ചെയ്യുന്ന രീതിയിലായിരുന്നു പലരുടെയും പ്രതികരണം . ചെറുനരകൾ എത്തിനോക്കിയ ഒരിക്കൽ അഭിമാനമായിരുന്ന മുതിർന്ന കളിക്കാർക്കുനേരെ ആയിരുന്നു കൂടുതൽ പരിഹാസം . എല്ലാം കണ്ടും കേട്ടും പിന്നെയും അടുത്ത ദിവസം ഏകദിനം കളിക്കാൻ ഇന്ത്യ ഇറങ്ങിയപ്പോൾ കഴിഞ്ഞ ദിവസങ്ങളിലെ നീതികേട്‌ മറന്ന് രാജ്യം അവരെ പ്രതീക്ഷകളോടെ ഉറ്റുനോക്കി .



പക്ഷെ താമരശ്ശേരിയിൽ കളിക്കളങ്ങളും ഒരായിരം  കണ്ണുകളും മാത്രം കാത്തിരുന്നു അരുണിന്റെ തിരിച്ചുവരവിനും ഇനിയുള്ള  വിജയങ്ങൾക്കുമായി ...! 



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...