Wednesday 30 September 2015

അത്രകാലം പെണ്ണ് എന്നുവെച്ചാൽ ആനയാണ് ചേനയാണ് അനുപമ സൌന്ദര്യമാണ് എന്നൊക്കെ പറഞ്ഞു നടന്ന എന്റെയൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക് .

ഇന്നലെ വൈകീട്ട് പോകുന്ന വഴിയിലെ കനാൽ പാലത്തിനു മീതെ ഉണ്ടാവുമെന്ന് കരുതി ഒരു രൂപയുടെ രണ്ട് മെലഡിയും കയ്യിൽ കരുതിയിരുന്നു .

ദൂരെനിന്നു കനടപ്പോഴേ തോന്നി അവനെന്തോ പ്രശ്നം പറ്റിയിട്ടുണ്ട് എന്ന് സാധാരണ ചിരിചോണ്ടാണ് കാണാറുള്ളത്‌
അടുത്തെത്തും മുന്നേ ചോദിച്ചു

"എന്താടാ ?"

"ഒന്നുമില്ല "

ലോകാവസാനം ഉണ്ടാക്കിയത് ഞാനാണ് എന്ന തരത്തിൽ ദേഷ്യത്തോടെയുള്ള മറുപടി .

വിട്ടു കളയുന്ന പതിവില്ലാത്തത് കൊണ്ട് അടുത്തെത്തിയതും ഒന്നൂടെ ചോദിച്ചു

"എന്താ കാര്യം പറ ..എന്നിട്ട് മിണ്ടാതിരിക്ക്‌ "

"ഓ ...അറിഞ്ഞാൽ നീ തീർത്ത്‌ തരുമോ ?"

"പറ്റുന്നതാണ് എങ്കിൽ നോക്കാം "

എന്താ എന്നറിയാതെ എനിക്കൊരു സമാധാനമില്ല ,അല്ലെങ്കിലും അന്യരുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ എനിക്ക് വലിയ താൽപര്യമാണ്

""ഇനി ഒന്നും പറ്റില്ല ..അവള് പോയി ..."

അവൻ അവന്റെ ദുരന്ത കഥയുടെ തലക്കെട്ട്‌ പറഞ്ഞു തന്നു . ഇനി വേണമെങ്കിൽ ഞാൻ ഊഹിച്ച് നടന്നു പോകാം ...അല്ല്നെങ്കിൽ അവനെക്കൊണ്ട്‌ പറയിപ്പിച്ചു സ്വയം സമാധാനിക്കാം ..അങ്ങനെ ഒരു കഥ കൂടി കേട്ടെന്ന്". ചോദിക്കുന്നതിനു മുന്നേ തന്നെ അവൻ പറഞ്ഞു

"ഈ പെണ്ണുങ്ങളെ വിശ്വസിക്കാനേ പറ്റില്ല ... ഒക്കെ അവസരവാദികളാണ്"

തിരിച്ചു എന്തെങ്കിലും പറയണം എന്നുണ്ടായിരുന്നു പക്ഷെ രണ്ട് വർഷത്തോളമായുള്ള അവന്റെ പ്രേമം തകർന്ന വിഷമമല്ലേ എന്ന് കരുതി ഞാനൊന്നും മിണ്ടിയില്ല

"നമ്മുടെ ജീവിതത്തിൽ സ്നേഹിക്കാൻ കൊള്ളാവുന്ന പെണ്ണ് എന്ന് പറയാവുന്നത് നമ്മുടെ അമ്മ മാത്രമാണ് .അമ്മ നമ്മളെ ചതിക്കില്ല .. അമ്മ എന്നുള്ള മഹത്വം ഇല്ലെങ്കിൽ നിങ്ങളൊക്കെ വേസ്റ്റ് ആണ് ..."

അതിനും മറുപടി പറയാതെ എന്റെ ധാർമികരോഷം കടിച്ചമർത്തി നിന്നു

"നിനക്കറിയോ ഞാൻ അവളെ എങ്ങനെയൊക്കെ നോക്കിയാതാണ് ..ഞാൻ വിളിക്കാതിരുന്നാൽ ഒരായിരം തവണ എന്നെ വിളിക്കും അവൾ എന്നെ അത്രയ്ക്കും ഇഷ്ട്ടമായിരുന്നു ... അല്ല ..അല്ല ...ഇഷ്ട്ടമാണ് എന്ന് അവൾ അഭിനയിച്ചു ...പെണ്ണുങ്ങൾ ഒക്കെ വലിയ നടിമാരാണ് എന്ന് പറയുന്നതെത്ര ശരിയാണ് "

"ഉം .."

ഞാനൊന്നും മിണ്ടിയില്ല ,മനസ്സിൽ അവന്റെ കരണത്തൊന്ന് കൊടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു അപ്പോൾ

"എടി ...നീ എവിടെക്കാ നോക്കുന്നത് ...ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ"

"ആഹ ...കേൾക്കുകയാണ്.."

"അവൾക്കു കല്യാണാലോചന വരുന്നുണ്ടെന്ന് അന്നേ പറഞ്ഞിരുന്നതാണ് പക്ഷെ ഓരോന്നായി വേണ്ട എന്ന് പറയുമ്പോൾ ഞാൻ കരുതി എന്നോടുള്ള ഇഷ്ട്ടമായിരിക്കുമെന്ന് പക്ഷെ അങ്ങനെയല്ല അവന്മാരോന്നും വലിയ കാശുള്ളവരോ,ലുക്ക്‌ള്ളവരോ ആല്ലായിരുന്നെടി ..അതാണ്‌ ആ ........മോള് എന്നെ എന്നെ അവളുടെ സ്നേഹം വലുതാ എന്ന് കാണിച്ചും പറ്റിച്ചത് "

"ഉം .."

"എന്നിട്ട് കാണാൻ കൊള്ളാവുന്ന കാശുള്ള ഒരുത്തൻ വന്നപ്പോൾ അവൾക്കെന്നെ വേണ്ട ..അവളുടെ വീട്ടുകാര് പറയുന്നത് പോലെയേ ചെയ്യൂ എന്ന് "

"അവള് നിന്റെ കൂടെ ഇറങ്ങി വരാം എന്ന് പറഞ്ഞിട്ടുണ്ടോ ?"

"ഉം ...എന്നും പറയുന്നതല്ലേ ..."

"അവളുടെ പിന്നാലെ നീയെത്ര കാലം നടന്നു ?"

"ആറുമാസം ...പിന്നെ രണ്ട് വർഷം ...നിനക്കറിയാലോ "

"ഈ രണ്ടര വർഷമാണോ ഇരുപത് വർഷമാണോ വലുതെന്ന് നോക്കുമ്പോൾ ഇരുപത് അല്ലേട വലുത് ?"

"നീ പോടീ ....നീയൊക്കെ കണക്കാ..ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണ് ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല.. പ്രേമിക്കുമ്പോൾ പറയും തേനെ ചക്കരെ മുത്തെ എന്നൊക്കെ എന്നിട്ട് വേറെ ആളെ കിട്ടുമ്പോൾ പറയും

" നിന്നെ എനിക്കിഷ്ട്ടമല്ല .വെറുപ്പാണ് ,ദ്രോഹിക്കരുത് ഞാൻ കാലു പിടിക്കാം ,സഹോദരിയായി കാണണം ...ഫ്രണ്ട് ആയി കാണണം എന്നൊക്കെ ... ചത്താൽ മതി തോന്നുന്നെടി ,,, "

ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു ,,,

അവൻ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട് എങ്കിലും ആ അവസ്ഥയിൽ നിന്നൊന്നു ചിന്തിക്കുമ്പോൾ മനസ്സിലാക്കാം അവനും നല്ല വിഷമമുണ്ട് എന്ന് ...

എന്നും എന്നെ വഴിയിൽ തടഞ്ഞു നിർത്തി അവന്റെ പ്രണയത്തെ കുറിച്ച് വാതോരാതെ പറയുമ്പോൾ തോന്നുമായിരുന്നു അതുപോലൊരു കാമുകനെ കിട്ടിയിരുന്നെങ്കിൽ ഒരിക്കലും വിട്ടു കളയില്ലായിരുന്നു എന്ന് .

.
അവനൊരു ജീവിതം തന്നെ അവളോടൊപ്പം ജീവിച്ചു തീർത്തിരുന്നു അവളെക്കുറിച്ച് അല്ലാതെ മറ്റൊന്നിനെയും അവനിത്ര പറയുന്നത് ഞാൻ കേട്ടിട്ടുമില്ല ,

പണ്ടൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് അവനെന്റെ പ്രധാന ശത്രുക്കളിൽ ഒരാളായിരുന്നു , സ്കൂൾ മുതൽ അവന്റെ വീടുവരെയും വീടുമുതൽ സ്കൂൾ വരെയും പരസ്പരം കലഹിച്ചാണ് പോക്കും വരവും ...

ഒന്നാമത് അവൻ മുസ്ലിം, ഞാൻ ഹിന്ദു . പിന്നെ ഒരേ വാർഡ്‌ വരെ ആണെങ്കിലും വേറെ വേറെ സ്ട്രീറ്റ് ആണ് ...സ്കൂളിൽ അവൻ "ബി" ഡിവിഷൻ ഞാൻ "എ ". പിന്നെ തമ്മിൽ തല്ലാൻ വേറൊന്നും വേണ്ടാലോ ..

ഹൈ സ്കൂൾ എത്തിയപ്പോൾ മുതൽ ദെ ഈ നിമിഷം വരെ നല്ല കൂട്ടായിമാറി,,ആ സൌഹൃദം പഴയത് പോലെ തമ്മിൽ തല്ലി പിരിയും എന്ന്നെനിക്ക് തോന്നി ,അല്ലെങ്കിൽ അവൻ ഈ പറച്ചില് നിർത്തണം.

"ഈ പെണ്ണുങ്ങൾക്ക്‌ വലിയൊരു വിചാരമുണ്ട് നമ്മളെന്തു പറഞ്ഞാലും വീണ്ടും പുറകെ ചെല്ലുമെന്ന് .....അവളെത്ര പിണങ്ങിയാലും ഞാൻ ചെല്ലണം മിണ്ടാൻ ....

അവൾക്കെത്ര സമ്മാനം വാങ്ങിക്കൊടുത്തു ...അവൾ പറയുന്നിടത്തോക്കെ കൊണ്ട് പോയി ..അവളെ വിളിച്ചു വിളിച്ചു ഞാൻ പിച്ചയായി ...നീ പൊലുമെനിക്കെത്ര റീ ചാർജ് ചെയ്തു തന്നു .... എവിടെയും വിരുന്നു പോലും പോകാതെ അവളോട്‌ മിണ്ടിക്കൊണ്ടിരുന്നു ..."

"റീ ചാർജ് ചെയ്യാനും വിശേഷം പറയാനും ഞാൻ വേണം പക്ഷെ ,,അമ്മയല്ലാതെ മറ്റൊരു പെണ്ണും നല്ലവളല്ലാ ലെ ...എന്നോടൊന്നും മിണ്ടണ്ട ഇനി ..."

"എടി ...നീ പിണങ്ങല്ലേ .... നീ തന്നെ ഒന്ന് ആലോചിച്ചു നോക്കടി ...അവളെന്നെ ചതിച്ചു ...ഇനി മുതൽ അവളില്ല ...."

"അതിനു അവൾ നിന്നെ ചതിച്ചിട്ടു മറ്റു പെണ്ണുങ്ങൾ എന്ത് ചെയ്തു ന്ന ..? ഞങ്ങളൊക്കെ നിന്നെ എന്തെങ്കിലും ചെയ്തോ ...നിനക്കൊക്കെ ഉള്ള പ്രധാന സ്വഭാവം ഇതാണ് ആരെങ്കിലും ഒരാൾ തെറ്റ് ചെയ്താൽ ബാക്കിയുള്ളവരേയും പഴിയാക്കും ..."

ഇത്തവണ അവനൊന്നും പറഞ്ഞില്ല ....

"എടാ നീ അവളോട്‌ ഇഷ്ട്ടമാണ് എന്നല്ലേ പറഞ്ഞത് നീ എന്നെ ഇഷ്ട്ടപ്പെടനം എന്ന് പറഞ്ഞില്ലാലോ ...അതാ അവള് പോയത് ..."

"ചങ്കിൽ കുത്തുന്ന വാക്ക് പറയരുത് .....

"എടി എന്നാലും അവൾക്കെങ്ങനെ മനസ്സ് വന്നു ലെ എന്നെ മറന്നിട്ടു പോകാൻ ...അവളായിരിക്കില്ല..അവളുടെ വീട്ടുകാർ ആയിരിക്കും കാരണം ...അവളുടെ അമ്മയും അച്ഛനും ഒക്കെ കുറച്ചുകൂടെ പറഞ്ഞാൽ സമ്മതിക്കും പക്ഷെ അവളുടെ കുറെ കൂതറ ബന്ധുക്കൾ ഉണ്ട് അവര് ഏഷണി ഉണ്ടാക്കിതാവുമോ...."

"ആയിരീക്കും ..."

"അതെ ഡി ...നിനക്കറിയില്ലേ അവള് പാവമാണ് .... ഇതിനിടയ്ക്ക് അവൻ എവിടെ നിന് കേറി വന്നോ എന്തോ ....അവന്റെയൊരു ജോലി ...ഞാൻ പഠിച്ചു കഴിഞ്ഞാൽ എനിക്കും കിട്ടും ജോലിയൊക്കെ ...."

"നീ ആദ്യം പഠിക്ക്...."

"ഇനിയിപ്പോൾ പഠിച്ചിട്ടു എന്തിനാ ..എന്നാലും ..അവൾ ...എനിക്ക് മരിക്കാൻ തോന്നുകയാണ് ഇപ്പോൾ ,,ഈ പ്രേമം എന്നൊക്കെ പറഞ്ഞാൽ ...സഹിക്കില്ലാ ട്ടോ ."

എനിക്ക് ദേഷ്യം വരുന്നുണ്ട് ,,നേരം ഇരുട്ടാവുന്നുണ്ട് .... "ഞാൻ പോണു ...ഇങ്ങനെ സെന്റി അടിക്കല്ലേ എനിക്ക് ദേഷ്യം വരുന്നുണ്ട് ..നീയൊക്കെ പ്രേമിചാലും വിരഹിചാലും ഞങ്ങളെ ഇങ്ങനെ പഴിയെടുക്കണം എന്ന് കരാർ വല്ലതും ഉണ്ടോ " ഞാൻ എഴുന്നേറ്റു നടന്നു ,,,അവന്റെ മുന്നില് നിന്നു രണ്ട് സ്റ്റെപ് നീങ്ങിയതും

"ഡി ..ഹാപ്പി ബർത്ത് ഡേ ....കൊണ്ട് വന്ന മിട്ടായി താ "

നിനക്ക് തരില്ലട ...എന്ന് പറഞ്ഞു നടക്കുമ്പോൾ ചിരിയാണ് വന്നത് അവന്റെയെത്ര പ്രേമം കണ്ടിരിക്കുന്നു ഞാൻ ...!!!!!!!!!!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...