Wednesday 23 September 2015






പതിവുപോലെ അന്നും ചോറ് പാതിയിൽ മതിയാക്കി ബാക്കിയുടെ കൂടെ കുറച്ച് കൂടിയിട്ട് നന്നായി മീങ്കറി ഒഴിച്ച് കുഴക്കുമ്പോൾ ചെറിയച്ചൻ പറഞ്ഞു 

"ഇത്തരി നന്നായി കറി ഒഴിക്ക് ... ആദ്യം അപ്പൂന് കൊടുത്തിട്ട് ചിക്കൂന് കൊടുത്താ മതി "

"വേണ്ട ചിക്കൂന് ആദ്യം കൊടുക്ക് അത് മേലെ ചാടും " അച്ചമ്മയാണ് 

ചന്ദനമഴയിലെ ആദ്യ  പരസ്യം എത്തുന്നത് വരെ ചോറും കറിയും മിക്സ്‌ ചെയ്തിട്ട് പതിവുപോലെ വേഗം പുറത്തിറങ്ങി , അടുത്ത സീൻ എത്തുന്നതിനു മുൻപ് രണ്ടാൾക്കും ചോറ് കൊടുത്ത് എനിക്ക് കയ്യും കഴുകി ടി വിയുടെ മുന്നിലെത്തെണ്ടതാണ്

സാധാരണ വീടിന് പുറത്തിറങ്ങിയതും ചിക്കൂ പിറകിൽ ഓടി വരുന്നതാണ് ,,ചിലപ്പോഴൊക്കെ മേലെ കയറി സ്നേഹം പ്രകടിപ്പിക്കാറുണ്ട് ,,,നമുക്കത് വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് അവനെ ആട്ടി വിടുകയാണ് പതിവ് ,ആളെ കാണാതായപ്പോൾ ആരെങ്കിലും കെട്ടിയിട്ടിരിക്കും എന്നറിയാവുന്നതു കൊണ്ട് വിറകു പുരയുടെ സൈഡിൽ പോയി 

അവിടെ ചിക്കുവും അപ്പുവും ഉണ്ട് , ചിക്കൂന് ചിറ്റും അപ്പു ഓടി കളിക്കുന്നു ,അടുത്തുള്ള വടിയെടുത്ത് അപ്പൂനോട്‌ കൂട്ടിൽ കയറാൻ പറഞ്ഞപ്പോൾ അവൻ കേട്ടില്ല .കൂട് വരെ പോയി തിരികെ വന്നു 

എനിക്ക് സമയമായപ്പോൾ രണ്ടു പാത്രത്തിലും ചോറ് പകുത്തു വെച്ച് ഞാൻ പോയി ,ചിക്കൂ കൊടുക്കാത്ത മുന്നേ തീറ്റ ആരംഭിച്ചിരുന്നു 

അകത്തേക്ക് കയറുമ്പോൾ ചെറിയമ്മയോട്  വെറുതെ പറഞ്ഞു " അപ്പൂന്റെ കൂട് തുറന്നിരിക്കുന്നു ..അവൻ വെളിയിലാണ് "

"ചാച്ചനോട് പറ " ചെറിയമ്മ അഭിയെ കിടത്താനുള്ള തിരക്കിലാണ് . ഈ സംഭവം സാധാരണ ആയതിനാൽ ഞാനും വിട്ടു കളഞ്ഞു , വീട്ടുകാർക്ക് ഈ നായ സ്നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എനിക്ക് ഓർമവെച്ചപ്പോൾ മുതൽ ഇവിടിങ്ങനെയാണ് 

നമുക്കുണ്ടോ ഇല്ലയോ എന്നൊന്നുമില്ല നമ്മളോട് ഒപ്പം അവർക്കും ഭക്ഷണം കൊടുക്കും ...വീട്ടിൽ ആള് വരുമ്പോൾ കുരയ്ക്കുന്നതിനും മേലെ ചാടുന്നതിനും അവരെ എത്ര കുറ്റം പറയും എങ്കിലും അവർക്ക് വീട്ടിലുള്ള സ്ഥാനം വലുതാണ്‌ 

അവരുള്ളത്   കൊണ്ടാണ് വീടും പൂട്ടി എല്ലാവരും കൂടി എങ്ങോട്ടും പോകാത്തത് , അവർക്ക് ചോറ് കൊടുക്കണം ചിലപ്പോൾ വേറെ വല്ല നായ്ക്കളും വന്നു അവരെ കടിച്ചാലോ ,,,പിന്നെ കോഴിയും ,,പശും ഒക്കെ ഉള്ളതും ഒരു കാരണം തന്നെ . 

എന്റെ അച്ഛച്ചാന് ഞങ്ങളെ വെച്ചും കൂടുതൽ അവരോടു ഇഷ്ട്ടമുണ്ടോ എന്ന് തോന്നാറുണ്ട് പലപ്പോഴും കാരണം രാവിലെ എട്ടു മണിക്ക് മുൻപ് അവർക്ക് രണ്ടാൾക്കും ഭക്ഷണം കൊടുക്കണം അതും ബ്രെഡ്‌ ,പാൽ, അല്ലെങ്കിൽ മുട്ട ഒഴിച്ച ചോറ് അങ്ങനെ എന്തെങ്കിലും രണ്ടു ദിവസം പച്ചക്കറി ആയിരുന്നാൽ അടുത്ത ദിവസം നോൺ വെക്കാൻ പറയുന്നതുമിവരെ കണ്ടു കൊണ്ട് തന്നെ 

ഇവിടെ മാത്രമല്ല ഈ സൈഡ് ഉള്ള മിക്ക വീടുകളിലും സ്ഥിരം അംഗം ആയി ഒരു നായെങ്കിലും ഉണ്ടാവും ... പക്ഷെ ഒരു കാര്യമുണ്ട് ഇതുവരെ ഒരുപാട് നായകൾ ജനിച്ചു ,ജീവിച്ചു മരിച്ച നാടാണിത് ,ഇന്നേവരെ ഒരു കുഞ്ഞിനു പോലും അപകടം ഉണ്ടായിട്ടില്ല ,അടുത്ത വീട്ടുകാരെ കണ്ടാൽ ഇവിടുത്തെ നായകൾ കുറക്കുകയും ഇല്ല 

കുറച്ച് നാൾ മുൻപ് വരെ നായ വളർത്തലും സഹജീവി സ്നേഹവും ഒക്കെ പറഞ്ഞു വിവാദങ്ങൾ ഏറെ ഉണ്ടായപ്പോഴും, ഒരുപാട് പേരെ തെരുവിൽ നിന്നും പിടിച്ചു കൊന്നപ്പോഴും ,പാവം കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയസ്സായവർ വരെ നായകടി കൊണ്ട് കഷ്ട്ടപ്പെട്ടപ്പോഴും ,അടുത്തുള്ള ആശുപത്രികളിൽ ഇൻജക്ഷൻ ഇല്ലാതെ സർക്കാർ അവരെ സമാധാനിപ്പിച്ചപ്പോഴും  ഇവിടെ ഈ നായകൾ സന്തോഷത്തോടെ ജീവിച്ചു വന്നു 

എല്ലാവരും വലിയ വലിയ ഭംഗിയുള്ള നായകളെ വളർത്തുമ്പോൾ ഞങ്ങൾ ഇവിടെ സാധാരണ നായകളെ ആണ് എന്നൊരു വ്യത്യസ്തത ഒഴിച്ചാൽ മറ്റൊന്നുമില്ല , 

അന്ന് രാത്രി അപ്പു പുറത്തുള്ളത് അറിയാതെ എല്ലാവരും കിടക്കാൻ പോയി , സാധാരണയിൽ കവിഞ്ഞു എനിക്ക് നേരത്തെ ഉറക്കം വന്ന ദിവസം , കണ്ണടച്ചതെ ഓർമയുള്ളൂ, അഭിയുടെ വിളി കേട്ടാണ് എണീറ്റത് ...

അവനു ഇടയ്ക്കൊക്കെ ഉറക്കത്തിൽ എന്റെ അടുത്തു വന്നു കിടക്കുക പതിവായതുകൊണ്ട് അതിനാവും കരുതി അവനെ കട്ടിലിൽ കയറ്റിക്കിടത്തി പാതിമയക്കത്തിൽ ,പക്ഷെ പിന്നെയും "സൊത്തൂ..എനീച്ചേ ..." എന്നുള്ള അവന്റെ കൊച്ചു വിളിയും പിന്നെ തല്ലും ഒക്കെ കിട്ടിയപ്പോൾ ഞാൻ എഴുന്നേറ്റു 

"അപ്പു ...ചത്തു പോയി "

ആദ്യം വാൻ പറയുന്നത് എനിക്ക് കാര്യമായി തോന്നിയില്ല ,പിന്നെ എല്ലായിടത്തും ലൈറ്റ് ഇട്ടിട്ടുള്ളത് കണ്ടപ്പോൾ എന്തോ പേടി തോന്നി ഞാൻ പുറത്തിറങ്ങുമ്പോൾ മുറ്റത്തെ തെങ്ങിന ചോട്ടിൽ അവൻ കിടന്നു പിടയുകയാണ് ..അതുകണ്ടപ്പോൾ മനസ്സൊന്നു പിടച്ചു 
എന്നെകണ്ടതും ചെറിയച്ചൻ പറഞ്ഞു

 "കൂട് തുറന്നിരിക്കുന്നത് നീ എന്താ പറഞ്ഞില്ല ?"

"അവള് പറഞ്ഞു ...നിങ്ങള് കുളിക്കാൻ പോയപ്പോൾ .." ചെറിയമ്മ വക്കാലത്തിനെത്തി 

പിന്നെയവിടെ നീണ്ട ചർച്ചകളും പ്രതിവിധി അന്വാഷണവും മുൻപുണ്ടായ സമാന സംഭവങ്ങളും നായ വാഴാത്ത വീടിന്റെ അവസ്ഥയും അങ്ങനെ അങ്ങനെ അത് തുടർന്നുകൊണ്ടിരുന്നു..അടുത്ത വീട്ടുകാർ ഓരോരുത്തരായി എത്തി ... ആദ്യം മുന്നിൽ നിന്ന് വിശദീകരിക്കുന്നത് അഭിയാണ്

ഇപ്പോൾ അവന്റെ പിടച്ചിൽ കുറഞ്ഞു കുറഞ്ഞു വന്നു ,,,എനിക്ക് വയറു നീറുന്ന പോലെയും തൊണ്ട വറ്റി പോകുന്നത് പോലെയും പിന്നെ ശരീരമാകെ വിറയ്ക്കുന്നതായും തോന്നി ...

അവടെ വായിൽ നിന്ന് മുറ്റത്തേക്ക്‌ വീണ വെള്ള കലർന്ന വെള്ളത്തിൽ നിന്നും മാംസ കഷണത്തിൽ നിന്നും എല്ലാവരും ഊഹിച്ചു ആരോ പന്നിക്ക് "വിഷം വെച്ചത് അവനറിയാതെ കഴിച്ചതാണ് എന്ന് " . 

ചുറ്റുമെല്ലാം തിരഞ്ഞപ്പോൾ കൂടിന്റെ മുകൾ വശത്തിന്റെ ഓരത്തെ ഓടാല്പംനീങ്ങിയിട്ടുണ്ട് ,,അതിലൂടെ ആയിരിക്കണം അവൻ പുറത്തു കടന്നത്‌ ... ഇത്രനാളും ഞങ്ങളുടെ നിഴലായി നടന്നവൻ പെട്ടെന്ന് എന്ത് സംഭവിച്ചു അവനിങ്ങനെ ....

പലരും പറഞ്ഞു വിധിയെന്ന് ..ഓരോരുത്തരായി തെങ്ങിൻ തടത്തിൽ തന്നെ ചെറിയ കുഴിവെട്ടി അവനെ അടക്കുന്നത് കണ്ടു മടങ്ങി .... അകത്തേക്ക് കയറണമോ വേണ്ടെയോ എന്ന് ഞാനല്പം ആലോചിച്ചു നിന്നു, കണ്ണ് അടച്ചാലും തുറന്നാലും ആ പിടച്ചിലും കിതപ്പും മാത്രമേയുള്ളൂ ...

പിറ്റേന്ന് അഭി എണീച്ചു വന്നതും ചോദിച്ചു " സൊത്തൂ നീ പേടിച്ചോ "

അവന്റെ മുന്നിൽ ദൈര്യം അഭിനയിച്ചു "ഇല്ലാലൊ " എന്ന് പറയുമ്പോഴും രാത്രി ഉറക്കമില്ലാതെ ലൈറ്റ് ഓൺ ചെയ്തത് ഇവനോട് ആര് പറഞ്ഞു എന്ന ചിന്തയായിരുന്നു ഒപ്പം തെങ്ങിൻ ചുവട്ടിൽ നിന്നൊരു കിതപ്പും ...

അവനുണ്ട് എന്ന് കരുതി അന്ന് രാത്രിയും ചോറ് കുഴച്ചു വരുമ്പോൾ ,പെട്ടെന്നൊരു ദിവസം അവനില്ലാതായത് വിശ്വസിക്കാൻ കഴിഞ്ഞില്ല അപ്പോഴും ...... 

എന്റെ ചുറ്റിലും ഓടി കളിക്കുന്ന .... 

എന്തെങ്കിലും സങ്കടം വരുമ്പോൾ അവനോടു ചെന്ന് പറയുമ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും തലയാട്ടുന്ന ...

വെജ് രണ്ടു ദിവസത്തിൽ കൂടുതൽ കഴിച്ചാൽ മടുപ്പാകുന്ന ....

എന്തെങ്കിലും കഴിക്കുമ്പോൾ ഞങ്ങളെ തന്നെ നോക്കി നില്ക്കുന്ന ...

കൊടുക്കാതെ കുറച്ച് നേരമിരുന്നാൽ പിന്നെ എത്രെ ഇട്ടു കൊടുത്താലും തിരിഞ്ഞു നോക്കാത്ത ...

വേറെ വേറെ വർഗമായിട്ടും ചിക്കൂനോട് പിണങ്ങാത്ത...

ഞങ്ങളെ ആരേലും തമാശയ്ക്ക് പോലും തല്ലുമ്പോൾ അവരെ നോക്കി കുരയ്ക്കുന്ന... 

വീട്ടിന്നു ഒരു സാധനവും എടുക്കാൻ സമ്മതിക്കാത്ത ...

കുളിപ്പിക്കുമ്പോൾ കുഞ്ഞു പാവയുടെ അത്രേം ചെറുതാവുന്ന ... 

എന്നിട്ട് വെള്ളമെല്ലാം തോർത്തി കൊടുത്തിട്ടും നമ്മുടെ മീതെ തെറിപ്പിക്കുന്ന ...

അച്ഛമ്മയുടെ കുങ്കുമം കൊണ്ട് ചുവന്ന പൊട്ടു കുത്തി കൊടുക്കുന്ന ഞങ്ങളുടെ അപ്പു ഞങ്ങളുടെ കൂടെയില്ല ...

ഇല്ല ഇനിയവൻ വരില്ല ...

ഇനി അവനായോരുപിടിയുരുള കരുതണ്ട ...!




കൃത്യ സമയത്തിന് ഒന്ന് രണ്ടോ ബസ്‌ മാത്രമുള്ള ഗ്രാമങ്ങളിലെ ബസ്‌ യാത്ര വല്ലാത്തൊരനുഭവമാണ്.
ഇത് പറയുമ്പോൾ ചിലർ പറയും "നേരെ ബസ്‌ സർവീസ് പോലുമില്ലാത്ത പട്ടിക്കാടിൽ നിന്നും വരുന്നവരുടെ രോദനം എന്ന് ".
പക്ഷെ അങ്ങനെയല്ലാ ട്ടോ , സത്യായിട്ടും നല്ല സുഖാണ് .
കുറച്ച് പച്ചപ്പട്ട് വിരിച്ചപാടങ്ങളുടെ ഇടയിലൂടെ ക്ഷമിക്കണം കുറച്ച് ഏറെ ഉണ്ട് ട്ടോ.
എതിരെയൊരു വണ്ടി വന്നാൽ ഇപ്പോൾ വയലിലെക്കോ അല്ലെങ്കിൽ ഏതെങ്കിലും വീടിന്റെ മുറ്റത്തെക്കോ ഇറങ്ങുമെന്ന തരത്തിൽ വഴിമാറി കൊടുക്കണം .
പിന്നെയൊരായിരം വളവുകളുടെ ഇടയിലൂടെ ബസ്‌ പോകുമ്പോൾ തോന്നും ഈ വഴി ഗൂഗിൾ മാപ്പിൽ നോക്കുമ്പോൾ ന്യൂഡില്സ് നീട്ടി വെച്ചതുപോലെ ഉണ്ടാവുമെന്ന്
എന്നും രാവിലെയും വൈകീട്ടും കയറുമ്പോൾ പുഞ്ചിരിയോടെ സ്വീകരിക്കുന്ന കണ്ടക്റെർ. ഇടയ്ക്ക് സ്ഥിരമായി പോകുന്നവർക്ക് ഡ്രൈവറുടെ വക പുഞ്ചിരി കൂടെ ഉണ്ടാവും
പക്ഷെ തിരക്കുള്ള സമയത്ത് പ്രതേകിച്ചു സ്കൂൾ കുട്ടികളെ കാണുമ്പോൾ വിളറി പിടിച്ച പോലുള്ള ക്ലീനെറും കണ്ടക്ടറും ഈ അവധിക്കാലത്ത് സ്പെഷ്യൽ ക്ലാസ്സിനു വരുന്ന പിള്ളാരോട് സ്വന്തം വീട്ടിലെ കുട്ടികളെ പോലെ വർത്തമാനം പറയും
അവർക്ക് കഴിക്കാൻ വാങ്ങിച്ചു വെക്കുന്ന പോപ്പിന്സോ , ചായയുടെ ബാക്കി ചില്ലറയ്ക്ക് പകരം കൊടുക്കുന്ന മിട്ടായികളോ സന്തോഷത്തോടെ നൽകും
അപ്പോൾ നിങ്ങൾ പറയുമായിരിക്കും ഇങ്ങനെ കുട്ടികളെ പറ്റിച്ച് കൊണ്ടുപോയി പീഡനത്തിനും , മയക്കി ആഭരണങ്ങൾ കൈക്കലാക്കാനും ആണെന്ന് , അതൊക്കെ വെറുതെയാണ് 95% പേരുടെ കാര്യത്തിലും ഇതുവെറും പേടി മാത്രമാണ് .
പതിവിലും നേരം വൈകി വഴിയിൽ കണ്ടാലോ , സ്കൂളിൽ പോകാതെ സ്റ്റാൻഡിൽ കണ്ടാലോ ആദ്യം ചോദ്യം ചെയ്യുന്നതും , ഇടയ്ക്ക് ബസ്‌ ചാർജ് ഇല്ലെങ്കിലും , അവധി ദിനങ്ങളിൽ സി. ട്ടി കൊടുക്കുമ്പോൾ വാങ്ങുന്നതും , രണ്ടു മൂന്നു ദിവസം കാണാതായാൽ പതിവ് യാത്രക്കാരെ എല്ലാവരോടും അന്വഷിക്കുന്നതും ഇവരാണ്
രാവിലെ ബസ്സിൽ കയറിയതും ക്ലീനെർ വേഗം സ്ഥലം കാണിച്ചു തരും , എത്ര പുതിയ ആൾക്കാർ വന്നാലും നമുക്ക് സീറ്റ് കിട്ടാതെ വരുന്നത് വല്ലപ്പോഴുമാണ്
പക്ഷെ അതെ സമയം വയസ്സായതോ , കൈകുഞ്ഞുമായോ ,ഗർഭിണിയായതോ ആയി ആരെങ്കിലും കയറിവന്നാൽ ആദ്യം നോക്കുക നമ്മുടെ മുഖത്തേക്കാണ് "പാവമല്ലേ ഒന്ന് എണീച്ചു കൊടുക്ക് എന്ന ഭാവം "
ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്നവരുടെയും വിശേഷങ്ങൾ അവർക്കറിയാം . വീട്ടിലെ കാര്യങ്ങൾ എന്തായി , ? ഇന്നലെയെന്ത കണ്ടില്ല ...? മക്കൾക്ക്‌ ആലോചന വരുന്നുണ്ടോ ? പണി എങ്ങനുണ്ട് ...? തുടങ്ങി എല്ലാം സംസാരിക്കും
രാവിലെയും വൈകീട്ടും പണിമാറി വരുന്നവരുടെ കൂടെ യാത്ര ചെയ്യാനാണ് എനിക്കേറെ ഇഷ്ട്ടം , ഒരു സീറ്റിൽ മൂന്നുപേര് വരെ അഡ്ജസ്റ്റ് ചെയ്തിരുന്നാലും ഒരു പ്രശ്നവുമില്ല
നാട്ടുകാര്യങ്ങളും ,ലോകകാര്യങ്ങളും ചിലപ്പോൾ വീടും എല്ലാം ചര്ച്ചയാവാറുണ്ട്... അധികമൊന്നും ഇടപെടില്ലെങ്കിലും കേട്ടിരിക്കാൻ നല്ല സുഖമാണ് നിഷ്കളങ്കമായ ആ സംവാദങ്ങൾ
"എന്താണ്ടി മകനെ ..... എന്റെ പൊന്നോ....മകളെ ...ചെക്കാ .. ..പെട്ടമ്മ...തങ്കോ..." എന്നിങ്ങനെ ഞങ്ങണ്ടെ പലക്കടാൻ ഭാഷയിൽ നീട്ടിയുള്ള സംസാരം കേൾക്കുമ്പോൾ തോന്നിപ്പോകും മനസ്സിൽ ഇതാണ് "സാർവ്വലോകസാഹോദര്യം " എന്ന്
കള്ളും കുടിച്ചു ഇത്തിരി അബോധത്തിൽ എന്നോണം ബസ്സിൽ കയറി ഇറങ്ങുന്നതുവരെ നമ്മളെ ചിരിപ്പിക്കുന്ന വർത്തമാനം പറയുന്ന പാവം ആൾക്കാർ .... ഇതുവരെയവരാരും മോശമായി പെരുമാറിയിട്ടില്ല . അല്ലെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും ഉണ്ടാവുമ്പോൾ പാടെ നിഷേധിക്കുന്ന ചിലരിൽ ഇതുപോലെ നിഷ്കളങ്കരായ ഒരുപാടുപേരും അറിയാതെ പെടുന്നുണ്ട്
പിന്നെ ബസ്സിലെ വല്യ ആകർഷണീയത സിനിമാഗാനങ്ങളാണ് . മിക്ക ദിവസവും ആവർത്തന വിരസതയുണ്ടാക്കാതെ പാട്ട് വെക്കുന്നതിന് പ്രതേക അഭിനന്ദനം പറയണം . എന്ത് രസാണ് അന്തിമയങ്ങിയ റോഡിലൂടെ പാട്ടും കുളിക്കാറ്റും ആയങ്ങനെ പോകാൻ . ഇതൊക്കെ ഇവരെങ്ങനെ എന്നും സംഘടിപ്പിക്കുന്നു
പോകുന്നവഴിയിൽ തേപ്പുകാരിയമ്മയുടെ വീടിനു മുന്നിൽ നിന്നും കവർ വാങ്ങാൻ നിർത്തും , രാമേട്ടന്റെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങാൻ നിർത്തും , പിന്നെ പൂവാങ്ങാൻ നിർത്തും ...എത്ര എത്ര സ്റൊപ്പുകൾ
ബസ്‌ സ്റ്റോപ്പ്‌ എന്നതൊക്കെ വെറും പേരിനു മാത്രമാണ് പലയിടത്തും , എവിടുന്ന് കൈ കാണിച്ചോ അവിടെ നിർത്തും, അതുപോലെ സ്റൊപ്പിലെ ഇറക്കൂ എന്നൊന്നുമില്ല . നമ്മുടെ സ്വന്തം പോലെ തന്നെ
നെറ്റിയിൽ നീട്ടി വരച്ച കുറികളും , കയ്യിൽ പലനിറത്തിൽ ചരടുകളും ഉണ്ടെങ്കിലും മുഴിഞ്ഞു തുടങ്ങിയ വസ്ത്രവുമായി വിറയ്ക്കുന്ന കൈകൾ നീട്ടുന്ന പൈസ വാങ്ങാറില്ല
"വൈകിയാലും വരാതിരിക്കില്ല " "വിശ്വാസം അതല്ലേ എല്ലാം " "വേഗത്തിലോടാൻ ഞാനില്ല കാത്തിരിക്കാൻ ആളുണ്ട് " "ചിരിക്കല്ലേ മുത്തെ സ്റൊപ്പിലെ നിർത്തൂ " തുടങ്ങിയ മഹത് വചനങ്ങൾക്കും ഒട്ടും കുറവില്ല
ഇപ്പോൾ എല്ലാം മാറുകയാണ് എന്നോർക്കുമ്പോൾ സങ്കടമുണ്ട് , കുറച്ചുകൂടെ കഴിഞ്ഞാൽ ഈ തല്ലിപ്പൊളി ബസ്സുകൾ ഇല്ലാതെയാവും ......!




No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...