Thursday 10 September 2015

 "നിനക്ക് പിന്നെ എങ്ങനത്തെ ചെക്കൻ വരുമെന്നാണ് ??????"

കുറച്ചു കാലമായി എല്ലാവരും ഒത്തുകൂടുമ്പോൾ എന്റെ നേർക്ക്‌ നീളുന്ന ആദ്യ ചോദ്യം ഇതാണ്  . ഈ ഇരുപതു കഴിഞ്ഞാൽ പെൺപിള്ളാർക്ക് വീട്ടിലിരിക്കാൻ അവകാശമില്ലെന്ന് കണ്ടു പിടിച്ചവരെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ....

ഓരോ കാരണം പറഞ്ഞു ഞാൻ ഒഴിയുമ്പോഴും അവർ ആ കുറവ് നികത്തി മറ്റൊന്ന് കൊണ്ടുവരും , ഇതൊക്കെ എവിടുന്നു സംഘടിപ്പിക്കുന്നു എന്തോ ...ഇന്നലെയും ഉണ്ടായിരുന്നു ചോദ്യോത്തര മത്സരം . പക്ഷെ ആത്യന്തിക ജയം എനിക്കു തന്നെയാണ് എപ്പോഴും


"നിനക്ക് ഇങ്ങനത്തെ പണിയുള്ളവൻ വേണം ?"


എന്ത് പണിയായാലും കുഴപ്പമില്ല, ഞാൻ കമ്മ്യൂണിസ്റ്റാ ..... പക്ഷെ  വാചകമടി മാത്രം പണിയായി കൊണ്ടു നടക്കുന്നവൻ വേണ്ട .

(കഴിഞ്ഞ ആഴ്ച ഒരു ആലോചന വന്നത് എനിക്ക് ഇഷ്ട്ടപെട്ടതാണ് ..ചെക്കനു കെട്ടുപണി  എന്ന് പറഞ്ഞു ഇവരൊക്കെ തന്നെ ആണ് വേണ്ടെന്നു വെച്ചത് .... കെട്ടുപണി എന്നാൽ അത്ര മോശമൊന്നുമല്ലാലോ ....

അതിനു മുൻപ് വന്നത് പത്താം ക്ലാസ് തോറ്റതാണ്...മുഴുവൻ ആയില്ലെങ്കിലും പാതി എം എ പഠിച്ച  മകളെ കെട്ടിച്ചു കൊടുക്കില്ലെന്ന് ഇവരെല്ലാം ചേർന്നാണ് പറഞ്ഞത്    .....അതും എനിക്കിഷ്ട്ടമായിരുന്നു ...പഠിക്കുന്നത് അത്ര വല്യ കാര്യമൊന്നുമല്ല .......


പിന്നെത്തേതിന്  വയസ്സും കൂടുതലായിപ്പോയത്രേ ... മൂന്നു പെങ്ങൾമാരെ കെട്ടിച്ചയച്ചു,പ്രസവിച്ചയച്ചു ,അനിയന്മാരെ പഠിപ്പിച്ചു , അച്ഛനെ ചികിൽസിപ്പിച്ചു വരുമ്പോഴേക്കും ചെക്കന് പ്രായമേറിയത് അയാളുടെ കുറ്റമൊന്നുമല്ലാലോ ....എനിക്കതു മതിയെന്നു പറഞ്ഞിട്ടും ആരും കേട്ടില്ല ....പ്രായത്തിലൊക്കെ എന്തുണ്ട്


മറ്റൊന്ന് വന്നത് കൂട്ടുകുടുംബം ആണെന്ന് കേട്ടപ്പോഴേ വീട്ടുകാർ വേണ്ടെന്ന് പറഞ്ഞു ... സത്യമായിട്ടും അതു ഞാൻ ഏറെ ആഗ്രഹിച്ചതാണ് ... എപ്പോഴും ആളുകളാൽ ചുറ്റപ്പെട്ടു ജീവിക്കുന്ന സുഖം ഒരു മകനും+മകളും +അമ്മയും+ അച്ഛനും പാക്കേജിൽ ഉണ്ടാവില്ലെന്ന് എന്താണാവോ ഇവർക്ക് അറിയാതെ പോയത് ....

കല്യാണമാണെങ്കിലും ,പിറന്നാളാണെങ്കിലും എന്തിന് ഒരു പുതിയ ഡ്രെസ്സ് എടുത്താൽ കൂടെ എല്ലാവരെയും കാണിക്കുന്ന സുഖം ...നശിപ്പിച്ചില്ലേ ..... അണുകുടുംബത്തിലെന്തു സുഖം .....നാലു ചുവരിൽ അടച്ചിട്ട വിരഹം .... നാലാൾക്കു അപ്പുറം ഒന്നിനോടും കമ്മിറ്റ്മെന്റ്സ് ഇല്ലാതെ ....എന്തു പറയാനാണ് അതും പോയി


പിന്നെ എനിക്കു കുഴപ്പമില്ല തോന്നിയ ഒരാള് വന്നു , എല്ലാം കൊണ്ടും വീട്ടുകാർക്കും ഇഷ്ടപ്പെട്ടു വന്നതാണ് അപ്പോഴേക്കും പ്രശ്നമായി വന്നത് നാളിന്റെയാണ് അടുത്ത അടുത്ത നാളുകൾ തമ്മിൽ ബന്ധം പാടില്ലാത്രേ ..

പിന്നെ വീട്ടിൽ ചർച്ചയിലെത്താത്ത എത്രെ പേര് ജാതകത്തിലെ പേരിൽ മടങ്ങി .... കണിയാൻ കൂട്ടി കെട്ടുന്ന താളിയോലയിൽ കുത്തിക്കുറിച്ചതും കുറിപ്പടിയിലെ ചതുരത്തിൽ സ്ഥാനം തെറ്റി കിടക്കുന്നതും ആയ പ്രശ്നങ്ങൾ പോരാതെ അആകാശത്തു നിന്ന് ഗ്രഹങ്ങളുടെ അപഹായരാവും ഉണ്ടേ ...മനപ്പൊരുത്തമാണ് വലുതെന്ന് എനിക്കറിയാം ..

 പിന്നെ നമ്മള് എന്തൊക്കെ പറഞ്ഞാലും സ്വന്തം ജാതിയും മതവും വിട്ടൊരു കളിയില്ല ... അതോണ്ട് വരുന്നതിൽ നിന്നും ആദ്യം മതത്തിന്റെ പേരിലും പിന്നെ ജാതിയുടെ പേരിലും ഉള്ള തിരച്ചിലിൽ ബോധിക്കുന്നതെ നമ്മടെ അടുത്തെത്തൂ ...പക്ഷെ  അതും എനിക്കു പ്രശ്നല്ലാ ട്ടോ നമ്മടെ വീട്ടുകാർക്കെ .....നമ്മൾ ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്നല്ലേ

അതും പോട്ടെ മനസ്സിൽ തട്ടി പറഞ്ഞതാണ് വികലാംഗരായാലും രണ്ടാം വിവാഹം ആയാലും കുഴപ്പമില്ല , ഈ ജീവിതത്തിൽ അവർക്കെങ്കിലും തുണയായി തൃപ്തി എന്നും ഉണ്ടാവുമെന്ന് .... അതുകേട്ടപ്പോൾ എന്നെ തല്ലിയില്ല എന്നേയുള്ളൂ .... അല്ലെങ്കിലും ഇങ്ങനെത്തെ ആഗ്രഹം പറയുമ്പോൾ പെണ്ണിനെന്തോ കൊഴപ്പം ഉണ്ടെന്നേ എല്ലാവരും പറയൂ ....അവരുടെ തെറ്റുകൾ കൊണ്ടല്ലാതെ സംഭവിച്ചത് മനസ്സിലാക്കാൻ എനിക്കു കഴിയുമായിരുന്നു ...

പിന്നെ ആരും ഇല്ലാത്തവർ ആണേലും ഇവർക്ക് വേണ്ട ,,,പക്ഷെ എനിക്ക് കുഴപ്പമില്ല ,,ആരും ഇല്ലാത്തവർക്ക് എല്ലാമായി ഒരാൾ.. അങ്ങനെ ജീവിക്കുന്നതിലും ഒരു സുഖമുണ്ടെന്ന് എനിക്കറിയാമായിരുന്നു ...


പിന്നെ ചന്തം ആണ് പ്രശ്നം ...അല്ലെങ്കിലും ഈ ഭംഗിയൊക്കെ എന്തിനാണ് നോക്കുന്നത് ? ഈ ചന്തം ഒക്കെ നോക്കിക്കൊണ്ടിരിക്കാൻ ആണോ കല്യാണം കഴിക്കുന്നെ ....എന്റെ നിറം പോകും ഞാൻ പണി ചെയ്യില്ല....എന്റെ നെയിൽ പോളിഷ് പോകും ഞാൻ പാത്രം കഴുകില്ല എന്നൊക്കെ പറഞ്ഞാൽ കല്യാണം കഴിഞ്ഞാൽ ഇവർക്ക് ഇഷ്ട്ടപ്പെടുമോ ???പിന്നെ നമ്മടെ ഭംഗിയൊക്കെ ഒരു കാലം വരെയേ ഉണ്ടാകു അത് കഴിഞ്ഞാൽ പിന്നെ ഒന്നുമില്ല ... ഇത് പറഞ്ഞാലും ആാരും കേട്ടില്ല


കാണാൻ കൊള്ളാവുന്ന വെള്ള കോളർ ജോലിയുള്ള ഒരേ ജാതി - മതമുള്ള കൊറച്ചു കാശൊക്കെയുള്ള ഏതെങ്കിലും ഒരുത്തൻ വരും ... അതിനെ എല്ലാവരും സമ്മതിക്കൂ ...


 അവർക്കിഷ്ടമില്ലാത്ത ആഗ്രഹങ്ങൾ പറഞ്ഞാൽ ഇവളെ പഠിപ്പിക്കാൻ വിട്ടത് തെറ്റായി എന്നാണ് പറയാറുള്ളത് .... അന്ന് പഠിക്കാതെ ഉഴപ്പി നടന്ന കുറ്റം ,ഇപ്പോൾ പഠിച്ചു കൂടിയെന്ന കുറ്റം ... അക്കാഡമിക് കോളിഫിക്കേഷൻ ഒക്കെ "പേരിനു  പറയാൻ " മാത്രം കൊള്ളാവുന്ന ഒന്നാണ് എന്നെനിക്ക് ഇപ്പോഴാണ് മനസ്സിലായത് 


 പക്ഷെ മറ്റൊരു പ്രധാന  കാര്യമുണ്ട്  ഇതൊക്കെ പറയും മുൻപ് എന്റെ യോഗ്യത ആരും നോക്കിയില്ല കാരണം എനിക്ക് വീട്ടുകാർ സ്ത്രീധനം കൊടുത്ത് നല്ല ചെക്കനെ വാങ്ങി തരുകയല്ലേ ,,,,



പണ്ട് മുതലേ കുത്തിയിരുന്നു പഠിക്കാൻ ഒന്നും ഇഷ്ട്ടമാല്ലായിരുന്നു ... എല്ലാ സൗകര്യങ്ങളും  ഉണ്ടായിരുന്നു പഠിക്കാൻ എന്നിട്ടും വെറുതെ തേരാ പാര നടന്നു .... പിന്നെ ഒരു വിധം അക്ഷരപരിചയം ഉള്ളത് കൊണ്ട് മാത്രം ഡിഗ്രി വരെ ഫസ്റ്റ് ക്ലാസ്സ്‌ നിലനിർത്താൻ പറ്റിയെങ്കിലും ,,, ഡിഗ്രി ആദ്യ വർഷം രണ്ടാം സെമസ്റ്ററിൽ തോറ്റത് ഞാൻ മറച്ചു വെക്കുന്നില്ല ...അതെന്റെ കുഴപ്പം തന്നെ ആണ് ,,,


അപ്പോൾ തോന്നും പേടിക്കണ്ട പ്രായത്തിൽ വായിനോക്കി നടന്നെന്നു , അങ്ങനെയൊന്നുമുണ്ടായിട്ടില്ല പക്ഷെ ഒരു സിനിമയും ,സീരിയലും വിടാതെ രാത്രി പതിനൊന്നു മണിവരെ ടി വി യുടെ മുന്നിലായിരിക്കും.

പിന്നെ ഇഷ്ട്ടപ്പെട്ട വിഷയത്തിന്  വയനാട് അഡ്മിഷൻ കിട്ടിയിട്ടും ദൂരം കൂടിപ്പോയെന്നു പറഞ് അയച്ചില്ലെന്ന സങ്കടവും ഒക്കെ കൂടി  ആയപ്പോൾ പഠനത്തോട് വല്യ വിരക്തിയായിരുന്നു .

പിന്നെ തോറ്റത് ,അന്ന്  പരീക്ഷ ആണെന്ന് അറിയില്ലായിരുന്നു ...സംഭവം ഞാൻ ഹാൾ ടിക്കറ്റ്‌ വാങ്ങാൻ പോയതാണ് നോക്കുമ്പോൾ പരീക്ഷ തുടങ്ങി ഒന്നൊന്നര മണിക്കൂർ ആയിക്കാണും .. നമ്മടെ ടീച്ചർമാർ കടത്തിവിട്ടു "ഇവളുടെ കാര്യം പോക്കാണ് "എന്നവരും കരുതിക്കാണും

ജയിക്കേണ്ടതായിരുന്നു  പക്ഷെ അപ്പോഴും തോറ്റത് ഇന്റെർണൽ ന്റെ മാത്രം കുറവ് കൊണ്ടായിരുന്നു ,പിന്നെ അറ്റെൻഡൻസും . എന്നാലും തോറ്റ സങ്കടം ഉണ്ടാവാതിരിക്കാൻ എൻ  എസ് എസ് ന്റെ ഗ്രേസ് മാർക്ക് വാങ്ങി പാസായി .പിന്നെ ജോലിക്കു പോകാൻ തുടങ്ങിയപ്പോൾ എം എ ക്കു വിദൂര വിദ്യാഭ്യാസം വഴി ചേർന്നു .ഇതാണ് എന്റെ  പഠിപ്പ്‌ എന്ന് വരുന്നവർക്ക് അറിയില്ലാലോ .....


ഈ സമയത്തൊക്കെ അവർ കഷ്ട്ടപെടുകയായിരുന്നു .... രാവിലെ നേരത്തെ മുതൽ രാത്രി വൈകിയും ജോലിയെടുക്കുന്നു അവർ ... പഠിക്കാൻ സാഹചര്യം ഇല്ലാതെ ...

ചിലയിടത്ത് പഠിക്കാൻ കഴിവില്ലാത്തവരും ഉണ്ട് ട്ടോ ,,പറഞ്ഞിട്ടെന്താ കാര്യം പണിയെടുക്കാൻ നമുക്കറിയില്ല ...പഠിക്കാൻ അവർക്കും ....

ഞാൻ ഇട്ട വസ്ത്രം മുതൽ കഴിക്കുന്ന ഭക്ഷണം ,,, ഇപ്പോൾ കയ്യിലുള്ള ഫോണ്‍ വരെ ഓരോരുത്തരുടെ സംഭാവന ആണ് (അച്ഛന്റെ ,അമ്മയുടെ ,സഹോദരന്റെ )...

പക്ഷെ അവരുടെ ചുറ്റുമുള്ള ആളുകളുടെ കയ്യിൽ ഉള്ളത് അവരുടെ സംഭാവന ആണ് ......അവരുടെ വിയർപ്പാണ് അവരുടെ ഭക്ഷണം....... അവരുടെ ചുമലിൽ ഞാൻ ഒരിക്കലും പരിചയിച്ചിട്ടു പോലുമില്ലാത്ത ഉത്തരവാദിത്തങ്ങളാണ് .....

പിന്നെ ഒരു ഭാഗം ആളുകൾക്ക് പി എസ് സി ക്ലാസ്സിനും അല്ലെങ്കിൽ ഉന്നത നിലവാരത്തിൽ എത്തുന്ന വരെയും പഠിക്കാനും നല്ല ജോലി കിട്ടാനും കഴിയുമ്പോൾ അവരുടെ കഴിവിനെ മാനിക്കുന്നതിനോട് ഒപ്പം തന്നെ  അതിനൊന്നും  കഴിയാതെ  കഷ്ട്ടപ്പെടുന്നവരോട് എനിക്ക് ബഹുമാനമാണ് .......എപ്പോഴും ....നാണക്കേട് പറയാൻ ഒന്നുമില്ല ആദ്യം ശമിപ്പിക്കേണ്ടത് വയറിന്റെ വിളിയല്ലേ


അതൊന്നും അവരുടെ മാത്രം കുറ്റമല്ല ,,, ആദ്യമായി സ്കൂളിൽ പോകുന്ന കാലം മുതൽ മാതാപിതാക്കൾ ശ്രദ്ധിച്ചു  വളർത്തുന്നവരും... മക്കളുടെ വയറു നിറഞ്ഞോ എന്ന് മാത്രം നോക്കി വളർത്തുന്നവരും തമ്മിൽ ഉള്ള വ്യത്യാസം ...മക്കളെ "ഉണ്ടാക്കി "മാത്രം വിടുന്നവരും ഉണ്ടല്ലോ നമ്മുടെയിടയിൽ


എനിക്കു വേണ്ടതും സാധാരണക്കാരനായ ഒരാളെയായിരുന്നു .... ഈ പറഞ്ഞ നിബന്ധനകൾ ഒന്നുമില്ലാതെ മനസ്സിന് ഇണങ്ങുന്നത് പോലെ ....

അങ്ങനെ ഉള്ളവർ മതിയെന്ന് പറഞ്ഞാൽ ആരും കേൾക്കില്ല... പിന്നെ ആകെ ഒരു ഡിമാൻഡ് ഉണ്ടാരുന്നത് വീടിനടുത്ത് പുഴയോ തോടോ എന്തെങ്കിലും വേണമെന്ന് മാത്രം .. അതു പറഞ്ഞാൽ വട്ടാണ് എന്നും പറഞ് കളിയാക്കും ...


ഇപ്പോഴും എനിക്കു മനസ്സിലാകാത്ത കാര്യം  ഒന്നു മാത്രമാണ് ജീവിക്കാൻ പണവും വിദ്യാഭ്യാസവും ചന്തവും ചെറിയ കുടുംബവും ..നല്ല ജോലിയും മാത്രം മതിയോ ...? ഇനി ഞാനൊന്നും പറയുന്നില്ല അവരുടെ ഇഷ്ടം പോലെ ആവട്ടെ ഉള്ളതെല്ലാം വിറ്റിട്ടാണ് എങ്കിലും "നല്ലൊരു ചെക്കനെ " വാങ്ങി തരുകയല്ലേ എനിക്ക് അപ്പോൾ നല്ലതെന്ന് വേണല്ലോ ...അല്ലെ ...?


NB  : ന്യൂ ജനെറേഷൻ പിള്ളാരുടെ ഫ്രീക് പോസ്റ്റാണ് ... നമ്മളൊക്കെ പഴയ ആളുകളാണ് എന്നു പറഞ് കണ്ണടച്ചു ഇരുട്ടാക്കുന്നവർക്കു  വേണ്ടി മാത്രം സമർപ്പണം




No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...