Wednesday 5 July 2017

ഭാഗം നാല്



സ്വന്തം വീട്ടിലായിരുന്നപ്പോൾ ശങ്കരന്റെ കാര്യം നോക്കാൻ എല്ലാവരും ഉണ്ടായിരുന്നു , പക്ഷെ ഇവിടെ ജാനുവും നാണിയും കൈമാറിയെടുക്കാൻ സമ്മതിക്കുമെങ്കിലും ആരെങ്കിലും കൊണ്ടുവന്നാൽ അവർക്ക് ശിക്ഷ കിട്ടും എന്നതുകൊണ്ട് നാരായണി ഒറ്റയ്ക്കുതന്നെയായി കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നത് .



പ്രസവത്തിനുശേഷം സൗന്ദര്യം കൂടിയത് കൊണ്ടാവണം ഭർത്താവ് അവളുടെ അടുത്തുനിന്നും മാറാതെയായത് മറ്റുള്ളവരിൽ വിമുഖതയുണ്ടാക്കി . പക്ഷെ നാരായണിക്ക് കാര്യമായ താല്പര്യമോ ഇഷ്ടമോ തോന്നിയില്ല . കുഞ്ഞു കരഞ്ഞാലും പോവാൻ സമ്മതിക്കാതെ അയാളുടെ കൈക്കുള്ളിൽ നിൽക്കേണ്ടി വരുന്നതാണ് ഏറ്റവും വലിയ ഗതികേടെന്ന് പതിയെ നാരായണി തിരിച്ചറിഞ്ഞു ,



ശങ്കരന് ഒന്നര വയസ്സുകഴിയുമ്പോൾ ശംഭുവും ജനിച്ചു , പക്ഷെ ആദ്യത്തെപ്പോലെ ഇത്തവണ വീട്ടിലേക്ക് പോവാനുള്ള അനുവാദം ഇല്ലായിരുന്നു . ആ വലിയവീട്ടിൽ രണ്ടുമക്കളുണ്ടായിട്ടും അവൾ ഒറ്റപ്പെട്ട് പോകുന്നതുപോലെ അവൾക്ക് തോന്നി .


 അമ്മയും അച്ഛനും ഏടത്തിയും വന്നു എന്നല്ലാതെ അവൾ ആഗ്രഹിച്ചത് പോലെ കൃഷ്ണേട്ടനോ മാധവിയേടത്തിയോ ഇതിനോടകം വീണ ഭ്രഷ്ടുകാരണം വാരാത്തത് അവളെ കൂടുതൽ വേദനിപ്പിച്ചു



തിരുവാതിരയും ആയില്യവും വിഷുവും പിന്നെയും കടന്നുപോയി , ശംഭുവിന് രണ്ടുമാസം പ്രായമുള്ളപ്പോഴാണ് നാരായണി ഉമയെ ഗർഭം ധരിക്കുന്നത് . ഉമയുടെ ജനനത്തിന് ശേഷം രണ്ടാം മാസം അവളുടെ കിടപ്പിലായ ഭർത്താവ് തന്റെ പന്ത്രണ്ട് ഭാര്യമാർക്കും വിധവാവേഷം നൽകി യാത്രയായി .


അത്രനാളും ഒളിഞ്ഞും തെളിഞ്ഞും  കുറ്റപ്പെടുത്തിയവർ നേരിട്ട് വന്ന് പുച്ഛിക്കുന്നത് അവൾക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു . കുടുംബത്തിൽ ശങ്കരന്റെ മൂത്തതായി മറ്റുഭാര്യമാരിൽ ഉണ്ടായതെല്ലാം പെണ്ണുങ്ങളും , ബുദ്ധിമാന്ദ്യം ഉള്ള രണ്ട് ആണും ആയപ്പോൾ ആ വലിയകുടുംബത്തിന്റെ നാഥന്റെ സ്ഥാനം  മൂന്നര വയസുകാരൻ ശങ്കരനായി .


അവസാനം കയറിവന്നവൾ മുറപ്രകാരം അകത്തമ്മയാവുന്നത് അവർക്കെല്ലാം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . ഇതിനിടയിൽ കാര്യസ്ഥന്മാരായായിരുന്ന നായന്മാർ കട്ടുമുടിയ്ക്കുന്നതിന്റെ അളവും വീട്ടിലെ പെണ്ണുങ്ങളുടെ ധൂർത്തും കൂടിക്കൂടി വന്നു.


മുറ്റത്ത് കുഴികുത്തി തേക്കിലയിൽ പഴങ്കഞ്ഞിക്ക് വന്നിരുന്ന പണിക്കാരിൽ പലരും പാട്ടക്കാരും കൂടെ അവകാശത്തിനായി ഇല്ലത്തിന്റെ മുന്നിൽ സമരം തുടങ്ങി .



കൊല്ലവർഷം ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിരണ്ട് കർക്കടകം മുപ്പത് ,  ചിങ്ങം പിറക്കാൻ ഒരുനാൾ ബാക്കിനിൽക്കെ ഇന്ത്യ സ്വാതന്ത്രം നേടിയെന്ന മുറ്റത്തിരുന്ന് സമരം ചെയ്യുന്ന പണിക്കാരുടെ സന്തോഷപ്രകടനങ്ങൾ കണ്ടപ്പോൾ നാരായണിക്കും ഉള്ളിൽ എന്തിനുവേണ്ടി എന്നറിയാതെ ഒരു സന്തോഷം കടന്നുകൂടി  



"നോക്കിക്കോ നാരായണി , ഒരിക്കൽ ബ്രിട്ടീഷുകാരുടെ അടുത്തുനിന്നും ഇന്ത്യക്കാർ സ്വാതന്ത്രരാവും . അന്ന് ഈ പാവപ്പെട്ടവർക്ക് മോചനമുണ്ടാവും , ആ പുതിയ ഇന്ത്യയിൽ എല്ലാവർക്കും തുല്യമായ നീതിയുണ്ടാവും . നിന്നെപ്പോലെയുള്ള പെണ്ണുങ്ങളുടെ കൂടി മോചനമാവും അത് , അന്ധവിശ്വാസങ്ങളുടെ തീച്ചൂളകളിൽ കിടന്നൊരുപെണ്ണും പിന്നീട് ഉരുകിത്തീരില്ല "



പണിക്കാരുടെ മാത്രമല്ല , ഇവിടെയുള്ള വിഷമങ്ങളിൽ നിന്നും ഉള്ള തന്റെ മോചനം കൂടിയാണ് ഇതെന്ന് അവൾ വിശ്വസിച്ചു .







ദിവസങ്ങൾ വീണ്ടും കടന്നുപോയി , നാരായണിയുടെ പ്രതീക്ഷകൾക്കു മങ്ങലേറ്റുതുടങ്ങി . കൃഷ്ണേട്ടൻ പറഞ്ഞ സ്വതന്ത്രവും മോചനവും സന്തോഷവും എവിടെയെന്ന് ആലോചിച്ചിരുന്നത് അവൾക്കൊരു ശീലമായി മാറി 



ഇതിനിടയിൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇല്ലത്തിന്റെ കാര്യസ്ഥന്മാർ ഇല്ലപ്പറമ്പിൽ പുതിയ മാളികകൾ പണിയുകയും ചുറ്റുമുള്ള സ്ഥലമെല്ലാം വളച്ചുകെട്ടി സ്വന്തമാക്കുകയും ചെയ്തുകൊണ്ടിരുന്നു , ചുരുങ്ങിച്ചുരുങ്ങി വരുന്ന മുറ്റത്തിരുന്ന് പണിക്കാർ അപ്പോഴും സമരം വിളിച്ചുകൊണ്ടിരുന്നു . 



വർഷങ്ങൾ പിന്നെയും കടന്നുപോയി , ശങ്കരന് ഉപനയനത്തിനുള്ള നേരമെടുക്കുകയാണ് , ഇതിനോടകം നാരായണിയുടെ പ്രിയ കൂട്ടുകാരിയായി മാറിയ നാണിയുടെ കുട്ടിയ്ക്കും അഞ്ചുവയസ്സ് കഴിഞ്ഞു . അവർ കുട്ടിയെ കരയോഗം സ്‌കൂളിൽ ചേർക്കുകയാണത്രെ 



നാരായണി ആ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ എല്ലാവരും നേരെനിന്ന് എതിർക്കുകയാണ് ചെയ്തത് .ഇക്കാരണം പറഞ്ഞു 
  ഭ്രഷ്ടിലായ കൃഷ്ണേട്ടനെ അവഹേളിക്കുന്നത് താങ്ങാവുന്നതിലും അപ്പുറമായിരുന്നെങ്കിലും അവൾ പ്രതികരിച്ചില്ല . 



അവരുടെ ഇഷ്ടപ്രകാരം വേദപഠനത്തിന് വിട്ടതിന്റെ രണ്ടാം നാൾ കൃഷ്ണേട്ടൻ പറഞ്ഞയച്ച ആൾ വന്നു ശങ്കരനെ കുറച്ചുനാൾ മലയാളം പഠിപ്പിക്കാനായി കൊണ്ടുപോവണമെന്ന് ആവശ്യപ്പെട്ടപ്പോൾ എല്ലാവരുടെയും എതിർപ്പുകൾ കണക്കാക്കാതെ നാരായണി സമ്മതിച്ചു . 



"പഠിച്ചാലേ ലോകത്തെക്കുറിച്ചറിയൂ , ലോകത്തെ അറിഞ്ഞാലേ മനുഷ്യനായി ജീവിക്കാൻ കഴിയൂ , ഇനിയുള്ള കാലം സാധാരണക്കാരന്റെയാണ് അവിടെവേണ്ടത് ശാന്തിക്കാരനാവാനുള്ള പഠനമല്ല, മനുഷ്യശാന്തിക്കുള്ള പഠനമാണ് "


"നാരായണിക്ക് ചന്തുമേനനെ അറിയോ ?"


"നിക്കെങ്ങനെ അറിയാന ഏട്ടനെന്നെ പറയൂ "


"വല്യ കുടുംബത്തിലെയാ , അദ്ദേഹം ആണ് മലയാളത്തിൽ ഉത്തമമായൊരു നോവൽ എഴുതീത് , എന്തിനുവേണ്ടിയാണ് അറിയോ ?"

"എന്തിനാ ?"

"അദ്ദേഹത്തിന് വായിക്കാൻ ഇംഗ്ളീഷ്  കഴിയുന്ന പുസ്തകങ്ങൾ മലയാളം മാത്രം അറിയുന്ന ഭാര്യയ്ക്ക് വായിക്കാൻ കഴിയില്ലായിരുന്നു , അപ്പോൾ അവർക്കും വായിക്കാനും ലോകകാര്യങ്ങൾ അറിയാനും വേണ്ടിയാണ് . നാരായണിക്ക് കേക്കണോ ?  "


"ഉം  "


"മാധവാ കേരളത്തിലെ സ്ത്രീകൾ പാതിവ്രത്യം ആചരിക്കുന്നില്ലെന്നോ ? കഷ്ടം . ഇതരനാടുകളിലെ  സ്ത്രീകളെപ്പോലെ മലയാളി സ്ത്രീകളും പാതിവ്രത്യം ആചരിക്കുന്നുണ്ട്
 . നമ്പൂതിരി സ്ത്രീകളെപ്പോലെ മൃഗീയമായി വീടിനുള്ളിൽ അടഞ്ഞുകൂടുന്നു എന്നില്ലെന്നേയുള്ളൂ  ഞങ്ങൾ നായർ സ്ത്രീകൾ മറ്റുള്ള ആണുങ്ങളോട് സംസാരിക്കുന്നത് കൊണ്ടോ മുഖം മറയ്ക്കാതെ നടക്കുന്നതുകൊണ്ടോ വ്യഭിചാരിക്കുന്നു എന്നാണ് മാധവന്റെ വിചാരമെങ്കിൽ ഇത്ര അബദ്ധമായ വിചാരം മറ്റൊന്നുമില്ല "


"ഏട്ടാ ....."


"എന്തെ കുട്ടി ?'


"എല്ലാവരും പറയുന്നു , ഞാനും അന്യപുരുഷന്മാരുടെ മുഖത്ത് നോക്കിയതുകൊണ്ട് വ്യഭിചാരിണിയാണെന്ന്, അത് തെറ്റാന്നെല്ലേ ഇന്ദുലേഖ പറഞ്ഞത് "


അയാൾ അനിയത്തിയുടെ നിറഞ്ഞുവന്ന കണ്ണുകൾ നോക്കി തുടർന്നു .


"കുട്ടി , എല്ലാ സൗകര്യങ്ങളോടെയും ജീവിക്കുന്നവർക്ക് വ്യഭിചാരവും , ആ കഥകൾ ആരോപിക്കലും നേരം പോക്കാണ് , അതുകേട്ട് കണ്ണീരൊഴുക്കും മുൻപ് സ്വയമൊന്ന് ചിന്തിക്കൂ ...നീയെന്ത് തെറ്റാണ് ചെയ്തതെന്ന് "

"ഉം ..."


കൃഷ്ണേട്ടന്റെ വാക്കുകൾ അവളുടെ കാതുകളിൽ നിറയുന്നത് പോലെ തോന്നി . അവളുടെ തീരുമാനത്തിന് നേർക്കുള്ള എതിർപ്പുകളോടൊപ്പം ഉപദ്രവങ്ങളും തുടങ്ങി . 


കുഞ്ഞുങ്ങളെയും തന്നെയും കൊല്ലുമെന്ന് ഭയന്ന്  മാറിയെന്ന് അവകാശപ്പെട്ട് അവർചോദിച്ച സ്വത്തിന്റെ ഓഹരി കടലാസുകളിൽ നാരായണി മഷിമുക്കി ഒപ്പ് രേഖപ്പെടുത്തുമ്പോഴും നാരായണി ശ്രദ്ധിച്ചത് മുദ്രപേപ്പറുകളിലെ അക്ഷരങ്ങളിലേക്കായിരുന്നു 


"അക്ഷരങ്ങളാണ് ശക്തി , ഇതറിയാതെ പോയതാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് " കൃഷേട്ടൻ പറഞ്ഞത് സത്യമാണെന്ന് അവൾക്ക് തോന്നി  .

ദിവസങ്ങൾ പിന്നെയും മുന്നോട്ട് പോയി , കൃഷ്ണേട്ടൻ ശങ്കരനെ പള്ളിക്കൂടത്തിൽ ചേർത്തുവെന്ന വാർത്ത നാരായണി കേട്ടത് ഏറെ സന്തോഷത്തോടെയാണ് . സമയമാവുമ്പോൾ ശംബുവിനെയും അവിടെ ചേർക്കണമെന്ന് അവൾ ആഗ്രഹിച്ചു . അവളുടെ ലോകത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഇല്ലാതിരുന്നതിനാൽ ഉമയെ ആർക്കെങ്കിലും വിവാഹം കഴിച്ചുവിടാൻ മാത്രമാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു 


കൊല്ലവർഷം ആയിരത്തി ഒരുന്നൂറ്റി മുപ്പതിനോടടുത്ത ഏതോ ഒരു ഇടവത്തിലാണ് അവൾ ആദ്യമായി കൃഷ്ണേട്ടന്റെ വാക്കുകളിൽ നിറഞ്ഞുനിന്ന ഇ എം എസ് നെ കണ്ടത് . തന്റെ മകന് പേരിട്ടത് അദ്ദേഹത്തോടുള്ള ബഹുമാനത്തോടെയാണെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും അന്യ ആണുങ്ങളുടെ മുന്നിൽ വരാൻ കഴിയാത്തവിധം ആചാരങ്ങൾ അവളെ ആ മുറിക്കുള്ളിലിട്ടടച്ചു . 


സമരം വിളിച്ച പണിക്കർക്ക്  കാര്യസ്ഥന്മാരായും സംബന്ധത്തിൽ ജനിച്ചതെന്ന് അവകാശം വാങ്ങിപ്പോയവരും എടുത്തതിൽ നിന്നും ബാക്കിയുള്ള പറമ്പിലെ ഒരുഭാഗം  കൃത്യമായി വീതം വെച്ച് നൽകാനുള്ള നേതൃത്വം കൊടുത്തശേഷം തിരികെപ്പോയി 

ഇ സംഭവത്തിനുശേഷം ഇല്ലത്തിൽ നിന്നും അഫ്‍പൻ നമ്പൂതിരിമാർ പുറത്തേക്ക് കുടിയിരിപ്പ് തുടങ്ങി , പതിനാറ് കെട്ട് വീടും പതിനൊന്നായിരം  പറ പാട്ടം കിട്ടുന്ന കൃഷിയിടവും ആരുടെയൊക്കെയോ സ്വന്തമാക്കിക്കഴിഞ്ഞു എന്ന് നാരായണി തിരിച്ചറിഞ്ഞു . അകത്തമ്മമാരിൽ ഒന്നുരണ്ടുപേർ ബന്ധുക്കളോടൊപ്പം പോയി , ഒരാളെ കൊണ്ടുപോയത് കാര്യസ്ഥൻ നായരായപ്പോൾ നമ്പൂതിരിസഭകളിൽ "നായർ സംബന്ധം " ഭീതിയുണർത്തി 

ഇല്ലത്തെ ആൺതുണകൾ എല്ലാം പിരിഞ്ഞപ്പോൾ വാര്ധക്യത്തോടടുത്ത സഹപത്നിമാരെ നോക്കിയും അവശേഷിച്ച മണ്ണിൽ നിന്നും കിട്ടുന്ന ആദായവുമായി ഭക്ഷണം ഉണ്ടാക്കിയും നാരായണി അതുവരെയുള്ള തന്റെ ജീവിതം തിരുത്തിയെഴുതി . ജാനുവിനെ ആരോ വിവാഹം ചെയ്ത് കൊണ്ടുപോയി . 

നാണിക്കും കുടുംബത്തിനും കിട്ടിയ മണ്ണിൽ അവർ കൃഷിചെയ്യാൻ തുടങ്ങിയതോടെ അന്നുവരെ മേലനങ്ങാതിരുന്ന അകത്തമ്മമാർക്ക് ഭക്ഷണത്തിന് വഴിയില്ലാതെയായി . നാരായണി അപ്പോഴും പിടിച്ചുനിന്നു . അവൾ പാചകം ചെയ്യാനും ഇല്ലത്തിലെ ജോലികൾ ചെയ്യാനും സ്വയം ശീലിച്ചു . 

ആരുമില്ലാതിരുന്ന നമ്പൂതിരി വിധവയെ കൂട്ടുകിടക്കാൻ ക്ഷണിച്ചുള്ള വാതിൽമുട്ടുകൾ കൊണ്ട് അവളുടെ രാത്രികൾ സമാധാനമില്ലാത്തവയായി മാറി . ഭക്ഷണത്തിനുള്ള വഴികൾ ഓരോ നാലും കുറഞ്ഞുവന്നപ്പോൾ നാരായണി നാണിയോടൊപ്പം ബാക്കിയായ സ്ഥലത്ത് പണിയെടുക്കാൻ നിർബന്ധിതയായി. 

അടുക്കളയിൽ നിന്നും നമ്പൂതിരി സ്ത്രീ അരങ്ങത്തേക്ക് വന്നാൽഇങ്ങനിരിക്കും എന്ന് നാട്ടുകാർ വിഷമത്തോടെ നോക്കിക്കണ്ടു . പക്ഷെ നാരായണി സഹതാപങ്ങൾക്കുനേരെ പുഞ്ചിരിച്ചതേയുള്ളൂ 



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...