Thursday 10 September 2015




"എത്രയെത്ര സാഗരങ്ങൾ കടഞ്ഞുവെന്നോ
മണിമുത്തുപോലെൻ മാറിൽ നീ ചേർന്നുറങ്ങാൻ
ആളൊഴിഞ്ഞ തീരത്തെ തളിർമരത്തിൻ
ആകാശചില്ലയിൽ കൂടൊരുക്കാം..."



കുറെ ദിവസങ്ങളായി ചുണ്ടിൽ നിന്നും മായാത്ത ഈ വരികളോട് പെട്ടന്നൊരു അടുപ്പം തോന്നുന്നു  ... രണ്ടാമത്തെ പ്രസവത്തിനായി ചേച്ചിയെ വീട്ടിൽ കൊണ്ടു വന്നപ്പോൾ മുതലായിരിക്കണം , മൂന്നു വയസ്സുള്ള മൂത്തമോളും ഉണ്ടായിരുന്നു കൂടെ .വൈകുന്നേരം ജോലി കഴിഞ്ഞു വരും വഴി അല്പനേരം അവളോട്‌ വായടിച്ചിട്ടു പോകുമ്പോൾ എന്തെന്നില്ലാത്ത സുഖമാണ് ...



പിന്നെ വല്ലപ്പോഴും വീണുകിട്ടുന്ന അവധിദിനങ്ങളിലെ   കാമുകനോടുള്ള നർമ്മ സല്ലാപങ്ങളിൽ ചേച്ചിയുടേത് പോലൊരു സുന്ദരി കൊച്ചിനെ ഞങ്ങൾ ഒരുപാട് മോഹിക്കുന്നതാണ് .അദ്ദേഹത്തോട് അവളുടെ കുസൃതികളെ കുറിച്ചും അതുപോലൊരു മകൾ ഞങ്ങൾക്കുണ്ടായാൽ ഉള്ള സന്തോഷത്തെയും കുറിച്ചു പറയുമ്പോൾ എപ്പോഴൊക്കെയോ ഞാനുമൊരു "അമ്മയാകുകയായിരുന്നു '...അവനച്ഛനും...



ആ സമയത്ത് ഞങ്ങളുടെ നാട്ടിൽ മാസം തികഞ്ഞു നിൽക്കുന്ന മൂന്നു ഗർഭിണികളിൽ ഒരാളായിരുന്നു എന്റെ ചേച്ചി , മറ്റുരണ്ടുപേരും പ്രിയപ്പെട്ട ബാല്യ -കൗമാരകാല സുഹൃത്തുക്കളും ... ഇവരുടെയെല്ലാം സൗഹൃദം വീണ്ടും അനുഭവിക്കാൻ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ .



അന്നും ജോലി കഴിഞ്ഞു   പതിവുപോലെ ഒരു മൂളിപ്പാട്ടും പാടി നടന്നു വരുന്നതിനിടയിലാണ് എന്റെ കൂട്ടുകാരിൽ ഒരാൾക്ക് പ്രസവ വേദന എടുത്തതും ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ കുഞ്ഞുമരിച്ചതും അറിയുന്നത്.



ആളുകളുടെ വലിയ നിര തന്നെ അവളുടെ വീട്ടിലേക്കുണ്ട് .... കണ്ടു മടങ്ങുന്നവർ വിറങ്ങലിച്ച ആ കുഞ്ഞു ശരീരത്തിന്റെ ചന്തത്തെക്കുറിച്ചു പറയുന്നത് കൂടെ കേട്ടപ്പോൾ അവളെയെങ്ങനെ കാണുമെന്ന ചിന്തയിൽ മനസ്സൊന്നു പതറിപ്പോയി,



അവളുടെ വീട് ഒരിക്കലും എത്തല്ലേ എന്നായിരുന്നപ്പോൾ മനസ്സിൽ , പതിയെ നടന്ന് അവളുടെ വീടിനു മുൻപിലെത്തുമ്പോൾ കാഴ്ചക്കാരായി വലിയൊരാൾക്കൂട്ടം തന്നെയുണ്ട്  . അതിലൊന്നായി  ഞാനും മാറവെ ഊഴമനുസരിച്ചു അകത്തേക്കുകയറി,   ആ കുഞ്ഞു മുഖത്തേക്ക് ഒരിക്കലേ നോക്കാൻ എനിക്കായുള്ളൂ ... കണ്ടോ ചോദിച്ചാൽ ........?


ഇല്ല....

ഞാൻ കണ്ടില്ല അവനെ ....

കേട്ടറിവ് മാത്രമേയുള്ളൂ .....കറുത്ത് സമൃദ്ധമായ  മുടിയും വെളുത്ത നിറവും അവളുടെ ഛായയും ഉള്ള  ഒരു കൊച്ചു സുന്ദരൻ ...!


കാണികളുടെ വാക്കുകൾ മാത്രമേ എനിക്കോർമയുള്ളൂ... കാണുമ്പോൾ ഒന്നെടുക്കാനും ഓമനിക്കാനും  തോന്നുന്ന ആ കുഞ്ഞു മുഖം എന്നെ നോക്കി പരിഹസിക്കുന്നത് എനിക്കു കാണണ്ട ... അവനു നിഷിധമായ ഈ  മണ്ണിലെ "ആദ്യത്തെയും അവസാനത്തെയും" ദിനമായിരുന്നു അന്ന് .


രാവിലെ തിരക്കുപിടിച്ചു  ബസ്സിനായി ഓടുമ്പോൾ അവളെ കണ്ടതായിരുന്നു . ഞാൻ കൊടുത്ത മുല്ലപ്പൂവുവാങ്ങി മുടിയിൽ തിരുകി എന്തോ പറയാൻ തുടങ്ങും മുൻപേ "ബൈ ഡി വൈകുന്നേരം വരാം " എന്നു പറഞ്ഞൊരു ഓട്ടമായിരുന്നു . കേൾക്കാനുള്ള സാവകാശം പോലും എനിക്കില്ലായിരുന്നു


സംസാര ശേഷി കുറഞ്ഞ അവൾ പറയുന്നത് മനസ്സിലാക്കിയെടുക്കാൻ ഉള്ള കാലതാമസം, ബസ്സ് മിസ്സായി  ജോലിയിൽ വൈകിയെത്തിയാൽ  എന്നെ ചീത്ത കേൾപ്പിക്കും എന്ന സ്വാർത്ഥതയാവും എനിക്ക്. വേദന തുടങ്ങിയതോ, അല്ലെങ്കിൽ ഇന്നാണ് ഡേറ്റ് എന്നോ ആയിരിക്കുമോ അവൾക്കു പറയാനുണ്ടായിരുന്നത് ...?



അവളോട്‌ എല്ലാവർക്കും പരിഹാസമായിരുന്നു.... അല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ മുന്നിലെ "കളിപ്പാവ " പോലെ .  പക്ഷെ   സംസാരിക്കാൻ കഴിയാത്തതും , സാധാരണ മനുഷ്യനെ വച്ചും ചിന്താശേഷി കുറഞ്ഞതുമായ ഒരു പാവം പെൺകുട്ടിയോട് തോന്നിയ സഹതാപമല്ലാ എന്റെ സൗഹൃദം .




ഓർമ്മവെച്ചുതുടങ്ങിയ നാൾമുതൽ ...എന്നുവെച്ചാൽ അങ്കണവാടിയിൽ പോയിത്തുടങ്ങിയപ്പോൾ മുതൽ അവളെന്റെ സഹപാഠിയായിരുന്നു .ഒപ്പം തന്നെ  ഏറ്റവും പ്രിയ കൂട്ടുകാരിൽ ഒരാളും .പിന്നീട് എത്തനൂർ പ്രൈമറി   സ്‌കൂളിൽ പോകാനും വരാനും മുടങ്ങാതെയുള്ള കൂട്ട്.



അവളുടെ പ്രിയപ്പെട്ടവരുടെ കൂട്ടത്തിലും അധികമാരും ഉണ്ടായിരുന്നില്ല , എന്നെ കൂടാതെ ഒന്നുരണ്ടു പേരുമാത്രം . അവളധികം പേരോടും മിണ്ടാത്തതും ഈയൊരു കാരണം കൊണ്ട് തന്നെയാണ് .മാനസികവളർച്ച കുറവായ അവളെ എപ്പോഴും കളിയാക്കുന്നത് നമുക്കൊരു തമാശയായി തോന്നുമെങ്കിലും ഓരോ തവണയും അവളെത്ര മാത്രം വിഷമിക്കുന്നുണ്ട് ...അവളെ അതെത്ര ബാധിക്കുന്നുണ്ട് എന്നവളുടെ കൂടെ നടക്കുന്നതുകൊണ്ട് മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞിരുന്നു.


അല്ലെങ്കിലും മറ്റുള്ളവരുടെ ദൈന്യത ആണ് നമ്മുടെ സന്തോഷം . ഭ്രാന്തന്മാരും,വിഡ്ഢികളും ,ഓരോരുത്തരുടെ നിസ്സഹായതയും സിനിമയിലും ജീവിതത്തിലും നമുക്ക് കണ്ടു കൈകൊട്ടി ചിരിക്കാനുള്ള വകയാണല്ലോ . 



ആറാം ക്ലാസ്സിൽ തോറ്റപ്പോൾ പാതിക്ക്‌ വെച്ചവൾ പഠിപ്പു നിർത്തി . ഞങ്ങളാരും കൂടെയില്ലാതെ  വന്നപ്പോൾ താഴത്തെ ക്ലാസ്സിൽ  പഠിച്ച കുട്ടികളോട് കൂട്ട് കൂടാനുള്ള വിഷമം ,ഒപ്പം ഞങ്ങളെ പോലെ ഹോം വർക്ക് ചെയ്തുകൊടുക്കാനും പരീക്ഷയ്ക്ക് പേപ്പർ കാണിച്ചുകൊടുക്കാനും ആരുമില്ലാതെ വന്നതും ,അതിലേറെ അവളെ "വട്ടുകേസ് "എന്നൊക്കെ പറഞ്ഞു കളിയാക്കുന്നു എന്നൊക്കെ ആയിരുന്നു കാരണങ്ങൾ...



നമുക്കിത് തമാശയായി തോന്നുമെങ്കിലും അവളുടെ കൂടെ നടക്കുമ്പോൾ മനസ്സിലാകും ഓരോ പരിഹാസവും ആ മനസ്സിന്റെ താളം എങ്ങനെ തെറ്റിച്ചിരുന്നെന്ന് . അല്ലെങ്കിൽ അവളെ അംഗീകരിക്കാൻ ആരും ശ്രമിച്ചിരുന്നില്ല ...അവൾക്കു സ്‌കൂളിൽ വരാൻ ഇഷ്ടമില്ല എന്നു പറഞ്ഞു തുടങ്ങിയ സമയങ്ങളിൽ എനിക്ക് പേടിയായിരുന്നു പത്താം ക്ലാസ്  വരെ പഠിക്കാതെ വന്നാൽ അവൾക്കു ജോലി കിട്ടുമോ എന്നുള്ള പേടി ...



അവളുടെ ആ നിരാശ മാറ്റുവാനും ,പഠിപ്പു നിർത്താതിരിക്കാനും  വേണ്ടി ഇന്റെർവെല്ലിനും ലഞ്ച്  ബ്രെക്കിനും മറ്റു ഒഴിവു സമയത്തും അവളെയും കൂടെ കൂട്ടാൻ ഞങ്ങളിൽ ഓരോരുത്തരും പ്രതേകം ശ്രദ്ധിച്ചു . എന്നെപോലെ തന്നെ അന്ന്  ഞങ്ങളുടെ കൂടെയുണ്ടായിരുന്ന  എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു അവൾ


കൃത്യമായ സ്നേഹവും പരിചരണവും ആണ് അവൾക്കു ആവശ്യമെന്നു ഇത്തിരിപ്പോന്ന അവളുടെ കൂട്ടുകാർക്കു മനസ്സിലായെങ്കിലും അവളുടെ ബന്ധുക്കളും അയൽക്കാരും അടങ്ങുന്ന സമൂഹവും അത് തിരിച്ചറിയാതെ പോയതെന്തെന്തുകൊണ്ടാണാവോ ...


പക്ഷെ ഞങ്ങളുടെ ഈ കുട്ടി-കണക്കുകൂട്ടലുകൾ തെറ്റിപ്പിച്ചുകൊണ്ടു പരിഹാസങ്ങൾ അസഹ്യമായി  തുടങ്ങിയ ഒരിക്കൽ അവൾ സ്‌കൂളിനോട് വിട പറഞ്ഞു , ആദ്യം ഒന്നോ രണ്ടോ ദിവസമാണ്  പിന്നെയത് സ്ഥിരമായും . വിദ്യാഭ്യാസത്തിന്റെ വില മനസ്സിലാക്കാത്ത പാവപ്പെട്ട അവളുടെ മാതാപിതാക്കൾക്കോ സമാന സാഹചര്യത്തിൽ ജീവിച്ചിരുന്ന ഞങ്ങളുടെ രക്ഷിതാക്കൾക്കോ അതൊരു പ്രശ്നമായി തോന്നിയില്ല . ഒന്ന് രണ്ടു അധ്യാപകർ ഏറെ നിർബന്ധിച്ചെങ്കിലും പിന്നീട് അവൾ വന്നില്ല ...അല്ലെങ്കിലും മറ്റു അധ്യാപകർക്കും അവൾ എന്നാൽ കോമഡി കഥാപാത്രം ആയിരുന്നത് അവൾ തിരിച്ചറിഞ്ഞത് കൊണ്ടാവും



പക്ഷെ ഞങ്ങളുടെ സൗഹൃദം മാത്രം അവസാനിച്ചില്ല . പ്ലസ് ടു കഴിയുന്നവരെയും ആ നടവഴിയിൽ പാലത്തിനരികിൽ ആടുമേയ്ക്കുന്ന വടിയുമായി അവളുണ്ടാകും ... ചാമ്പയ്ക്കയും ,പച്ച മാങ്ങയും ,അമ്പഴങ്ങയും ,നെല്ലിക്കയും ,ഇലന്തിപ്പഴവും,പുളിയും ,പേരയ്ക്കയും ഒക്കെ ഞങ്ങളുടെ കൂടിക്കാഴ്ചകൾക്ക് മാറ്റുകൂട്ടി



എന്താണ് വിശേഷമെന്നു ചോദിക്കുമ്പോൾ , ഓരോന്നായി അവളെ അറിയുക്കുമെങ്കിലും അതോർത്തു വെക്കാനുള്ള കഴിവ് അവൾക്കില്ലെന്നു എനിക്കറിയാം . എങ്കിലും ഞാൻ പറയുമ്പോൾ ശ്രദ്ധയോടെ കേട്ടിരിക്കുന്ന അവളുടെ മുഖം എപ്പോഴും ഉണ്ട്  വേദനപോലെ മനസ്സിൽ .



അവളെ കളിയാക്കുന്നതോ കുറ്റപ്പെടുത്തുന്നതോ പലപ്പോഴൊക്കെ മനസ്സിലാക്കാനുള്ള കഴിവുപോലും അവൾക്കുണ്ടായിരുന്നില്ല . മറ്റുള്ളവർ പറയുന്ന നേരം ചിരിച്ചു കൊണ്ട് എന്നെ നോക്കും "എന്താ അവര് പറഞ്ഞത് ...?" അവളെ വേദനിപ്പിക്കാതിരിക്കാൻ അന്നേറെ കള്ളങ്ങൾ പറയേണ്ടി വന്നിട്ടുമുണ്ട് .



ഹയർ സെക്കണ്ടറിക്ക്‌ ശേഷം  വല്ലപ്പോഴും ആയി കൂടിക്കാഴ്ചകൾ ... ജീവിത യാഥാർഥ്യങ്ങളുടെ തിരിച്ചറിവിൽ പലപ്പോഴൊക്കെ തോന്നാറുണ്ട് അവളെപ്പോലെ ആകാവുന്നതാണ് നല്ലതെന്നു . അവൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉറപ്പായും ഉണ്ടായിരുന്നിരിക്കണം. ദൈവത്തിനു പ്രിയപ്പെട്ട പെൺകുട്ടി ആയതുകൊണ്ടല്ലേ അവൾക്കു മാത്രം മറ്റുള്ളവരുടെ ശകാരമോ കുത്തുവാക്കുകളോ മനസ്സിലാക്കാൻ കഴിയാത്ത അനുഗ്രഹം കിട്ടിയത് ...അതുകൊണ്ടല്ലേ എന്നും ആ നിഷ്കളങ്കത കാത്തു സൂക്ഷിക്കാൻ കഴിഞ്ഞത് ....


വീട്ടിലെ ഓരോ ജോലികളായി ചെയ്തു ചെയ്തു ,  വീടിലെ നിലയ്ക്കാതെ പ്രവർത്തിക്കുന്ന യന്ത്രം പോലെ അവൾ മാറുന്നത് കഥകളിലെ പോലെ കൗതുകത്തോടെ ഞാൻ തിരിച്ചറിഞ്ഞു .
എങ്കിലും കനാലിലെ കുത്തൊഴുക്കുള്ള  വെള്ളത്തോടും, തീയിനോടും ഭയവുമായിരുന്നു . പതിയെ പതിയെ അതും അവൾ തരണം ചെയ്തു , മുജ്ജന്മ പാപഫലമെന്നു അവിടെത്തെ ഉസ്താദുമാർ പോലും വിധിയെഴുതിയതും മദ്രസ്സയിൽ പോകാൻ കഴിയാതെ വന്നതും ആ കുഞ്ഞുമനസ്സിനു എന്നും തിരിച്ചടികൾ മാത്രം നൽകിക്കൊണ്ടിരുന്നു .



ശാസ്ത്രവും മനുഷ്യനും ഏറെ വളർന്നെന്നും, മതപഠനവും പ്രാഥമിക വിദ്യാഭ്യാസവും എല്ലാവരിലും എത്തിക്കാൻ മുറവിളി കൂട്ടുന്നവരും , ഹൈ സ്‌കൂൾ ലെവലിൽ "ക്രോമോസോം " നെ യും അതിന്റെ ഏറ്റക്കുറച്ചിൽ കൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കിയവർ പോലും അവളെ മനസ്സിലാക്കാതെ പോയതിലാണ് എനിക്കത്ഭുതം ...!



അവൾക്ക് എന്നെപ്പോലെ പ്രണയവും ശബളമോഹങ്ങളും ഒരിക്കലുമില്ലായിരുന്നു.....ജോലിയെക്കുറിച്ചോ, ജീവിതത്തെ കുറിച്ചോ, ഭർത്താവിനെ കുറിച്ചോ, ചിന്തകളെ കുറിച്ചോ, രാഷ്ട്രീയയത്തെ കുറിച്ചോ.... ഒന്നും അവൾക്കു അറിയില്ലായിരുന്നു ..ഇഷ്ടമുള്ള വസ്ത്രമോ ഭക്ഷണമോ ഇല്ലായിരുന്നു ....അവളുടെ ഇഷ്ടങ്ങളറിയാൻ ആരും അവസരം നൽകിയുമില്ല.



 ഏറെ മോഹമായിരുന്ന മാസ്റ്റർ ഡിഗ്രി എന്ന മോഹം ഉപേക്ഷിച്ചു ജോലിക്കു പോയിത്തുടങ്ങിയപ്പോൾ ആ പഴയ നടപ്പാത തന്നെ വേണ്ടി വന്നു , എന്നും വൈകുന്നേരങ്ങളിൽ കുടിക്കാനുള്ള വെള്ളം നിറച്ച കുടവുമായി പാലത്തിന്റെയരികിലവൾ കാത്തു നിൽക്കുമായിരുന്നു , അല്ലെങ്കിൽ ആട്ടിൻ കുട്ടികളുടെ കൂടെ ...കാലം ഞങ്ങളുടെ സൗഹൃദത്തെ വീണ്ടും  ഊട്ടിഉറപ്പിച്ചു .



പെട്ടെന്നൊരു ദിവസമാണ് അവൾ വീട്ടിൽ ആരോ പെണ്ണ് കാണാൻ വന്ന കാര്യം പറയുന്നത് ...  അന്നുവരെ ഞങ്ങളുടെ ചർച്ചകളിൽ ഇല്ലാതിരുന്ന വിഷയമായിരുന്നു അത് . അവളുടെ വിവാഹം ....! അതേക്കുറിച്ചു പറയുമ്പോൾ അവൾക്ക് വിഷമമാകും എന്നതുകൊണ്ട് മനപ്പൂർവ്വം ഞാൻ ഒഴിവാക്കാക്കിയ വിഷയം . 



അല്പ ദിവസത്തിനുള്ളിൽ തന്നെ ആ  വിവാഹം ഉറപ്പിച്ചു . മാനസികവളർച്ച ഇല്ലെങ്കിലും തന്റെ വിവാഹത്തെ കുറിച്ചു സന്തോഷത്തോടെ അവൾ പറയുമ്പോൾ ഞാനും ഏറെ സന്തോഷിച്ചു. നിർധനരായ ഉമ്മയുടെയും ബാപ്പയുടെയും ഏഴുമക്കളിൽ നാലാമത്തെ കുട്ടി ,അവൾക്ക് താഴെ വിവാഹപ്രായം അതിക്രമിച്ചെന്ന് "അവരുടെ ആചാരങ്ങളിൽ  " പറയുന്ന അനിയത്തി .



അവളുടെ കഴിവുകേടുകൾ.... അല്ല, അനുഗ്രഹങ്ങൾ അറിഞ്ഞുകൊണ്ടു തന്നെ ഒരാൾ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുക ...! എന്റെ കണ്ണു നിറഞ്ഞു പോയിട്ടുണ്ട് പലപ്പോഴും  അവളുടെ സംസാരം കേൾക്കുമ്പോൾ ... ആ നല്ല മനുഷ്യനോട് തീരാത്ത നന്ദിയും .....ഇനിയവളുടെ ഭാവിയെക്കുറിച്ചു ആശങ്കപ്പെടേണ്ടതില്ല ....ഉമ്മയ്ക്കും ബാപ്പയ്ക്കും സന്തോഷത്തോടെ കണ്ണടയ്ക്കാം ... അവളും ഒരു സ്ത്രീ ആണെന്ന് അംഗീകരിക്കുന്ന ഒരാണ് വന്നിരിക്കുന്നു അവളെ കൈപിടിച്ചു കൂടെ നടത്തുവാൻ...!



എങ്കിലും അവിടെയും ഉണ്ടായിരുന്നു പ്രശ്ങ്ങൾ ഒരുപാട് ,കെട്ടാൻ വന്നവനല്ല കണ്ടു നിൽക്കുന്ന ആളുകൾക്ക് ....തീരാത്ത ആശങ്കകൾ ...ഊഹാപോഹങ്ങൾ ... വീട്ടിലെ ജോലിയെല്ലാം ചെയ്യുമെങ്കിലും  ശാരീരികബന്ധവും ഭർത്താവിന് നൽകേണ്ടതെന്ന് അവരെല്ലാം പറഞ്ഞിരുന്ന കടമകളും അവളെങ്ങനെ അതിജീവിക്കും എന്ന് ...!


ഇടയ്ക്കൊക്കെ അയാൾക്ക് വിളിക്കാൻ ഫോണും കൊടുത്താണ് ആചാരം കഴിഞ്ഞു മടങ്ങിയത് , അയാൾ വിളിച്ച വിശേഷങ്ങൾ പറയുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കവും ...മനസ്സിലെ പ്രണയവും തിരിച്ചറിയുകയായിരുന്നു ... ഭാഗ്യം ചെയ്ത മനുഷ്യൻ ....ഇത്ര പരിശുദ്ധിയുള്ള പെണ്ണിനെ നിങ്ങൾക്കെങ്ങും കിട്ടില്ല ...!



 അവളുടെ വിവാഹത്തിന് തലേ ദിവസം മുതലേ ഇടയ്ക്കിടയ്ക്ക് ഞാൻ  പോയിക്കൊണ്ടിരുന്നു ,ഒരു എത്തിനോട്ടം.....അല്ലെങ്കിലും  അവൾ എല്ലാ വിവരങ്ങളും രാവിലെയും വൈകുന്നേരവും ഉള്ള പോക്കുവരവുകളിൽ പറഞ്ഞു തരുമായിരുന്നു .   അവളുടെ ആ സന്തോഷം ഞാനാദ്യമായി കാണുകയായിരുന്നു . ആ നിമിഷങ്ങൾ ഇന്നും എനിക്കേറെ   വിലപ്പെട്ടതാണ് .


അവളുടെ ഒരു കാര്യത്തിനായി ആദ്യമായി ആ വീടൊരുങ്ങുകയാണ് ... വര്ഷം വര്ഷം ജന്മദിനവും, ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആഘോഷിക്കുന്ന നമുക്കതു പറഞ്ഞാൽ മനസ്സിലാവണമെന്നില്ല . നാലഞ്ചു വർഷം മുൻപ് അവളുടെ ചേച്ചിയുടെ വിവാഹത്തിന് അടിച്ച പെയിന്റിന് മാറ്റി , ചെറിയ ചെറിയ അറ്റകുറ്റപ്പണികൾ ...മൺചുവരിലെ പോടുകളും വിടവുകളും അടച്ചു വെച്ച് എന്നിട്ടും തേക്കാതെ കുമ്മായം പൂശി ചന്തം വരുത്തി


പിന്നെക്കണ്ടത് ഉമ്മയുടെയും ഉപ്പയുടെയും ഓടി നടത്തമാണ് , പാവപ്പെട്ടവരുടെ കല്യാണം കടത്തിന് മുകളിലാണ് നടത്തപ്പെടുന്നതെന്നു പറഞ്ഞതെത്ര ശരിയാണ് , ഞങ്ങളുടെ ചുറ്റുവട്ടത്തും ഉണ്ടായിരുന്ന എല്ലാ ഫണ്ടുകളിലും നിന്നും ,നറുക്കുകളിൽ നിന്നും മറ്റുള്ളിടത്തു നിന്നും ,അല്ലാതെ കൈ വായ്പയായും സ്വീകരിച്ചു  ഒരു കല്യാണ വീടൊരുങ്ങി ...!


കൈ നിറയെ മിന്നുന്ന  വളയിട്ടതും.....,
പുരികം ത്രെഡ് ചെയ്തപ്പോൾ വേദനിച്ചതും ...,
എന്റെ അലങ്കോലപ്പെട്ട കുത്തിവരകൾ  വരകൾ അല്ലാതെ മനോഹരമായി മൈലാഞ്ചി അണിഞ്ഞതും ...,
പുതിയ വസ്ത്രം കൊണ്ട് വന്നതും ..., ആദ്യമായി അവൾ കൗതുകത്തോടെ പട്ടുസാരിയിൽ തൊട്ടുനോക്കുന്നതും ....,
 ജീവിതത്തിൽ ആദ്യമായി  അവൾക്കു വേണ്ടി സ്വർണാഭരണങ്ങൾ വാങ്ങിയതും ...,
ആ കൊച്ചു വീട് അവളെ മണവാട്ടിയാക്കാൻ ഒരുങ്ങിയതും മനസ്സു നിറഞ്ഞു ഞാൻ അനുഭവിച്ചു, ഒപ്പം എന്റെ കൂട്ടുകാരി  ഇത്ര ചന്തമുണ്ടായിരുന്നോ എന്ന് ആ കല്യാണ ദിവസമായിരുന്നു ഞാനറിയുന്നത് ...! ഇത്ര കാലം എവിടെ മൂടി വെച്ചിരുന്നതാണോ എന്തോ ...അല്ലെങ്കിൽ കാണാൻ കഴിയാതെ പോയത് ...



വിവാഹത്തിന് ശേഷം അവൾ  തിരുപ്പൂരിലേക്ക് (തമിഴ്നാട് ) പോയി . പിന്നെ ഞാനവളെ കാണുന്നത് ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ് പ്രസവത്തിനു കൂട്ടിക്കൊണ്ടു വന്നപ്പോൾ .... അവളെ കൂടാതെ ചേച്ചിയും മറ്റൊരു കൂട്ടുകാരിയും ഇതേ അവസ്ഥയിൽ ഉണ്ടായിരുന്നു ഞങ്ങളുടെ ചുട്ടു വട്ടത്തു അന്ന് .



പിന്നെ എന്നും വൈകുന്നേരം നടക്കാൻ ഇറങ്ങുമ്പോൾ എന്റെ വരവിനായി പാലത്തിന്റെയരികിൽ മിക്ക ദിവസങ്ങളിലും അവൾ കാത്തിരുന്നു ... എന്നും പറഞ്ഞു തീരാത്ത വിശേഷങ്ങളായിരുന്നു അവൾക്ക്  ...


ഭർത്താവും.... വീടും ...അവിടത്തെ  ആളുകളും ....


അവളെന്നൊരു വീട്ടമ്മയെ അടുത്തറിയുകയായിരുന്നു ആ ദിവസങ്ങളിൽ ..

അവളെന്നൊരു ഭാര്യയെയും ...

പിന്നെ അവളെന്നൊരു അമ്മയെയും ...


തന്റെ വയറ്റിലെ കുഞ്ഞിനെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുമ്പോൾ ഇതു അവൾ തന്നെ ആണോ എന്നു പോലും പലപ്പോഴും ഞാൻ സംശയിച്ചു.അവളുടെ കരുതലും, ആഗ്രഹവും, സ്വപ്നവും കാണുമ്പോഴാണ് സത്യമായും  ഒരു പെണ്ണിന് കുഞ്ഞെന്നാൽ എത്രമാത്രം വലുതാണെന്ന് ഞാൻ മനസ്സിലാക്കിയത് . അമ്മ ആവാൻ ഏറെ ആഗ്രഹിച്ചതും അവളെ കണ്ടിട്ടായിരുന്നു ....



അവളുടെ സംസാരത്തിൽ അധികവും... പ്രാർത്ഥനകളിൽ മുഴുവനും....... തന്റെ കുട്ടി  തന്നെ പോലെ ആവരുത് എന്നു മാത്രം ആയിരുന്നു . അവളെ കളിയാക്കിയപോലെ ആ കുഞ്ഞും ആവാതിരിക്കാൻ .."അമ്മയുടെ പാരമ്പര്യം "അതിനു കിട്ടാതിരിക്കാൻ "...അവളെത്ര നേർച്ചകൾ നേർന്നു ...ഒന്നുമറിയാത്ത കുഞ്ഞുവാവേ നിന്റെ  അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടിരുന്നോ ?



പക്ഷെ അപ്പോഴും  ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാരിൽ പലരും അവളുടെ കുഞ്ഞിനെ കുറിച്ചു പറയുന്നത് കേൾക്കുമ്പോൾ ദേഷ്യ തോന്നും ,,,അതു മനസ്സിലാക്കിയിട്ടോ എന്തോ എല്ലാവരോടും ചിരിച്ചു മാത്രമേ അവൾ പെരുമാറിയിരുന്നുള്ളൂ. കുട്ടി  ജനിക്കുമ്പോൾ അതിനെ എല്ലാവർക്കും ഇഷ്ടപ്പെടും ,,,അവളെയും എല്ലാവരും അംഗീകരിക്കും എന്ന നിഷ്കളങ്കമായ അവളുടെ ആഗ്രഹം കേട്ടപ്പോൾ മനസ്സിലായി ആ മനസ്സ് എത്രമാത്രം മുറിവേറ്റിരുന്നു എന്ന് ,അംഗീകരിക്കപ്പെടാതെ പോയവളുടെ ദുഃഖം


ഡോക്ടർമാർ പറഞ്ഞതുപോലെ അമ്മയുടെ മനസ്സു സന്തോഷമായിരുന്നാലേ ആരോഗ്യമുള്ള കുട്ടി  ജനിക്കൂ എന്ന ചിന്ത കൊണ്ടാവും , മരുന്ന് കഴിക്കാൻ പണ്ട് തൊട്ടേ ഇഷ്ടമല്ലാതിരുന്ന അവൾ കഷായം കൂടെ ചിരിയോടെ കഴിക്കുന്നത് ഞാൻ കണ്ടു


മഴ നനയാതെ... മഞ്ഞു കൊള്ളാതെ അവൾ നടന്നു ...ഒരു അസുഖവും അവളിലെത്താതിരിക്കാൻ ,

ഇഷ്ടമുള്ളതെല്ലാം വാരി വലിച്ചു കഴിക്കുന്ന സ്വഭാവവും എത്ര പെട്ടെന്നാണ് മാറിയത് ... അമ്മ എന്ന വികാരം അവളുടെ മനസ്സിൽ പതിഞ്ഞു പോയിരിക്കുന്നു ഒരുപാട് ആഴത്തിൽ ...അവളെ ബാധിക്കും എന്നോർത്തല്ല കുഞ്ഞിനെ സംരക്ഷിക്കാനായി മാത്രം ...!



ആളുകൾ അഭിപ്രായം പറയുന്നത് കേട്ട് "പെണ്കുഞ്ഞാവും" എന്നു പറയുമ്പോൾ സ്വതവേ വെളുത്തു തുടുത്ത അവളുടെ മുഖം കുറച്ചുകൂടെ ചുവക്കും . അതു കാണുമ്പോൾ എനിക്കും വല്യ സന്തോഷമാണ് . ഇടയ്ക്കു ഞാൻ "ഏത് കുട്ടിയെ  വേണമെന്ന് " ചോദിക്കുമ്പോൾ
"ഏതായാലും കുഴപ്പമില്ല എന്നെ പോലെ വേണ്ടടി " എന്നായിരിക്കും  മറുപടി .


എന്നിട്ടും ദൈവം എന്തുകൊണ്ടാണ് അവൾക്കു ഇങ്ങനെയൊരു വിധി കൊടുത്തത് എന്നെനിക്കറിയില്ല . ചിലപ്പോൾ ദൈവം അവളോട്‌ മാത്രം കരുണ കാട്ടാതിരുന്നതാണോ...? അകത്തുപോയി അവളെ കാണാനുള്ള ശേഷിയില്ലാതെ അവിടെ നിന്നും ഇറങ്ങി.



വീടെത്തുമ്പോൾ പതിവില്ലാത്ത സന്തോഷത്തോടെ അഭി ഓടി വന്നു ചേച്ചിക്ക് വാവ ഉണ്ടായത് പറയുവാൻ .... ഒരിടത്തു നഷ്ടവും ഒരിടത്തു സന്തോഷവും .... ഏത് വേണം എന്നറിയാതെ ഞാനും ...അവനു പതിവുള്ള മിട്ടായിക്ക് വേണ്ടി എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു കരച്ചിലെ പകരം കൊടുക്കാനായുള്ളൂ ....


 അതേ അപ്പോൾ തന്നെയായിരുന്നു ആ വരികൾ ഞാൻ കേട്ടതും ... അമ്മയെന്ന വാക്കിനോട് നൂറുശതമാനം കൂറു പുലർത്തിയതെന്ന് എനിക്ക് തോന്നിയതും അതാവും .....

"എത്രയെത്ര സാഗരങ്ങൾ കടഞ്ഞുവെന്നോ
മണി മുത്തുപോലെ മാറിൽ നീ ചായുറങ്ങാൻ ...."

****************************************************************************


അവളുടെ നഷ്ടം ഓർത്താണോ അതോ ആ കുഞ്ഞിനെ ഞാനുമേറെ പ്രതീക്ഷിച്ചതു കൊണ്ടായിരിക്കുമോ എന്നറിയില്ല . ചിലപ്പോൾ അവളെന്നെ അമ്മയെ കണ്ടു സന്തോഷിക്കാൻ എനിക്ക് അവസരം ഇല്ലാതെ പോയതിനാലാവും ....  ചേച്ചിയുടെയും മറ്റേ കൂട്ടുകാരുടെയും കുഞ്ഞുങ്ങളെ എടുത്തു അവൾ കൊഞ്ചിക്കുമ്പോൾ ഞങ്ങളെല്ലാം ഇപ്പോഴും മനസ്സിലൊന്നു തേങ്ങാറുണ്ട് ... ഇപ്പോഴും അവനു വേണ്ടി വാങ്ങിയ പാവയും കുട്ടിയുടുപ്പുകളും നോക്കി അവളിരിക്കാറുണ്ട് .....


നിമിഷങ്ങളുടെ സന്തോഷത്തിനായി മനുഷ്യജന്മത്തിന്റെ തുടർച്ചയ്ക്കായി പ്രകൃതി കനിഞ്ഞു  തരുന്ന ബീജത്തെ ഉദരത്തിൽ നിന്നും അല്ലാതെയും നശിപ്പിച്ചു കളയുന്നവർ അറിയട്ടെ , ഒരു പെണ്ണിന് കുഞ്ഞെന്നാൽ എത്രമാത്രം വിലപ്പെട്ടതാണ് എന്ന് .....!





















ഞാൻ വീട്ടിലേക്കു കയറുമ്പോഴേക്കും അഭി ഓടി വന്നു ,,അവനുള്ള പതിവ് 5 സ്റ്റാർ കൊടുക്കുമ്പോൾ പറഞ്ഞു "വിച്ച ചേച്ചിയും കുഞ്ഞാവയും വന്നു "...

ബാഗ്‌ വീടിന്റെ ഒതുക്കിൽ വെച്ച് അവിടെയിരുന്നു ..എന്ത് ചെയ്യണം എന്നറിയാതെ ...അപ്പോഴേക്കും വിനിഷചെച്ചി വിളിച്ചു ....

"സൊത്തു ...ഞങ്ങള് വന്നു ട്ടാ ..."

പിന്നെ എണീച്ചു പോയി .. വിയർക്കുന്ന മുഖം തുടച്ചു കുഞ്ഞിനെ നോക്കി ,,

കാണാൻ കഴിഞ്ഞില്ല അപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു ..ഒന്ന് പറയാതെ പുറത്തേക്കു ഓടി ...പിന്നെ വീട്ടിൽ പോയി കുറച്ചു നേരം മിണ്ടാതിരുന്നു ...
മടുപ്പായിരുന്നു എല്ലാത്തിനോടും ,,അഭി ആണെങ്കിൽ പുറകെ നടക്കുകയാണ് ,,
ഞാൻ പൊതുവെ കരയുന്നത് അവൻ കണ്ടിട്ടില്ല

....അവൻ കുറെ തവണ വിളിച്ചു ..ഞാൻ ഒന്നും മിണ്ടിയില്ല ..മനസ്സിൽ നിറയെ അനീഷന്റെ കുഞ്ഞായിരുന്നു ...

പിന്നെ ഞാൻ നോക്കുമ്പോഴേക്കും അവന്റെ മുഖം വാടിയിരിക്കുന്നു ....എടുക്കാൻ പോയപ്പോൾ മാറി നിന്നു..ആള് പിണങ്ങി എന്ന് മനസ്സിലായി ,,

പിന്നെ അവന്റെ എതിര്പ്പ് നോക്കാതെ അവനെയും എടുത്തു വിനിഷന്റെ വീട്ടിൽ പോയി

,,അവൾ ആകെ പേടിച്ചിരിക്കുകയാണ് ..ഞാൻ എന്താ അങ്ങനെ പെരുമാറിയെന്ന് ഓർത്ത്‌ ... ഞാൻ അഭിയെ താഴെ ഇരുത്തി ..കുഞ്ഞാവയെ എടുത്തു ..ഇത്തവണ ഞാൻ അവനെ നേരെ കണ്ടു ...

അവൾ എന്നോട് പറഞ്ഞു അനീഷന്റെ കുഞ്ഞു മരിച്ചെന്ന്,,

ഞാൻ ഒന്നും മിണ്ടിയില്ല ...

എന്റെ കയ്യിലെ കുഞ്ഞിനെ നോക്കിയിരുന്നു കുറെ നേരം ,,,ശരിക്കും പറഞ്ഞാൽ കണ്ണേടുക്കാനെ തോന്നിയില്ല ,,പിന്നെ

നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞാൻ എണീച്ചു പേടിക്കാൻ ഒന്നുമില്ല നാളെയും വരാം ഇനി അവൻ ഇവിടെയുണ്ടല്ലോ എന്നും.....

ഇറങ്ങുമ്പോൾ വിനിഷന്റെ മുത്തിയമ്മ പറയുന്നത് കേട്ടു..."കുട്ടിക്ക് കടുകും മുളകും ചുറ്റിയിട് അവളുടെ കണ്ണേറു പറ്റിയാലോ"... എന്ന് ...

"എന്തിന "

"അല്ല തങ്കമ്മ വന്നെ "

അടുത്തുള്ള വലിയമ്മ കുഞ്ഞിനെ കാണാൻ വന്നതാണ് സംഭവം ,,അവർക്ക് കുട്ടികളില്ലാ ,,അപ്പോൾ കണ്ണ് പെടും എന്ന വിശ്വാസം .

..അവർക്കും ഉണ്ടായിരുന്നിരിക്കില്ലേ മക്കൾ വേണം എന്നൊക്കെ ..അവരുടെ വിധി ..അതിനു അവരെ കുറ്റ പെടുത്തുന്നത് ശരിയാണോ ?

ഈ കുഞ്ഞുങ്ങളെ എങ്ങനെയാണ് കൊല്ലാനും അബോർഷൻ ചെയ്തു കളയാനും തോന്നുന്നത് .....

അനാഥാലയങ്ങളിൽ വളരുന്ന ബാല്യങ്ങളും കുട്ടികളില്ലാതെ ഒരുപാട് വിഷമിക്കുകയും ചെയ്യുന്ന മനുഷ്യരും ഉള്ളപ്പോൾ കുട്ടികളെ വഴിയരികിൽ ഉപേക്ഷിക്കാനും മണ്ണിനുള്ളിൽ കുഴിച്ചുമൂടാനും എങ്ങനെ തോന്നുന്നു ,,,.......

ഓരോരുത്തർ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു ,,, മറ്റു ചിലർ താഴെയും തലയിലും വെക്കാതെ നോക്കുന്നു ,,, പാതയരികിൽ പണിയെടുക്കുമ്പോഴും വഴിയരുകിൽ കിടക്കുന്ന കുഞ്ഞാവും അമ്മമാരുടെ മനസ്സില് ,,, 

വിവരവും ബോതവും ഇല്ലെന്നു പറയുന്ന എന്റെ കൂട്ടുകാരിക്ക് വലുതാണ്‌ അവളുടെ കുഞ്ഞു 

എന്നിട്ടും എന്തെ ....


വിദ്യ ജി സി സി

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...