Tuesday 11 July 2017

അയാളും ഞാനും തമ്മിൽ - 10
----------------



"സ്‌കൂളിലേക്ക് പോകുന്നതെങ്ങനെയാണ് നാടിൻറെ മാറ്റത്തിന് കാരണമാവുന്നത് " ?



  ഞാനൊക്കെ എത്ര സ്‌കൂളുകൾ കണ്ടതാണ് എന്ന ഭാവമായിരുന്നപ്പോൾ . അയാൾ പറയുന്നതെല്ലാം അംഗീകരിക്കേണ്ടി വന്നപ്പോൾ മനസ്സിലിത്തിരി അസൂയയും കുശുമ്പും കേറിയിരിക്കണം



"വിദ്യാഭ്യാസം എന്നത് അറിവിലേക്കുള്ള വാതിലാണ് വിദ്യാ . അന്നുവരെ കണ്ടതും കേട്ടതിനുമപ്പുറം ശരിയും തെറ്റും മനസ്സിലാക്കി ഉത്തമബോധമുള്ളൊരു പൗരനെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വലുതാണ് . മാറിക്കൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിൽ വാമൊഴിയായി പകർന്നുകിട്ടുന്നതുമാത്രം അറിവെന്ന് അംഗീകരിക്കാൻ വയ്യ , അതുകൊണ്ടുതന്നെ അക്ഷരാഭ്യാസത്തിന് വളരെ പ്രാധാന്യമുണ്ട് .


 ജനങ്ങൾക്കുവേണ്ടിയുള്ള ഏതുഭരണഘടനവേണമെങ്കിലും പരിശോധിച്ചോളൂ അവിടെയെല്ലാം "വിദ്യാഭ്യാസത്തിന് " നൽകുന്ന പ്രാധാന്യമെന്തെന്ന് കണ്ടറിയാം .നമ്മുടെ ഗവ . വന്നപ്പോൾ ആദ്യം പ്രാധാന്യം കൊടുത്തത് വിദ്യാഭ്യാസ ബില്ലിനായിരുന്നു . ഒന്നുമില്ലെങ്കിലും ഈ ഓണംകേറാമൂലയിൽ പള്ളിക്കൂടം പണിതുവെച്ചത് അധിക ചിലവുണ്ടാക്കാനല്ല .


വികസനത്തിലേറെ പിറകിൽ നിൽക്കുന്ന ഇതുപോലുള്ള അപരിഷ്‌കൃത മേഖലകളിൽ നിന്നുള്ളവരും നമ്മളെപ്പോലെ മുന്നോട്ട് വരാൻ വേണ്ടിയാണ് . അതിനുവേണ്ടിയല്ലേ ആർക്കുമില്ലാത്ത അത്രയും ആനുകൂല്യങ്ങളും റിസർവേഷനും അവർക്കായി മാറ്റിവെക്കപ്പെട്ടിട്ടുള്ളത് ? എന്നിട്ടും എന്താണ് അവരെപ്പോഴും ഈയവസ്ഥയിൽ നിന്നും പുറത്തുവരാത്തതെന്ന് വിദ്യ ചിന്തിച്ചിട്ടുണ്ടോ ?"



"അങ്ങനൊന്നുമില്ല ".


ഇടയ്ക്കൊക്കെ ഓർക്കാറുണ്ടെങ്കിലും അയാൾ പറയുന്നതുകേൾക്കാൻ വേണ്ടി പിന്നെയും കള്ളം പറഞ്ഞു .


"കാരണം അവർക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ചു അവർക്കറിയില്ല , വിലപിക്കാൻ പഠിച്ചവർ ....
വിധിയെന്നോർത്തു സമാധാനിക്കുന്നവർ
വിദ്യാഭ്യാസമില്ലാത്തവർ ..
 ചോദ്യം ചെയ്യാനോ അവകാശങ്ങൾ നേടാനോ വേണ്ട അറിവവർക്കില്ല .


ഇവരുടെ കൂട്ടത്തിൽ നിന്നും ഉയർച്ചയിലെത്തിയ ആളുണ്ടെങ്കിലല്ലേ വിദ്യ ഇവരുടെ ജീവിതനിലവാരവും ഉയർത്താൻ കഴിയൂ .. ? "



"ശരിയാണ് "


"കുട്ടികൾ വന്നതോടെ സ്ഥിരമായി കണക്കിൽ കാണിക്കാതെ ലീവെടുത്ത് വീട്ടിലിരിക്കുന്ന അധ്യാപകർക്കും ഇതിനെല്ലാം മുന്നിട്ടുനിൽക്കുന്ന ഞങ്ങളോട് നീരസമുണ്ടാവാൻ തുടങ്ങി .


പിന്നെയാണ് മനസ്സിലായത് കോളനിയിലെ കുട്ടികളുടെ പേരിൽ സൗജന്യമായെത്തുന്ന പാഠപുസ്തകങ്ങൾ പ്രൈവറ് സ്‌കൂളുകളിലേക്ക് മാറ്റപ്പെട്ടിരുന്നു എന്നത് . അതുകൂടാതെ അരിയും ധാന്യങ്ങളും മറിച്ചു വിൽക്കുന്നത് വേറെ , എല്ലാ വിദ്യാലയങ്ങളെയും പോലെ അവിടേയ്ക്കു അനുവദിക്കുന്ന ലൈബ്രറി -സ്പോർട്സ് -ഫർണീച്ചർ -മറ്റ്‌ അലവൻസുകളും -എസ് ടി (ഷെഡ്യൂൾഡ് ട്രൈബ് ) സ്കോളർഷിപ്പുകളും എവിടെപ്പോയെന്ന് ആർക്കുമറിയുകയുമില്ല .


അവകാശങ്ങൾ നേടിയെടുക്കാൻ അവിടുത്തെ കുട്ടികൾ പ്രാപ്തരാവുന്ന കാലം ..അതായിരുന്നു എന്നെപ്പോലെ അന്ന് തോളോടുചേർന്നു നിന്ന ഓരോരുത്തരുടെയും ലക്ഷ്യം ."



എനിക്കയാളോട് പറഞ്ഞറിയിക്കാനാവാത്ത മതിപ്പ് തോന്നുന്നുണ്ടായിരുന്നു .


"എന്നിട്ട് "?


"പിന്നീടുള്ള കുറേനാളുകൾ തിരക്കുപിടിച്ചതായിരുന്നു .... ആശുപത്രിയിൽ നാൾക്കുനാൾ വരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു . എങ്കിലും വനത്തിനകത്തുള്ള കോളനികളിൽ നിന്നെത്തുന്നവരുടെ എണ്ണത്തിൽ മാറ്റമൊന്നുമുണ്ടായില്ല .


ഇതിനിടയിൽ അജ്ഞാതരുടെ ആക്രമണങ്ങൾ ഭീഷണികൾ .....പക്ഷേ വീണുപോകുമ്പോൾ ധൈര്യം തരാനും ശുസ്രൂഷിക്കാനും ഒരു നാടുതന്നെ കൂടെയുണ്ടായപ്പോൾ എനിക്കൊന്നിനെയും പേടിക്കാൻ തോന്നിയതുമില്ല .



ആ ദിവസങ്ങളിൽ കറുപ്പൻ എന്നെയൊരുപാട് സഹായിച്ചിട്ടുണ്ട് ഞാൻ പറയുന്നത് അവിടുത്തെ സാധാരണക്കാരിൽ എത്തിക്കാനും അവരുടെ നിലപാട് എന്നിലെത്തിക്കാനും അവൻ ഇടനിലക്കാരനായി തുടർന്നു .


ആദ്യമാദ്യം ഹോസ്പിറ്റലിന് അടുത്തുള്ള വീടുകൾ എന്നുപറയാൻ കഴിയാത്ത കുടികളിൽ ഞങ്ങൾ കയറിയിറങ്ങി . ആശ്രയമില്ലാതെ കിടക്കുന്നവരെ അവിടെപ്പോയി പരിപാലിക്കാനും തുടങ്ങി .


ഓരോ വീടുകൾ കയറിയിറങ്ങുമ്പോഴും ഞങ്ങൾക്കുമുന്നിൽ അവിടുത്തെ യഥാർത്ഥ പ്രതിസന്ധി തെളിഞ്ഞുവന്നു , മാസാമാസം നമ്മുടെ സർക്കാർ എത്ര പെൻഷൻ പ്രഖ്യാപിച്ചിട്ടും ഒരുചില്ലിപോലും കിട്ടാതെ , മലയിലും കാട്ടിലും തോട്ടങ്ങളിലും രാവടുക്കുംവരെ കഴുതയെപ്പോലെ പണിയെടുത്തിട്ടും അവരുടെ ഉൽപ്പന്നങ്ങളുടെ ലേബൽ കണ്ടാൽ നമ്മളെപ്പോലുള്ളവർ "പരിശുദ്ധമെന്ന " പട്ടം ചാർത്തിക്കൊടുത്ത് വാങ്ങിച്ചിട്ടും പിന്നെയും അവിടുള്ളവർ രണ്ടുനേരമെങ്കിലും ഭക്ഷണം കിട്ടാനായി പരക്കംപായുന്നു . "



അയാൾ അല്പനേരമൊന്ന് നിർത്തിയശേഷം വീണ്ടും പറഞ്ഞുതുടങ്ങി .



"ആദ്യത്തെ കുഞ്ഞിനെ സ്‌കൂളിൽ വിടേണ്ട പ്രായമാവുമ്പോഴേക്കും രണ്ടാമത്തേതുണ്ടാവും . അപ്പോൾ അമ്മയും അച്ഛനും പണിക്കുപോവാനായി മൂത്തതിന്റെ അടുത്ത് ഏല്പിച്ചുപോകും പണിക്ക് .


അന്നന്നുകൊണ്ടുവരുന്നത് ഉപയോഗിച്ച് അന്നന്ന് കഴിയുക എന്നതിനപ്പുറം അവർക്കൊന്നുമറിയില്ല . പ്രായപൂർത്തിയായെന്ന് തോന്നുമ്പോൾ വിവാഹം കഴിപ്പിച്ചുവിടുക ,


അവരും ഇതുപോലെ കാട്ടിൽ നിന്ന് സംഭരിച്ചത് നാട്ടിൽ വിറ്റു ജീവിതമാർഗം തേടുന്നു .ഈ ആവർത്തനത്തിനിടയ്‌ക്കു വരുന്ന വനനശീകരണവും പുറത്തുള്ളവരുടെ കയ്യേറ്റവും അവരെയൽപമൊന്നുമല്ല തളർത്തുന്നത്

കാട്ടിലെ സസ്യസമ്പത്തിനേയും ജന്തുസമ്പത്തിനേയും പോലെത്തന്നെ കാടിനെയാശ്രയിച്ചുജീവിക്കുന്ന ഇവരെയും കൂടിയാണ് .

മനുഷ്യജീവിതമെത്രമാത്രം സങ്കീർണ്ണമാണെന്ന് ഇവരോടിടപഴകുമ്പോൾ മനസ്സിലാക്കാം വിദ്യാ "



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...