Thursday 17 August 2017

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക്കാരായിരുന്നു എന്ന് കേട്ട് തഴമ്പിച്ചു അയാളോട് തീർക്കാനാവാത്ത ശത്രുതയും കൊണ്ട് നടക്കുന്ന കാലത്താണ് അത് സംഭവിച്ചത് .
ശത്രുതയ്ക്ക് കാരണം എന്തെന്നുവെച്ചാൽ ഇത്തിരികൂടി ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ വിഷൂന് കൈനീട്ടം വാങ്ങാൻ പോകുന്ന ഒരേർപ്പാടുണ്ടായിരുന്നു ,
ഞാൻ അഞ്ചിൽ പഠിക്കുമ്പോഴാണ് തോന്നുന്നു പതിവുപോലെ കണാരേട്ടന്റെ വീട്ടിലും പോയി , ആഡബരത്തോടെ ഞങ്ങളുടെ നാട്ടിൽ വിഷു ആഘോഷിച്ചിരുന്ന വിരലിലെണ്ണാവുന്ന കുടുംബങ്ങളിൽ ഒന്നാണ് അവരുടേത് , അതുകൊണ്ടുതന്നെ വിപുലമായ കൈനീട്ടവും ഒരു രൂപയും തരുമായിരുന്നു അക്കാലത്തു തന്നെ
അന്നും പോയപ്പോൾ കുറേയാളുകൾ ഉണ്ടായിരുന്നു ,പാടത്തും പറമ്പിലും പണിയെടുക്കുന്നവരും പിന്നെ കുട്ടികളും മുതിർന്നവരും ഒക്കെയായി , കണാരേട്ടൻ ഞങ്ങൾ കുട്ടികൾക്ക് കൈനീട്ടം തരുന്നത് മകനെ ഏൽപ്പിച്ചു , അവനാണെങ്കിൽ ക്രിക്കെറ്റുകളിക്കാൻ മുട്ടി നിൽക്കുകയാണ് ,
കിഴക്കും പടിഞ്ഞാറും ഒന്നും നോക്കാതെ വല്യ ഗൗരവത്തിൽ "ഇതെപ്പോ തീരും,ശല്യം " എന്ന ചോദ്യത്തോടെ കൊടുത്ത് തുടങ്ങിയത് കുറച്ചുപേർ സ്വീകരിച്ചെങ്കിലും എന്തോ എനിക്കും അന്നത്തെ ചങ്കുകളായ രജിഷക്കും , സൗമ്യയ്ക്കും അതത്രെ പിടിച്ചില്ല . ഞങ്ങൾ വാങ്ങിക്കാതെ തിരിച്ചുവന്ന ശേഷം തുടങ്ങിയതാണ് കണാരേട്ടന്റെ വീട്ടുകാരോടുള്ള ശത്രുത .
ഞങ്ങളുടെ വീട്ടിലൊന്നും അവര് കൈനീട്ടം വാങ്ങിക്കാൻ വരുന്നില്ലാലോ നിങ്ങളും പോകണ്ട എന്ന് വീട്ടുകാരെ ഞങ്ങൾ വിലക്കിയെങ്കിലും അതിനെ എതിർത്ത് അവര് പോയതോടെ കണാരേട്ടന്റെ കുടുംബത്തോട് ശത്രുത പിന്നെയും വർദ്ധിച്ചു . പിന്നീട് അവിടുന്നിങ്ങോട്ട് എത്രയെത്ര കാരണങ്ങൾ
അയാളുടെ മകൻ പത്താം ക്ലാസ്സ്‌ ഫുൾ എ പ്ലസ് വാങ്ങി പാസ്സായത് , അടുത്തവർഷം അയാളുടെ രണ്ടാമത്തെ മകളും പാസ്സായി . അവര് പാസ്സായതിലധികം ഞങ്ങൾ മൂന്നാളെയും ദേഷ്യം പിടിപ്പിച്ചത് നാട്ടിലെ കല്യാണം മുതൽ കാതുകുത്തുവരെ നടക്കുന്ന വീടുകളിൽ തലേദിവസം മുതൽ ആരംഭിക്കുന്ന "ഒരുക്കും ദിവസം " പരിപാടിയ്ക്ക് വന്ന് അയാൾ "എന്റെ മകൻ അങ്ങനെ പഠിക്കും ഇങ്ങനെ പഠിക്കും ആനയാണ് കുതിരയാണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ പെരുവിരലുമുതൽ പെരുത്തുകേറും . പ്രേതെകിച്ചു ഞങ്ങടെ വീട്ടുകാർ അവരെ മാതൃകയാക്കി സംസാരിക്കുമ്പോൾ
ആ വർഷം കണാരേട്ടന്റെ ദൂരെയെവിടെയോ പഠിക്കുന്ന മകൻ പ്ലസ് ടുകഴിഞ്ഞു നാട്ടിലെത്തി . ഞാൻ ഒൻപത്തിലേക്ക് കടക്കുകയാണ് അപ്പോൾ , അവനാണെങ്കിൽ പഞ്ചായത്തിലെ കമ്പ്യൂട്ടർ ക്‌ളാസിൽ പിള്ളാർക്ക് പഠിപ്പിച്ചുകൊടുക്കാൻ പോകുന്നു , മുടങ്ങാതെ കുളിച്ചു കുറിയിട്ടു പല്ലിളിച്ചു എന്നും അമ്പലത്തിൽ വരുന്നു .
അവനെ കാണുമ്പോൾ നാട്ടുകാർ മുതൽ താന്തോന്നികളായ ആൺപിള്ളാർ വരെ ബഹുമാനിക്കുന്നു , എനിക്കിതൊന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല . പ്രേതെകിച്ചു കണാരേട്ടൻ പൊക്കി പറയുമ്പോൾ ഇവൻ പല്ലിളിച്ചുകൊണ്ടിരിക്കുന്ന ആഘോഷവീടുകളിലെ കാഴ്ചകൾ .
ഞങ്ങൾ വെള്ളം കോരലും , പച്ചക്കറി മുറിക്കലും ,തേങ്ങയരയ്ക്കലും , ചായകൊടുക്കലും ഒക്കെയായി പണിയെടുത്തു ക്ഷീണിക്കുമ്പോൾ ലെവൻ മാത്രം വെറുതെയിരുന്ന് ആളാവുന്നു . നാട്ടുകാരിൽ ഒട്ടുമിക്കപേരും ഞങ്ങളെ ചീത്ത പറയുമ്പോഴും കളിയാക്കുമ്പോഴും അവനെ മാത്രം പുകഴ്ത്തുന്നു .
അങ്ങനെ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് സ്കൂൾ തുറന്നത് , ജൂൺ കഴിയുംവരെ ബാഗും ,ബുക്കും ,കുടയും ചെരിപ്പും വാങ്ങിത്തരാൻ വീട്ടുകാർ സമയമെടുക്കും .അങ്ങനെയൊരു വൈകുന്നേരത്ത് ടീച്ചർമാരെ എങ്ങനെ പഴിയെടുക്കാം എന്നെ വിഷയത്തെക്കുറിച്ചു കാര്യമായി ചർച്ചിച്ചു വരുന്നതിനിടയ്ക്ക് പെട്ടെന്നൊരു മഴ ,
എങ്ങനെ ഓടിയാലും വീടെത്തില്ല . നനയാൻ ഇഷ്ടമില്ലാതെയോ മടിയായിട്ടോ അല്ല പുതിയ ടെക്സ്റ്റ് ബുക്കുകൾ വീട്ടിൽ കരഞ്ഞുകാലുപിടിച്ചു വാങ്ങിപ്പിച്ചതാണ് അത് നനഞ്ഞാൽ ... കൂട്ടുകാരെ പറഞ്ഞുവിട്ട് ഞാൻ പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് കേറി നിന്നു, കൃത്യസമയത്ത് നമ്മുടെ ശത്രു അകത്തുനിന്നും ഇറങ്ങിവരുന്നു , ആ പീറ പുഞ്ചിരി
"കുടയില്ലേ ? "
"ഉണ്ടെങ്കിൽ ഇവിടെ കേറി നിൽക്കോ ?"
"വേണോങ്കിൽ ഇതും കൊണ്ട് പൊയ്ക്കോളൂ "
"വേണ്ട "
"അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ് നിനക്കെന്താ എന്നെ കാണുമ്പോൾ ഒരു ദേഷ്യം ?"
"നിങ്ങൾക്ക് വെറുതെ തോന്നുന്നതാവും . "
"ദേഷ്യമില്ലെങ്കിൽ കുട വാങ്ങിക്കില്ലേ ?"
അധികം എന്തേലും പറഞ്ഞാൽ ലെവൻ ചെന്ന് ആരോടെങ്കിലും പറഞ്ഞുകൊടുത്തു എനിക്ക് അഹങ്കാരമാണെന്ന് പറഞ്ഞാലോ കരുതി വാങ്ങി നടന്നു . പിറ്റേന്ന് തന്നെ അവന്റെ കുട കൊടുക്കാൻ ചെന്നപ്പോൾ വീണ്ടും മഴ , എനിക്ക് വേറെ വഴിയില്ലാത്തോണ്ട് തിരികെ വന്നു. അടുത്ത ദിവസം കൊടുത്തപ്പോൾ അവൻ പുഞ്ചിരിച്ചു , രണ്ടൂസം കുട തന്ന സന്തോഷത്തിൽ ഞാനും .
പിന്നെയാ പുഞ്ചിരികൾ തുടർന്നുള്ള ദിവസങ്ങളിലും ആവർത്തിക്കപ്പെട്ടു , അവന് കോളേജിൽ അഡ്മിഷൻ കിട്ടി ദിവസവും കൃത്യമായി ഞാൻ വരുന്ന സമയത്തു വരുന്നതുകൊണ്ട് പുഞ്ചിരി കൂടുന്നതിനനുസരിച്ചു പ്രായത്തിന്റെ വികാരവായ്പ്പിൽ ഞാനും പെട്ടുപോയി .
അവന്റെ അച്ഛനോട് ശത്രുത ഉണ്ടെങ്കിലും അവൻ എന്റെ പ്രിയപ്പെട്ടവനായിരുന്നു , അടുത്തവർഷം പത്താം ക്‌ളാസിൽ കാര്യമായ മാർക്കില്ലാതെ ഞാൻ പാസായി , അതുകഴിഞ്ഞു പ്ലസ് ടു കഷ്ടിച്ച് പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി
അവനാണെങ്കിൽ അവസാന പരീക്ഷയ്ക്ക് മുൻപേ സിവിൽ സർവീസോക്കെ എഴുതി , ഫോറെസ്റ് ഡിപ്പാർട്മെന്റിൽ കേറുകയും ചെയ്തു . അതിനുശേഷം അവനെ കാണുന്നത് വർഷത്തിൽ ഒന്നോ രണ്ടോ തവണമാത്രം , കോളേജിൽ പഠിക്കുമ്പോൾ കാര്യമായ ഭംഗിയില്ലെങ്കിലും പെണ്ണായതുകൊണ്ടാവും ഇഷ്ടമാണ് പറഞ്ഞുവന്നവരെ നിരാശരാക്കേണ്ടി വന്നു .
കാരണം എപ്പോഴൊക്കെയോ അവനെന്റെ മനസ്സിൽ അത്രമാത്രം ആഴത്തിൽ കയറിക്കൂടിയിരുന്നു , പറിച്ചെറിയുക അസാധ്യം . ആദ്യമൊക്കെ ഇഷ്ടം പറയണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല . പിന്നെയതിന് അവസരവും വന്നില്ല . പതിയെ പതിയെ മുതിർന്നു തുടങ്ങുന്നതിനോടൊപ്പം എനിക്ക് കാര്യം മനസ്സിലായി ,
അവനെന്നെ നോക്കി ചിരിക്കുകയല്ലാതെ മറ്റൊരു തരത്തിൽ നോക്കിയിട്ടുപോലുമില്ല , എന്റെ ഭാവനകളിൽ മാത്രമാണ് അവനോടുള്ള പ്രണയം .
അവന്റെ ജീവിതത്തിൽ പ്രണയമില്ല , അച്ഛൻ സ്കൂളിൽ വിട്ടു , വൈകുന്നേരം വീട്ടിലെത്തുമ്പോൾ പഠിപ്പിച്ചുകൊടുക്കാൻ 'അമ്മ , അതുപോരാതെ ട്യൂഷൻ . അവന് എന്തും ആവശ്യങ്ങൾക്ക് മുൻപേ സാധിച്ചുകൊടുക്കാൻ അവരുടെ സാമ്പത്തികശേഷി അനുവദിച്ചിരുന്നു , എന്നാൽ ഇതിനെല്ലാം നേർവിപരീതമായി അന്നന്ന് കൊണ്ടുവന്നതും കൊണ്ട് വീട് നോക്കാൻ കഷ്ടപ്പെടുന്ന രക്ഷിതാക്കളായിരുന്നു എന്റേത്
അവനെ നാട്ടുകാരെല്ലാം ബഹുമാനിച്ചിരുന്നു , പക്ഷെ എല്ലാവരും സ്നേഹിച്ചിരുന്നത് എന്നെയാണ് . അവന് പഠനം 'അമ്മ അച്ഛൻ സഹോദരി വീട് നല്ലൊരു ജോലി എന്നതിനപ്പുറം ഒന്നും ഇല്ലായിരുന്നു പക്ഷെ എനിക്ക് വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരും പ്രണയവും എല്ലാം ഉണ്ടായിരുന്നു .
ഇല്ലായ്മകളിലും ഞാൻ ഓരോ നിമിഷവും ആഘോഷിച്ചാണ് ജീവിച്ചതെങ്കിൽ അവൻ പുസ്തകങ്ങളെ മാത്രം അറിഞ്ഞുമാണ് ജീവിച്ചത് . പിന്നെ നാട്ടിലെ ഒട്ടുമിക്ക ആണ്പിള്ളാരും പഠിപ്പുനിർത്തി ജോലിക്കു പോയത് പഠിക്കാൻ മോശമായതുകൊണ്ട് മാത്രമല്ല , പ്രാരാബ്ധങ്ങളാൽ തീർത്ത ചുമട് അവരുടെ തോളത്ത് എന്നോ വെപ്പിക്കപ്പെട്ടിരുന്നു .
പൊങ്ങച്ചം കണാരന് പാരമ്പര്യമായി സ്വത്തുണ്ടെന്ന അഹങ്കാരമാണെന്നും , ഞമ്മടെയൊക്കെ വീട്ടിൽ എല്ലാം ഞമ്മടെ അമ്മയും അപ്പനും കൂടെ കഷ്ടപ്പെട്ട് കൊണ്ടുവരുന്നതാണെന്നും തിരിച്ചറിവുണ്ടായി .
അച്ഛനും അമ്മയും കൂടെ കണ്ടെത്തിയ പെണ്ണിനെ പത്തുനൂറ് പവൻ സ്വർണ്ണം സ്ത്രീധനമൊക്കെ വാങ്ങിയാണ് അവൻ കെട്ടിയതെന്നും കല്യാണത്തിലെ വിഭവങ്ങളുടെ ധാരാളിത്തത്തെക്കുറിച്ചും എല്ലാവരും വാതോരാതെ പറഞ്ഞപ്പോൾ അടുത്തവീട്ടിലെ ചേട്ടൻ എന്നോട് വലിയൊരു രഹസ്യം വന്നുപറഞ്ഞു
" അവൻ കെട്ടിയ പെണ്ണിനെചേട്ടൻ നാലുവർഷം പ്രേമിച്ചതാണെന്നും , ഇനി ഒന്നിച്ചുപോവാത്ത സ്ഥലങ്ങളില്ലെന്നും . അതുകേട്ടപ്പോൾ പ്രിയപ്പെട്ടവന് പ്രശ്നം വന്നത് അറിഞ്ഞിട്ടും ഞാൻ കുറേനേരം ചിരിച്ചു
"അരുണേട്ടാ ഒരു കാര്യം ചോദിച്ചാ സത്യം പറയോ ?"
"എന്തെടി ?"
"ചേട്ടൻ അവളെ ഉമ്മ വെച്ചിട്ടുണ്ടോ ...ഈ പ്രേമങ്ങളിലൊക്കെ അത് പതിവാണല്ലോ "
"എടി കള്ളി ..... നീയാള് ഞാൻ കരുതും പോലല്ലാലോ "
"പറയ് "
"പ്രേമമാവുമ്പോൾ അതൊന്നും ഇല്ലാതിരിക്കോ പെണ്ണെ "
അതുവരെ അവനെ പ്രണയിച്ച ഒരു നഷ്ടബോധം എനിക്കുണ്ടായിരുന്നെങ്കിലും അപ്പോഴത്തോടെ അത് മാറി .
"പാവപ്പെട്ട വീട്ടിലെ പെണ്ണിനെ പ്രേമിക്കുന്നതൊക്കെ വളരെ കുറച്ചേയുണ്ടാവൂ ,കഥയിലും സിനിമയിലും ഒക്കെ കൂടുതലായിരിക്കും . കഴുത്തിൽ നിങ്ങളണിയിക്കുന്ന താലിമാത്രം മതിയെന്ന് പറഞ്ഞു ഇറങ്ങിവരുന്ന രാജകുമാരിമാർ വളരെക്കുറവാണ് പെണ്ണെ "
പക്ഷെ എന്തൊക്കെയായാലും എന്റെ ആജന്മശത്രു കണാരേട്ടന്റെ കുടുംബത്തിന് ഒരു പ്രശ്നം വന്നപ്പോൾ എന്റെ മനസ്സുനിറഞ്ഞു . വിവാഹം കഴിഞ്ഞതും അവര് രണ്ടും എവിടേക്കോ പോയി , പിന്നെ മകളുടെ കല്യാണം കണാരേട്ടൻ ഉത്സവം പോലെ നടത്തി .
അവളും പോയപ്പോൾ വീട്ടിൽ അങ്ങേരും ഭാര്യയും മാത്രമായി .പക്ഷെ അയാളപ്പോഴും ഇപ്പോഴത്തെ പെൺപിള്ളാരുടെ കയ്യിലിരിപ്പുകളെയും ഐശ്വര്യത്തിന്റെ നിറകുടമായ മരുമോളെയും താരതമ്യം ചെയ്തും, കൗമാര പ്രണയിതാക്കളുടെ വീടുകളെ പുച്ഛിച്ചും ജീവിച്ചു.
അങ്ങേരുടെ ഭാര്യയെ നോക്കാൻ എന്റെ 'അമ്മ പോണം പറഞ്ഞപ്പോൾ ഞാൻ എതിർത്തത് ഇപ്പോൾ എല്ലാവരും അനുസരിച്ചു . ഞങ്ങടെ വീട്ടിലാണെങ്കിൽ അച്ഛമ്മ മുതൽ രണ്ടുചേട്ടന്മാരുടെയും മക്കളുവരെ ഉണ്ട് , ഒരുത്സവം നടത്താൻ വേണ്ടുന്ന ആളുകൾ അയല്പക്കങ്ങളിൽ നിന്നും നമ്മളൊന്നുറക്കെ നിലവിളിച്ചാൽ ഓടിവരും
പക്ഷെ ഇനിയെന്റെ കാര്യത്തിലേക്കു വരാം, എന്റെശത്രൂന് പണികൊടുത്ത അരുണേട്ടനോടായി പിന്നെ എന്റെ പ്രേമം , ആദ്യം വേണ്ടെന്ന് പറഞ്ഞപ്പോൾ നേരെ എന്റെ വീട്ടിൽ പോയി കാര്യം പറഞ്ഞു . വീട്ടുകാര് സമ്മതമാണ് പറഞ്ഞപ്പോൾ അരുണേട്ടന് സമ്മതിക്കാതെ തരമില്ലായിരുന്നു
"നീ എന്തുകണ്ടാണ് എന്നെ മതി പറഞ്ഞെ ?"
"അതിപ്പോൾ ശത്രൂന്റെ ശത്രു മിത്രമല്ലേ ?"
"എന്നുവെച്ചാൽ .... "?
കാര്യങ്ങൾ അഞ്ചാം ക്‌ളാസ്സുമുതൽ പറഞ്ഞുകൊടുത്തപ്പോൾ ചിരിയടക്കാൻ പാടുപെടുന്ന അരുണേട്ടനോട് ഞാൻ കാര്യമായി തന്നെ പറഞ്ഞു
"അതെ , കണാരേട്ടന്റെ മരുമോളെ സ്നേഹിച്ചത് ആത്മാർത്ഥമായാണോ ?"
"അഹ് "
"അവളില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് തോന്നിയിട്ടുണ്ടോ ?"
"നീ പെണങ്ങില്ലെങ്കിൽ....തോന്നിട്ടുണ്ട് "
"എന്നാലേ നിങ്ങളൊരു രണ്ടാം കെട്ടുകാരനെ പോലെയാണ് , ഒരുത്തീടെ കൂടെ അലഞ്ഞുതിരിഞ്ഞു വിരഹിച്ചുവന്ന നിങ്ങൾക്കൊരു ജീവിതം ഞാൻ തരികയാണ് . അവസാനം വരെ അത് ഓർമയുണ്ടാവണം . "
"ശരി മാഡം "
അതുപറയുമ്പോൾ അരുണേട്ടന്റെ മുമുഖത്തുണ്ടായത്ര ചിരിയോളം ഭംഗിയൊന്നുമില്ല ആ പൊങ്ങച്ചം കണാരേട്ടന്റെ മോന് ...ഹല്ല പിന്നെ
"കാലൈയിൽ ദിനവും കൺ വിഴിത്താൽ നാൻ കൈതൊഴും ദേവതയമ്മ " രാവിലെ അഞ്ചരമുതൽ ഫോൺ അതിന്റെ ഉച്ചസ്ഥായിയിൽ അലറിക്കരയുന്നത് അയൽക്കാർ മുഴോൻ കേട്ടിട്ടും "അലാറം " വെച്ച ഞാനോ അപ്പുറത്ത് കിടക്കുന്ന അനിയന്മാരോ അറിഞ്ഞിട്ടില്ല .
പിന്നീടുള്ള അമ്മയുടെ രംഗപ്രവേശനം മൈക്രോമാക്സ് കമ്പനിയെ തോൽപ്പിക്കുന്ന തരത്തിലായതുകൊണ്ട് ഒറ്റവിളിക്കു മൂന്നുപേരും ഉണർന്നു
"ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചെഴുന്നേൽപ്പിക്കാം , പക്ഷെ ഉറക്കം നടിച്ചുകിടക്കുന്നവരെയോ ?"
എന്ന ചോദ്യവും പാസ്സാക്കി അടുക്കളയിലേക്ക് ഉൾ വലിയുന്നതിനിടയ്ക്ക് കോളർ ടൂണിൽ അമ്മയെ പതപ്പിച്ച കാര്യം പറയാനും മറന്നില്ല "എന്തെങ്കിലും കാര്യം സാധിക്കാൻ ഉണ്ടാകും " . ഈ അമ്മയുടെ ഒരു കാര്യം , ഇതും കണ്ടുപിടിച്ചിരിക്കുന്നു .ഇനീപ്പൊൾ അമ്മയെ പതപ്പിക്കാൻ വേറെ വേർഷൻ കണ്ടെത്തേണ്ടി വരും .
ഞാനും അനിയനും മുഖത്തോടുമുഖം നോക്കി , ഏയ് എനിക്കും അവനും ആവശ്യങ്ങളൊന്നുമില്ല .ഞങ്ങൾ രണ്ടാളും വെച്ചിട്ടുമില്ല .
പിന്നെ ഉള്ളത് ചെറിയ അനിയനാണ്(ചന്തു ) . അവനങ്ങനെ സ്വന്തം ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കാറില്ല . എന്നുവെച്ചാൽ അവൻ കാശുകാരനാണെന്നല്ല എന്റെയും വലിയ അനിയന്റെയും(വാവ ) പേഴ്സുകളിൽ നിന്നും അഞ്ചുരൂപയോ അതിൽ താഴെയോ ഉണ്ടെങ്കിൽ അതവന് അവകാശപ്പെട്ടതാണ് , അത് കൂട്ടി വെച്ച് ആള് തരക്കേടില്ലാത്ത രീതിയിൽ തട്ടിമുട്ടി ജീവിക്കുകയാണ് .
ഇതിനിടയ്ക്ക് ഉണർന്ന അവൻ അലാറം ഓഫാക്കാതെ അതുമായി അമ്മയുടെ അടുത്തേക്ക്
" 'അമ്മ "
തള്ളെ ന്ന് മാത്രം അമ്മയെ വിളിക്കുന്ന അവൻ 'അമ്മ എന്ന് വിളിക്കുകയും പാട്ടൊക്കെ വെച്ച് പതപ്പിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴേ ഞങ്ങൾക്ക് അപകടം മണത്തു .
"എന്താണ്ടാ " അമ്മയ്ക്ക് പാലക്കാട്ട്സ്ലാങ് വിട്ടൊരു കളിയില്ല .
"സ്‌കൂളിക്ക് രക്ഷിതാവിനെ കൂട്ടിയിട്ട് വരാൻ പറഞ്ഞു "
"എന്തിന് ?"
"ഞങ്ങൾ കളിക്കുമ്പോ ഒരുകുട്ടി ഗ്രൗണ്ടിൽ വീണ് നെറ്റിപൊട്ടി , അതിന് "
"അതിനെന്തിനാ നിന്റെ രക്ഷിതാവിനെ വിളിക്കണേ "
"അതല്ല , ഒപ്പമുണ്ടായിരുന്ന എല്ലാകുട്ടികളുടെയും വിളിക്കുന്നുണ്ട് . "
"അഹ് ...നോക്കട്ടെ .." അമ്മയുടെ അടുത്തുനിന്നും വരുമ്പോൾ അവന്റെ കയ്യിലിരിപ്പ് നന്നായി അറിയാവുന്ന ഞങ്ങൾ തടഞ്ഞുനിർത്തി
" സത്യം പറ നീയവനെ വീഴ്ത്തിയിട്ടതല്ലേ ?"
"മെല്ലെ പറ , 'അമ്മ കേക്കണ്ട . ബി ക്‌ളാസ്സിലെ പിള്ളാര് ഞങ്ങടെ ഡെസ്‌കെടുത്തു , ഞങ്ങളുപോയി തിരിച്ചുകൊണ്ടുവന്നു , അപ്പൊ അവര് പി ടി പിരീഡ് ഗ്രൗണ്ടിൽ അടിയുണ്ടാക്കാൻ വന്നപ്പോ അറിയാതെ വീണതാ. ആ പിശാശിന്റെ നെറ്റി പൊട്ടി "
"എടാ കള്ളാ .... ഒരുത്തനെ വീഴ്ത്തിയിട്ടിട്ട് അവൻ അമ്മയെ സോപ്പിടുന്നു , ഞങ്ങളൊന്നും ഇങ്ങനെ കുരുത്തക്കേട് കാണിച്ചിട്ടില്ല "
"ഓ പിന്നെ നിങ്ങള് രണ്ടും കൂടെ എന്നെ വിൽക്കാൻ പോയിട്ടില്ലേ ...? "
ഇത്തവണ മറുപടിയില്ലാതെ ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കിയപ്പോൾ അവൻ യുദ്ധം ജയിച്ചവനെ പോലെ പുറത്തേക്ക് നടന്നു .
കാലങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് , ഞാൻ അഞ്ചിലും നേരെ ഇളയ അനിയൻ നാലിലും പഠിക്കുമ്പോഴാണ് ചന്തൂന്റെ ജനനം . കുട്ടിയാണ് , അനിയനാണ് സംഭവം ഞങ്ങൾക്ക് ഇഷ്ടായി .
പക്ഷെ അവന് ഒരുവയസ്സൊക്കെ ആയിത്തുടങ്ങുമ്പോഴേക്കും 'അമ്മ അവനെ ഞങ്ങളുടെ കയ്യിൽ തന്ന് വീട്ടിലെ പണിയൊക്കെ ചെയ്യും , സ്‌കൂൾ വിട്ട് വന്നാലുള്ള കളിക്കാൻ പോക്ക് സ്ഥിരമായി മുടങ്ങാൻ തുടങ്ങി . ശനിയും ഞായറും ആണെങ്കിൽ 'അമ്മ ചെറിയ പണിക്കൊക്കെ അവനെ ഞങ്ങളുടെ കയ്യിലേൽപ്പിച്ചു പോകുമായിരുന്നു . അങ്ങനെ ദൂരദർശനിലെ സിനിമയും മുടങ്ങിത്തുടങ്ങി .
ഞങ്ങൾക്ക് കളിക്കാൻ പോകാനായി രാവിലെ ഒരാൾ ഉച്ചയ്ക്ക് ഒരാൾ എന്നിങ്ങനെ ടൈം ഷെഡ്യൂൾ ചെയ്തൊക്കെയാണ് നോക്കിയിരുന്നത് . അങ്ങനെ രാവിലെയും ഉച്ചയ്ക്കും ഞങ്ങൾ രണ്ടാളും മാറി മാറി അവനെ "ജനഗണമന മുതൽ മലയാളം കവിതകൾ വരെ താരാട്ടായി പാടിയാണ് അവനെ ഉറക്കുന്നത് . അവനെ വീട്ടിനകത്താക്കി വാതിലടച്ചാൽ നാടുമുഴോൻ കേൾക്കുന്ന അലർച്ചയാണ് , അട്ടപ്പെട്ടിയിൽ ഇട്ട് അടച്ചുവെച്ചു ശ്വാസം കിട്ടാൻ സുഷിരങ്ങൾ ഉണ്ടാക്കി വെച്ചാലും ലെവൻ എങ്ങനെയേലും അത് തുറക്കും .
ഓരോ ദിവസം കഴിയുമ്പോഴും അവന്റെ ഉറക്കം കുറഞ്ഞുകുറഞ്ഞുവന്നു , ഞങ്ങൾക്ക് പണി കൂടിക്കൂടി വന്നു , കളിക്കാൻ പോകാൻ ഒരു നിവൃത്തിയുമില്ലാതെയായി . അവസാനം അനിയന്മാരില്ലാത്ത എന്റെയൊരു കൂട്ടുകാരിക്ക് അവനെ കൊടുക്കാമെന്ന തീരുമാനമെടുത്തു . അവളോട് പറഞ്ഞപ്പോൾ അവൾക്കും പെരുത്ത് സന്തോഷം !
അങ്ങനെ ഞങ്ങൾ അനിയനെ അന്ന് നന്നായി കണ്ണെഴുതി പൊട്ടൊക്കെ വെച്ചുകൊടുത്തു , ദൈവത്തിന്റെ മുന്നിലോക്കെ കാര്യമായി പ്രാർത്ഥിച്ചു വീട്ടിലാരും ഇല്ലാത്ത നേരത്ത് അവനെയും കൊണ്ട് പോയി . മൂന്നുകിലോമീറ്ററോളം നടന്ന് അവളുടെ വീട്ടിലെത്തി കുട്ടിയെ കൈമാറും വരെ വല്ലാത്ത ടെൻഷനായിരുന്നു .
ആരെങ്കിലും കണ്ടാലോ അറിഞ്ഞാലോ ഞങ്ങടെ പ്ലാൻ നടക്കില്ലെന്ന് കരുതി എല്ലാം കൃത്യമായാണ് ചെയ്തത് . 'അമ്മ വന്ന് ചോദിച്ചാൽ പൂതപ്പാട്ടിലെ പോലെ ഏതെങ്കിലും പൂതമോ സിനിമയിലെപ്പോലെ യക്ഷിയോ കൊണ്ടുപോയിക്കാണും ഞങ്ങൾ തൊട്ടിലിൽ ഉറക്കിയതാണ് എന്നൊക്കെ പറയണമെന്നും തീരുമാനിച്ചു .
പോകും വഴി അനിയൻ ഓരോന്ന് ചോദിച്ചുകൊണ്ടേയിരുന്നു
"'അമ്മ വിശ്വസിക്കുമോ ... അറിഞ്ഞാൽ നമ്മളെ തല്ലുമോ " എന്നൊക്കെ , ഇല്ലെന്ന് സമാധാനിച്ചുഞങ്ങൾ നടക്കുമ്പോഴും കയ്യിലിരുന്ന കുട്ടി സന്തോഷത്തിലായിരുന്നു . സുഹൃത്തിന്റെ വീടെത്താനായപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും വലിയ പേടി , പക്ഷെ ഞങ്ങളെ കണ്ടതും കുഞ്ഞുവാവയെ കിട്ടുമെന്നറിഞ്ഞ അവൾ ഓടി വരുന്നു .
"ഇവനെ ഇപ്പൊ കൊടുത്ത ഇനിയൊരിക്കലും നമുക്ക് തിരിച്ചു കിട്ടില്ലാലെ ?"
എന്ന അനിയൻറെ ചോദ്യത്തിന് മുന്നിൽ ഞാൻ നിശബ്ദയായി , അവൻകാരണം കളിക്കാൻ പോക്കൊന്നും നടക്കുന്നില്ലെങ്കിലും അവനെ നഷ്ടപ്പെടുന്നത് വേദനയാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞു . എന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ അവന്റെ കണ്ണുകളും നിറയുന്നത് കണ്ടു .
"കൊടുക്കണ്ടാലേ ?"
"വേണ്ട "
"അവള് ചോദിച്ച എന്തുപറയും ?"
"'അമ്മ കൊടുക്കണ്ട പറഞ്ഞു പറയാം "
ഞങ്ങളുടെ പ്രതികരണം പറഞ്ഞപ്പോൾ വിഷമത്തോടെ നിൽക്കുന്ന അവളുടെ മുൻപിൽ നിന്നും കുട്ടിയുമായി കഴിയുന്നത്ര വേഗത്തിൽ ഓടിവരുമ്പോൾ കുട്ടി അത് സുഖിച്ചെന്ന മട്ടിൽ നന്നായി ചിരിക്കുന്നുണ്ടായിരുന്നു .! ഞങ്ങൾ രണ്ടാളും ആദ്യമായി അവനെയോർത്ത് കരയുകയും .
പിന്നീട് അവനും ഞങ്ങളും ഏറെ വളർന്നു , പത്തുപന്ത്രണ്ട് വർഷത്തിനിപ്പുറം അവനെ കളയാൻ പോയ ഞങ്ങളുടെ ലോകം അവനായി മാറുന്നത് അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു . വീട്ടിലെ കിരീടം വെക്കാത്ത രാജാവ് . അവനുവേണ്ടി വാങ്ങിക്കൂട്ടിയിരുന്ന കളിപ്പാട്ടങ്ങൾ , അവനുവേണ്ടി മറക്കാതെ കരുതുന്ന മിട്ടായികൾ , അവനുവേണ്ടി മാറ്റിവയ്ക്കുന്ന ഇഷ്ടങ്ങൾ , അവന്റെ സന്തോഷം കാണാൻ വേണ്ടി മാത്രം അവനെ വിൽക്കാൻ പോയ രണ്ടു സഹോദരങ്ങൾ ശ്രമിക്കാറുണ്ടെന്നത് കാലത്തിന്റെ മധുരപ്രതികാരം .
രണ്ടുതവണ പ്ലാസ്റ്റിക് സർജറിക്കായി അവനെ കൊണ്ടുപോവേണ്ടി വന്നപ്പോഴും ഇടയ്ക്കിടെ കയ്യിലിരിപ്പുകൊണ്ട് കയ്യും ,കാലും ,നെറ്റിയും ഒക്കെ ഒടിച്ചെന്നും വേഗം എത്തണമെന്നും സ്‌കൂളിൽ നിന്നും വിളിച്ചുപറയുമ്പോഴും ഞങ്ങളനുഭവിക്കാറുള്ള മാനസികാവസ്ഥ , അവനെക്കുറിച്ചുള്ള ഈ ഓർമ പങ്കുവയ്ക്കുമ്പോഴും കണ്ണുനിറയുന്നത് ഞാനറിയുന്നുണ്ട് .
കൂടപ്പിറപ്പുകൾ ഏറ്റവും വലിയ അനുഗ്രഹമാണ് ... !!!
"പ്രണയം " എന്തുമനോഹരമായ വികാരമാണല്ലേ, എവിടെയോ ഏതോ ജാതിയിൽ, മതത്തിൽ, കുടുബത്തിൽ, രാജ്യത്തിൽ , ജനിച്ചു ജീവിതത്തിന്റെ ഏതോ ഒരു വീഥിയിൽ വച്ച് കണ്ടുമുട്ടുകയും ഇനി മുതൽ നീയില്ലാതെ ഞാനില്ലെന്നും ഞാനില്ലാതെ നീയില്ലെന്നും തോന്നിപ്പിക്കുന്ന പ്രാന്താണ് പ്രണയം "
"പ്രാന്തുതന്നെ, കണ്മുന്നിലെ കാഴ്ചകളെ കാണാതെ ത്രിശങ്കുസ്വർഗ്ഗത്തിൽ ജീവിക്കാൻ കൊതിക്കുകയാണ് ഓരോ പ്രണയിതാക്കളും "
"ദേ തൊടങ്ങി വട്ട് പറയാൻ, ഒരു മൂഡിലങ്ങു പ്രേമിച്ചുവരുമ്പോഴേക്കും ഇടങ്കോലിടും. ഇങ്ങനൊരു മണ്ടനെയാണല്ലോ ഞാൻ കല്യാണം കഴിച്ചത് ദൈവമേ.... "
"എടി ബുദ്ധിയുള്ള പുണ്യാളന്മാരെക്കാൾ നല്ലത് ഞങ്ങൾ ബുദ്ധിയില്ലാത്ത സാധാരണക്കാരാണ്, അതുകൊണ്ടല്ലേ ഇത്രയൊക്കെ പുകിലുണ്ടായിട്ടും നീ എന്റെകൂടെ ഉണ്ടായത് "
"നല്ലൊരു വാലന്റൈൻസ് ഡേ ആയിട്ട് നമുക്കൊരു യാത്ര പോയാലോ ?"
"എങ്ങോട്ടേയ്ക്കു വേണം ?"
"അത് നിങ്ങടെയിഷ്ടം. വിവാഹം കഴിഞ്ഞുള്ള ആദ്യ വാലന്റൈൻസ് ഡേ അല്ലെ, മറക്കാനാവാത്ത സ്ഥലം വേണം "
"ശരി, വേഗം റെഡിയായി വാ "
വിവാഹം കഴിഞ്ഞു ആറുമാസത്തിനിടയ്ക്കു ആദ്യമായാണ് ഞാൻ പറഞ്ഞൊരുകാര്യം എന്റെ ഭർത്താവ് അനുസരിക്കുന്നത്.
എവിടേക്കാണ് എന്താണ് എന്നൊന്നും ചോദിച്ചില്ല, എവിടേക്കുപോകാനും ഞാൻ റെഡി എന്നമട്ടിൽ ബൈക്കിനുപുറകിൽ കയറിയിരുന്നു.
വഴിയേപോകുന്നവർ ഞങ്ങളെ നോക്കുന്നത് കൂടെ കണ്ടപ്പോൾ കൂടുതൽ സന്തോഷമായി, അല്ല അല്പം ഗമയൊക്കെയായി, ഇത്തിരികൂടി ഒരുങ്ങായിരുന്നു.
വണ്ടി നിന്നത് ഞങ്ങടെ നാട്ടിൽ പേരുകേട്ട എൻ എം ആർ ബിരിയാണി മെസ്സിന് മുൻപിൽ, പതിനൊന്നുമണി ആവുന്നേയുള്ളെങ്കിലും ബിരിയാണിയുടെ മണം മൂക്കിൽ തുളച്ചുകയറാൻ തുടങ്ങി. ഉസ്താദ് ഹോട്ടെലിൽ കൂടെ ഇത്ര നല്ല ബിരിയാണിയായിരുന്നോ എന്നെനിക്ക് സംശയമില്ലാതില്ല.
"നീയിവിടെ നിൽക്കു, ഞാൻ പാർസൽ വാങ്ങിവരാം "
, പാർസൽ വാങ്ങി എവിടെയും കറങ്ങാതെ വീട്ടിൽ പോവാനാണോ ഈ മനുഷ്യൻ എന്നോർത്തപ്പോൾ നേരിയ ദേഷ്യം തോന്നിയെങ്കിലും പുറത്തുകാണിക്കാതെ മെസ്സിലേക്ക് വരുന്നവരെ നോക്കിനിന്നു.
ഞങ്ങളെ പോലെ പുതുമോടി മാറാത്ത കുറച്ചുപേർ ഞായറാഴ്ച സവാരിക്കടയിൽ വന്നതാവും, കോളേജിലെ തല്ലിപ്പൊളി ജീവിതത്തെ ഓർമപ്പെടുത്തും പോലെ ഒന്നുരണ്ട് സൗഹൃദക്കൂട്ടങ്ങൾ, വാലന്റൈൻസ് ഡേ ആഘോഷിക്കാനിറങ്ങിയ പത്തിരുപത് ജോഡി പ്രണയിതാക്കൾ, കുടുംബസമേതം എത്തിയവർ, അടുത്തുള്ള ലേബർ ഹോമിലേക്ക് പുതിയ അഥിതിയെത്തിയ സന്തോഷം ബിരിയാണിയായി പങ്കുവയ്ക്കാൻ വന്നവർ, മലയാളികളുടെ ദേശീയ തൊഴിലാളികളായി മാറിക്കൊണ്ടിരിക്കുന്ന കുറച്ചു ബംഗാളികൾ.....
വായിനോട്ടം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുമ്പോഴേക്കും കയ്യിൽ വലിയൊരു സഞ്ചിയും താങ്ങിപ്പിടിച്ചു ആള് വന്നു.
"രണ്ടാൾക്കുകഴിക്കാൻ വാങ്ങാൻ പോയ മനുഷ്യൻ ഒരു പഞ്ചായത്തിനുള്ളതുമായി വരുന്നു.
"ഇതെന്താ ഇത്രയും "
"നിന്റെ വയറുനിറയെ കഴിക്കാൻ "
"ഞാനെന്താ ആനയോ ?"
മറുപടിയായി ഒരു ചിരിമാത്രം. വരുമ്പോൾ സുഖമായിരുന്ന എന്റെമടിയിൽ പത്തിരുപത് കിലോ ബിരിയാണിയും വച്ച് യാത്ര തുടങ്ങി.
എന്റെ ചോദ്യങ്ങൾക്ക് തർക്കുത്തരം കേട്ട് കേട്ട് മതിയായപ്പോൾ ഞാൻ മിണ്ടാതിരുന്നു "പ്രേമിക്കാനറിയാത്ത മണ്ടൻ ".
ബൈക്ക് നിന്നത് സർക്കാർ അനാഥമന്ദിരത്തിന്റെ മുൻപിലാണ്. എന്തൊരു മനുഷ്യൻ ആണിത്, ആളുകളെ സഹായിക്കേണ്ട എന്നൊന്നും ഞാൻ പറയില്ല, പക്ഷെ ഒരു വാലന്റൈൻസ്‌ഡേ ഒക്കെ സ്വന്തമായിട്ട് ആഘോഷിക്കാം. പാർക്കോ, സിനിമയോ ഒക്കെ ആയിങ്ങനെ രണ്ടുപേരുംകൂടി നടക്കുന്നത് സ്വപനം കണ്ടതൊക്കെ കയ്യാലപ്പുറത്തെ തേങ്ങപോലെ കൊഞ്ഞനം കുത്തുന്നു.
അങ്ങോട്ടെന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ട് ഞാൻ മിണ്ടാതെ പുറകെ നടന്നതേയുള്ളൂ.
നിശബ്ദമായ അന്തരീക്ഷം, സിനിമയിൽ കാണുമ്പോലെ മുറ്റം നിറച്ചും കുട്ടികളില്ല, അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന കന്യാസ്ത്രീകളില്ല,
ദ്രവിച്ചുതുടങ്ങിയ ചുവരുകളും ഒഴിഞ്ഞുകിടക്കുന്ന ഇരുമ്പെന്നോ തുരുമ്പെന്നോ തിരിച്ചറിയാൻ കഴിയാത്ത കട്ടിലുകൾ, മാഞ്ഞുതുടങ്ങിയ ചുവരെഴുത്തുകൾ, മേൽക്കുമേൽ പതിച്ചു പതിച്ചു വൃത്തികേടായ നോട്ടീസ് ബോർഡ്, ഹെൽത്ത് സെന്ററിനെ ഓർമിപ്പിക്കും വിധത്തിലുള്ള ചെറിയൊരു ക്ലിനിക്, അതിനടുത്തായി നാശമായിക്കൊണ്ടിയിരിക്കുന്ന "അമ്മത്തൊട്ടിൽ ".
രണ്ടുദിവസമായി വൃത്തിയാക്കാത്ത പരിസരം. ഞങ്ങളാദ്യം ചെന്നത് സൂപ്രണ്ടിന്റെ മുറിയിലേക്കാണ്
"എന്താടോ കുറെയായി കാണുന്നില്ലാലോ " പരിചയഭാവം
"തിരക്കായിരുന്നു സാറേ, കല്യാണത്തിന്റെ "
"ഇതാണോ ആൾ "
"അതെ. "
അയാളെനിക്കൊരു പുഞ്ചിരി സമ്മാനിച്ച്.
, "ആരെയും കാണുന്നില്ലാലോ ?"
"ലയൺസ് ക്ലബുകാര് കൊണ്ടുപോയതാ, പാവപ്പെട്ട കുട്ടികൾക്ക് വസ്ത്രവിതരണം മന്ത്രിയുടെ കൈകൊണ്ട്, അറിഞ്ഞില്ലേ "?
" അഹ്.... ബോർഡ് കണ്ടിരുന്നു സാർ. വിടണമായിരുന്നോ ?"
"ആഗ്രഹം ഉണ്ടായിട്ടല്ലടോ, അങ്ങനെയെങ്കിലും അതുങ്ങൾക്ക് നല്ല ഉടുപ്പെങ്കിലും കിട്ടട്ടെ വെച്ചാ, നിങ്ങളെപ്പോലുള്ളവർ ഇല്ലെങ്കിൽ ഈ സർക്കാർ തരുന്നതും കൊണ്ട് ഈ സ്ഥാപനം നടത്താൻ പറ്റോ "?
"ഉം... "
"അല്ലെങ്കിലും പാവപ്പെട്ടവന് എന്നുപറഞ്ഞു കൊടുക്കുന്നതുവാങ്ങാനും, അവരുടെ പൊങ്ങച്ചം കേൾക്കാനും ആരെങ്കിലും പോകുമോ. ആർക്കും വേണ്ടാത്ത അവരെക്കൊണ്ട് ലയൺസ് ക്ലബ്ബ്കാർക്കെങ്കിലും ഉപയോഗമുണ്ടാവട്ടെ ലെ "
"പിന്നെ..... അഞ്ചും ആറും അക്കശമ്പളം വാങ്ങുന്നവര് പത്തോ ഇരുനൂറോ പിരിവിട്ട് വാങ്ങിക്കൊടുത്ത് ആളാവാൻ "
"ശരിയാ സാർ. വെറുതെ പ്രസംഗിക്കാനും അനുതപിയ്ക്കാനും കഥയെഴുതാനും സിനിമയെടുക്കാനും പിന്നെ സിമ്പതി ഉണ്ടാക്കാനും മാത്രേ ഇവരെക്കൊണ്ട് ആവശ്യമുള്ളൂ, സംരക്ഷണമൊക്കെ വെറുതെയാ "
"പിന്നെ നമ്മടെ ആ കുട്ടിയെ ദത്തെടുക്കാൻ ആള് വന്നിട്ടുണ്ട്, മുംബൈയിലേക്ക്‌ ആണെന്ന് തോന്നുന്നു. കണ്ടിട്ടെന്തോ വശപ്പെശകുണ്ട്, പക്ഷെ അവരുടെ അടുത്ത് എല്ലാ പേപ്പറുമുണ്ട്. വിട്ടുകൊടുക്കാതിരിക്കാൻ പറ്റില്ല "
"ചതിക്കുമോ സാറേ അവനെയും ? "
"അറിയില്ലടോ, അതിന്റെ തന്തയ്ക്കും തള്ളക്കും വേണ്ട, കൂലിക്കാണെങ്കിലും ഈ കൈകൊണ്ട് എടുത്തുവളർത്തിയ പിള്ളാരെ വിട്ടുകൊടുക്കുമ്പോൾ ഉള്ളിലൊരു നീറ്റലാണ്. അവരുടെ ഭാവി എങ്ങനെയാവുമെന്നോർത്തു... ഭിക്ഷാടന മാഫിയയോ, അവയവക്കച്ചവടമോ ആവാതിരുന്നാൽ മതിയായിരുന്നു "
"വേണമെന്നുള്ളവർക്ക് തരുകയുമില്ലാലെ.... "
"നമ്മുടെ മനസ്സുപോലെയല്ലാലോ നിയമങ്ങൾ, നിങ്ങള്ക്ക് ഭാവിയിൽ കുട്ടികളുണ്ടാവുന്നതിനാൽ ദത്ത് വേണമെങ്കിൽ അഞ്ചുലക്ഷമെങ്കിലും അവന്റെപേരിൽ ഡപോസിറ്റ് ചെയ്യണം.... താനിരിക്കു, ഞാനിപ്പോൾ വരാം "
ഞങ്ങൾ അമ്മത്തൊട്ടിലിന് അടുത്തുള്ള വാകമരച്ചോട്ടിലിരുന്നു.
"ഏതുകുട്ടിയുടെ കാര്യമാണ് ചോദിച്ചത് ?"
"രാഹുൽ "
"അവനെ എടുത്തുവളർത്തണം എന്നുണ്ടോ ?"
"ഉം..... "
"എങ്കിൽ വളർത്തിക്കോളൂ, നമ്മുടെ കുട്ടികളുടെ ഒപ്പം വളരട്ടെ നമ്മുടെ മകനായി "
"അതിനുള്ള പണം നിന്റടുത്തുണ്ടോ ? അനാഥാലയത്തിൽ നിന്നും വെറുതെ കുഞ്ഞിനെ തരില്ല, വിവാഹം കഴിഞ്ഞു മിനിമം അഞ്ചുവര്ഷമെങ്കിലും കഴിയണം, കുഞ്ഞുണ്ടാവില്ലെന്ന സാക്ഷ്യപത്രം വേണം, അല്ലെങ്കിൽ സ്വന്തിന്റെ അവകാശം കുട്ടിയ്ക്ക് കൂടി എഴുതിവയ്ക്കണം, അവന്റെ പേരിൽ നല്ലൊരു തുക ഡെപ്പോസിറ് ചെയ്യണം "
"ഇതൊക്കെ അന്വഷിച്ചോ നേരത്തെ
"
"ഉം.... "
"നിങ്ങൾക്കെന്ത ആ കുട്ടിയോട് മാത്രം "
"ഏയ്..... ഒന്നൂല്ല.... "
"ഇല്ലാതെ ആ സൂപ്രണ്ട് നിങ്ങളോട് ഇത്ര കാര്യമായി പറയില്ല "
"ഉം. നീ പറഞ്ഞത് ശരിയാണ്. അവനെയെനിക്ക് അറിയാം "
"ആരാ " ഇയാളെങ്ങാനും എന്നെ ചതിച്ചോ എന്ന ചിന്ത മനസ്സിൽ ഉരുണ്ടു കൂടി ചതിച്ചെങ്കിൽ വെച്ചേക്കില്ല ദുഷ്ട നിന്നെ എന്ന് മനസ്സിലുറപ്പിച്ചു.
"ഇപ്പോഴല്ല നാലുവർഷം മുൻപാണ്. അന്ന് ഓട്ടോ വാങ്ങിയിട്ടില്ല. കാർ ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്താണ് അവരെ കണ്ടുമുട്ടുന്നത്.
ഒപ്പം പഠിക്കുന്ന കുട്ടികളാണ്, നാലുപേർ. ക്ലാസ് കട്ട് ചെയ്ത് മുങ്ങിയതായിരുന്നു. കോയമ്പത്തൂർ ഏതോ എൻജിനിയറിങ് കോളേജിൽ പഠിക്കുകയാണ്. പെട്ടെന്ന് തന്നെ ഞങ്ങൾ കൂട്ടാവുകയും ചെയ്തു.
ഓട്ടോയിലോ ബസിലോ പോയാൽ ആരെങ്കിലും കാണും എന്നതുകൊണ്ട് ടാക്സിയിൽ എന്നെ ഞാനും കരുതിയുള്ളൂ. പൊള്ളാച്ചി, ഊട്ടി, മേട്ടുപ്പാളയം, പാലക്കാട്, മധുര തുടങ്ങി പലയിടത്തും അവരെനിക്ക് ട്രിപ്പ് തന്നിരുന്നു.
കുട്ടികളുടെ പ്രണയം എന്നെ ഞാൻ കരുതിയുള്ളൂ, പക്ഷെ ഒരുദിവസം അവർ എന്നെക്കാണാൻ വന്നത് കോയമ്പത്തൂരുള്ള ഒരു ഇല്ലീഗലായി അബോർഷൻ നടത്തുന്നിടത്തേക്ക് പോവാനായിരുന്നു. അറിഞ്ഞപ്പോൾ ഞാൻ കുറെ എതിർത്തെങ്കിലും അവർ സമ്മതിച്ചില്ല. "
"ഇതാണല്ലേ കയ്യിലിരിപ്പ് പിള്ളാരുടെ "
"ഏയ് അവർക്കുവേണ്ടിയല്ല, അവരുടെ മറ്റൊരു സുഹൃത്ത്. തനി നാട്ടിൻപുറത്തുകാരി പെണ്ണ്. അടുത്ത വീട്ടിലെ പയ്യനാണ് കക്ഷി. വീട്ടുകാരറിയാതെ പ്രണയിച്ചു അവസാനം മനസ്സും വയറും നിറഞ്ഞെത്തിയ കൂട്ടുകാരിയെ സഹായിക്കാൻ വന്നവർ. "
"എന്നിട്ടോ ?"
"അബോർഷൻ നടത്തേണ്ട സമയമൊക്കെ കഴിഞ്ഞതുകൊണ്ട് മറ്റുവഴിയില്ലാതെ തിരികെ വരേണ്ടിവന്നു. പക്ഷെ അവൾ എന്റെ പ്രിയപ്പെട്ട മാഷിന്റെ മോളായിരുന്നു. കഷ്ടപ്പാടുണ്ടായിരുന്ന സമയത്ത് ഒരുപാട് സഹായിച്ചകുടുംബം, അതൊരു വേദനയായി മനസ്സിൽ കയറി.
അതിനിടയിൽ രണ്ടുപേരുടെയും വീട്ടിലറിഞ്ഞു പ്രശ്നമായപ്പോൾ എന്തുവന്നാലും പ്രണയം കൈവിടില്ല പറഞ്ഞവർ തമ്മിൽ പിരിഞ്ഞു.
വീട്ടുകാരും അഭിമാനം നോക്കി പുറത്ത് പറഞ്ഞില്ല. അവസാനം പാലക്കാട് വെച്ചായിരുന്നു അവളുടെ പ്രസവം. കുഞ്ഞിനെ അന്നുതന്നെ അനാഥാലയത്തിന് കൈമാറി. ഇതിനിടയിൽ ഇവരുടെ പ്രണയത്തിനുവേണ്ടി ആത്മാർത്ഥമായി കൂട്ടുനിന്നവർ പുറത്തുമായി.അല്ലെങ്കിൽ വീണ്ടും അവരെ ഒന്നിപ്പിക്കാൻ ശ്രമിച്ചാലോ എന്ന് വീട്ടുകാർക്ക് തോന്നിക്കാണണം "
ആരൊക്കെയോ പറഞ്ഞറിഞ്ഞു ആ കുട്ടികൾ അനാഥാലയത്തിലെത്തി ആ കുഞ്ഞിനെ കാണുമായിരുന്നു . അപ്പോ എന്നെയും വിളിക്കും, പഠിപ്പൊക്കെ കഴിഞ്ഞു ജോലിയായപ്പോൾ അവർ വരാതെയായി, പക്ഷെ എനിക്കെന്തോ പോവാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ ഇടയ്ക്കിടെ പോകുമായിരുന്നു. ആ സംഭവമെല്ലാം കഴിഞ്ഞിട്ട് മൂന്നര വർഷമായി.

മാഷിന്റെ മോളും അവനും ഒന്നും നടക്കാത്തപോലെ വിവാഹിതരായി,ഏതൊ നിരപരാധികൾ പോയകാലം അറിയാതെ അവരുടെകൂടെ ജീവിക്കാൻ തുടങ്ങി. കൂട്ടുകാരുടെ വിവരം അറിയില്ല, ഞാൻ ഓട്ടോ വാങ്ങി ഇങ്ങോട്ടും പോന്നു "
"പ്രണയം വേണം, പക്ഷെ ഇതുപോലെ അനാഥജന്മങ്ങളെ സൃഷ്ടിക്കാനാവരുത് "
"ഉം.... അവന്റെ അമ്മയും അച്ഛനും നാട്ടിലെ വലിയ കുടുംബങ്ങളിലെയാ, അവർ പട്ടുമെത്തയിൽ കിടന്നുറങ്ങുമ്പോൾ ആ കുഞ്ഞിവിടെ തറയിൽ വിരിച്ചും, അവർ കൂട്ടിന് ആളെ കണ്ടെത്തിയപ്പോൾ അവൻ കീറപ്പുതപ്പിൽ അഭയം തേടിയും, അവർ ഭക്ഷണം വലിച്ചെറിയുമ്പോൾ അവൻ അത് പെറുക്കിയെടുത്തും അവർ പ്രണയിക്കുമ്പോൾ അവൻ അനാഥനായും ജീവിക്കുന്നു.
പനിച്ചു കിടന്നാൽ കൂട്ടിരിക്കാനും, വീണുപോയാൽ പിടിച്ചെഴുന്നേൽപ്പിക്കാനും അവനാരുമില്ല.
അവൻ മാത്രമല്ല വിദ്യ ഇവിടെയുള്ള പത്തൊൻപത് കുട്ടികൾക്കും പറയാനുള്ളത് ഒരേ കഥയാണ് "തന്റേതല്ലാത്ത കാരണങ്ങളാൽ നിഷേധിക്കപ്പെട്ട നീതിയുടെ ".
"അത്ര കുട്ടികളെ ഉള്ളൂ "
"ഉം.... അനാഥാലയത്തിൽ അംഗസംഖ്യ കൂടുമ്പോൾ അതൊരു സമൂഹത്തിന്റെ അധഃപതനമാണ് എന്ന് മറക്കണ്ട "
അനാഥാലയത്തിന്റെ വണ്ടിയിൽ നിന്നും സന്തോഷത്തോടെ കൈകളിൽ കവറുമായി ഇറങ്ങിയ കുട്ടികളെ നോക്കി ഞങ്ങൾ കുറച്ചുനേരം നിന്നു.
മനുഏട്ടനെ കണ്ടപ്പോൾ പ്രിയപ്പെട്ടവനേ പോലെ ചുറ്റും കൂടി, ഒരു കുട്ടി അടുത്തുവന്നു മണത്തുനോക്കിയിട്ട് "ബിരിയാണി " ?
"കണ്ടുപിടിച്ചല്ലേ ?"
"കളർ ബോക്സ് കൊണ്ടുവന്നോ ?"
പോക്കെറ്റിൽ നിന്നും ചെറിയൊരു വാട്ടർ കളർ ബോക്സ് എടുത്ത് കയ്യിൽ കൊടുക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു " ഇങ്ങളും പറ്റിക്കും ന്ന് കരുതി ഞാൻ. താങ്ക്യൂ "
രാഹുലിനെ കാണിക്കുമ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി ഇത്രയും ഓമനത്തമുള്ള കുഞ്ഞിനെ എങ്ങനെ ആ വീട്ടുകാർ ഉപേക്ഷിച്ചു. അവന്റെ കൊച്ചുവർത്തമാനം കേട്ടിരിക്കുമ്പോൾ ആരുമല്ലാതിരുന്നിട്ടും എന്റെ മനസ്സുപോലും നിറഞ്ഞു.
"വീണ് പൊട്ടിയ കാലിലെ സ്റ്റിച്ചിട്ട വേദന വകവയ്ക്കാതെ അവനും ഭക്ഷണം കഴിക്കാനുള്ള ബെല്ലടികേട്ടപ്പോൾ ഓടിയും വീണും പോവുന്നു. ഇത്രചെറുപത്തിൽ സ്വന്തംകാര്യം നോക്കാനാവൻ പ്രാപ്തനായിരിക്കുന്നു.

"നിനക്ക് സമ്മതമാണെങ്കിൽ നമുക്കൊരു കുട്ടിയെ കൊണ്ടുപോവാം. ആരെയായാലും നീ പറയുമ്പോലെ "
ഞാൻ കുട്ടികളെ മാറി മാറി നോക്കി, എന്റേതാക്കാൻ പറ്റിയ മുഖത്തിനായി. പിന്തിരിഞ്ഞപ്പോൾ ചോദ്യം വന്നു
"ആരെയും ഇഷ്ടപ്പെട്ടില്ല ? "
"അതല്ല ഏട്ടാ എനിക്കെല്ലാവരെയും വേണമായിരുന്നു. കുട്ടികളെ ഇഷ്ടപ്പെടാൻ കാരണങ്ങൾ വേണ്ടല്ലോ... "
പ്രണയത്തിന്റെ അന്നുവരെ അറിയാത്ത പാഠങ്ങൾ ആ കുരുന്നുമുഖങ്ങളിലൂടെ ഞാൻ കണ്ടു. ഇനിയുമൊരഥിതി കൂടെ അവിടെയെത്താതിരിക്കട്ടെ എന്ന പ്രാർത്ഥനമാത്രമേ ഉണ്ടായുള്ളൂ അവിടെനിന്നിറങ്ങുമ്പോൾ, പ്രണയം അവസാനിക്കപ്പെട്ടിടത്തുനിന്നും അതിനെ കണ്ടെത്തിത്തുടങ്ങണം.ഒരുകൂട്ടം കുഞ്ഞുങ്ങളുടെ സ്നേഹത്തേവച്ചും മറ്റെന്ത് സമ്മാനം വേണം...
എങ്കിലും എനിക്കറിയാം നാളത്തെ തലമുറയെ അനാഥരാക്കാനായി എവിടെയെക്കൊയോ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്നു
ഏതൊക്കെയോ നിസ്സാഹായരായ പെണ്ണിന്റെ മാനം വഴിയരികിൽ ചീന്തപ്പെടുന്നു
അപ്രതീക്ഷിതമായ അപകടങ്ങൾ,
മരണങ്ങൾ,
പ്രകൃതി ദുരന്തങ്ങൾ
പ്രണയങ്ങൾ,
ജനിതകവൈകല്യങ്ങളോടെയുള്ള ജനനങ്ങൾ ഓരോ നിമിഷവും ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു... !!!
"എത്ര കാലം ഇങ്ങനെ ജീവിക്കാനാണ് നിന്റെ തീരുമാനം .....?
"അതിലെന്താണമ്മേ ഇത്ര ചിന്തിക്കാൻ ... ഒരു കൂട്ടുവേണമെന്നെനിക്ക് തോന്നും വരെ "
"കയ്യിലൊരു പെങ്കോച്ചുള്ള ഓർമ്മവേണം . അതിനെ നോക്കാനെങ്കിലും ആളുവേണ്ടേ ..? അവളെ കെട്ടിച്ചുവിട്ടാലും നിനക്ക് ജീവിക്കാനൊരു തുണ വേണ്ടേ "?
'"അതിനെ നോക്കാൻ ഞാനുണ്ടല്ലോ . അവൾക്ക് ഈ അച്ഛനൊരു ബാധ്യതയായി തോന്നുന്നകാലത്ത് മറ്റുവഴികൾ ആലോചിച്ചാൽ പോരെ ?
"ആ പ്രായത്തിൽ പിന്നെയാര് വരാനാ ..വല്ല കടത്തിണ്ണയിലും കിടന്ന് കാലം കഴിക്കാനാണോ ...?"
"ഹ ഹ മുകളിലാകാശം താഴെ ലക്ഷക്കണക്കിന് മനുഷ്യരുടെ പാദസ്പര്ശത്താൽ പാവനമായ ഭൂമി ... നക്ഷത്രങ്ങളുടെ കാവൽ ... അമ്പിളിമാമന്റെ വെളിച്ചം ... പെട്ടെന്നൊരു ദിവസം തീരുമ്പോൾ എടുത്തോണ്ട് പോകാൻ മുനിസിപ്പാലിറ്റിക്കാർ ...
കടത്തിണ്ണയും സുഖം തന്നെയല്ലേയമ്മേ .....??"
അമ്മയുടെ മടിയിൽ കിടന്ന് മറുപടി കൊടുക്കുമ്പോഴും എന്റെ ശ്രദ്ധ മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന ഋതുവിൽ തന്നെയായിരുന്നു . അവളുടെയമ്മയെപ്പോലെ എന്തൊരു ശ്രദ്ധയാണ് ചെയ്യുന്ന കാര്യത്തിൽ
അവൾ പോയിട്ടിപ്പോൾ പത്തുകൊല്ലം തികഞ്ഞിരിക്കുന്നു ...! മുടങ്ങാതെ ഇപ്പോഴും അവൾ പറഞ്ഞേൽപ്പിച്ചപോലെ അമ്മയെ കാണാനും , തങ്ങളാദ്യമായി കണ്ടുമുട്ടിയ ഇടങ്ങളിലും മകളുമായി നടക്കാറുണ്ട് . ആദ്യമായവൾ നെഞ്ചോടു ചേർന്നിരുന്ന വാകമരത്തണലിൽ തനിച്ചിരിക്കാറുണ്ട് .ഒരുമിച്ചുനടന്ന ഇടങ്ങളിലെത്തുമ്പോൾ ഇടതുഭാഗം ചേർന്നെപ്പോഴും അവളുണ്ടാവുന്ന അനുഭൂതിയാണ്
" എന്തെടാ ഒന്നും പറയാത്തത് ...? ലക്ഷ്മിന്റെ കാര്യം ഒറപ്പിക്കട്ടെ ....."
"വേണ്ട ....."
"അത് പറഞ്ഞാൽ പറ്റില്ല . നിന്നെയിങ്ങനെ വിടാൻ ഞാനുദ്ദേശിച്ചിട്ടില്ല "
"അമ്മയൊരു കാര്യം മനസ്സിലാക്കണം അവളുടെ ശരീരം മാത്രമേ ഇലാതെയായിട്ടുള്ളു ആത്മാവിപ്പോഴും എന്റെ കൂടെയുണ്ട് . ഞാനെന്ത് ചെയ്താലുംഅവൾ സഹിക്കും പക്ഷെ മറ്റൊരു പെണ്ണിനെ നോക്കുന്നത് മാത്രം സമ്മതിക്കില്ല ...."
"നീ ഭ്രാന്ത് പറയാതെ .... ചത്തുപോയവരിനി ജീവിച്ചു വരില്ല . കെട്ടിയവൻ മരിച്ച പെണ്ണുങ്ങൾ പോലും വേറെ കെട്ടുന്നു , എത്ര പേര് കുഞ്ഞുമക്കളെ പോലും മറന്ന് ഓടിപ്പോകുന്നു ...കല്യാണം കഴിഞ്ഞിട്ടും അവിഹിതങ്ങളുമായി എത്രപേര് നടക്കുന്നു ...... നിനക്ക് മകളുടെ ഭാവിക്കുവേണ്ടിയൊന്നു കെട്ടിക്കൂടെ ...?"
"അവരല്ലാലോ ഞാൻ "
"നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല . ലക്ഷ്മിയെ ഞാൻ വിളിച്ചിട്ടുണ്ട് അവള് ഇപ്പോഴിങ്ങോട്ട് വരും .... നീ തന്നെ പറ അവളോട് "
"വരട്ടെ ...."
"എടാ കെട്ടിയോൻ ഉപേക്ഷിച്ചു വന്നു നിൽക്കുന്ന പെണ്ണാണ് ,അതിനൊരു ജീവിതം വേണം .... നിനക്കും വേണം ...രണ്ടുപേർക്കും എല്ലാ കാര്യങ്ങളുമറിയാം .... കുടുംബവും നമ്മളറിയാവുന്നത് ....ജോലിയുമുണ്ട് ...ആവശ്യത്തിന് പണവുമുണ്ട് ..കാണാനും തെറ്റില്ല ....ഇതിൽ കൂടുതലെന്താടാ നിനക്ക് വേണ്ടിയെ ..."? അവള് എന്ത് കൈവിഷമാണ് നിനക്ക് തന്നത് ...?
"എന്തുണ്ടായാലും അവളെപ്പോലെ വരില്ലാലോ ഏത് പെണ്ണും , അതുകൊണ്ടല്ലേ അമ്മയെയും അച്ഛനെയും വരെ ധിക്കരിച്ചു അവളെ വിളിച്ചിറക്കി കൊണ്ടുപോയത് ....?
അവൾക്ക് ഇഷ്ടപ്പെട്ടതെല്ലാം ഇട്ടെറിഞ്ഞു എന്നെമാത്രം പ്രതീക്ഷിച്ചു വന്നതല്ലേയവൾ ....?
ഈ രണ്ടുവീട്ടുകാരും അഭിമാനത്തെ വെച്ചും മക്കളെ സ്നേഹിച്ചെങ്കിൽ ഒരുപക്ഷെ അവളിപ്പോഴും കൂടെയുണ്ടായേനെ
കൂടെ കൊണ്ടുവന്നു എല്ലാവരുടേം ശാപം വാങ്ങിപ്പിച്ചു കൊന്നതല്ലേ ഞാനും കൂടെയവളെ .....
രാവിലെമുതൽ രക്തം വാർന്ന് വീണുകിടന്നപ്പോൾ തിരിഞ്ഞുനോക്കാനാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവളിപ്പോഴും . .....
കുറച്ചു സ്വപ്‌നങ്ങൾ ബാക്കിയുണ്ടായിരുന്നെ അവളും ഞാനും മക്കളും മാത്രമുള്ള ലോകം , മകളെ തന്നിട്ട് എന്നെ പറ്റിച്ചിട്ട് അവളങ്ങു പോയി .
എല്ലാരുമുണ്ടായിട്ടും ആരുമില്ലാത്തവരുടെ ജീവിതമായിപ്പോയി .... ഇനിയെനിക്ക് ആരെയും വേണമെന്നുമില്ല .... എന്റെ മകളില്ലെങ്കിൽ അവളോടൊപ്പം എന്നോ ഞാനും പോയേനെ ...... ഞാൻ ഇല്ലാതാവുന്നത് അവൾക്കിഷ്ടമല്ല അതോണ്ടല്ലേ മോളെ തന്നിട്ട് പോയത് .... "
"മനൂ ...."
"അമ്മയുടെ കണ്ണെന്തിനാണിപ്പോൾ നിറയുന്നത് കാലുപിടിച്ചു പറഞ്ഞതല്ലേ ഞാനന്ന് ..... അമ്മക്കറിയാമോ ഒരായിരം തവണ വേണ്ടെന്നവൾ പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ പ്രണയിച്ചതും മോഹിപ്പിച്ചതും ഞാനാണമ്മേ ..... അമ്മയുടെ മകനൊരു ആൺ കുട്ടിയായതുകൊണ്ട് അവളെ കൂടെ കൂട്ടി ....ആരേം വേദനിപ്പിക്കാനല്ല .....ജീവിക്കാനൊരുപാട് കൊതിയായതോണ്ടാ ."
മുറ്റത്തേക്ക് ഇറങ്ങിവരുന്ന സ്ത്രീയെയും വാർദ്ധക്യത്തിലെത്തിയ മനുഷ്യനെയും കണ്ടപ്പോൾ അമ്മയുടെ മടിയിൽ നിന്നെഴുന്നേറ്റിരുന്നു
"ലക്ഷ്മി ഒറ്റയ്ക്കാണോ ഇപ്പോൾ . ??""
"അതെ ..."
"അമ്മ പറഞ്ഞിട്ട് വന്നതാണോ .."
"ഉം .....എനിക്കും താല്പര്യമുണ്ടായിരുന്നു ......ഞാനാ ദേവിയോട് യോട് പറഞ്ഞത് "
"നിങ്ങളെന്തെലും സംസാരിക്ക് ഞാൻ ചായയെടുക്കാം "
"വേണ്ട ....അമ്മയവിടെയിരിക്കു ....... " എഴുന്നേൽക്കാൻ തുടങ്ങിയ അവർ യഥാസ്ഥാനത്തിരുന്നു .
"അരവിന്ദാ ഞാൻ പറഞ്ഞതല്ലേ നിന്നോടിത് നടക്കില്ലാന്ന് ....നീയെന്നെ നേരിട്ട് ചോദിക്കൂ ...."
"മനു കാര്യങ്ങളറിയാമല്ലോ ...നമ്മളിങ്ങനെയായതുകൊണ്ട് മുഖവുരയുടെ ആവശ്യമില്ല ...."
"ലക്ഷ്മിയെ കല്യാണം കഴിച്ചൂടെ .. ഒരു തുണയൊക്കെ വേണ്ടേ ജീവിതത്തിൽ ...... അവൾക്കും നിനക്കും ഒരേ അവസ്ഥയായതോണ്ട് ഒത്തുപോകുകേം ചെയ്യും
....'"
"മാമ എല്ലാം ശരിതന്നെ .... പക്ഷെ ലക്ഷ്മിക്കുവേണ്ടത് ഒരു ഭർത്താവിനെയാണ് ....എനിക്കുവേണ്ടത് മകളെ നോക്കാനൊരു വേലക്കാരിയെയും .....അതുകൊണ്ട് ഒന്നൂടെ ആലോചിച്ചു തീരുമാനിച്ചേ പറ്റൂ ."
"മനൂ ...."
"അതെ മാമ ..... എന്റെ തീരുമാനത്തിന് മാറ്റമില്ല . മോൾക്ക് അമ്മയെ വേണം എന്നുണ്ടാവും ,പക്ഷെ പുതിയ അമ്മ എന്റെ കുട്ടിയെ നോട്ടം കൊണ്ടുപോലും വേദനിപ്പിക്കുന്നതെനിക്കിഷ്ടമല്ല ... ബുദ്ധിയുറച്ചു തുടങ്ങുന്ന ഏതെങ്കിലും കാലത്തവൾ തിരിച്ചറിയും എന്റെ മനസ്സ് . പിന്നെ ഇരുപത്തഞ്ചാം വയസ്സിൽ ഭാര്യയെ നഷ്ട്ടപ്പെട്ടവന് പത്തുകൊല്ലം കഴിഞ്ഞു മറ്റൊരുത്തിയുടെ താങ്ങുവേണമെന്ന് തോന്നില്ല . "
"ഞങ്ങളുടെ ഒരഭിപ്രായം പറഞ്ഞു ..അത്രേന്നെ .....ഇനി നിങ്ങള് തീരുമാനിച്ചോ "
ദേഷ്യപ്പെട്ട് പുറത്തേക്കെഴുന്നേറ്റുപോയ വൃദ്ധനെ "ഏട്ടാ " വിളിച്ചുകൊണ്ടു മകൻ പറഞ്ഞതിന് മാപ്പുചോദിക്കാൻ അമ്മയുമെഴുന്നേറ്റു പുറകെ പോയി .
"ലക്ഷ്മി ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ..?
എന്തെ ?
"നിനക്കിപ്പോൾ എന്നോട് ദേഷ്യമുണ്ടോ ...?"
"ഇല്ലെന്ന് പറയാൻ പറ്റില്ല "
"ഉം ...... നിനക്കറിയാമല്ലോ ഒരുപാട് പ്രണയിച്ചു എല്ലാവരെയും ഉപേക്ഷിച്ചാണ് ഞങ്ങളൊന്നായത് ..... അത്രമാത്രം ഇഷ്ടമായിരുന്നു പരസ്പരം ..... എന്നെ മനസിലാക്കാൻ അവളോളം മറ്റൊരാൾക്കും കഴിഞ്ഞിട്ടില്ല ...
പ്രണയിച്ചുനടന്നകാലത്തു അവൾക്ക് വിവാഹാലോചനകൾ വരുമ്പോൾ ഞാനനുഭവിച്ചിരുന്ന ടെൻഷനുണ്ടല്ലോ .... ഇടയ്ക്ക് പിണങ്ങിയിരിക്കുമ്പോൾ അവളെന്നെ വിട്ടുപോകുമോ എന്ന ഭയമുണ്ടല്ലോ ... തമ്മിൽ എല്ലാം പറഞ്ഞു പിരിയാൻ തീരുമാനിക്കുമ്പോൾ പുറത്തേക്കുവരാതെ തൊണ്ടയിൽ കുടുങ്ങിനിൽക്കുന്ന കരച്ചിലിണ്ടല്ലോ ...... ആ സമയത്താണ് അവളെത്രമാത്രം പ്രിയപ്പെട്ടതാണെന്നും അവളില്ലാതൊരുനിമിഷം പോലും സാധ്യമല്ലെന്നും തോന്നുക .
അവളെന്നെ പിരിയുമെന്നുള്ള സ്വപ്നങ്ങളിൽ പോലും എന്നെ വേദനിപ്പിച്ചിരുന്നത് അവളില്ലാത്ത സങ്കടമല്ല മറിച്ചു എന്റെ സ്ഥാനത്ത് അവളെ തൊടുകയും ചുംബിക്കുകയും പിന്നെ ആർക്കോ വേണ്ടിയവൾ കാത്തിരിക്കുകയും ആരുടെയോ സന്തോഷത്തിന് വേണ്ടിയവൾ പരിശ്രമിക്കുന്നു എന്നുള്ള തിരിച്ചറിവുണ്ടാകുമ്പോഴാണ് "
"ഉം "
"ആ ഞാൻ അവളുടെ സ്ഥാനം നിനക്കെങ്ങനെ തരും ലക്ഷ്മി .....ഇനിയുമൊരായിരം വര്ഷംഇതുപോലെ ജീവിക്കാൻ ഞാനൊരുക്കമാണ് ......എന്നാലും ആ സ്ഥാനം ആർക്കും നൽകാൻ കഴിയില്ല ..എന്നോട് ക്ഷമിക്കണം
. പെൺകുട്ടിയെ വളർത്താൻ അച്ഛന് കഴിയില്ലെന്ന് ആരാണ് പറഞ്ഞത് ...അവളെന്റെ മോളാണെന്നുള്ള തിരിച്ചറിവ് മാത്രം മതി , പ്രായപൂർത്തിയായ മകൾ അച്ഛനൊരു വിഷമമല്ല ലക്ഷ്മി ....എന്റെ മോൾക്ക് ആന്റി ആയിക്കോളൂ ...പക്ഷെ അവൾക്കമ്മ ഒന്നേയുള്ളു അവൾ ഉണ്ടാവുന്നതിനുമെത്രയോ മുൻപുമുതൽ അവളെക്കുറിച്ചു സ്വപ്നം കണ്ടുതുടങ്ങിയ അമ്മ ... സ്വന്തം ജീവൻ കളഞ്ഞും അവളെ ജനിപ്പിച്ച അമ്മ .... "
"ഉം "
"എന്റെ ഭാര്യയിൽ പൂർണ്ണ സംതൃപ്തനായിരുന്നതുകൊണ്ടാവും ആ പരിശുദ്ധി പങ്കുവെക്കാൻ ഞാനിഷ്ടപ്പെടുന്നില്ല "
"അച്ഛൻ പോയെന്ന തോന്നുന്നത് ...ഒരത്യാവശ്യമുണ്ട് ..ഞാനിറങ്ങട്ടെ "
പറഞ്ഞത് കള്ളമാണെന്നും എന്റെമുന്നിൽ നിൽക്കാനുള്ള മടിയാണെന്നും അറിഞ്ഞിട്ടും ചിരിയോടെ യാത്രാമൊഴി നൽകി .
"അങ്ങനെയതും പോയില്ലേ .....നീയെന്തോ ആയിക്കോ .."
"അമ്മ പിണങ്ങാതെ ......"
"ആരും കണ്ടിട്ടില്ലാത്തൊരു പ്രേമവും കൊണ്ട് വന്നിരിക്കുന്നു "
"ഹ ഹ അതുപോട്ടെ ..... അമ്മയെന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞിരുന്നല്ലോ ...?
"എന്റെ കാലം കഴിയും മുൻപേ ഈ കാണുന്നതൊക്കെ നിങ്ങള് മൂന്നുമക്കളുടേം പേരിലെഴുതി വെക്കണം ..... ഈ വീടുമതിയോ നിനക്ക് ..?
" എനിക്കൊന്നും വേണ്ടമ്മേ ..... വല്ലപ്പോഴും ഇങ്ങനെ വരുമ്പോ മടിയിൽ കിടന്നുറങ്ങാനും എന്റെമോളെ സ്നേഹിക്കാനും .....എന്റെയമ്മയുണ്ടായാൽ മാത്രം മതി ."
"എന്നാലും ..."
"അവളുടെ വല്യ ആഗ്രഹമായിരുന്നു ഈ വീട്ടിലൊരിക്കലെങ്കിലും വരാൻ . അത് നടത്തിക്കൊടുക്കാൻ കഴിയാത്ത എനിക്കിനിയിതിന്റെ ആവശ്യമില്ല .... "
"അവള് സുന്ദരിയായിരുന്നല്ലേ .."
"ഉം ......എനിക്കങ്ങനെ തോന്നിയിരുന്നു "
"നല്ല സ്വഭാവമായിരുന്നല്ലേ "
"ഉം ... അമ്മയെപ്പോലെ ..."
"നന്നായി സംസാരിക്കുമല്ലേ .."
"ഉം ...കുഞ്ഞു മനസ്സായതുകൊണ്ടാവും "
"നിന്നെ വല്യ ഇഷ്ടമായിരുന്നല്ലേ .."
"ജീവനായിരുന്നു ....."
"നിനക്കും ..??"
"ഉം .......... "
"ഞങ്ങളുടെ വാശികരണം അല്ലെ നിങ്ങളാനാട്ടിൽ പോയിക്കിടക്കേണ്ടി വന്നത് ... അവളെന്നോട് ക്ഷമിക്കുമോ മനൂ "
"അവൾക്ക് അമ്മയെ വെറുക്കാനാവില്ലമ്മേ ..അവളും ഒരു അമ്മയാണ് ...."
"എന്നാലും ....."
"ഒരെന്നാലുമില്ല
അമ്മ പോയൊരു ചായയിട്ടേ ..."
ഇത്രകാലമായിട്ടും അമ്മയുടെ ഉള്ളിൽ നിന്നും ആ കുറ്റബോധം മാഞ്ഞിട്ടില്ലെന്നെനിക്കറിയാം ....ഇനിയും മിണ്ടിയാലമ്മയെ സമാധാനിപ്പിക്കാനെനിക്ക് കഴിയില്ലായിരിക്കും
"ഉം ...." അമ്മ അകത്തേക്ക് പോകുമ്പോൾ മുറ്റത്ത്‌ മോളെനോക്കിയിരിക്കുന്ന എനിക്കുമാത്രം കാണാമായിരുന്നു അനുവാദം കാത്തെന്റെ പെണ്ണപ്പൊഴും പടിപ്പുറത്ത് നിൽക്കുന്നത് ... !
നിർഭാഗ്യവാനായ മനുഷ്യൻ



"നീയെന്റെ ഫ്രണ്ടാണെങ്കിൽ എന്നോട് മാത്രം മിണ്ടിയാൽ മതി . ആ സന്ധ്യയോട് മിണ്ടണ്ട "

 അവളുടെ വാക്കുകൾ പതിവിലും ദേഷ്യത്തോടെയായിരുന്നു . അതിനുശേഷം അവളോടല്ലാതെ മറ്റാരോടും കാര്യമായി അടുത്തിരുന്നില്ല .  പ്ലസ്ടു പോലും എന്നെപ്പിരിയാൻ വയ്യാത്തോണ്ട് നല്ല മാർക്കുണ്ടായും എനിക്കുകിട്ടിയ വിഷയം  തന്നെയെടുത്ത് അവളൊപ്പമുണ്ടായിരുന്നു .

"എനിക്ക് ടീച്ചറാവാനാണ് ആഗ്രഹം ,അതിനേത് വിഷയമെടുത്താലും പ്രശ്നമില്ല "

എന്നായിരുന്നു അവളുടെ മറുപടി .



"എന്നിട്ട് "


ടേബിളിന് മുന്നിലിരിക്കുന്ന എന്നെപ്പോലെ അവളും ടെൻഷനിലാണെന്നു ആ മുഖം കണ്ടാലറിയാം .


"ചിലപ്പോഴൊക്കെ അവളുടെ ഈ സ്വാർത്ഥത എനിക്ക് അരോചകമായി തോന്നാറുണ്ടെങ്കിലും , എന്ത് പ്രതിസന്ധിയിലും ഉള്ള അവളുടെ കൂട്ട്  എനിക്ക് പ്രധാനമായിരുന്നു . സൗഹൃദം എന്ന വാക്കിന് എനിക്ക് പറയാൻ ഒരു ഡെഫിനിഷനെ ഉള്ളൂ ,അതവളാണ് .


സാഹചര്യങ്ങൾ തീർത്ത ഒറ്റപ്പെടലിൽ നിന്നും രക്ഷതേടാൻ അവൾ കണ്ടെത്തിയ സന്തോഷമായിരുന്നു ഞങ്ങളുടെ സൗഹൃദം , എന്റെ ചെറിയ ചെറിയ മോഹങ്ങൾപോലും സാധിച്ചുതരാൻ അവൾ കാണിച്ച ശ്രദ്ധ , എന്റെ എല്ലാ വേദനയിലും അവളുടെയും കണ്ണ് നിറയാറുണ്ടെന്നും എനിക്ക് തോന്നിയിട്ടുണ്ട് "


"എന്നിട്ടെന്താണ് നിങ്ങൾ തമ്മിൽ വിള്ളലുണ്ടാവാൻ കാരണം "


"ഡിഗ്രി കഴിഞ്ഞതും എന്റെ വിവാഹം ഉറപ്പിച്ചു , അതറിഞ്ഞപ്പോൾ എന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് അവളാണ് . പക്ഷെ വിവാഹമടുക്കുംതോറും തിരക്കുകളും ഹരിയേട്ടന്റെ കടന്നുവരവും ഞങ്ങൾതമ്മിൽ ഉള്ള അടുപ്പം  കുറഞ്ഞുവരുന്നതിന് കാരണമായി .


ഇതൊക്കെ ജീവിതത്തിൽ സഹജമാണെന്ന് അവൾതന്നെ സമാധാനിപ്പിക്കുമ്പോഴും ഞാനറിഞ്ഞില്ല അവളുടെ മാനസികാവസ്ഥയിൽ ഉണ്ടായിത്തുടങ്ങിയ മാറ്റം .

വിവാഹസമയത്തൊക്കെ അവളൊരുപാട് ടെൻഷനടിക്കുന്നതും വേദനിക്കുന്നതും കാണാറുണ്ടെങ്കിലും കാര്യമാക്കിയിരുന്നില്ല  . വിവാഹത്തിനുശേഷം മുടങ്ങാതെ വരുന്ന കോളുകൾ ഹരിയേട്ടന്റെ വീട്ടുകാർക്ക് സംശയത്തിനും ക്രമേണ വഴക്കിടാനും കാരണമായി "


"അതെന്താ  ? "

"ചിലപ്പോൾ ലെസ്ബിയൻസ് ആണെന്ന് അവർ തെറ്റിദ്ധരിച്ചിരിക്കും എന്നാണ് ഹരിയേട്ടൻ പറഞ്ഞത് . പക്ഷെ ഞങ്ങൾ തമ്മിൽ നല്ല സുഹൃത്‌ബന്ധം മാത്രമായിരുന്നു "



"ഡോക്ടറെ എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് വിവാഹം കഴിഞ്ഞുവന്നശേഷം അവൾക്കെന്നോട് താല്പര്യമില്ലാത്തത് ഇങ്ങനെന്തെങ്കിലും കാരണം കൊണ്ടാവുമെന്ന് "


"എന്നാൽ  നീതുവിനെ ശരിക്കും മനസ്സിലാക്കിയിട്ടില്ല രാജേഷ് "


"കഴിഞ്ഞ നാലുമാസമായി നീതു എന്റെ ചികിത്സയിലാണ് , പലതരത്തിലും അവളുടെ മനസ്സറിയാൻ  ശ്രമിച്ചെങ്കിലും ഫലമില്ലാത്തത് കൊണ്ടാണ് അവളുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിപ്പിച്ചത് .
ലേഖ പറഞ്ഞതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് നീതു പണ്ടുമുതലേ ചില കാര്യങ്ങളോട് അതിരുകവിഞ്ഞ അടുപ്പവും , മറ്റുള്ളവയോടു താല്പര്യമില്ലായ്മയും പ്രകടിപ്പിക്കുന്ന ക്യാരക്റ്റർ , സെന്റിമെന്റൽ പെട്ടെന്ന് ഫീലാകും , അതുകൂടാതെ ഒറ്റപ്പെടുന്നതായി എപ്പോഴും ചിന്തിക്കുക  , വളരെ കുറച്ചുപേരോടുമാത്രം പരിധിയിൽകവിഞ്ഞ അടുപ്പം സൂക്ഷിക്കുക . ഇറ്റ്സ് എ ടൈപ്പ് ഓഫ് പേഴ്സണാലിറ്റി ഡിസോർഡർ ,പാരനോയിയ ഗണത്തിൽ പെടുത്താം .   ഇനിയെന്തെങ്കിലും ലേഖയ്ക്ക് പറയാൻ ഉണ്ടോ ? "


"ഇല്ല . വിവാഹശേഷം ഭർത്താവിനും അവരുടെ വീട്ടുകാർക്കും വേണ്ടി നഷ്ടപ്പെടുത്തുന്ന സൗഹൃദങ്ങൾ ജീവിതത്തിൽ ഏറ്റവും വലിയ ഭാരമായി മനസ്സിൽക്കിടക്കുമെന്നു തിരിച്ചറിയുന്നു .അവളെ പഴയപോലെ എനിക്ക് തിരിച്ചുവേണം , അവളുടെ നല്ല കൂട്ടുകാരിയാണ് എനിക്ക് ജീവിക്കണം സർ  "


"ഇനി രാജേഷിനെന്താണ് പറയാനുള്ളത് ?"


"എന്റെ ജീവിതത്തിൽ ഞാനൊട്ടും ആഗ്രഹിക്കാതെയെത്തിയ അഥിതിയാണ് നീതു . വിവാഹം വേണമെന്നുണ്ടായിരുന്നെങ്കിലും എന്റെ സങ്കൽപ്പത്തിൽ നീതുവിനെ പോലൊരു പെണ്ണുണ്ടായിരുന്നില്ല .

പിന്നെ നിശ്ചയം ഒക്കെ കഴിഞ്ഞപ്പോൾ കരുതി എന്തായാലും കിട്ടിയ പെണ്ണിനേയും കെട്ടി ജീവിക്കാമെന്ന് . പക്ഷെ അപൂർവ്വമായെത്തുന്ന എന്റെ കോളുകൾക്ക് പോലും അവൾ താല്പര്യമില്ലാതെയാണ് മറുപടി തന്നിട്ടുള്ളത് . ഞാൻ കുറെ ചോദ്യങ്ങളുണ്ടാക്കി അവളെക്കൊണ്ട് നിർബന്ധിച്ചു ഉത്തരം പറയിക്കും പോലെ . കെട്ടാൻപോകുന്ന പെണ്ണിന്റെ സ്വാർത്ഥത അറിയാൻ ജോലിസ്ഥലത്തെ പല ബന്ധങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു .

 എന്നിട്ടും ഇതൊന്നും എന്റെ വിഷയമല്ല എന്ന രീതിയിലായിരുന്നു അവളുടെ മറുപടി . അവളൊരിക്കലും സ്വന്തം സ്നേഹമോ വിലയോ അറിയിക്കാനോ ഞാനുമായി അടുക്കാനോ ശ്രമിച്ചതുമില്ല . വിവാഹംപോലും ആരോ നിർബന്ധിച്ചു ചെയ്യിക്കുമ്പോലെയായിരുന്നു ."


"എന്നിട്ട് ?"



" വിവാഹം കഴിഞ്ഞശേഷം അവൾ ഉത്തമയായ വീട്ടമ്മയായിരുന്നു  , കാലത്തെ എഴുന്നേൽക്കലും വീട്ടുജോലികൾ ചെയ്യുന്നതും പക്ഷെ അധികമാരോടും മനസ്സുതുറന്ന് അടുത്തില്ലെന്ന് മാത്രം . പിന്നെ എനിക്കും ആ താല്പര്യം പോയതുകൊണ്ട് ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ ഒരുകട്ടിലിൽ സഹവസിച്ചു , നോട്ടം കൊണ്ടുപോലും ഭർത്താവിന്റെ
സ്പർശനം അവൾക്കാവശ്യമില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ ഒന്നിനും ശ്രമിച്ചുമില്ല . മുറിയിലെത്തിയാൽ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കും , അത് തീരുമ്പോൾ എന്റെ ലാപ്പിൽ ഓൺലൈൻ വായന . ഉറക്കം വരുമ്പോൾ എന്നോടൊരു താങ്ക്യൂ ,ഗുഡ് നൈറ്റ് .


ഞാനും മനുഷ്യനല്ലേ ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ , ആദ്യം വെറുതെ ഒരുരസത്തിനു ഓൺലൈൻ സെക്സ് ചാറ്റിങ്  അവളെ കാണിക്കാനായി മാത്രം , അത് സംസാരത്തിലേക്ക് കടന്നിട്ടും അവൾ ശ്രദ്ധിച്ചില്ല .  അപ്പോൾ എനിക്കും വാശിയായി ഒരുപാട് ബന്ധങ്ങൾ എനിക്കുണ്ടായി ,അല്ലെങ്കിൽ അവൾക്കെല്ലാം അറിഞ്ഞിട്ടും "എന്തോ ആയിക്കോളൂ " എന്ന മട്ടിലായിരുന്നു പെരുമാറ്റം .

 നേരം വെളുക്കുമ്പോൾ വീടെത്തിത്തുടങ്ങിയ നാളുകളിൽ

" എന്താ വൈകിയത് ?"

എന്ന ചോദ്യത്തിന് ഈ ബന്ധങ്ങളുടെ പേരുപറഞ്ഞപ്പോഴും അവൾ എതിർത്തില്ലെന്ന് മാത്രമല്ല "വീട്ടിലാരും അറിയണ്ട " എന്നുപദേശിച്ചു . പിന്നെ ചിലപ്പോൾ വരാതിരുന്നപ്പോഴും ഓരോ കാരണം പറഞ്ഞു വീട്ടുകാരുടെ മുന്നിൽ നിന്നും രക്ഷിച്ചെടുത്തതും അവളായിരുന്നു .

ഒരു കുഞ്ഞിനെപ്പോലെ എന്റെ ക്ഷീണങ്ങളിൽ അവൾ പരിപാലിച്ചു ഒരു ഭർത്താവ് എന്ന പരിഗണന ഒഴികെ മറ്റെല്ലാം നൽകി. ചിലപ്പോഴൊക്കെ കുറ്റബോധം തോന്നുമായിരുന്നു അവളോട് , മറ്റുള്ളപ്പോൾ വാശിയും .

അങ്ങനെ മുന്നോട്ട് പോകുന്നതിനിടയ്ക്കാണ് രമ്യ എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് . ആദ്യമാദ്യം സംസാരം , പതിയെപ്പതിയെ സൗഹൃദത്തിൽ തുടങ്ങി പരസ്പരം അകലാൻ കഴിയാത്ത ബന്ധമായി അത് വളർന്നു .ഞങ്ങൾതമ്മിലുള്ള സംസാരം പുലരുംവരെ തുടരുമ്പോഴും അവൾ എല്ലാം അറിഞ്ഞോ ഇല്ലയോ എന്നുപോലും ഞാൻ തിരക്കിയില്ല .

 രമ്യ ഡിവോഴ്സ് കഴിഞ്ഞിരിക്കുകയാണ് ഞാനും ഏതാണ്ട് സമാനാവസ്ഥയിൽ . അവസാനം നീതുവിനെ ഡിവോഴ്സ് ചെയ്യാൻ തന്നെ തീരുമാനിച്ചു
നീതുവിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ആദ്യമായി അവളെന്നോട് ദേഷ്യപ്പെട്ടു .

പക്ഷെ അപ്പോഴേക്കും രമ്യ മനസ്സിൽ കേറിയതുകൊണ്ട് പിന്നീടുള്ള ദിവസങ്ങൾ ബെഡ്‌റൂം അങ്കത്തട്ടുപോലെയായി . എന്നെ അവൾക്ക് വേണ്ട , അവൾക്ക് ആരോടും താല്പര്യവുമില്ല . പിന്നെന്തിനാണ് എന്റെ ഭാര്യയെന്ന പേരിൽ ശല്യം ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായില്ല.


ഒരു ദിവസം വീട്ടിൽ ആരുമില്ലാത്തതിനാൽ പതിവിൽ കൂടുതൽ മദ്യപിച്ചിരുന്നു ,  രമ്യ എന്തോ തിരക്കിലായതിനാൽ അന്ന് ഫോൺ ചെയ്തുമില്ല . മുറിയിലെത്തുമ്പോൾ നീതു ഉറങ്ങിയിരുന്നു . എന്തോ ആവേശത്തിൽ ആദ്യമായി അവളെ എന്റേതാക്കി , പിറ്റേന്ന്  എന്റെ ഭാര്യയാണെങ്കിലും അവളോടിങ്ങനെ പെരുമാറിയതിൽ വിഷമം തോന്നിയിരുന്നു . എന്നാൽ അവളൊന്നും സംഭവിക്കാത്തപോലെയാണ് പെരുമാറിയത് .പക്ഷെ പിന്നീട് കുറച്ചുദിവസം കഴിഞ്ഞപ്പോൾ നീതു ഡൈവോഴ്‌സിന് സമ്മതിച്ചു .


വൈകാതെ ജോയിന്റ് പെറ്റിഷൻ ഞങ്ങൾ ഫയൽ ചെയ്തു .ആ ദിവസം അവൾ വീട്ടിൽ നിന്നും പോയി . ഞാൻ അതത്ര കാര്യമാക്കിയില്ലെങ്കിലും എഴുന്നേൽക്കുമ്പോൾ ഉള്ള ഗുഡ് മോർണിംഗ് മുതൽ എന്റെ ദിവസങ്ങൾ മുഴുവൻ ഞാനറിയാതെ ചേർത്തുവെച്ച അവളുടെ സാന്നിധ്യത്തെ മിസ് ചെയ്യാൻ തുടങ്ങി


 രമ്യയുടെ സാന്നിധ്യം നീതുവിനെ മറക്കാൻ കാരണമായെന്നും പറയാം , അവൾ പോയതിനുശേഷമുള്ള ദിവസങ്ങൾ എന്തിനെന്നറിയാതെ ഞാൻ ആഘോഷിക്കുകയായിരുന്നു . ഹിയറിങ്ങിന് വിളിക്കുമ്പോഴും അവൾ പതിവുപോലെ സൗമ്യമായി തന്നെ പെരുമാറി .

പക്ഷെ ഏതാണ്ട് ഒരുമാസത്തോളമായപ്പോൾ രമ്യയുടെ പലബന്ധങ്ങളും തിരിച്ചറിയാൻ തുടങ്ങി സ്‌നേഹംകൊണ്ടും ശരീരംകൊണ്ടും കണ്ണീരുകൊണ്ടും പലപ്പോഴും അവളെന്നെ തോൽപ്പിച്ചെങ്കിലും അകാരണമായൊരു ശൂന്യത ഞാൻ അനുഭവിക്കാൻ തുടങ്ങി . "

"ആണിന് എന്തുബന്ധവുമാവാം , പക്ഷെ പെണ്ണിനൊരിക്കലും അങ്ങനെയൊന്നും പാടില്ലെന്നുള്ളതിലെന്ത് യുക്തിയാണുള്ളത് രാജേഷേ ?"

"ശരിയാവും സാർ , പക്ഷെ അംഗീകരിക്കാനൊരു മടി . "

"എന്നിട്ട് ?"


"വിവാഹശേഷം ഒരിക്കൽപ്പോലും എന്നെ വിളിക്കാത്ത നീതു ഒരിക്കൽ എന്നെ വിളിച്ചു .

"രാജേഷേട്ടാ എനിക്കെന്താ പറയേണ്ടതെന്നറിയില്ല . ഇത്രനാളും സംശയമായിരുന്നു . ഇപ്പോൾ മനസ്സിലായി ഞാൻ ഒരമ്മയാകാൻ പോകുന്നു , ഇത് മൂന്നാമത്തെമാസം തുടങ്ങുകയാണ് . താങ്ക്സ് എ ലോട്ട് ..."

അത്രമാത്രം . ഡിവോഴ്‌സിനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഭാര്യ വിളിച്ചു ഗർഭിണിയാണെന്ന് പറയുന്ന വിഷമം ഉണ്ടായെങ്കിലും , അവൾക്കെങ്കിലും നല്ല ജീവിതം കിട്ടിയതിൽ ആശംസ മനസ്സുകൊണ്ട് പറഞ്ഞു . മനുഷ്യജീവിതത്തിൽ നിരാശാബോധം എത്രമാത്രം ജീവിതത്തെ താറുമാറാക്കുമെന്ന് ഞാനറിയുകയായിരുന്നു .

പിറ്റേന്ന് ഭക്ഷണം വിളമ്പുന്നതിനിടയിൽ 'അമ്മ ഓർമപ്പെടുത്തി " സരയൂന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസം കഴിഞ്ഞു. ഇവിടെത്തെ പ്രശ്നങ്ങൾ കാരണം ഇന്നുവരെ വിരുന്നിന് വിളിച്ചിട്ടുമില്ല ."

അതൊരു ഞെട്ടലായിരുന്നു എനിക്ക്

" എത്രമാസം ?"

"മൂന്നാമത്തെ "

അത്രനേരം നീതുവിനെ സംശയിച്ചതിൽ കുറ്റബോധം തോന്നി . അന്ന് വീട്ടിലെല്ലാവരും കല്യാണത്തിന് പോയപ്പോൾ സംഭവിച്ച കൈപിഴ അവളുടെ വയറ്റിൽ വളർന്നു തുടങ്ങിയിരിക്കുന്നു .

ജീവിതത്തിന് പുതിയ അർഥങ്ങൾ വന്നിരിക്കുന്നു .അപ്പോൾത്തന്നെ നീതുവിനെ തിരികെ വിളിച്ചെങ്കിലും മറുപടിയില്ലായിരുന്നു .

"എന്താടാ നിനക്ക് പ്രാന്തുപിടിച്ചോ ?"

"ഇങ്ങനെ പോയാ ആവും ..... നീതു രണ്ടുമാസം പ്രഗ്നൻറ് ആണമ്മേ ...എനിക്കെന്താ ചെയ്യേണ്ടതെന്നറിയുന്നില്ല "

"നല്ലൊരു പെണ്ണായിരുന്നു . അതിനെ പറഞ്ഞുവിട്ടിട്ട് മോങ്ങാൻ നിൽക്കുന്നു . വിവരംകെട്ടവൻ "

 പൂട്ടിക്കിടന്ന അവളുടെ വീടും , ഒരുതരത്തിൽ അന്വഷിച്ചിട്ടും അവളിലെത്താൻ കഴിയാത്തതും എന്നെയൊരു ഭ്രാന്തനാക്കുമോയെന്ന് തോന്നി  . എന്റെ കുഞ്ഞവളുടെ വയറ്റിൽ ഉള്ളതുകൊണ്ട് മാത്രമല്ല അല്ലാതെതന്നെ ഞാനവളെ സ്നേഹിക്കുകയായിരുന്നെന്ന് തിരിച്ചറിഞ്ഞതപ്പോഴാണ്  .  .
രമ്യ എല്ലാം ഉപേക്ഷിച്ചു ജീവിതത്തിലേക്ക് വരാമെന്ന് സമ്മതിച്ചപ്പോഴും  എനിക്കവളെ സ്വീകരിക്കാൻ സാധിച്ചില്ല .

പിന്നീട്  ഞങ്ങളുടെ വെഡിങ് ഫോട്ടോസും,  ഡി വി ഡിയും  എത്രതവണ കണ്ടിരുന്നെന്നറിയില്ല , അവൾ അവിടെ ജീവിച്ചിരുന്നെന്നും ആ മുറിയിലപ്പോഴും അവളുടെ ഗന്ധമുണ്ടെന്നും ഞാൻ തിരിച്ചറിയുകയായിരുന്നു .

"ഇപ്പൊ എല്ലാം കൂടെ കയ്യിലൊതുങ്ങില്ല ഹിയറിങ്ങിന് വരുമ്പോ നിങ്ങൾ കൊണ്ടോന്നാൽ മതി " എന്നേല്പിച്ചു വൃത്തിയായി മടക്കിവെച്ച അവളുടെ വസ്ത്രങ്ങൾ ,"

അടുത്തായി അമ്മയുടെ വൃത്തിയില്ലായ്മയിൽ അലക്കികൊണ്ടുവച്ച എന്റെ വസ്ത്രങ്ങൾ അവളുള്ളപ്പോൾ കാണാൻ തന്നെ എന്ത് രസമായിരുന്നു .

ഞങ്ങൾ രണ്ടുപേരും ഒരിക്കലും എടുത്തുനോക്കാത്ത വെഡിങ് ഫോട്ടോ ടേബിളിൽ എന്നെ നോക്കി പുഞ്ചിരിക്കുന്നു .പലതവണ വലിച്ചെറിഞ്ഞിട്ടും പൊട്ടാത്ത ഫ്രെയിം ഇട്ടവർക്ക് മനസ്സാൽ നന്ദി പറഞ്ഞു


അവൾ ഒരുവർഷത്തോളം പങ്കുവെച്ചെടുത്ത ബെഡ് , എത്രയോ രാത്രികളിൽ അവളുടെയുറക്കം നോക്കിയിരുന്നിട്ടുണ്ട് ഞാൻ

അവളെ ഞാനാണോ മനസ്സിലാക്കാൻ ശ്രമിക്കാത്തത് അവൾ എന്നെയാണോ എന്നത് ഉത്തരമില്ലാത്ത ചോദ്യം പോലെ മനസ്സിനെ കുത്തി നോവിക്കുന്നു , ഒന്നുമാത്രം അറിയാം ഒരിക്കലും താനും അവളുടെ സാന്നിധ്യം ആസ്വദിക്കാൻ ശ്രമിച്ചില്ലായിരുന്നു .

അവൾ വായിച്ചുവെച്ച പുസ്തകങ്ങളുടെ ഇടയിൽനിന്നും അവളെപ്പോഴൊക്കെയോ കുത്തിക്കുറിച്ച ഡയറി കിട്ടുംവരെ അവളെ എനിക്കറിയില്ലായിരുന്നു എന്തുകൊണ്ടാണ് അവളിങ്ങനെയെന്ന് "



"എന്തായിരുന്നു രാജേഷ് അതിൽ ?"


" ലോകത്തിലേറ്റവും നിർഭാഗ്യവാനായ മനുഷ്യൻ ഞാനാവും എന്നായിരുന്നു ഇത്രനാളത്തെ ധാരണ പക്ഷെ അല്ലെന്ന് ഈ വിവാഹത്തോടെ മനസ്സിലായി ലോകത്തിലെ ഏറ്റവും  നിർഭാഗ്യവാനായ മനുഷ്യനാണ് എന്നെ വിവാഹം ചെയ്തിരിക്കുന്നത് "


സത്യത്തിൽ ഞെട്ടിപ്പോയി . വായിച്ചുകഴിയുമ്പോൾ നീതു എന്റെമനസ്സിൽ അവളുടെസ്ഥാനം ഉറപ്പിക്കുകയായിരുന്നു ,

ജനിച്ചപ്പോൾ മുതൽ അത്യാവശ്യം കൊള്ളാവുന്ന ചുറ്റുപാടിൽ ജനനം , പക്ഷെ ചെറുപ്പത്തിലേ അവളെ ഉപേക്ഷിച്ചുപോയ അച്ഛനും രണ്ടാം വിവാഹം ചെയ്ത അമ്മയും കുഞ്ഞുമനസ്സിനെ തളർത്തി . കിട്ടേണ്ടസമയത്ത് നിഷേധിക്കപ്പെട്ട സ്നേഹത്തിനായി അവൾ മോഹിച്ചുകൊണ്ടിരുന്നു , അങ്ങനെയാണ് ലേഖയെ സുഹൃത്തായി കിട്ടുന്നതും ,ലേഖയുടെ സാന്ത്വനിപ്പിക്കലിൽ അവളുടെ ദുഃഖം മറക്കുന്നതും .

അവൾ വളരുന്നതിനൊപ്പം ശാരീരിക അതിക്രമങ്ങൾ പല ഇടത്തുനിന്നും ഉണ്ടായി , അതെല്ലാം അവളെ തളർത്തുമ്പോഴും ലേഖയുടെ വീടും , സ്‌കൂളും കോളേജിലും ഒക്കെയായി അവൾ വിഷമങ്ങൾ മറന്നു .

പക്ഷെ ലേഖയുടെ വിവാഹം കഴിഞ്ഞതോടെ ആകെയുണ്ടായിരുന്ന കൂട്ടുകൂടി പോയപ്പോൾ അവൾ വീണ്ടും ഒറ്റപ്പെട്ടു . പിന്നെ ലേഖവന്നത് കയ്യിലൊരു കുഞ്ഞുമായാണ് .

ഭർത്താവിന്റെ വീട്ടിലേക്ക് പോകുംവരെയും ആ കുഞ്ഞിനെ കാണാൻ നീതു പോകുമായിരുന്നു , ലേഖയും കുഞ്ഞും പോയപ്പോൾ വീണ്ടും ഏകാന്തത അവളെ പിടികൂടി . തനിക്കൊരു കുഞ്ഞുണ്ടായാൽ അതൊരിക്കലും തന്നെവിട്ട് പോവില്ലെന്ന തിരിച്ചറിവ് നീതുവിൽ ഉണ്ടായതപ്പോഴാണ് .


അനാഥാലയങ്ങൾ മുടങ്ങാത്തെ കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം.
ഭർത്താവില്ലാതെ കുഞ്ഞിന് ജന്മം കൊടുക്കാൻ പലവഴിയും നോക്കിയെങ്കിലും നടന്നില്ല , .

 മൂടിക്കെട്ടിയ മകളുടെ സ്വഭാവത്തിൽ പേടിച്ച അമ്മ അവളെ മനഃശാസ്ത്രജ്ഞനെ കാണിച്ചു . അയാളുടെ നിർദേശപ്രകാരമായിരുന്നു ഞങ്ങൾ തമ്മിലുള്ള വിവാഹത്തിനവൾ സമ്മതിച്ചത് , വിവാഹം കഴിഞ്ഞാൽ കുഞ്ഞുണ്ടാവും എന്ന കാരണം കൊണ്ടുമാത്രം പക്ഷെ വിവാഹത്തോടടുത്തപ്പോൾ ആരൊക്കെയോ പറഞ്ഞു അവൾ അന്നത്തെ എന്റെ താല്പര്യമില്ലായ്മ അറിഞ്ഞു .  വിവാഹം കഴിഞ്ഞപ്പോഴും ലേഖയെപ്പോലെ ഞാനും അവളുടെ ബെസ്റ്റ് ഫ്രണ്ടാവുമെന്ന ചിന്ത തെറ്റിയെന്നവൾ മനസ്സിലാക്കി  .


അത്രത്തോളം നിഷ്കളങ്കയും പാവവുമായ പെൺകുട്ടിക്ക് എന്റെ എല്ലാ പ്രവൃത്തിയും അവളോടുള്ള വിധേയത്വമായി തോന്നിയപ്പോൾ എന്റെ താല്പര്യങ്ങൾക്കുവേണ്ടി അവളെപ്പോഴും മൗനം പാലിച്ചു .

ഇനിയൊരു വിവാഹം അവളുടെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന വിശ്വാസത്തിൽ , എപ്പോഴെങ്കിലും അവളെ വിട്ടുപോകാതെ കൂടെനിൽക്കുന്ന കുഞ്ഞുണ്ടാവാനായി അവൾ കാത്തിരുന്നു . ഗർഭിണിയായെന്നു മനസ്സിലായപ്പോൾ ഡിവോഴ്‌സിന് സമ്മതിക്കുകയായിരുന്നു.


പിന്നെ കുഞ്ഞിനെക്കുറിച്ചുള്ള ആഗ്രഹവും പ്രതീക്ഷയും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിലുള്ള നിരീക്ഷണവുമായിരുന്നു അത് മുഴുവൻ . എന്നോടവൾക്കു ഇഷ്ടക്കേടൊന്നുമില്ല , എങ്ങനെയാണ് ഇഷ്ടപ്പെടേണ്ടത് പെരുമാറേണ്ടത് എന്നറിയില്ലായിരുന്നു . അവളുടെ മാനസികവൈകല്യത്തെക്കുറിച്ചു നല്ല ബോധ്യമുള്ളതുകൊണ്ടാവും അവളെ ഏറ്റെടുത്ത ഞാൻ നിർഭാഗ്യവാനും ത്യാഗിയുമായി അവളുടെമനസ്സിൽ നിറഞ്ഞത് . അവളും ആ കുഞ്ഞും മാത്രമുള്ള ലോകത്തെസ്വപ്നം കണ്ടവൾ എല്ലാവരിൽ നിന്നും അകന്നുപോയി , എന്റെ ലാപ്പിലെ ഹിസ്റ്ററിയിൽ നിന്നും മനസ്സിലായി  അവൾ അവസാനസമയങ്ങളിൽ തിരഞ്ഞത് അച്ഛനില്ലാതെ 'അമ്മ വളർത്തിയ മക്കളെ കുറിച്ചായിരുന്നു .


നഷ്ടപ്പെട്ടത് ഏറ്റവും വിലപ്പെട്ട നിധിയായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയി . കുറെ തിരഞ്ഞിട്ടാണ് അവളെ കണ്ടെത്തിയത് പക്ഷെ ഈ അഗതിമന്ദിരത്തിലാവുമെന്ന് പ്രതീക്ഷിച്ചില്ലൊരിക്കലും .അവളെ എനിക്കുവേണം എന്റെ കുഞ്ഞിനേയും "


"ഉം ... നിങ്ങളെ കണ്ടപ്പോൾ അവൾ വൈലന്റായതു കണ്ടില്ലേ , കുഞ്ഞിനെ കൊണ്ടുപോവാൻ അമ്മയെപ്പോലെ അച്ഛനും അവകാശമുണ്ടെന്ന് അവൾ മനസ്സിലാക്കിയിരിക്കുന്നു , നിങ്ങളതിനെ കൊണ്ടുപോയി അവളെ  വീണ്ടും ഒറ്റപ്പെടുത്തുമോ എന്ന പേടിയാണവൾക്ക് .ആ പേടിയിൽ നിന്നും ഉണ്ടായ ഒരുതരം വിഭ്രാന്തി മാത്രമേ ഇപ്പോൾ നീതുവിനുള്ളൂ , റിക്കവർ ആയാലും നീണ്ട വിഷാദരോഗത്തിന്റെ തുടക്കമായിരിക്കുമിത് . പലയിടത്തും കേട്ടിട്ടില്ലേ പ്രിയപ്പെട്ടതിനെ നശിപ്പിക്കുന്ന ഇത്തരം രോഗികളുടെ പ്രവർത്തികൾ ?  "


"എനിക്ക് അവളില്ലാതെ ജീവിക്കാൻ കഴിയില്ല ഡോക്ടർ "


"പേടിക്കണ്ട , എല്ലാം ശരിയാവും അതിന് നിങ്ങളവളെ സ്‌നേഹിക്കുന്നുണ്ടെന്ന് അവൾക്ക് ബോധ്യപ്പെടണം , കുഞ്ഞിന് അച്ഛനോ അമ്മയോ ഒരാൾ പോരാ രണ്ടുപേരും വേണമെന്ന് അവൾക്ക് മനസ്സിലാക്കി കൊടുക്കണം . കൊച്ചുകുട്ടികളെ പോലെയാണ് അവൾ , അതുകൊണ്ടുതന്നെ അവളെ വേദനിപ്പിക്കുന്ന ചെറിയ കാര്യംപോലും ഉണ്ടാവാതിരിക്കാൻ ശ്രമിക്കുക എന്നത് ഭാവിയിൽ രാജേഷിന് വലിയ വെല്ലുവിളിയായിരിക്കും . "

"മനസ്സിലാവുന്നുണ്ട് ഡോക്ടർ , ദൈവം എല്ലാവർക്കും എല്ലാം ഒരുപോലെ കൊടുക്കില്ല . അവൾക്ക് ഇങ്ങനെയൊരസുഖം കൊടുത്തപ്പോൾ ഉദാത്തമായി സ്നേഹിക്കാനുള്ള മനസ്സുകൂടി കൊടുത്തു . അതുമതിയെനിക്ക് "

ആറുമാസത്തെ ചികിത്സയ്ക്കുശേഷം അവളുമായി മാനസികാരോഗ്യകേന്ദ്രത്തിന്റെ പടിയിറങ്ങുമ്പോൾ "ഈ ഭ്രാന്തിയെ മാത്രമേ കിട്ടിയുള്ളൂ" എന്ന പരിഹാസഹങ്ങളെ അതിജീവിക്കാൻ അവളുടെ മനസ്സിൽ ഇപ്പോൾ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഞാനാണ് എന്ന വിശ്വാസം മതിയായിരുന്നു . ഇനിയെനിക്ക് തിരക്കാണ് അവളെയും ചേർത്ത് രണ്ടുകുട്ടികളെ നോക്കേണ്ടേ എനിക്ക് ...!

Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 37
-----------------------



"പാതിവഴിയിൽ വീണുപോയവരും ഇതുപോലെ ജയിലിലടക്കപ്പെട്ടവരും ഇപ്പോഴും പോരാടുന്നവരും ഉണ്ട് വിദ്യാ ...

അടിച്ചമർത്തപ്പെടുന്നവന്റെ വേദന കാണാൻ ആളുള്ളതുകൊണ്ടല്ലേ ഇക്കണ്ട വിപ്ലവങ്ങളും ഉണ്ടായതും തുടർന്നുകൊണ്ടിരിക്കുന്നതും . "


"അതെ .... നിങ്ങളെങ്ങനെയാണ് പോലീസിൽ എത്തിയതെന്ന് പറഞ്ഞില്ല . "


"അന്ന് ശെമ്പകം കുത്തിയവൻ മരിച്ചിരുന്നു , അതിന്റെ പേരിലാണ് കേസ് . പിന്നെ ഞങ്ങളുടെ സ്വാധീനം ഉപയോഗിച്ചും ശക്തമായ തെളിവുകൾകൊണ്ടും അയാൾനടത്തിയ പരാക്രമങ്ങൾ കോടതിയെ അറിയിക്കാൻ സാധിച്ചു അതുകൊണ്ട് ശിക്ഷയല്പം കുറയ്ക്കാൻ സാധിച്ചു .



എങ്ങനെയാ ഇവിടെത്തിയതെന്ന് ചോദിച്ചാൽ കോളനിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പിനിടയിൽ പോലീസ് വളഞ്ഞു .


ഒരുവെടിവെപ്പിന് തുനിഞ്ഞാൽ നൂറുകണക്കിന് പേരുള്ളതിൽ കുറച്ചുപേർക്കെങ്കിലും അപകടം പറ്റും എന്നുള്ളതുകൊണ്ട് കീഴടങ്ങിയതാണ് .


പക്ഷെ നിങ്ങടെ ആൾക്കാരല്ലേ പൊടിപ്പും തൊങ്ങലും വെച്ച് ഈ അറസ്റ്റിനെക്കുറിച്ചു തെറ്റിദ്ധരിപ്പിച്ചു നാടിനെ ....


വനത്തിനുള്ളിൽ മാവോയിസ്റ് വേട്ട , നേതാവിനെ പിടികൂടിയത് അതിസാഹസികമായി നീക്കങ്ങൾ മനസ്സിലാക്കി എന്നൊക്കെയായിരുന്നു , പക്ഷേ സത്യമതല്ല എല്ലാ ആഴ്ചയും പരിശോധനനടത്താൻ ഞാനവിടെ പോകാറുണ്ട് എന്നത് തിരുനെല്ലി മുഴുവനറിയും .
ഞാൻ പിടിക്കപ്പെട്ടിട്ടും ഇനിയും വനത്തിനകത്ത് എത്രപേരുണ്ടെന്നറിയാമോ ...?


ആദിവാസിയുടെ സഹായമില്ലാതെ അവർക്കവിടെകഴിയാൻ സാധിക്കില്ലെന്നറിയുക . ഈ ലോകം കൈക്കുള്ളിൽ ആണെന്ന് തെറ്റിദ്ധരിക്കുന്ന ഒരുകൂട്ടം വിഡ്ഢികളാണ് ഭൂരിഭാഗം ജനങ്ങളും, ലോകമെത്രയോ മുന്പോട്ടുപോയിരിക്കുന്നെന്നു അറിയാത്തവർ . "


"ഉം ..... ശരിയാണ് .... ചെറുത്തുനിൽപ്പുകളില്ലാതെ അവകാശങ്ങൾ ഉന്നയിക്കാതെ ആവശ്യങ്ങൾ അറിഞ്ഞു ചെയ്തുതരാൻ ആരും ശ്രമിക്കില്ല . "


"ഉം .... ഇതാണ് ഞാൻ വിദ്യാ ഇതിൽക്കൂടുതൽ ഒന്നുമില്ല , നേരം സന്ധ്യയോടടുത്തിരിക്കുന്നു ... ഏതുനിമിഷവും നമ്മൾ തമ്മിൽ വിടപറയേണ്ടിവരും .


ഒന്നെനിക്കറിയാം ഒന്നുകിൽ നീ വന്നതിനുപിന്നിൽ എന്തോ ഉദ്ദേശമുണ്ട് , അല്ലെങ്കിൽ ഇത്രസമയം അനുവദിച്ചതിനുപിന്നിൽ എന്തോ ഒരുചതിയുണ്ട് .
കാടിനുള്ളിൽ വന്യമൃഗങ്ങളുടെ ഇടയിലോ ഫോറെസ്റ്റുകാരുടെ മുൻപിലോ പെടാതെ മൂന്നുനാലുവർഷം ജീവിച്ച എനിക്കത് മനസ്സിലാവും . മറഞ്ഞിരിക്കുന്നൊരു ചതിയുണ്ട് വിദ്യാ
.... പക്ഷേ എനിക്ക് പേടിയില്ല . ഞാനൊരു മനുഷ്യനായി മാത്രമേ ജീവിച്ചിട്ടുള്ളു , ഇനിയും അങ്ങനെതന്നെ ആയിരിക്കും ."



"ഇനിയും വയനാട്ടിലേക്കാണോ "?


"അവരെന്നെ കാത്തിരിക്കുന്നുണ്ടാവും "


"നിങ്ങളെ കാത്തിരിക്കുന്ന രണ്ട് കുടുംബങ്ങൾ കൂടിയുണ്ട് "


"അവർക്കെന്നെ മനസ്സിലാവും "


"അവരെ നിങ്ങൾ മനസ്സിലാക്കുന്നില്ലാലോ "


"വയനാട്ടിലെ ജനങ്ങൾക്കെന്നെ ആവശ്യമാണ് "


"ഇന്നവർ സ്വയം പോരാടാൻ അറിയുന്നവരാണ് "


"എങ്കിൽ ഇതുപോലെയെത്ര ജനവിഭാഗം ഉണ്ടാവും ഈ ഇന്ത്യ മഹാരാജ്യത്ത് അവർക്കുവേണ്ടി "


"അപ്പോൾ ഇനിയും ? "


"അതെ ......ആദ്യം കണ്ണൂർ പിന്നീട് "


"ഉം "


പിന്നെനിക്കൊന്നും പറയാനുണ്ടായില്ല ,ആയിരംപേരുകൂടുമ്പോൾ എങ്കിലും ഇതുപോലെ ചിന്തിക്കുന്ന ഒരാളെങ്കിലും ഉണ്ടാവണം എന്നെന്റെ മനസ്സ്‌ പറയുന്നുണ്ടായിരുന്നു .


"നിനക്ക് ഇത് കഥയെഴുതാനാണോ "?

"അല്ല "

"പത്രത്തിൽ കൊടുക്കാൻ "?

"അല്ല "

"ഒറ്റുകൊടുക്കാൻ ?"

"അല്ല ."

"പിന്നെ ?"


"ഇവിടെനിന്നും വയനാട്ടിലെക്കെത്ര ദൂരമുണ്ട് ?"


അപ്പോഴേക്കും അങ്ങോട്ട് വന്ന പൊലീസുകാരെ കണ്ടപ്പോൾ അയാൾ നിർത്തി .
ഞങ്ങളെ രണ്ടാളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അതിലൊരാൾ പറഞ്ഞു


"ഇനിയെന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്തു തന്നോളാം "


അയാളുടെ തോളിൽ തട്ടി കൊണ്ടാണ് അതുപറഞ്ഞത് .


"വാ "

എന്ന് വിളിച്ചയാൾ തിരികെ നടക്കുകയും ചെയ്തു .

രണ്ടാമത്തെയാൾ

" നിങ്ങളെയോർത്ത് ഞാനഭിമാനിക്കുന്നു "

എന്നുപറഞ്ഞും പിന്തിരിഞ്ഞു .
അവരുടെ പുറകെനടക്കുമ്പോൾ രൂപേഷ് പറയുന്നുണ്ടായിരുന്നു

"എനിക്കറിയാമായിരുന്നു ചതിയാണെന്ന് "


ഞാനയാളെ ഒരുനിമിഷം നോക്കിയിട്ട് കൈ പിടിച്ചു ഞാൻ പറഞ്ഞു


"ഇവിടെ നിന്നിറങ്ങുമ്പോൾ വരണം ..... എനിക്കും വരണം നിങ്ങളുടെ കൂടെ ....പിന്തിരിപ്പിക്കാൻ നോക്കണ്ട , എനിക്കും അവകാശമുണ്ടെന്ന് കൂട്ടിക്കോളൂ "


അയാൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ കണ്ടിട്ടാവണം എന്തോ വിവരിക്കാനാവാത്ത അവസ്ഥയിലായിരുന്നു അയാളപ്പോൾ .


തുറന്നിട്ട ജനലിലൂടെ അവിടെത്തിയപ്പോൾ ഞാനൊന്ന് എത്തിനോക്കി . അയാളും . കൂടിനിൽക്കുന്ന പോലീസുകാരും പ്രതികളും മാത്രമേ ഉണ്ടായിരുന്നുള്ളു .


പോലീസുകാർ ഞങ്ങളെയും കൊണ്ട് പ്രസ്തുത മുറിക്കുമുൻപിലെത്തുമ്പോൾ തന്നെ കയ്യടിശബ്ദം ഉയർന്ന് തുടങ്ങി . അത്ഭുതം മായാതെനിൽക്കുന്ന ഞങ്ങളെ കണ്ടതും സൂപ്രണ്ട് ഇറങ്ങിവന്നു അയാളുടെ കരം കവർന്നു . നിലക്കാത്ത കയ്യടികൾ അപ്പോഴും ഉയരുന്നുണ്ടായിരുന്നു .


" മനു എന്ന രൂപേഷെ .... നീ ഞങ്ങളെയെല്ലാം തോൽപ്പിച്ചു കളഞ്ഞല്ലോ അനിയാ .... അവനവന് വേണ്ടിയല്ലാതെ ഇവിടേയ്ക്ക് വരുന്നവർ പണ്ടാണെന്ന് തോന്നലുണ്ടായിരുന്നെനിക്ക് . നീ അത് തിരുത്തിത്തന്നു .. നിന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു ...


നീ പറഞ്ഞപോലെ ചതിയായിരുന്നു , നിന്റെവായില്നിന്നും സത്യം വരുമെന്നുഞങ്ങൾ ഉറപ്പിച്ചാണ് ക്യാമറകൾ വച്ചിടത്ത്‌ നിങ്ങൾക്കുസംസാരിക്കാൻ അവസരമൊരുക്കിയത് .


പക്ഷേ .... നീ ഞങ്ങളെ തോൽപ്പിച്ചുകളഞ്ഞു മനു . നീ പേടിക്കണ്ട ഈ ദൃശ്യങ്ങൾ ഇനിയാരുമറിയില്ല , കാരണം അവര് ഇതിൽ നീ ചെയ്ത കുറ്റങ്ങളെ കാണുള്ളൂ . 


സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി സത്യവും ദയയും അഹിംസയും പഠിപ്പിച്ച ഗാന്ധിയെ തന്നെ മറന്നവരാണ് നമ്മൾ ..."


"കാട്ടിലെ മൃഗങ്ങൾ ചതിയിലൂടെ ആക്രമിക്കാത്തതു ഇതുപോലെ ബുദ്ധിയില്ലാത്തത് കൊണ്ടാവും അല്ലെ "


സൂപ്രണ്ട് ചമ്മിയ ചിരിയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു .
സമയം നാലുമണിയോടടുത്തതിനാൽ എനിക്കവിടെനിന്നും പോവാതെ തരമില്ലായിരുന്നു .


സന്ധ്യടുത്തുതുടങ്ങിയ കോറിഡോറിലൂടെ നടക്കുമ്പോഴും വരാൻനേരം ആരും കേൾക്കാതെ അയാൾ പറഞ്ഞവാക്കുകളായിരുന്നു എന്റെ മനസ്സിൽ .


"നമ്മളെ ചോദ്യം ചെയ്യുന്നവരെ പെട്ടെന്നങ് ഇഷ്ടപ്പെട്ടുപോകും "എന്തുകൊണ്ടാവും ഇങ്ങനെ പറഞ്ഞതെന്നാലോചിച് ഇനി ഉറക്കമില്ല യാമങ്ങളിലേക്ക് എന്റെ ചിന്തകളും ...!



അവസാനിച്ചു ...


ഇതുവരെ എല്ലാ സപ്പോർട്ടും നൽകി കൂടെനിന്നവർക്ക് ഹൃദയംനിറഞ്ഞ നന്ദി . Arjun K Prakash Abdul Gafoor Edappal Rihan Rashid Athira, Sreenivas Panampilly ranjith, Basith Bin Bushra
അയാളും ഞാനും തമ്മിൽ 36
-------------------


"എന്നിട്ടോ "?



"എന്നിട്ടെന്താവാൻ ... പരിക്കേറ്റ് ആശുപത്രിയിൽ കഴിയേണ്ടിവന്ന ഉദ്യോഹസ്ഥരുടെ ചികിത്സാച്ചെലവും കുടുംബത്തിനുള്ള ധനസഹായവും സർക്കാർ ഏറ്റെടുത്തു . അതും പ്രൈവറ് ഹോസ്പിറ്റലിൽ ആണെന്നോർക്കണം ,


സർക്കാർ ജീവനക്കാർക്കുതന്നെ സർക്കാർ ആശുപത്രികളെ വിശ്വാസമില്ലാത്തതുകൊണ്ടു പാവപ്പെട്ടവനെ അവിടെക്കയറു എന്നറിയാവുന്നവർ മോശം ട്രീറ്റ്മെന്റ് നൽകുമ്പോൾ നമ്മളെന്ത് പറയാനാണ് .



എന്തായാലും അവരുടെ തോക്കും മറ്റായുധങ്ങളും പ്രയോഗിക്കാനുള്ള ഇടഞങ്ങൾ കൊടുക്കാത്തതിനാൽ ഞങ്ങളുടെ ഭാഗത്തുള്ളവർക്ക് കാര്യമായ പരിക്കുണ്ടായില്ല . പിന്നെ അവരിൽ പലരും മദ്യപിച്ചിരുന്നതും ഗുണമായി . ഞങ്ങൾ ശ്രദ്ധിക്കാതെ പോയൊരുകാര്യം ഉണ്ടായിരുന്നു സി സി ടി വി ക്യാമറകൾ .



വിഷ്ണുവിനെയും എന്നെയും കുറച്ചു ആദിവാസികളെയും ശരത്തിന്റെ ഒന്നുരണ്ട് സുഹൃത്തുക്കളും അങ്ങനെ നക്സലൈറ്റുകളായി മുദ്രകുത്തപ്പെട്ടു .



അപ്പോഴും മനസ്സിൽ രാധയെന്ന പത്തുവയസ്സുകാരിയുടെ വാക്കുകളായിരുന്നു


 "എന്നെ കൊന്നുതരുമോ ഡോക്ടർ അണ്ണാ , ഈ വേദന സഹിക്കാൻ വയ്യ "


ഏതോ ഒരുത്തൻ കാട്ടിക്കൂട്ടിയതാ , കുഞ്ഞാണെങ്കിലും പെണ്ണല്ലേയെന്ന് .


കയ്യിൽ കോരിയെടുത്തുവന്ന സീതമ്മയുടെ മുഖമായിരുന്നു , അവളെ ഒന്ന് കണ്ണുതുറന്നുകാണാൻ ഞങ്ങളെത്ര കഷ്ടപ്പെട്ടു .


എന്റെയനിയത്തിയെപ്പോലെ കരുതിയ ശെമ്പകത്തിന്റെ അന്നത്തെ കണ്ണീരായിരുന്നു ,

 കറുപ്പന്റെ മരുമകളുടെ ശവശരീരം ഏറ്റുവാങ്ങുമ്പോൾ ഉണ്ടായ തണുപ്പിപ്പോഴും പോയിട്ടില്ല വിദ്യാ .


എല്ലാം നഷ്ടപ്പെടുമ്പോൾ ഹൃദയം പൊട്ടി കരയുന്ന ഒരുകൂട്ടം നിഷ്കളങ്ക ജനങ്ങളായിരുന്നു .

അതിന് മറുപടി നൽകാൻ അഹിംസാമാർഗം കൊണ്ടാവില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു .


കിടപ്പിലായവർക്കുവേണ്ടി വാദിക്കാനും കരയാനും ലക്ഷക്കണക്കിനുപേർ ഉണ്ടായിരുന്നു ,

നിലപാടുകളില്ലാത്ത ബാക്കിയുള്ളവരും എന്തുകൊണ്ടാണ് "എന്തിനുവേണ്ടി അവരിത് ചെയ്തെന്ന് ചിന്തിച്ചില്ല ?


നക്‌സലൈറ്റുകൾ ആയാലും വെറുതെ ആരെയെങ്കിലും കേറിയങ് ആക്രമിക്കാൻ മാത്രം വിഡ്ഢികളാണോ ?


നക്സലേറ്റുകൾ ഉയർന്നവിദ്യാഭ്യാസവും ചിന്താഗതിയും ഉള്ളവരായിട്ടും എന്തിനിങ്ങനൊരു സാഹസത്തിന് മുതിരുന്നു എന്ന് ചിന്തിക്കാത്തതെന്താണ് ?


നക്‌സലൈറ്റുകൾ ആധൂനിക സാങ്കേതികവിദ്യയിൽ കഴിവുതെളിയിച്ചവരായിട്ടും മൊബൈലിന് സിഗ്നൽപോലുമില്ലാത്ത വനങ്ങളിൽ എന്തിനുവേണ്ടി പ്രവർത്തിക്കുന്നു എന്നോർത്തുകൂടെ ?


നക്‌സലൈറ്റുകൾ മരം മുറിച്ചുകടത്തി വിറ്റോ ?

വനം നശിപ്പിച്ചോ ?

കഞ്ചാവ് കൃഷി ചെയ്‌തോ ?

ഏതെങ്കിലും സ്ത്രീകളെ ബലാൽസംഗം ചെയ്‌തോ ?

സാധാരണക്കാരുടെ ജീവിതത്തിൽ തലവേദനയായി ഭവിച്ചുവോ ?

ആദിവാസിയുടെ മണ്ണ് സ്വന്തമാക്കിയോ ?

നാടുനീളെ ഭീഷണിപ്പെടുത്തി പണം പിരിച്ചോ ?

നാട്ടുകാരെ തല്ലിചതച്ചോ ?

മൃഗങ്ങളെ വേട്ടയാടിയോ ?

ആനകളെ കൊന്ന് കൊമ്പെടുത്തോ ?

മറ്റുമൃഗങ്ങളെ കൊന്ന് തോലെടുത്തോ ?

കൃഷി നശിപ്പിച്ചോ ?

അനധികൃതമായി സ്വത്ത് സംബാധിച്ചോ ?

ഒന്നും ചെയ്തില്ലാലോ വിദ്യാ ,സ്വന്തം പോക്കെറ്റിലെ പണമെടുത്ത് ആരും തിരിഞ്ഞുനോക്കാത്തവർക്കുവേണ്ടി പ്രവർത്തിച്ചതാണോ കുറ്റം ?

അവരെ അക്ഷരം പഠിപ്പിച്ചതാണോ കുറ്റം ?

സ്വന്തം പണംകൊണ്ട് ഭക്ഷണം കൊടുത്തതാണോ ,ചികില്സിച്ചതാണോ കുറ്റം ?

അടിച്ചമർത്തപ്പെട്ടവരെ അവകാശങ്ങൾ പറഞ്ഞു മനസ്സിലാക്കിയതാണോ കുറ്റം ?

കേറിക്കിടക്കാൻ സ്വന്തമായൊരുപിടിമണ്ണ് അതും കട്ടും ചതിച്ചും പിടിച്ചുപറിച്ചും അവരിൽനിന്നും നേടിയെടുത്തതിൽ നിന്നും വളരെക്കുറച്ചു മാത്രം തിരികെ വേണമെന്നാവശ്യപ്പെടാൻ പറഞ്ഞുകൊടുത്തതാണോ കുറ്റം ?


പിഞ്ചുകുഞ്ഞുങ്ങളെവരെ മാനംകെടുത്തുന്നവരോട് എതിർത്ത് നിന്നതാണോ കുറ്റം ?

ആധൂനിക ചികിത്സാസൗകര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി കൊടുത്തതാണോ കുറ്റം ?

അവരുടെ അവസ്ഥയെന്തെന്ന് ലോകത്തിനുമുന്നിൽ തുറന്നുവെച്ചതാണോ കുറ്റം ?


കറുത്തനിറവും പൂച്ചക്കണ്ണുകളും ചുരുണ്ടമുടിയുമുള്ള വനത്തിൽ താമസിക്കുന്ന ജീവികൾ എന്ന് പറയുന്ന നിങ്ങളുടെയൊക്കെമുന്പിൽ അവരെ മനുഷ്യരായി കണ്ടതാണോ കുറ്റം ?


ശമ്പളവർദ്ധനവിനു വേണ്ടി ഇടയ്ക്കിടെ സമരം നടത്തുന്നത് കുറ്റമില്ല


വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പഠനം നിർത്തിവെപ്പിച്ചു
നാളെത്തെതലമുറയോട് അനീതികാണിക്കുന്നതിൽ തെറ്റില്ല


അങ്ങോട്ടുമിങ്ങോട്ടും മത്തങ്ങാമുറിക്കുന്ന ലാഘവത്തോടെ മനുഷ്യനെ വെട്ടിയിടുകകയും പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കളിക്കുകയും ഹർത്താലുണ്ടാക്കുകയും ചെയ്യുന്നതിൽ കുറ്റമില്ല


ആതുരാലയങ്ങൾ അടച്ചിട്ട് സമരം ചെയ്തതിലും കുറ്റമില്ല


തുമ്മിയാലും തെറ്റിയാലും സമരംപിടിക്കുന്നത് കുറ്റമേയല്ല ഇവിടെ കിടപ്പാടത്തിനുവേണ്ടി സമരം ചെയ്തപ്പോൾ കുറ്റമായി .


അവകാശത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് വാചാലമാകുന്നവരെന്താണ് വിദ്യാ ആദിവാസിയെ മാത്രം പരിഗണിക്കാത്തത് ?

അവരുടെയിടയിൽ നിന്നും ചോദിക്കാനാരും വരില്ലെന്നുള്ളതുകൊണ്ടോ ?


താഴ്ന്നുകിടക്കുന്നവരുടെ തലയിൽ കയറുന്നതാണോ വിദ്യാ ജനാധിപത്യം ?


എല്ലാ ഇന്ത്യക്കാരും എന്റെസഹോദരി സഹോദരന്മാരാണെന്നും , നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കുമെന്നും സ്‌കൂൾജീവിതത്തിൽ എത്രതവണ പ്രതിഞ്ജ ചൊല്ലിയിരിക്കും ?


എന്നിട്ടുമെന്താണ് വിദ്യാ ഇവരുംകൂടെ ചേർന്നതാണ് ഇന്ത്യാരാജ്യം എന്ന് മനസ്സിലാക്കാതെ പോകുന്നത് ?

സാക്ഷരതകൂടിയ നമ്മളെ ഇങ്ങാനാവുമ്പോൾ മറ്റുള്ളിടത്തെ കാര്യം പറയേണ്ടതില്ല്ലാലോ ..?


അന്നത്തോടെ എനിക്കൊരുകാര്യം മനസ്സിലായി അവരുടെ സമ്പത്തിനെ തിരിച്ചുചോദിക്കാൻ ആ തലമുറകളിൽ ആരും വരാതിരിക്കണമെങ്കിൽ ആദിവാസിസമൂഹം ഒരിക്കലും മുന്നിലേക്ക് വരരുതെന്ന് എല്ലാവരും ആഗ്രഹിക്കുന്നു .


ആരുംചോദിക്കാൻ ഇല്ലാത്തവർക്കായി നാവുയർത്താൻ ധൈര്യപ്പെട്ട ഞങ്ങളെ അടിച്ചമർത്താനാണ് ഈ വളച്ചുകുത്തലുകളെന്നും . അന്നേവരെ രണ്ടുമനസ്സോടെയാണ് അവർക്കുവേണ്ടി പ്രവർത്തിച്ചതെങ്കിൽ പിന്നീടങ്ങോട്ട് ഉറച്ചതീരുമാനത്തോടെ അവർക്കുവേണ്ടി ജീവിക്കണമെന്ന് തോന്നുകയായിരുന്നു .


വിശക്കും മുൻപേ ഭക്ഷണം കിട്ടിയ നിനക്കൊന്നും ഭാവനയിൽ കാണാനാവുന്നതിനും അപ്പുറമാണ് ദാരിദ്ര്യത്തിന്റെ ക്രൂരത ,

മരംകോച്ചുന്ന വയനാടൻ തണുപ്പിലെ സുഖവാസത്തെക്കുറിച്ചേ നിനക്കറിയൂ , ഒരുപുതപ്പിന്റെ രക്ഷയ്ക്കുപോലും വഴിയില്ലാത്തവരുണ്ട് . .

അതൊന്നും എങ്ങനെയാണ് പറയേണ്ടതെന്നറിയില്ല എനിക്ക് മനുഷ്യനായി ഒന്ന് നോക്ക് .

നിരന്തരമായ സമരങ്ങൾക്കും അടിപിടികൾക്കും ഫലമായി ഒരുദിവസം അവരെന്നെ അറസ്റ്റ് ചെയ്തിവിടെ കൊണ്ടുവന്നു .

ഇങ്ങനെയെല്ലാം ഉണ്ടാവുമെന്നുറപ്പുള്ളതുകൊണ്ടു ഹയർ സ്റ്റഡീസ് ന്റെ പേരിൽ ലോങ്ങ് ലീവിന് ഞാനെഴുതികൊടുത്തിരുന്നു .


എനിക്കുപകരം വന്നത് എന്റെ കൂട്ടുകാരനായതുകൊണ്ട് ധൈര്യത്തോടെ തന്നെ മുതുമലയോട് ഞാൻ യാത്രപറഞ്ഞു .

എന്റെയൊപ്പം വിഷ്ണുവും ശരത്തും ശരത്തിന്റെ കുറച്ചുകൂട്ടുകാരും ഉണ്ടായിരുന്നു .


കഴിയുന്നത്രെ അവരോട്‌ഞാൻ പറഞ്ഞുനോക്കിയെങ്കിലും എന്നെപ്പോലെതന്നെ ജീവിതത്തിൽ സംതൃപ്തി ആരുമില്ലാത്തവരെ സേവിക്കുമ്പോൾ കിട്ടുമെന്ന് അടിയുറച്ചു വിശ്വസിക്കുന്നവരായിരുന്നു അവരും .


അജീഷിന്റെ മരണമാണ് ശരത്തിനെ ഇവിടെ പിടിച്ചുനിർത്തിയതെങ്കിൽ, ശരത്തിന്റെ അന്നത്തെ അവസ്ഥയാണ് അവന്റെ കൂട്ടുകാരായ നീതുവിനെയും ലക്ഷ്മിയെയും അർജുനെയും രാഹുലിനെയും ജിംഷാദിനെയും ഇവിടെപിടിച്ചു നിർത്തിയത് .


ഏതാണ്ട് ഒരേപ്രായവും ഒരുപോലെ ചിന്തിക്കുന്നവരുമായ ഞങ്ങൾക്കുമുന്നിൽ "വിവേചനമില്ലാത്ത ആദിവാസി " എന്നൊരു ലക്ഷ്യം മാത്രമായിരുന്നു .


പത്രങ്ങങ്ങളിൽ ശരിയായപേരും വിലാസവും വരാതിരിക്കാൻ ഞങ്ങളെപ്പോഴും ശ്രദ്ധിച്ചിരുന്നു .

കാരണം സത്യമറിയാത്ത വീട്ടുകാർക്ക് ഞങ്ങളെയോർത്ത് തലകുനിക്കേണ്ട അവസ്ഥ വരുന്നത് ഞങ്ങൾക്കിഷ്ടമല്ലായിരുന്നു ,

ഒപ്പം ഞങ്ങളെത്തിരഞ്ഞു ചെന്നെത്തുന്ന സമൂഹത്തിൽ ഉയർന്നസ്ഥാനം വഹിക്കുന്ന ശത്രുക്കൾ അവരെ ഉപദ്രവിച്ചാലോ എന്നപേടിയുണ്ടായിരുന്നു .

 രക്തബന്ധമില്ലാതിരുന്നിട്ടും ആദിവാസിയെ ഇത്ര സ്നേഹിക്കുന്നുണ്ടെങ്കിൽ സ്വന്തം വീട്ടുകാരെ എത്ര സ്നേഹിച്ചിരിക്കും ?"

"ഉം ...ശരിയാണ് "

 എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാൻ പോലീസുകാർ ജനാലയിലൂടെ എത്തിനോക്കുന്നതും നോക്കിയിരുന്നു .


" പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും ...നേരിനുവേണ്ടി നിദാന്തം ഒരാദർശ വേരിന് വെള്ളവും വളവുമായി മാറിയോർ ...."


"നിങ്ങള്ക്ക് മലയാളം കവിതകളൊക്കെ അറിയാമോ ?"


"വായിച്ചുമനസ്സിലാക്കാൻ അൽപം ബുദ്ധിമുട്ടാണെങ്കിലും അവരൊക്കെ പാടി കേട്ട് പഠിച്ചതാണ് "


"ആഹാ ...കൂടെയുള്ളവർക്കൊക്കെ ഇതൊക്കെയറിയാമോ ?"


"ഒരുപക്ഷെ ഇതൊക്കെ മനസ്സിലുറച്ചുപോയത് കൊണ്ടാവും അവർ കൂടെയുണ്ടായത് " .


"ഉം ...ശരിയാ .... സാഹിത്യം പഠിച്ചാൽ തലതിരിഞ്ഞുപോകുമെന്ന് കേട്ടിട്ടുണ്ട് "


"അങ്ങനെ തലത്തിരിഞ്ഞവർ പോരാടിയുണ്ടാക്കിയതാണ് ഇന്നുനീ അനുഭവിക്കുന്ന സ്വാതന്ത്രം എന്നുമറക്കണ്ട . ചിന്തിക്കുന്നവർ മനുഷ്യരെ തിരിച്ചറിയുന്നു ,

 പക്ഷേ ഒരുമനുഷ്യന്റെ ഉയർച്ച മറ്റുള്ളവന് വിഘാതമുണ്ടാക്കുമ്പോൾ ഇതുപോലെ വീണുപോകുന്നവനുവേണ്ടി താങ്ങുമരമാവാൻ ശ്രമിക്കുന്നത് അതുകൊണ്ടാവും . "


"ഉം ... എങ്കിലും ...."


"ഇതാണ് എന്റെ ശരി . ഞാൻ വിവാഹംകഴിച്ചു കുടുംബമായി കഴിഞ്ഞില്ലെന്നുവച്ചു മനുഷ്യവംശം നിന്നുപോകുകയൊന്നുമില്ലലോ ......

ചോദ്യംചെയ്യാൻ ആർക്കുമാവും വിദ്യാ . പക്ഷേ ഉത്തരം കണ്ടെത്താൻ എല്ലാവർക്കും കഴിയാറില്ല .


അന്ന് ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയശേഷം ഇടയ്ക്കിടയ്ക്ക് പരിശോധനകൾ ഉണ്ടാവുമെന്നറിഞ്ഞിട്ടും കൂടെ വന്നുചേർന്നവർ ഉണ്ട് .


പിന്നെയൊരിക്കലും ആദിവാസിക്കുടിലുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല .

പിന്നെയൊരിക്കലും ആദിവാസിപ്പെണ്ണിന്റെ മടിക്കുത്തഴിക്കാനാരും ധൈര്യപ്പെട്ടില്ല .

പിന്നീടെപ്പോഴും ആദിവാസിയുവാക്കളെ അനാവശ്യമായി ആരും തല്ലിചതച്ചില്ല .

ആദിവാസി കോളനികളിൽ അധികാരം സ്ഥാപിക്കാനോ , കിട്ടിയ മണ്ണ് പിടിച്ചുവാങ്ങാനോ ആരും വന്നില്ല .

പിന്നീടെപ്പോഴും അവിടുത്തെ സ്‌കൂളിൽ അധ്യാപകരില്ലാതിരുന്നിട്ടില്ല .

മാനന്തവാടി ഗവ ആശുപത്രിയിൽ സിക്കിൾസെൽ അനീമിയ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളെത്തി ,

രോഗികൾക്കുള്ള ഫോളിക് ആസിഡ് ഗുളികകളും വേദനാസംഹാര ചികിത്സകളും എത്താതിരുന്നില്ല

അവിടുത്തെകുട്ടികളിൽ സ്‌കൂളിൽപോകുന്നവരുടെ എണ്ണം വർദ്ധിച്ചു .

ഉൾവനത്തിൽ നിന്നും വരുന്നവരെ ഉദ്ദേശിച്ചു സ്കൂളിനടുത്ത് ഹോസ്റ്റൽ വന്നു .

മലഞ്ചരക്കുകൾക്ക് വിലക്കുറച്ചുകൊടുത്ത് അവരുടെ അധ്വാനത്തെ വിലപേശിയില്ല ആരും

ടൂറിസത്തിന്റെപേരിൽ പിന്നീട് ഏതുവനവും പുഴയും കയ്യേറിയില്ല.

കുടിലുകൾക്കുപകരം വീടുകൾവന്നു ,വീടുകളിൽ കറന്റ് കണക്ഷൻ വന്നു .

ഹോസ്പിറ്റലുകൾ നവീകരിക്കപ്പെടുകയും ഡോക്ടർമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുകയും ചെയ്തു .

ആദിവാസിയെന്ന ക്യാറ്റഗറിയിൽനിന്നും പുറത്തുവന്ന് മറ്റുള്ളവരെപ്പോലെ ജീവിച്ചുതുടങ്ങി

അടിസ്ഥാനസൗകര്യങ്ങൾ വന്നു ,

പകർച്ചവ്യാധികൾ കുറഞ്ഞു


അതിലെല്ലാമുപരി അന്നുവരെയുണ്ടായിരുന്ന ജെനിറ്റിക് രോഗികളോടുള്ള മനോഭാവം മാറിത്തുടങ്ങി .


മൃതശരീരംപോലും മറവുചെയ്യാൻ ഇടമില്ലാതിരുന്നവർ അതിനെയെല്ലാം അതിജീവിച്ചു .

ശൈശവ വിവാഹങ്ങളും ഗർഭധാരണവും ശിശുമരണവും കുറഞ്ഞു .


ഈ മൂന്നുനാല് വർഷത്തിനിടയ്ക്കു സംഭവിച്ച കാര്യങ്ങളാണ് ഇവയെല്ലാം .

അവരുടെ അവകാശങ്ങൾ എന്തെന്ന് അവരെപ്പറഞ്ഞു മനസ്സിലാക്കുക മാത്രമേഞങ്ങൾ ചെയ്തുള്ളു .


ഇനിയും ഇരുളിൽ നിന്നുംപുറത്തുവരാത്ത കോളനികളും ജനങ്ങളും ഇപ്പോഴുമുണ്ട് വിദ്യാ , അവർക്കായി പോരാടാൻ ഇറങ്ങിയവരും...ഇറങ്ങുന്നവരും ...


തുടരും

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...