Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 21
----------------------



"എനിക്കും അത് തോന്നിയിട്ടുണ്ട് ശരത്തെ ആദ്യമായി ഇവിടെയെത്തിയന്ന് മുതൽ .
എത്രതവണ നേർക്കുവന്നു പിന്തിരിഞ്ഞുപോയ മരണമാണ് ....!



ഇനിയും വരായ്കയുമില്ല .നമ്മളാരെയെങ്കിലും നന്നാക്കാൻ ശ്രമിച്ചാൽ ഇതൊക്കെത്തന്നെയാവും ഫലം . എങ്കിലും ഓരോ തവണ ആക്രമണങ്ങൾ നേരിടേണ്ടിവരുമ്പോഴും ഞാൻ ചെയ്യുന്ന വിഷയത്തിന്റെ നന്മയും അതിന്റെ പ്രസക്തിയും മനസ്സിലാക്കാൻ കഴിയുന്നുണ്ടാരുന്നു .

അതൊരാവേശമാണ് ശരത്തെ , ആണായി ജനിച്ചില്ലേ അഭിമാനത്തോടെ ജീവിക്കണ്ടേ ...


നാളെയവരുടെ ചതിയാൽ മരണപ്പെടാം അല്ലെങ്കിൽ മറ്റെങ്ങനെയെങ്കിലും ... അപ്പോഴും നമുക്കുവേണ്ടി വേദനിക്കാൻ ഇത്രയും പേരുണ്ടാവുന്ന സുഖമൊന്ന് വേറെ തന്നെയാണ് .ജീവിതംകൊണ്ട് പ്രയോചനമുണ്ടായ സംതൃപ്തി ."



"എനിക്കും അങ്ങനെ തോന്നിയിരുന്നു ,അജീഷിനായിരുന്നു ഇവരെക്കുറിച്ചു സ്വപ്‌നങ്ങൾ കൂടുതൽ . പക്ഷേ ... ഇനി പറഞ്ഞിട്ട് കാര്യമില്ല . ചതിയാണോ അപകടമാണോ എന്നറിയില്ല ഇപ്പോഴും "


"അജീഷ് അണ്ണന് എന്തുപറ്റി " ?


അത്രനേരം ഭാവഭേദമില്ലാതിരുന്ന ശെമ്പകം പെട്ടെന്ന് പ്രതികരിച്ചത് ഞാൻ ഞെട്ടലോടെയാണ് കണ്ടത് .


"എന്താ ശരത്ത് ?"



"അന്ന് ഇവിടം വിട്ടുപോയശേഷം പ്രോജക്ട് സമയം തീരാൻ ഏതാണ്ട് രണ്ടാഴ്ചയോളം സമയമുണ്ടായതിനാൽ രണ്ടാളും അവരവരുടെ വീട്ടിൽ പോയി .


മിക്കദിവസവും അവനെന്നെ വിളിക്കുമായിരുന്നു ,അതിനിടയിൽ രണ്ട് ദിവസം വിളിയൊന്നും കാണാതായപ്പോഴാണ് ഞാനവിടെ എത്തുന്നത് .
എന്റെ മനസ്സിലപ്പോഴും അവൻ വയനാട്ടിലേക്ക് പോയിരിക്കുമോയെന്ന സംശയമായിരുന്നു അങ്ങനെയെങ്കിൽ അവിടുത്തെ ശത്രുക്കൾ അവനെ വെറുതെ വിടില്ലെന്ന് എനിക്കറിയാമായിരുന്നു "


"വയനാട്ടിൽ നിങ്ങൾക്കെത്തു ശത്രുക്കൾ ?"


"അത് ..... ഞങ്ങളവിടെ താമസിച്ച സമയത്ത് ഇവർക്ക് എന്തുകൊണ്ട് അടിസ്ഥാനസൗകര്യങ്ങൾപോലും എത്താത്തതിന്റെ കാരണംഅന്വഷിച്ചു .
അപ്പോഴാണ് ഒരുകാര്യം മനസ്സിലായത് ഫോറെസ്റ് ഭൂമിയിൽ നിന്നും ഇവരെ രേഖകൾ പ്രകാരം എന്നോ മാറ്റി പാർപ്പിച്ചതാണ് ,


അതാണ് റേഞ്ച് ഓഫീസർമാർക്ക് എന്തുമാവാം എന്നുള്ള അവസ്ഥ വന്നത് .
എന്നാൽ ഫോറെസ്റ്റിൽ നിന്നുമിറങ്ങുന്നതിന് പകരമായി പതിച്ചുകൊടുത്ത ഭൂമിയെക്കുറിച്ചു ഇവിടുള്ളവർക്കൊരു പിടിയുമില്ല "


"എന്നുവെച്ചാൽ ?"


" "മനുഎട്ട വനഭൂമിയിൽ നിന്നും ഇവരെ കുടിയൊഴിപ്പിച്ചതിനു പകരം ഗവണ്മെന്റ് ഓരോ കുടുംബത്തിനും നിശ്ചിത ഭൂമി വനത്തിനുപുറത്തു പതിച്ചുനല്കിയിരുന്നു .


പിന്നീട് ഏതാണ്ട് ഒരുവര്ഷത്തിനുശേഷം ഇവർ സ്വകാര്യ വ്യക്തികൾക്ക് ഇഷ്ടദാനമായി എഴുതിക്കൊടുക്കുന്നതുപോലെ പ്രമാണങ്ങൾ രെജിസ്റ്റർ ചെയ്തു .


ഇതെല്ലാം നടന്നിട്ട് തന്നെ പത്തുപതിനഞ്ചുവർഷം കഴിഞ്ഞിരുന്നു . നീതിക്കുവേണ്ടി പോരടിക്കാനോ കുത്തിപ്പൊക്കികൊണ്ടുവരാനോ ആരും ഇന്നും താല്പര്യപ്പെടില്ല .


അവിടെയാണ് അവൻ രജിസ്റ്റർ ഓഫീസുകളിലും പഞ്ചായത്തിലും പത്രത്താളുകളിലും തിരഞ്ഞു സത്യാവസ്ഥ ഇവരെ അറിയിക്കാൻ ഉള്ളശ്രമം ആരംഭിച്ചത് . അതിനെതിരെ ഭീഷണിയുമായി പുറകെ ഇവിടുത്തെ പലറിസോർട്ടുകളുടെയും ഫാമുകളുടെയും തോട്ടങ്ങളുടെയും മുതലാളിമാർ വന്നത് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ് . ഞാൻ വേണ്ടെന്ന് വിലക്കിയിട്ടും അവൻ പിന്തിരിഞ്ഞില്ല .



ഭൂരഹിതർക്ക്‌ സർക്കാർനല്കുന്നഭൂമി ഏതാണ്ട് ഇരുപതോളം വർഷത്തോളം കൈമാറ്റം ചെയ്യപ്പെടാൻ സാധിക്കില്ല എന്നൊരു നിയമമുള്ളപ്പോൾ അവരെങ്ങനെ രെജിസ്റ്റർ ചെയ്തു എന്ന് അവൻ കുറെ തിരഞ്ഞു നടന്നു .


പിന്നെയാണ് മനസ്സിലായത് ഇതുപോലെ ഏതെങ്കിലും തലവേദനനകൾ വരുമെന്ന് മുൻകൂട്ടി കണ്ട അവർ പവർ ഓഫ് അറ്റോണിയും ഒപ്പിട്ട് വാങ്ങിയിരുന്നു .കുറച്ചുസ്ഥലങ്ങൾ പാട്ടത്തിന് കൊടുത്തത് നൂറും നൂറ്റമ്പതും വർഷത്തേക്ക് . "


"ഞങ്ങൾക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലാലോ അണ്ണാ "


ശെമ്പകം അത്ഭുതത്തോടെ അവനെ നോക്കിയിരിക്കുകയായിരുന്നു .



" ഇതൊക്കെ നടക്കുമ്പോൾ നീ കൊച്ചുകുട്ടിയായിരിക്കും ശെമ്പകം .അല്ലെങ്കിൽ നീ ജനിക്കുന്നതിനും ഏറെ മുൻപ് മുതൽ ഉണ്ടായിരുന്നത്  അന്നെപ്പോഴെങ്കിലും പുറത്തുനിന്ന് ആളുകൾ കൂട്ടത്തോടെ വന്നതോ എവിടെയെങ്കിലും കയ്യൊപ്പ് വാങ്ങിയതോ ഓർമയുണ്ടാവുമോ "



"അറിയില്ല അണ്ണാ . ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ വല്യവല്യ ആളുകളൊക്കെ വരാറുണ്ട് കയ്യൊപ്പ് പതിപ്പിച്ചു കൊടുക്കാറുണ്ട് അതെന്തിനാണെന്ന് അറിയില്ല ."



"ഉം ..... നിങ്ങള്ക്ക് ലഭിക്കേണ്ട നീതി വേണ്ടെന്ന് നിങ്ങൾതന്നെ ഒപ്പിട്ട് കൊടുത്തപോലെയാണ് ഇത് . നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല കാരണം അവർക്കുള്ള പ്രധാനപ്പെട്ട ഒന്ന് നിങ്ങൾക്കില്ല . വിദ്യാഭ്യാസം . അതിന്റെ കുറവുകൊണ്ടുതന്നെ ആരൊക്കെയോ നിങ്ങളെ വീണ്ടും വീണ്ടും പറ്റിക്കുന്നു . "



"ശരത്ത് വനത്തിനോട് ചേർന്നുള്ള മിച്ചഭൂമികൊണ്ട് അവർക്കൊക്കെ എന്താണ് ഗുണം ? "


"ഏകദേശം എഴുപത് കാലഘട്ടത്തിൽ ഭൂപരിഷ്കരണ നിയമം വന്നിരുന്നു . ഒരാൾക്ക് കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ അളവ് വെട്ടിക്കുറച്ചുകൊണ്ട് . ബാക്കിയുള്ളവ സർക്കാർ മിച്ചഭൂമിയായി കണ്ടുകെട്ടുകയും പതിച്ചു നൽകുകയും ചെയ്യും .


അങ്ങനെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടത് അധികാരികളിൽ സ്വാധീനം ചെലുത്തി ഇവരുടെയൊക്കെ പേരിൽ വനത്തിൽനിന്നും ഇറങ്ങുന്നതിന് പകരമുള്ള മിച്ചഭൂമിയായി പതിപ്പിച്ചു നൽകിയ ശേഷം ആദിവാസിയുടെ കയ്യിൽനിന്നും ഇഷ്ടദാനമായി സ്വീകരിച്ചു .


 ഇത് രേഖകളിൽ മാത്രം ഒതുങ്ങിപ്പോയെന്നത് ഇവരിൽനിന്നാരും ചോദ്യം ചെയ്യാത്തതുകൊണ്ട് പ്രശ്നമായില്ല .


പിന്നീട് എഴുപത്തഞ്ചിലും എഴുപത്തേഴിലും വന്ന ഭേദഗതികൾ ഇത്തരം പകൽക്കൊള്ളകളെ കൂടുതൽ പ്രോത്സാഹിപ്പിച്ചതല്ലാതെ പ്രോയോചനമുണ്ടായില്ല . ഇത് പതിയെ വൻതോതിൽ വനഭൂമി കയ്യേറുന്നതിനും സ്വകാര്യ വ്യക്തികൾക്ക് പതിപ്പിച്ചുകൊടുക്കുന്നതും ഏറിവന്നു .


അതോടൊപ്പം വനഭൂമിക്കരികിലുള്ള മണ്ണിന് വില കുത്തനെയുയർന്നു , അന്നുവരെ വളരെക്കുറച്ചുമാത്രം ഉണ്ടായിരുന്ന ടൂറിസം വനഭൂമിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതായിരുന്നു കാരണം .



വയനാട് ,മലപ്പുറം ,കണ്ണൂർ ജില്ലകളിൽ സന്ദർശകരെ ആകർഷിക്കാനുള്ള പദ്ധതികൾക്കൊപ്പം വനത്തിനുള്ളിൽ അനധികൃതമായി താമസിക്കുന്നുവെന്ന് പറയപ്പെടുന്ന ഇവരുടെനേർക്കുള്ള ചൂഷണവും കൂടി.


ചിലയിടത്ത് ഈ ആദിവാസികളായിരുന്നു വില്പനച്ചരക്കുകൾ . ഞങ്ങളെപ്പോലെ ഉള്ള വിദ്യാർത്ഥികളും സഞ്ചാരികളും അത്ഭുതത്തോടെ ഇവരുടെ ചിത്രങ്ങൾ പകർത്തിയെടുത്തു .


ഉന്തിയ മൂക്കും ചുരുണ്ടമുടിയും കൂർത്തപല്ലുകളും എന്നൊക്കെ വേർതിരിച്ചു പഠിക്കാനുള്ള വസ്തുക്കൾ മാത്രമായി മാറി


ചിലർക്ക് സഹതാപതരംഗങ്ങൾ സൃഷ്ടിക്കാനുള്ള വകയും മാത്രം . ഇവരുടെമണ്ണിൽ പടുത്തുയർത്തിയ ഹോട്ടൽ മുറികളിൽ ഇരുന്ന് ഇവരെയും ഇവരുടെ വനസമ്പത്തും വീക്ഷിക്കുന്ന നമ്മൾ . കാലത്തിന്റെ വിരോധാഭാസം ....!



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...