Thursday 10 September 2015


ഈ പെണ്ണിന് ഇത് എന്തിന്റെ സൂക്കേടാ ..."

നാട്ടിലിപ്പോൾ  എങ്ങോട്ടു തിരിഞ്ഞാലും ഇതേ കേൾക്കാനുള്ളൂ , എന്റെ ജീവൻ എനിക്ക് വേണമെങ്കിൽ ജീവിക്കും ഇല്ലെങ്കിൽ കളയും,ഇവർക്കൊക്കെയെന്താ ...?

ചർച്ചചെയ്തങ്ങനെ കൂട്ടുകയല്ലേ... രാവിലെ ചായക്കടയിലാണ് ആദ്യം ന്യൂസ് എത്തിയത് പിന്നെ ഓരോ ഇടത്തായി വ്യാപിച്ചു ...അല്ലേലും പരദൂഷണങ്ങൾക്കു പ്രകാശത്തിലും വേഗതയാണെന്ന തോന്നുന്നത് ...

ദേ ചെറിയമ്മ നേരത്തെ എഴുന്നേറ്റു വെച്ച ചോറ് തിളച്ചു മറിയുന്നു പാതി കനൽകെട്ട അടുപ്പിൽ , എന്റെ അടുത്തിരിക്കുന്ന ചെറിയമ്മയുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നു , വെളുത്തു തുടുത്ത  ചെറിയമ്മയിപ്പോൾ കരഞ്ഞു ചുവന്നിരിക്കുന്നു


അച്ഛമ്മയല്ലേ കാൽക്കലിരിക്കുന്നത് "ഇന്നും അഞ്ചുമണിക്ക് പള്ളിയിൽ ബാങ്ക് വിളിച്ചതുമുതൽ എന്നെ വിളിച്ചിട്ടുണ്ടാവണം ,


അഞ്ചരയ്ക്ക് അമ്പലത്തിൽ പടക്കം പൊട്ടിയപ്പോൾ മുതൽ "സൊത്തുവോ " വിളിച്ചു ക്ഷീണിച്ചല്ല അച്ഛച്ചൻ കട്ടിലിനരികത്ത് ഫോൺ ചാർജ്  ചെയ്യാൻ  വേണ്ടി ഞാൻ കൊണ്ടിട്ട ചെയറിൽ ഇരുന്നു കണ്ണീർ വാർക്കുന്നതെന്നറിയാം ...


അയ്യോ ചെറിയച്ഛൻ പുറത്തേക്കു പോകുകയാണല്ലോ , ചെറിയച്ഛന്റെ മുഖത്തു വിഷമം വന്നാൽ പണ്ടുമുതലേ എനിക്കൊരു പേടിയും വിഷമവുമാണ് . ചെറിയച്ഛനൊക്കെ ആണുങ്ങളാണ് .ആണുങ്ങൾ വിഷമിക്കാനോ കരയാനോ പാടില്ല എന്നാണു അച്ഛമ്മ പറയാറുള്ളത് .

ആതുവും ,അഭിയും ,ആദർശും ഉണ്ടല്ലോ .....ഇനീപ്പൊൾ കുറച്ചു ദിവസം നിങ്ങൾക്കൊന്നും സ്‌കൂളിൽ പോകണ്ടാലോ ലെ , ഡാ കള്ളാ അഭീ നീ രക്ഷപ്പെട്ടു ലെ . പക്ഷെ ക്ലാസ് മിസ്സാക്കിയാൽ പിന്നെ പരീക്ഷയ്ക്ക് പോകുമ്പോൾ ഒന്നും അറിയില്ല. എന്നാലും ചേച്ചി മരിച്ചു കിടക്കുമ്പോൾ അവരെങ്ങനെ പഠിക്കാനാണ്


അയ്യോ ...അമ്മയും വാവയും ചന്തുവും വന്നല്ലോ.......ഇവരൊക്കെ ഇത്രേ വേഗം എങ്ങനെ അറിഞ്ഞു.....? എന്തിനാ ഓടി വരുന്നത് ബൈക്കിൽ വന്നുകൂടെ ഈ ചെക്കന് .... ഈ അമ്മ വീണ്ടും കാലുവേദന കൂട്ടാൻ ആണ് ... ഇനീപ്പൊൾ കൊടുവായൂരുന്നു ലേഹ്യം വാങ്ങിക്കൊടുക്കാൻ ഞാൻ ഇല്ലാത്തത് ഓർത്തുകാണില്ല


എനിക്ക് ചെറുതായി ചൂടെടുക്കുന്നുണ്ട്...എനിക്കുമാത്രമല്ല എല്ലാവരും വിയർക്കുന്നുണ്ട് ... ഇന്നലെ കിടക്കുമ്പോൾ ഞാൻ ഫാൻ ഇട്ടിരുന്നതാണല്ലോ പിന്നെ എങ്ങനെയാണ് ഓഫായി ..? റൂം ഇത്ര പെട്ടെന്ന് നിറഞ്ഞല്ലോ ... റഹ്‌മത്തുമ്മയും ,വല്യമ്മയും ,സരോജിനിച്ചേച്ചിയും ,റസി ചേച്ചിം, വസന്തമേമയും,മാലതിച്ചേച്ചിയും ,കോമളവല്യമ്മയു, ...എല്ലാവരും എത്തിയിട്ടുണ്ടല്ലോ


എന്നാലും നമ്മടെ ആൾക്കാർക്ക് നാവിത്തിരി കൂടുതലാണ് പറയുന്നത് വെറുതെയല്ല . മരിച്ചു കിടന്നിട്ടും എന്റെ കാത് പൊളിയുന്നു , എന്തൊരു ശബ്ദമാണ് , ഇങ്ങനെ വിളിച്ചാൽ ഞാൻ  എണീച്ചു വരില്ലെന്ന് അറിഞ്ഞൂടെ ഇവർക്ക് ..?

 ഈ വിനിഷ ഇവടെ നിൽക്കുകയാണോ നിന്റെ മകൻ എണീച്ചു കരയുന്നുണ്ടാകും ഇപ്പോൾ ...എന്റെ അച്ചൂസിനെ പോയെടുക്കെടി


"എന്റെ കുട്ടിക്കെങ്കിലും സമാധാനം കിട്ടട്ടെ വെച്ചിട്ടാണ് ഇവിടെ താമസിക്കണം പറഞ്ഞപ്പോൾ നിന്നോളാൻ പറഞ്ഞത് , എന്നിട്ടിപ്പോൾ എന്താണ് പറ്റിയത്  ...?"


അമ്മയുടെ നിലവിളി എനിക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമാണ് ... അമ്മയെന്റെ തലയെടുത്തു മടിയിൽ വെച്ചോ ...? എന്റെ ഓർമയിൽ ഇതാദ്യമാണ് അമ്മയുടെ മടിയിൽ കിടക്കുന്നത്‌.... എന്നെ നോക്കിയതും വളർത്തിയതും അച്ഛമ്മയായിരുന്നല്ലോ.


അമ്മയെ പണ്ടെനിക്ക് ഒട്ടും  ഇഷ്ടമല്ലെങ്കിലും പിന്നെ മനസ്സിലായി അമ്മയെ പോലെ ആരും മക്കളെ സ്നേഹിച്ചു കാണില്ലെന്ന് , അന്നത്തെ അറിവില്ലായ്മയ്ക്ക് അമ്മയെന്നോട് ക്ഷമിക്കണം . ഒരു മോഹമേ ബാക്കിയുണ്ടായിരുന്നുള്ളൂ ഒരു ദിവസമെങ്കിലും അമ്മയെ സന്തോഷത്തോടെ കാണുക


അതിന്നെനെനിക്കിനി സാധിക്കില്ലെന്നറിയാം , പക്ഷെ ഒന്നുമാത്രം പറയട്ടെ എനിക്കൊരു മകളുണ്ടെങ്കിൽ അമ്മയെ കണ്ടു പഠിക്കാൻ പറഞ്ഞേനെ ഞാൻ . അമ്മയെ എനിക്ക് വല്യ ഇഷ്ടാണ് അതെങ്ങനെയാ പ്രകടിപ്പിക്കേണ്ടതെന്നു എനിക്കറിയില്ല "പിള്ളാരൊക്കെ അമ്മയെ കുറിച്ച് പറയുമ്പോഴും പുസ്തകങ്ങളിൽ വായിക്കുമ്പോഴും എനിക്ക് പറയാൻ ഓർമ്മകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നെ താരാട്ടു പാടിയുറക്കിയതോ ...മടിയിൽ കിടത്തിയതോ ...ഒന്നുമെനിക്കറിയില്ല ... അമ്മയെന്നാൽ എന്നെ വഴക്കുപറയാനും അച്ഛന്റെ തല്ലുകൊള്ളാനും വീട്ടിലെ പണി ചെയ്യാനുമുള്ള ഒരാൾ ആയിരുന്നല്ലോ എനിക്ക് .... ഈ മകൾക്ക് മാപ്പു തരണം ...


ദേ വാവയും ചന്തുവും  ഉണ്ടല്ലോ ....?  ഞാൻ പോയപ്പോൾ നിങ്ങളിൽ ആരാണ് കൂടുതൽ സന്തോഷിക്കുന്നത് ? നിന്റെ കള്ളത്തരങ്ങൾ ഒന്നും പൊളിക്കാൻ ഇനി ഞാൻ വരില്ല വാവേ ....! സന്തോഷായില്ലേ നിനക്ക് ...നീയെന്തിനാണ് പിന്നെ കരയുന്നത്..?  അവസാനമായി എനിക്ക് നിന്നെ ഏൽപ്പിക്കാൻ ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ട് ഒന്നെന്റെ പി എഫ് നിന്റെ പേരിലാണ് , ഇത്രകാലം ജോലിചെയ്തതിന്റെ മിച്ചം ...


എത്രയോ പേരുടെ പരിഹാസങ്ങളും ,അസൂയയും ,കുത്തുവാക്കുകളും ഏറ്റതിന്റെ പ്രതിഫലം . എന്റെ പോസ്റ്റ് ഓഫീസ് അക്കൗണ്ട് അതും നിന്റെ പേരിലാണ് ... ഇൻഷുറൻസ് ഒരെണ്ണം അതും നിന്റെ പേരിലാണ് ... ബാങ്ക് അക്കൗണ്ടിലെ ബാക്കി പൈസ എടുക്കണമെങ്കിലും നിനക്കെ കഴിയൂ അതിലും നോമിനി  നിന്റെ പേരാണ് ...ഇനി ഉറക്കത്തിൽ നിന്നും വിളിച്ചു ബസ് സ്റ്റോപ്പിൽ കൊണ്ട് വിടാൻ പറഞ്ഞു ഞാൻ ശല്യം ചെയ്യാൻ ഞാനില്ല ട്ടോ .



ഞാൻ ഇല്ലാതെയാകുമ്പോൾ ചന്തൂ നീ പഠിപ്പിൽ നന്നായി ഉഴപ്പും എന്നെനിക്കറിയാം ...അങ്ങനെയാവരുത് .... നിനക്കിഷ്ടമുള്ളവരെ  പഠിക്കണം....എനിക്ക് സാധിക്കാൻ കഴിയാതെ പോയതുപോലെ നീയുമാവരുത് .... നിന്റെ കണ്ണെന്താണ് ചെക്കാ  മലമ്പുഴ ഡാം തുറന്നു വിടാനായ പോലെ നിറഞ്ഞു നിൽക്കണത്...? പറഞ്ഞിട്ട് കാര്യമില്ലെടാ ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു , ദേ മേശപ്പുറത്തെ ലെറ്റെറിൽ നിനക്ക് സൈക്കിൾ വാങ്ങിത്തരേണ്ട കാര്യം ഞാൻ എഴുതിയിട്ടുണ്ട് ട്ടോ.



"നോക്ക് സുമതിചേച്ചി....അവള് ഉറങ്ങുന്നപോലെയല്ലേ തോന്നൂ ...ഇപ്പഴും ചിരിയാണ് മൊഖത്ത്... "


ഓ ഈ മാലതി ചേച്ചിന്റെ ഒരു കാര്യം അതും കണ്ടു പിടിച്ചോ.........സത്യം പറഞ്ഞാൽ എന്തൊക്കെയോ ഗുളിക തിന്നപ്പോൾ എന്റെ തൊണ്ട വേദനിച്ചു..........എങ്ങനെയൊക്കെയോ ആയിരുന്നു.......വയറ്റിൽ തീ കത്തുന്നപോലെ എരിച്ചിൽ....തൊണ്ടയിൽ എന്തോ ഒരു കയ്പ്പും ചവർപ്പും ചേർന്ന പോലെ ...മൂക്കിൽ എന്തൊകൊണ്ടു തടഞ്ഞപോലെ ശ്വാസം എടുക്കാൻ പറ്റാതെ ..ശർദ്ധിക്കാൻ വന്ന്....വയറ്റിനകത്തെ മാംസമെല്ലാം വായിലൂടെ പുറത്തേക്കു വരുമോ എന്ന് തോന്നിപ്പോയി ..തളർച്ച ..ക്ഷീണം .......അയ്യോ ഓർക്കാനേ വയ്യ .....


പിന്നെ ഞാൻ എപ്പോഴാണ് ചിരിച്ചേ ...? ആവോ ........ഓർത്താലെ പേടിയാണ് ... ഇപ്പൊ എന്നെ കാണാൻ ഒരു ചന്തമൊക്കെ ഉണ്ട്......ഞാൻ മരിച്ചപ്പോൾ വീർത്ത് വന്നതാണോ ?...അയ്യോ ...!
പുറത്തു ആരൊക്കെ വന്നോ എന്തോ....നോക്കിട്ടു വരാം ...........എന്റെ ദൈവമേ .......ഇതെന്താ കല്യാണ വീടോ .......നാട് മുഴുവൻ ഉണ്ടല്ലോ ...........,ഓ ഓരോരുത്തർ വരുന്നുണ്ട് ..ഞാൻ ഇത്രനേരം ശ്രദ്ധിക്കാത്തതാണ്  ... എന്റെയൊരു കാര്യം ഒന്നിനും ഒരു ശ്രദ്ധയും  ഇല്ല ...


ദേശക്കാർ ഒക്കെ വന്നല്ലോ ... ഇവരെന്താ ന്നെ കാണാൻ വാരാത്തെ..ഞാൻ റൂമിൽ ആയതു കൊണ്ടാവും......ഹും......ഹാളിൽ പായ വിരിച്ചിട്ടുണ്ട് ...നെല്ലും അരിയും പൂവും തേങ്ങയും വെച്ചു... വെള്ള മുണ്ട് ചെയറിൽ ഉണ്ട് ..അപ്പോൾ അതാണ്‌ എന്നെ മൂടാൻ.......


ചൈതന്യ വന്നോ.......എല്ലാരും ഇത്തിരി മാറി നിൽക്കു,  അവൾ എന്റെ അടുത്തു വരട്ടെ
കഴിഞ്ഞ ആഴ്ചയിലെ മുഴുവൻ വിശേഷം പറയാൻ ഉണ്ടാവും അവൾക്കു... കേൾക്കാൻ ഞാനില്ലാലോ ഇനിമുതൽ ,,

"ഡി സൊത്തൂ..എന്താടി ഇത്......എന്തുണ്ടെങ്കിലും എന്നോട് പറയായിരുന്നില്ലേ.... "?

ഓ......ഇവള് വന്നതും തുടങ്ങി ...എന്നെ ഓർത്ത്‌ എന്നും കരഞ്ഞിരുന്നത് അവളാണല്ലോ.........ഇത് അവസാനത്തെ കരച്ചിലാടി ......,ഇനി കരയിക്കില്ല ഞാൻ എന്റെ വിഷമം പറഞ്ഞു നിന്നെ ഒരിക്കലും ...


ആഹ .....കുട്ടൂസും അപ്പൂസും.........അച്ചുവും....കുട്ടിയപ്പുവും ..,വൈശാഖും...കോഴിയും ..കാർത്തിയും ഒക്കെ ഉണ്ടല്ലോ .....,ഈ പിള്ളാരൊക്കെ എന്താ ഇങ്ങനെ നിക്കുന്നെ ..നിങ്ങൾ അല്ലെ എല്ലാരെയും നോക്കേണ്ടത് ....


"ഇതാണോടി സർപ്രൈസ്‌ തരും ന്നു പറഞ്ഞത് ..."

ഇനി അടുത്ത ഓണവും ,വിഷുവും ,കല്യാണങ്ങൾക്കും  ഒന്നും ഇവരുടെ കൂടെ ഇല്ലെന്നുള്ള സങ്കടം എനിക്കുണ്ട് , പക്ഷെ എന്ത് ചെയ്യാനാ ...എനിക്ക് മരിക്കേണ്ടി വന്നു.


നാട്ടുകാരൊക്കെ എങ്ങോട്ടാ ഈ വരുന്നത് ...ഓ എന്നെ പൊതിയാൻ ആണല്ലോ ..ഹാളിൽ കൊണ്ട് കിടത്തണം ലെ .......അല്ലെങ്കിലും ഈ റൂമിൽ സൌകര്യം കുറവാണ് ...


ഇവർ എന്ത് പതുക്കെയാണ് എന്നെ എടുക്കുന്നത്.........ചെറുപ്പത്തിൽ കോശനും വാവയും കൂടി പൊക്കി താഴെ ഇടുന്നപോലെ അല്ല ...എനിക്ക് വേദനിക്കുമോ വിചാരിച്ചാണോ പതുക്കെ വെക്കുന്നത് .......എനിക്ക് ഒട്ടും  വേദന ഇല്ലാലൊ ....ഒന്നും അറിയില്ല ഇവർക്ക്...


അയ്യോ എനിക്ക് ഈ വെള്ള തുണി വേണ്ട...... ഡി ചൈതു പറയടി എനിക്ക് എന്റെ ചുവപ്പും കറുപ്പും ഡ്രസ്സ്‌ ആണ് ഏറെ ഇഷ്ട്ടം ...അതുമതി എന്ന് ...പിന്നെ അതാകുമ്പോൾ ചെമ്പട്ട് വാങ്ങണ്ട ..അതിന്റെ ഷാൾ ഇട്ടാൽ മതിയല്ലോ ... ഡി പറയടി പ്ലീസ്...


അയ്യോ ..ഇവൾക്കെന്താ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ.... ഇവളെന്താ അകത്തു പോകുന്നെ എന്നെ പുറത്തു കൊണ്ട് വന്നപ്പോൾ .........അയ്യോ ഇവർ എന്നെ വെള്ള തന്നെ പുതപ്പിച്ചല്ലോ ...ഇവൾ എന്താ കൊണ്ട് വരുന്നേ ...ഓ ..ചന്ദനം ആണോ ?


എനിക്ക് വെച്ച് തന്നല്ലോ ...അവൾക്കറിയാം ഞാൻ ചന്ദനം തൊടാതെ നടക്കില്ല എന്ന് ...,പക്ഷെ ഞാനിന്നു കുളിച്ചില്ലാലോ ചന്ദനം വെക്കാൻ ....അയ്യേ  .......ഈ പൊട്ടിക്കു ഇതും  അറിയില്ലേ


 എന്റെ ശരീരം മരണ ശേഷം ദാനം ചെയ്തതാണല്ലോ ...ഇത്രേ നേരം ആയതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല....ആരും അറിഞ്ഞും ഇല്ലാലൊ .........അത് ഞാൻ എല്ലാരോടും അആദ്യമേ പറഞ്ഞു ഏൽപ്പിക്കേണ്ടതായിരുന്നു


അയ്യോ ഇതാരൊക്കെയാ വരുന്നത് ഹരിത ,മഞ്ജു,രേഷ്മ ,വിസ്മയ ,ദീപ ,സന്ധ്യ ,അരുണ്‍,ജിഷ്ണു,നാരായണൻ ,ശബരി ,അജീഷ് ....ദിവ്യെ നീയും വന്നോ ,,,പവിയെട്ടനും മോളും എവിടെ ...?

എന്റെ പത്താം ക്ലാസ്സിലെ പിള്ളാരാ..ആ ചുവപ്പ് സാരീ ഞങ്ങടെ സുനന്ധ ടീച്ചർ...


"എടി ഗുണ്ടുമുളകെ ഇന്നലെ കൂടി ഗ്രൂപ്പ്‌ ചാറ്റിൽ നീ ഒന്നും പറഞ്ഞില്ലാലോ .....എന്തെടി നിനക്ക് .......? ഇത്രെയൊക്കെ ചിന്തിക്കാനുള്ള ബോധം  ഒക്കെ വന്നോ നിനക്ക് ..."?


ഇവരുടെ വിചാരം  ഞാൻ ഇപ്പോഴും ആ പഴയ  പൊട്ടക്കുട്ടി ആണെന്നാ ...ദിവ്യ ഇനി എന്നെ എങ്ങനെ ബർത്ത്ഡേ  വിഷ് ചെയ്യും ...സാരമില്ല നീ മോൾക്ക്‌ അന്ന് പായസം വെച്ച് കൊടുക്കണേ ...


ദെ കുഞ്ഞുവും ഷിബിയും അമ്മായിയും  വന്നോ .....,ഡി കുഞ്ഞു നീ കരയല്ലേ ...,നീ കരഞ്ഞാൽ പിന്നെ ഞാനില്ല ട്ടാ ......ചൈതു ന്റെ കൂടെ ഇരുന്നോ നീ .........നന്നായി പണ്ടത്തെ പോലെ രണ്ടും കൂടി എന്നെ ഉപദേശിക്കാനാണോ ...?


ഡി ഇനിയിപ്പോൾ അതിന്റെ ആവശ്യം ഇല്ലാലൊ...ഇനി മുടി എങ്ങനെ കെട്ടിയാൽ എന്താ ...ഏതു ഡ്രസ്സ്‌ ഇട്ടാൽ എന്താ... എങ്ങനെ അണിഞ്ഞൊരുങ്ങി വന്നാലെന്താ ...


ദെ ഷിനിചേച്ചിയും ശരത്തേട്ടനും,പ്രദീപേട്ടനും ,അനീഷേട്ടനും,,രഞ്ജു ചേച്ചിയും ,,,മിനി ചേച്ചിയും ഒക്കെ ഉണ്ടല്ലോ ...നിങ്ങളൊന്നും ഈ അനിയത്തിയെ മറന്നില്ലാലോ...


"എടി പൊട്ടിക്കാളി എന്താടി ഇത് ...."


ഞാൻ വിചാരിച്ചു പ്രദീപേട്ടൻ തന്നെ എന്നെ ഇങ്ങനെ വിളിക്കൂ ...


"എന്തെടാ പൊന്നൂസെ ഇത് ,,,എന്തുണ്ടെങ്കിലും ഒന്ന് വിളിച്ചാൽ ഞാൻ വരില്ലേ ..".


ശരത്തേട്ടൻ....ഇവരൊക്കെ എന്നെ ഇപ്പോഴും ഇങ്ങനെയൊക്കെ ആണോ വിളിക്കുന്നെ ...മറന്നില്ലാലെ....


വലിയമ്മായി വന്നോ..........ഏട്ടനും ഉണ്ടോ ,മാമൻ പുറത്തു ഇരിക്കുന്നുണ്ടാകും ലെ ........?
"എന്താടി കുട്ടിയെ ഇത്....നിനക്ക് കല്യാണം വേണ്ടാന്നു പറഞ്ഞാൽ  പോരെ ..? അതിനു ഇങ്ങനെയൊക്കെ വേണോ ......?


ഹും ......ഞാൻ വേണ്ട വേണ്ട പറഞ്ഞില്ലേ ആയിരം തവണ ,...ആരും കേട്ടില്ല ....ഇപ്പോഴാണോ പറയുന്നേ ...ചേച്ചിയും  ഉണ്ടോ .... അല്ലെങ്കിലും വൈകിയല്ലേ എല്ലാരും നല്ല തീരുമാനം പറയൂ ..

ഇതാരൊക്കെയാ വരുന്നേ ജിന്സി ,വീണ ,ഐശ്വര്യ ,ഗണേശൻ ,സജീവ്‌ ,അജീഷ് ,സംഗീത ,ഗായത്രി ,രെഞ്ജു എല്ലാരും ഉണ്ടോ ......,ദേവി ടീച്ചർ ,സതി ടീച്ചർ ,ജോസഫ്‌ സർ ,അനിൽ സർ ...


'ഈ ബൊമ്മക്കുട്ടിക്കു എന്താ പറ്റിയത് ,..ഇങ്ങനെയൊക്കെ ചെയ്യാൻ ...?"


യു പി സ്കൂളിൽ നിന്നാണ് ....അവിടെ എന്നെ എല്ലാരും അങ്ങനെയൊക്കെയാ വിളിച്ചിരുന്നെ... ഇനിയും മറന്നില്ലാലെ ..,ആരും എന്നെ ...."


ഓഫീസിൽ നിന്നും ആരും വന്നില്ലാലൊ .............ചിലപ്പോൾ അറിഞ്ഞു കാണില്ല .......,അറിഞ്ഞാൽ പിന്നെ എല്ലാ ബ്രാഞ്ചിലും ചർച്ച ആയിരിക്കും ..ഹോ ആലോചിക്കാനേ വയ്യ...ലക്ഷ്മി ചേച്ചി ഒക്കെ എന്ത് വിചാരിക്കുമോ  ആവോ ...ഒരുപാട് കല്യാണ ആലോചനകൾ കൊണ്ട് വന്നതല്ലേ ..


പിന്നെ നെമ്മാറയിലെ എന്റെ പരിചയക്കാർ മുഴുവൻ അറിഞ്ഞു തുടങ്ങും ....നിശചെച്ചി ,,ഫൌസിയ ...പിന്നെ മറ്റേ കുട്ടി ..ദുബായിലെ ചേച്ചി ...അനീഷ ...വിനെഷേട്ടൻ,,പിന്നെ മറ്റേ വലിയച്ചൻ ഒക്കെ അറിയുമ്പോഴേക്കും കുറെ നാളാവും..കേട്ടാൽ ആരും വിശ്വസിക്കില്ല ...


എന്റെ കോളേജിലെ പിള്ളാരല്ലേ വരുന്നത് ,നൗഷന്റെ അനിയത്തിടെ കല്യാണത്തിനു പോകാൻ വന്നതാകും എല്ലാരും ,പിന്നെ ചിത്തുന്റെ കുട്ടിനെ കാണാനും ,ആരും വിശ്വസിക്കില്ല ,കേട്ടാൽ...


"ഡി ഡുണ്ടുസെ നിനക്ക് ഇതിനും മാത്രം വിവരം ഒക്കെ ഉണ്ടായിരുന്നോ" ... നമ്മടെ പിള്ളാരാ ..അവർ അല്ലെ അങ്ങനെ വിളിക്കുന്നത്‌ എന്നെ .


"ഡാ എന്ത് പ്രശ്നം ഉണ്ടേലും നമക്ക് സോൾവ്‌ ചെയ്യാലോ ..." അയ്യോ ഇന്ദു ആണോ.....എന്നെ ചീത്ത പറയുമല്ലോ ....ഡി ഞാൻ വെറുതെ ...സോറി ട്ടാ ...അവളോട് എങ്ങനെയാണ് ഞാൻ പറഞ്ഞു മനസിലാക്കുക .. നിനക്കറിയാവുന്നതല്ലേ എല്ലാം


അതാരവരുന്നത് ..........? ആ പിശാശിനെ വരണ്ട പറ.......ആരെങ്കിലും പറ ......എനിക്ക് ഇഷ്ട്ടമല്ല .......പോകാൻ പറ .........ഞാൻ ഇത്രേ നില വിളിച്ചിട്ടും ആരും എന്താ കേൾക്കാത്തത് ..... ,,,പോകാൻ പറ......പോ .......ഞാൻ ചത്തു ........ഇനി എന്നെ ദ്രോഹിക്കാൻ പറ്റില്ല .......ശവം തിന്നാൻ വന്നതാണോ......,പോ ........,പോ .....പിശാശെ.....


അയ്യോ ആരെങ്കിലും അതിനോട് പോകാൻ പറ ..എനിക്ക് കാണണ്ട ...എന്റെ ജീവിതം നശിപ്പിച്ചവൾ......എന്നെ ഇങ്ങനെയൊക്കെ ആക്കിയവൾ.....ദ്രോഹി ..ശില്പ .....


അവളുടെ പേര് പറയുമ്പോൾ തന്നെ വെറുപ്പാകുന്നു ..തല പൊട്ടിപ്പോകുന്നു ..... എന്റെ കുടുംബം നശിപ്പിക്കാൻ കൂട്ട് നിന്നവൾ .......ഒരു കാരണവും ഇല്ലാതെ എന്നെ വുമെൻ സെല്ലിലും.......പോലീസ് സ്റ്റേഷൻലും കയറ്റിയവൾ.... എന്റെ കണ്ണ് നിറയുന്നു ...അച്ഛനും അമ്മയും സംരക്ഷിക്കാൻ ഇല്ലാത്ത മക്കളുടെ അവസ്ഥയെല്ലാം എന്നെപ്പോലെയാണ് ...ഇതുപോലെ ഓരോരുത്തരുടെ സ്വാർത്ഥതകൊണ്ട് ഇല്ലാതായി പോകുന്നവ


എന്തിനാണ് ആ ദ്രോഹി കരയുന്നത്....?ഉള്ളിൽ ചിരിക്കുകയാവും...?എന്റെ മരണത്തിനു കാരണം അവളാണ് ,അവൾ മാത്രം..........പോകാൻ പറ ആ ദ്രോഹിയോടു ........ ഇനി അവളുടെ കാമുകൻ വരുമ്പോൾ എന്റെ പേര് പറയാൻ പറ്റാത്ത വിഷമം ആയിരിക്കും .......അതൊക്കെ എത്രെ ഞാൻ ക്ഷമിച്ചു...എന്നെ ഇല്ലാത്ത പ്രേമ നാടകങ്ങളിലെ നായിക ആക്കിയത് ....


മനസ്സിൽ ഒരിഷ്ട്ടം തോന്നിയപ്പോൾ അത് പറയാൻ കൂടി പേടിയായിരുന്നു .....ഇവൾ കാരണം ...എല്ലാവർക്കും മുൻപിൽ  എന്നെ കുറ്റക്കാരി ആക്കി ....ആരും വിശ്വസിച്ചില്ല ,ആരും കൂടെ ഉണ്ടായില്ല ......ചൈതു മാത്രം .......അവൾക്കു പേടി ആയിരുന്നു ..ശില്പ പിശാശിന്റെ  അമ്മ കൂടോത്രം ചെയ്താലോ എന്ന് ....


"എന്റെ കുട്ടിനെ ഇത്രെയും ദ്രോഹിച്ചത് പോരെടി ,,,?"


എന്റെ അച്ചാച്ചൻ ആണ് .അച്ചച്ചനെങ്കിലും തോന്നിയല്ലോ ,അവളോടിത് പറയാൻ .......എനിക്ക് ഒന്നും കാണുന്നില്ലാലോ....എന്റെ കണ്ണ് നിറഞ്ഞിട്ടാണോ....അല്ലെങ്കിലും അമ്മയും അച്ഛനും പിരിയാൻ നേരം കുടുംബക്കോടതികളിൽ നിസ്സംഗനായി നിൽക്കേണ്ടി വരുന്ന എല്ലാ കുട്ടികളിലും ഉണ്ടാവും ഈ കണ്ണീരിന്റെ മൂടാപ്പ്


പാതിരാത്രിയിലും......ആരും കാണാതെയും...... ഞാൻ ഒഴുക്കിയ കണ്ണീര് എന്നെ ഓർത്ത്  പല മുഖങ്ങളിലും ഒന്നിച്ചു കാണുന്നല്ലോ ദൈവമേ ...


ഹാവൂ ആ പിശാശു പോയിക്കാണും ..


"ചീവിരി......എന്താ ഇത് ..........ഇതാണോ വലിയ പത്ര പ്രവർത്തക...പത്രത്തിലെ ഒരു കോളത്തിൽ ഒതുങ്ങി പോയല്ലോടി ..."

എന്റെ പ്ലസ്‌ ടു പിള്ളാരും വന്നോ ....?കൃഷ്ണ ,സന്ധ്യ ,സജിത,ഭവി,രാഹുൽ ,അരുണ്‍ ,പ്രസാദ്‌ .ഷാനു .ആരതി ...എന്തിനാ എല്ലാരും ഇങ്ങനെ പറയുന്നേ ,എനിക്ക് ജീവിക്കാൻ വയ്യ അതാ ... എന്നെ വിളിക്കുന്ന അരുമപ്പെരുകളിൽ നിന്ന് തിരിച്ചറിയും ആരാണെന്ന്...അല്ലെങ്കിലും "വിദ്യ " എന്ന് വിളിക്കുന്നത് ഒന്നുരണ്ടുപേർ മാത്രമല്ലേ


അതാര വരുന്നത് അയാളാണോ .......അയാള് എന്തിനാ വരുന്നത്..........എനിക്ക് കാണണ്ട ......,അമ്മ പോകാൻ പറ .......നിങ്ങളുടെ ഭർത്താവിനെ.......അയാള എന്നെ കൊന്നെ ....പോകാൻ പറ.... അതോ എന്നത്തേയും പോലെ അമ്മയ്ക്ക് പേടിയാണോ ...?

അയ്യോ അയാള് എന്റെ അടുത്തെക്കാണല്ലോ വരുന്നത്.....എന്റെ തോളിൽ നിന്നും ചോരയൊലിക്കുന്നു......അമ്മെ നോക്കമ്മേ ........,കാണുന്നില്ലേ ഇത്......ഞാൻ ഉറങ്ങാതെ നിലവിളി ഉള്ളിൽ ഒതുക്കിയ രാത്രികൾ ഓർമയില്ലേ....?  ഉന്നം തെറ്റി തോളിൽ കൊണ്ടില്ലെങ്കിൽ അതെന്റെ  തലയോട്ടി തകർത്തേനെ...മറന്നോ എല്ലാരും ..അച്ചമ്മേ പോകാൻ പറ ....



അഭി ഉള്ളിലേക്ക് ഓടിയോ.......അവനും അയാളെ പേടിയാണ് കല്ലിന്റെമനവും ചുവന്ന കണ്ണുകളെയും അവനും പേടിയാണ് ,....അവനു മാത്രമേ ഇയാളെ ഓർമയുള്ളൂ..........ഞാൻ കരഞ്ഞത് അവനല്ലേ എന്നും കണ്ടത് അതാവും ..അയ്യോ അയാള് എന്റെ അടുത്തെത്തിയല്ലോ ..എന്റെ കയ്യിൽ തൊട്ടു .....എന്റെ കൈ മുറിഞ്ഞു പോകുന്ന പോലെയുണ്ട്......ആരെങ്കിലും പോകാൻ പറ .....


ആർക്കും ഒന്നും പറയാനില്ലേ ...എനിക്കറിയാം ...നിങ്ങൾക്കൊക്കെ  വലുത് അയാൾ ആണ് ........അതല്ലേ അമ്മയും വാവയും ഒക്കെ അയാളെ സ്നേഹിക്കുന്നത് ...അപ്പോൾ എന്നെ മാത്രം ആർക്കും ...ഇപ്പോൾ എനിക്ക് മനസ്സിലായി ......,അമ്മേ അയാളോട് എന്തെങ്കിലും പറ ....


"നീ എന്ത് കാണാൻ വന്നിരിക്കുകയാ........ഇത്രേ കാലം ദ്രോഹിച്ചത് പോരേ അവളെ ...,മതി ........പോടാ ..." അച്ഛമ്മ ആണ് . ,അച്ചമ്മയ്ക്കെങ്കിലും തോന്നിയല്ലോ ...


"ഞാൻ ചെവി കേൾക്കില്ലാ പറഞ്ഞു പറഞ്ഞു എന്റെ കുട്ടി ഒന്നും കേൾക്കാതെ പോയത് കണ്ടോ ,,,"

"എന്റെ മകൾ..സൊത്തൂ ..."

അയാള് പോയില്ലേ ..എനിക്ക് കാണണ്ട അയാളെ ...ഞാൻ ഉള്ളിൽ കയറിപ്പോയി ..അവിടെ ഇരുന്നു വാവ കരയുന്നു ,അപ്പോൾ അവൻ വന്നത്  ഇങ്ങോട്ടായിരുന്നല്ലേ ...? എന്റെ അനിയനെ ഈ ചേച്ചി ഒരുപാട് ദ്രോഹിച്ചോ ... ഒരേ വയറ്റിൽ ജനിച്ചിട്ടും ഒരിക്കലും സ്നേഹിക്കാൻ കഴിയാതെ പോയവരല്ലേ അനിയാ നമ്മൾ ...ഇപ്പോൾ തിരിച്ചറിവിന്റെ കാലത്തു ഇതാ നിന്നിൽ നിന്നും അകന്നു പോകുന്നു


പേടിക്കണ്ട.......എന്റെ പി എഫ് ന്റെയും ഇൻഷുറൻസ് ന്റെയും നോമിനി നീയാണ് .......പിന്നെ എന്റെ ബാങ്കിലെ ബാലൻസ് കൊണ്ട് ചന്തുനു ഒരു സൈക്കിൾ .....പിന്നെ എന്റെ ഗോൾഡ്‌ ഒക്കെ കൂട്ടി അമ്മയ്ക്കൊരു ചെയിൻ........ഇനിയും ചരട് വേണ്ട ...അമ്മക്ക് ...
എന്നെ കെട്ടിക്കാൻ ഇല്ലാലൊ .....ചെലവ് ചെയ്യാതെ കാത്തുവെക്കാൻ


അയ്യോ ഇതെന്താ ...എന്റെ കണ്ണ് നിറയുന്നല്ലോ ,....എനിക്ക് ഒന്നും കാണുന്നില്ല .......,അയ്യോ ..എനിക്ക് പേടിയാകുന്നു .... ..


പോവാനായി എന്നറിയുമ്പോൾ പിന്നെ പോയ്കഴിഞ്ഞ വിചാരമാണ് ... ഇവരുടെയെല്ലാം കൂടെ അവസാന നിമിഷങ്ങൾ ആണിത് ... എനിക്കിപ്പോൾ ജീവിക്കാൻ തോന്നുന്നു ഒരിക്കൽ കൂടി ...


എന്നെ പോസ്റ്റുമോർട്ടം  ചെയ്യാൻ കൊണ്ട് പോകുവാണെന്ന് തോന്നുന്നു .....ആംബുലൻസ് ഒക്കെ വന്നിട്ടുണ്ടല്ലോ.. ..എന്ത് ശ്രദ്ധയോടെ  ആണ് എന്നെ ഇവർ എടുക്കുന്നത് ... ചാച്ചനും ചന്ദ്രേൻ ചെറിയച്ചനും കൃഷ്ണേട്ടനും ,വലിയച്ചനും ,കുട്ടൂസും ,കോഴിയും ,ഇത്രേ പേരെ വരുന്നുള്ളൂ എന്റെ കൂടെ ആശുപത്രിയിലോട്ടു ...സാരമില്ല എല്ലാവരും വന്നിട്ട് എന്തിനാണ്..


പാലം കടന്നു കാണും ...ഇപ്പോൾ കൊടുവായൂർ....കിണാശ്ശേരീ (തസ്രാക് )... പാലന ...യാക്കര ...തോട്ടുപാലം .

 ആഹ .........,എത്തിയല്ലോ "പാലക്കാട്‌ ജില്ല ആശുപത്രി "... ഇതിനു മുന്നിലൂടെ പോകുമ്പോൾ വലിയ ആഗ്രഹം ആയിരുന്നു അകത്തൊക്കെ ഒന്ന് കയറണം എന്ന് ,പലതവണ ഓരോ കാര്യത്തിന് വന്നപ്പോഴും നടന്നില്ല ........ഇനിയിപ്പോൾ ആകെ മോർച്ചറി മാത്രമല്ലേ കാണുള്ളൂ ...
എന്നെ എടുത്തോണ്ട് പോവുകയാണല്ലോ ,..... ആര് മരിച്ചാലും കാണും ഈ പേപ്പർ ശരിയാക്കൽ ......,,ഞാൻ എത്രെ നേരമായി കിടക്കുന്നു ........മുഖത്തെ തുണി ഒന്ന് മാറ്റിയെങ്കിൽ എന്തേലും നോക്കായിരുന്നു........,ഇതിപ്പോ .......,വല്ലാത്ത കഷ്ട്ടായിപ്പോയി ........, വണ്ടി നീങ്ങാൻ തുടങ്ങി ........., അയ്യേ വേണ്ടിയല്ല ..ഉന്തുവണ്ടിയാണ് ...എന്നെ ഉരുട്ടി കൊണ്ട് പോവുകയാണല്ലേ ...എത്തിയല്ലോ റൂമിൽ... എന്നെ കിടത്തിയോ ഇപ്പോൾ


എല്ലാരും വന്നല്ലോ.....ഇപ്പോൾ തുടങ്ങുമായിരിക്കും .....എന്റെ കൈ മുറിഞ്ഞാലേ  പേടിയാണ്.... ഇനി ശരീരം കീറി മുറിക്കുമ്പോഴോ ...അയ്യോ ....! ഞാൻ കണ്ണടച്ചിരിക്കട്ടെ കുറച്ചുനേരം.......ഈ കുത്തിക്കീറൽ കഴിയുന്ന വരെ ...എന്റെ ശരീരത്തിൽ കത്തി തട്ടിയോ .......ചെറിയ തണുപ്പ് ...അയ്യോ ..അതെന്റെ ശരീരത്തിലൂടെ ....എന്റെ വസ്ത്രങ്ങൾ മാറ്റപ്പെട്ടല്ലോ .... ഇത്രപേരുടെ നടുവിൽ ...!


ഞാൻ ഒളികണ്ണിട്ടു നോക്കി ..ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് .... എനിക്ക് നാണക്കേട് തോന്നി ... ഇത്രകാലം മറച്ചുവെച്ച നഗ്നത അവരെല്ലാം കാണുന്നു ... മാറത്തെ ഷാളിന്റെ സ്ഥാനം തെറ്റുമ്പോൾ നോക്കിയിരുന്ന പലകണ്ണുകളും...അറിയാതെ എന്നോണം തട്ടിയിട്ടുപോകുന്ന ശരീരങ്ങളും ...അസഭ്യം നിറച്ചു പറഞ്ഞിരുന്ന വാക്കുകളും എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു ....എന്റെ കണ്ണിൽ തെളിഞ്ഞുകൊണ്ടിരുന്നു ...


മരണത്തിനപ്പുറം മാനാഭിമാനം ഇല്ലെന്നു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു ... അടക്കേണ്ട ശരീരം മാത്രം ...ആർത്തിയോടെ കണ്ടിരുന്ന കണ്ണുകളെ വിട .... ഇപ്പോൾ എന്റെ ചുറ്റുമുള്ളവർക്ക് ഇതൊന്നുമൊരു വിഷയമേയല്ലാലോ ... അല്ലെങ്കിൽ മാറി മാറി മുന്നിലെത്തുന്ന ഒരേ ശരീരഘടനയുള്ള സ്ത്രീപുരുഷ ശരീരങ്ങളിൽ വ്യത്യസ്തമായി ഒന്നുമില്ലെന്ന്‌ അവർ തിരിച്ചറിഞ്ഞിട്ടുണ്ടാവും ...

********************************************************

ഹാവൂ..കഴിഞ്ഞു ........,എന്നെ ഇപ്പോൾ പഞ്ഞിക്ക് കെട്ടുവാണല്ലോ.... എന്റെ മുഖം മാത്രം കാണുന്നുള്ളൂ .... എന്റെ കമ്മലും മാലയും മോതിരവും ഒക്കെ എവിടെ ...ഓ അതാണോ ചാച്ചന്റെ കയ്യിലെ പൊതിയിൽ .........,എന്റെ അമ്മയ്ക്ക് ചങ്ങല ഉണ്ടാക്കി കൊടുക്കേണ്ടതാണ് ...


ഇപ്പോൾ എന്റെ മുഖം നേരിയ നീല നിറം ആയിട്ടുണ്ട്‌............ഇച്ചിരി ചന്തം വെച്ചോ ഞാൻ......?
(ഞാനെന്ത സ്മിത പാട്ടീൽ ആണോ മരിച്ചാൽ ചന്തം വെക്കാൻ ,..?എന്നാലും ...)... മൂക്കിൽ പഞ്ഞി വേണ്ടായിരുന്നു .....,അതൊരു ഭംഗിയില്ല.......,ഏതുനേരവും വായടിച്ചോ ,തിന്നോ ,കഷ്ട്ടപെടുന്ന എന്റെ വായ അടഞ്ഞു കിടക്കുന്നു ...ചുണ്ടിൽ നേരിയ പുഞ്ചിരിയോ അതോ വേദനയോ എനിക്ക് ....?


എന്റെ കൺപീലികൾ  കണ്ണടക്കുമ്പോൾ കാണാൻ നല്ല ഭംഗിയുണ്ട് എന്ന് ശരത്തേട്ടൻ എന്നും പറയുമായിരുന്നു ... ഇപ്പോൾ അവസാനമായി കണ്ടോട്ടെ ഈ കുഞ്ഞു പെങ്ങളെ ........ ഇനി അടുത്ത ജന്മത്തിൽ അനിയത്തിയായി ജനിക്കാം ഞാൻ ... ഇങ്ങനെ പൊതിഞ്ഞത് നന്നായി ഇല്ലെങ്കിൽ ചെറിയ കൈ വെച്ച് തുന്നിയ ചുരിദാർ കണ്ടു ചീത്ത പറഞ്ഞേനെ ശരത്തേട്ടൻ ...


ഇപ്പോഴാ ഒരു കാര്യം ഓർമ വന്നത് ....ഇനിയിപ്പോൾ എന്റെ ഡ്രസ്സ്‌ ഒക്കെ എന്ത് ചെയ്യും ....?  സാധാരണ കത്തിച്ചു കളയില്ലേ.....എന്റെ ചുവപ്പും കറുപ്പും ഡ്രസ്സ്‌ മാത്രം എടുത്തുവെക്കാൻ പറയായിരുന്നു ...അല്ലെങ്കിലും ആർക്കു വേണ്ടിയാണ് എടുത്തു വെക്കേണ്ടത് അവയെനിക്കുമാത്രമാണ് പ്രിയപ്പെട്ടത്


വീണ്ടും കരച്ചിൽ കേൾക്കുന്നല്ലോ ...വീടെത്തിയോ ഇത്രേ പെട്ടെന്ന് ...? വഴിയിൽ  ബ്ലോക്ക്‌ ഒന്നും ഉണ്ടായില്ല അതാണ്‌ ...പിന്നെയും ഒരു കാര്യം വിട്ടു ..


ഇവരാരും എന്താണ് അവയവദാനം ചെയ്യാൻ ഞാൻ ഒപ്പിട്ടു കൊടുത്തത് ഓർക്കാത്തത്...ആ പേപ്പർ അഹല്യ ഫൌണ്ടേഷൻ ലെ അലമാരക്കകത്ത് വെറുതെ ചിതലുപിടിച്ചു പോകുകയാണല്ലോ .........ഉപയോഗം ഇല്ലാതെ ... ഇനിയും അവർ അത് പൊടി
തട്ടി സൂക്ഷിച്ചു വെക്കും.........എന്നെങ്കിലും ഉപയോഗം വരും എന്ന് കരുതി ...........പക്ഷെ ഇവിടെ ആർക്കും അറിവില്ലാതെ പോയല്ലോ ദൈവമേ ........എന്നെക്കൊണ്ട് ആർക്കും ഉപകാരം ഇല്ലേ ?????????


എന്നെ വാഴയിലയിൽ കൊണ്ട് കിടത്തി .
ഓണത്തിനു സദ്യക്ക് ഈ വാഴയിലെ ഇല തന്നെ ആയിരുന്നു ....

ഒരു കുല ഉണ്ടായിട്ടുണ്ട് ....... ഇനിയിപ്പോൾ ഇവരൊക്കെ കഴിച്ചോട്ടെ ..

ഇപ്പോൾ കരച്ചിൽ ഉച്ചത്തിൽ ആയല്ലോ ...അയ്യോ ഇവരൊക്കെ ഇങ്ങനെ കരയുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വേറെ എവിടെയെങ്കിലും പോയി മരിച്ചേനെ ,..എനിക്കൊന്നും വയ്യ കാണാൻ ... എന്നെ കുളിപ്പിക്കാൻ വെള്ളം കൊണ്ട് വന്നതാണല്ലോ ...


ഇനിയിപ്പോൾ അവസാനമായി കൊളത്തിൽ കുളിക്കാനും പറ്റില്ല ,.....ചട്ടിക്കുളി ....ഹും ....... എന്റെ തലയിൽ വെള്ളം ഒഴിക്കുകയാണല്ലോ    ... എനിക്കെന്താ തണുക്കാത്തെ...ഇല്ലെങ്കിൽ എന്ത് തണുപ്പായിരിക്കും ...


ഈ പഞ്ഞിക്കെട്ടിനുള്ളിൽ കിടന്നാൽ എങ്ങനെ തണുക്കും അല്ലെങ്കിലും ... നിലവിളികൾ ഉച്ചത്തിൽ ആയല്ലോ ......എന്റെ മുഖം ചെമ്പട്ടുകൊണ്ട് മൂടുകയാണ്.......എന്റെ തൊണ്ടയിലെ വെള്ളം വരണ്ടുവോ........ഹൃദയത്തിൽ ഒരു മിന്നൽ പോലെ

....എന്നെ മൂടി.....ഇപ്പോൾ എനിക്കൊന്നും  വ്യക്ത്തമാവുന്നില്ല .... എനിക്ക് പൂമാല ഇട്ടു......, മുല്ലപ്പൂവാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ഇത് ചെണ്ടുമല്ലി ആണല്ലോ .....സാരമില്ല ... എന്നെ എടുത്തോ.....മങ്ങിയ നിലവിളി കേൾക്കാം....

അച്ഛമ്മയുടെ ....വാവയുടെ......ചന്തുന്റെ...അമ്മയുടെ ...ചെറിയമ്മയുടെ ..ചൈതു ന്റെ കുഞ്ഞു ന്റെ ,,,.......... ഞാൻ പോവുകയാണ് ,,എന്നെ ഞാൻ ആക്കിയ എല്ലാരോടും വിട....., എന്റെ അപ്പുനും, ബബ്ലൂനും ഇനി  ആര് ചോറ് കൊടുക്കും ,ഇവർക്കൊന്നും ശീലം ഇല്ലാലൊ ,,, അപ്പുന് കൂട്ടിൽ വെച്ച്  കൊടുക്കാം......പക്ഷെ ബബ്ലൂ നു അറിയാത്തവർ കൊണ്ട് ചെന്നാൽ കയ്യിൽ മാന്തിയത് തന്നെ....രണ്ടു പേരെയും കണ്ടില്ലാലോ......ആരെങ്കിലും പുറകിൽ കൊണ്ട് കെട്ടിയിട്ടിരിക്കും ...


വലിയത്തന്റെ വീട് കഴിഞ്ഞു.....ബാലേട്ടന്റെ കട ...,അനീഷന്റെ വീട് ....പാലം ......,അയ്യോ ഒന്ന് നിർത്തണേ പാലത്തിൽ ഒരു നിമിഷം നിന്നിട്ട് പോകാം .......,ഓ .....ഇവർക്കൊന്നും വിളി കേൾക്കില്ലാലോ  .... കനാലോരം ... പാടം...കുളം ...കുഞ്ഞു വഴി കയറി ... ആലിൻ ചുവടു......, സ്ഥലം എത്തി ...എന്നെ താഴെ വെക്കുന്നില്ലേ


കുഴിക്കണ്ടേ ....ദൈവമേ എന്നെ ഇനി കത്തിക്കുമോ ......ഓ .....നേരത്തെ കുഴിച്ചു വെച്ചോ .........ഉപ്പു വിതറുകയാണ്‌ ഞാൻ  വേഗം മണ്ണോടു ചേരാൻ .... എന്നെ മെല്ലെ താഴെ ഇറക്കി നനഞ്ഞ  മണ്ണിന്റെ മണം.....


എന്നെ കിടത്തിയോ.......എല്ലാരും നോക്കുകയാണല്ലേ ... എന്റെ മേലെ മഴത്തുള്ളികൾ വീഴുന്നുവോ .......ഇല്ല അത് കണ്ണുനീരാണ് അവരുടെ വായാടിക്കുട്ടിക്കുള്ള യാത്രാമൊഴി .... മണ്ണ് വീണു തുടങ്ങി .........പിന്നെയും പിന്നെയും .....മുകളിൽ വലിയൊരു ഭാരം പോലെ .... ജീവിതത്തിൽ തോറ്റെന്നു കരുതിയവളുടെ നെഞ്ചിലെ ഭാരത്തോളം വരില്ല അത് ....എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു ...

ഇതാരാണ് ഇടയിൽ കൂടെ എത്തിനോക്കുന്നത് ...ഓ മണ്ണിര ......എനിക്ക് ഇഷ്ട്ടമാല്ലാലോ ........ഇനിയിപ്പോൾ ഇത് അവരുടെ സ്ഥലം അല്ലെ എങ്ങനെ പോകാൻ പറയും ഞാൻ ......അയ്യോ എന്റെ മേലെ കൂടെ.......പുഴു......ചേരട്ട... ഇത് ഏതാ  കുഞ്ഞു ജീവികൾ ? ഞാൻ കണ്ടിട്ടില്ലാലോ ഇതുവരെ ...


എനിക്ക് അറപ്പാകുന്നു.......എല്ലാം കൂടി ...ഭേ...ശർദ്ധിക്കാൻ വരുന്നപോലെ......എന്റെ മേലത്തെ പഞ്ഞിക്കെട്ടുകൾ ഓരോന്നായി അഴിഞ്ഞു തുടങ്ങിയല്ലോ........ഇല്ല...... അവരുടെ ഭക്ഷണം ആണ് ഞാൻ, എന്തൊക്കെ ഉണ്ടാക്കിയാലും .,എങ്ങനെ ജീവിച്ചാലും അവസാനം മണ്ണോടു അലിഞ്ഞു ചേരാൻ മാത്രം ... ഇപ്പോൾ തോന്നുന്നു മരിക്കേണ്ടിയിരുന്നില്ല എന്ന് .


എന്റെ വീട്ടിലേക്കൊന്ന് പോയി വരട്ടെ ഞാൻ ഇനി ... എന്റെ മുകളിൽ കൂന പോലെ ഉണ്ടായിരുന്ന മണ്ണൊക്കെ ഒഴുകിപ്പോയോ ....?  അളിഞ്ഞ പൂക്കൾ ചിതറിക്കിടക്കുന്നല്ലോ...അപ്പോൾ രണ്ടു മൂന്നു  ദിവസമായി ലെ ... എല്ലാരും പഴയപോലെ തന്നെ  ആണല്ലോ ...തിരക്കൊക്കെ തീർന്നു..എങ്കിലും ഉണ്ട് ആരൊക്കെയോ .... മുന്നിൽ എന്താണ് പുകയുന്നത് .......അതെ എന്റെ പുതപ്പിന്റെ ....തലയണയുടെ...... പുതിയ വസ്ത്രങ്ങളുടെ കഷണങ്ങൾ അല്ലെ ...അവർ എന്റെ ഓർമ്മകൾ കത്തിച്ചു കളയുവാണോ....?


അടുക്കളയിൽ നിന്ന് നല്ല സദ്യന്റെ മണം.........,എന്റെ പേരിൽ പതിനൊന്നു ദിവസം സദ്യ.......അപ്പോൾ എന്റെ മരണം ആഘോഷം ആണോ ...? എല്ലാവരുടെയും മുഖത്തു അന്ന് കണ്ടപോലെ സങ്കടം ഇല്ല.......,നാട്ടിലേക്ക് പോയി നോക്കട്ടെ ഇനി  ........

അയ്യോ ഇവരൊക്കെ സാധാരണ   പോലെ ആണല്ലോ......ഞാൻ മരിച്ചത് മറന്നോ ഇത്രേ വേഗം ...?

"അല്ല വസന്തേ ഇന്ന് മരിച്ച വീട്ടില് പോകണ്ടേ ..." മലതിചേച്ചി  ആണ്

" ഇല്ല ,,ഇന്ന് ഒരു ദിവസത്തെ പണിയുണ്ട് നാളെ പോകാം"

"അല്ലന്ന് എല്ലാരും പറയുന്നു ആരോ ചതിച്ചിട്ടു ചെയ്തതാണെന്ന് ..."


ഞാൻ ഞെട്ടിപ്പോയി .......കൂടെ വരാൻ ഒരു പ്രേമം പോലും ഇല്ലാത്തവളാണ്... ഇവർ എന്തൊക്കെയാ പറയണത് .....,ദൈവമേ ... ഇത് എന്റെ അച്ചാച്ചൻ കേൾക്കരുതെ... ഇങ്ങനെയൊക്കെ കേൾക്കാൻ  വയ്യാതെ ആണ് ഞാൻ മരിച്ചത്....ഇപ്പോൾ കൂടുതൽ ആയോ ...?

"പോസ്റ്റ്‌മോർട്ടത്തിൽ  അങ്ങനെയൊന്നും ഇല്ലാന്നാണ്‌ ചന്ദ്രേട്ടൻ പറഞ്ഞത്...അവരാണല്ലോ കൂടെ പോയത് "

"വീട്ടില് പ്രശ്നം വന്നാൽ അല്ലെങ്കിൽ ഇങ്ങനെ ചെയ്യുമോ ..."?

"ഇത് എന്തോ ഉണ്ട് ......അല്ല പുറത്തൊക്കെ പോകുന്നതല്ലേ ..,ഇനി എന്താ എന്ന് എങ്ങനെ പറയാ "...

"എന്നാലും കൊറേ അനുഭവിച്ചു അത് "

"അത് ശരിയാ ..."

"ഇപ്പഴും കണ്ണിൽ ഉണ്ട് അവള്ടെ മൊഖം ....മേമേ വിളിച്ചിട്ട് വരുന്നപോലെ......,ഈ കുട്ടി ഇങ്ങനെയൊക്കെ ആയിരുന്നു എന്ന് വിശ്വസിക്കാൻ വയ്യ "

"എന്റെ ദൈവമേ എന്തൊക്കെയ ഞാൻ കേള്ക്കുന്നെ ... അങ്ങനൊന്നും ഞാൻ .... തിരുത്തിക്കൊടുക്കാൻ എനിക്ക് പറ്റുന്നില്ലാലോ....

നമ്മടെ പിള്ളാരല്ലേ അവിടെ ഇരിക്കുന്നത് ....

"അല്ലടാ എന്നാലും അവൾ എന്താ ഇങ്ങനെ ..."

"അവൾക്കു ഇടയ്ക്കൊക്കെ ഫോണ്‍ വിളിയും ..സംസാരവും ഒക്കെ ഞാൻ കണ്ടിട്ടുണ്ട് ,,,"

"അത് നേരാ....ഫെയിസ്ബുക്കിൽ ഇപ്പോഴും ഉണ്ടാകും ......,എനിക്ക് തോന്നുന്നത് ആരെങ്കിലും  പണി കൊടുത്തോ എന്നാണു ..."

ഇവരും ഇങ്ങനെയൊക്കെ ആണോ
എന്നെക്കുറിച്ച് പറയുന്നത്.........,

വീട്ടില് തന്നെ പോകാം ,,എന്റെ ഫോട്ടോ ഫ്രെയിം ചെയ്തു കൊണ്ട് വന്നു എല്ലാരും അത് നോക്കുവാണ്....
"എന്ത് ഐശ്വര്യം ആണ് ,,,അവൾ ഇങ്ങനെ ചെയ്തല്ലോ ..." വീട് കാണാൻ വന്ന ആരോ ആണ് ......
ഇതെന്താ പത്രത്തിനു വേണ്ടി അടി ,,,ഓ എന്റെ ഫോട്ടോ ഉണ്ടോ അതിലും ,,,

"വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ"... അയ്യേ ഈ പഴയ ഫോട്ടോ ആണോ കൊടുത്തിരിക്കുന്നെ ,,വേറെ എത്രെ ഉണ്ട് എന്റെ ഫയലിൽ ... ആ ഒരു വാർത്തയോടെ ഞാൻ എന്നാ വ്യക്തിയെ ലോകം മറന്നു തുടങ്ങും ,,,അല്ലെ ....

എന്റെ വിനു അറിഞ്ഞു കാണുമോ ,,,ഞാൻ മരിച്ചത് ,,അറിയുമ്പോൾ വരാതിരിക്കില്ലായിരുന്നു ,,,അന്ന് കണ്ടില്ല അപ്പോൾ അറിഞ്ഞു കാണില്ല ,,, ഇനി ആ സ്വപ്നങ്ങളിൽ ഞാനില്ല ,,,ഒരിക്കലും ,,ഞാനെന്ന പ്രണയത്തെ കുഴിച്ചുമൂടിക്കാണും... എന്റെ പ്രശ്നങ്ങൾ കൊണ്ട് മനപ്പൂർവ്വം അറിഞ്ഞില്ലെന്നു നടിക്കേണ്ടി വന്ന സ്നേഹത്തെ ,,,

മറ്റുള്ളവർ എന്തോ പറഞ്ഞോട്ടെ ...വിശ്വസിക്കല്ലേ ,,, കഥകളൊന്നും ,,,എന്നെന്നും എന്റെ മനസ്സിൽ ഒരാളെ ഉള്ളൂ ... അത് നീയാണ് ,,എന്നെന്നും നിന്റെതുമാത്രം ...

*********************************************

ഇന്ന് പതിനൊന്നു ദിവസമായി ,,എന്റെ ശരീരം ഇപ്പോൾ എല്ലുകളും അഴുകിയ ഇച്ചിരി മാംസം മണ്ണിനോട് കൂടിക്കുഴഞ്ഞതും ആണ് ,,എനിക്കെന്തോ ഇങ്ങോട്ടും പോകണം എന്ന് തോന്നുന്നില്ല ,,പക്ഷെ എന്തോ എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നല്ലോ....

എന്റെ ഫോട്ടോയുടെ മുന്നിൽ ലൈറ്റ് കത്തുന്നു ,,, എന്റെ ശരീരം മാത്രം ആണ് പോയത് ,,ഓർമയിൽ ഇവർക്ക് ഞാൻ രൂപം ഉള്ളതാണ് ...എല്ലാരും കൂടി എങ്ങോട്ടാണ് ,,,ഞാനും കേറാം വണ്ടിയിൽ ,,ഓ ഈ റൂട്ട് ആണല്ലോ ,,, കുനിശ്ശേരി ,,,ത്രിപ്പാളൂർ,,,ആലത്തൂർ ,,,തിരുവില്ല്വാമല ,,,വണ്ടി നിന്നു... അപ്പോൾ എന്റെ കർമം ചെയ്യാൻ വന്നതാണു....

എള്ളും...അരിയും കുഴച്ച ഒരു ഉരുള ,,എന്റെ പേരും നാലും ചൊല്ലി മാറ്റി വെച്ചു,,,വാഴയിലയിൽ ആക്കി പിന്നെ എന്താണ് അതിൽ ,,കുറച്ചു പൂക്കൾ ,,എല്ലാരുടെ കയ്യിലും ഉണ്ടല്ലോ ,,,


നിള യിലേക്ക് വലിച്ചറിഞ്ഞു അവർ കര കേറുന്നു...അതെ എന്റെ ഓര്മയുടെ അവസാനം ,,,മഴവെള്ളം ഒലിച്ചിറങ്ങി കുത്തിയൊലിക്കുന്ന ഭയാനകമായ വെള്ളത്തോടൊപ്പം ആ പൂക്കളും ഒഴുകിപ്പോകുന്നു ,,,,


വണ്ടി നീങ്ങിത്തുടങ്ങി ,,,,ഞാൻ എവിടേക്ക് പോകും ,,കർമം ചെയ്തോഴുക്കിവിട്ട പൂക്കൾക്കൊപ്പമോ.... അതോ ഫോട്ടോയിൽ കുടിയിരുത്തിയ രൂപത്തിന്റെ അകത്തേക്കോ ,,,അതോ മണ്ണിനടിയിലെ എല്ലിൽ കഷണത്തിലെക്കോ ..... ഞാൻ വീണു പോകുകയാണല്ലോ ....
******************************************************************************************************
കുറെ നേരമായല്ലോ എന്താണ് ശബ്ദം ... അയ്യോ ഞാനിതു എവിടെയാണ് ....
"പേടിക്കണ്ട ...നീ ഇനി മുതൽ ഇവിടെ ആണ് ..."

നിങ്ങൾ ആരാ "?

"എന്നെ നീ എന്ത് വേണേലും വിളിച്ചോ .... ദൈവം എന്നോ കാലൻ എന്നോ ,,പിശാശ് എന്നോ ,,,സ്വർഗം എന്നോ നരകം എന്നോ ...ദൈവം എന്നോ ..."
"അപ്പോൾ നിങ്ങളാണോ ദൈവം "

"അതെ"
"നിങ്ങൾക്കെന്താ മനുഷ്യ രൂപം ..."
"എനിക്ക് എന്ത് രൂപം വേണം എന്ന് തീരുമാനിച്ചത് നിങ്ങളല്ലേ ...എന്നെ നിങ്ങൾ മനുഷ്യ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നു ..അതാണ്‌ നിങ്ങള്ക്ക് പരിജയം ..അതാണ്‌ ആ രൂപം "
"നിങ്ങൾ ഹിന്ദു ദൈവം ആണോ "

"അതും നിങ്ങൾ അല്ലെ തീരുമാനിച്ചത് ,,,ഞാൻ ഒന്നേ ഉള്ളൂ ,,,ഒരു രൂപവും ,,,ഒരു ഭാവവും ,,,പക്ഷെ നിങ്ങൾക്കത് അഞ്ജാതമായതിനാൽ നിങ്ങൾ എനിക്ക് മതങ്ങൾ നല്കി രൂപങ്ങൾ നല്കി ,,,കടമകൾ നല്കി ....
"അപ്പോൾ അതൊന്നും ഒന്നുമല്ലേ "

"അല്ല ...."

"നീ എന്തിനു ഇവിടെ വന്നൂ ?"

"എനിക്ക് ജീവിച്ചു മടുത്തു "

"പിന്നെന്താണ് നീ കരയുന്നത് ,,,, "

"എനിക്ക് ജീവിക്കാൻ തോന്നുന്നൂ ..."

"ഞാൻ ഒറ്റക്കാണ് എന്ന് വിചാരിച്ചു അതാണ്‌ മരിച്ചത് ,,അന്ന് ല്ലാരും വന്നപ്പോൾ എനിക്ക് എല്ലാരും ഉണ്ടായിരുന്നു ലെ ...ന്റെ തെറ്റായിരുന്നു ,,,,"

"അതെ നിന്റെ തെറ്റ് തന്നെ "

"എനിക്കൊരു ജന്മം കൂടിത്തരുമോ ..."?

'എന്തിനാണ് ,,,ഇനിയും മരിക്കാനോ ,,,"

അല്ല ,,,എനിക്കിപ്പോൾ അറിയുന്നു ജീവിതം എന്തെന്ന് ..."

"ഒരിക്കലും ഇല്ല ...നീ അതുകണ്ടോ .... എത്രെപെരാണ് ഓരോ ദിവസവും അപകടങ്ങളിൽ ഇവിടെ എത്തിച്ചേരുന്നത് ,,, അവരുടെ തെറ്റുകൊണ്ടാണോ...."

..........................................................

അതുകണ്ടോ അബോർഷൻ നടത്തി ഇവിടെ എത്തിയ വിടരും മുന്നേ കൊഴിഞ്ഞവർ ,,,,അവരുടെ തെറ്റാണോ ,,,,അപ്പുറത്ത് കണ്ടോ കുഞ്ഞുങ്ങൾ...ഓരോ അസുഖം കൊണ്ട് ഇവിടെ എത്തിയവരാണ് ...അവരുടെ കുറ്റം കൊണ്ടാണോ .....?

.......................................

അതുകണ്ടോ നീ ജീവിക്കുന്ന നാടിനു വേണ്ടി ജീവൻ കൊടുത്തവർ ...

നിന്നെയൊക്കെ സംരക്ഷിക്കാനായി സ്വയം ഇല്ലാതായവർ ,,,,

ഇവരൊക്കെ ഇവിടെ ഉണ്ടാകുമ്പോൾ നിനക്ക് മാത്രം ഞാനെന്തിനു ഇനിയൊരു ജന്മം തരും ,,,?

എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു ദൈവത്തിനു മുന്നിൽ ,,തല താഴ്ത്തിനിന്നു ,,,ദൈവം തുടർന്നു

നിനക്ക് എന്തിന്റെ കുറവായിരുന്നു ,,,, ആവശ്യത്തിനു വിദ്യാഭ്യാസം,,,നല്ല കുടുംബം ,,,ബന്ധുക്കൾ ,,സുഹൃത്തുക്കൾ .... പിന്നെയും ഇങ്ങനെ ചെയ്തു ,,,,

നീ അതുകണ്ടോ ,,,ഞാൻ അവർക്ക് കൈ കൊടുത്തില്ല ,,,കാലുകൊണ്ട്‌ അവർ ജീവിച്ചു ,,, ഞാൻ അവർക്ക് ശബ്ദം കൊടുത്തില്ല അവർ കേട്ട് മാത്രം ജീവിച്ചു ,,,ഞാൻ അവർക്ക് വിദ്യാഭ്യാസം കൊടുത്തില്ല ,,അവർ പണിയെടുത്തു ജീവിച്ചു ,,,, എല്ലാം തന്നു നിന്നെ അയച്ചപ്പോൾ നിനക്ക് കിട്ടിയത് പോരാതെ ആയി ,,,,"

നിന്റെ കുടുംബം നീ കണ്ടോ ... നിന്നോട് എന്ത് സ്നേഹമായിരുന്നു ,,പക്ഷെ നീ തിരഞ്ഞത് അവരിലെ ദേഷ്യം മാത്രം ,,,, നിന്റെ സുഹൃത്തുക്കൾ കണ്ടോ .... നിന്റെ സഹോദരങ്ങൾ ... അവരെല്ലാം നിന്നെ മറന്നു തുടങ്ങിയിരിക്കുന്നു .... അതുകണ്ടോ ഇന്ന് നിന്റെ അനൂജന്റെ വിവാഹം ആണ് ,,ഇപ്പോൾ നീ അവിടെ വേണ്ടതല്ലേ ?????


അതുകണ്ടോ നീ ഒരുപാട് ഇഷ്ട്ടപെട്ട നിന്റെ പ്രണയം ,,,, കയ്യിലൊരു വാവയേയും കണ്ടോ ,,,നീ ഉണ്ടെങ്കിൽ അതിന്റെ അമ്മ നീ ആയിരിക്കില്ലേ .....??????


അങ്ങോട്ട്‌ നോക്ക് നിന്റെ അമ്മ ഇത്രേ നാലും എത്രെ കഷ്ട്ടപെട്ടു വീട്ടിലെ പണിയൊക്കെ ചെയ്യാൻ ,,പിന്നെ നിന്റെ മരണം ചുറ്റി വളച്ചു കഥകൾ വന്നപ്പോൾ അവർ എത്രെ വിഷമിച്ചു ,,,


അതെ നീ സ്വാർത്ഥ ആയിരുന്നു നിന്റെ കാര്യത്തിൽ ,,,നാളെ നിന്റെ ഫോട്ടോ വീട്ടില് നിന്ന് മാറ്റും ,,, അതോടെ കഴിഞ്ഞു നീ ,,, പിന്നെ നീ എവിടെയും ഇല്ല ,,,ഇതാണോ നീ നിന്നെ നോക്കി വളർത്തിയെ വീടിനും ..... സംരക്ഷിച്ച സമൂഹത്തിനും നല്കിയ പ്രതിഫലം ...??????


നിന്റെ സുഹൃത്താണോ നിന്റെ പ്രശ്നം ...അവൾ ജീവിക്കുന്നു സന്തോഷമായി ,,നീയോ ??????

ജീവിതത്തെ പേടിച്ചു തോറ്റൊടിയവൾ........ ജീവിച്ചു കാണിക്കണമായിരുന്നു..... പിന്നെ നീ വെറുത്തു നിന്റെ പിതാവിനെ ,,,നിന്നെ ഓമനിച്ചു നടന്ന മനുഷ്യൻ ,,,, മദ്യം അയാളെക്കൊണ്ട് ചെയ്യിപ്പിച്ചു ഇങ്ങനെ ,,കണ്ടോ നിന്റെ കുടുംബം അയാൾക്ക്‌ മാപ്പ് കൊടുത്തു.....


തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല ..പക്ഷെ ക്ഷമിക്കാനും ,,,,പശ്ചാതപിക്കാനും ,,,,പിണങ്ങാനും ഇണങ്ങാനും ,,,,കഴിയുന്നവരാണ് മനുഷ്യൻ ,,,അപ്പോൾ നിന്നെ എന്ത് വിളിക്കണം ,,, ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് നിന്റെ ആത്മാഭിമാനം ആണ് ,,,ഉത്തരം നിന്റെ മരണം എന്ന് നീ പറഞ്ഞു ,,പക്ഷെ അതുതെറ്റെന്നു കാലം തെളിയിച്ചു .... അവിടെനിന്റെ നിരപരാധിത്തം നിന്നോടൊപ്പം പോയി ....


അതുകണ്ടോ പ്രണയ ന്യരാശ്യം കാരണം ജീവിതം കളഞ്ഞവർ ..... എന്തിനു വേണ്ടി ആയിരുന്നു ,,,ആർക്ക് വേണ്ടി ,,,???? ഇവർക്കൊക്കെ വേണ്ടി കഷ്ട്ടപെടുന്നവരെ ഓർത്തോ???? മനസ്സിലാണ് പ്രണയം വേണ്ടത് ,,,,അതുപോകുമ്പോൾ മരിക്കുന്നവർ മറക്കുന്ന ഒന്നുണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ട്ടപെടുന്നവരുടെ മുന്നിൽ അവർക്ക് പുല്ലു വില പോലും ഉണ്ടാവില്ലെന്ന് ....


ഒരു ജന്മമേ ഉള്ളൂ ഭൂമിയിൽ... ആകാശത്തോളം പ്രശ്നങ്ങൾ ഉണ്ടാകും അത് അതിജീവിച്ചു ജീവിക്കുന്നവരാണ് വിജയി ,,,,നീ തോൽവിയാണ് ,,,ഒരിക്കലും ജയം ഇല്ലാത്ത ഒരുവൾ .... നീ ദ്രോഹിയാണ് ,,,നിന്നെ സൃഷ്ട്ടിച്ച എനിക്ക് നീ തന്ന ശിക്ഷ നിന്റെ തിരിച്ചു വരവ് ,,,,,


ഇപ്പോഴായിരുന്നു ഞാൻ ശരിക്കും മരിച്ചത് ........!


(ഇത് വെറും ഒരു സാങ്കല്പിക കഥ മാത്രമാണ് ,,,ജീവന്റെ വിലയറിയാതെ പത്രങ്ങളിൽ വാർത്ത മാത്രമായിപ്പോകുന്ന ജന്മങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു....)


വിദ്യ ജി സി സി


ഇതൊരു കഥ ആണ് ,,അല്ലാതെ കഥ എഴുതുന്നവരുടെ ജീവിതം അല്ല ... ഒരുപാട് വിലമതിക്കുന്ന ജീവനെ വില നല്കാതെ കളയുന്ന വിഡ്ഢികൾക്കുള്ള മറുപടി മാത്രം ,,,നിങ്ങൾ പോയാൽ ഇവിടെ ഒന്നും സംഭവിക്കില്ല ,,, പക്ഷെ ഒരുപാട്പേരെ വേദനിപ്പിക്കാൻ പറ്റും ,,,വെറും തെറ്റി ധാരണകളിൽ കുടുങ്ങി ജീവിതം കളയും മുൻപ് ചിന്തിക്കുക ,,," എല്ലാം കിട്ടിയതാണ് നിങ്ങള്ക്ക് കിട്ടിയ ദോഷം ,,,, സ്വയം വിലയില്ലാത്തവരായി മാറുകയാണ് ,,,പലരും ..

ഇനിയും തുടർച്ചകൾ ഇല്ലാതിരിക്കട്ടെ




No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...