Thursday 10 September 2015

"സ്വന്തം ഫോട്ടോ ഗ്രൂപ്പിൽ ഇട്ടാൽ പ്രശ്നമാണോ എന്നറിയില്ല , പക്ഷെ ഇത്തവണത്തേക്കു ക്ഷമിച്ചേ മതിയാകൂ ... ഇടയ്ക്കിടെ വന്നും പോയും കൊണ്ടിരിക്കുന്ന ഒരു പാവം എന്റെ ആഗ്രഹമാണ് അഡ്മിൻസ് " .




---------------------------------------------------------

 "ഭാരവാഹികൾ ആരും തിരുവോണത്തിന് അമ്പലത്തിൽ പോകരുത് .. ഏഴുമണിക്ക് ശേഷം കുളത്തിൽ പോകരുത് "


എന്തെ വായിച്ചതും  ഒരു സംശയം ??? ഇത് ഞങ്ങടെ നാട്ടിലെ ഓണാഘോഷ ചർച്ചകളിലെ കാലങ്ങളായി എടുത്ത്  വരുന്ന ആദ്യ തീരുമാനമാണ്


ഞങ്ങളുടെ ചർച്ചയിലേക്ക് ഒന്ന് എത്തിനോക്കുന്നോ  ?????:-


" കഴിഞ്ഞ വർഷം രാമുഏട്ടന്റെ ചെയർ പൊട്ടിച്ചതിനു എന്റെ കാശ് പോയതാണ് , ഇനി ആര് പൊട്ടടിക്കുന്നോ അവര് തന്നെ കൊടുക്കണം "


"അതെ എല്ലാവരും വെള്ളം കോരാൻ വന്നേക്കണം ഒരുമാതിരി മറ്റേ സ്വഭാവം കാണിച്ച ഞങ്ങള് മിണ്ടാതിരിക്കും "


"ഡി ഈ പെണ്ണുങ്ങളാണ്  വെള്ളം കോരുന്നത് ..... ഞങ്ങളല്ല ..... അല്ലെങ്കിൽ നിങ്ങള് വഴുക്കുമരത്തിന് ഉള്ളത് ശരിയാക്ക്... പിന്നെ "ഉറിയടിക്കും"...


"ഡി കയറു കെട്ടുമ്പോൾ തുണിയിടാൻ "അയ" കെട്ടിയതുപോലെ അല്ല , ഈ പോസ്റ്റിൽ നിന്ന് ചന്ദ്രേട്ടന്റെ പുളിയിൽ തന്നെ കെട്ടണം ...പറ്റുമോ ..? എന്ന ഞങ്ങള് വെള്ളം കോരാം "

"ഡാ ചന്ദ്രേട്ടന്റെ പുളിയിലേക്കു കെട്ടണ്ട വല്ല വണ്ടികളും വന്നാൽ പണിയാകും കുഞ്ഞുചാച്ചന്റെ തേക്കിൽ കെട്ടാം .."

"വണ്ടികൾ വന്നാൽ വഴിമാറിപ്പോട്ടെ .... തേക്കിൽ കെട്ടിയാൽ തൊടിയിലേക്കു ഇറങ്ങേണ്ടിവരും ...അതുവേണ്ട അവരുടെ പയറ് നമ്മള് ചവുട്ടിക്കേടുവരുത്തുന്നു എന്ന് എപ്പഴും പറയുന്നുണ്ട് "

"ഓ ...!"

"എന്നാൽ ടാങ്ക് കൊണ്ട് വെക്കണം രാവിലെ തന്നെ നിറച്ചു വെക്കും ...പരിപാടി സമയത്ത് ഓടാൻ വയ്യ .."


"ഡാ അപ്പൂസേ പൊതിഞ്ഞു കഴിഞ്ഞില്ലേ ...അപ്പപ്പോ തന്നെ സൈഡിൽ എഴുത് ഏതാന്നു ....കഴിഞ്ഞ വർഷത്തെപ്പോലെ അളുംപ് കളിക്കാൻ നിക്കണ്ട .."


"സുന്ദരിക്ക് പൊട്ടുതൊടലിനു  ആപ്പകൂപ്പ പെണ്ണുങ്ങളുടെ ഫോട്ടോ വേണ്ട......കൊടുവായൂര് പോകുമ്പോൾ നല്ലത് വാങ്ങിക്കണം ..."


"സുന്ദരൻ വേണം.....ഞങ്ങൾക്ക്  പൊട്ടു തൊടണം "


"പോടീ പോടീ ഇതേ ആണ്‍ പിള്ളാർക്ക് മാത്രം... നിങ്ങൾക്ക് കൂടി  പുളിങ്കുരു പെറുക്കൽ വെക്കാം പോരെ  "?




"പുളിങ്കുരു നു പകരം മുട്ടായി ആക്കിയാലോ ...ഈ പുളിക്കുരു ബോറാണ് '


"ഒരു മുട്ടായിക്കു 50 പൈസ  വേണം കാശ് ഉള്ളവർ വാങ്ങിക്കോ ......ഒരു പത്തോ അഞ്ഞൂറോ മതി"


"വേണ്ട പുളിങ്കുരു ആണ് നല്ലത് തിന്നാലും പല്ല് കേടുവരില്ല ''


"അതല്ല ഈ അമ്മമാർക്ക് ബലൂൺ പൊട്ടിക്കൽ വെച്ചാലോ ...അവരെക്കൊണ്ടു പൊട്ടിക്കാനുമാവില്ല ..നമുക്ക് സമ്മാനവും കൊടുക്കണ്ട ..സമയവും പോകും ..."


"ഈ കുടുംബക്കാർ ടീം ൽ വന്നാൽ ശരിയാകില്ല ...പൂക്കളത്തിനു
അല്ലെങ്കിൽ വീടുകൾ മതിയോ ?''


''അങ്ങനിപ്പോ വേണ്ട ...നിന്റെ അടുത്തു കാശ് ഉള്ളതും കൊണ്ട് പൂ വാങ്ങും പിന്നെ ബാക്കി നമ്മടെ  നാട്ടുകാരല്ലേ   എല്ലാരും കൂതറ പോലെ ഇടും ...........അല്ലടാ മാവേലി വെക്കുമ്പോൾ ആരെങ്കിലും പൂവിടുമോ ''


''ഐഡിയ നല്ല മാവേലിക്ക് സമ്മാനം കൊടുത്താലോ


നിന്റെ കയ്യിൽ കാശ് കൂടുതൽ ആണെങ്കിൽ ഇങ്ങു താ ''


''ഉറി അടിക്ക് ആയിരം  രൂപ പഴയപോലെ തന്നെ മതി......നമ്മടെ ഭാരവാഹികൾക്ക് തന്നെ ഫസ്റ്റ് കിട്ടണം .......അതുവരെയും ഫൈനൽ ...''


( നിങ്ങളെന്താ ആലോചിക്കുന്നത് ? ഇവര് നടത്തി ഇവര് തന്നെ സമ്മാനം വാങ്ങിക്കുമോ എന്നാണോ ?   ഈ ആയിരം പുറത്തു പറയുന്നതല്ലേ ... പരിപാടിക്ക് കനം കിട്ടാൻ വേണ്ടി ..

ജയിച്ചവന്റെ പോക്കറ്റിലെ കാശ് എടുത്ത് അവനു തന്നെ കവറിൽ ഇട്ടു കൊടുക്കും ആയിരം കിട്ടിയവനെ അത്ഭുതത്തോടെ നോക്കി  നാട്ടുകാർ വായും പൊളിച്ചു നിക്കും... ഞങ്ങളെത്ര ഓണം നടത്തിയതാ .... )''


''പവമാമന്റെ വീട്ടിലെ ഒരു  സ്പീക്കർ ,കുഞ്ഞുചാച്ചന്റെ വീട്ടിലെ ഒന്ന് .... അവിടെത്തനെൻ  മൈക്കും അവടെ ഉണ്ട്..... ...പിന്നെ ശരവണന്റെ രണ്ടു സ്പീക്കെർ ......കോഴി നിന്റെ ഡി വി ഡി.....വൈശു മെമ്മറി കാർഡ് ട്ടാ ........നിന്റെ  ഊള പാട്ടുകൾ വേണ്ട ...''



''ഇനി ഓണം (അല്ല.... ഞങ്ങളുടെ ഇത്രയും നാളത്തെ കർമ്മഫലം   )''
-------------------------------------------------

"നിങ്ങൾ ഓരോരുത്തരായി പറ ,,,എല്ലാം കൂടെ പറഞ്ഞാ എങ്ങനെയാ ..."


'അമ്മുചേച്ചി  ലെമണ്‍ സ്പൂണ്‍ കിരണ്‍ ,മ്യൂസിക്‌ ചെയർ വൈശാഖ് ...."


'ഡി ബക്കറ്റ് എടുത്താ ...'


"നിക്കട പിള്ളാരെ ഒരു മിനുട്ട് ഓരോന്നായി പറ ..എന്തെടി ....  ബക്കെറ്റോ...? അയ്യോ ഇല്ല ട്ടാ "


"കുട്ടിയപ്പു ഇങ്ങോട്ട് വാ വസന്തമേമന്റെ  ഒരു ബക്കറ്റ് ,നിന്റെ വീട്ടില് രണ്ടെണ്ണം ..........കുട്ടൂസേട്ടന്റെ രണ്ട്............വേഗം പോയി എടുത്തിട്ട് വാ'


"ഡി സൊത്തൂ പായസം വെക്കുന്നവടെ ആരാ........?"


"പ്രസന്നചെച്ചി ഓ .കെ.......അതിന്റെ കാര്യം ഒക്കെ നോക്കട്ടെ "


"ചെയർ ... ബിജു ഏട്ടന്റെ അവിടെന്നു  രണ്ടെണ്ണം ,വിഷ്ണു ന്റെ രണ്ട് ....പിന്നെ ഞങ്ങടെ  രണ്ട് ......ദേവിച്ചേച്ചിന്റെ നാല് ... രാമു ഏട്ടന്റെ നല്ലതാണെങ്കിൽ രണ്ട്...പത്തു പന്ത്രണ്ടെണ്ണം മതി ....."


"ഡാ ചന്തു നമ്മണ്ടെ വീട്ടിൽ  പോയി അമ്മ കാണാണ്ട് രണ്ട്  ചെയറും ഒരു  സ്പൂണും എടുത്തിട്ടു വാ "


"ഇനി രണ്ടെണ്ണം ........തങ്കു നിന്റെ വീട്ടിന്നു എടുക്കടി ........വേഗം പോ ..."


ഇനി രണ്ടെണ്ണം ബിന്ദുചേച്ചിന്റെ വീട്ടിലുണ്ടോ നോക്കീട്ടു വാ "


" ഡാ ബോൾ പാസ്സിങ്ങിനു ബോള് കിട്ടിയില്ല ....ഇനിയെന്ത് ചെയ്യും ...? " പുളിങ്കുരു പെറുക്കലിന് വിരിക്കാൻ മഴക്കടലാസ് എടുത്തുവെച്ചോ ..?

"രണ്ട് ബെഞ്ചും രണ്ട് ടേബിളും മറക്കണ്ട ട്ടാ  ഗിരിയേട്ടാ "


'വാവേട്ട ടേബിൾ തരില്ല പറഞ്ഞു ചന്ദ്രികചേച്ചിന്റെ മുത്തപ്പൻ...അവരുടെ വീട്ടിൽ  വിരുന്നുകാരുണ്ട് ന്നു "


"ഞാൻ പറഞ്ഞിട്ടാണ് പറഞ്ഞ ?" (വിരുന്നുകാർക്ക് പായിട്ടിരുന്നൂടെ ..ചെയറുതന്നെ വേണം എന്നുണ്ടോ )


"ആഹ ..."


"അവടെ ഇല്ലെങ്കിൽ രെമ്യ ചേച്ചിന്റെ  അവടെന്നു എടുത്തൂടെഡാ  ...ഇതൊക്കെ പറയണ?"

"ദേ ഓട്ടത്തിന് പിടിക്കാനുള്ള  കയറെവിടെ  ..... വർണ്ണക്കടലാസ് ഒട്ടിക്കാൻ വാങ്ങിയ ചൂടിയും കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം ലെ .." 

"ഡാ ഈ പിള്ളാരെ ആരെയും സ്റ്റേജിൽ കയറ്റരുത് ... കോഴി മറ്റേ വെള്ളം കുടിക്ക് കുപ്പി കൊണ്ട് വാ ....."


"ഡി  മാവ് കൊണ്ട് വരും അപ്പൂസ് ആരെങ്കിലും ഒരാള്  കയ്യിൽ ആക്കിയാൽ മതി ........വർണ്ണക്കടലാസ് ഒന്നും പിള്ളാരുടെ  കയ്യിൽ കൊടുക്കരുത് "


"ഡി സൊത്തൂ അടിച്ചു വാരടി സമയം ആയി ..."


"ഇതൊക്കെ ആര് ഒട്ടിക്കും..? മാളു കുഞ്ഞു രണ്ടുപേരും കൂടി  കുട്ടിയപ്പൂന്റെ ഉമ്മറം അടിക്ക് ...,ഞാൻ ദേ വന്നു ..."


"ഹാ പിന്നെ അടിച്ചുവാരുമ്പോൾ കല്ലുണ്ടെങ്കിൽ പെറുക്കിക്കളയാൻ മറക്കണ്ട "


"ഈ കപ്പയ്ക്ക വാങ്ങാൻ പോയവര്  വന്നില്ലേ ........? ഡാ അവൻ ഫോണ്‍ കൊണ്ട് പോയിട്ടുണ്ടാ ..... ഒരു പാക്കെറ്റ് ബലൂണ്‍ വാങ്ങാൻ പറ........."


"വഴുക്കുമരത്തിന്റെ തോല് ചെത്തിയില്ല .........കൃഷ്ണേട്ട ...."


"അല്ലടാ ഈ സി പി ഇത്രെയേ ഉള്ളൂ ..........അപ്പോൾ ബി എസ്  സെക്കന്റ്‌ ഓട്ടത്തിന് കൊടുക്കാം  "


"( ഷോട്ട് ഫോം കേട്ട് സംശയിക്കണ്ട ട്ടോ...  സി പി - ചെറിയ പ്ലേറ്റ് ,ബി എസ് - ബോക്സ്‌ , വി .  പി വലിയ പ്ലേറ്റ് , എസ് . പി - സ്റ്റീൽ പ്ലേറ്റ് , കെ . ജി  - കുപ്പി ഗ്ലാസ് .......  ഇനിയും ഉണ്ട് കുറെ....  തെറ്റാതിരിക്കാനും മറ്റുള്ളവർക്ക് മനസ്സിലാവാതിരിക്കാനും പൊതിഞ്ഞതിൽ നിന്ന് സാധനം മാറാതിരിക്കാൻ സൈഡിൽ എഴുതിവെക്കാനും  ഉള്ള ഞങ്ങടെ പണിയാണ് ...ബാക്കിയുള്ള സമ്മാനത്തിന്റെ ഷോട്ട് നിങ്ങൾ ഊഹിച്ചോ  )"


"എത്രെ നോക്ക് .........അല്ല ആരുടെ അടുത്തെങ്കിലും പുതിയെ നോട്ട് ,പെൻ,എന്തെങ്കിലും ഉണ്ടെങ്കിൽ കൊണ്ട് വാ ........തികയില്ല ട്ടാ ഈ പ്രൈസ് "


"പിന്നെ ഉച്ചക്ക് വീട്ടില് ഞാൻ പോകും......... പിന്നാലെ ആരെങ്കിലും അഞ്ചു മിനുറ്റ് കഴിഞ്ഞതും  വരണം എന്നെ അത്യാവശ്യം ആയി  വിളിക്കുന്നൂ  പറയണം"


 (കമ്മറ്റിക്കാർ ഉണ്ണാൻ പോകുമ്പോൾ ഏല്പ്പിച്ചു കൊടുക്കുന്ന സ്ഥിരം വാക്ക്.... തിരുവോണ സദ്യയെ വെച്ചും നിറ പുത്തരിയെ വെച്ചും ഞങ്ങൾക്ക് പ്രിയം ഓണാഘോഷപരിപാടികൾ തന്നെയാണ് .... ഓരോ ഓണവും ഞങ്ങളുടെ സിരകളിൽ ....ജീവനിൽ ...ജീവിതത്തിൽ ....എനിക്കങ്ങനെ സാഹിത്യം ഒന്നും വശമില്ല എവിടെയൊക്കെയൊക്കെയോ അലിഞ്ഞു ചേർന്നിരിക്കുന്നു .... )"

ഇപ്പോൾ മനസ്സിലായോ എന്തുകൊണ്ടാണ് രാവിലെ അമ്പലത്തിലും കുളത്തിലും പോയി നേരം കളയരുതെന്നു പറഞ്ഞതെന്ന് ...അത്രയ്ക്കുണ്ട് ഞങ്ങൾക്കന്നു പണി ...

---------------------------------------

"ദെ ഇതൊക്കെ ആണ് ഞങ്ങടെ ഓണം ..............ഞങ്ങടെ നാട്ടിൽ ഞങ്ങൾ തകർത്ത് ആഘോഷിക്കും ..........നിങ്ങൾ ഒക്കെ വന്നോളൂ ട്ടോ......നമ്മള് വീട്ടില് കാണില്ല ക്ലബ്ബിൽ ഉണ്ടാകും ...ക്ഷണിച്ചില്ല പറയരുത്  ""


"വലിയ ആത്മാർത്ഥതയാണ് ഞങ്ങൾക്ക് ഇക്കാര്യത്തിൽ .... ടി വി യിലെ തകർപ്പൻ ഓണാഘോഷമോ ... മുറ്റത്തിടുന്ന ഇടിവെട്ട് പൂക്കളമോ ....ഓണക്കോടിയുടെ ഗന്ധമോ ...  സദ്യയുടെ മണമോ ...പുന്നെല്ലരിചോറോ .....അമ്പലത്തിലേക്കുള്ള അണിഞ്ഞൊരുങ്ങിയുള്ള യാത്രയോ ...വിരുന്നുപോക്കോ വരവോ ....വീട്ടിൽ എല്ലാവരും ഒന്നിച്ചൊരു ആഘോഷമോ അല്ല ഞങ്ങൾക്ക് ഓണം ....


ദേ ഇതാണ് ...കാലങ്ങളായി നാട്ടിലെ യുവാക്കളാൽ കൈമാറി വന്ന ആഘോഷ ഉത്തരവാദിത്വത്തെ ഏറ്റെടുത്ത് സ്വന്തം സമയവും പണവും അധ്വാനവും എന്തിനു ഇടയ്ക്കൊക്കെ വരുന്ന പ്രശ്നക്കാരുടെ വായിലിരിക്കുന്നതും .... ഓരോ സാധനങ്ങൾ  ആർപ്പുവിളിക്കിടയിൽ നശിപ്പിക്കപ്പെടുമ്പോൾ വീട്ടുകാരുടെ തെറിവിളിയും ....നല്ല ദിവസമായിട്ടും വീട്ടിൽ കാണാത്തതിന് വീട്ടുകാരുടെ മുറവിളിയും ....സ്വന്തം വീട്ടുകാരെ കാണുമ്പോൾ മുങ്ങിനടപ്പും ....

അവസാനം എല്ലാം കെട്ടടങ്ങും വരെയും ഓടിനടന്നു .... സമ്മാനവിതരണവും കഴിഞ്ഞു ...സാധനങ്ങൾ കൊണ്ടുവന്നതും തിരികെ വീടുകളിൽ എത്തിച്ചു ....അവശേഷിക്കുന്ന ലെമൺ സ്പൂണിന്റെ നാരങ്ങാ കൊണ്ട് കൈപ്പക്കത്തീറ്റയ്ക്കു വാങ്ങിയ  പഞ്ചസാരയും ചേർത്തു ഒരു നാടിന്റെ മുഴുവൻ കയ്യിലെ വിയർപ്പും അഴുക്കും കലർന്ന കുടത്തിലെ വെള്ളത്തിൽ കലക്കി അവിടെയും സമാധാനമില്ലാതെ തട്ടിപ്പറിച്ചു കഴിച്ചു ....ചിലപ്പോൾ കുടത്തെ പൊട്ടിച്ചും ജാതി -മത -ലിംഗ ഭേദമില്ലാതെ വായിൽ വെച്ച് എച്ചിലാക്കിത്തന്നെ കഴിച്ച ശേഷം

അനുഭവങ്ങളും ,പ്രശ്നങ്ങളും ഇടയിലുണ്ടായ പിണക്കങ്ങളും പറഞ്ഞു തീർത്ത് അടുത്തവർഷം ഗംഭീരമാക്കേണ്ടതിനെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി മിന്നാമിന്നികൾ വഴികാട്ടുന്ന ...തവളകളും ചീവീടുകളും പാട്ടുമൂളുന്ന ഇടവഴികളിലൂടെ ചെളിയും മണ്ണും പുരണ്ട ഓണക്കോടിയോടെ വീട്ടിൽ ചെന്ന് കയറി വയറു നിറയെ ചീത്തകേട്ടിട്ടും വയറുനിറച്ചു വിളമ്പിയത് കഴിക്കുമ്പോഴേക്കും കണ്ണുകളെ ഉറക്കം തോൽപ്പിക്കാൻ തുടങ്ങിയിരിക്കും ...

ആരവങ്ങളും ആർപ്പുവിളികളും പൊന്നോണപ്പാട്ടുകളുമായി നാട്ടുകാരുടെ ശബ്ദങ്ങളുടെ മാറ്റൊലി അപ്പോഴും വിട്ടുമാറിയിട്ടുണ്ടാവില്ല .... നാളെ ഉണരുമ്പോൾ കയ്യോ കാലോ ശരീരമോ അല്പമെങ്കിലും വേദനിക്കുന്നു പറയാതെ ഒരു ഭാരവാഹിയും എഴുന്നേൽക്കില്ല ... അപ്പോഴും ഒരുനാടിനെ മുഴുവൻ ക്ലബ് മുറ്റത്ത് കൊണ്ടുവന്ന സംതൃപ്തിമാത്രം ... ....!



"ദെ ഇപ്പോൾ ഞങ്ങൾ ചർച്ചയിൽ ആണ് ട്ടോ...........ഉത്രാടം വരെയും ചർച്ച ചെയ്യും ....എന്നിട്ട് എടിപിടീന്നു ഒരോണമാണ്.... അതിന്റെ സുഖമൊന്നു വേറെ തന്നെയാണ് ..അതുകൊണ്ടല്ലേ ഓണം ഞങ്ങൾക്കിത്ര പ്രിയപ്പെട്ടതായത്"


"പ്രിയ സുഹൃത്തുക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ...... "ഇവിടെ തുമ്പിയുണ്ട് ....മുക്കുറ്റിയും തുമ്പയും താമരയും കാക്കപ്പൂവും കാശിത്തുമ്പയും  ഉണ്ട് .....പിന്നെ ഞങ്ങളും





No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...