Tuesday 11 July 2017

2
------


"എന്നെക്കുറിച്ചുള്ള എന്തെങ്കിലും ഫീച്ചർ എഴുതാനുള്ള പരിപാടിയുണ്ടോ തനിക്ക് ?"


"ഇല്ല "


"അപ്പോൾ പത്രക്കാരിയല്ല , ഇനി വല്ല ഒറ്റുകാരിയുമാണോ ?"


"അല്ല .... ഞാൻ വെറുമൊരു സാധാരണക്കാരിയാണ് , നിങ്ങളെക്കുറിച്ചുള്ള വാർത്തകൾ മുടങ്ങാതെ കാണുമ്പോൾ വരണമെന്ന് തോന്നി . വന്നു . അത്രന്നെ "


"ഇല്ല വിദ്യ അസാധാരണമായ സംശയങ്ങളും കൗതുകങ്ങളും നിന്റെകണ്ണിലെനിക്കു കാണാൻ കഴിയുന്നുണ്ട് "


"നിങ്ങളെന്താ മനഃശാസ്ത്രത്തിന്റെ ഡോക്ടർ ആണോ ? "


"അല്ല . മനഃശാസ്ത്രത്തിന്റെ സ്പെഷലൈസേഷൻ ഉള്ളവർക്കേ മറ്റുള്ളവരെ തിരിച്ചറിയൂ എന്നുണ്ടോ ?"


അയാൾ എന്നോട് ഉടക്കാനുള്ള പരിപാടിയാണെന്ന് എനിക്കുതോന്നി ,തിരിച്ചുപറയാൻ വാക്കുകളൊന്നും കിട്ടുന്നുമില്ല , അയാൾ പറയുന്നത് സത്യമെങ്കിലും സമ്മതിച്ചുകൊടുക്കാനും വയ്യ .


"അങ്ങനൊന്നുല്ല "


"വിദ്യ മറ്റുള്ളവരെക്കുറിച്ചു ഒരാൾ ചിന്തിച്ചു തുടങ്ങുമ്പോൾ അയാൾപോലുമറിയാതെ കൈവരുന്ന ചില സവിശേഷതകളുണ്ട് , അതിലൊന്നാണ് മുന്നിലെത്തുന്നവരുടെ ഉദ്ദേശം പറയാതെ തന്നെ തിരിച്ചറിയുകഎന്നത്‌ , അതിനുള്ള എളുപ്പവഴി അവരുടെ കണ്ണുകൾ വായിക്കാൻ ശ്രമിക്കുകയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് "


"അങ്ങനൊക്കെയുണ്ടോ "?


"മം ... നിന്റെ മുന്നിലെത്തുന്ന ഓരോരുത്തരെയും ശ്രദ്ധിക്കു , ഏറ്റവുമെളുപ്പത്തിൽ കണ്ണുകൊണ്ടു നമുക്ക് അവരെ കീഴ്‌പെടുത്താം "



അയാളുടെ മുഖത്തേക്കുള്ള നോട്ടത്തിനിടയ്ക്കു കണ്ണുകൾ തമ്മിലിടയുമ്പോൾ ഞാനിത്തിരിയൊന്നുമല്ല പതറിപ്പോകുന്നത് .


" ഏതുവിഷയത്തിനും നിങ്ങളുടെകയ്യിൽ മറുപടിയുണ്ടല്ലോ ....സത്യമായിട്ടും നിങ്ങളാരാണ് ...??? "


"ഹഹ നീതന്നെയല്ലേ പറഞ്ഞത് ഞാനൊരു ദേശദ്രോഹിയും കൊലപാതകിയും അക്രമിയുമാണെന്ന് .... അതിൽ കൂടുതലെന്ത് വേണം "


"നിങ്ങളെങ്ങനെയാ ഇവിടെത്തിപ്പെട്ടത് ?"


"നീയെന്നെ വിടുന്ന മട്ടില്ലാലോ ... ഏതെങ്കിലും പത്രത്തിൽ ഞാൻപറയുന്നതൊന്നും അച്ചടിച്ച് വരില്ലെന്നുറപ്പുതന്നാൽ പറയാം .."


"ഇല്ല , ഞാൻ പറയില്ല ... ചെന്നൈയിൽ ജനിച്ചുവളർന്ന നിങ്ങളെന്തിനിവിടെയെത്തി " ?


"ഹ ഞാൻ വളർന്നതാണ് ചെന്നെയിൽ , ജനിച്ചത് ഇവിടെയാണ്...
മുകുന്ദൻസാറിന്റെ കഥകളിൽ വായിച്ചുപരിചയിച്ച കണ്ണൂരിൽ ചെഞ്ചോര വീണ് തുടങ്ങിയ കാലത്ത്

എൺപത്തിനുശേഷം പൊതുവെ പലയിടങ്ങളിലും അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നെങ്കിലും അടിപിടികളിലോ ആശുപത്രിവാർഡിലോ എത്തിനിൽക്കുന്നവയായിരുന്നു ,പക്ഷെ എൺപത്തി നാലില് ആദ്യമായി ആ മണ്ണിൽ ആധൂനിക പകപോക്കലിന്റെ ആദ്യ രക്തസാക്ഷിയായി അച്ഛൻ വീണ അന്നുതന്നെയായിരുന്നു എന്റെ ജനനം .


താൻ കേട്ടിരിക്കും ബാലചന്ദ്രൻ തലശ്ശേരി , ഇന്നും പാർട്ടിയുടെ ഒട്ടുമിക്ക ബാനറുകളിലും അച്ഛനുണ്ട് . വർഷം കൂടുമ്പോൾ അച്ഛന്റെ രക്തസാക്ഷിമണ്ഡപത്തിൽ അവർ പുഷ്പാഞ്ജലി നടത്തുന്നു ,

പക്ഷെ അച്ഛന്റെ കർമങ്ങൾക്കുശേഷം ഒരാഴ്ചപോലും പ്രായമാവാത്ത എന്നെയുംകൊണ്ട് അമ്മ മുത്തശ്ശന്റെ വീട്ടിലേക്ക് പോയി , കാരണമെന്തെന്നറിയാമോ ? "


"എന്തെ ?"


" അനുതാപങ്ങളുമായി ഒരുവശത്തുകുറച്ചുപേർ , ഈപേരിൽ ബക്കറ്റുപിരിവുമായി കുറച്ചുപേർ ഒരുവശത്ത് കുറ്റപ്പെടുത്തലുകളുമായി കുറേപേർ , അർദ്ധരാത്രി വീടിനുനേരെ കല്ലെറിയുന്നവരുടെയും ,അസഭ്യം പറയുന്നവരുടെയും ശല്യം വേറെ അമ്മയുടെ ജാതകദോഷമാണ് അച്ഛന്റെ അകാലമരണം എന്ന് ചിലർ . കണ്ണീരും വേദനയും പൊലിപ്പിച്ചുകാട്ടി ബിസിനെസ്സ് കൂട്ടിയ പത്രക്കാരുടെ ചോദ്യങ്ങൾ ....എന്റെഅമ്മയ്ക്കു മടുത്തുകാണണം ."


"അച്ഛൻ ശരിക്കും ആരായിരുന്നു ?"


അനുഭവങ്ങളിൽ ഇതുപോലൊരു കഴിഞ്ഞകാലം ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല .


" നാട്ടിലെ പ്രമുഖ നേതാവും സ്വാതന്ത്രസമര സേനാനിയുമായിരുന്ന മുത്തശ്ശന്റെ ഇളയ മകനായിരുന്നു അച്ഛൻ , മുത്തശ്ശന്റെ വഴിയേ സഞ്ചരിച്ചവൻ ,അല്ലെങ്കിൽ മുത്തച്ഛനിലും കൂടുതൽ തനറെ സമയം പൊതുപ്രവർത്തനത്തിനായി മാറ്റിവെച്ച യുവ പാർട്ടിപ്രവർത്തകനായിരുന്നു അച്ഛൻ ,


മുപ്പത്തിരണ്ട് കൊല്ലം മുൻപ് ഞാനുണ്ടായെന്ന സന്തോഷത്തിൽ പാർട്ടി മീറ്റിങ് നടക്കുന്നതിനിടയിൽ നിന്നും എന്റെയച്ഛനെന്നെ കാണാൻ വന്നു ... ആ നശിച്ച രാത്രിയിൽ സന്തത സഹചാരികളെ കൂടെ കൂട്ടാൻ അച്ഛൻ വിട്ടുപോയിരുന്നു ,


" വീടിനകത്തേക്ക് കയറുന്നതിനിടയിൽ ആരൊക്കെയോ ചേർന്നു വെട്ടിവീഴ്ത്തി . നാലുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ മകനെ കാണാൻ നിൽക്കാതെ അച്ഛൻ പോയി . പത്തൊൻപത് വെട്ടുണ്ടായിരുന്നത്രെ ..!


പിറ്റേന്നുള്ള പത്രങ്ങളിൽ കണ്ണൂരിന് പുതിയൊരു രാക്ഷസാക്ഷിയെ കിട്ടിയ സന്തോഷം അച്ചടിച്ചുവന്നു . സ്വന്തം പ്രസ്ഥാനത്തിലെ നേതാക്കളിൽ നിന്നുള്ള ശത്രുതയോ , അതോ എതിർചേരിക്കരുടെ പകരം വീട്ടലോ എന്നിപ്പോഴും നിശ്ചയമില്ല വിദ്യ . അഭ്യൂഹങ്ങൾ പലതായിരുന്നു ."



"മം "


എനിക്കിപ്പോൾ ചോദ്യങ്ങളില്ലാത്ത പോലെതോന്നി



" കണ്ണൂർ കാഴ്ചകൾ കൊണ്ട് ഭ്രമിപ്പിക്കുകയും കാപട്യം കൊണ്ട് തോൽപ്പിക്കുകയും ചെയ്യുന്നു .

ഇവിടെയുള്ള പകലിലെ വിജനതയെപ്പോലും പേടിയോടെയാണ് പലരും നോക്കിക്കാണുന്നത് ... മലയാളനാട്ടിൽ ചോരകൊണ്ടെഴുതപ്പെട്ട ചരിത്രമുണ്ടെങ്കിൽ അത് കണ്ണുരിന്റെയാണ് .

 വിപ്ലവങ്ങളും അവകാശസമരങ്ങളും അതിജീവനങ്ങളും ഇവിടുത്തുകാരോളം കണ്ടവരാരുണ്ട് വിദ്യ . "


നേർവഴികാട്ടാൻ അച്ഛനില്ലാതെവളർന്ന മകനിങ്ങനെ ആയിപ്പോയതിൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നെനിക്കു തോന്നി .


"എന്നിട്ട് ."?


"പിറ്റേന്ന് പുലരും വരെ അച്ഛന്റെ ശരീരമവിടെ കിടന്നു . ആർക്കൊക്കെയോ വേണ്ടിയോടിനടന്ന അച്ഛന്റെയവസാനം ......"


അയാൾ പിന്നെ കുറച്ചുനേരമൊന്നും പറഞ്ഞില്ല . ഞാൻ ചോദിച്ചുമില്ല ,ഓർമിപ്പിക്കണ്ടായിരുന്നെന്നു തോന്നി


"അവിടെത്തെ ഓരോമണൽത്തരിയിലും തോറ്റുകൊടുക്കാതെ പോരാടാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളാണ് ...

അവിടെയുള്ള ഓരോ പുൽക്കൊടിയും കേട്ടുവളർന്നതും പാടിത്തഴമ്പിച്ചതുമായ വടക്കൻപാട്ടുകളും പകരുന്നത് പോരാട്ടവീര്യമാണ് ...

ചോരക്കളം തീർത്തുനിറഞ്ഞാടുന്ന തെയ്യങ്ങളും പകരുന്നതും ഇതുതന്നെ .

അറയ്ക്കലും ചിറയ്ക്കലും പിന്നെക്കുറേ പറങ്കികളും കൂടെ വിഭജിച്ചു വിഭജിച്ചു അസ്തിത്വമെന്തെന്നു തെറ്റിദ്ധരിക്കപ്പെട്ട തീയ്യരെന്ന പണിക്കാരൻമാരും ,

 ആദ്യമായി മലയാളമണ്ണിൽ അച്ചടിത്തുടങ്ങിയതും സർക്കസുംകമ്മൂണിസവും ചേർന്ന് ...

ജോൺ എബ്രഹാം പറയാതെ വെച്ചുപോയതും ഏത് കഥാകാരന്മാർക്കും പേടിയില്ലാതെ കുറിക്കാൻ സാധിക്കാത്തതും ഇവിടുത്തെ പടനിലങ്ങളെക്കുറിച്ചാണ് വിദ്യ ,

ഏറ്റവും കൂടുതൽ രാഷ്ട്രീയക്കൊലപാതകങ്ങൾ നടന്നിട്ടുള്ളതുംഇവിടെ തന്നെ ...

 എന്താണ് ഇതൊക്കെ പറയുന്നതെന്നുവെച്ചാൽ കണ്ണൂരിൽ നിന്നുള്ള അസ്തിത്വത്തെ മറച്ചുവെച്ചാൽ ഞാൻ അപൂർണ്ണനാണ് .

അച്ഛന്റെ മരണം അന്ന് ഈ മലയാളമണ്ണിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു .

അതൊരു തുടക്കമായിരുന്നു രാഷ്ട്രീയ പകപോക്കലുകളുടെ , വീടിനുനേരെയുള്ള ആക്രമണങ്ങളും സഹിക്കവയ്യാതായപ്പോൾ അച്ഛന്റെ രക്തസാക്ഷിമണ്ഡപത്തിലൊരുപിടി പൂക്കളർപ്പിക്കാൻ പോലും നിൽക്കാതെ മുത്തച്ഛന്റെ വീട്ടിൽനിന്നും ചെന്നൈയിലേക്ക് ..,

നാടിനോടുള്ള എല്ലാബന്ധവും അവസാനിപ്പിച്ചുകൊണ്ട് ...

നാഥനില്ലാത്ത കുടുംബത്തിന്റെ വേദനയെന്തെന്ന് അനുഭവിച്ചറിയണം വിദ്യ ,അതാവും അമ്മയെ അങ്ങനെ ചിന്തിപ്പിച്ചത് .


അച്ഛനെക്കുറിച്ചറിയിക്കാതെ അച്ഛന്റെ പാതയിലേക്കുപോവാതെ അമ്മയ്ക്കെന്നെ വളർത്തണമായിരുന്നു .

കണ്ണൂരിലേക്കൊരു തിരിച്ചുവരവില്ലാതെ ....!



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...