Wednesday 5 July 2017

ഭാഗം ആറ്



"നാരായണി നിക്കറിയോ കർഷകത്തൊഴിലാളി പെൻഷൻ കിട്ടുന്ന പട്ടിക തയ്യാറാക്കീട്ടുണ്ട് "


"എന്നുവെച്ചാൽ എന്താ ഏട്ടാ?"


" ഇത്രകാലം പാടത്ത് പണിയെടുത്ത് വയസ്സാൻകാലത്തു മക്കളുടേം മരുമക്കളുടേം ദയയും കാത്ത് കിടക്കാതെ സ്വന്തമായി കുറച്ചുകാശ് വിതരണം ചെയ്യാനുള്ള സർക്കാരിന്റെ പരിപാടിയാണ് . എന്നുവരും എന്നറിയില്ല . പക്ഷെ നമ്മളെപ്പോലെയുള്ളവർക്ക് വലിയ ആശ്വാസമാകും "


"അതുശരിയാ "


"കേശവദേവിനെ അറിയോ നാരായണിക്ക് ?"


"പപ്പൂന്റെ കഥയല്ലേ ?"


"അതെ , "


"സ്വാതന്ത്ര്യത്തിന് ശേഷം എങ്ങനെവേണം നമ്മുടെ നാട് എന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം കൂടിയാണ് ആ കഥയിൽ , സ്വാതന്ത്ര്യത്തിന് മുന്നും പിന്നും അതിലുണ്ട് . "


"എനിക്കതറിയില്ല , നാടകം ഉണ്ടാരുന്നു , നാണിയുടെ കൂടെ ഞാനും പോയിരുന്നു "


"പരിഹസിച്ചോ ആരെങ്കിലും ?"


"പലരും , എനിക്കിപ്പോൾ ശീലമായിരുന്നു ഏട്ടാ . കാലങ്ങളായി പിന്തുടർന്നുവന്ന രീതികൾ എത്ര പെട്ടെന്നാണ് മാറിയത് ."


"ശരിയാണ് , നവോഥാനത്തിന്റെ തീകുണ്ഡത്തിൽ നിന്നും വന്ന അഗ്നികൊണ്ടാണ് രാമായണവും ,മഹാഭാരതവും കത്തിച്ചു കളയേണ്ടത് എന്ന് ദേവ് പറഞ്ഞതെത്ര ശരിയാണ് നാരായണി , "


"അത് തെറ്റല്ലേ ഏട്ടാ ?"


"കുട്ടി പുസ്തകങ്ങളെ കത്തിച്ചു കളയുക എന്നല്ല അതിനർത്ഥം , രാമായണം ഒരു നീതികാവ്യമാണ് . അതിൽ പറയുന്നത് ഉൾക്കൊള്ളാൻ കഴിയാത്തവർ അത് വായിക്കാതിരിക്കുക  . മഹാഭാരതം ഒരു സന്ദേശകാവ്യമാണ് , അതിലെ അർത്ഥങ്ങൾ വളച്ചൊടിക്കുന്നവർ അത് ഉപയോഗിക്കാതിരിക്കുക എന്നേയുള്ളൂ "



"അതെനിക്കറിയില്ലാരുന്നു "



"അജ്ഞതയാണ്  നാരായണി ഏറ്റവും വലിയ ശത്രു . വഴിതടഞ്ഞ മേലാളന്മാരെ
 തട്ടിമാറ്റിയ അയ്യങ്കാളിയും , ഈഴവശിവനെ പ്രതിഷ്ഠിച്ച ഗുരുദേവനും , അന്യജാതിക്കാർക്ക് പ്രവേശനമില്ലാത്ത അമ്പലങ്ങൾ പൊളിച്ചുകളയാൻ പറഞ്ഞ ഭട്ടതിരിപ്പാടും , പിന്മുറക്കാർ  പകരം ചോദിക്കാൻ വരുമെന്ന് ആശ്വസിപ്പിച്ച കൃഷ്ണപിള്ളയും , വെള്ളപ്പൊക്കത്തിലും , രണ്ടിടങ്ങഴിയിലുമൂടെ നമ്മുടെ നാടിന്റെ അവസ്ഥ ലോകത്തോട് വിളിച്ചുപറഞ്ഞ തകഴിയും എല്ലാം സ്വപ്നം കണ്ട കാലം വിദൂരത്തല്ല . "



"അന്നെല്ലാവരും രക്ഷപ്പെടുമല്ലേ ? "



"ഉം ... രക്ഷപ്പെടണമെന്നും ലോകം മുഴുവൻ ശാന്തിയോടെ വസിക്കണമെന്നുമല്ലേ നാം ചൊല്ലുന്ന ഏത് വേദമന്ത്രത്തിന്റെയും ആദിയിലും അന്തത്തിലും പറയുന്നത്. തപത്രയം ചൊല്ലാതെ ഏത് വേദം പൂർണ്ണമാവും കുട്ടി , പ്രണവമന്ത്രം കേൾക്കാൻ സുഖം എന്നല്ല , അതിന്റെ അർഥം കൂടെ ഉൾക്കൊള്ളാൻ നമ്മൾ തയ്യാറാകണം "


"ഉം ...."


"പഠിച്ചത് ഒന്നും പിടിച്ചത് മറ്റൊന്നും ആവുന്നത് കൊണ്ടാണ് ഇത്ര കഷ്ട്ടപാട് മറ്റുള്ളവർക്ക് "



ഒരിക്കൽ നഷ്ട്ടപ്പെട്ടഭരണം കമ്മ്യൂണിസ്റ്  വീണ്ടും കേരളത്തിൽ ആരംഭിച്ചു . ഇത്തവണ കർഷകർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വ്യാപകമായി . നാരായണി യൗവനം വെടിഞ്ഞു തുടങ്ങിയിരുന്നു .


സ്വതന്ത്രസമര സേനാനികൾക്കുള്ള പെൻഷൻ കൂടി വരുന്നസമയത്തു കാത്തുനിൽപ്പിന് അവസരം നൽകാതെ ഒരിക്കലും കടന്നുവരാത്ത താൻ സ്വപ്നം കണ്ട ഭാരതത്തെയോർത്ത് വേദനയോടെ കൃഷ്ണേട്ടൻ യാത്രയായി . നാരായണി വീട്ടിൽ തീർത്തും ഒറ്റപ്പെടുകയായിരുന്നു


സർക്കാർ കൊണ്ടുവന്ന സംവരണത്തിന്റെ ആനുകൂല്യങ്ങൾ നാരായണിയെത്തേടി വന്നില്ലെങ്കിലും "കർഷകത്തൊഴിലാളി " പെൻഷൻ കിട്ടിയ ആദ്യ നമ്പൂതിരി വനിതയായി നാരായണി ചരിത്രത്തിൽ ഇടം നേടി




പഠനം കഴിഞ്ഞെത്തിയ മക്കൾ അരികിലുണ്ടാവുമെന്ന് ആശിച്ചെങ്കിലും ഉയർന്ന ജോലിക്കായി നഗരങ്ങളിലേക്ക് ചേക്കേറി .


വല്ലപ്പോഴും അവധിദിനങ്ങളിൽ മക്കൾ വരാനായി നാരായണി കാത്തിരുന്നു . പതിയെ പതിയെ വരവിന്റെ എണ്ണം കുറഞ്ഞുവന്നു . മാസാമാസം വരുന്ന മണിയോർഡറുകൾ മാത്രമായി മക്കളുടെ സ്നേഹം മാറുന്നത് അവർ തിരിച്ചറിഞ്ഞു .



ആദ്യത്തെയാൾ വിഹാഹം ചെയ്യാൻ പോകുന്നത് മുസ്ലിം പെൺകുട്ടിയെ ആണെന്നറിഞ്ഞപ്പോൾ നാട്ടുകാരും ബന്ധുക്കളും വീണ്ടും കളിയാക്കിയെങ്കിലും മകന്റെ ഇഷ്ടം പോലെ മതിയെന്ന് ആ 'അമ്മ ഉറച്ചുനിന്നു .


കാരണം അവളുടെ കൃഷ്ണേട്ടൻ പറഞ്ഞിരുന്നു " ജാതിയുടെ പേരിലോ മതത്തിന്റെ പേരിലോ പ്രദേശത്തിന്റെ പേരിലോ ഇന്ത്യയിലെ ഒരാളും പരസ്പരം കുറ്റപ്പെടുത്തരുതെന്ന് നിയമമുണ്ടത്രെ . ജാതി മനുഷ്യൻ ഉണ്ടാക്കിയെന്നത് ഒഴിച്ചുനിർത്തിയാൽ എല്ലാവരും മനുഷ്യരാണത്രെ . മുസ്ലിംകൾക്ക് ഉള്ളതും ഹിന്ദുക്കൾക്കുള്ളതും ഒരുപോലത്തെ ശരീരമാണെന്നും , നമ്പൂതിരിയായാലും പറയാനായാലും ചോരയ്ക്ക് നിറം ചുവപ്പാണെന്നും നാരായണിക്ക് ഇപ്പോൾ അറിയാം




വിവാഹശേഷം മരുമകൾ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയും തെറ്റിച്ചുകൊണ്ട് മകനും മരുമകളും അമേരിക്കയിലേക്ക് തിരിച്ചു . അമ്മയുടെ എതിർപ്പുകളെ ഉയർന്ന സമ്പാദ്യമുള്ള ജോലി എന്ന സന്തോഷം തടഞ്ഞു .



മൂത്തവനിൽ നിന്നും വ്യത്യസ്‍തനായ ശംഭു സ്വജാതിയിൽ നിന്നുതന്നെ വിവാഹം വേണമെന്നുള്ള നിർബന്ധത്തിലായിരുന്നു



"അമ്മെ എല്ലാവരും ജാതിമാറി പോയാൽ നമ്മുടെജാതി അന്യം നിന്നുപോകും . " എന്ന അവന്റെ ബാരിസ്റ്റർ വാദത്തെ എതിർക്കാൻ നാരായണിക്കായില്ല .



അവർ നാടുമുഴുവൻ പെൺകുട്ടിയെ അന്വഷിച്ചുനടന്നു . എല്ലായിടത്തുനിന്നും നിരാശയായിരുന്നു ഫലം . മാറിയ കാലത്ത് എല്ലാ ആണുങ്ങൾക്കും വിവാഹം ചെയ്യാം എന്ന അവസ്ഥ വന്നപ്പോൾ പെണ്ണിനെ കിട്ടാത്ത അവസ്ഥയായി



"അന്ന് കൊറേ സ്ത്രീകൾ നാലുകെട്ടുകളുടെ ഇടയിൽ കിടന്ന് കണ്ണീർ വാർത്തത്തിന്റെ ഫലമാണിത് ..ഇന്ന് പെണ്ണ് കിട്ടാതെ അലയേണ്ടി വരുന്നത് , പെണ്ണിന്റെ ശാപം തലമുറകളെ തന്നെ ബാധിക്കും "



കൃഷ്ണേട്ടന്റെ ഈ വാദം ശരിയാണെന്ന് സ്വന്തം ജീവിതത്തിലൂടെ നാരായണി അതിനോടകം തിരിച്ചറിഞ്ഞിരുന്നു



അവസാനം തേടി തേടി വിവാഹം കഴിക്കുമ്പോൾ ശംഭുവിന് മുപ്പത്തഞ്ചായിരുന്നു , പെണ്ണിനും ഇരുപത് കഴിഞ്ഞു , കുടുംബം വലുതാണെങ്കിലും കോങ്കണ്ണുള്ള പെണ്ണ് .



നാരായണിയും മരുമകളും യോചിക്കാതെയായപ്പോൾ  നാട്ടുകാർ പതിവുപോലെ പണം കണ്ട് മോഹിച്ചുകെട്ടി എന്ന ചീത്തപ്പേര് നല്കിത്തുടങ്ങിയപ്പോൾ  ശംഭു ഭാര്യവീട്ടിലേക്ക് പോയി , വൈകാതെ അറബിനാട്ടിലേക്കും .


വല്ലപ്പോഴും വരുന്ന മണിയോർഡറുകൾ മാത്രം മക്കളെക്കുറിച്ചുള്ള ഓർമയാക്കി തറവാട്ട് ദൈവം നാട്ടുകാർ ഏറ്റെടുത്തെങ്കിലും നാരായണിക്കുനൽകിയ മാലകോർക്കാനുള്ള അവകാശം ജീവിതത്തിലെ ഏക സന്തോഷമായി കണ്ട് അവർ ജീവിച്ചു .




 ഒറ്റപ്പെട്ടുപോയ നാരായണി ഞങ്ങൾ നാട്ടുകാർക്ക് നാരായണിയേടത്തിയായി മാറുകയായിരുന്നു .



നാരായണിയേടത്തിയുടെ ഭർത്താവിന്റെ പേരക്കുട്ടിയാണ് മനു എന്ന ഞാൻ , അതായത് എന്റെ മുത്തശ്ശി നാണി ആണ് . പക്ഷെ മുത്തശ്ശിയേയും അമ്മയെയും പോലെ ഞാനും നാരായണിയേടത്തിയെന്ന് വിളിക്കാനാണ് ഇഷ്ടപ്പെട്ടത് .



"നാരായണിയേടത്തി പഠിച്ചിട്ടുണ്ടോ ?"


"ഉണ്ടല്ലോ മനൂ "

"എന്തൊക്കെ പഠിച്ചിട്ടുണ്ട് ?"

"നാരായണി ന്ന് എഴുതാൻ പഠിച്ചു , സമ്പൂർണ്ണ സാക്ഷരതക്കാര് വൈകീട്ട് വന്ന് പഠിപ്പിക്കാൻ എന്നേം വിളിച്ചിരുന്നു . നിക്ക് വേറെ ഉത്തരവാദിത്തം ഒന്നും ഇല്ലാത്തോണ്ട് പോയി "

"എന്നിട്ടോ "?

"ആദ്യം ഒക്കെ പേടിയായിരുന്നു , കുഞ്ഞുനാളിലെ ഉറച്ചില്ലെങ്കിൽ അക്ഷരങ്ങൾ വരയ്ക്കാൻ കഴിയില്ലെന്ന് . പക്ഷെ വാസുദേവനുണ്ടല്ലോ ...എന്നെ തല്ലീട്ടില്ല ന്നെ ഉള്ളൂ അക്ഷരം പഠിപ്പിക്കണ ഇടയിൽ .... ഞാൻ പഠിക്കില്ല എന്നെ കരുതീതാണ് , പോവാതായാൽ വാസുദേവൻ ആരെയെങ്കിലും വിട്ട് വിളിക്കാൻ പറയും ....അങ്ങനെ നാരായണിയേടത്തി എഴുതാൻ പഠിച്ചു , അന്ന് മനുക്കുട്ടന്റെ അമ്മേടെ കല്യാണം കഴിയണേ ഉണ്ടായിരുന്നുള്ളൂ "


"അക്ഷരങ്ങൾ എഴുത്തുകയാ , വരയ്ക്കുന്നത് ചിത്രങ്ങളാണ് . ഈ നാരായണിയേടത്തിക്ക് ഒന്നും അറിയില്ല "

"അത് കുട്ടിക്കല്ലേ എഴുത്ത് പഠിക്കാൻ , ഞങ്ങള് ചിത്രം വരയ്ക്കണ പോലെ വരച്ചുവെക്കുകയാ "


'നാരായണിയേടത്തിക്ക് പാടാനറിയാമോ ?"

"രാമായണം അറിയാം . കുട്ടിക്കത് ഇഷ്ടാവോ ?"

"ഏയ് അതുവേണ്ട , വേറെ "

"അഹ് .... എന്നാലേ കറുപ്പൻ ജിയുടെ രണ്ടുമൂന്ന് വരി പാടാം , എന്റെ കൃഷ്ണേട്ടന് ഇഷ്ടമായിരുന്നു അത് ..." അത് പറയുമ്പോൾ നാരായണിയേടത്തിയുടെ ശബ്ദം ആർദ്രമായി

"ഞാൻ ചിരിക്കുകയോ കളിയാക്കുകയോ ഇല്ല , പാടിക്കോ "

"തിരുവാതിരക്കുമ്മിയുടെ താളത്തിൽ പാടണം ,

ശ്രീശങ്കരാചാര്യസ്വാമി മുന്നം
കാശിയിൽ വച്ചു കുളി കഴിഞ്ഞു
ഈശനെക്കാണുവാൻ പോയപ്പോളുണ്ടായ
പേശലിതുകേൾക്ക യോഗപ്പെണ്ണെ!- അതു
മോശത്തരം തീർക്കും ജ്ഞാനപ്പെണ്ണെ!

തിങ്കൾത്തലയൻ പറയനുമായ്
ശങ്കരിയെന്നപറച്ചിയുമായ്
ശങ്കരാചാര്യർ വരുന്ന വഴിമദ്ധ്യേ
ശങ്കയെന്ന്യേ നിന്നുയോഗപ്പെണ്ണെ!- തെല്ലൊ
രങ്കമുണ്ടായപ്പോൾ ജ്ഞാനപ്പെണ്ണെ!

ജാതിഹീനൻ നീ പറയനല്ലോ
ജാതിയിൽ മുൻപൻ ഞാൻ ബ്രാഹ്മണനും
ഓതിയാലപ്പോൾ നീ ഓടണ്ടേ, മാറണ്ടെ
നീതി കൈകൂപ്പണ്ടെ? യോഗപ്പെണ്ണെ!- നിന്റെ
ഖ്യാതിക്കതു കൊള്ളാം ജ്ഞാനപ്പെണ്ണെ!

എല്ലാവരും നമ്മൾ മാനുഷന്മാ-
രല്ലാതെ മാടും മരവുമല്ല;
വല്ലായ്മ പോക്കുക, ശാസ്ത്രീയമാംജാതി
ചൊല്ലാം മനുഷ്യത്വം യോഗപ്പെണ്ണെ!- ഒരു
നല്ലജാതിയതു ജ്ഞാനപ്പെണ്ണെ!



കുഞ്ഞുനാളിൽ ദൈവങ്ങളോടൊപ്പം വെച്ചില്ലെന്നേയുള്ളൂ നാരായണിയേടത്തി ദൈവമായിരുന്നു എനിക്കും കഷ്ടപ്പെടുന്ന ചില വീട്ടുകാർക്കും . എന്റെ ചെറിയ ചെറിയ ആവശ്യങ്ങൾ മുതൽ വിശപ്പുവരെ നാരായണിയേടത്തിയായിരുന്നു നടത്തി തന്നിരുന്നതും .



പ്രായം കൂടുന്നതിനൊപ്പം നാരായണിയേടത്തിയോടുള്ള അടുപ്പവും കൂട്ടിയിട്ടേയുള്ളൂ , അതുകൊണ്ടായിരുന്നല്ലോ ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയപ്പോൾ നാരായണിയേടത്തിയോട് തന്നെ തുറന്നു പറഞ്ഞത് .



നാരായണിയേടത്തിയുടെ മുറ്റത്തെ മാവിലും പേരയ്ക്ക മരത്തിലും വലിഞ്ഞുകയറുന്ന ഒരു മരം കേറി പെണ്ണായിരുന്നു വിദ്യ , എന്നെപ്പോലെ തന്നെ അന്നുവരെ കാണാതിരുന്ന പേരക്കുട്ടിയുടെ സ്ഥാനത്ത് നാരായണിയേടത്തി കണ്ടിരുന്ന ഒരുത്തി .



ആദ്യം അവളോട് ദേഷ്യമായിരുന്നു , നാരായണിയേടത്തിയുടെ സ്നേഹം മുഴുവൻ അവൾ കൊണ്ടുപോയാലോ എന്നുള്ള ദേഷ്യം . പിന്നെ പിന്നെ ....


കൗതുകവും .....


മീശമുളച്ചു തുടങ്ങുന്ന പ്രായത്തിൽ അവളെടുത്തുവരുമ്പോൾ പറയാനാവാത്ത നിർവൃതിയും ആയിരുന്നു


കൺകോണുകളിൽ പ്രണയം ഒളിപ്പിച്ചവൾ .... പാദസ്വരക്കിലുക്കം കൊണ്ട് കഥ പറയുന്നവൾ


സ്‌കൂളിൽ അവളെ കാണാനായി മാത്രം പോയിരുന്ന നാളുകൾ ...

അവളുടെ കൂടെ നടക്കാനായി നാരായണിയേടത്തി തന്നിരുന്ന കുട മനപ്പൂർവ്വം മറന്നുവെച്ച നിമിഷങ്ങൾ ...

നാരായണിയേടത്തിയെ കാണാനുള്ള യാത്രകളെല്ലാം അവളെ കാണാൻ കൂടി വേണ്ടിയായിരുന്നു ...


പ്രീഡിഗ്രി കഴിഞ്ഞശേഷം മെഡിസിന് അഡ്മിഷൻ കിട്ടിയപ്പോൾ തലയിൽ കൈവച്ചു അനുഗ്രഹിച്ച നാരായണിയേടത്തിയായിരുന്നു എന്നിലുള്ള അവളോടുള്ള പ്രണയം കണ്ടെത്തിയത്


"വല്യ ആളായി തിരികെ വന്ന് അവളെയും കൂടെ കൂട്ടണം , അമ്മയും അച്ഛനും ഇല്ലാത്തതാണ് പൊന്നുപോലെ നോക്കണം " എന്നെ നാരായണിയേടത്തി പറഞ്ഞുള്ളൂ .


അവളോടൊരുയാത്രപോലും പറയാതെ അന്നവിടെനിന്നും പോകുമ്പോൾ അറിഞ്ഞിരുന്നില്ല , നാരായണിയേടത്തി എന്റെ ഇഷ്ടം പറഞ്ഞപ്പോൾ ഞാൻ കൊടുത്ത അഡ്ഡ്രസ്സിലേക്ക് രണ്ടുതവണ കത്തയക്കുമെന്ന്


വിധിയെനിക്കായി കാത്തുവച്ചത് മറ്റൊന്നായത് കൊണ്ടാവും അന്യ മതക്കാരി പെണ്ണിനെ എനിക്ക് വേണ്ടെന്ന് വീട്ടുകാർ തീരുമാനിച്ചത് . അവളുടെ കത്തുകൾ എന്നെയറിയിക്കാതെ നശിപ്പിച്ചുകളഞ്ഞത് ....

അവധിക്കാലത്ത് നാട്ടിൽ വരാമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ധനസ്ഥിതിയിൽ ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ എനിക്ക് പഠനം കഴിഞ്ഞുള്ള സമയത്ത് പകർപ്പെഴുതാൻ പോക്ക് ഇല്ലെങ്കിൽ ഫീസടക്കാൻ കഴിയില്ലെന്ന് അറിയാവുന്നതുകൊണ്ട് . കത്തുകളിലൂടെ മാത്രം ബന്ധപ്പെട്ടു .

മൊബൈൽ ഫോണൊക്കെ പ്രചാരത്തിൽ വന്നുതുടങ്ങിയ കാലത്ത് ചെമ്പൂഴിയിലെ വീട്ടുകാരെ വിളിച്ചു സംസാരിക്കാനും കഴിഞ്ഞിരുന്നില്ല . ആ അഞ്ചുവർഷവും നാരായണിയേടത്തിയുമായി ഒരുബന്ധവും എനിക്കില്ലായിരുന്നു , എന്നാലും അറിയാം എനിക്കായി ദേവന് നേദിക്കാൻ മാലകെട്ടുന്ന , അർച്ചന ചെയ്യിപ്പിക്കുന്ന ,നാരായണിയേടത്തിയെ

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...