Monday 2 November 2015

നീളുമീ പദയാത്രയിലരികത്തു നീ
നില്പൂ നീലരജനിപ്പട്ടു ചുറ്റി
പരിമിതൻ ഞാനൊരു പങ്കജദളമായി
പ്രിയപത്നി തൻ പാദരക്ഷ ചെയ്യാം

എന്തുഞാൻ നല്കണം നിന്റെയീ -
പ്രേമമെന്നിലെന്നും നിറഞ്ഞിടാൻ
ആവതില്ലല്ലോ നെഞ്ചോടു ചേർക്കാനും
പ്രിയമായി മാറാനും

പരിണയിക്കാനൊരുങ്ങീ മനസ്വിനി
മധുരമന്ത്രണകോടി വാങ്ങി
മണിയറത്തഞ്ചമലങ്കരിച്ചു ഞാനിതാ
മണ്ഡപത്തിൽ തനിച്ചിരിപ്പൂ

എന്നു നിൻ ചരെയെത്തുമെന്നൊർത്തു
കാത്തിരിപ്പൂ ഞാൻ പ്രിയനേ
പിന്നെയാ നിമിഷങ്ങളൊക്കെയും
പിരിയാതെ ചെർത്തുവെക്കുവാൻ

ഓമനിച്ചൊരു കവിത പാടാം
ഒന്നുലഞ്ഞു നീ ചാരേ നില്ക്കുമ്പോ
തിലകസിന്ദൂരക്കുറി വരച്ചു തവ
രതിപരാഗമായി മാറാം

അരികിൽ നീയണയും നേരം
അലിവോടെ നല്കിടാമെൻ പ്രണയ-
മൊരു സ്നേഹചുംബനമായി
അകലാതെ അണിയത്തു ചേർത്തു
നിർത്താം ഇനിയെന്നുമെന്റേതായി മാറീടുവാൻ


Monday 12 October 2015


കളിക്കൂട്ടുകാർ കൂടുതലും ആൺ പിള്ളാർ ആയതു കൊണ്ടാവണം എനിക്ക് താൽപര്യം ലോറിയും ബസ്സും ജീപ്പും ഒക്കെയായിരുന്നു പണ്ട്. അവരെയൊക്കെ പോലെ വലിയൊരു ഡ്രൈവർ ആവണം എന്നായിരുന്നു ആഗ്രഹവും .

അവരാണ് എന്നെ സൈക്കിൾ പഠിപ്പിച്ചതും മതിലും വേലിയും ചാടാൻ പഠിപ്പിച്ചതും ഉന്നം തെറ്റാതെ മാങ്ങ എറിഞ്ഞു വീഴ്ത്താനും തളപ്പില്ലാതെ തെങ്ങിൽ കയറാനും ഒക്കെ പഠിപ്പിച്ചത്

പിന്നീട് വളർന്നു വലുതായപ്പോൾ എന്നെ ഒന്ന് ജീപ്പ് ഓടിക്കാൻ പഠിപ്പിക്കുമോ എന്നാ ആഗ്രഹവുമായി ഒരിക്കൽ എന്റെ പ്രിയ സുഹൃത്തും കൂടിയായ അനിയന്റെ അടുത്തു ചെന്നു. കുറെയേറെ വഴക്ക് പറഞ്ഞു തിരിച്ചു അയച്ചു . അതിനു ശേഷം വിഘ്നേഷ് ന്റെ അടുത്തു ചെന്നു "നിനക്ക് വേറെ പണിയില്ലേ " ചോദിച്ചു തിരികെ അയച്ചു

അവരൊക്കെ ജീപ്പ് പഠിച്ച്,ഓട്ടോ പഠിച്ച് ,ടെമ്പോ പഠിച്ച് ,ലോറി പഠിച്ച് എനിക്കൊരു സ്കൂട്ടി പോലും പഠിപ്പിച്ചു തന്നില്ല എന്ന നിരാശയിൽ ഇരിക്കുമ്പോഴാണ് ആദ്യമായി ഞങ്ങളുടെ വീട്ടിൽ അത് വാങ്ങുന്നത് .

പിന്നെ എനിക്കിതൊരു പതിവായിരുന്നു ,വെറുതെ വണ്ടിയെടുത്തു നാട് ചുറ്റി വരുന്നത് ... പിന്നെ ആരും നേരെ പഠിപ്പിച്ചു തരാതെ സ്വയം പഠിച്ച കുറച്ചു അഹങ്കാരവും ,പിന്നെ കൂട്ടുകാരുടെ മുന്നിലൂടെ ഷൈൻ ചെയ്തു പോകാൻ ഒരു അവസരവും ആണ് കൂടാതെ എന്റെ അനിയന്മാരും അടുത്ത വീട്ടിലെ പിള്ളാരും ഞാൻ ഇല്ല പറഞ്ഞാൽ കൂടെ എന്റെ കൂടെ വരും "സൊത്തൂ വാ ഒരു റൌണ്ട് പോയിട്ട് വരാം ...:"

പിന്നെ ഞങ്ങളുടെ ലോകമാണ് ......

മലകളും പുഴകളും ഉള്ള നമ്മടെ ഗ്രാമഭംഗി കണ്ടറിഞ്ഞു ഒരു യാത്ര

പാടങ്ങൾക്കും ചെറു കാടുകൾക്കും തെളി നീരരുവികൾക്കും ഇടയിലൂടെ ഒരു യാത്ര

ഇടയിൽ ആൽത്തറയിൽ കിടന്നുറങ്ങുന്ന കർഷകരെ കാണാം ...വേപ്പിൻ ചുവട്ടിൽ എല്ലാം കണ്ടു കൊണ്ട് നില്ക്കുന്ന കരിങ്കൽ ദൈവങ്ങളെ കാണാം ...

അങ്ങകലെ പാടത്തിന്റെ അറ്റത്തെ കിണറ്റിൽ നിന്ന് വെള്ളമെടുത്തു വരുന്ന ചേച്ചിമാരെ കാണാം ...

തരിശ്ശായിപ്പോയ പാടത്ത് കൊട്ടിയും പുള്ളും കളിക്കുന്ന ചേട്ടന്മാരെ കാണാം ....

പിന്നെ കുളക്കടവിൽ കൂട്ടം കൂടി നില്ക്കുന്ന അമ്മമാരെ കാണാം ...

പടിയുമ്മറത്തിരുന്ന് മുറുക്കാൻ നീട്ടിത്തുപ്പി ഓല ചീന്തുന്ന അമമ്മമാരെ കാണാം ....

കുറച്ചു കൂടി മുന്നോട്ടു പോയി ദെ കണ്ടില്ലേ ആ കുഞ്ഞു തോട്ടുപാലം കടന്നാൽ അവിടെ കള്ളുഷാപ്പാണ് പറയുമ്പോൾ തന്നെ ഒരു സുഖാണ് അല്ലെ ...

വല്ലപ്പോഴും വന്നു പോകുന്ന കള്ളു ജീപ്പുകൾ ഒഴിച്ചാൽ പിന്നെ അതിലെ പോകുന്ന വാഹനങ്ങൾ സൈക്കിൾ തന്നെ .... നല്ല തെങ്ങിൻ കള്ളും പനങ്കള്ളും ഒക്കെ കിട്ടും ഇവിടെ ..

താഴെ തോട് കണ്ടോ മീൻ പിടിക്കുന്ന പാവം വലിയച്ചന്മാർ .... വീട്ടിലേക്കു കൊണ്ടുപോകാൻ ഒന്നുമല്ല ട്ടോ നല്ല മുളകും ഉപ്പും ഒക്കെ ഇട്ടു ചുട്ടു കഴിക്കാനാണ് നല്ല സൈഡ് ഡിഷ്‌ അല്ലെ ....

കള്ളു ഷാപ്പ് കണ്ടാൽ തിരികെ വരാൻ വൈകും ,,ആ വഴി പോകണ്ട ..... വണ്ടി തിരിച്ചു തോട്ടിന് നേരെ വഴിയിലൂടെ വിടാം ...അങ്ങ് ദൂരെ കള്ളു ഷാപ്പിലെ പാട്ടുകൾ വിധൂരത്തെത്തുന്ന നേരത്ത് ഭക്തിഗാനം കേൾക്കുന്നത് കണ്ടോ

അവിടെയാണ് ഞങ്ങടെ അമ്പലം കേൾക്കുന്നില്ലേ രാവിലെയും വൈകീട്ടും കൃത്യം അഞ്ചര യ്ക്ക് കതനയും തുടർന്നുള്ള ലളിത സഹസ്ര നാമജപവും പിന്നെ ബെല്ലടിക്കുന്ന ശബ്ദവും ചന്ദനത്തിരിയുടെ മണവും ....

നമ്മുടെ വണ്ടി പിന്നെയും നേരെ പോകാം

രാവിലെയും വൈകീീട്ടും മഞ്ഞൾ തേച്ച മുഖങ്ങളും കസവും നേര്യേതും അണിഞ്ഞ സ്ത്രീകളും ഞങ്ങളെ മുട്ടാതെ കടന്നു പോകുന്നത് കണ്ടോ .....

വെള്ള മുണ്ടും ഷർട്ടും ഇട്ട് തടിയും ഷുഗറും കുറയ്ക്കാൻ നടക്കുന്നവരെ കണ്ടില്ലേ നമ്മളെ പുച്ഛത്തോടെ നോക്കുന്നവരെ ,,,

പൂത്തു നിൽക്കുന്ന ശീമക്കൊന്ന കാണാം ഇവിടെ .....കണിക്കൊന്ന കാണാം .....ശിവമല്ലി കാണാം .....

പഴുത്ത ചക്കയും മാങ്ങയും നിറഞ്ഞ കൊതിപ്പിക്കുന്ന മരങ്ങൾ കാണാം ...അവിടെ കലപില കൂട്ടുന്ന അണ്ണാൻ മാരെയും പക്ഷികളെയും കാണാം ....അവർ കൊത്തി പാതി തിന്നു പോയ ഫലങ്ങൾ കാണാം ...

പനമ്പഴം വീണു കിടക്കുന്ന വഴികൾ ഉണ്ട് ഒപ്പം പനമ്പട്ടയുടെ ഗന്ധമുള്ള വഴിയെന്നും പറയാം ....

തെങ്ങോലയും പനയോലയും മേഞ്ഞ കുടിലുകൾ ഉണ്ട് ,,,ഓടു മേഞ്ഞ വീടുകളുമുണ്ട്.... അതിനൊക്കെ ഓരത്തായി അസ്ഥിത്തറകളും കാണാം ...ചില സംയോത്തോക്കെ അത്ഭുതം തോന്നാറുണ്ട് വൈകുന്നേരം അതിലെ പോകുമ്പോൾ ആരാണ് ഈ വഴികളിലെല്ലാം ഇങ്ങനെ ദീപങ്ങൾ കൊളുത്തി വെച്ചത് എന്ന് ....

അടിയാന്റെ മാളികകളും കുടിയാന്റെ കൂരകളും പിന്നിട്ടു വീണ്ടും പോകാം നമുക്ക് നെല്ലിക്കചോട്ടിൽ ....മാഞ്ചോട്ടിൽ ....പിന്നെ പേരയ്ക്ക പറിക്കാൻ ....ഇലന്തിക്കായ പെറുക്കാൻ ....
കാട്ടിലേക്ക് തിരിയുന്ന വഴികൾ കാണുമ്പോൾ തിരികെ പോരണം (അകത്തേക്ക് കയറാൻ ദൈര്യമില്ല ) അവിടെ കുറെ നേരം നിന്നാൽ വേഗത്തിൽ ഓടി മായുന്ന മുള്ളൻ പന്നിയെയോ ,,മയിലിനെയൊ..ഇടയ്ക്ക് കുരങ്ങനെയോ കാണാം ,....

പിന്നെയും പോകുമ്പോൾ കല്ലിട്ട നടപ്പാതയിൽ നിന്നും കാട്ടിലേക്കുള്ള ചെമ്മൺ പാതകൾ കാണാം .... അതിനപ്പുറം സ്മശാനമാണ് അറ്റമില്ലെന്ന് പറഞ്ഞു കേട്ട പേടിപ്പിക്കുന്ന സ്മശാനം ...

അതിനു മുന്നിലൂടെ പോകുമ്പോൾ പണ്ടൊക്കെ വലിയ പേടിയായിരുന്നു ,,കണ്ണടച്ച് ഒറ്റ ഓട്ടമാണ് ...ഒരിക്കൽ അതിനു മുന്നില് വീണു കാലൊക്കെ പൊട്ടി ഒപ്പം പേടിപ്പനിയും ...ഇപ്പോഴും പേടിയാണ് ആകെ ദൈര്യം പുറകിൽ അനിയന്മാർ ഉണ്ടെന്നത് ആണ് ..

പെട്ടെന്നുള്ള പേടിയിൽ വേഗത്തിൽ വണ്ടിയെടുത്തതും വീണതും ഒരുമിച്ചായിരുന്നു ....

പിള്ളാരുടെ കരച്ചിലും പൊട്ടിപ്പോയ വണ്ടിയും വീട്ടിൽ പോയാൽ കിട്ടാൻ ഇടയുള്ള വഴക്കും ...താഴെ വീണു കിടന്നിരുന്ന ഞാവൽ പഴങ്ങളും .... ഒരു വിധത്തിൽ എല്ലാം കൂടെ എടുത്തു ഒപ്പമാക്കി വീടെത്തുമ്പോൾ ......

നല്ല കിഴക്കൻ കാറ്റും ഗ്രാമീണ സൌന്ദര്യവും ഒന്നുമില്ലായിരുന്നു ..പിന്നിലിരുന്ന അനിയൻ കയറിയിട്ടില്ല .അതും വീണത്‌ സ്മശാനത്തിനു അടുത്തു വെച്ച് ...

തിരഞ്ഞു പോകുവാൻ പേടി ഉണ്ടായിട്ടും വരില്ല പറഞ്ഞ അടുത്ത വീട്ടിലെ കുട്ടിയേയും കൂട്ടി അനിയനെ തിരഞ്ഞു പോകുമ്പോൾ മനസ്സിൽ ഒന്നുമാത്രം "സ്മശാനം ...അതിനടുത്തു ഞാവൽ മരം ..... ഗുൽമോഹറിന്റെ ചുവന്ന പൂക്കളും കായ്കളും വീണ് കിടക്കുന്നു ....പിന്നെയൊരു വശത്തായി വൃദ്ധ വിശ്രമ കേന്ദ്രവും ,അമ്പലവും ..ചുറ്റും കാട് ....

എന്റെ ദൈവമേ എന്റെ അനിയൻ ...അവനെ ഇനി ....പേടിയോടെ കഴിയുന്നത്ര വേഗത്തിൽ വണ്ടി വിടുമ്പോൾ 60 ന് മേൽ പോകരുത് എന്ന നിർദേശം ഒന്നും ഓർമയിൽ ഇല്ലായിരുന്നു ,,,മണ്ണും മണലും നിറഞ്ഞ നാട്ടു വഴിയിലൂടെ പോയി ..... കല്ലും ചെടിയും ഒന്നും വക വെച്ചില്ല ...

പിന്നെ സ്മശാനത്തിനു മുന്നിൽ എത്തുമ്പോൾ അവൻ വൃദ്ധ വിശ്രമ കേന്ദ്രത്തിനു അടുത്തിരിക്കുന്നു ....വണ്ടി നിരത്തി അനിയനോട് കയറാൻ പറയുമ്പോൾ അടുത്ത വീട്ടിലെ കുട്ടിയുടെ കമന്റ്‌ " ചേച്ചി ഇനി അവൻ പ്രേതമായിരിക്കുമോ ....."

"ഏയ് ....അല്ല ...." എന്നൊക്കെ പറഞ്ഞു എങ്കിലും മനസ്സ് മുഴുവൻ പേടിയായിരുന്നു ,വീടെത്തി അനിയനെ കൊണ്ട് പോയി ഞങ്ങൾ ദൈവത്തിനു മുന്നിൽ നിർത്തിയപ്പോഴാണ് സമാധാനം ആയത്. സംശയം മാറാത്ത ആ ചെക്കൻ ഭസ്മം കൊടുത്ത് അവനോടു കഴിക്കാൻ പറഞ്ഞു ..എന്നിട്ട് രഹസ്യമായി എന്റെ കാതിൽ " പേടിക്കണ്ട രാത്രി വീണാലേ പ്രേതം പിടിക്കൂ "

ആരോടും പറയരുത് എന്ന് എല്ലാവരെയും പറഞ്ഞു ഏല്പ്പിച്ചു വണ്ടി അതെ പോലെ കൊണ്ട് പോയി വെച്ച് ... കയ്യിലേയും കാലിലെയും മുറിവുകൾ താഴെ ഓടി കളിക്കുമ്പോൾ വീണതാണ് എന്ന് പറയാൻ പിള്ളാരെയും പഠിപ്പിച്ചു സാധനമായി രാവിലെ കള്ളു കുടിച്ചു വണ്ടി ഓടിച്ചു വീണെന്ന് പറഞ്ഞു അമ്മ അച്ഛനെ ചീത്ത പറയുമ്പോൾ കേട്ടിരുന്നു ...

കാര്യങ്ങൾ ശാന്തമായപ്പോൾ അടുത്ത വീട്ടിലെ ചെക്കൻ വീണ്ടുമെത്തി .."നമ്മടെ പാലത്തിന്റെ അപ്പ്രത്തെ മാങ്ങ മരത്തിലില്ലേ മധുരമുള്ള മാങ്ങയാണ്‌ അത്രേ ...പോകാം ...."

"എനിക്ക് നടക്കാൻ വയ്യ ഡാ ..."ഞാൻ തീർത്ത്‌ പറഞ്ഞു

"സാരമില്ല നിങ്ങടെ വണ്ടിയെടുക്ക് ,,,വീഴ്ത്തിയിടാണ്ടിരുന്ന മതിയല്ലോ ...."

പിന്നെ ഉള്ളത് പറയെണ്ടാലോ....അല്ലെ .....

പക്ഷെ ആരും പഠിപ്പിച്ചു തരാതെ എങ്ങനെ ഞാൻ പഠിച്ച് എന്നത് അവർക്ക് എന്നും ഉള്ള സംശയമാണ് . ഒപ്പം തന്നെ ടെമ്പോയിൽ കയറുമ്പോൾ അവര് ഗിയർ മാറ്റുന്നതും സ്ടിയരിംഗ് തിരിക്കുന്നതും ബ്രേക്ക്‌ ഇടുന്നതും ക്ലെച് ചവിട്ടുന്നതും ഒക്കെയാണ് ശ്രെദ്ധിക്കുക

ഒരിക്കൽ അറിയാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു വീട്ടുകാരെ ഞെട്ടിപ്പിച്ചു ,കുറെ തല്ലു കൊണ്ടിട്ടും ഇപ്പോഴും ഏതെങ്കിലും വണ്ടി കണ്ടാൽ എനിക്ക് വലിയ ആഗ്രഹമാണ് ഒന്ന് ഓടിച്ചു നോക്കുവാൻ ....അവർക്ക് പേടിയും ....

ഒരുപാടൊന്നും ഇല്ലെങ്കിലും ഒരു ബസ്‌ എങ്കിലും .... അല്ലെങ്കിൽ ഒരു ലോറി ......

(എന്റെ വീടിനടുത്ത് മല ഇല്ല പകരം ചെറിയ കുന്നുകളും പാറക്കെട്ടുകളും ഉണ്ട് അത് വെച്ച് അഡ്ജസ്റ്റ് ചെയ്യണം ...പിന്നെ പുഴയില്ല പകരം മലമ്പുഴ കനാലും തോടുകളും ഉണ്ട് ...പറയുമ്പോൾ ഒരു വൈറ്റ് ന് വേണ്ടി കൂട്ടി പറഞ്ഞതാ

Vidhya Gcc1:16pm Oct 6


കഴിഞ്ഞകാലങ്ങൾ ഇനിയും തിരികെ വരുമെങ്കിൽ എനിക്ക് തിരികെ കിട്ടണം എന്ന് ഏറെ മോഹമുള്ള ചിലതുണ്ട്

ഇരുപത്തിരണ്ട് വയസ്സിൽ എന്നിൽ നിന്നുമകന്നു തുടങ്ങിയ എല്ലാ കൂട്ടുകാരെയും വിളിച്ചു സംസാരിക്കണം ...കുറെ നേരം മതിവരുവോളം സംസാരിക്കണം ... അൺലിമിററഡ് കാൾ ഓഫർ ഉള്ള സ്കീം ചെയ്ത്... ഒരാഴ്ചയോളം ലീവെടുത്ത് ആരുടേയും ശല്യമില്ലാതെ സ്കൂൾ,കോളേജ് വിശേഷങ്ങൾ എല്ലാം ഒന്നുകൂടി ഓർത്തെടുത്ത് എല്ലാവരോടും സംസാരിക്കണം

ഇരുപത്തൊന്നു വയസ്സിൽ അറിഞ്ഞും അറിയാതെയും പറഞ്ഞും പറയാതെയും മനസ്സിലായും മനസ്സിലാവാതെയും അകന്നു പോയ പ്രിയ പ്രണയത്തോട് ഒരു തവണയെങ്കിലും പറയണം എനിക്ക് നിങ്ങളെയേറെ ഇഷ്ട്ടമായിരുന്നുവെന്നു. ഒരിക്കലെങ്കിലും പറയണം കാത്തിരുന്നതൊക്കെയും എന്നെങ്കിലും മനസ്സിലാക്കും എന്ന് കരുതിയാണെന്ന്

ഇരുപതാം വയസ്സിൽ കോളേജിലെ വിടപറയൽ പ്രസംഗത്തിൽ ഒരുവാക്കുപോലും മിണ്ടാതെ കരഞ്ഞുകൊണ്ട്‌ ഇറങ്ങി വരുന്നതിനു പകരം ഇനിയും കാണാമെന്നും എനിക്ക് നഷ്ട്ടമായ നല്ല ദിനങ്ങളെകുറിച്ചും ഒന്നായി നടന്ന കൂട്ടുകാരെക്കുറിച്ചും പ്രിയപ്പെട്ട അദ്ധ്യാപകരെക്കുറിച്ചും ഏറ്റവുമൊടുവിൽ ഒരിക്കലും തിരികെ കിട്ടാത്ത കലാലയത്തെകുറിച്ചും സംസാരിക്കണം ... എന്നിട്ട് കുറെയേറെ ദിവസം ജോലി അന്വഷിക്കാതെ അത്ര നാളും പഠിച്ച ക്ഷീണം തീർക്കാൻ എന്നോണം വീട്ടിൽ മടിപിടിച്ചിരിക്കണം ഇഷ്ട്ടപ്പെട്ട പാട്ടുകൾ കേട്ടും..ഉറങ്ങിയും ....അങ്ങനെയങ്ങനെ .....

പത്തൊൻപതാം വയസ്സിൽ ഇനിയുമൊരിക്കൽ കൂടി സിനിമകൾക്ക്‌ പുറകെ പോകണം ... ആരും കാണാതെയും കണ്ടില്ലെന്നു നടിച്ചതും അറിയപ്പെടാതെ പോയതുമായ മികച്ച സിനിമകൾ കാണണം ...കേരളത്തിലും ഒരു ഹിച്ഹോക്കും ,കുറസോവയും, ചാപ്ലിനും,മജീദിയും ഉണ്ടാവുമെന്ന് കരുതി തിരയണം പുതിയ ഷോർട്ട് ഫിലിമുകളിൽ നാളത്തെ താരങ്ങളെ ... ഒരമ്പലവും വിടാതെ ഒരു ഉത്സവവും നഷ്ട്ടപ്പെടുത്താതെ ഒരു സിനിമയും മിസ്സാക്കാതെ കൂട്ടുകാരോടൊപ്പം കറങ്ങിനടക്കണം . ഫിലിം സ്റ്റഡി ക്ലാസ്സിൽ അത്ഭുതത്തോടെയിരിക്കണം

പതിനെട്ടാം വയസ്സിൽ ഒരിക്കൽ കൂടി പ്രതീക്ഷയോടെ സ്വപ്‌നങ്ങൾ കാണണം ...പാതിക്കു വെച്ച് മുടക്കിയ വായന തുടരണം ...പിന്നെ എന്നും പത്രവാർത്തകൾ ഒന്നും വിടാതെ കുറിച്ച് വെക്കണം "എം സി ജെ എന്ട്രന്സിനായി " പഠിക്കണം ...ആരൊക്കെ നിരുൽസാഹപ്പെടുത്തിയാലും പഠിക്കണം ..നാളെ അധികമൊന്നുമില്ലെങ്കിലും അറിയപ്പെടാത്ത മാധ്യമ പ്രവർത്തകയാവണം എന്നൊരു മോഹം വേണം . ദീപ്തി ടീച്ചറുടെ ഒരു പിരീഡ് എങ്കിലും ഉറക്കം വരാതെ ക്ലാസ്സിലിരിക്കണം

പതിനേഴാം വയസ്സിൽ ബി ഏ ജേർണലിസം പഠിക്കാൻ പോകണം വയനാട് . പുതിയ കൂട്ടുകാരെ പരിചയപ്പെടണം .. മാസത്തിലൊരു തവണയെങ്കിലും എല്ലാ കൂട്ടുകാർക്കും മുടങ്ങാതെ കത്തെഴുതണം .. ഇനിയൊരിക്കലും തിരികെ വരാൻ കഴിയാത്ത എന്റെ സ്കൂളിനോട് വിട പറയണം അവസാനമായി പ്രിയപ്പെട്ട കഥാപ്രസംഗം അവതരിപ്പിച്ച്.... മൌനമായി .....

പതിനാറാം വയസ്സിൽ അന്നേവരെ ശീലമില്ലാത്ത ടെക്സ്റ്റ്‌ ബുക്ക്‌ വായന നടത്തിയേ ഇനി മുതൽ പരീക്ഷയ്ക്ക് പോകൂ എന്ന് തീരുമാനമെടുക്കണം ...എന്നിട്ട് അടുത്ത പരീക്ഷയ്ക്കും ഉത്സവം വേണോ പരീക്ഷ വേണോ എന്ന് ചിന്തിക്കണം .. എന്നിട്ട് ഉത്സവം വേണ്ട പരീക്ഷ മതി എന്ന് ഉറപ്പിക്കാൻ കഴിയണം ...ഉറങ്ങാതെ പരീക്ഷയെഴുതണം . രാത്രി മുഴുവൻ ലൈബ്രറി പുസ്തകം വായിച്ച് രാവിലെ മുഴുവൻ ഉറക്കം തൂങ്ങുന്ന സ്വഭാവം മാറ്റണം

പതിനഞ്ചാം വയസ്സിൽ പതിനൊന്നാം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ച ഏതു കുട്ടിയാണ് കൂടെയുണ്ടാവുക എന്ന് വന്നും പോയുമിരിക്കുന്ന കുട്ടികളുടെ ഇടയിൽ തിരഞ്ഞ് ആർക്കും വേണ്ടാത്ത വിഷയത്തിലെ ആദ്യ അഡ്മിഷൻ വിദ്ധ്യാർഥിയാവണം . പ്രിയകൂട്ടുകാരിയുടെ പ്രേമത്തിനു കൂട്ടുനിന്നു വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ പരിഹാസവും കൂട്ടുകാർക്ക് മുന്നിൽ ഹീറോയും ആവാതിരിക്കണം. 'ആയിരത്തൊന്നു രാവുകൾ കൊണ്ട് ക്ലാസ്സിൽ കയറുമ്പോൾ "വെളിച്ചപ്പാടും ഭാസ്മപ്പെട്ടിയും "എന്ന് കേൾക്കണം

പതിനാലാം വയസ്സിൽ എസ് എസ് എൽ സി പരീക്ഷ ആണ് എന്ന് മനസ്സിലാക്കി വെറുതെ ലീവെടുത്തിരിക്കാതെ പഠിക്കണം . എത്ര കരഞ്ഞാലും അനിയനെ അടുത്തിരുത്തി പഠിപ്പിക്കണം . ആദ്യമായി കിട്ടിയ അധ്വാനഫലം കൊണ്ട് അവനൊരു പുതിയ ഡ്രസ്സ്‌ വാങ്ങിക്കൊടുക്കണം . എന്നിട്ട് മൂന്നുപേരുടെയും കൈത്തണ്ടകൾ ചേർത്ത് വെച്ച് ആരാ വെളുപ്പ്‌ കൂടുതൽ എന്ന് നോക്കണം . ക്രിസ്മസ് ആഘോഷിക്കാതെ മുടിയെ മെഴുകുതിരിക്കു ഭോജനമാക്കാതെ അവസാനം പ്രിയ കൂട്ടുകാരിക്ക് "ബാർബർ" എന്ന് വിളിപ്പേര് നേടിക്കൊടുക്കൊടുക്കാതിരിക്കണം ... രണ്ടുഭാഗത്തും പിന്നിയിടാൻ മുടിയെത്തുന്നില്ലെന്നു വിഷമിക്കാതിരിക്കണം

പതിമൂന്നാം വയസ്സിൽ ജനിച്ചു ഇരുപത്തെട്ടു ദിവസം ആയന്ന് മുതലിട്ട നീക്കല്ലുവെച്ച കമ്മൽ മാറ്റി പുതിയത് ചോപ്പും ,പച്ചയും ,നീലയും നിറമുള്ളത് വാങ്ങി കൂട്ടുകാരെപ്പോലെ ഇട്ടുനടക്കണം . നിന്നെയിഷ്ട്ടമാണ് എന്ന് പറഞ്ഞുവന്ന കുട്ടിയോട് "അതെ " എന്ന് പറയണം ...പിന്നെ എന്നും സ്കൂൾ ഗേറ്റിനു മുന്നിൽ അവനെ കാണുമ്പോൾ തലതാഴ്ത്തി നാണത്തോടെ നടക്കണം . ഒരിക്കലും കിട്ടാതെ പോയ ഉടുപ്പിനെ കുറിച്ച് ഓർത്ത്‌ വിഷമിക്കാതിരിക്കണം

പന്ത്രണ്ടാം വയസ്സിൽ ഹൈസ്കൂളിലെ അന്നുവരെ കാണാത്ത തിരക്കിലേക്ക് പേടിയില്ലാതെ പോകണം ..ഒപ്പം പഠിച്ചവർ കൂടെയുണ്ടാവാൻ എല്ലാവരും കൂടി പ്ലാൻ ചെയ്തു ഒരേ വരിയിൽ നിൽക്കണം, അത്രകാലം ഉണ്ടായിരുന്ന പോപ്പി കുടയ്ക്കുപകരം കറുപ്പുകുട കൊണ്ട് പോകണം . അവസാനമായി ഒരിക്കൽ കൂടി അച്ചാച്ചൻ മുടി വെട്ടിത്തരണം ,അച്ഛമ്മ മുടി കെട്ടിത്തരണം

പതിനൊന്നാം വയസ്സിൽ ഒരിക്കൽ കൂടി സ്കൂൾ മുറ്റത്ത് നിന്ന് സ്വതന്ത്ര ദിനത്തിന് പ്രസംഗിക്കണം ...വിടപറയാൻ നേരം അദ്ധ്യാപകരുടെ കാൽതൊട്ടു ഒന്നുകൂടെ വണങ്ങണം... ഇനിയും തിരികെ വരാമെന്ന് പുളിമരത്തോടും,ഇലന്തിമരത്തോടും പറയണം ... അന്നുമുതൽ മുടി നീട്ടി വളർത്തിത്തുടങ്ങണം ഒരിക്കൽ കൂടി ... അവസാനമായി "ബൊമ്മക്കുട്ടി" എന്നുള്ള നിഷ്കളങ്കമായ വിളികൾ കേൾക്കണം

പത്താം വയസ്സിൽ പ്രിയപ്പെട്ട അധ്യാപികയോട് കള്ളം പറഞ്ഞു ലീവ് എടുക്കാതിരിക്കണം . പിന്നെ അതൊരു മായാത്ത നോവായി ഉള്ളിൽ കിടക്കാതിരിക്കണം . അമ്പലപ്പറമ്പിൽ രാത്രിപരിപാടിക്കിടെ അച്ഛമ്മയുടെ മടിയിൽ നാട്ടുകാരുടെ മുന്നിൽ കിടന്നുറങ്ങാതിരിക്കണം..പിറ്റേന്ന് സ്കൂളീന്ന് പിള്ളാര് കാണുമ്പോൾ ഇതും പറഞ്ഞു കളിയാക്കാതിരിക്കണം . കണ്ണടയ്ക്കുന്ന പാവയെക്കണ്ട് അതുപോലെ വേണമെന്ന് ആശിക്കാതിരിക്കണം

ഒൻപതാം വയസ്സിൽ നവോദയ പരീക്ഷ എഴുതാൻ വേണ്ടി പഠിക്കണം , ആദ്യമായി പാസ്പോർട്ട്‌ സൈസ് ഫോട്ടോ എടുക്കുമ്പോൾ നന്നായി ചിരിക്കണം . എന്നിട്ട് ആ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ചിത്രത്തെ അഭിമാനത്തോടെ എല്ലാവർക്കും കാണിച്ചുകൊടുക്കണം . സ്കൂളിൽ തന്നെ ഒന്നാമതെത്തണം .. പുതിയ വെള്ള ഉടുപ്പിട്ട് രണ്ടു കൊമ്പത്തും മുടി കെട്ടി സ്കൂളിൽ പോകണം .

എട്ടുവയസ്സിൽ ഇടതും വലതും എന്നോണം അനിയനും കൂട്ടുകാരനുമായി ലോകത്തിന്റെ അറ്റം കാണാൻ ...അമ്പിളി മാമന്റെ വീടുകാണാൻ ...ആകാശം തൊടാൻ ഒക്കെ യാത്ര പോകണം .... വീഴാതെ സൈക്കിൾ ഓടിക്കാൻ പഠിക്കണം ... ആഘോഷ രാത്രികളിൽ മൂന്നുപേരും കൂടെ വെറുതെ നടക്കാനിറങ്ങണം..ആരെയെങ്കിലും കാണുമ്പോൾ തിരികെയോടി വരണം ... കനാലിന്റെ കടവുകളിലെല്ലാം ഇറങ്ങിക്കുളിക്കണം ...കുളത്തിന്റെ അക്കരെയും ഇക്കരെയും പോകണം ...

ഏഴുവയസ്സിൽ അനിൽ മാഷിന്റെ ഓട്ടം തുള്ളൽ ക്ലാസ്സിലിരിക്കണം ... മനോരമയും മംഗളവും ഒളിപ്പിച്ചു വെച്ചത് കാണാതെ എടുത്തു വായിക്കണം

ആറാം വയസ്സിൽ മുടി കെട്ടിത്തരാത്തതിനു പിണങ്ങിപ്പോയി ..സ്കൂളിൽ കയറാതെ ക്ലാസ് കട്ട്‌ ചെയ്ത് വന്നു തെങ്ങിൻ ചുവട്ടിലിരുന്നു അറിയാതെ ഉറങ്ങിപ്പോകണം ..നാട്ടുകാരും വീട്ടുകാരും അന്വഷിച്ച് വരുമ്പോൾ തല താഴ്ത്തി നിൽക്കണം

അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസ്സിൽ വിഘ്നേഷ്ന്റെ കൂടെ തന്നെ പോകണം , ടീച്ചർ തരുന്ന ബലൂൺ രണ്ടുപേരും കൂടെ ഊതി പൊട്ടിക്കണം ... എന്തുകിട്ടിയാലും പങ്കുവെച്ച് നാട്ടുവഴിയിലൂടെ സ്കൂളിലേക്ക് പോകണം ..മഷിത്തണ്ട് പെറുക്കണം....നായയെ കാണുമ്പോൾ കല്ലെറിയണം ..അത് ഓടിപ്പോയാൽ കൈകൊട്ടി ചിരിക്കണം ,,നേരെ വന്നാൽ അലറിക്കരയണം... മഴയത്ത് ചെളിവെള്ളത്തിലൂടെ നടക്കണം

നാലാം വയസ്സിൽ അങ്കനവാടിയിലെ ഉപ്പുമാവും കഞ്ഞിയും കഴിക്കണം ... വീടിനടുത്തുള്ളത് അല്ലാതെ പുറത്തുള്ള കുട്ടികളെ കാണണം ..അക്ഷരം അറിഞ്ഞു തുടങ്ങണം ... വീടിനു അപ്പുറവും പുതുലോകം ഉണ്ടെന്നു അറിയണം ... അമ്മായിയെ കല്യാണം കഴിച്ചു കൊടുക്കുമ്പോൾ "എന്റെ അമ്മായിയെ കൊണ്ട് പോവല്ലേ പറഞ്ഞു കരയണം ...അമ്മായിയുടെ അടുത്തു മാമൻ ഇരിക്കുന്നതിനെ എതിർക്കണം...കരഞ്ഞു കലങ്ങിയ കണ്ണുമായൊരു ഫോട്ടോ എടുക്കണം .......

തിരികെ കഴിഞ്ഞ കാലം വരുമ്പോൾ എനിക്ക് നേടാൻ ഉണ്ട് ഇതെല്ലാം ഒരിക്കൽ കൂടി

Wednesday 30 September 2015

അത്രകാലം പെണ്ണ് എന്നുവെച്ചാൽ ആനയാണ് ചേനയാണ് അനുപമ സൌന്ദര്യമാണ് എന്നൊക്കെ പറഞ്ഞു നടന്ന എന്റെയൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക് .

ഇന്നലെ വൈകീട്ട് പോകുന്ന വഴിയിലെ കനാൽ പാലത്തിനു മീതെ ഉണ്ടാവുമെന്ന് കരുതി ഒരു രൂപയുടെ രണ്ട് മെലഡിയും കയ്യിൽ കരുതിയിരുന്നു .

ദൂരെനിന്നു കനടപ്പോഴേ തോന്നി അവനെന്തോ പ്രശ്നം പറ്റിയിട്ടുണ്ട് എന്ന് സാധാരണ ചിരിചോണ്ടാണ് കാണാറുള്ളത്‌
അടുത്തെത്തും മുന്നേ ചോദിച്ചു

"എന്താടാ ?"

"ഒന്നുമില്ല "

ലോകാവസാനം ഉണ്ടാക്കിയത് ഞാനാണ് എന്ന തരത്തിൽ ദേഷ്യത്തോടെയുള്ള മറുപടി .

വിട്ടു കളയുന്ന പതിവില്ലാത്തത് കൊണ്ട് അടുത്തെത്തിയതും ഒന്നൂടെ ചോദിച്ചു

"എന്താ കാര്യം പറ ..എന്നിട്ട് മിണ്ടാതിരിക്ക്‌ "

"ഓ ...അറിഞ്ഞാൽ നീ തീർത്ത്‌ തരുമോ ?"

"പറ്റുന്നതാണ് എങ്കിൽ നോക്കാം "

എന്താ എന്നറിയാതെ എനിക്കൊരു സമാധാനമില്ല ,അല്ലെങ്കിലും അന്യരുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ എനിക്ക് വലിയ താൽപര്യമാണ്

""ഇനി ഒന്നും പറ്റില്ല ..അവള് പോയി ..."

അവൻ അവന്റെ ദുരന്ത കഥയുടെ തലക്കെട്ട്‌ പറഞ്ഞു തന്നു . ഇനി വേണമെങ്കിൽ ഞാൻ ഊഹിച്ച് നടന്നു പോകാം ...അല്ല്നെങ്കിൽ അവനെക്കൊണ്ട്‌ പറയിപ്പിച്ചു സ്വയം സമാധാനിക്കാം ..അങ്ങനെ ഒരു കഥ കൂടി കേട്ടെന്ന്". ചോദിക്കുന്നതിനു മുന്നേ തന്നെ അവൻ പറഞ്ഞു

"ഈ പെണ്ണുങ്ങളെ വിശ്വസിക്കാനേ പറ്റില്ല ... ഒക്കെ അവസരവാദികളാണ്"

തിരിച്ചു എന്തെങ്കിലും പറയണം എന്നുണ്ടായിരുന്നു പക്ഷെ രണ്ട് വർഷത്തോളമായുള്ള അവന്റെ പ്രേമം തകർന്ന വിഷമമല്ലേ എന്ന് കരുതി ഞാനൊന്നും മിണ്ടിയില്ല

"നമ്മുടെ ജീവിതത്തിൽ സ്നേഹിക്കാൻ കൊള്ളാവുന്ന പെണ്ണ് എന്ന് പറയാവുന്നത് നമ്മുടെ അമ്മ മാത്രമാണ് .അമ്മ നമ്മളെ ചതിക്കില്ല .. അമ്മ എന്നുള്ള മഹത്വം ഇല്ലെങ്കിൽ നിങ്ങളൊക്കെ വേസ്റ്റ് ആണ് ..."

അതിനും മറുപടി പറയാതെ എന്റെ ധാർമികരോഷം കടിച്ചമർത്തി നിന്നു

"നിനക്കറിയോ ഞാൻ അവളെ എങ്ങനെയൊക്കെ നോക്കിയാതാണ് ..ഞാൻ വിളിക്കാതിരുന്നാൽ ഒരായിരം തവണ എന്നെ വിളിക്കും അവൾ എന്നെ അത്രയ്ക്കും ഇഷ്ട്ടമായിരുന്നു ... അല്ല ..അല്ല ...ഇഷ്ട്ടമാണ് എന്ന് അവൾ അഭിനയിച്ചു ...പെണ്ണുങ്ങൾ ഒക്കെ വലിയ നടിമാരാണ് എന്ന് പറയുന്നതെത്ര ശരിയാണ് "

"ഉം .."

ഞാനൊന്നും മിണ്ടിയില്ല ,മനസ്സിൽ അവന്റെ കരണത്തൊന്ന് കൊടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു അപ്പോൾ

"എടി ...നീ എവിടെക്കാ നോക്കുന്നത് ...ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ"

"ആഹ ...കേൾക്കുകയാണ്.."

"അവൾക്കു കല്യാണാലോചന വരുന്നുണ്ടെന്ന് അന്നേ പറഞ്ഞിരുന്നതാണ് പക്ഷെ ഓരോന്നായി വേണ്ട എന്ന് പറയുമ്പോൾ ഞാൻ കരുതി എന്നോടുള്ള ഇഷ്ട്ടമായിരിക്കുമെന്ന് പക്ഷെ അങ്ങനെയല്ല അവന്മാരോന്നും വലിയ കാശുള്ളവരോ,ലുക്ക്‌ള്ളവരോ ആല്ലായിരുന്നെടി ..അതാണ്‌ ആ ........മോള് എന്നെ എന്നെ അവളുടെ സ്നേഹം വലുതാ എന്ന് കാണിച്ചും പറ്റിച്ചത് "

"ഉം .."

"എന്നിട്ട് കാണാൻ കൊള്ളാവുന്ന കാശുള്ള ഒരുത്തൻ വന്നപ്പോൾ അവൾക്കെന്നെ വേണ്ട ..അവളുടെ വീട്ടുകാര് പറയുന്നത് പോലെയേ ചെയ്യൂ എന്ന് "

"അവള് നിന്റെ കൂടെ ഇറങ്ങി വരാം എന്ന് പറഞ്ഞിട്ടുണ്ടോ ?"

"ഉം ...എന്നും പറയുന്നതല്ലേ ..."

"അവളുടെ പിന്നാലെ നീയെത്ര കാലം നടന്നു ?"

"ആറുമാസം ...പിന്നെ രണ്ട് വർഷം ...നിനക്കറിയാലോ "

"ഈ രണ്ടര വർഷമാണോ ഇരുപത് വർഷമാണോ വലുതെന്ന് നോക്കുമ്പോൾ ഇരുപത് അല്ലേട വലുത് ?"

"നീ പോടീ ....നീയൊക്കെ കണക്കാ..ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണ് ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല.. പ്രേമിക്കുമ്പോൾ പറയും തേനെ ചക്കരെ മുത്തെ എന്നൊക്കെ എന്നിട്ട് വേറെ ആളെ കിട്ടുമ്പോൾ പറയും

" നിന്നെ എനിക്കിഷ്ട്ടമല്ല .വെറുപ്പാണ് ,ദ്രോഹിക്കരുത് ഞാൻ കാലു പിടിക്കാം ,സഹോദരിയായി കാണണം ...ഫ്രണ്ട് ആയി കാണണം എന്നൊക്കെ ... ചത്താൽ മതി തോന്നുന്നെടി ,,, "

ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു ,,,

അവൻ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട് എങ്കിലും ആ അവസ്ഥയിൽ നിന്നൊന്നു ചിന്തിക്കുമ്പോൾ മനസ്സിലാക്കാം അവനും നല്ല വിഷമമുണ്ട് എന്ന് ...

എന്നും എന്നെ വഴിയിൽ തടഞ്ഞു നിർത്തി അവന്റെ പ്രണയത്തെ കുറിച്ച് വാതോരാതെ പറയുമ്പോൾ തോന്നുമായിരുന്നു അതുപോലൊരു കാമുകനെ കിട്ടിയിരുന്നെങ്കിൽ ഒരിക്കലും വിട്ടു കളയില്ലായിരുന്നു എന്ന് .

.
അവനൊരു ജീവിതം തന്നെ അവളോടൊപ്പം ജീവിച്ചു തീർത്തിരുന്നു അവളെക്കുറിച്ച് അല്ലാതെ മറ്റൊന്നിനെയും അവനിത്ര പറയുന്നത് ഞാൻ കേട്ടിട്ടുമില്ല ,

പണ്ടൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് അവനെന്റെ പ്രധാന ശത്രുക്കളിൽ ഒരാളായിരുന്നു , സ്കൂൾ മുതൽ അവന്റെ വീടുവരെയും വീടുമുതൽ സ്കൂൾ വരെയും പരസ്പരം കലഹിച്ചാണ് പോക്കും വരവും ...

ഒന്നാമത് അവൻ മുസ്ലിം, ഞാൻ ഹിന്ദു . പിന്നെ ഒരേ വാർഡ്‌ വരെ ആണെങ്കിലും വേറെ വേറെ സ്ട്രീറ്റ് ആണ് ...സ്കൂളിൽ അവൻ "ബി" ഡിവിഷൻ ഞാൻ "എ ". പിന്നെ തമ്മിൽ തല്ലാൻ വേറൊന്നും വേണ്ടാലോ ..

ഹൈ സ്കൂൾ എത്തിയപ്പോൾ മുതൽ ദെ ഈ നിമിഷം വരെ നല്ല കൂട്ടായിമാറി,,ആ സൌഹൃദം പഴയത് പോലെ തമ്മിൽ തല്ലി പിരിയും എന്ന്നെനിക്ക് തോന്നി ,അല്ലെങ്കിൽ അവൻ ഈ പറച്ചില് നിർത്തണം.

"ഈ പെണ്ണുങ്ങൾക്ക്‌ വലിയൊരു വിചാരമുണ്ട് നമ്മളെന്തു പറഞ്ഞാലും വീണ്ടും പുറകെ ചെല്ലുമെന്ന് .....അവളെത്ര പിണങ്ങിയാലും ഞാൻ ചെല്ലണം മിണ്ടാൻ ....

അവൾക്കെത്ര സമ്മാനം വാങ്ങിക്കൊടുത്തു ...അവൾ പറയുന്നിടത്തോക്കെ കൊണ്ട് പോയി ..അവളെ വിളിച്ചു വിളിച്ചു ഞാൻ പിച്ചയായി ...നീ പൊലുമെനിക്കെത്ര റീ ചാർജ് ചെയ്തു തന്നു .... എവിടെയും വിരുന്നു പോലും പോകാതെ അവളോട്‌ മിണ്ടിക്കൊണ്ടിരുന്നു ..."

"റീ ചാർജ് ചെയ്യാനും വിശേഷം പറയാനും ഞാൻ വേണം പക്ഷെ ,,അമ്മയല്ലാതെ മറ്റൊരു പെണ്ണും നല്ലവളല്ലാ ലെ ...എന്നോടൊന്നും മിണ്ടണ്ട ഇനി ..."

"എടി ...നീ പിണങ്ങല്ലേ .... നീ തന്നെ ഒന്ന് ആലോചിച്ചു നോക്കടി ...അവളെന്നെ ചതിച്ചു ...ഇനി മുതൽ അവളില്ല ...."

"അതിനു അവൾ നിന്നെ ചതിച്ചിട്ടു മറ്റു പെണ്ണുങ്ങൾ എന്ത് ചെയ്തു ന്ന ..? ഞങ്ങളൊക്കെ നിന്നെ എന്തെങ്കിലും ചെയ്തോ ...നിനക്കൊക്കെ ഉള്ള പ്രധാന സ്വഭാവം ഇതാണ് ആരെങ്കിലും ഒരാൾ തെറ്റ് ചെയ്താൽ ബാക്കിയുള്ളവരേയും പഴിയാക്കും ..."

ഇത്തവണ അവനൊന്നും പറഞ്ഞില്ല ....

"എടാ നീ അവളോട്‌ ഇഷ്ട്ടമാണ് എന്നല്ലേ പറഞ്ഞത് നീ എന്നെ ഇഷ്ട്ടപ്പെടനം എന്ന് പറഞ്ഞില്ലാലോ ...അതാ അവള് പോയത് ..."

"ചങ്കിൽ കുത്തുന്ന വാക്ക് പറയരുത് .....

"എടി എന്നാലും അവൾക്കെങ്ങനെ മനസ്സ് വന്നു ലെ എന്നെ മറന്നിട്ടു പോകാൻ ...അവളായിരിക്കില്ല..അവളുടെ വീട്ടുകാർ ആയിരിക്കും കാരണം ...അവളുടെ അമ്മയും അച്ഛനും ഒക്കെ കുറച്ചുകൂടെ പറഞ്ഞാൽ സമ്മതിക്കും പക്ഷെ അവളുടെ കുറെ കൂതറ ബന്ധുക്കൾ ഉണ്ട് അവര് ഏഷണി ഉണ്ടാക്കിതാവുമോ...."

"ആയിരീക്കും ..."

"അതെ ഡി ...നിനക്കറിയില്ലേ അവള് പാവമാണ് .... ഇതിനിടയ്ക്ക് അവൻ എവിടെ നിന് കേറി വന്നോ എന്തോ ....അവന്റെയൊരു ജോലി ...ഞാൻ പഠിച്ചു കഴിഞ്ഞാൽ എനിക്കും കിട്ടും ജോലിയൊക്കെ ...."

"നീ ആദ്യം പഠിക്ക്...."

"ഇനിയിപ്പോൾ പഠിച്ചിട്ടു എന്തിനാ ..എന്നാലും ..അവൾ ...എനിക്ക് മരിക്കാൻ തോന്നുകയാണ് ഇപ്പോൾ ,,ഈ പ്രേമം എന്നൊക്കെ പറഞ്ഞാൽ ...സഹിക്കില്ലാ ട്ടോ ."

എനിക്ക് ദേഷ്യം വരുന്നുണ്ട് ,,നേരം ഇരുട്ടാവുന്നുണ്ട് .... "ഞാൻ പോണു ...ഇങ്ങനെ സെന്റി അടിക്കല്ലേ എനിക്ക് ദേഷ്യം വരുന്നുണ്ട് ..നീയൊക്കെ പ്രേമിചാലും വിരഹിചാലും ഞങ്ങളെ ഇങ്ങനെ പഴിയെടുക്കണം എന്ന് കരാർ വല്ലതും ഉണ്ടോ " ഞാൻ എഴുന്നേറ്റു നടന്നു ,,,അവന്റെ മുന്നില് നിന്നു രണ്ട് സ്റ്റെപ് നീങ്ങിയതും

"ഡി ..ഹാപ്പി ബർത്ത് ഡേ ....കൊണ്ട് വന്ന മിട്ടായി താ "

നിനക്ക് തരില്ലട ...എന്ന് പറഞ്ഞു നടക്കുമ്പോൾ ചിരിയാണ് വന്നത് അവന്റെയെത്ര പ്രേമം കണ്ടിരിക്കുന്നു ഞാൻ ...!!!!!!!!!!

Wednesday 23 September 2015

കൊലപാതകിയുടെ മരണം
 **************************************

അത്താഴത്തിനുശേഷം ഭാര്യയുമായി അൽപനേരം സംസാരിച്ചിരിക്കുകയെന്നത് അയാളുടെ പതിവാണ് . കട്ടിലിന് അരികിൽ ശാന്തമായുറങ്ങുന്ന മക്കളുടെ അടുത്തായി അവളുടെ മടിയിൽ  തലവെച്ചു കിടന്നുള്ള ആ സംഭാഷണം ചിലപ്പോൾ അർദ്ധരാത്രി കടക്കും.

പുതുതായി പണിതുടങ്ങാനിരിക്കുന്ന വീടെന്ന സ്വപ്നമാണ് ചർച്ചകളിലിപ്പോൾ മുന്നിട്ടുനിൽക്കുന്നത് . പഞ്ചായത്ത് ലോൺ കിട്ടുന്നതിനോടൊപ്പം ബാങ്ക് വായ്പ്പയും ചിട്ടി  പിടിച്ചതും ഒക്കെയായി ചേർത്തുവെക്കുന്ന ഓരോ രൂപയിലും  ഉണ്ട് അവരുടെ  ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ . മക്കളുടെ വിദ്യാഭ്യാസവും നല്ലരീതിയിൽ  വിവാഹം അവർക്കിഷ്ട്ടമുള്ളത് പോലെ കഴിച്ചു കൊടുക്കുന്നതും അങ്ങനെയങ്ങനെ...


  എത്രകഷ്ടസ്ഥിതിയിലായിരുന്നിട്ടും ഇരുട്ടുവീഴും മുൻപേ പണിതീർത്ത് വീടെത്താൻ അയാൾ ശ്രമിക്കാറുണ്ട് , ഏറെ സൗഭാഗ്യങ്ങളിൽ നിന്നും അയാളുടെ കൂടെ ഇറങ്ങിവരുമ്പോൾ അവൾക്കുകൊടുത്ത വാക്കാണത് , ഒപ്പം അഞ്ചും ഏഴും വയസ്സുള്ള കുഞ്ഞുങ്ങൾ ഉറക്കം പിടിക്കും മുൻപേ അവർക്കുവാങ്ങിയ  പലഹാരപ്പൊതി ഏൽപ്പിക്കാനുള്ള വ്യഗ്രത . അവന്റെ ലോകം ആ കൊച്ചുവീട്ടിൽ തുടങ്ങി അതിൽത്തന്നെ അവസാനിക്കുന്നു .


 പകൽ മുഴുവൻ പറന്നു നടന്നു രാത്രിയാവുമ്പോൾ  ചുണ്ടിലൊരു പിടി നെന്മണിയുമായി ചിറകുമുളച്ചു തുടങ്ങുന്ന കുഞ്ഞിപ്പക്ഷികളുടെ  ചുണ്ടിൽ വെച്ച് കൊടുത്ത് തന്റെ ചൂട് നല്കി ചിറകിനടിയിൽ സംരക്ഷണം നൽകുന്ന  അമ്മപക്ഷിയെ പോലെ  അവൻ അവരെ സംരക്ഷിച്ചു .


അവളുടെ മൌന സമ്മതത്തോടെ  സ്വന്തം അധ്വാനത്തിൽ നിന്നും  വല്ലപ്പോഴും കൂട്ടുകാർ ഒന്നുച്ചു കൂടുമ്പോൾ ഉള്ള "ഷെയർ ഇട്ടു കള്ള് കുടി  "അല്ലാതെ മറ്റു അനാവശ്യ ചിലവുകൾ ഒന്നുമില്ല . വീട്ടിലെ  ചിലവും  കുട്ടികളുടെ ഫീസും കുട്ടികളുടെ പേരിലുള്ള  എൽ ഐ സി  യും, പോസ്റ്റ്‌ ഓഫീസ് സേവിങ്ങ്സും വണ്ടിയുടെ അടവും കൂടെ കഴിയുമ്പോൾ എത്ര  വലിയ പണി കിട്ടിയാലും തികയാതെ വരുമെങ്കിലും ഉള്ളതുകൊണ്ട് അഡ്ജസ്റ്റ്  ചെയ്യാൻ കഴിയുന്ന ഭാര്യയുള്ളതാണ്  അയാളുടെ  സംതൃപ്തി .

 അന്നും പതിവുപോലെ അവളുടെ മടിയിൽ തലവെച്ചു വിശേഷം പറഞ്ഞിരിക്കുന്നതിന്  ഇടയ്ക്കാണ് ഒരുമിച്ചു ജോലി ചെയ്യുന്ന ബിജു വിളിച്ചത് . ശബ്ദം കൂടിയ റിംഗ്  ടോൺ കേട്ട് കുട്ടികൾ എഴുന്നേറ്റോ നോക്കി  അവൻ ഫോണെടുത്തു ,പതിയെ സംസാരിച്ചു .

 ഫോൺ വെച്ചശേഷം അപൂർവ്വമായി മാത്രം വരാറുള്ള രാത്രി ഫോൺകാൾന്റെ  അത്ഭുതത്തിൽ അവന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന   അവളുടെ മടിയിൽ  നിന്നെഴുന്നേറ്റു പറഞ്ഞു .

"ഞാനൊന്ന് പുറത്തുപോയിട്ട് വരാം .  ബിജു ഏട്ടന്റെ വണ്ടി ഗിയർബൊക്സ് പൊട്ടി വഴിയിൽ നിൽക്കുകയാ..എന്തോ  അത്യാവശ്യ വീട്ടു സാധനം ആണെന്ന് .ആരും ഇല്ല സ്റ്റാൻഡിൽ ...ഞാനൊന്ന്  പോയിട്ട് വരാം ..."!

"ഇപ്പോൾ പോണോ ....?"

അവളുടെ മുഖത്തെ നീരസഭാവം കണ്ടിട്ട് എന്നോണം പറഞ്ഞു "സരിതചെച്ചിയോട് കൂട്ട് വരാൻ ഏൽപ്പിച്ചിട്ടുണ്ട് .ഇപ്പൊ വരും ..."

"എന്നാലും ..."

"എടി , ഒരു രണ്ടു മണിക്കൂറിനുള്ളിൽ എത്തും നീ പേടിക്കണ്ട ,വാതിലടച്ചോ ...അയാൾ ഇത്രേം പറയുമ്പോൾ എങ്ങനെയാഡി മോളെ പോവാതിരിക്കുക .."


 അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ടും ,  സരിതച്ചേച്ചിയുടെ കൂട്ടുണ്ടാവും എന്നറിഞ്ഞപ്പോൾ അവളൊന്നും എതിർത്തുപറഞ്ഞില്ല .  ചേച്ചിയോട് എത്ര സംസാരിച്ചാലും അവൾക്ക് മതിയാവില്ല ,പകൽ  സമയത്ത് കാണുമ്പോൾ എന്നും ഓരോന്ന് പറഞ്ഞിരിക്കും വീട്ടിലെ കഥകൾ  ,കുഞ്ഞുങ്ങളുടെ കുസൃതികൾ ,നാട്ടുകാരുടെ വിശേഷം ,വഴിയരികിൽ അച്ഛനെ കാണുന്നത്  അങ്ങനെ ...ഒപ്പം ചേച്ചിക്കും പറയാൻ കാണും എന്നും കുടിച്ചിട്ട്  വരുമെങ്കിലും സ്നേഹമുള്ള  ഭർത്താവിനെ കുറിച്ച് ,മകൾക്ക് വിവാഹപ്രായമായി  വരുന്നത് ,ബന്ധുക്കാരുടെ കല്യാണം ,പ്രസവം അതിനൊപ്പം നാട്ടുകാരുടെ പറഞ്ഞു  തീരാത്ത വിശേഷങ്ങളും


അവനോടൊപ്പം ഉമ്മറപ്പടി വരെ കൂടെ വന്നു .   ടിപ്പറിൽ കയറിയിരുന്ന് വാതിലിന്നരികെ നില്ക്കുന്ന അവളെ നോക്കി അകത്തേക്ക്  പോകാൻ കൈകൊണ്ടു ആംഗ്യം കാണിച്ചു .

അവൾ പോകാത്തത് കണ്ടപ്പോൾ  കണ്ണുകൾ കൊണ്ട് പരിഭവം ഭാവിച്ചു . ഇത്തവണ അവൾ അകത്തു കയറുന്നതും  വാതിലടയ്ക്കുന്നതും കണ്ട് സമാധാനത്തോടെ ഒന്ന് ചിരിച്ചു വണ്ടിയെടുത്തു .



അതേ സമയം മറ്റൊരിടത്ത് രാത്രി വീട്ടുസാധനങ്ങൾ വാങ്ങിക്കാൻ പുറത്ത് പോകുന്നതിനെ കുറിച്ച് അമ്മയും മക്കളും തർക്കത്തിലായിരുന്നു.

"ഒന്നും വേണ്ട ഈ രാത്രിനേരത്തിനി നീയും കൂടെ പോകണ്ട അപ്പനും  സിനുവും  പോകട്ടെ "

അവർ വിട്ടുകൊടുത്തില്ല .

"മമ്മി  എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്‌ ...." മകളും വാശിയിൽ തന്നെ

 "ദെ ഇച്ചായ ...ഈ പെണ്ണിനേം കൊണ്ട് അയച്ചാൽ രണ്ടും കൂടെ വന്നു കയറുമ്പോൾ  ഉപകാരമുള്ള ഒന്നും കാണില്ല ...നാളെ രാവിലെ വെക്കാൻ പോകുന്ന സമയത്ത്  എന്നെയിട്ടു തീ തീറ്റിക്കരുത്.."

"അവര് വാങ്ങിക്കോളും ന്നെ .."

"പിന്നെ ...പ്രായമായി പഠിപ്പുണ്ട് എന്നേയുള്ളൂ പിള്ളാർക്ക് പക്വതയായിട്ടില്ല ഇനിയും ...നിങ്ങള് പോയ മതി ...."

"എനിക്കൊന്നും വയ്യ " അയാൾ അകത്തേക്ക് തീരുമാനം പറഞ്ഞു കയറാൻ തുടങ്ങി

 "ഓ ...എനിക്കെന്താ ...നിങ്ങൾക്ക് വേണമെങ്കിൽ എന്തോ ചെയ്തോ ...നാളെ  അടുക്കളയിൽ ഒന്നുമില്ലാതെ ഞാൻ കയറില്ല ...നമുക്ക് അല്ലെങ്കിലും ഇവിടെന്ത്‌  വില " അവരുടെ മുഖം വാടിത്തുടങ്ങി

"ശരി ...ഞാൻ പോകാം ...." അയാൾ  അകത്തേക്ക് കയറിപ്പോയി പേഴ്സ് എടുത്തു മുണ്ടിന്റെ കോന്തലയിൽ തിരുകി  പുറത്തേക്ക് വന്നു . മകന്റെ അടുത്തെത്തിയപ്പോൾ പതുക്കെ പറഞ്ഞു

"ഇന്നവളെ പെണക്കിയാൽ ശരിയാവില്ല "

മകൻ ചിരിച്ചുകൊണ്ട് "അപ്പാ കയറ്" ... ബൈക്കിനു പിന്നിൽ കയറുമ്പോൾ അയാൾ അവനോടു സീരിയസ്സായി  പറയുന്നുണ്ടായിരുന്നു

"എടാ എന്റെ വണ്ടിയിൽ പോയാ പോരെ ?"

"എന്റെ അപ്പാ പിന്നെന്തിനാണ് എനിക്കീ കുന്ത്രാണ്ടം വാങ്ങിത്തന്നത് ?"

"അതല്ലട നാളെ എന്റെ കെട്ടിയോൾ ഉണ്ടാക്കുന്ന ബിരിയാണിയും പോർക്കും കഴിക്കണമെന്ന മോഹം കൊണ്ടാ .."

 "അപ്പാ ..." അവൻ മെയിൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ അല്പം വേഗം കൂട്ടി ,  നൂറിനും എൻപതിനും ഇടയ്ക്കുള്ള പോക്കുകണ്ടപ്പോൾ ചെറിയൊരു പേടിയോടെ അവനെ  ചെര്ന്നിരുന്നു അയാൾ ...

"കുറച്ചു പതിയെ പോ സിനൂ "

 "എന്റെ അച്ഛാ ഇത് നല്ല സ്ലോ ആണ് ..ഇനിയും കുറഞ്ഞാൽ നമ്മളെത്തില്ല

"എടാ നിന്റെ കൂട്ടുകാരൊന്നും വരുന്നില്ലേ ?"

"ഉണ്ട് അച്ഛാ ...പക്ഷെ അനീഷിന്റെ വീട്ടിലും പോയിട്ടേ വരൂ അപ്പോൾ രാത്രിക്ക് ഒരുക്കിയ മതി "

"ഉച്ചക്ക് ഇവിടുന്നു ഉണ്ണാൻ പറയായിരുന്നില്ലേ"

"ഓ ...ഈ അച്ഛനെക്കൊണ്ട്‌ ...എല്ലാവരുടെ വീട്ടിലും പോവണ്ടതല്ലേ "?

"എനിക്ക് തിരിച്ചു വീട്ടിലെത്തണം നീ പതിയെ പോ .... "

 അവൻ പരിഭവം കലർന്ന ദേഷ്യത്തോടെ ബൈക്ക് സ്ലോ ചെയ്യാതെ  അയാളെ   തിരിഞ്ഞ് നോക്കിയതും ബാലൻ തെറ്റി  ബൈക്ക് റോഡിൻറെ എതിവശത്തേക്ക് തെന്നി. ഒരു നിമിഷത്തെ അശ്രദ്ധ എതിർ ദിശയിൽ  നിന്നും സ്പീഡിൽ വന്ന ടിപ്പറിന് ബ്രക്ക് ചെയ്യാനുളള സമയം കിട്ടിയില്ല.  ബൈക്കിൽ ടിപ്പർ പാഞ്ഞ് വന്ന് കയറി.



ആള് വരുന്നത് കണ്ടിട്ടും  പതിവുപോലെ പത്രം വീശിയെറിഞ്ഞു പോകുന്ന പത്രക്കാരനെ വായിൽ വന്ന തെറി പറഞ്ഞു  കൊണ്ട് താഴെ നിന്നും പത്രമെടുത്ത് ചെറുതായി പൊടിതട്ടി അലക്ഷ്യമായി  നിവർത്തി. സാധാരണ ഇലക്ഷൻ വാർത്തയോ അഴിമതിയോ പ്രതീക്ഷിച്ച ആ കണ്ണുകൾ ആദ്യ  പേജിൽ മുകളിലായി കൊടുത്ത വാർത്തയിൽ ഉടക്കി


" രണ്ടുപേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു ;പോലീസ് അന്വഷണം ആരംഭിച്ചു"


തന്റെ മരുമകൻ തന്നെയെന്നു ഒരിക്കൽ കൂടി നോക്കി ഉറപ്പു വരുത്തിയപ്പോഴേക്കും അയാൾ പായൽപിടിച്ച വീടിന്റെ തിണ്ണയിൽ തളർന്നിരുന്നു  . ഒൻപത് വർഷം  മുൻപ് അവന്റെ കൂടെ പ്രിയപ്പെട്ട മകൾ ഇറങ്ങിപ്പോയപ്പോൾ അവനെ വാക്കുകൾ  കൊണ്ട് ശപിച്ചത്‌ ഓർമയിൽ തെളിഞ്ഞു വന്നു "എടാ നീ ഓർത്തോ ഇന്നല്ലെങ്കിൽ നാളെ  ഞങ്ങളുടെ ഈ കണ്ണീരിന് നിനക്ക് പകരം കിട്ടും ,രണ്ടുനേരം തിരി വെച്ച്  തൊഴുതുന്ന കാവിലമ്മയാണ് സത്യം "


"ഈശ്വര വാക്കുകൾ അറം പറ്റിയോ ...?

 അന്ന് പറഞ്ഞതിനെ ഓർത്ത്‌ ഇത്രകാലം വിലപിച്ചു കഴിയുകയായിരുന്നു ആ വൃദ്ധൻ.  ഇപ്പോൾ തെളിയ്ക്കുന്ന ഓരോ കൽവിളക്കിനും അറിയാമായിരുന്നില്ലേ അതെല്ലാം  മകൾക്കും അവളുടെ കുടുംബത്തിനും വേണ്ടിയായിരുന്നുവെന്ന്. എന്നും രാവിലെ  അവൻ ജോലിക്ക് പോകുമ്പോൾ സ്കൂളിൽ പോകാനായി  അരികിലിരിക്കുന്ന കൊച്ചുമക്കളെ  കാണാൻ വേണ്ടി ആ പഴയ വീടിന്റെ പാതിയും പൊളിച്ചും വിറ്റും ഭാഗം പിരിഞ്ഞും  പോയതിൽ ശേഷിച്ച ചെറിയ ഭാഗത്തിന്റെ ജനാലയിലൂടെ നാല് നരച്ച കണ്ണുകൾ  കാത്തിരിക്കുമായിരുന്നു


അവളെയും അവനെയും തിരികെ വിളിക്കാൻ  ആദ്യമൊന്നും മനസ്സും ഗൌരവവും നാട്ടിലെ പ്രമാണിത്തവും വീട്ടിലെ ഭാഗം  പിരിച്ചു കൊടുക്കാത്ത മൂന്നു തലമുറകളുടെ കാരണവർ എന്ന നിലയിലുമൊക്കെ മകളെ  എന്നോ പടിയടച്ചു പിണ്ഡം വെച്ചിരുന്നു .

ആദ്യമാദ്യം എല്ലാവരും കൂടെ  ഉണ്ടായിരുന്നു അവരെ അടുപ്പിക്കാതിരിക്കാൻ . അവസാനം ഭാഗം പിരിഞ്ഞു സ്വന്തം  ആൺ മക്കൾ അടക്കം എല്ലാവരും അകന്നപ്പോൾ അടുത്താണ് എങ്കിലും ഒരു കയ്യകലത്തിൽ  കാണുന്ന മകളെ സ്നേഹിക്കാൻ തുടങ്ങി.

വൈകുന്നേരങ്ങളിൽ  കുസൃതിക്കുരുന്നുകളെ വിളിച്ചുകൊണ്ടു അവൾ നടന്നുവരുന്ന കാഴ്ച കണ്ടു  സയൂജ്യമണഞ്ഞു. മരുമകനെ ആദ്യം എതിർത്തു എങ്കിലും അവൻ യാതൊരു കുറവുമില്ലാതെ  മകളെ നോക്കുന്നുണ്ടെന്നും അവൾ ഏറെ സന്തോഷവതിയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ  ഒരിക്കൽ നസ്രാണി ചെക്കൻ എന്ന്  അധിക്ഷേപിച്ചവനെ കൂട്ടുവിളിക്കാൻ പലതവണ  തുനിഞ്ഞതാണ് ,അപ്പോഴെല്ലാം ഓരോ ഇല്ലാക്കാരണം പറഞ്ഞ് വേണ്ടെന്നു വെച്ചു.


 എങ്കിലും അയാൾ അറിയുന്നുണ്ടായിരുന്നു പറമ്പിൽ പണിക്കുവരുന്നവരിൽ നിന്നും  ,ചായക്കടയിലും ,കല്യാണവീട്ടിലും, മറ്റു ചില പരിചയക്കാരിൽ നിന്നും മരുമകന്റെ  കറതീർന്ന സ്വഭാവത്തെക്കുറിച്ച് ,എല്ലാവരുടെ മുന്നിലും പ്രകടിപ്പിച്ചില്ല  എങ്കിലും അയാൾ മനസ്സിൽ ഏറെ സന്തോഷിക്കുന്നുണ്ടായിരുന്നു  . വണ്ടിയോടിക്കുമ്പോഴും അയാളുടെ ശ്രദ്ധ ആ വൃദ്ധൻ കാണുന്നതാണ് എന്നിട്ടും  ഇങ്ങനെയൊരപകടം ഉണ്ടായതെങ്ങനെ എന്ന് ആലോചിക്കുന്നതിനിടയിലാണ് മകളുടെ കാര്യം  ഓർമ വന്നത്

 "ന്റെ അമ്മൂട്ടി ....കുഞ്ഞുങ്ങൾ..."

ഈ സമയത്താണ് താൻ  കൂടെ വേണ്ടത് എന്ന ബോധം അയാളെ അവരുടെ വീട്ടിലേക്കു ചെന്ന് അന്വഷിക്കാൻ  പ്രേരിപ്പിച്ചു . ഭാര്യയോട്‌ ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് തന്റെ  ശീലക്കുടയും ഫോണും എടുത്ത് പോക്കെറ്റിൽ വച്ചു.

പുറത്തിറങ്ങാൻ നേരം  "എവിടെയ്ക്കാ ?" എന്ന് ചോദിച്ചു വന്ന ഭാര്യയോട്‌ "കൃഷിഭവനിലേക്ക്" എന്ന്  മാത്രം മറുപടി പറഞ്ഞ് കഴിയുന്നത്ര വേഗത്തിൽ നടന്നു ..

"എന്റെ മകൾ ....മനു  ...കുഞ്ഞുങ്ങൾ ..അമ്മൂട്ടി ..."

മകളുടെ ചിരിക്കുന്ന മുഖം അയാളുടെ ഓർമയിൽ  തെളിഞ്ഞു വരുമ്പോൾ അയാൾ ആരും കേൾക്കാതെ ഓരോ ചുവടിനോപ്പവും അവരെ  വിളിച്ചുകൊണ്ടിരുന്നു ..വൈകിപ്പോയിരിക്കുന്നു ...കുറച്ചു മുൻപേ  വിളിക്കാമായിരുന്നു അവരെ ..കൺ നിറയെ കണ്ടു സ്നേഹിക്കാമായിരുന്നു  രണ്ടുപേർക്കും.

ആദ്യമായി  മകളുടെ വീട്ടിലെത്തുമ്പോൾ സന്തോഷത്തിനു  പകരം പ്രതികരണം എന്തെന്നറിയാതെ ഉള്ള ഞെഞ്ഞിടിപ്പ് ആയിരുന്നു അയാളെ വലച്ചത് .  ഭംഗിയായി കെട്ടി നിർത്തിയ മുൾ വേലിക്കകത്ത് പ്രവേശിക്കാനുള്ള സ്ഥലത്ത്  "പടി "ഇല്ലായിരുന്നു ,പക്ഷെ എല്ലാവർക്കും കാണാൻ പാകത്തിൽ മനോഹരമായി  നട്ടുപിടിപ്പിച്ച പൂന്തോട്ടം ,വൃത്തിയായി അടിച്ചൊതുക്കി വെച്ചിരിക്കുന്ന  മുറ്റം , ആ കൊച്ചു വീടിനു എന്തോ ഐശ്വര്യം കൂടുതൽ ആണെന്ന് തോന്നി അയാൾക്ക്‌ .  അതെ മകൾ ഉണ്ടാവുമ്പോൾ തന്റെ വീടിനുണ്ടായിരുന്നതും താൻ കാണാതെ പോയതുമായ  ഐശ്വര്യം


"എന്താ കാര്യം?"  എന്ന് അന്വഷിച്ച് വരുന്ന പരിചിതരും -  അപരിചിരരും ആയ ആളുകളുടെ ഇടയിൽ ഒരാളായി അയാൾ ഇരുന്നു അന്തിമയങ്ങും വരെയും .  വന്നവരിൽ ആരും മരുമകനെ കുറ്റപ്പെടുത്തിയതായി കണ്ടില്ല ആ വേദനയിലും അയാളിൽ  അത് സന്തോഷം ഉണ്ടാക്കി . പലരും അഭിപ്രായം പറഞ്ഞതിൽ നിന്നും ഭാര്യയും  മക്കളുമായി എങ്ങോട്ടോ ഒളിച്ചുപോയി എന്ന സങ്കൽപം മനസ്സിൽ വെച്ചു അയാൾ തിരികെ  സ്വയം സമാധാനിപ്പിച്ചു  നടന്നു .

വീടെത്തുമ്പോൾ സന്ധ്യാദീപം  വെച്ചു നാമം ചൊല്ലുന്ന ഭാര്യയെ നോക്കി ...പിന്നെ ചെറുതായി കൈകൊണ്ടു ഒന്ന്  തൊഴുതു . അയാളെ കണ്ടതും ഭാഗവതം മടക്കി വെച്ച്‌ "എവിടെയായിരുന്നു ...?"

"അത് ..........നല്ല തിരക്കായിരുന്നു ..." ഇടറിയ ശബ്ദം പുറത്തു വന്നു ...

"നല്ല ക്ഷീണം ണ്ടല്ലോ ...കുളിക്കാൻ വെള്ളം വെക്കണോ ..."

"വേണ്ട ഒന്ന് കിടന്ന മതി ...." അയാൾ തന്റെ കട്ടിലേക്ക് ചരിഞ്ഞു

"എന്നാ കഴിക്കാനെന്തെങ്കിലും എടുക്കട്ടെ ...."

"വേണ്ട ...ഒന്ന് ഉറങ്ങിയ മതി ...ഇന്നത്തെ ഉച്ച ഉറക്കം ഇല്ലായിരുന്നല്ലോ അതാകും ..."

"അപ്പോൾ ഉച്ചയ്ക്കും രാവിലെയും ഭക്ഷണമോ ?"

"അത് ഞാൻ പുറത്തൂന്നു കഴിച്ചു,താൻ എന്തെങ്കിലും കഴിച്ചിട്ട് വാ ..."

 അയാളുടെ തീീരുമാനങ്ങൽ ആര് പറഞ്ഞാലും മാറില്ല എന്നറിയാവുന്നത് കൊണ്ട് അവർ  പോയി ...ഉറക്കമില്ലാത്ത രാത്രിയെ ഭയപ്പാടോടെ വരവേറ്റു കൊണ്ട് അയാൾ തിരിഞ്ഞു  കിടന്നു

പതിവ് പ്രഭാതകൃത്യങ്ങൾ എല്ലാം ഉപേക്ഷിച്ച് ഉറങ്ങാതെ  ചുവന്നു കലങ്ങിയ കണ്ണുകളും തളരുന്ന ശരീരവും നീറുന്ന മനസ്സുമായി ആ വൃദ്ധൻ  അതിരാവിലെ മുതൽ കാത്തിരിപ്പാണ് പത്രമെത്തുന്നതും നോക്കി .  സമയമായില്ലെങ്കിലും ആവലാതിയോടെ അയാൾ മതിലിനു പുറത്തേക്ക് നോക്കി മുറ്റത്ത്  ഉലാത്തിക്കൊണ്ടിരുന്നു


ദൂരെ നിന്നും സൈക്കിൾ ബെൽ കേട്ടതും  ഓടിച്ചെന്നു മതിലോരത്തു കാവലായി ..ദൂരെനിന്നെ പത്രമെടുത്ത് പതിവ് എറിയൽ  പരിപാടിക്ക് തയ്യാറായ പത്രക്കാരൻ അതിലെന്താണ് പ്രധാന വാർത്ത എന്ന്  നോക്കാത്തതിനാൽ ആവണം മുറ്റത്തോട്ടു വീശി .കുനിഞ്ഞെടുക്കുന്ന അയാളെ നോക്കി  ചമ്മിയ ചിരിയോടെ മുന്നോട്ടു നീങ്ങി .


ആർത്തിയോടെ  കയ്യിൽ കിട്ടിയ പത്രം ഒന്നേ നോക്കിയുള്ളൂ വലതു വശത്ത്‌ മുകളിലായി മൂന്നു  കോളത്തിൽ മകളും പേരക്കുട്ടികളും അടുത്തു തന്നെ കുറച്ചുകൂടി വലുതാക്കി  മരുമകന്റെ ചിത്രം


"ഭാര്യയും മക്കളും ഉൾപ്പെടെ അഞ്ചുപേരെ കൊന്ന പ്രതി പോലീസിനു കീഴടങ്ങി . ഇന്ന് കോടതിയിൽ ഹാജരാക്കും "


 അയാൾ മുറ്റത്തേക്ക്‌ തളർന്നിരുന്നു ... വിറയ്ക്കുന്ന ശരീരത്തിൽ വിയർപ്പ്  കൂടുന്ന പോലെ തോന്നി . അൽപനേരത്തിനു ശേഷം മനസ്സിലെന്തോ ഉറപ്പിച്ച്  എഴുന്നേറ്റു , പതിവുപോലെ തന്റെ ചുളിവുനീക്കി കഞ്ഞിമുക്കി തേച്ചു വെച്ച  ഷർട്ട് എടുത്തിട്ടു , ഫോൺ എടുത്ത് പോക്കെറ്റിൽ ഇട്ടു . തന്റെ ശീലക്കുട  കക്ഷത്തിലെടുത്തു വെച്ചു.


അടുക്കളയിൽ തിരക്കിലായിരുന്ന ഭാര്യയെ  ഒന്ന് എത്തി നോക്കി അവരോട് ഒന്നും മിണ്ടാതെ പുറത്തിറങ്ങി നടന്നു .  മുറ്റത്തിറങ്ങി ചെരുപ്പിടുമ്പോൾ തളർന്നു വീഴുമോ തോന്നി , ഇന്നലെ രാവിലെ  മുതൽ ഒന്നും കഴിച്ചിട്ടില്ല പതിവ് മരുന്നുകളും . ഈ ദിവസങ്ങളിൽ അയാൾക്ക്  തന്റെ ശരീരത്തെ കുറിച്ച് ഒട്ടും ബോധമില്ലാതായിരിക്കുന്നു.

വഴിയിൽ തളർന്നു  വീണു മരിച്ചാലും ഇന്നയാൾക്ക്‌ ഒന്നുമില്ല , ഇതിൽ കൂടുതൽ ആ വൃദ്ധന് എന്ത്  വേണം ജീവിതത്തിൽ വേദനയായി ...ഇനി അയാൾക്കുമൊരു തിരിച്ചുപോക്കില്ല പഴയ  ജീവിതത്തിലേക്ക് .അപ്പോഴും ഭാര്യയെ ഒന്നും അറിയിക്കണ്ട എന്ന്  തീരുമാനിക്കുകയായിരുന്നു ഉത്തരവാദിത്വം ഉള്ള കുടുംബനാഥനെ   പോലെ അയാൾ ബസ്‌  സ്റ്റോപ്പ്‌ ലക്ഷ്യമാക്കി  നടന്നു


ക്ഷീണിതനായി സ്റ്റോപ്പിൽ  വീണ്ടും വീഴാൻ പോയെങ്കിലും ടൌണിലേക്കുള്ള  ബസ്‌ കണ്ടപ്പോൾ എന്തോ  ഉന്മേഷത്തിൽ വേഗം കയറി . "ഒരു കോടതി  " ദയനീയ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു പൈസ  നീട്ടി


പിന്നെയെപ്പോഴോ ഓർമകളിലെക്കോ അബോധത്തിലെക്കോ അയാളുടെ  മനസ്സ് ബസ്സിനൊപ്പം യാത്ര തുടങ്ങിയിരുന്നു . അതുവരെ മരുമകനോട്‌  ഉണ്ടായിരുന്ന സ്നേഹം വെറുപ്പിന്റെ രൂപത്തിൽ അയാളുടെ ഇടുപ്പിൽ ഇരിപ്പുണ്ട് .

ഭാര്യ കാണാതെ അടുക്കളയിൽ നിന്നേറ്റവും  മൂർച്ചയുള്ള ആയുധം തന്നെയാവട്ടെ  അവന്റെ അവസാനവും . ഓർമകളിൽ അപ്പോഴും മകൾ വിളിച്ചു കൊണ്ടിരുന്നു "അച്ഛാ  ..... ഞങ്ങളോട് ക്ഷമിക്കണം ....പിരിയാൻ കഴിയില്ല ഒരിക്കലും .....അച്ഛാ  ....." തന്റെ കാൽ പാദത്തിൽ ഒരിറ്റു നനവ്‌ പടരുന്നതായി അയാൾക്ക്‌ തോന്നി

 "അച്ഛാ .....അച്ഛാ  മിട്ടായി വാങ്ങിയോ ....അച്ഛാ അമ്മൂന് കണ്ണടയ്ക്കുന്ന  പാവക്കുട്ടി വാങ്ങിത്തരുമോ ..... അച്ഛാ .....അമ്മൂട്ടിക്ക് തെളങ്ങുന്ന  ഉടുപ്പ് വേണം ...ചെമപ്പ് ഉടുപ്പ് ...അച്ഛാ ....ഈ അമ്മയെന്താ അമ്മൂട്ടിയെ  കളിക്കാൻ വിടാത്തെ ..... അച്ഛാ പതുക്കെ കുത്താൻ പറ   അമ്മൂന് ഇൻജക്ഷൻ  പേടിയാ ...അച്ഛാ മോൾക്ക്‌ ച്ചുടുന്നൂ ....അച്ഛാ ഇപ്പോൾ തണുക്കുന്നു  ...മോൾക്ക്‌ കയ്പ്പുള്ള ഗുളിക വേണ്ട ...... അച്ഛാ ...അമ്മൂന്റെ മാർക്ക്‌  കണ്ടോ .. അച്ഛാ  എനിക്ക് നടക്കാൻ വയ്യ സ്കൂളിൽ കളിക്കുമ്പോൾ വീണു  .....അച്ഛാ അമ്മൂ  വരച്ച ചിത്രം കണ്ടോ ..... അച്ഛാ അമ്മൂനും സ്കൂളിന്ന്  ടൂറ് പോണം ... അച്ഛാ നമ്മുടെ വീട്ടു മുറ്റത്ത് വെക്കാൻ കൊറേ ചെടികൾ  കൊണ്ടുത്തരാമോ .... അച്ഛാ ...ഇപ്പോൾ എന്നെ ദാവണിയിൽ കാണാൻ എങ്ങനുണ്ട് ...  അച്ഛാ കോളേജിൽ അഡ്മിഷൻ കിട്ടി .......അച്ഛാ എനിക്കൊരു സാരീ വേണം ... അച്ഛാ  ഇതെല്ലാം എന്റെ കൂട്ടുകാരാണ് ... അച്ഛാ എനിക്കിപ്പോൾ കല്യാണം വേണ്ട .....  എന്നെ  പഠിപ്പിചൂടെ  ....അച്ഛാ ഇതൊന്നു കഴിച്ചു നോക്കിയേ ഞാൻ  ഉണ്ടാക്കിയതാ..... അച്ഛാ ..എന്നോട് ക്ഷമിക്കു അച്ഛാ മനുവിനെ അല്ലാതെ  എനിക്ക് മറ്റാരെയും വേണ്ട ..... അച്ഛാ ശപിക്കരുത് ഈ മോളെ ....." അവളുടെ ജനനം മുതലുള്ള ചിത്രങ്ങൾ അയാളുടെ മനസ്സിലൂടെ കടന്നുപോയി


 "അമ്മൂട്ടി ..........." അയാൾ സ്ഥലകാലബോധം ഇല്ലാതെ പെട്ടെന്ന് ഉച്ചത്തിൽ  വിളിച്ചു ,ബസ്സിലാണ് താൻ എന്ന് മനസ്സിലാക്കിയപ്പോൾ മിണ്ടാതെയിരുന്നു  .അപ്പോഴും മനസ്സിനുള്ളിൽ മകൾ ഓടി വന്നിരുന്നു . നാല് ആൺ മക്കൾക്ക്‌  ശേഷം കുടുംബത്തിൽ കുറെ നാളുകൾക്ക് ശേഷവും ഉണ്ടായ കൊച്ചുസുന്ദരി .

കുട്ടി  പെണ്ണെന്നു അറിഞ്ഞപ്പോൾ സന്തോഷം  അടക്കാനാവാതെ അബോധത്തിൽ കിടന്നിരുന്ന  ഭാര്യയുടെ അടുത്തു കണ്ണ് തുറക്കാതെ കിടക്കുന്ന മകളെ ആദ്യമായി കണ്ടത് ...  ആദ്യത്തെ പാൽപ്പല്ലുകാട്ടി അവൾ ചിരിച്ചത് ...ആദ്യമായി അച്ഛാ എന്ന്  വിളിച്ചത് ...സന്ധ്യയ്ക്ക് മുടങ്ങാതെ വിളക്കുമായി പടിയിറങ്ങി വരുന്ന  ദേവിയായി ...അയാളുടെ മുന്നിൽ അവൾ തെളിഞ്ഞു വന്നു .

"കോടതി  .................കോടതി ....... "

ക്ലീനർ വിളിച്ചു കൂവുന്നത് കേട്ടപ്പോൾ  ധൃതി പിടിച്ചു താഴെയിറങ്ങി .ഇപ്പോൾ അവനെ വിചാരണയ്ക്ക് കൊണ്ട് വരും .പിന്നെ അവൻ ജീവനോടെ ഉണ്ടാവരുത് .അയാൾ മനസ്സിൽ ഒന്ന് കൂടെ  ഉറപ്പിച്ചു, ഇടുപ്പിൽ പതിയെ തൊട്ടു ആയുധം ഉണ്ടെന്നു ഉറപ്പു വരുത്തി

 മലർക്കെ തുറന്നു വെച്ച ഗെയിറ്റികത്ത് പതിവിലും കൂടുതൽ തിരക്ക് കയറുമ്പോഴേ  അയാൾ കണ്ടു ...."അത് വേണം ..എന്റെ അമ്മൂട്ടിയെ ഇല്ലാതാക്കിയവൻ പിടഞ്ഞു  വീഴുമ്പോൾ എല്ലാവരും അറിയണം ...." അയാൾ എങ്ങു നിന്നോ കിട്ടിയ ആവേശത്തിൽ  അകത്തേക്ക്  വേഗത്തിൽ നടന്നു

മൈക്കും പിടിച്ചൊരു പെൺകുട്ടി  കോടതിയിലേക്ക് കൈ ആംഗ്യം കാണിച്ച് ഓൺ ചെയ്ത വീഡിയോ ക്യാമറ നോക്കി  സംസാരിക്കുന്നു , അവളെപ്പോലെ കുറച്ച് പെൺകുട്ടികളും ക്യാമറ പിടിച്ച  യുവാക്കളും , പോലീസുകാരും ,ജനങ്ങളും ,കറുത്ത കോട്ടിട്ട നീതിപാലകരും  , ഇരുമ്പ് വളയത്തിനുള്ളിൽ കൈ വെച്ച് ഊഴം കാത്തു നില്ക്കുന്ന വെള്ളയിൽ  കറുപ്പ് കൊണ്ട് ക്രമ നമ്പർ എഴുതിയ വസ്ത്രധാരികളും കൊണ്ട് നിറഞ്ഞിരുന്നു  അവിടം . അവൾ സംസാരിക്കുന്നത് പാതി മുറിഞ്ഞ് അയാൾ കേൾക്കുന്നുണ്ടായിരുന്നു


 " അച്ഛനെയും മകനെയും രാത്രി ടിപ്പർ ഇടിച്ചു കൊല്ലുകയും അടുത്ത ദിനം  ഭാര്യയെയും മക്കളെയും വിഷം കൊടുത്ത് കൊല്ലുകയും സ്വയം ആത്മഹത്യയ്ക്ക്  ശ്രമിച്ചു അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത തൃശ്ശൂർ അയ്യന്തോൾ സ്വദേശി  മനു ജോസഫ്‌ ന്റെ വിചാരണയാണ് ഇന്ന് കോടതിയിലാദ്യം നടക്കുന്നത് .. സമൂഹ  മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകാത്തെ കുറിച്ച് പ്രധാനമായ തെളിവുകൾ  ലഭിച്ചെന്ന് പോലീസ് പറഞ്ഞു , മലയാളി സമൂഹം മുഴുവൻ കാതോർക്കുകയാണ് ദാരുണ  മരണങ്ങളുടെ ചുരുളഴിയാൻ...."


അവൾ ആരോ എഴുതിക്കൊടുത്തത് ബൈ ഹാർട്ട്‌ പഠിക്കും വിധത്തിൽ നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു ...


"മലരണിക്കാടുകൾ തിങ്ങി വിങ്ങി
 മരതകകാന്തിയിൽ മുങ്ങി മുങ്ങി
  കരളും മിഴിയും കവർന്നു മിന്നി " മകൾ വായിച്ച് പുസ്തകം തന്റെ കയ്യിൽ തന്നു  പറഞ്ഞു കേൾപ്പിക്കുകയാണ്..... അയാൾ ഭ്രാന്തെടുത്ത പോലെ അവളുടെ അടുത്തു  നിന്നും നീങ്ങി .....

അവളിൽ നിന്ന് അകന്നു മാറുമ്പോഴും "എന്താണ് മനു  ഇങ്ങനെയൊരു സാഹസ്സത്തിന് തുനിഞ്ഞത് എന്ന് എന്നെപ്പോലെ ലോക മലയാളി സമൂഹം  മുഴുവൻ ചോദിക്കുന്ന ചോദ്യമാണ് ..."അവളുടെ ശബ്ദം കൂടുതൽ തെളിഞ്ഞു  വരുന്നുണ്ടായിരുന്നു .... അയാൾ കോടതി മുറിയ്ക്ക് അകത്തു കടന്നിരുന്നു


 സമയമടുത്ത് തുടങ്ങിയെന്നു ബോധ്യപ്പെടുത്തി ബെഞ്ചുകളിൽ കാണികൾ  നിറഞ്ഞിരിക്കുന്നു , അടുത്ത് തന്നെ കറുത്ത കോട്ടിട്ടവരും, പ്രതികളും,  പോലീസുകാരും തങ്ങളുടെ ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു . ഇനി ജഡ്ജ്  വരാൻ കാത്തിരിക്കുകയാണ് . ഒരു വശത്ത്‌ മനു വിദൂരതയിലേക്ക്  നോക്കിയിരിക്കുന്നു .ആ ചുണ്ടുകൾ എന്തൊക്കെയോ പറയുന്നുണ്ട് .ആർക്കും  മനസ്സിലാവാത്ത അയാൾക്ക്‌ മാത്രമായിരുന്ന സത്യത്തിന്റെ വെളിപ്പെടുത്തലുകൾ  ആയിരിക്കണം


"സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊലയുടെ ചുരുളഴിയാൻ ഇനി നിമിഷങ്ങൾ മാത്രം " കേരളജനത അക്ഷമരായി കാത്തിരിക്കുകയാണ് പുറത്ത്.


 കോടതി മുറിയിൽ പടം പിടുത്തം നിരോധിച്ചിട്ടും വാതിൽക്കൽ വന്നു നിന്ന്  ക്യാമറയ്ക്ക് മുന്നിൽ നിന്നും പ്രസിദ്ധചാനലിന്റെ അവതാരിക ഇമോഷണൽ ആയി  അറിയാവുന്നതും ഊഹിച്ചെടുത്തതുമായ "വാർത്ത " പ്രേക്ഷകരിലെത്തിക്കാനുള്ള  ശ്രമമാണ് .


അവർക്ക് കൂടുതൽ ചിത്രങ്ങൾ വേണം വാർത്ത വേണം . കോടതി  മുറിക്ക് പുറത്ത് ഇത്തരം ജനങ്ങളുടെ പ്രതിനിധികൾ തിരക്ക്  കൂട്ടിക്കൊണ്ടെയിരുന്നു. ആദ്യം വാർത്ത എത്തിക്കേണ്ട പുതുമാധ്യമ എത്തിക്സ്  പാലിക്കുന്നവരാണ് അവരും "സെൻസേഷണലിസ" ത്തിന്റെ ആളുകൾ എന്നെ പറയാവൂ .


ശ്വാസമടക്കിപ്പിടിച്ചു  ലക്ഷക്കണക്കിന്‌ ജനങ്ങളും അക്ഷമരായി കാത്തിരിക്കുന്നു ടി വിയുടെയും യു  ടൂബിന്റെയും ഫെയ്സ്ബുക്കിന്റെയും ട്വിറ്റരിന്റെയും ന്യൂസ്‌ ചാനലുകളുടെയും  വെബ്‌ സൈറ്റുകളുടെയും ഓൺലൈൻ പത്രങ്ങളുടെയും മുന്നിൽ  .

സോഷ്യൽ മീഡിയയിൽ ഗംഭീര  ചർച്ചകൾ നടക്കുന്നു അവരും പ്രതീക്ഷിക്കുന്നുണ്ട് കോടതി വിധി എന്തെന്ന്  . ഒപ്പം എങ്ങനെ ? എന്ത് ? എന്തുകൊണ്ട് ? എപ്പോൾ ? എവിടെ ? തുടങ്ങി ആദ്യ  പാരഗ്രാഫിൽ സംഭവം മുഴുവൻ കുത്തിനിറയ്ക്കാനുള്ള മരുന്നിനായി


എന്നിട്ട് വേണം തൂക്കിക്കൊലയ്ക്ക് മുൻപേ ഇഞ്ചിഞ്ചായി കൊല്ലുവാൻ . മനുഷ്യാവകാശപ്രവർത്തകർക്കും  എഴുത്തുകാർക്കും ഇരിക്കപ്പൊറുതിയില്ല ഇന്നേ വരെ സംഭവിച്ചിട്ടില്ലാത്ത  ക്രൂരമായ കൊലപാതകത്തിന്റെ വേദന നിഴലിക്കുന്നത് അവരുടെ മുഖത്താണ് എന്ന്  തോന്നും.

അതെ ഇനിയൊരു സുനാമിയോ കൊടുങ്കാറ്റോ ബലാൽസംഘമൊ വരുന്നത് വരെയുള്ള  "ടോപ്പ്" സ്റ്റോറി ആണല്ലോ ഇത് . മനുവിന്റെ വകയുടെ വകയിൽ ഉള്ള  ബന്ധുവിന്റെ ആസ്തിയെയും , അവൻ നാലാം ക്ലാസ്സിൽ അയൽക്കാരന്റെ മാവിന് കല്ലെറിഞ്ഞത്  മുതൽ ഉള്ള ക്രൂരതകൾ ഇനി തുടർകഥ രൂപത്തിൽ വരാൻ പോകുന്നതേയുള്ളൂ


 അറിയാവുന്നതൊക്കെ വെച്ച് പ്രതിയെ പ്രാകി പ്രാകിയൊരു ജനത തന്നെ  കാത്തിരിക്കുന്നുവെന്ന് പറയാം . നാളത്തെ ചൂടുള്ള വാർത്ത കോടതിയ്ക്കകത്ത്  അരങ്ങേറുന്നു.

ഇനി അവൾ നട്ട് വളർത്തിയ ചെടികളും ,അയയിലെ ഉണക്കാനിട്ട  കുഞ്ഞുടുപ്പും ,ആ അച്ഛന്റെ പഴയ വണ്ടിയും, അയാളുടെ ഭാര്യയുടെ നൈറ്റി ഇട്ട  രൂപത്തിൽ വാ പൊത്തി കരയുന്നതും മകൾ തളർന്ന് വീഴുന്നതും , ബന്ധുവിന്റെ  പ്രതികാരമുഖവും , കൂട്ടുകാരന്റെ സ്റ്റാറ്റസ് അപ്പ്ഡഷനും വരാൻ  കിടക്കുന്നതേയുള്ളൂ ...കണ്ണീരൊതുക്കി ഒരു ജനത ഉറ്റു നോക്കുന്നു പുറത്ത്


"എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു കൃത്യം നടത്തിയത് ?"

അയാളൊന്നും മിണ്ടിയില്ല

"ആ കൃത്യം  നടത്താനുള്ള ചേതോവികാരം എന്തായിരുന്നു "?

അപ്പോഴും അയാളൊന്നും മിണ്ടിയില്ല

 "മിസ്റ്റർ മനു . ചോദിക്കുന്നത് നിങ്ങളോടാണ്‌ . മറുപടി പറയുക ,ഈ അഞ്ചു  കൊലപാതകവും ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു ?


 അയാളുടെ മൌനം വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ കോടതിയിലെ എല്ലാവർക്കും ക്ഷമ  നശിച്ചെന്ന് തോന്നുന്നു ,അങ്ങിങ്ങായി പിറുപിറുപ്പുകൾ ഉയർന്ന് വന്നു. നാളെ  മാധ്യമങ്ങൾക്ക് പൊടിപ്പും തൊങ്ങലും ചേർക്കാൻ എന്ന വിധം അയാൾ മൌനം തുടർന്നു.  ആ വൃദ്ധൻ അപ്പോഴും ഇടുപ്പിലെ കത്തിയിൽ തൊട്ടു നോക്കുന്നുണ്ടായിരുന്നു


ദേഷ്യം വരുന്ന ഭാവത്തിൽ ജഡ്ജ് "അവസാനമായി കോടതിയെ എന്തെങ്കിലും ബോധ്യപ്പെടുത്താൻ ഉണ്ടോ ?"

"ഇല്ല " പരുക്കൻ സ്വരത്തിലായിരുന്നു മറുപടി . കാണികൾ ആവേശത്തോടെ നോക്കി

"അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ ?"

"ഇല്ല "


 "മിസ്റ്റർ മനു എന്തുകൊണ്ടാണ് നിങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ കൊലകൾ നടത്താൻ  തിരഞ്ഞെടുത്തത് ? കൊല്ലപ്പെട്ട തോമസുമായി നിങ്ങൾക്കുണ്ടായിരുന്ന ബന്ധം  എന്താണ് ?

 പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യയും കുഞ്ഞുങ്ങളും ആയി നിങ്ങൾ നല്ല  അടുപ്പത്തിൽ ആയിരുന്നു എന്ന് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു  ,പോലീസിന്റെ പ്രാഥമിക അന്വാഷണത്തിലും അത് തെളിഞ്ഞിട്ടുണ്ട് . പിന്നെ  എന്തുകൊണ്ട് ?ഈ കൊലകൾ നടത്താനുണ്ടായ ചേതോവികാരം എന്തായിരുന്നു ?"

 ഇടമുറിയാതെ ജഡ്ജ് ന്റെ ചോദ്യങ്ങൾ വന്നുകൊണ്ടിരുന്നു


"എനിക്ക് മരണ  ശിക്ഷ ഉറപ്പാണോ ? ഞാൻ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞതുകൊണ്ട് അതിൽ  മാറ്റമുണ്ടാകുമോ ? " മനുവിന്റെ കനമുള്ള ശബ്ദം വീണ്ടും ഉയർന്നു

"സാഹചര്യത്തെളിവുകൾ ഫോറൻസിക് റിപ്പോർട്ട്  എന്നിവ നിങ്ങൾക്കെതിരാതിനാൽ  ..."


 "പിന്നെ എന്തിനാണ് വിചാരണ ? കൊന്നുകൂടെ ....എനിക്ക് മരിക്കണം അവിടെയെന്റെ  ഭാര്യയും മക്കളും കാത്തിരിക്കുന്നുണ്ടാകും ..." അവൻ ഒന്നുകൂടെ ഉച്ചത്തിൽ  പറഞ്ഞു


ചുറ്റിലെ ചെറിയ ചെറിയ ശബ്ദങ്ങളും പെട്ടെന്ന് സ്വിച്ച് ഓഫ്‌  ചെയ്തതുപോലെ അവസാനിച്ചു കോടതി നിശബ്ദമായി. വൃദ്ധൻ രൂക്ഷമായി അവനെ നോക്കി .  മനു തുടർന്നു...ഇത്തവണ ശബ്ദം അല്പം ഇടറിയിരുന്നോ ?


"അവസാനം കണ്ണടയുന്ന നേരത്തും അവൾ തേടിയത് എന്റെ നെഞ്ചിലെ ചൂടായിരുന്നു ,അതില്ലാതെ അവൾക്കു സുഖമായുറങ്ങാനാവില്ല, എനിക്ക് പോയെ പറ്റൂ .നിങ്ങളെന്തിനാണ് എന്നെ രക്ഷിച്ചത്‌ ?


എനിക്ക് മരിക്കണം .... എന്നെ പെട്ടെന്ന് തന്നെ അവളുടെയും മക്കളുടെയും അടുത്തേക്ക്‌ അയക്കൂ

 എന്റെ മക്കൾ എന്നെ കാത്തിരിക്കും അവളോടൊപ്പം ... ഞങ്ങൾക്ക് കുതിര കളിക്കണം  ... ഏണിയും പാമ്പും കളിക്കണം ...അവൾ മുല്ലപൂവ് കോർക്കുമ്പോൾ ഇടയ്ക്ക്  ചെന്ന് ശല്യം ചെയ്യണം .....

എനിക്ക് മരിക്കണം ....എന്നെ  തൂക്കി കൊല്ലുന്നത് എന്നാണ്?"

 അയാളുടെ പരസ്പര സംബന്ധമില്ലത്തതുപൊലെ ഉള്ള പുലമ്പലുകൾ  കേട്ടപ്പോൾ ആദ്യം  ഒന്ന് മൌനം പാലിച്ചതിനു ശേഷം ജഡ്ജ് വിസ്താരം തുടങ്ങുന്നു എന്ന മട്ടിൽ

"സ്വന്തം ഭാര്യയും രണ്ട് പെൺ കുട്ടികളുമടക്കം അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്താൻ നിങ്ങൾക്കുണ്ടായ ചേതോവികാരം എന്താണ് ?"

'എനിക്കും മരിക്കണം ..." അത് കേട്ടപ്പോൾ ആ വൃദ്ധൻ സ്തംഭിച്ചു പോയി ,അവനെത്തന്നെ നോക്കിയിരുന്നു

 "മിസ്റ്റർ മനു അവരെന്തു കുറ്റം ചെയ്തതുകൊണ്ടാണ് നിങ്ങളവരെ ഇല്ലാതാക്കിയത് ?  ഒന്നുമില്ലെങ്കിലും ആ കുട്ടികളുടെ ജീവിതത്തെക്കുറിച്ച് ആലോചിച്ചോ?"

"എനിക്ക് മരിക്കണം ....." അയാള് പിന്നെയും തുടർന്നു.. ആ വാക്കുകൾ കോടതിയെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്

 "മനു എന്തിനു വേണ്ടിയാണ് നിങ്ങൾ ഇങ്ങനെയൊരു പാതകം ചെയ്തത് എന്ന്  എന്ന പോലെ ഈ ലോകത്തിന്   അറിയാനുണ്ട് . ഒരുപക്ഷെ നിങ്ങളുടെ  ഭാര്യയുടെ മോശപ്പെട്ട സ്വഭാവം കൊണ്ടാണോ ? അതോ ദാമ്പത്യത്തിലെ തോൽവിയോ?  അതുമല്ലെങ്കിൽ ആദ്യം നിങ്ങൾ ടിപ്പർ ഇടിച്ചു കൊന്ന അച്ഛനും മകനുമായി  എന്തെങ്കിലും അടുപ്പം ഉള്ളത് കൊണ്ടാണോ. ? "

അയാൾ ഒരു നിമിഷം നിശബ്ദനായി ,പിന്നെ ആ മുറിയിലുള്ളവരെ ഭയപ്പെടുത്തുന്ന ശബ്ദമായിരുന്നു

" ഇത് കൊണ്ട് തന്നെ ആണ് ഞാനവളെയും എന്റെ കുഞ്ഞുങ്ങളെയും ...." അയാളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു

"പറയൂ മനു "

 " എന്റെ ഭാര്യയെ കുറിച്ച് ഒരറിവും ഇല്ലാത്ത ,കൊല്ലപ്പെട്ട മറ്റു  വ്യക്തികളെ കുറിച്ചും അറിവില്ലാത്ത താങ്കൾ എന്തിന്റെ അടിസ്ഥാനത്തിലാണ്  എന്റെ ഭാര്യയ്ക്ക് മോശമായ ബന്ധമുണ്ടെന്നു പ്രവചിച്ചത് ?"

"സാഹചര്യങ്ങൾ അങ്ങനെയാണല്ലോ "

 "സാഹചര്യം ... ....എന്ത് സാഹചര്യമാണ് സർ ... നേരിട്ടറിയാത്ത സംഭവത്തെ  ഊഹിച്ചു പെരുപ്പിക്കുമ്പോൾ നഷ്ട്ടമാവുന്നത് കുറച്ചുപേരുടെ അഭിമാനമാണ് എന്ന്  കൂടി ഓർക്കണം. ചിലപ്പോൾ നിങ്ങളുടെ ഭാര്യ അങ്ങനെയുള്ളവൾ ആയിരുന്നിരിക്കും  .." അതുകേട്ടപ്പോൾ വൃദ്ധന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു .

ജഡ്ജ് നു ദേഷ്യം വരുന്നുണ്ടായിരുന്നു "സ്റ്റോപ്പ്‌ ഇറ്റ്‌ ..."

 " അല്ലെങ്കിലും എല്ലാവരും അങ്ങനെയ ,  ആണുങ്ങൾ ആവുമ്പോൾ സ്വന്തം  പെണ്ണിനെ കുറിച്ച് പറയുമ്പോൾ ...."ഒരല്പ നേരത്തെ മൌനത്തിനു ശേഷം അയാൾ  തുടർന്നു

"അവൾ എനിക്കെല്ലാമെല്ലാമായിരുന്നു  ..അവളില്ലാതെ ഞാനില്ലായിരുന്നു ...പഠിക്കുന്ന കാലത്ത് അവിചാരിതമായി  കണ്ടുമുട്ടിയ പെണ്ണിനോട് ആ സമയത്ത് തോന്നുന്ന പാസ്സിംഗ് ഫാന്റസി  ആയിരുന്നില്ല അത് . ഈ ജീവിതം മുഴുവൻ അവളുണ്ടാവണം കൂടെ എന്നൊരു  ഉറപ്പിക്കലായിരുന്നു ...

പഠിപ്പ്‌ കഴിഞ്ഞു ജോലി തേടി നടക്കുന്ന  നേരത്താണ് മുറ തെറ്റിക്കാതെ അവൾക്ക് കല്യാണ ആലോചനകൾ വന്നു തുടങ്ങിയത്  ..കുറെയൊക്കെ അവൾ എതിർത്തു നോക്കി പക്ഷെ പ്രായം കൂടും തോറും പെണ്ണിന്റെ  മൂല്യം കുറയും എന്ന് ഉള്ള സാധാരണക്കാരുടെ വിശ്വാസത്തെ എതിർക്കാനും അന്യമതമായിട്ടും എന്നെ മറക്കാനും കഴിയാതെ വന്നപ്പോൾ ജോലിയും കൂലിയുമില്ലാത്ത  എന്നെ വിശ്വസിച്ചു അവളെന്റെ കൂടെ വന്നു.

അവൾക്ക് വേണ്ടത്  എന്നെ മാത്രമായിരുന്നു ...ഞാൻ കൊടുത്ത സ്വപ്‌നങ്ങൾ മാത്രമായിരുന്നു അവളുടെ  ജീവിതം ... കൂട്ടുകാരൻ സംഘടിപ്പിച്ചു തന്ന ചെറിയ വാടക വീട്ടിലും ഒരു സുഖ  സൌകര്യവുമില്ലാതിരുന്നിട്ടും  അവൾ പരാതി പറഞ്ഞില്ല .അതായിരുന്നു ജീവിക്കാനുള്ള ആഗ്രഹത്തിന്റെ ആഴം  കൂട്ടിയത് ... പഠിപ്പിനുള്ള ജോലി കാശ് വെച്ചാൽ കിട്ടുള്ളൂ എന്ന്  മനസ്സിലാക്കിയപ്പോൾ അറിയുന്ന തൊഴിൽ ഡ്രൈവിംഗ് വെച്ച് ജീവിച്ചു തുടങ്ങി

 സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിനു വേണ്ടിയുള്ള ഓട്ടമായിരുന്നു പിന്നീട്  അങ്ങോട്ട്‌ ... അതിനിടയിൽ ആഗ്രഹം പോലെ രണ്ട് പെൺകുഞ്ഞുങ്ങൾ ...പക്ഷെ ആ  നശിച്ച രാത്രി എല്ലാം എല്ലാം............. എല്ലാം  ...............നശിപ്പിച്ചില്ലേ ?'


"പറയൂ മനു അന്നെന്താണ് നടന്നത് "? നിശബ്ദമായ കോടതി അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു


 "വൈകിയുള്ള ട്രിപ്പിന് പോവണ്ടെന്ന് അവൾ  പറഞ്ഞപ്പോൾ കേട്ടാൽ മതിയായിരുന്നു  ,ബിജു ഏട്ടൻ ആദ്യമായൊരു ആവശ്യം പറഞ്ഞപ്പോൾ , ചേച്ചി കൂട്ടിരിക്കാൻ ഉണ്ടാവും എന്നറിഞ്ഞപ്പോൾ    സമ്മതിച്ചതാകും പാവം ...എന്നെ യാത്രയാക്കി നോക്കി  നില്ക്കുന്ന ആ കണ്ണുകൾ ഇപ്പോഴുമുണ്ട് മനസ്സില് ...എന്റെ പെണ്ണ് ....." അയാൾ  കരയുന്നത് എല്ലാവരും അക്ഷമരായി നോക്കി നിന്നു.

"എന്നിട്ടെന്തുണ്ടായി ?"

 "ചിലരുണ്ട് ...ജീവനിൽ പേടിയില്ലാത്ത മരണത്തെ പേടിയില്ലാത്ത സാഹസികത മാത്രം  കൊണ്ട് നടക്കുന്നവർ ....എന്റെ മുന്നിൽ പോകുകയായിരുന്ന അതും നൂറിന്  മീതെ  സ്പീഡിൽ ......ഹെൽമെറ്റ്‌ ഇല്ലാതെ ,ലൈസെന്സ് ഇല്ലാതെ വണ്ടിയോടിച്ചത്  തെറ്റാവില്ല, വലതു വശത്തുകൂടെ വന്നതും അമിത വേഗവും തെറ്റാവില്ല , ഇവിടെ  ചെറിയ വണ്ടിയെ വലിയ വണ്ടി ഇടിച്ചെന്ന്  മാത്രം എല്ലാരും  അറിയും "

പെട്ടെന്ന് നിർത്താതെ ആ പയ്യൻ  തിരിഞ്ഞതും അവന്റെ കൈവിട്ട് ബൈക്ക് തെന്നി, എനിക്ക് ബ്രേക്ക്‌ പിടിക്കാൻ കഴിയുന്നതിനു മുന്നേ ........

ആദ്യം കരുതി കേടൊന്നും ഉണ്ടാവില്ലെന്ന് പക്ഷെ റോഡിൽ ഹെൽമെറ്റ്‌ ഇല്ലാത്തതുകൊണ്ട് തലയിടിച്ചതിനാൽ അനക്കമില്ലായിരുന്നു .

 വണ്ടിയുടെ മുൻഭാഗം പുറകിലിരിക്കുന്ന ആളുടെ മീതെ തട്ടിയതിനാാലും ആവണം  .കൈകളിൽ കോരിയെടുക്കും മുന്നേ.............. ആ കിതപ്പ് നിന്നത്  ഞാനറിഞ്ഞു .

അകലെനിന്നും ആരൊക്കെയോ വരുന്നത് ഞാൻ കണ്ടു .

അടുത്തെത്തുമ്പോഴേക്കും "ഞാൻ എന്ന കൊലപാതകി " ഉണ്ടായി കഴിഞ്ഞിരുന്നു .

ഭയം മാറുന്നതിനു മുൻപേ ആരൊക്കെയോ എന്നെ പിടിച്ചു കെട്ടി .

യുദ്ധം ജയിച്ചവരുടെ ആഹ്ലാദമായിരുന്നു .

തിരക്കിട്ട് ഫോണിൽ കുത്തിക്കുറിക്കുന്നവരെ കണ്ടപ്പോൾ മനസ്സിലായി ഈ കഥ സൈബർ ലോകം മുഴുവൻ അറിഞ്ഞെന്ന്.

 ഇനി ലൈക്കും കമന്റുമായി എന്റെ കുടുംബത്തെ  ലോകം ആഘോഷിക്കും അവരുടെ നിസ്സഹായതയെ  പരിഹസിച്ചും ....മറ്റുള്ളവർക്ക് വേണ്ടി കണ്ണീർ ഒഴുക്കിയും ...സങ്കടങ്ങൾ  ...വിരഹങ്ങൾ എഴുതിയുണ്ടാക്കിയും ....അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

 ഇനി വൈകാതെ ലോകം മുഴുവൻ അറിഞ്ഞു തുടങ്ങും ഞാനെന്ന കൊലപാതകിയെ ...പിന്നെ  അവിടെ നിന്നും പോലീസ് വരും മുന്നേ സകല ശക്തിയുമെടുത്ത് ഓടി .... മനസ്സില്  എന്റെ കുഞ്ഞുങ്ങളുടെ മുഖം .....കാത്തിരിക്കുന്ന അവൾ ...പിന്നെയും ഓടി ഏതോ  വണ്ടിയിൽ കയറി ...അറിയാതെ മയങ്ങിപ്പോയി ....

പിറ്റേന്ന് എല്ലാ  പത്രത്തിലും കണ്ടു  റോഡിലെ നരഹത്യ ,ഡ്രൈവർന്റെ തോന്നിയവാസം ..........എന്ത്  ചെയ്യണം എന്നറിയാതെ പകച്ചു നിന്നു , പിന്നെ ഒന്നും നോക്കിയില്ല  വീട്ടിലേക്കു വരുമ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു .എന്റെ വീട്ടു  മുറ്റത്ത് നിന്നും അവളെ വിളിക്കുന്നവരെ ഞാൻ കണ്ടു .വീട്ടിൽ ആണുങ്ങൾ  ഇല്ലാതിരുന്നാലോ ഇതുപോലെ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാലോ അവിടെയുള്ള  പെണ്ണുങ്ങളുടെ ജീവിതം നരകമായിരിക്കും എന്ന് ഒറ്റദിവസം കൊണ്ടെനിക്ക് മനസ്സിലായി  . അവളെ സുരക്ഷിതമായ ഏതുകൈകളിലാണ് ഏല്പിക്കേണ്ടതെന്നറിയില്ലായിരുന്നു എനിക്ക് .

 "മോനെ ....." വിറയാർന്ന ശബ്ദത്തിൽ ആ വൃദ്ധൻ വിളിച്ചു ...."വൈകിപ്പോയല്ലോ  ഞാൻ .....എല്ലാവരും ഉണ്ടായിട്ടും അനാഥരായല്ലോ എന്റെ മക്കൾ ...." മനുവിനെ  നോക്കി നില്ക്കുന്ന ആരും കേൾക്കാതെ പോയി ആ വിളി ...


"ഒരുനേരം ഞാൻ  ഇല്ലാതിരിക്കുംബോഴേക്കും ഇങ്ങനെയെങ്കിൽ ..നാളെ നിങ്ങളെല്ലാം കൂടിയെന്നെ വധ  ശിക്ഷയ്ക്ക് വിധിക്കുമ്പോൾ അവരുടെ സ്ഥിതി എന്തായേനെ ....? രണ്ടു ദിവസം  ...ഒരാഴ്ച ...ഒരു വർഷം അതിൽ കൂടുതൽ നിങ്ങൾക്കവരെ സംരക്ഷിക്കാൻ  കഴിയുമായിരുന്നോ ?"

അവിടെയുള്ളവർ അയാളെ ശ്രദ്ധിക്കുകയാണ് . അയാൾ   പറഞ്ഞത് ശരിയായിരുന്നു ..സാധിക്കില്ല ഒരിക്കലും. എല്ലാവർക്കും വലുത് അവരവർ  തന്നെ .സ്വന്തം മക്കളെ പോലും സംരക്ഷിക്കാൻ കഴിയാതെ പോകുന്നവർ എങ്ങനെ  .

"കഴിയില്ല .... മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കും, കൊന്നവരുടെ കുടുംബത്തെ മാറ്റി നിർത്തും... അവളെന്തു തെറ്റ് ചെയ്തു ?

ഞാൻ എന്ത് തെറ്റ് ചെയ്തു ?

 അവളുടെ വീട്ടുകാരോ എന്റെ വീട്ടുകാരോ അവരെ സംരക്ഷിക്കാൻ വരില്ല  ഒരിക്കലും.... അവർക്ക് "അഭിമാനം " ആണ് വലുത് ...മകളെയല്ല ...മകനെയല്ല  ....

"മോനെ ..മാപ്പ് ..." ആ നരച്ച കണ്ണുകൾ അറിയാതെ നിറയുന്നുണ്ടായിരുന്നു

ഒരു പക്ഷെ വന്നാലും അവരെ എതിർത്തതിനു കിട്ടിയ പ്രതിഫലത്തിന്റെ ..ദൈവം നല്കിയ ശിക്ഷയുടെ പേര് പറഞ്ഞു എല്ലാ കാലവും കരയിക്കില്ലേ ?

അവൾ തനിച്ചു ജീവിക്കാൻ തുടങ്ങിയാൽ എന്തിനും പോന്നവളും ..

ആരോടെങ്കിലും മിണ്ടിയാൽ അനാശാസ്യവും ആവില്ലേ ?

അവളെ ആരെങ്കിലും സംരക്ഷിക്കാൻ വന്നാൽ അത് അച്ഛനോ ആങ്ങളയോ നോക്കാതെ എന്തും പറയുന്ന അവസ്ഥ വരില്ലേ ?

എന്റെ മക്കൾ എന്നും "കൊലപാതകിയുടെ " മകൾ എന്നല്ലേ അറിയപ്പെടൂ ?

സഹൂഹത്തിൽ അവർക്ക് നല്ലൊരു ജീവിതമോ  അംഗീകാരമോ ലഭിക്കുമോ ചീത്തപേരല്ലാതെ?

 നിങ്ങൾ നൽകുമോ അവർ പഠിക്കുന്ന സ്കൂളിൽ എങ്കിലും കൊലപാതകിയുടെ മക്കൾ  എന്നല്ലാത്ത ഒരു സ്ഥാനം ... അവരൊന്ന് വഴക്കിട്ടാലും ...അറിയാതെ  കൂട്ടുകാരിയെ നോവിച്ചാലും  "അച്ഛന്റെ പാരമ്പര്യം " എന്ന് പറയില്ലേ ?

മികച്ച സ്കൂളുകളിൽ അവർക്ക് അഡ്മിഷൻ കൊടുക്കുമോ ? നിങ്ങളുടെ മക്കളുമായി കൂട്ടുകൂടാൻ വിടുമോ ?

 ദുരന്തമൊന്നു കെട്ടടങ്ങും വരെയും എന്റെ വീട്ടിൽ പോലീസുകാരും പൊതു  പ്രവർത്തകരും നാട്ടുകാരും പത്രക്കാരും രാവും പകലും ഇല്ലാതെ  കയറിയിറങ്ങില്ലേ ?

വീണ്ടും വീണ്ടും അവളെ ചോദ്യം ചെയ്തും നിസ്സഹായായി നില്ക്കുന്ന അവളുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ കൊണ്ട് നിങ്ങൾ ആഘോഷിക്കില്ലേ ?

വന്നവരും പോയവരും ശാപം കൊണ്ട് അവളുടെ മനസ്സ് തളർത്തില്ലേ ?

 ജീവിച്ചു തുടങ്ങാനായി വാങ്ങിയ കടങ്ങൾ ഞാനില്ലാതെയാവുമ്പോൾ അവളുടെ തലയിൽ  വീഴില്ലേ ... സ്വന്തമായി ഉണ്ടായിരുന്ന വാഹനം വിറ്റ് പോലും വിശപ്പ്‌ മാറ്റാൻ  കൊടുക്കില്ല എന്നോണം എന്റെ വണ്ടിയും നിങ്ങൾ പിടിച്ചു വെച്ച് തുരുംബെടുത്തു  നശിപ്പിക്കില്ലേ ? നിങ്ങൾക്കറിയില്ല അതിൽ സാധാരണക്കാരന്റെ വിയർപ്പ്  എത്രയുണ്ടെന്ന് ...നിങ്ങൾക്കറിയില്ല അതിലെന്തുമാത്രം   പ്രതീക്ഷയുണ്ടെന്ന്.

നീറി നീറി ഇല്ലാതാവുന്നതിലും ഭേദം ഒരുമിച്ചു പോകുന്നതല്ലേ എന്ന് അവളാണ് പറഞ്ഞത് എതിർക്കാൻ എനിക്കൊന്നുമുണ്ടായില്ല ...ഞാനില്ലാതെ ജീവിക്കാൻ അവൾക്കാവില്ലെന്ന് മാത്രമറിയാം .


"ഞാൻ കൊന്നു അവരെ,  നിങ്ങളെല്ലാം കൂടെ അവരെ കൊല്ലാതിരിക്കാൻ...."


 അതിനു ശേഷം അവൻ ഒന്നും മിണ്ടിയില്ല , ആരും ഒന്നും ചോദിച്ചതുമില്ല ..ഒരു  ക്യാമറയും ഓൺ ആയില്ല .ഒരാളും ചോദ്യവുമായി എത്തിയില്ല .തന്റെ ഇടുപ്പിൽ  നിന്നും കത്തി കോടതിയിലേക്ക് നീട്ടി എറിഞ്ഞു ആ വൃദ്ധൻ നടന്നു . കൊലപാതകിയുടെ ഭാര്യയുമായി തന്റെ ഭർത്താവിന് അനാശാസ്യമുണ്ടായിരുന്നെന്ന് പലരും പറഞ്ഞതുകേട്ട്  വിധി  കാത്തിരുന്ന അമ്മയും മകളും പതിയെ കണ്ണ് തുടച്ചു .


ഒരു  അന്വഷനത്തിനും മറുപടി ഇല്ലാതെ ...ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാതെ  ...ഒരു ലൈക്കിനായും ഇരയെ ഇട്ടു കൊടുക്കാതെ അവിടെ കൂടിയവർ നിശബ്ദദ പാലിച്ചു  . മരിക്കും വരെ തൂക്കി കൊല്ലാനുള്ള വിധി എഴുതുമ്പോൾ ജഡ്ജ് കണ്ണ് തുടച്ചു  . പ്രതിയെ തൂക്കിക്കൊന്നതായി എഴുതി പോലീസ് റെക്കോർഡുകളുടെ കൂട്ടത്തിലേക്ക്   ചുവപ്പ് നാടയിൽ അവസാനിപ്പിച്ച ഒരു ഫയൽ കൂടെ ചേർത്ത് വെച്ചു, ആറുജീവിതങ്ങളുടെ അവസാനം പോലെ .

ഇനി  അതിരുകളില്ലാ ലോകത്തേക്ക് മനുവും പോവട്ടെ അവന്റെ  സ്വപ്നങ്ങളുമായി ...അവന്റെ നെഞ്ചിലെ ചൂടിനായി കാത്തു നിൽക്കുന്നവർ  അവിടെയല്ലേ ......മരണത്തിനുമപ്പുറം .!



വിദ്യ പാലക്കാട്

കഥ തിരുത്തി എഴുതാൻ സഹായിച്ച നൗഷു ഏട്ടന് നന്ദി , എന്തെന്നറിയില്ല അവസാനം എഴുതുമ്പോൾ ഇതിൽ കൂടുതൽ കഴിയുന്നില്ല .....









പതിവുപോലെ അന്നും ചോറ് പാതിയിൽ മതിയാക്കി ബാക്കിയുടെ കൂടെ കുറച്ച് കൂടിയിട്ട് നന്നായി മീങ്കറി ഒഴിച്ച് കുഴക്കുമ്പോൾ ചെറിയച്ചൻ പറഞ്ഞു 

"ഇത്തരി നന്നായി കറി ഒഴിക്ക് ... ആദ്യം അപ്പൂന് കൊടുത്തിട്ട് ചിക്കൂന് കൊടുത്താ മതി "

"വേണ്ട ചിക്കൂന് ആദ്യം കൊടുക്ക് അത് മേലെ ചാടും " അച്ചമ്മയാണ് 

ചന്ദനമഴയിലെ ആദ്യ  പരസ്യം എത്തുന്നത് വരെ ചോറും കറിയും മിക്സ്‌ ചെയ്തിട്ട് പതിവുപോലെ വേഗം പുറത്തിറങ്ങി , അടുത്ത സീൻ എത്തുന്നതിനു മുൻപ് രണ്ടാൾക്കും ചോറ് കൊടുത്ത് എനിക്ക് കയ്യും കഴുകി ടി വിയുടെ മുന്നിലെത്തെണ്ടതാണ്

സാധാരണ വീടിന് പുറത്തിറങ്ങിയതും ചിക്കൂ പിറകിൽ ഓടി വരുന്നതാണ് ,,ചിലപ്പോഴൊക്കെ മേലെ കയറി സ്നേഹം പ്രകടിപ്പിക്കാറുണ്ട് ,,,നമുക്കത് വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് അവനെ ആട്ടി വിടുകയാണ് പതിവ് ,ആളെ കാണാതായപ്പോൾ ആരെങ്കിലും കെട്ടിയിട്ടിരിക്കും എന്നറിയാവുന്നതു കൊണ്ട് വിറകു പുരയുടെ സൈഡിൽ പോയി 

അവിടെ ചിക്കുവും അപ്പുവും ഉണ്ട് , ചിക്കൂന് ചിറ്റും അപ്പു ഓടി കളിക്കുന്നു ,അടുത്തുള്ള വടിയെടുത്ത് അപ്പൂനോട്‌ കൂട്ടിൽ കയറാൻ പറഞ്ഞപ്പോൾ അവൻ കേട്ടില്ല .കൂട് വരെ പോയി തിരികെ വന്നു 

എനിക്ക് സമയമായപ്പോൾ രണ്ടു പാത്രത്തിലും ചോറ് പകുത്തു വെച്ച് ഞാൻ പോയി ,ചിക്കൂ കൊടുക്കാത്ത മുന്നേ തീറ്റ ആരംഭിച്ചിരുന്നു 

അകത്തേക്ക് കയറുമ്പോൾ ചെറിയമ്മയോട്  വെറുതെ പറഞ്ഞു " അപ്പൂന്റെ കൂട് തുറന്നിരിക്കുന്നു ..അവൻ വെളിയിലാണ് "

"ചാച്ചനോട് പറ " ചെറിയമ്മ അഭിയെ കിടത്താനുള്ള തിരക്കിലാണ് . ഈ സംഭവം സാധാരണ ആയതിനാൽ ഞാനും വിട്ടു കളഞ്ഞു , വീട്ടുകാർക്ക് ഈ നായ സ്നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എനിക്ക് ഓർമവെച്ചപ്പോൾ മുതൽ ഇവിടിങ്ങനെയാണ് 

നമുക്കുണ്ടോ ഇല്ലയോ എന്നൊന്നുമില്ല നമ്മളോട് ഒപ്പം അവർക്കും ഭക്ഷണം കൊടുക്കും ...വീട്ടിൽ ആള് വരുമ്പോൾ കുരയ്ക്കുന്നതിനും മേലെ ചാടുന്നതിനും അവരെ എത്ര കുറ്റം പറയും എങ്കിലും അവർക്ക് വീട്ടിലുള്ള സ്ഥാനം വലുതാണ്‌ 

അവരുള്ളത്   കൊണ്ടാണ് വീടും പൂട്ടി എല്ലാവരും കൂടി എങ്ങോട്ടും പോകാത്തത് , അവർക്ക് ചോറ് കൊടുക്കണം ചിലപ്പോൾ വേറെ വല്ല നായ്ക്കളും വന്നു അവരെ കടിച്ചാലോ ,,,പിന്നെ കോഴിയും ,,പശും ഒക്കെ ഉള്ളതും ഒരു കാരണം തന്നെ . 

എന്റെ അച്ഛച്ചാന് ഞങ്ങളെ വെച്ചും കൂടുതൽ അവരോടു ഇഷ്ട്ടമുണ്ടോ എന്ന് തോന്നാറുണ്ട് പലപ്പോഴും കാരണം രാവിലെ എട്ടു മണിക്ക് മുൻപ് അവർക്ക് രണ്ടാൾക്കും ഭക്ഷണം കൊടുക്കണം അതും ബ്രെഡ്‌ ,പാൽ, അല്ലെങ്കിൽ മുട്ട ഒഴിച്ച ചോറ് അങ്ങനെ എന്തെങ്കിലും രണ്ടു ദിവസം പച്ചക്കറി ആയിരുന്നാൽ അടുത്ത ദിവസം നോൺ വെക്കാൻ പറയുന്നതുമിവരെ കണ്ടു കൊണ്ട് തന്നെ 

ഇവിടെ മാത്രമല്ല ഈ സൈഡ് ഉള്ള മിക്ക വീടുകളിലും സ്ഥിരം അംഗം ആയി ഒരു നായെങ്കിലും ഉണ്ടാവും ... പക്ഷെ ഒരു കാര്യമുണ്ട് ഇതുവരെ ഒരുപാട് നായകൾ ജനിച്ചു ,ജീവിച്ചു മരിച്ച നാടാണിത് ,ഇന്നേവരെ ഒരു കുഞ്ഞിനു പോലും അപകടം ഉണ്ടായിട്ടില്ല ,അടുത്ത വീട്ടുകാരെ കണ്ടാൽ ഇവിടുത്തെ നായകൾ കുറക്കുകയും ഇല്ല 

കുറച്ച് നാൾ മുൻപ് വരെ നായ വളർത്തലും സഹജീവി സ്നേഹവും ഒക്കെ പറഞ്ഞു വിവാദങ്ങൾ ഏറെ ഉണ്ടായപ്പോഴും, ഒരുപാട് പേരെ തെരുവിൽ നിന്നും പിടിച്ചു കൊന്നപ്പോഴും ,പാവം കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയസ്സായവർ വരെ നായകടി കൊണ്ട് കഷ്ട്ടപ്പെട്ടപ്പോഴും ,അടുത്തുള്ള ആശുപത്രികളിൽ ഇൻജക്ഷൻ ഇല്ലാതെ സർക്കാർ അവരെ സമാധാനിപ്പിച്ചപ്പോഴും  ഇവിടെ ഈ നായകൾ സന്തോഷത്തോടെ ജീവിച്ചു വന്നു 

എല്ലാവരും വലിയ വലിയ ഭംഗിയുള്ള നായകളെ വളർത്തുമ്പോൾ ഞങ്ങൾ ഇവിടെ സാധാരണ നായകളെ ആണ് എന്നൊരു വ്യത്യസ്തത ഒഴിച്ചാൽ മറ്റൊന്നുമില്ല , 

അന്ന് രാത്രി അപ്പു പുറത്തുള്ളത് അറിയാതെ എല്ലാവരും കിടക്കാൻ പോയി , സാധാരണയിൽ കവിഞ്ഞു എനിക്ക് നേരത്തെ ഉറക്കം വന്ന ദിവസം , കണ്ണടച്ചതെ ഓർമയുള്ളൂ, അഭിയുടെ വിളി കേട്ടാണ് എണീറ്റത് ...

അവനു ഇടയ്ക്കൊക്കെ ഉറക്കത്തിൽ എന്റെ അടുത്തു വന്നു കിടക്കുക പതിവായതുകൊണ്ട് അതിനാവും കരുതി അവനെ കട്ടിലിൽ കയറ്റിക്കിടത്തി പാതിമയക്കത്തിൽ ,പക്ഷെ പിന്നെയും "സൊത്തൂ..എനീച്ചേ ..." എന്നുള്ള അവന്റെ കൊച്ചു വിളിയും പിന്നെ തല്ലും ഒക്കെ കിട്ടിയപ്പോൾ ഞാൻ എഴുന്നേറ്റു 

"അപ്പു ...ചത്തു പോയി "

ആദ്യം വാൻ പറയുന്നത് എനിക്ക് കാര്യമായി തോന്നിയില്ല ,പിന്നെ എല്ലായിടത്തും ലൈറ്റ് ഇട്ടിട്ടുള്ളത് കണ്ടപ്പോൾ എന്തോ പേടി തോന്നി ഞാൻ പുറത്തിറങ്ങുമ്പോൾ മുറ്റത്തെ തെങ്ങിന ചോട്ടിൽ അവൻ കിടന്നു പിടയുകയാണ് ..അതുകണ്ടപ്പോൾ മനസ്സൊന്നു പിടച്ചു 
എന്നെകണ്ടതും ചെറിയച്ചൻ പറഞ്ഞു

 "കൂട് തുറന്നിരിക്കുന്നത് നീ എന്താ പറഞ്ഞില്ല ?"

"അവള് പറഞ്ഞു ...നിങ്ങള് കുളിക്കാൻ പോയപ്പോൾ .." ചെറിയമ്മ വക്കാലത്തിനെത്തി 

പിന്നെയവിടെ നീണ്ട ചർച്ചകളും പ്രതിവിധി അന്വാഷണവും മുൻപുണ്ടായ സമാന സംഭവങ്ങളും നായ വാഴാത്ത വീടിന്റെ അവസ്ഥയും അങ്ങനെ അങ്ങനെ അത് തുടർന്നുകൊണ്ടിരുന്നു..അടുത്ത വീട്ടുകാർ ഓരോരുത്തരായി എത്തി ... ആദ്യം മുന്നിൽ നിന്ന് വിശദീകരിക്കുന്നത് അഭിയാണ്

ഇപ്പോൾ അവന്റെ പിടച്ചിൽ കുറഞ്ഞു കുറഞ്ഞു വന്നു ,,,എനിക്ക് വയറു നീറുന്ന പോലെയും തൊണ്ട വറ്റി പോകുന്നത് പോലെയും പിന്നെ ശരീരമാകെ വിറയ്ക്കുന്നതായും തോന്നി ...

അവടെ വായിൽ നിന്ന് മുറ്റത്തേക്ക്‌ വീണ വെള്ള കലർന്ന വെള്ളത്തിൽ നിന്നും മാംസ കഷണത്തിൽ നിന്നും എല്ലാവരും ഊഹിച്ചു ആരോ പന്നിക്ക് "വിഷം വെച്ചത് അവനറിയാതെ കഴിച്ചതാണ് എന്ന് " . 

ചുറ്റുമെല്ലാം തിരഞ്ഞപ്പോൾ കൂടിന്റെ മുകൾ വശത്തിന്റെ ഓരത്തെ ഓടാല്പംനീങ്ങിയിട്ടുണ്ട് ,,അതിലൂടെ ആയിരിക്കണം അവൻ പുറത്തു കടന്നത്‌ ... ഇത്രനാളും ഞങ്ങളുടെ നിഴലായി നടന്നവൻ പെട്ടെന്ന് എന്ത് സംഭവിച്ചു അവനിങ്ങനെ ....

പലരും പറഞ്ഞു വിധിയെന്ന് ..ഓരോരുത്തരായി തെങ്ങിൻ തടത്തിൽ തന്നെ ചെറിയ കുഴിവെട്ടി അവനെ അടക്കുന്നത് കണ്ടു മടങ്ങി .... അകത്തേക്ക് കയറണമോ വേണ്ടെയോ എന്ന് ഞാനല്പം ആലോചിച്ചു നിന്നു, കണ്ണ് അടച്ചാലും തുറന്നാലും ആ പിടച്ചിലും കിതപ്പും മാത്രമേയുള്ളൂ ...

പിറ്റേന്ന് അഭി എണീച്ചു വന്നതും ചോദിച്ചു " സൊത്തൂ നീ പേടിച്ചോ "

അവന്റെ മുന്നിൽ ദൈര്യം അഭിനയിച്ചു "ഇല്ലാലൊ " എന്ന് പറയുമ്പോഴും രാത്രി ഉറക്കമില്ലാതെ ലൈറ്റ് ഓൺ ചെയ്തത് ഇവനോട് ആര് പറഞ്ഞു എന്ന ചിന്തയായിരുന്നു ഒപ്പം തെങ്ങിൻ ചുവട്ടിൽ നിന്നൊരു കിതപ്പും ...

അവനുണ്ട് എന്ന് കരുതി അന്ന് രാത്രിയും ചോറ് കുഴച്ചു വരുമ്പോൾ ,പെട്ടെന്നൊരു ദിവസം അവനില്ലാതായത് വിശ്വസിക്കാൻ കഴിഞ്ഞില്ല അപ്പോഴും ...... 

എന്റെ ചുറ്റിലും ഓടി കളിക്കുന്ന .... 

എന്തെങ്കിലും സങ്കടം വരുമ്പോൾ അവനോടു ചെന്ന് പറയുമ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും തലയാട്ടുന്ന ...

വെജ് രണ്ടു ദിവസത്തിൽ കൂടുതൽ കഴിച്ചാൽ മടുപ്പാകുന്ന ....

എന്തെങ്കിലും കഴിക്കുമ്പോൾ ഞങ്ങളെ തന്നെ നോക്കി നില്ക്കുന്ന ...

കൊടുക്കാതെ കുറച്ച് നേരമിരുന്നാൽ പിന്നെ എത്രെ ഇട്ടു കൊടുത്താലും തിരിഞ്ഞു നോക്കാത്ത ...

വേറെ വേറെ വർഗമായിട്ടും ചിക്കൂനോട് പിണങ്ങാത്ത...

ഞങ്ങളെ ആരേലും തമാശയ്ക്ക് പോലും തല്ലുമ്പോൾ അവരെ നോക്കി കുരയ്ക്കുന്ന... 

വീട്ടിന്നു ഒരു സാധനവും എടുക്കാൻ സമ്മതിക്കാത്ത ...

കുളിപ്പിക്കുമ്പോൾ കുഞ്ഞു പാവയുടെ അത്രേം ചെറുതാവുന്ന ... 

എന്നിട്ട് വെള്ളമെല്ലാം തോർത്തി കൊടുത്തിട്ടും നമ്മുടെ മീതെ തെറിപ്പിക്കുന്ന ...

അച്ഛമ്മയുടെ കുങ്കുമം കൊണ്ട് ചുവന്ന പൊട്ടു കുത്തി കൊടുക്കുന്ന ഞങ്ങളുടെ അപ്പു ഞങ്ങളുടെ കൂടെയില്ല ...

ഇല്ല ഇനിയവൻ വരില്ല ...

ഇനി അവനായോരുപിടിയുരുള കരുതണ്ട ...!




കൃത്യ സമയത്തിന് ഒന്ന് രണ്ടോ ബസ്‌ മാത്രമുള്ള ഗ്രാമങ്ങളിലെ ബസ്‌ യാത്ര വല്ലാത്തൊരനുഭവമാണ്.
ഇത് പറയുമ്പോൾ ചിലർ പറയും "നേരെ ബസ്‌ സർവീസ് പോലുമില്ലാത്ത പട്ടിക്കാടിൽ നിന്നും വരുന്നവരുടെ രോദനം എന്ന് ".
പക്ഷെ അങ്ങനെയല്ലാ ട്ടോ , സത്യായിട്ടും നല്ല സുഖാണ് .
കുറച്ച് പച്ചപ്പട്ട് വിരിച്ചപാടങ്ങളുടെ ഇടയിലൂടെ ക്ഷമിക്കണം കുറച്ച് ഏറെ ഉണ്ട് ട്ടോ.
എതിരെയൊരു വണ്ടി വന്നാൽ ഇപ്പോൾ വയലിലെക്കോ അല്ലെങ്കിൽ ഏതെങ്കിലും വീടിന്റെ മുറ്റത്തെക്കോ ഇറങ്ങുമെന്ന തരത്തിൽ വഴിമാറി കൊടുക്കണം .
പിന്നെയൊരായിരം വളവുകളുടെ ഇടയിലൂടെ ബസ്‌ പോകുമ്പോൾ തോന്നും ഈ വഴി ഗൂഗിൾ മാപ്പിൽ നോക്കുമ്പോൾ ന്യൂഡില്സ് നീട്ടി വെച്ചതുപോലെ ഉണ്ടാവുമെന്ന്
എന്നും രാവിലെയും വൈകീട്ടും കയറുമ്പോൾ പുഞ്ചിരിയോടെ സ്വീകരിക്കുന്ന കണ്ടക്റെർ. ഇടയ്ക്ക് സ്ഥിരമായി പോകുന്നവർക്ക് ഡ്രൈവറുടെ വക പുഞ്ചിരി കൂടെ ഉണ്ടാവും
പക്ഷെ തിരക്കുള്ള സമയത്ത് പ്രതേകിച്ചു സ്കൂൾ കുട്ടികളെ കാണുമ്പോൾ വിളറി പിടിച്ച പോലുള്ള ക്ലീനെറും കണ്ടക്ടറും ഈ അവധിക്കാലത്ത് സ്പെഷ്യൽ ക്ലാസ്സിനു വരുന്ന പിള്ളാരോട് സ്വന്തം വീട്ടിലെ കുട്ടികളെ പോലെ വർത്തമാനം പറയും
അവർക്ക് കഴിക്കാൻ വാങ്ങിച്ചു വെക്കുന്ന പോപ്പിന്സോ , ചായയുടെ ബാക്കി ചില്ലറയ്ക്ക് പകരം കൊടുക്കുന്ന മിട്ടായികളോ സന്തോഷത്തോടെ നൽകും
അപ്പോൾ നിങ്ങൾ പറയുമായിരിക്കും ഇങ്ങനെ കുട്ടികളെ പറ്റിച്ച് കൊണ്ടുപോയി പീഡനത്തിനും , മയക്കി ആഭരണങ്ങൾ കൈക്കലാക്കാനും ആണെന്ന് , അതൊക്കെ വെറുതെയാണ് 95% പേരുടെ കാര്യത്തിലും ഇതുവെറും പേടി മാത്രമാണ് .
പതിവിലും നേരം വൈകി വഴിയിൽ കണ്ടാലോ , സ്കൂളിൽ പോകാതെ സ്റ്റാൻഡിൽ കണ്ടാലോ ആദ്യം ചോദ്യം ചെയ്യുന്നതും , ഇടയ്ക്ക് ബസ്‌ ചാർജ് ഇല്ലെങ്കിലും , അവധി ദിനങ്ങളിൽ സി. ട്ടി കൊടുക്കുമ്പോൾ വാങ്ങുന്നതും , രണ്ടു മൂന്നു ദിവസം കാണാതായാൽ പതിവ് യാത്രക്കാരെ എല്ലാവരോടും അന്വഷിക്കുന്നതും ഇവരാണ്
രാവിലെ ബസ്സിൽ കയറിയതും ക്ലീനെർ വേഗം സ്ഥലം കാണിച്ചു തരും , എത്ര പുതിയ ആൾക്കാർ വന്നാലും നമുക്ക് സീറ്റ് കിട്ടാതെ വരുന്നത് വല്ലപ്പോഴുമാണ്
പക്ഷെ അതെ സമയം വയസ്സായതോ , കൈകുഞ്ഞുമായോ ,ഗർഭിണിയായതോ ആയി ആരെങ്കിലും കയറിവന്നാൽ ആദ്യം നോക്കുക നമ്മുടെ മുഖത്തേക്കാണ് "പാവമല്ലേ ഒന്ന് എണീച്ചു കൊടുക്ക് എന്ന ഭാവം "
ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്നവരുടെയും വിശേഷങ്ങൾ അവർക്കറിയാം . വീട്ടിലെ കാര്യങ്ങൾ എന്തായി , ? ഇന്നലെയെന്ത കണ്ടില്ല ...? മക്കൾക്ക്‌ ആലോചന വരുന്നുണ്ടോ ? പണി എങ്ങനുണ്ട് ...? തുടങ്ങി എല്ലാം സംസാരിക്കും
രാവിലെയും വൈകീട്ടും പണിമാറി വരുന്നവരുടെ കൂടെ യാത്ര ചെയ്യാനാണ് എനിക്കേറെ ഇഷ്ട്ടം , ഒരു സീറ്റിൽ മൂന്നുപേര് വരെ അഡ്ജസ്റ്റ് ചെയ്തിരുന്നാലും ഒരു പ്രശ്നവുമില്ല
നാട്ടുകാര്യങ്ങളും ,ലോകകാര്യങ്ങളും ചിലപ്പോൾ വീടും എല്ലാം ചര്ച്ചയാവാറുണ്ട്... അധികമൊന്നും ഇടപെടില്ലെങ്കിലും കേട്ടിരിക്കാൻ നല്ല സുഖമാണ് നിഷ്കളങ്കമായ ആ സംവാദങ്ങൾ
"എന്താണ്ടി മകനെ ..... എന്റെ പൊന്നോ....മകളെ ...ചെക്കാ .. ..പെട്ടമ്മ...തങ്കോ..." എന്നിങ്ങനെ ഞങ്ങണ്ടെ പലക്കടാൻ ഭാഷയിൽ നീട്ടിയുള്ള സംസാരം കേൾക്കുമ്പോൾ തോന്നിപ്പോകും മനസ്സിൽ ഇതാണ് "സാർവ്വലോകസാഹോദര്യം " എന്ന്
കള്ളും കുടിച്ചു ഇത്തിരി അബോധത്തിൽ എന്നോണം ബസ്സിൽ കയറി ഇറങ്ങുന്നതുവരെ നമ്മളെ ചിരിപ്പിക്കുന്ന വർത്തമാനം പറയുന്ന പാവം ആൾക്കാർ .... ഇതുവരെയവരാരും മോശമായി പെരുമാറിയിട്ടില്ല . അല്ലെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും ഉണ്ടാവുമ്പോൾ പാടെ നിഷേധിക്കുന്ന ചിലരിൽ ഇതുപോലെ നിഷ്കളങ്കരായ ഒരുപാടുപേരും അറിയാതെ പെടുന്നുണ്ട്
പിന്നെ ബസ്സിലെ വല്യ ആകർഷണീയത സിനിമാഗാനങ്ങളാണ് . മിക്ക ദിവസവും ആവർത്തന വിരസതയുണ്ടാക്കാതെ പാട്ട് വെക്കുന്നതിന് പ്രതേക അഭിനന്ദനം പറയണം . എന്ത് രസാണ് അന്തിമയങ്ങിയ റോഡിലൂടെ പാട്ടും കുളിക്കാറ്റും ആയങ്ങനെ പോകാൻ . ഇതൊക്കെ ഇവരെങ്ങനെ എന്നും സംഘടിപ്പിക്കുന്നു
പോകുന്നവഴിയിൽ തേപ്പുകാരിയമ്മയുടെ വീടിനു മുന്നിൽ നിന്നും കവർ വാങ്ങാൻ നിർത്തും , രാമേട്ടന്റെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങാൻ നിർത്തും , പിന്നെ പൂവാങ്ങാൻ നിർത്തും ...എത്ര എത്ര സ്റൊപ്പുകൾ
ബസ്‌ സ്റ്റോപ്പ്‌ എന്നതൊക്കെ വെറും പേരിനു മാത്രമാണ് പലയിടത്തും , എവിടുന്ന് കൈ കാണിച്ചോ അവിടെ നിർത്തും, അതുപോലെ സ്റൊപ്പിലെ ഇറക്കൂ എന്നൊന്നുമില്ല . നമ്മുടെ സ്വന്തം പോലെ തന്നെ
നെറ്റിയിൽ നീട്ടി വരച്ച കുറികളും , കയ്യിൽ പലനിറത്തിൽ ചരടുകളും ഉണ്ടെങ്കിലും മുഴിഞ്ഞു തുടങ്ങിയ വസ്ത്രവുമായി വിറയ്ക്കുന്ന കൈകൾ നീട്ടുന്ന പൈസ വാങ്ങാറില്ല
"വൈകിയാലും വരാതിരിക്കില്ല " "വിശ്വാസം അതല്ലേ എല്ലാം " "വേഗത്തിലോടാൻ ഞാനില്ല കാത്തിരിക്കാൻ ആളുണ്ട് " "ചിരിക്കല്ലേ മുത്തെ സ്റൊപ്പിലെ നിർത്തൂ " തുടങ്ങിയ മഹത് വചനങ്ങൾക്കും ഒട്ടും കുറവില്ല
ഇപ്പോൾ എല്ലാം മാറുകയാണ് എന്നോർക്കുമ്പോൾ സങ്കടമുണ്ട് , കുറച്ചുകൂടെ കഴിഞ്ഞാൽ ഈ തല്ലിപ്പൊളി ബസ്സുകൾ ഇല്ലാതെയാവും ......!




രാവിലെ എണീച്ചതും ചായയും കാപ്പിയും ഒന്നും പതിവില്ലാത്തതാണ് ,,, പക്ഷെ ഇപ്പോൾ ചെറിയമ്മ ഒരു ഗ്ലാസ്‌ കാപ്പി തരും രാവിലെ എന്നും അതുകൊണ്ട് പുതിയ ശീലം തുടങ്ങിട്ട് കുറെ നാളായി .....
പിന്നെ എന്താണ് കാപ്പി ചോദിച്ചാൽ എനിക്ക് പാലോഴിച്ചതൊന്നും ഇഷ്ട്ടമല്ല ,,, അപ്പോൾ ചോദിക്കുമായിരിക്കും അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളാർക്ക് ഹോർലിക്സ് ഒക്കെ അല്ലെ പിടിക്കൂ എന്ന് ,,,ചുമ്മാ പറയുന്നതാണ് എനിക്ക് അതും ഇഷ്ട്ടമല്ല ...
പിന്നെ ഈ കാപ്പി രാവിലെ എണീച്ചതും അല്ല ട്ടോ ഒരു ആറു ആറര ആവുമ്പോഴേക്കും ,,,,പിന്നെ എന്റെ അന്നത്തെ ദിവസം തുടങ്ങുകയാണ് ... ആദ്യം എന്റെ എല്ലാ ദിനത്തിലും കൂട്ടായി വരുന്നത് "ചൂലാണ് " എല്ലായിടത്തും അടിച്ചു വാരുംബോഴേക്കും ഒരുനേരം ആയിക്കാണും ,,,
സത്യം പറയട്ടെ ഈ അടിച്ചുവാരൽ പണ്ട് എനിക്ക് ഇഷ്ട്ടമെ അല്ലായിരുന്നു പ്രേതെകിച്ചു കാറ്റ് കാലത്ത് ,,നമ്മൾ ഇവിടെ അടിക്കുംബോഴേക്കും ഒരു കാറ്റ് വരും ,,,എല്ലാം കൂടി പിന്നെയും വരും ,,പിന്നെയും അടിക്കും പിന്നെയും വരും ,,,ഞാനും കാറ്റും ചൂലും തമ്മിൽ .....
പക്ഷെ മറ്റൊരു കാര്യം ഉണ്ട് ഞങ്ങടെ നാട്ടിലെ ഒട്ടുമിക്ക വീട്ടിലും ഉള്ള പരിപാടി ആണ് ഇത് ,,, വീട് മാത്രം അല്ല പടിയും കൂടി അടിക്കാറുണ്ട് ,,, മണ്ണ് നിറഞ്ഞ വഴി ആാനെങ്കിലും ഞങ്ങൾ ചെരുപ്പിടാതെ ആണ് നടക്കുക ,,പക്ഷെ ഇത് വരെ അലർജി വന്നില്ല ,,, പക്ഷെ ഈ ഇടയ്ക്ക്
ഞാൻ കലൂർ പോയിരുന്നു ,,,, ഞങ്ങൾ താമസിച്ച ഹൊസ്റ്റെലിനും ഹെഡ് ഓഫീസിനും മുന്നില് ഒന്നും നടക്കാൻ പറ്റില്ല അത്രേ കുപ്പയാണ് ....എന്താലെ ....അതിലെ ചെരുപ്പിടാതെ നടക്കുന്ന കാര്യം ഓർക്കാനേ വയ്യ ,,,,
അപ്പോൾ എവിടെയാണ് പറഞ്ഞു നിരത്തിയത് ? ആഹ .... ചൂലിന്റെ കാര്യം ഈ ഇടയ്ക്ക് ഒരു ലേഖനത്തിൽ വായിച്ചിരുന്നു ഏതോ രാജ്യത്തെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ചൂലും കയ്യിൽ വെക്കും എന്ന് ,,,, ഇവിടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നമ്മൾ മിട്ടായി തിന്ന കടലാസ് പോലും വലിച്ചെറിയും ....
എന്റെ കുട്ടിക്കാലത്ത് കേരള സർക്കാറിന്റെ ശുചിത്വ മിഷൻ ന്റെ ഒരു പാട്ട് ഉണ്ടായിരുന്നു
"അക്ഷരം എഴുതാൻ ആദ്യം പഠിപ്പിച്ച
അക്ഷയ ഗുരുകുലമീ നാട്
മഹത്വമേറും ശുചിത്വമെന്നിൽ
മാതൃകയാക്കിയ പ്രിയനാട് "
എന്തെന്നറിയില്ല അന്ന് അതൊക്കെ വലിയ ആവേശം ആയിരുന്നു ...പിന്നെ എല്ലാ ദിവസവും ഞങ്ങടെ ക്ലാസ്സും , പരിസരവും ,സ്കൂൾ കോമ്പൌണ്ട് ഉം ഒക്കെ വൃത്തിയാക്കി വെക്കുമായിരുന്നു ... പക്ഷെ ഇന്നത്തെ പിള്ളാർക്ക് വൃത്തി ഉണ്ടെങ്കിലും അതൊന്നും അവർ ചെയ്യുന്നതല്ല ,,മണ്ണിനെ പോലും പേടിയാണ് അവർക്ക്....
എത്രെയൊക്കെ കുപ്പ പൊതുസ്ഥലത്ത് ഇടരുത് എന്ന് പറഞ്ഞാലും പിന്നെയും ആവർത്തിക്കും... ഇതാണോ അക്ഷരാഭ്യാസം കൂടുതൽ നേടിയവരുടെ ശീലം ??? മാലിന്യം നിർമാർജനം ചെയ്യാൻ ഒരുപാട് മാർഗങ്ങൾ ഉണ്ടെങ്കിലും അതൊന്നും ഉപയോഗിക്കാറില്ല ആരും എന്നതാണ് സത്യം
ഒന്നും വേണ്ട കുറെ എഴുതി പഠിച്ച പരിസര ശുചിത്വം എന്നാണാവോ ഇനി ......
വിദ്യ ജി സി സി
ഇന്ന് രാവിലെ വരുമ്പോൾ ബസ്സിൽ വലിയ ചർച്ച ആയിരുന്നു ,,, കല്യാണം കഴിഞ്ഞു ഒരാഴ്ച കൊണ്ട് പിരിഞ്ഞത്രേ ,,,സംഭവം തുടങ്ങി വെച്ചത് സ്റ്റുഡിയോ യിൽ ജോലി ചെയ്യുന്ന ചേച്ചി ആണ് ,,,,
കല്യാണ ആൽബം പണി തീർത്ത്‌ അവർ കൊണ്ട് പോയി കൊടുത്തപ്പോൾ വീട്ടുകാർ പറഞ്ഞത്രേ ഞങ്ങൾക്ക് വേണ്ട കല്യാണം കഴിഞ്ഞു പക്ഷെ വേർപിരിയലും കഴിഞ്ഞു എന്ന്
ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ തോന്നിയില്ല ,,, ഇവിടെ ഇടയ്ക്കൊക്കെ വരുന്നതാണ് പൈസ എടുക്കാൻ ,,,പിന്നെ ഒരു വിധം എല്ലാവർക്കും പരിചിതനാണ് ചെക്കൻ.. ആള് അധികം ഒന്നും പഠിച്ചിട്ടില്ല ,, ചെറു പ്രായത്തിൽ തന്നെ ഗൾഫിൽ പോയി ജോലിക്ക് ,,,,, പെങ്ങള്മാരെ കെട്ടിച്ചു വിട്ടു ,വീടുകെട്ടി ... ഇരുപത്തേഴു വയസ്സാകും ,,, ....
അയാൾക്ക്‌ പെട്ടെന്ന് കല്യാണം കഴിക്കണം എന്ന് ജാതകം നോക്കിയാ ആരോ പറഞ്ഞു ഇരുപത്തേഴു കഴിഞ്ഞാൽ പിന്നെ ഇരുപത്തോന്പതു ആണ് കണക്കു ,, ഈ വീട്ടുകാർ നാട് മുഴുവൻ തിരഞ്ഞു ,,,ജാതകം ശരിയാവാത്തതാണ് മിക്ക ആലോചനയും മുടങ്ങാൻ കാരണം ,, പിന്നെ പഠിപ്പില്ല,സർക്കാർ ജോലിയില്ല അങ്ങനെ ,,,പിന്നെ പെണ്ണ് നോക്കി പോകുന്ന ചെക്കന്റെ വീട്ടുകാർ ചെറിയ സ്രീധനവും പ്രതീക്ഷിച്ചതും ഒരു കാരണം ആണ് ..
അങ്ങനെ അലഞ്ഞു തിരിഞ്ഞു കണ്ടെത്തി പെണ്‍കുട്ടിയെ വയസ്സ് തികയുന്നതിനു മുൻപ് ആ ചേട്ടൻ കല്യാണം കഴിച്ചു ,,പക്ഷെ പെണ്ണിന്റെ സമ്മതം ആരെങ്കിലും ചോദിച്ചോ എന്നറിയില്ല ,, ആദ്യരാത്രി പെണ്ണ് പറഞ്ഞത്രേ "എന്നെ തൊടണ്ട എനിക്ക് വേറെ ആളെ ഇഷ്ട്ടമാണ് ,,അവൻ എന്നെ കൊണ്ട് പോകാൻ വരും എന്നൊക്കെ ,," എന്നിട്ടും ഒരാഴ്ച വരെ കാത്തിരുന്നു ചേട്ടനും വീട്ടുകാരും ,,
പക്ഷെ പെണ്ണ് എന്നും കാമുകനോട് ഫോണിൽ സംസാരം തന്നെ പിന്നെ ഒരിക്കൽ ദേഷ്യം വന്നപ്പോൾ ചേട്ടൻ തല്ലി ആ കാരണം പറഞ്ഞു അവൾ വീട്ടിൽ പോയി ,,, വീട്ടുകാർ വഴക്ക് പറഞ്ഞപ്പോൾ ആത്മഹത്യ ചെയ്യാൻ സ്രെമിച്ചു ,,,
ഇതാണ് പ്രശ്നം ,,ഇവിടെ ആരാണ് കുറ്റക്കാർ ? ഇഷ്ട്ടമാല്ലാത്ത ചെക്കനെ കെട്ടാൻ നിർബന്ധിച്ച വീട്ടുകാരോ ? അതോ ഒന്നും അറിയാതെ താലി കെട്ടിയ ചേട്ടനോ ? അതോ കഴുത്തിൽ താലിമാല വീഴുമ്പോഴും മറ്റൊരുത്തനുമായുള്ള ജീവിതം സ്വപ്നം കണ്ട പെണ്ണോ ? അതോ ഒരുത്തനെ ചതിച്ചു വരുന്നവളെ കാത്തിരുന്ന കാമുകനോ ?
അല്ലെങ്കിലും ഈ ജാതകപ്പൊരുത്തം ആണോ ബന്ധങ്ങളുടെ അടിസ്ഥാനം ? അങ്ങനെയെങ്കില ഇതിനു എന്താണ് മറുപടി ?
പ്രണയം നല്ലതാണ് ആരും കുറ്റം പറയുന്നില്ല പക്ഷെ മുൻപേ ആവായിരുന്നില്ലേ ഈ നാടകം ,, ഇനി ആ ചേട്ടന്റെ അവസ്ഥ എന്താവും ? ഒരുപാട് സ്വപ്നം കണ്ടുകാണും പാവം ,,,അതും കൂടാതെ ഇന്നുകാലത്ത് ഒരു കല്യാണം നടത്തുക എന്നാൽ ചില്ലറ ചിലവൊന്നുമല്ല...
അങ്ങനെ തുടങ്ങിയ ചർച്ച എത്തിയത് ഇന്നത്തെ വിവാഹ ബന്ധങ്ങളിൽ ആണ് ,,, കുറച്ചുകാലം മുൻപ് വരെ കഴുത്തിൽ വീഴുന്ന താലിക്ക് പെണ്ണും കൈ പിടിക്കുന്ന പെണ്ണിന് ആണും വലിയ വില നൽകിയിരുന്നു... ഇന്ന് ഇല്ല എന്നല്ല ഞാൻ പറയുന്നത് ,,,
പക്ഷെ ഇന്ന് എല്ലാർക്കും പഠിപ്പുണ്ട് ഒന്നുപോയാൽ അടുത്തത്‌ എന്നാ ബോതമുണ്ട് പക്ഷെ ഇതിനിടയിൽ കഷ്ട്ടപ്പെടുന്ന ചിലരുണ്ട് "ചിലപ്പോൾ ഇവരുടെ മക്കൾ " അല്ലെങ്കിൽ ഇവരെ ആശ്രയിച്ചു ജീവിക്കുന്നവർ ,,, അധികവും പ്രശ്നം കുട്ടികൾക്ക് തന്നെ ആണ്
അമ്മയും അച്ഛനും തമ്മിൽ വഴക്കിടുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ബാല്യം എനിക്കും ഉണ്ട് ,,,, എന്നും അച്ഛന്റെ മദ്യപാനം കാരണം അടുപ്പ് പുകഞ്ഞില്ലെങ്കിലും ,,, ഓല മേഞ്ഞില്ലെങ്കിലും എന്നും ഈ തല്ലും അടിയും വഴക്കും ഉണ്ടായിരുന്നു ,,,,
എല്ലാം കഴിഞ്ഞു അച്ഛൻ ബോതമില്ലാതെ കിടക്കുമ്പോൾ അമ്മ വലിച്ചിട്ട സാധങ്ങൾ അടുക്കി വെക്കും ,,, ശര്ധിച്ചു കൂട്ടിയതൊക്കെ വൃത്തിയാക്കും ,,,, ഇടയ്ക്ക് തല്ലു കൊണ്ട വേദന കൊണ്ടാവണം കണ്ണ് തുടയ്ക്കും ....
പിറ്റേന്ന് എന്റെ കൂട്ടുകാരോട് ഈ സങ്കടം പറയുമ്പോൾ അവര്ക്കും ഉണ്ടാകും ഇതുപോലെ പറയാൻ ,,,പക്ഷെ ഒരിക്കലും ഞങ്ങളുടെ അമ്മമാർ അച്ചന്മാരെ തളളി പറഞ്ഞിട്ടില്ല ,,, അമ്മയുടെ വീട്ടിൽ പിണങ്ങി പോയിട്ടുമില്ല ,,, പിന്നെ മറ്റു സുഖം തേടി പോയിട്ടുമില്ല ....
എത്രെ വയ്യെങ്കിലും അമ്മ നേരത്തെ എണീക്കും ഊതി ഊതി തീ കത്തിക്കും പിന്നെ ചോറിനു അരിയിടും,ചായ വെക്കും എന്നിട്ട് എല്ലാരെയും വിളിച്ചു എണീപ്പിക്കും.... ബോതം വന്നു അച്ഛൻ എണീച്ചു വന്നു അടുക്കള തിണ്ണയിൽ ഇരിക്കും ..അമ്മ ചായ കൊണ്ട് കൊടുക്കും ,,,
ഇന്നലത്തെ കലാപരിപാടിക്കിടയിൽ അച്ഛൻ കൊണ്ട് വന്ന മിച്ചറോ, ബിസ്ക്കെറ്റൊ ഉള്ളല പൊതി അമ്മ എടുത്തു തരും ,,,അപ്പോഴേക്കും യുദ്ധത്തിൽ തോറ്റ രാജാവിനെപ്പോലെ അച്ഛൻ ചോദിക്കും "എന്താ കറി?"
അമ്മയുടെ വായിൽ നിന്ന് നല്ലതൊന്നും കേൾക്കില്ല എന്ന് അറിയാം എങ്കിലും അച്ഛൻ മിണ്ടിപ്പോകും ,,,പിന്നെ ലോകത്തുള്ള സകല ദൈവങ്ങളെയും വിളിച്ചു അച്ഛന്റെ സത്യം ചെയ്യലാണ് ,,ഇന്ന് കുടിക്കില്ല ,,,,പക്ഷെ അത് വൈകുന്നേരം വരെ മാത്രം ആണ് ട്ടോ
പക്ഷെ അമ്മ ഒരിക്കലും ഇതിന്റെ പേരില് പിണങ്ങിപ്പോയില്ല..ആരോടും പരാതി പറഞ്ഞില്ല ,, പക്ഷെ ഇന്നാണ് എങ്കിലോ ... ചെറിയൊരു വാക്ക് മതി കുടുംബ കലഹത്തിനും പിരിഞ്ഞു പോകാനും ,,,,
ഒരുപക്ഷെ നമ്മുടെ കവികൾ ഒക്കെ സ്ത്രീയെ ഭൂമിയോട് ഉപമിച്ചത് ഇതുകൊണ്ടാവും ,,, ഇന്ത്യയിലെ സ്ത്രീകളെ ലോകം പുകഴ്ത്തിയതും .... ബന്ധങ്ങൾ കൂട്ടി പിടിക്കാൻ ഉള്ള കഴിവ് ,,, രാവിലെ മുതൽ തുടങ്ങുന്ന ജോലി രാത്രി വരെ നീണ്ടു നിന്നാലും പ്രശ്നമില്ല അമ്മയ്ക്ക് ഞാനോ അനിയന്മാരോ പണി ചെയ്താൽ പിടിക്കില്ല .... അപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും അച്ഛൻ മിണ്ടാതിരിക്കുമോ എന്ന് ,,,
ഒരിക്കലുമില്ല രാവും പകലും അച്ഛനും ആധിയാണ് പക്ഷെ ഇതുപോലെ മദ്യപാനം ഒക്കെ കാരണം ഇങ്ങനെ ആകുന്നു എന്ന് മാത്രം ,,, എത്രെ തല്ലിയാലും ബൊതമില്ലാതെ കിടക്കുമ്പോൾ അമ്മയെ വിളിക്കും മക്കൾ ഉണ്ടോ ചോദിക്കും .... നീ ഉണ്ടോ ചോദിക്കും .... പിന്നെ എങ്ങനെ തള്ളിപ്പറയും അവർ ????
അന്നൊക്കെ അച്ഛൻ എന്ത് വഴക്ക് വീട്ടിൽ ഉണ്ടാകുമ്പോഴും അമ്മ ഞങ്ങൾക്ക് ചോറ് തന്നു ഉറങ്ങാൻ പറയും ,,, ഉണ്ടില്ലെങ്കിൽ ചീത്ത പറഞ്ഞു കഴിപ്പിക്കും ,,, അത്രെയും കരുതൽ ആണ് മക്കളുടെ മേലെ ... പക്ഷെ ഇന്ന് കുട്ടികൾ കുടുംബ കോടതികളുടെ മുന്നില് നിൽക്കുമ്പോൾ നമുക്കാണ് സങ്കടം ....
നമുക്കുള്ള വിവരവും വിദ്യാഭ്യാസം ഒക്കെ വെച്ച് ആലോചിച്ചു നോക്കിക്കൂടെ ഇങ്ങനെ ഉള്ള കുടുംബങ്ങളിൽ ജനിച്ചു വളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ ,,,, സ്നേഹിക്കാനും പരിചരിക്കാനും ആരുമില്ലാതെ ,,, സന്തൊഷമില്ലാതെ ,,,,പിന്നെ അവർ വഴി തെറ്റി പോകുന്നതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ....
നമ്മുടെ വീട്ടിലും മറ്റും കണ്ടു വരുന്ന ശീലങ്ങൾ തന്നെ ആണ് സമൂഹത്തിലും കാണിക്കുന്നത് ,,, അതുകൊണ്ട് തന്നെ ചില വിട്ടു വീഴ്ചകൾ കൊണ്ട് ഒരു കുഴപ്പവും ഇല്ല നല്ലതിനെങ്കിൽ ...
ഒരുപക്ഷെ എനിക്കും ഇതുപോലെ ബന്ധങ്ങളെ മുറുകെ പിടിക്കാൻ കഴിയുമോ എന്ന് അറിയില്ല ,,കാരണം എന്നെ ആരേലും ചീത്ത പറഞ്ഞാൽ അങ്ങോട്ട്‌ തിരികെ പറയാതെ വരില്ല ,, പിന്നെ ഇത്രേ ക്ഷമ ഒന്നുമില്ല ,,, പിന്നെ ഇത്തിരി ഈഗോ താഴ്ന്നു കൊടുക്കില്ല എന്നുള്ളത് ... ഒരുപക്ഷെ ഈ ചിന്താഗതിയോടെ പോകുന്നത് കൊണ്ടാവും ഇന്നത്തെ പെണ്‍കുട്ടികൾക്ക് ഭർത്താവിന്റെ വീട്ടിൽ പിടിച്ചു നിൽക്കാൻ പറ്റാതെ പോകുന്നതും ,,,
എന്ന് വെച്ച് ഞാൻ കുറ്റം പറയുകയല്ല ...കാരണം നമ്മൾ എന്ത് ചോദിച്ചാലും തന്നാണ് വളർത്തിയത്,,,, ഭർത്താവ് ഇല്ലെങ്കിലും സ്വന്തമായി ജീവിക്കാം എന്ന വിശ്വാസമുണ്ട്‌ ,, സാഹചര്യങ്ങൾ ഉണ്ട് ,,പിന്നെ നമ്മടെ വീട്ടുകാർ തളളി കളയില്ലാലോ.... പക്ഷെ അപ്പോഴെല്ലാം നഷ്ട്ടങ്ങൾ ആർക്കാണ് ഒന്നും അറിയാത്ത കുഞ്ഞുങ്ങൾക്കോ???
എന്ന് വെച്ച് ഞാൻ പറയുന്നത് സ്ത്രീകൾ അടിമ ആയിരിക്കണം എന്നും അല്ല പറയുന്നത് ആവശ്യമില്ലാത്ത ചില വാശികളിൽ കുടുങ്ങി ഓരോ ജീവിതം നഷ്ട്ടപ്പെടുത്തുന്നതിൽ പുരുഷനും സ്ത്രീക്കും ഉത്തരവാദിത്വം ഉണ്ട് ,,,,,,,,
ബന്ധങ്ങളുടെ വില അറിഞ്ഞു ജീവിക്കുക ,,,,പരസ്പര ധാരണയോടെ ,,,പിന്നെ ഇടയ്ക്ക് കുറ്റപ്പെടുത്താനും അഭിപ്രായം പറയാനും ചിലർ വരും ഇതാണ് ഓരോ ബന്ധവും തകരാൻ ഉള്ള കാരണം കൂടുതലും ,,,
എല്ലാരും പറയാറുണ്ട്‌ ഈ തെക്കോട്ട്‌ പോകുമ്പോഴും (തൃശൂർ മുതൽ ) വടക്കോട്ട്‌ പോകുമ്പോഴും (മലപ്പുറം മുതൽ ) ഒക്കെ വലിയ ഭക്ഷണ പ്രിയർ ആണെന്ന് ,,,
എന്നും ഉണ്ണാൻ നോണ്‍ ഉണ്ടാകും എന്തെങ്കിലും പിന്നെ ഒന്നോ രണ്ടോ കറിയും ,,,രാവിലെ പലഹാരം ഉച്ചക്ക് ചോറും കറിയും വൈകുന്നേരം വേറെ എന്തെങ്കിലും....
പക്ഷെ അനുഭവത്തിന്റെ വെളിച്ചത്തിലും കൂടി പറയുകയാണ്‌ തെക്കിലും വടക്കിലും പെടില്ല എന്ന് മാറ്റി നിരത്തുന്ന ഒരു വിഭാഗം ഉണ്ട് ഞങ്ങൾ പാലക്കാട്ടുകാർ ,,,, ഞങ്ങടെ അയ്യോ അങ്ങനെയല്ല ഞങ്ങണ്ടെ പാലക്കാട്ടുകാർ
എന്താ കറി?
സാമ്പാർ
പിറ്റേന്നും സാമ്പാർ
പിന്നെയും സാമ്പാർ ,,,
ഈ സാമ്പാർ എന്നാൽ വറുത്തരച്ചു വെക്കുന്നത് ഒന്നുമല്ല ഉരുളക്കിഴങ്ങ് ,വഴുതിരിങ്ങ ,തക്കാളി ,മുരിങ്ങക്കായ ,വാഴയ്ക്ക ,ചിലപ്പോൾ ഒരു തുണ്ട് കപ്പയ്ക്ക അല്പം പരിപ്പും ഇട്ടൊരു കറി
അല്ലെങ്കിൽ വെള്ളപ്പയർ ,കൊള്ള് ഇതൊക്കെ
അതും വിട്ടാൽ വെണ്ടയ്ക്ക പുളി അല്ലെങ്കിൽ വെണ്ടയ്ക്ക സാമ്പാർ
പിന്നെ രസം അയ്യോ പിന്നെയും സോറി രസം പോലെ ഉള്ള "പുളിച്ചാർ"
ആർക്കെങ്കിലും ഒന്ന് തലവേദന വന്നാൽ മതി അന്ന് കഞ്ഞിയും പപ്പടവും അല്ലെങ്കിൽ ചമ്മന്തി
പിന്നെ ഇടയ്ക്കൊരു നങ്കിമീൻ വറുത്തത് (ആർഭാടം ആണേ )
പിന്നെ മുട്ട വറുക്കാം എന്ന് വെച്ചാൽ എണ്ണയുടെയും പിന്നെ കോഴികുഞ്ഞിറെയും കണക്കു പറയും ,,,അതോടെ ആ മോഹവും പോകും
പിന്നെ എന്തെങ്കിലും ചെറിയ വിശേഷമോ ഞായറാഴ്ചയോ വന്നാൽ ചിക്കൻ (മട്ടൻ .ബീഫ് ഒന്നും വീട്ടിൽ അധികം വെക്കാറില്ല )... വല്ലപ്പോഴും മീൻ അതും ഇഷ്ട്ടപ്പെട്ട മത്തിക്കറിയും അയില കറിയും ഒന്നും അല്ല വളർത്ത് മീൻ ആണ് കൂടുതൽ ...
പിന്നെ നമ്മൾ മീൻ വേണം പറഞ്ഞാൽ പറയും "നീ എന്താ മുക്കുവത്തി ആണോ " എന്ന്
പിന്നെ നാട്ടിൽ ബിരിയാണി ഒക്കെ കഴിക്കണമെങ്കിൽ വല്ല മുസ്ലിം വീട്ടിൽ പോകണം ,,പിന്നെ റംസാൻ വരെ കാത്തിരിക്കണം ,,, നമ്മടെ ബന്ധുക്കാർക്കും വിരുന്നുകാർക്കും എന്ത് പരിപാടി വന്നാലും വെക്കും ഓണക്ക സദ്യ ,,,
സത്യം പറയട്ടെ സദ്യ ഇഷ്ട്ടം ഒക്കെ തന്നെ എന്ന് വെച്ച് എപ്പോഴും വെക്കണം എന്നുണ്ടോ ,,,,
അത് വിട്ടാൽ പിന്നെ ചെറിയ പരിപാടിക്ക് ചിക്കനും പിന്നെ കുമ്പളങ്ങ കറിയും ,,മിക്കവാറും എല്ലാ പരിപാടി ന്റെയും തലേ ദിവസം ഇതും രാവിലെ ഉപ്പുമാവും ആയിരിക്കും ...
ഇതല്ലാതെ ചില്ലി ചിക്കെൻ ഒന്നും ഉണ്ടാവില്ല (ഇപ്പോൾ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട് എങ്കിലും ).... പിന്നെ എന്നും ഒരേ പോലത്തെ കറി തന്നെ ഈ ടി വി യിൽ ഒക്കെ എത്രെ വരുന്നു ഓരോന്ന് എന്നാലും ഇവിടെ ഇലയടയും ,ഉണ്ണിയപ്പവും തന്നെ മെയിൻ ...
നാലുമണി പലഹാരം എന്നും ഒന്നുമില്ല ..വല്ലപ്പോഴും ,,പിന്നെ കുറച്ചു മിച്ചർ അല്ലെങ്കിൽ മുറുക്ക് ഇതൊക്കെ ആയിരിക്കും മിക്കയിടത്തും എന്ന് വെച്ചാൽ ബേക്കറി യിലെ സാധനങ്ങൾ അതികം ഒന്നുമില്ല
അല്ലെങ്കിലും മിക്കവാറും സാധാരണക്കാരുടെ ജീവിത രീതി ഒക്കെ ഇങ്ങനെയാണ് ,,, നമ്മടെ വീട്ടിൽ സാമ്പാർ വെക്കുമ്പോൾ രാവിലെ മുതൽ രാത്രി വരെ അത് തന്നെ ആയിരിക്കും ,ചിലപ്പോൾ പിറ്റേ ദിവസം രാവിലെയും ,,,
പിന്നെ രാവിലെ മിക്കവർക്കും വെള്ളച്ചോർ ആണ് വേണ്ടത് മറ്റൊന്നും പിടിക്കില്ല ,,,, (എനിക്ക് ഇഷ്ട്ടമല്ല ട്ടോ ) എങ്കിലും അധികവും ഇങ്ങനെയാണ് പണിക്കു പോകുമ്പോൾ ക്ഷീണം തോന്നാതിരിക്കാൻ ആണത്രേ നമ്മൾ വെയില് കൊള്ളാത്തത് കൊണ്ട് അതറിയില്ല ...
പിന്നെ ആപ്പിൾ ഒന്നും വാങ്ങറെ ഇല്ല ,,, ഓറഞ്ച് .മുന്തിരി ,,, പിന്നെ ചക്ക മാങ്ങ ഒക്കെ ഇവിടെ കൂടുതലാണ് ,,പപ്പായ ,,,എല്ലാം ഉണ്ട്
പിന്നെ പരിപ്പുവട ,പഴംപൊരി ,പോക്കവട,ബജി ഇതൊക്കെ ആണ് അടുത്ത വിഭാഗം ...
ആകെ ഉള്ള വലിയ സാധനം എന്ന് പറയുന്നത് "പപ്പ്സ് "
ഒരുപാട് ചെലവില്ലാത്ത നല്ല ഭക്ഷണം എന്ന് വേണേൽ പറയാം പക്ഷെ നമുക്ക് പിടിക്കില്ല ....
ഇങ്ങനെയാണ് നമ്മടെ ഭക്ഷണ രീതികൾ

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...