Thursday 10 September 2015

"രാവിലെ എഴുന്നേറ്റതും ചൂലും കൊണ്ടാണോടി വരുന്നത് . ഇന്നെത്തും സംഭവിച്ചാലും നീ തന്നെ കാരണം "


മുറ്റം  അടിക്കുന്നത് താൽക്കാലികമായി അവസാനിപ്പിച്ചു ഞാനൊന്ന് തലപൊക്കി നോക്കി , ആളെ അറിയാഞ്ഞിട്ടല്ല . എങ്കിലും മറുപടി പറയുമ്പോൾ മുഖത്തു നോക്കി തന്നെ പറയണമല്ലോ


"ഓ ...പിന്നെ ഏഴുമണിക്ക് ആണോടാ എണീച്ചു വരുന്നത് ..."?


ഉറക്കം വിട്ടുമാറാത്ത മുഖവും അതിൽ ആർക്കോവേണ്ടി എന്നോണമുള്ള ചിരിയും  മടക്കിക്കുത്തിവെച്ച  കാവിമുണ്ടും തോളിലൊരു തോർത്തും കയ്യിൽ ബ്രഷും , ഫോണുമായി അവനിറങ്ങിവന്നു .


"ദേ കണ്ടാ ഇന്നലെ മലമറിച്ചിട്ട് ക്ഷീണിച്ചു കിടന്നു എണീച്ചുവരുന്ന നേരമാണ് ..." ഈ പ്രതികരണം കേട്ട് ചിരിക്കേണ്ട . ഇതാണ് അവന്റെ അമ്മ ! മക്കളെ പൊന്നേ മുത്തേ ചക്കരേ എന്നുമാത്രം വിളിച്ചു താലോലിക്കുന്നത് അന്യമായ ഒരു ഗ്രാമത്തിലെ അമ്മ .


"അവനു തിരക്കല്ലെന്നു.... സിനിമയ്ക്ക് പോണം കറങ്ങി നടക്കണം കുളിക്കാൻ പോണം ക്രിക്കറ്റ് കളിക്കാൻ പോണം .." എരിതീയിൽ അല്പം എണ്ണയൊഴിച്ചപ്പോൾ എന്തു സമാധാനം .


"അവളെ കണ്ടടാ നിന്നെപ്പോലെയാണോ കാലത്തെ എണീച്ചു പണി കഴിച്ചു ഓഫീസിൽ പോകുന്നത് കണ്ടോ ....ഇവിടെയും ഉണ്ട് ഫോണിൽ കുത്തും ...കിടക്കും ..ഫോണിൽ കുത്തും കിടക്കും ..പെറ്റു കിടക്കുന്ന പെണ്ണുങ്ങളെപ്പോലെ . "


"ഏ.... നിങ്ങള് മിണ്ടാണ്ടിരിക്കുന്നുണ്ടോ ...."


"എന്തു മിണ്ടാണ്ടിരിക്കാൻ . വല്ല പെണ്മക്കളും ആണെങ്കിൽ കുടിയിലെ പണി ചെയ്യാനെങ്കിലും ആയി . നിന്നെയൊക്കെ കൊണ്ട് എന്താണ്ടാ ഒരുപകാരം മനുഷ്യന്റെ വയറുകത്തിക്കാനായി ഓരോന്ന്... "


"അഹ് ...അത് ശരിയാ ഇവിടെയും ഉണ്ടല്ലോ ഒന്ന്....." അകത്തു നിന്നും അനിയൻ ഇറങ്ങി വരുന്നത് നോക്കി ഞാൻ പറഞ്ഞു .


"ഇവരെക്കൊണ്ട് എന്താണ് ഉപകാരം .... ഒരു റേഷൻ കടയിൽ  പോകാൻ പറഞ്ഞാൽ പോകില്ല , വെള്ളം കോരില്ല , ഉണ്ട പാത്രം കൂടി കഴുകില്ല , ഒരു ഗ്ലാസ്സ് ചായയുണ്ടാക്കാൻ അറിയില്ല , വിറകടുക്കി വെക്കാനോ വെട്ടിപ്പൊളിക്കാനോ ആവില്ല . ഇട്ട തുണി പോലും തിരുമ്പില്ല , ആരെങ്കിലും വീട്ടിക്കു കേറി വന്നാൽ ആളായിട്ടു നിക്കില്ല ,തേങ്ങയിടാൻ ആവില്ല , തടമെടുക്കാൻ ആവില്ല . അപ്പോഴേക്കും പോകും ക്ലബ്ബിലേക്ക് അവിടെയെന്ത് *************** എടുത്തു വെച്ചിട്ടാണോ എന്തോ ... ഒന്നും വേണ്ട കൂടപ്പെറപ്പിനു എങ്ങനയുണ്ട് നോക്കാൻ പോകില്ലേ ഓരോ ആങ്ങളമാര് ? ...ഇവിടെയും ഉണ്ട് ..ആ പിള്ളാർക്കൊരു നാലണയുടെ മുട്ടായി വാങ്ങിക്കൊടുക്കില്ല ..."


ഏത് നല്ല ദിവസമായാലും ചീത്ത ദിവസമായാലും ഉണരുന്നത് ഇത്തരം ചീത്ത വിളി കേട്ടിട്ടാണ് ഇവിടെയുള്ള മിക്ക ആൺപിള്ളേരും... മഴക്കാലത്തു പൊതുവെ പണി (കൂലിപ്പണി ) കുറഞ്ഞത് അവരുടെ തെറ്റൊന്നുമല്ലാലോ എന്ന്  ചിന്തിക്കില്ല , അന്നന്നത്തെ ജീവിതം ജീവിച്ചു തീർക്കുന്ന സാധാരണക്കാർ


വേനൽക്കാലത്തു മഷിയിട്ടു നോക്കിയാൽ ഒന്നിനെയും കാണാനും കിട്ടില്ല ട്ടോ . അപ്പോൾ ഈ അമ്മമാർക്ക് ആവലാതിയുമായാണ് . "അയ്യോ എന്റെ മകനെ കാണാനേ കിട്ടുന്നില്ല ... ഈ ചെക്കന് എന്തെങ്കിലും വരുമോ ആവോ .... രണ്ടു ദിവസം ലീവെടുത്തിരുന്നൂടെ ... എന്റെ മകൻ മെലിഞ്ഞു ...എന്റെ മകൻ കറുത്തു..." അങ്ങനെ പോകും

അവന്റെ ഓരോ ദിവസവും തുടങ്ങുന്നത് ഇങ്ങനെ ചീത്തവിളിയോ ,കൂട്ടുകാരന്മാരുടെ "കുളിക്കാൻ വാടാ " എന്നുള്ള വിളിയോ (ഇപ്പോഴൊക്കെ ഫോണിൽ ആണ് ട്ടോ വിളി ) അല്ലെങ്കിൽ എന്റെയോ അല്ലെങ്കിൽ അപ്പറത്തെ വീട്ടിലെ ആരുടെയെങ്കിലും ഒക്കെയോ "കൊച്ചു കൊച്ചു കുത്തുവാക്കുകളും " കേട്ടാണ് .

ഇവനും ഇവന്റെ കൂട്ടുകാരും (എന്റെ ആങ്ങളയും പെടും ട്ടോ ) ആണിപ്പോൾ നാട്ടിലെ "ചേട്ടന്മാർ ". ഓരോ കാലത്തും നാട്ടിലിതുപോലെ ചേട്ടന്മാർ ഉണ്ടായിരുന്നു ...അവരൊക്കെ ഇപ്പോൾ കെട്ടിയോളും കുട്ട്യോളും ആയി  ഉത്തരവാദിത്തത്തോടെ ജീവിക്കുന്നു ... മിക്കവരുടെയും ജീവിതവും സാഹചര്യങ്ങളും സമാനവുമാണ് . എങ്ങനെയെന്നല്ലേ

പഠിക്കാൻ സ്വതവേ താല്പര്യം കുറഞ്ഞുവരുന്നതിന് കാരണം "വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും ,"പിതാക്കന്മാരുടെ മദ്യപാനവും -ചീട്ടുകളിയും " തുടങ്ങിയ പ്രശ്നങ്ങളുമായാണ് . ചിലയിടത്ത് ചെറുപ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വരുന്നവരുമുണ്ട് ട്ടോ

എന്റെ അച്ചന്മാരുടെ തലമുറയിൽ ഏഴാം ക്ലസ്സുവരെ പഠിച്ചിരുന്നത് ചാച്ചൻമാരുടെ കാലത്ത് പത്തും ഞങ്ങളുടെ കാലത്ത് പ്ലസ് ടു വും ഒക്കെയായിട്ടുണ്ട് . കൃത്യമായ മാതാപിതാക്കളുടെ ശ്രദ്ധയിൽ വളരുന്ന മക്കൾ പോലും ഉഴപ്പി പോകുമ്പോൾ ഇവരുടെ കാര്യം പറയേണ്ടതില്ലാലോ . ചിലർക്ക് പക്ഷെ പഠിക്കാൻ ഇഷ്ടം കാണും അവന്റെ സാഹചര്യങ്ങൾ സമ്മതിക്കില്ല . പാതിവഴിക്ക് പഠനം അവസാനിപ്പിച്ചു കൂലിപ്പണിക്ക് പോയിത്തുടങ്ങും ....

ഇതൊരു തുടക്കമോ താൽക്കാലികമോ ആണെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി , ഇനി ഈ ജീവിതാവസാനം വരെയും ഈ തുടർച്ച തന്നെയാണ് പലയിടത്തും . വീട്ടുകാർ കാര്യമായി ഒന്നും ഉണ്ടായേക്കി വെക്കാത്തതുകൊണ്ടു തനിക്കു വേണ്ടതെല്ലാം സ്വയം അധ്വാനിച്ചു ഉണ്ടാക്കേണ്ട അവസ്ഥ വരുകയാണ് അവർക്കു

ഒരു വിധം പേരും കുഞ്ഞുപ്രായത്തിൽ തന്നെ ഒഴിവു ദിവസങ്ങളിൽ  കയ്യാളായും ,പത്രക്കാരനായും ,പാൽക്കാരനായും, കടയിലെടുത്തുകൊടുപ്പുകാരനായും, ബസ്സിലെ ക്ളീനറായും ,മാറ്റുവാഹനങ്ങളിൽ തുണയ്ക്കും പോകുന്നതായും ,വെൽഡിങ് -വർക്ക് ഷോപ് -സെന്ററിങ്  ഇപ്പോൾ കേറ്ററിംഗ് ,ഡിസ്ട്രിബൂഷൻ   എന്നീ  ചെറിയ ചെറിയ ജോലികളിൽ തുടങ്ങി പഠനം കഴിയുമ്പോഴേക്കും അവരുടെ മേഖല ഏതെന്നു തിരഞ്ഞെടുത്തിരിക്കും


പ്രായപൂർത്തിയാവുന്നതിന് മുൻപ് തന്നെ ഓരോ കുടുംബങ്ങൾ ഇവരെ ആശ്രയിച്ചു നിലനിൽക്കാൻ തുടങ്ങും . ആറുദിവസം ജോലിയും ഞായറാഴ്ച ഒഴിവു ദിവസവും എന്ന ആവർത്തനങ്ങൾ മാത്രമായി ജീവിതം ചുരുങ്ങിപ്പോകും . ഉയരങ്ങൾ സ്വപ്നം കാണാനോ അതിനായി പ്രവർത്തിക്കാനോ കഴിയുന്നത് വളരെ കുറച്ചുപേർക്ക് മാത്രം . ഭൂരിപക്ഷവും ഇതുപോലെത്തന്നെ


ആഴ്ചയിലെ അധ്വാനത്തിന്റെ കൂലി കിട്ടുന്ന ശനിയാഴ്ച വൈകുന്നേരം മുതൽ പിറ്റേന്നു ഉറക്കത്തിലേക്കു വീഴും വരെ ഓരോ സാധാരണക്കാരനും ആഘോഷമാണ് . കണക്കുകളും പറ്റും തീർത്ത് വീട്ടിലേക്ക് സാധനങ്ങളും അല്ലെങ്കിൽ അമ്മയുടെ കയ്യിൽ പൈസ കൊടുക്കലും കൂട്ടുകാരോടൊത്ത് സന്തോഷം കുടിച്ചു ആഘോഷിക്കലും കൂടിയാവുമ്പോൾ ശനിയാഴ്ചയ്ക്കു തിരശീല വീഴും

പിറ്റേന്നു വൈകി  ഉറക്കമുണരുന്നത് ഏതെങ്കിലും കൂട്ടുകാരന്റെ വിളി കേട്ടാവും " ഡാ കുളിക്കാൻ വാ " . പുറത്തേക്കു ഇറങ്ങും മുൻപേ മീനോ ചിക്കനോ വാങ്ങിക്കാൻ അമ്മയോട് ഏൽപ്പിക്കാൻ പലരും മറക്കാറില്ല ,അനിയത്തിയോട് വസ്ത്രം കഴുകിയിടാനും ,അച്ഛനോട് കല്യാണത്തിനോ മറ്റു പരിപാടികൾക്കോ പോകാനോ പൈസ കൊടുത്തേൽപ്പിച് തോർത്തും ,ബ്രഷും ,ചിലർ മാത്രം സോപ്പും എടുത്തു നടക്കും

കുളക്കടവിലേക്കു എന്നു കരുതിയോ എന്നാലല്ല പാടത്ത് ക്രിക്കെറ്റോ ഫുട്‌ബോളോ കളിക്കാനാണ് ....എന്റെ ചെറുപ്പകാലത്തെ  വല്യകളിക്കാർ ഈ  ചേട്ടന്മാരായിരുന്നു ട്ടോ

അതുകഴിഞ്ഞോ അല്ലാതെയോ കുറെ നേരം സംസാരിച്ചിരിക്കും . (ഇത്ര കാര്യമായി എന്താ പറയാനുള്ളത് എന്നു ദൈവത്തിനും അവർക്കും മാത്രമറിയാം ) . അതു കഴിഞ്ഞ പിന്നെ കുളത്തിലേക്കു ...കുളക്കടവ് അന്ന് അവരുടെ കുത്തകയാണ് , മണിക്കൂറുകളോളം അവിടെയും സംസാരിച്ചിരിക്കും ....നമ്മളാരെങ്കിലും പോയാൽ "വീട്ടിൽ പോടി "എന്നുള്ള ഭീഷണിയും

കുളിയൊക്കെ കഴിഞ്ഞു വീടെത്തുമ്പോഴേക്കും ഉച്ചയോടടുത്തുകാണും ...മൊത്തത്തിൽ ഉച്ചയ്ക്ക് വിശദമായ ഒരൂണും..  അതുകഴിഞ്ഞു നമ്മളെ വെറുപ്പിച്ചു ചാനെൽ മാറ്റി മാറ്റി ഉറങ്ങിപ്പോകും , അല്ലെങ്കിൽ കറങ്ങാൻ പോകും

ഇടയ്ക്കു കൂട്ടുകാരുമൊത്തൊരു സിനിമ , അല്ലെങ്കിൽ വീണ്ടും കളിക്കാൻ പോക്ക് ..പിന്നെയും പുരാണം പറച്ചിൽ ..അന്തിമയങ്ങുമ്പോൾ വീട്ടിൽ വന്നു കേറി മോഹൻ ലാലിന്റെയോ മമ്മൂക്കയുടെയോ സിനിമ ...അതിനിടയ്ക്ക് വീണ്ടും ഉറക്കം ...പിന്നെ വിളിച്ചു എണീപ്പിച്ചു ഭക്ഷണം കൊടുത്തത് കഴിച്ചു പിറ്റേന്നു രാവിലെ നേരത്തെ ഉണർന്നു പണിക്കു പോവാനാനും ഇനിയൊരു ഞായറാഴ്ചയ്ക്കായി കാത്തിരിക്കാനുമൊരു ഉറക്കം ....

തിങ്കളാഴ്ചമുതൽ വീണ്ടും ഓട്ടമാണ് .... ഓരോ തിങ്കളാഴ്ചകളുടെയും തുടക്കം ...അൽപ്പസ്വൽപ്പം വ്യത്യാസമുണ്ടെങ്കിലും ആ കൂട്ടത്തിലെ  മിക്കവരുടെയും ജീവിതമിങ്ങനെയായിരുന്നു ...

ഒരു ദിവസം പോലും ലീവെടുക്കാതെ ...അല്ലെങ്കിൽ ഈ ഓരോ ദിവസത്തെ കൂലിയുടെ നഷ്ടവും അവരുടെ ജീവിതത്തിൽ തെളിഞ്ഞു കാണുമായിരുന്നു അടച്ചു തീർക്കാത്ത ലോണുകളും അവസാനിക്കാത്ത ബാധ്യതകളും മാത്രമാണോ അവരെന്ന് ചിലപ്പോഴെനിക്ക് തോന്നാറുണ്ട്


 ഒരു ലോണ്‍ കഴിയുമ്പോഴേക്കും അടുത്തത് എടുത്തിരിക്കും. അവരുടെ ചിലവിനു വേണ്ടിയാണ് എന്നു കരുതിയോ ?  എന്നാലല്ല  അമ്മാവന്റെ മോളുടെ കല്യാണമോ ,പെങ്ങളുടെ മോളുടെ പിറന്നാളോ ,അമ്മൂമ്മ മരിച്ചതോ , വീടുപണിയോ , അസുഖങ്ങളോ  എന്തെങ്കിലും വന്നു കൊണ്ടേയിരിക്കും...നിലയ്ക്കാത്ത യന്ത്രങ്ങളെപ്പോലെ അവർ ഓടിക്കൊണ്ടുമിരിക്കും ...

സ്വന്തമായി പെങ്ങൾമാർ കൂടുതലുള്ള ആങ്ങളയ്ക്കു ഒരു വശത്തു സന്തോഷമാണെങ്കിലും മറ്റൊരു വശത്തു എപ്പോഴും ടെൻഷനായിരിക്കും വിവാഹപ്രായം എത്തുമ്പോഴേക്കും നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ അവളെ നവ വധുവായി നിർത്തുമ്പോൾ ഒരു കുറവും ഇല്ലാതിരിക്കാനുള്ള കഷ്ടപ്പാട് ... കല്യാണം മാത്രം നടത്തിയാൽ പോരല്ലോ പിന്നെ പ്രസവം , കുട്ടിയുടെ പിറന്നാൾ ...അപ്പോഴേക്കും  അടുത്ത പ്രസവം


ഇടയ്ക്കെപ്പോഴോ ലോണെടുത്തോ അല്ലെങ്കിൽ സെക്കൻഡ് ഹണ്ടോ ആയി വാങ്ങുന്ന ഫോണുകൾ ...ബൈക്ക് ....എന്നിട്ടും ഫോണിലെന്തൊക്കെ സൗകര്യം ഉണ്ടെന്നു പോലും അറിയാത്തവർ


അതിന്റെ ബാധ്യതകൾ ഒതുങ്ങി തീരുമ്പോൾ സ്വന്തം ജീവിതത്തെക്കുറിച്ചു ആലോചിച്ചു തുടങ്ങും , അപ്പോഴേക്കും ഇഷ്ട്ടപ്പെട്ട കാമുകിമാരുടെ കല്യാണവും കഴിഞ്ഞു കുട്ടികളും ആയിട്ടുണ്ടാകും ... കുറെ അലഞ്ഞു നടന്നു ഒരു പെണ്ണിനെ കിട്ടുമ്പോഴേക്കും അവൻ ഒരു വഴിയാകും...

പണ്ടുകാലത്തെ പോലെ പെണ്ണിന്റെ പൊന്നിനോ  പണത്തിനോ വേണ്ടി ആഗ്രഹിക്കാത്ത , അവര് കൊണ്ടു വരുന്ന ശ്രീധനം  കൊണ്ടു വീട് നന്നാക്കുകയും പെങ്ങളെ കെട്ടിക്കുകയും എന്ന പഴയ ചിന്തകളും ഇല്ലാത്ത ഇവർ തന്നെ ആ കല്യാണച്ചെലവിന്റെ ബാധ്യതയും ഏറ്റെടുക്കും ...

പിന്നെ ഭാര്യ വീട്ടിലെ കാര്യങ്ങളും സ്വന്തം വീട്ടിലെ കാര്യങ്ങളും വിശേഷങ്ങളും നോക്കിക്കൊണ്ടിരിക്കും ...അതിനിടയിൽ കുട്ടികളാവും ..പിന്നെ അവരുടെ ചെലവുകൾ ..പഠനം ...അതിനിടയ്ക്ക് സ്വന്തമായൊരു വീട് ..അതിന്റെ ബാധ്യത കഴിയുമ്പോഴേക്കും മക്കളുടെ വിവാഹം ....


ആ ബാധ്യതയും  കഴിയുമ്പോഴേക്കും അവന് ഒരുപാട് വയസ്സായിക്കാണും... വളർന്ന മക്കൾ പണിക്കു പോകണ്ട പറഞ്ഞാലും വീട്ടിൽ പച്ചക്കറി കൃഷിയും , തെങ്ങിന്റെ കാര്യങ്ങളും ,കുടുംബ ഭരണവും ,കടയിൽ പോക്കും , എന്ത് കാര്യത്തിനും വീടിനെ പ്രതിനിധീകരിച്ചു പോകുന്നതുമായ തിരക്കിൽ തന്നെയാവും .... അവസാനം വരെയും അവൻ പ്രവർത്തിച്ചുകൊണ്ടേയിരിക്കും ..... തീരാത്ത ഉത്തരവാദിത്തങ്ങളുടെ കൂട്ടുകാരൻ


ഇടയ്ക്കൊരു അസുഖമോ ദുരന്തമോ വന്നാൽ താങ്ങാൻ കഴിയാതെ വീണുപോകുന്നവർ ..അതിജീവനത്തിനായി പൊരുതുന്നവർ ...ജീവിതം കരുപ്പിടിപ്പിക്കാൻ  അന്യനാടുകളിൽ അഭയം തേടിയവർ ...ജീവിക്കാനായി മാത്രം ജീവിക്കുന്നവർ ....ദേ ഇവിടെയുള്ള ഒരുകൂട്ടം സാധാരണചെറുപ്പക്കാർ ....


അവർ ഈ ജീവിതമിങ്ങനെ ജീവിച്ചു തീർക്കുന്നതിനൊപ്പം ചുറ്റുമുള്ളവരെ ജീവിപ്പിക്കുകയും ചെയ്യുന്നുണ്ട് ... കണ്ടില്ലേ ഇവിടെത്തെ അമ്മമ്മാരോ അച്ഛന്മാരോ വൃദ്ധസദനങ്ങളിൽ പോകുന്നില്ല .... ഇവിടെത്തെ മാതാപിതാക്കളെ വയസ്സേറിയാലും അസുഖം വന്നാലും കയ്യിലുള്ള പണത്തിനൊപ്പം കടം കൂടി വാങ്ങിക്കേണ്ടി വന്നാലും വഴിയരികിൽ ഉപേക്ഷിക്കുന്നില്ല ...

അമ്മയുടെ ജന്മദിനം പോലും അറിയാത്തവരെന്നും അച്ഛനെ വാക്കുകൊണ്ട് പോലും സ്നേഹിക്കാത്തവരെന്നും സഹോദരങ്ങളോട്  ഒരിക്കലും "ലവ് യൂ " എന്നും  പറയാത്തവർ . ചില സ്നേഹങ്ങൾ ഇങ്ങനെയാണ് പറഞ്ഞു കാണിക്കാൻ അറിയില്ല ...സ്നേഹമില്ലെന്നും പറയരുത് ...




പറഞ്ഞു പറഞ്ഞു കാടുകയറിയല്ലേ ... അവൻ പോയോ എന്തോ എന്നെ ബസ് സ്റ്റോപ്പിൽ കൊണ്ടു വിടാൻ പറയേണ്ടതാ....



NB  : തല്ലരുത്....

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...