Thursday 10 September 2015



അയാളോട് എനിക്കെന്തായിരുന്നു ആരാധനയോ..? പ്രണയമോ ...?


ഒരുപക്ഷെ ആരാധനയിൽ നിന്നാവും ആ പ്രണയത്തിന്റെ തുടക്കം ....


പറയാൻ കാത്തു നിന്ന പടികളിൽ പറയാതെ പിന്തിരിഞ്ഞ നിമിഷങ്ങൾ.... ,


ഒന്ന് കാണാനായി വരാൻ ഇടയില്ലാത്ത വഴികളിലും തിരഞ്ഞിരുന്ന മുഖം ........,


ഇന്നൊന്നു കാണാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥിച്ചു വന്നിരുന്ന ദിവസങ്ങൾ ആയിരുന്നു അന്നധികവും ....


പക്ഷെ ദൂരെനിന്നുള്ള ദർശനത്തിന് അപ്പുറത്ത് ഒന്നുമുണ്ടായിരുന്നില്ല ...


അരികിലൂടെ നടന്നു നീങ്ങുമ്പോൾ മുട്ട് വിറയ്ക്കുന്നതും ശരീരം വിയർത്തൊലിക്കുന്നതും മാത്രം ഞാൻ അറിഞ്ഞിരുന്നു ....


എന്നിട്ടും കടന്നു പോകുമ്പോൾ പിന്തിരിഞ്ഞു കണ്ണിമയനക്കാതെ നോക്കി നിന്നൊരു കാലം...


  എന്നിട്ടൊരു ദിനം എന്റെതല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ തോന്നിയ വേദന .....സഹിക്കാൻ ആവുന്നതിനും അപ്പുറം ആയിരുന്നു അത് ...


അത്രനാളും കണ്മുന്നിലും മനസ്സിലും വർണ്ണം നിറച്ച പ്രണയമങ്ങനെ എന്റെതല്ലെന്നു തോന്നിയപ്പോൾ കണ്ണുനീർ തോരാതെ എത്ര നാൾ ...


ഈ ലോകത്തോട്‌ മുഴുവൻ വെറുപ്പായി ...ജീവിതത്തോടു വിരക്തിയായി ഞാൻ തന്നെ ഇല്ലാതായി പോകുന്നുവെന്ന് തോന്നിയ നാളുകൾ......


ഒരുപക്ഷെ ഇതാവും വിരഹം അല്ലെ .....


മനസ്സിലൊരു കടലോളം സ്നേഹം ഒളിപ്പിച്ച് വെച്ച് പിന്തിരിയുമ്പോൾ .... ഇല്ല വാക്കുകൾ കൊണ്ടൊതുക്കി തീർക്കുവാൻ... മനസ്സിൽ ഒരായിരം ജന്മങ്ങളോളം സ്നേഹിച്ചാലും തീരാത്തത്ര മോഹങ്ങൾ കാത്തുവെച്ചിട്ട് അത് കിട്ടില്ലെന്നറിയുമ്പോൾ തോന്നുന്ന നഷ്ടബോധം ..


എന്നായിരുന്നു ഞങ്ങളാദ്യമായി കണ്ടു മുട്ടിയത്‌ എന്നായിരുന്നു ...?


നനുത്ത ജൂൺ മഴയുടെ ഇലകളിൽ ബാക്കി വെച്ച മഴത്തുള്ളികൾ ഇറ്റു വീഴുന്ന സുഖമുള്ള പ്രഭാതത്തിൽ ......,


അതെ ...,


അന്ന് തന്നെ ആദ്യമായി എന്റെ പ്രിയ കലാലയത്തിന്റെ മുറ്റത്തെത്തുമ്പോൾ...


ഉള്ളിൽ പുതിയ ലോകത്തെത്തിയ ഭയവും പിന്നെയൊരല്പം അത്ഭുതവും ....


മുന്നിൽ കാണുന്നതെല്ലാം കൌതുകത്തോടെ നോക്കി നടന്ന ആ പതിനേഴു വയസ്സുകാരിയുടെ ചിത്രം ഇന്നും തെളിയുന്നുണ്ട് മനസ്സിൽ....


നനഞ്ഞ മണ്ണിൽ ഉതിർന്നു വീണ വാകപ്പൂവും ശിവമല്ലിയും ഗുൽമോഹറും പൂമെത്ത  വിരിച്ച വീഥിയിലൂടെ  ... ഒരു വശത്ത്‌ പുഴയും മറു വശങ്ങൾ പച്ചവിരിച്ച നെല്പ്പാടങ്ങളാലും  ചുറ്റപ്പെട്ട കലാലയം ...


ചരിത്രം കുറിച്ചിട്ട ചുമരുകൾ മറ്റു നവാഗതർക്കെന്നപോലെ  എനിക്കും  സ്വഗതമേകിയിരിക്കാം...!


പഴമയുടെ ഗന്ധം തളം കെട്ടി നിന്നുവോ ദശാബ്ദങ്ങളായി വിദ്യാർഥിസമൂഹത്തിന്റെ  കാല്പാദങ്ങളുടെ ഭാരമേറ്റു തഴമ്പിച്ച പടവുകളിൽ .....?


അഡ്മിഷൻനു വേണ്ടി അക്ഷമയോടെ കാത്തിരുന്നപ്പോഴാണ്‌ ആദ്യമായി ഞാനയാളെ കണ്ടത്


പച്ച ഷർട്ടും വെള്ള മുണ്ടും കയ്യിൽ ചുരുട്ടിപ്പിടിച്ച പേപ്പറും .... കുറെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു........ വരുന്നവരെ കയറ്റിയിരുത്തുന്നു... എല്ലാരോടും സംസാരിക്കുന്നു


ഞാൻ അവിടെ ഒറ്റക്കിരിക്കേണ്ട വിരസത മാറ്റാൻ എന്നോണം നോക്കിയിരുന്നു ആളെ .... അതായിരുന്നില്ല തുടക്കം ...? എന്ത് ഗൌരവമാണ് മുഖത്ത്....ഹോ ....ഒന്ന് ചിരിക്കില്ലേ ഈ മനുഷ്യൻ ....


പിന്നെയും പിന്നെയും നോക്കുമ്പോഴെല്ലാം എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്തൊരനുഭൂതിയായിരുന്നു മനസ്സിൽ .... കണ്ണുകൾ തമ്മിലൊന്നിടഞ്ഞെങ്കിൽ എന്നെത്രെ ആശിച്ചിരുന്നു ഞാനപ്പോൾ ...


പ്രണയം വെറുത്തുനടന്ന പ്ലസ്‌ ടു കാലഘട്ടത്തിൽ നിന്ന് കോളേജിൽ എത്തുമ്പോഴേക്കും എന്തെ ഈ മാറ്റം പെട്ടെന്നൊരു മാറ്റം ... അതും പ്രഥമദർശനത്തിൽ തന്നെ ...?


പറഞ്ഞാൽ ആര് വിശ്വസിക്കും....?  അല്ലെങ്കിലും ആണുങ്ങൾക്കാണ് ആദ്യ പ്രണയം തോന്നുന്നത് എന്നല്ലേ ...ഇവിടിപ്പോൾ ഞാൻ .... അന്നുവരെ കേട്ട പ്രണയഗാനങ്ങളെല്ലാം അദ്ദേഹത്തിന് വേണ്ടിയാണെന്ന് തോന്നിപ്പോയി നിമിഷം ....

സ്വപ്നങ്ങളെ പാതി വഴിക്കു മുറിച്ചു  എന്റെ പേര് വിളിച്ചപ്പോൾ ഞാൻ പോയി ....  അഡ്മിഷൻ ഉറപ്പായതുകൊണ്ട് പേരിനൊരു ഇന്റർവ്യൂ ....അത്രെയേ ഉള്ളൂ .... ഊഴം കാത്തിരിക്കുമ്പോൾ    ഇടയ്ക്ക് തിരിഞ്ഞു നോക്കുമ്പോഴും അയാൾ തിരക്കിലായിരുന്നു ...


അഡ്മിഷൻ കഴിഞ്ഞു തിരികെ വരുമ്പോഴും അയാൾ തിരക്കിലായിരുന്നു ...ഒന്ന് നോക്കാൻ വേണ്ടി കുറെ ആഗ്രഹിച്ചെങ്കിലും തലയുയർത്തി നോക്കിയില്ല .... പടവുകൾ ഇറങ്ങി അപരിചമുഖങ്ങൾക്കിടയിലൂടെ വരുമ്പോൾ കാട്ടു ചെണ്ടുമല്ലികൾ ചിരിച്ചു നിൽക്കുന്ന വഴിയരികിലൂടെ തിരികെ നടന്നു ...


ഇനിയെന്നും കാണാമല്ലോ എന്ന പ്രതീക്ഷയിൽ വീട്ടിലേക്ക്.. പിന്നീട് ആദ്യഅദ്ധ്യയന ദിനത്തിനായുള്ള കാത്തിരിപ്പ് ...അതിൽ കുറച്ച് അദ്ദേഹത്തിനു വേണ്ടിയായിരുന്നു എന്നും  പറയാം

രണ്ടു മൂന്നു ദിവസം കഴിഞ്ഞു വീണ്ടും കോളേജിൽ ,,, അപരിചിതമോ പരിചിതമൊ ... എന്താണ് എന്ന് ചോദിച്ചാൽ എനിക്കറിയില്ല ....ഒരു ദിവസം കൊണ്ട് പരിചിതമാവില്ല , പക്ഷെ ഇനിമുതൽ ഇതെൻറേം കൂടെയാണ് എന്നറിയുമ്പോൾ പരിചിതവുമാണ്


പക്ഷെ എനിക്കറിയാമായിരുന്നു ആ കലാലയത്തിന്റെയോരോ ചുവരുകളെയും ...അവയ്ക്കെല്ലാം അദ്ദേഹത്തിന്റെ ഗന്ധമായിരുന്നു ....!


ഇനി മൂന്നുവർഷം അവിടെയാണ് ,,,പേടിയോടെ കയറി ചെന്നെങ്കിലും അടുത്തിരുന്ന കുട്ടിയോട് സംസാരിച്ചപ്പോൾ തോന്നി ഇനി ഇവളാണ് കൂട്ടെന്നു....


ടീച്ചർ വന്നു ക്ലാസ്സിൽ .........കസേരയിൽ ഇരിക്കും മുന്നേ ഒരുകൂട്ടം കുട്ടികളും........അടുത്തിരുന്ന കുട്ടി പതുക്കെ പറഞ്ഞു സീനിയർ കുട്ടികൾ റാഗ്ഗിംഗ് നു വന്നതാണ് എന്ന്.....പേടിയോടെ അവരെ നോക്കി.... സിനിമകളിലും പത്രങ്ങളിലും കണ്ടും കേട്ടും ഹൃദിസ്ഥമാക്കിയ രീതികൾ മനസ്സിലോടി വന്നു ...ഒപ്പമൊരു പേടിയും ..!


പെട്ടെന്ന് അവരുടെ ഇടയിൽ നിന്ന് അയാൾ മുന്നോട്ടു വന്നു ......എന്റെ ഹൃദയമിടിപ്പിന് വേഗം കൂടിയോ അപ്പോൾ ?...അറിയില്ല ... പക്ഷെ ......കൈ വിയർത്തു നന്നായി


അയാൾ പറയുകയാണ്‌ ........"നിങ്ങൾക്ക് ഇവിടെ എന്ത് പ്രശ്നം ഉണ്ടെങ്കിലും ഞങ്ങൾ ഉണ്ട് ആരെയും പേടിക്കണ്ട... നിങ്ങളെ ആരെങ്കിലും വേദനിപ്പിച്ചാൽ പറഞ്ഞോളൂ ...എന്നുവെച്ചു പരിചയപ്പെടൽ മുടക്കണമെന്നില്ല...... പി റ്റി എ ഫണ്ട് അഞ്ഞൂറ് രൂപയ്ക്കു മുകളിൽ ആരും കൊടുക്കരുത് ...  " അത് പറയുമ്പോൾ ടീച്ചറെ ഒളികണ്ണിട്ടു നോക്കുന്നത് ഞാൻ കണ്ടു .



കൂടാതെ അവരുടെ പാർട്ടിയുടെ മെംബെർഷിപ് എടുപ്പിച്ചു എല്ലാവരെയും .... എന്റെ മുഖത്തേക്ക് അയാൾ ഒരിക്കൽ പോലും നോക്കിയില്ല എന്ന് തോന്നുന്നുന്നു...


പിന്നീട് എന്നും ഞാനയാളെ കണ്ടു തുടങ്ങി ....കോളേജിലെ ചെറിയൊരു വല്യ  നേതാവാണ്‌...എന്നും തിരക്കാണ്.........ആരോടെങ്കിലും സംസാരിചോണ്ടിരിക്കും എപ്പോഴും


ഒറ്റയ്ക്ക് കാണാറില്ല ........കാന്റീൻ ന്റെ മുന്നിലെ സിമെന്റ് തറയിൽ എന്നും രാവിലെ ഉണ്ടാകും.......മെയിൻ ബിൽഡിംഗ്ൻറെ മുകളിൽ അദ്ദേഹത്തെ നോക്കാൻ വേണ്ടി എന്നും പോകുമായിരുന്നു  ....അയാളെ അടുത്തുന്നു കാണാൻ എനിക്ക് പേടിയായിരുന്നു ...


പക്ഷെ എന്നും കോളേജിലെ ഓരോ വഴികളിലും അദ്ദേഹത്തെ തിരഞ്ഞു ....കാണുമ്പോൾ പിന്നെ സന്തോഷമാണോ പേടിയാണോ .....?എനിക്കറിയില്ല .......!


കോളേജിലെ എന്ത് കാര്യത്തിനും അദ്ദേഹം ഉണ്ടായിരുന്നു മുന്നിൽ  നിന്ന് നടത്താൻ ......വൈകിയാണ് അറിഞ്ഞത് ആള് എന്റെ ഡിപർട്ട്മെന്റ് ആണെന്ന് .......അന്ന് ഒരിക്കൽ അവിചാരിതമായി എനിക്ക് അയാളോട് സംസാരിക്കേണ്ടി വന്നു ...


അതുവരെ ഇല്ലാത്ത എന്തോ സന്തോഷമായിരുന്നു അന്ന് .... സർ നോട് അയാൾ സംസാരിക്കുമ്പോൾ ഞാൻ ബുക്ക്‌ കൊടുക്കാൻ പോയതായിരുന്നു .......സർ എന്നെ പരിചയപ്പെടുത്തി കൊടുത്തു....."നിന്നെപ്പോലെത്തന്നെ പുസ്തകങ്ങളെ വല്യ കാര്യമാണ് .."


പിന്നെ കാണുമ്പോൾ അയാൾ തിരക്കിനിടയിലും പുഞ്ചിരിക്കും ....ഒരുപക്ഷെ അദ്ധ്യപകനോടുള്ള ആദരവ് ആകണം.......


എന്നും കാണാനായി ഞാൻ കാത്തിരിക്കുമായിരുന്നു ..... ആയിടയ്ക്കാണ് കോളേജിൽ തിരഞ്ഞെടുപ്പ് വന്നത് ...


പിന്നെ കൺ‌തുറന്നു നോക്കുമ്പോഴെല്ലാം മുന്നിലൂടെ തിരക്കിട്ട് നടക്കുന്ന അദ്ദേഹമുണ്ടായിരുന്നു


തിരക്ക് പിടിച്ച തിരഞ്ഞെടുപ്പ് പ്രവർത്തനം ഉച്ചയ്ക്ക് ഊണ് കഴിക്കുന്നത്‌ കണ്ടിട്ടില്ല.....ഉറക്കം കുറവെന്നു മുഖം കണ്ടാലറിയാം .....


എന്താണ് ഇയാൾക്ക് ഇത്ര  വലിയ ഉത്തരവാദിത്വം എന്ന് ചോദിച്ചാൽ അറിയില്ല ..... ആളോട് ചോദിക്കാം എന്ന് വെച്ചാൽ ചിരിക്കാൻ പോലും സമയമില്ലാത്ത ആളാണ് ....


അന്നൊരു മീറ്റിംഗ് ആയിരുന്നു മത്സരിക്കുന്നവരെ പരിചയപ്പെടുത്തൽ .....അപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌ അദ്ദേഹം ഇത്രേ കഷ്ട്ടപെടുന്നു എങ്കിലും മത്സരിക്കുന്നില്ല ....!


മനസ്സില് ഇടം നേടിയ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ സന്തോഷിക്കുന്നു അത്ര മാത്രം ....ശരിക്കും പറഞ്ഞാൽ ബഹുമാനം തോന്നിപ്പോയി ....


സ്റ്റേജിനു  മുകളിൽ കയറി നിന്ന കൂട്ടുകാർക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന തിരക്കായിരുന്നു അദ്ദേഹത്തിനു ....എനിക്ക് അയാളെ നോക്കി നിക്കലും .... ആയിരക്കണക്കിന് പിള്ളാരുടെ ഇടയിൽ അദ്ദേഹമെന്നെ തിരിച്ചറിഞ്ഞു കാണില്ല .


 ഈ ആവേശം അധികനേരം നീണ്ടു നിന്നില്ല അതിനു മുന്നേ എതിർ കക്ഷികളുമായി അടിപിടി തുടങ്ങി......... അതവിടെ പതിവാണെങ്കിലും എനിക്ക് പുതുമയായിരുന്നു .


കുട്ടികൾ ചിതറിയോടി........ആർക്കൊക്കെയോ ചെറിയ പരിക്കുകളും ... പക്ഷെ അതൊടെ ഒന്നും പ്രശ്നം ഒതുങ്ങിയില്ല,തുടർന്നങ്ങോട്ട്   പോലീസുകാർ അവിടെ സ്ഥിരം സന്ദർശകരായി.....


രണ്ടു ദിവസം കഴിഞ്ഞൊരു വൈകുന്നേരം വീണ്ടും അടിപിടി ഉണ്ടായി.......ബാനറുകൾ നശിപ്പിക്കപ്പെട്ടു ......പിന്നെ ബെഞ്ചും ടെസ്ക്കും..........പോരാത്തതിന് ആശുപത്രിയിൽ കയ്യും കാലും ഒടിഞ്ഞു ചിലരും .....പോലീസ് കൊണ്ട് പോയി ചിലരെ ...


അതിന്റെ കൂടെ അദ്ദേഹവും ഉണ്ടായിരുന്നു...


കോളേജിൽ മുഴുവൻ പ്രതിഷേധം എങ്ങു തിരിഞ്ഞാലും.....


അദ്ധ്യയനം  നിർത്തി വെച്ചു.....

ലാബുകൾ അടച്ചിട്ടു ...

ക്ലാസ് മുറികളും ...

പ്രിൻസിപ്പൽ പറഞ്ഞാൽ ജയിലിൽ ഉള്ളവരെ വിട്ടയക്കാം എന്ന് പോലീസ് ...!

തിരഞ്ഞെടുപ്പ് കഴിയാതെ തീരുമാനം എടുക്കില്ലെന്ന് പ്രിൻസിപ്പൽ...!

അവസാനം മുകളിൽ നിന്നുള്ള സമ്മർദ്ദം   കൊണ്ടാവാം എല്ലാവരെയും വിട്ടയച്ചു .... പിന്നെ എങ്ങും പ്രതിഷേധവും പ്രചരണവും ഒക്കെ ചേർന്ന് വല്ലാത്ത അന്തരീക്ഷം തന്നെ ആയിരുന്നു....


ഒപ്പം പുറത്തു നിന്ന് ആളുകൾ  വന്നു പ്രശനം ഉണ്ടാക്കുന്നതും പതിവായി., കലാലയത്തിനകത്ത് വിദ്യാർഥികൾ അല്ലാത്തവർക്ക് വിലക്ക് ഏർപ്പെടുത്താനും കഴിയാത്ത സാഹചര്യമാണ് ...


ഡിസ്റ്റൻസ് വഴി പഠിക്കുന്ന കുട്ടികളും, പ്രൈവറ്റ് ആയി പഠിക്കുന്ന കുട്ടികളും പിന്നെ മറ്റു കാര്യങ്ങൾക്കും ഒക്കെയായി എന്നും പുറത്തുള്ളവർക്ക് ആശ്രയിക്കണമായിരുന്നു കോളേജ് നെ.


പക്ഷെ ഈ സൌകര്യം മുതലെടുത്ത്‌ ചിലർ  രാഷ്ട്രീയ കലഹത്തിനുള്ള പടയൊരുക്കം നടത്തിയിരുന്നു എന്നറിയുന്നത് ഏറെ വൈകിയാണ്.


പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം എന്റെ ക്ലാസ്സിലെ പതിവ് സന്ദർശകൻ ആയിരുന്നെങ്കിലും ആ ചിരിയിൽ കൂടുതൽ ഒന്നുമില്ലായിരുന്നു....


പിന്നീട് തിരക്കായിരിക്കും ആൾക്ക് എപ്പോഴും .....


എന്നെ കാണുമ്പോഴും ചിലപ്പോഴെ ചിരിക്കൂ.......ആരോടെങ്കിലും സംസാരിച്ചു പോകും......

എന്നാലും എനിക്ക് സങ്കടമില്ലാ ട്ടോ , ഈ പെണ്ണുങ്ങളോട് കത്തിവെക്കുന്നതു കാണുമ്പോൾ മാത്രം ....ഇത്തിരി കുശുമ്പാണ് ...

ആ കോലാഹലങ്ങൾക്ക് അവസാനം ,തിരഞ്ഞെടുപ്പ് ദിവസം.......ഒരു വിധം എല്ലാവരും എത്തിയിരുന്നു ...


മിക്കവാറും പേരും പേടിച്ചാണ് എത്തിയത് ...എപ്പോഴാണ് പൊട്ടിത്തെറി എന്നറിയില്ലാലോ ....വരാതിരിക്കാനുമാവില്ല .


എന്റെ കൂട്ടുകാരിയും ഞാനും അവളുടെ കൂട്ടുകാരനും കൂടി കാന്റീനിൽ കുറെ നേരം ഇരുന്നു........ അവരുടെ ഇടയിൽ കട്ടുറുമ്പ് എന്ന് വിചാരിച്ചു പതുക്കെ എണീച്ചു നടക്കാൻ തുടങ്ങി ലൈബ്രറിയിലേക്ക് .....


പെട്ടെന്ന് ആരോ വിളിച്ചപോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ അദ്ദേഹം ....


"വോട്ട് ചെയ്തോ ?"


"ഇല്ല"


"എന്തെ സമയം കഴിയാനായി"


"ഫ്രണ്ട് വന്നിട്ട് ചെയ്യാം ..."


"നീ ഇങ്ങു വാ ,,, ഫ്രണ്ട് ഒക്കെ പിന്നെ ചെയ്തോളും ...."


പോകണോ വേണ്ടയോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പുറകെ നടന്നു ......... ചരിത്രം രേഖപ്പെടുത്തിയ നരച്ച ചുമരുകൾക്കിടയിലൂടെ ........എങ്കിലും ആ നടവഴിക്ക് ഏറെ നിറം തോന്നിയിരുന്നു ...മനസ്സിലെ നിർവൃതിയാൽ ...


എന്തെങ്കിലും പറയണം എന്ന് തോന്നിയിരുന്നു പക്ഷെ പറഞ്ഞില്ല .....പക്ഷെ അദ്ദേഹം തിരക്കായിരുന്നു ...........ഫോണിലും.......പിന്നെ വഴിയെ പോകുന്നവരോട് വിശേഷം ചോദിച്ചും ....ഞാൻ കൂടെ നടന്നെന്നു മാത്രം ...എങ്കിലും അതുമാത്രം മതിയായിരുന്നെനിക്ക്


വോട്ട് ചെയ്യേണ്ട സ്ഥലമെത്തി കയ്യിൽ ഐ ഡി കാർഡ്‌ അല്ലാതെ ഒന്നും കൊണ്ട് പോകാൻ പാടില്.... എന്റെ കയ്യിലെ ബാഗും,ടവ്വലും അദ്ദേഹം വാങ്ങി..... താഴെ വെക്കാൻ സ്ഥലം ഉണ്ടെങ്കിലും തുലാമഴ പെയ്തുണ്ടായ  ചെളിയായിരുന്നു ....

ഞാൻ പോകുമ്പോൾ ഒർമിപ്പിക്കാനും മറന്നില്..,


"നമ്മടെ ആരൊക്കെയാണ് എന്ന് അറിയാലോ ലെ ...?"


"ഉം ..."


"എന്നാൽ പൊയ്ക്കോ ...."


"തിരികെ വരുന്നവരെ അദ്ദേഹം അവിടെത്തന്നെ നിന്നു.......ഞാൻ ബാഗ്‌ വാങ്ങി ....... നടക്കാൻ തുടങ്ങുമ്പോൾ പറഞ്ഞു......" നിൽക്ക് ഞാനും ഉണ്ട് ""

(ആദ്യമായി എന്നോട് സംസാരിക്കുന്നു ... എന്തുപറയണം എന്നറിഞ്ഞില്ല .........പക്ഷെ പതിവുപോലെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു... ഞങ്ങൾ നടന്നു ...... അന്നും പിന്നീട് ഇപ്പോഴും ഓർത്തുവെക്കാൻ എനിക്ക് കിട്ടിയ അദ്ദേഹത്തോടൊപ്പമുള്ള നേരം അത് മാത്രമാണ് ")


"എന്താ പേര്"


"വിദ്യ"


"ഫസ്റ്റ് ഇയർ ഫിലോസഫി അല്ലെ ....? ഞാൻ ഫൈനൽ ഇയർ ... നിന്നെ ഞാൻ കണ്ടിട്ടുണ്ട് ........പരിചയപെടണം എന്ന് വിചാരിക്കാറുണ്ട് ...പക്ഷെ",


"തിരക്കല്ലെ .."?


"ചെറുതായിട്ട് ..."


"നല്ല ചെറുതാണ്........ഞാൻ കാണാറുണ്ടല്ലോ......ഒരു നിമിഷം മിണ്ടാതിരിക്കില്ലേ ..."?


"അങ്ങനൊന്നുമില്ല ...ഓരോ തിരക്കെ ,,,,"


"ഈ വർഷത്തോടെ കഴിഞ്ഞു അല്ലെ .."?


"അയ്യേ നമ്മൾ അങ്ങനെ പെട്ടെന്നൊന്നും പോകില്ല സപ്പ്ളി കുറെ ഉണ്ട് ..."


"എങ്ങനെ ഇല്ലാതിരിക്കും .." പെട്ടെന്ന് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു,നൂല്


പൊട്ടിച്ചു ആകാശം മുഴുവൻ സ്വതന്ത്രമായി പറക്കുന്ന പട്ടത്തിന്റെ മനസ്സായിരുന്നു എനിക്കപ്പോൾ ....ആദ്യമായി സഖാവിനോടൊത്തു നടക്കുന്ന ...സംസാരിക്കുന്ന സന്തോഷം ..


( പക്ഷെ ഒരുപാട് കാലം പരിചയമുള്ള ആളെ പോലെ ആണ് അദ്ദേഹം സംസാരിച്ചത് )


"ഹും ...... എന്ത് പറയാനാണ് പാർട്ടി യിൽ ഒക്കെ പോയാൽ ഇങ്ങനെയാണ് ... നമ്മുടെ കാര്യത്തിന് നേരം കിട്ടില്ല .."


(സത്യം പറഞ്ഞാൽ ഇതിന്റെ പകുതി ആത്മാർഥത നമ്മുടെ നേതാക്കൾ കാണിച്ചിരുന്നെങ്കിൽ എന്നോ നാട് നന്നായേനെ )..അദ്ദേഹം തുടർന്നു.


"വീട്ടില് ആരൊക്കെ ഉണ്ട്"?


"അമ്മ ,അച്ഛൻ ,രണ്ടു അനിയന്മാർ"
"അവിടയോ"?


"ഞാൻ...അമ്മ...അച്ഛൻ ..അനിയത്തി "


"അച്ഛൻ എന്ത് ചെയ്യുന്നു"?


"ഇപ്പോൾ ഒന്നും ചെയ്യുന്നില്ല ...ആള്ക്ക് വയ്യ ,,,കുറെ ആയി"


"അമ്മയോ'?


"അമ്മ ഹൌസ് വൈഫ്‌',അനിയത്തി പ്ലസ് വൺ



പെട്ടെന്ന് ഒന്നും ചിന്തിക്കാതെ ആണ് ഞാൻ അത് പറഞ്ഞത് ,പിന്നെ തോന്നി വേണ്ടായിരുന്നു എന്ന്


"അപ്പോൾ പൈസയോക്കെയോ"?



അദ്ദേഹം ഒരു നിമിഷം മൌനമായി ,അൽപനേരം എന്നെ നോക്കിയിട്ട് പറഞ്ഞു

"എന്നോട് ഇതുവരെ ആരും ചോദിച്ചിട്ടില്ല ഇത് ... വൈകുന്നേരം ഞാൻ ഒരു കമ്പനിയിൽ ജോലിക്ക് പോകുന്നുണ്ട് ...രാവിലെ പഠിത്തം...."


"ഉറക്കം ഇല്ലെന്നു പറയാം അല്ലെ ...?"


"അങ്ങനൊന്നുമില്ല .... വീട്ടിലെ ചെലവു നോക്കണ്ടേ കുട്ടി... പിന്നെ നമ്മുടെ ഭാവിയും"


"ഭാവിയെ ഓർക്കുന്നെങ്കിൽ  എന്താ ഇത്ര  സപ്പ്ളി ഒക്കെ ..."? എനിക്കേറെ പ്രിയപ്പെട്ട ഒരാൾ മനസ്സ് തുറന്നു സംസാരിക്കുന്നതു കണ്ടപ്പോൾ എന്തോ സന്തോഷം തോന്നി ,ഒപ്പം ആ മനസ്സിനോട് ആരാധനയും ...


ഒന്നും മിണ്ടിയില്ല ..... സഖാവ് മിണ്ടാതിരിക്കും എന്ന് അപ്പോഴാണ്‌ അറിഞ്ഞത് ഞാൻ ...,എല്ലാത്തിനും ഉത്തരം ഉണ്ടാകും ആളുടെ അടുത്ത്...ഇതിനുമാത്രം  ...... ഞാൻ തെറ്റായി എന്തെങ്കിലും പറഞ്ഞോ തോന്നി ആദ്യം ....


"അതൊക്കെ സംഭവിച്ചു നമുക്ക് പാർട്ടി അല്ലെ വലുത് ...നമ്മൾ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ എന്തോ ഒരു സന്തോഷം ...."


"അപ്പോൾ നാളെ നല്ല നിലയിൽ എത്തുമല്ലേ ... നേതാവാകും അല്ലെ ...."?


"അതെനിക്കറിയില്ല ....പക്ഷെ പാർട്ടിക്ക് വേണ്ടി മരണം വരെയും പ്രവർത്തിക്കും...ഇവിടത്തെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്റെ കടമയാണ് "


"എന്നിട്ടെന്തു നേടി നിങ്ങൾ ?  ഇവിടെ കുറെപെരുടെ പഠിത്തം മുടങ്ങിയതോ ...അതോ നാശനഷ്ട്ടങ്ങളോ ?... അതുമല്ലെങ്കിൽ നിങ്ങളൊക്കെ ജയിലിൽ കിടന്നതോ"

(അദ്ദേഹത്തോട് പേടിയോടെ ആണെങ്കിലും ചോദിച്ചു ഞാൻ ...പ്രായത്തിന്റെ പക്വതയില്ലായ്മ ആയിരിക്കും )


അദ്ദേഹത്തിനു അപ്പോഴും ഉത്തരം ഉണ്ടായിരുന്നില്ല ...


പക്ഷെ എനിക്കറിയാമായിരുന്നു എന്റെ ചോദ്യങ്ങളുടെ ഉത്തരം .... "അത് കൊണ്ടാവും അദ്ദേഹത്തിനോട് ബഹുമാനം കൂടിയതും . കുറച്ച് നേരത്തിനു ശേഷം അദ്ദേഹം പറഞ്ഞു


"നിന്നെ കുറച്ചു മുൻപേ പരിചയപ്പെടണമായിരുന്നു . "


"അതെന്താ "?


"അല്ല എന്നെ ആദ്യമായ ഒരാൾ ഇങ്ങനെ ചോദ്യം ചെയ്യണേ "


അപ്പോഴേക്കും ആരോ അദ്ദേഹത്തെ വിളിച്ചു ....വീണ്ടും കാണാം എന്ന് പറഞ്ഞു അദ്ദേഹം പോകുമ്പോൾ ഓർമിപ്പിച്ചു


"ഇവിടെ ഇരിക്കാൻ നല്ല സുഖമാണ് പ്രതേകിച്ചു ... ഈ ശിവമല്ലി പൂക്കൾ.........."


എനിക്കും ഇഷ്ട്ടമാണ് എന്നും അദ്ദേഹത്തെ കാണുമ്പോൾ കാന്റീൻ നു മുന്നിൽ ഈ ശിവമല്ലി പൂക്കളും വീണു കിടക്കുമായിരുന്നല്ലോ ....

ഇനിയും അതുപോലെയുള്ള പരിചയം പുതുക്കൽ പ്രതീക്ഷിച്ച എനിക്ക് തെറ്റി അന്ന് വൈകുന്നേരം എല്ലാം മാറി മറിഞ്ഞു ...


തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള വാക്കേറ്റത്തിൽ ആർക്കൊക്കെയോ പരിക്കേറ്റു ആശുപത്രിയിലായി ....


പുറത്തു നിന്നു വന്ന രാഷ്ട്രീയ ക്കാരാണ് കാരണം എന്ന് പറഞ്ഞെങ്കിലും ....


അദ്ദേഹം ഉൾപ്പെടെ എതിർ പാർട്ടിയിലെ ചിലരും കൂടി ജയിലിലായി ....


ആർക്കൊക്കെയോ കുത്തേറ്റു ....


പിന്നീട് കലാലയം എനിക്ക് വിചനമായ ഒരിടം പോലെ തോന്നിച്ചു ....


കുറെ ദിവസം പോലീസുകാർ ഉണ്ടായിരുന്നെങ്കിലും പിന്നെ അവരും പോയി ....


വലിയൊരു കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തത എന്ന് വേണേൽ പറയാം ....


അദ്ദേഹത്തിന്റെ അഭാവത്തിലും പ്രശ്നങ്ങൾ ഉണ്ടാവുമായിരുന്നു ...


എല്ലാ പ്രവർത്തനങ്ങളും നടന്നിരുന്നു ....


ക്ലാസ്സുകൾ അവസാനിക്കാറായിരുന്നു.... ഇനി വിരഹത്തിന്റെ മാർച്ച് ... അദ്ദേഹം മാത്രം വന്നില്ല ... കോളേജ് ഡേ കഴിഞ്ഞു ....പരീക്ഷകൾ തുടങ്ങാറായി ....


എനിക്ക് മാത്രം എന്തോ വിഷമം പോലെ... ഇതാണ് ലോകം ,,,... "എന്തൊക്കെ നല്ലത് ചെയ്താലും പെട്ടെന്ന് എല്ലാവരും മറക്കും അത്" .... ഓർത്ത്‌ വേദനിക്കുന്നത് പ്രിയപ്പെട്ട ചിലർ മാത്രവും ....


ഒരു ദിവസം മുഖപുസ്തകം നോക്കി , പരിചയ മുഖങ്ങളെ തിരയുമ്പോൾ  അറിയാതെ കണ്ണിൽപ്പെട്ടു  അദ്ദേഹത്തിന്റെ പേജ്....



അവിടെ കോളേജ് മുറ്റത്തെ ശിവമല്ലിപൂക്കൾ ആയിരുന്നു കൂടുതലും ......പിന്നെ വിപ്ലവത്തിൽ പൊതിഞ്ഞ ആ പേജിൽ ഇടയിൽ നിന്ന് ഞാൻ കണ്ടെത്തി എന്റെ കളഞ്ഞുപോയ തൂവാലയുടെ ചിത്രവും ........


" ഞാനിഷ്ട്ടപ്പെട്ട കൂട്ട്........


"പറയാനാവാതെ മനസ്സിൽ സൂക്ഷിച്ച പ്രിയപ്പെട്ട പ്രണയമേ ...
ഒരിക്കലും കാത്തിരിക്കാൻ പറയാൻ എനിക്കാവില്ല കാരണം
വിപ്ലവകാരിക്ക് വലുത് സ്വന്തം ജീവിതമല്ല ...."

എങ്കിലും മോഹിച്ചു പോകാറുണ്ട് സഖി
അകലെനിന്നുമെന്നെ തേടുന്ന മിഴികളിലെന്നും
ഞാൻ നിറയുവാൻ ....

നിന്റെയാ കുഞ്ഞുമുഖമെന്നു കണ്ടിരിക്കാൻ
നിന്റെ പുഞ്ചിരി എനിക്കായ് മാത്രം മാറ്റി വെക്കുവാൻ
നിന്റെ കൈപിടിച്ചീ ശിവമല്ലിയുടെ തണലിലിരിക്കാൻ
തീരാ തിരക്കുകൾക്കിടയിലും നിന്റെയാ കൊച്ചു
പരിഭവം തീർക്കുവാൻ ....

അറിയാതെ പോകുമോ നീയെന്നെ .........
ഹൃദയത്തിലുറച്ചുപോയ ചുവപ്പിനൊപ്പം
ചേർത്തു വെക്കെട്ടെ നിന്നെ ഞാൻ ....
നീയെറിയാതെ വിട വാങ്ങട്ടെ നിന്നോട് ..."



അപ്പോൾ അയാളും ....????????

ഇതൊന്നു അറിയാൻ അല്ലെ ഞാൻ ഇത്രേ നാളും കാത്തിരുന്നത് ......എന്നിട്ടിപ്പോൾ ഈ വിധി ആണോ ഞങ്ങൾക്ക്.... സന്തോഷിക്കണോ വിഷമിക്കണോ എന്നറിയാത്ത അവസ്ഥ , ഒപ്പം എനിക്കുവേണ്ടിയൊരാൾ ...ഞാൻ ഇഷ്ടപ്പെട്ട ഒരാൾ ഉണ്ടെന്നുള്ള സന്തോഷവും ..


ചിലപ്പോൾ ഗുൽമോഹറും, വാകയും ,ശിവമല്ലിയും,ഇലന്തിയും  ഉതിർന്നു വീഴുന്ന കലാലയത്തിൽ അതിനൊപ്പം അറിയാതെയും പറയാതെയും ഉതിർന്നു പോകുന്ന സ്നേഹം ഒരുപാടാണല്ല....


പക്ഷെ എനിക്കിപ്പോൾ ബഹുമാനം ആണ് .....ഞങ്ങളുടെ പ്രണയത്തോട്...  ചോരചിന്തി പാതിവഴിയിൽ വീണാലും ഈ വിപ്ലവകാരിയെ ഹൃദയത്തിൽ ചുമന്ന അഭിമാനം ....


പരീക്ഷകൾ തുടങ്ങും...വൈകിയാണ് അറിഞ്ഞത് അദ്ദേഹത്തിന്  പരീക്ഷ എഴുതാനുള്ള അനുമതി ഇല്ലെന്നു .... അതിന്റെ പേരില് കുറെ പ്രശ്നങ്ങൾ ഉണ്ടായെന്നും ...


പ്രിൻസിപ്പൽ ന്റെ റിക്വസ്റ്റ് വാങ്ങാൻ അദ്ദേഹത്തിനു വേണ്ടി കാത്തു നിന്നവരും ഒരുപാടായിരുന്നു .... ശരിക്കും പറഞ്ഞാൽ " ഇവിടെ വന്നു പഠിച്ചു പോയ ഒരാൾക്കും കിട്ടാത്ത ഭാഗ്യം ആണ് അദ്ദേഹത്തിനു എന്ന് അപ്പോൾ തോന്നി .... അവരുടെയെല്ലാം മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനം ...

അദ്ദേഹത്തിന്റെ നിഷ്കാമ സേവനത്തിനുള്ള അംഗീകാരം .....


പിറ്റേ ദിവസം പടികൾ കയറിപ്പോകുമ്പോൾ ഞാൻ കണ്ടത് പ്രിൻസിപ്പൽന്റെ മുറി തേടുന്ന വയസ്സായ രണ്ടുപേരെയാണ്  ....

എന്നെക്കണ്ടപ്പോൾ ചോദിച്ചു ...,ഞാൻ പറഞ്ഞു കൊടുത്തു .... പക്ഷെ മുറി തുറക്കാത്തതുകൊണ്ടും അവർക്ക് അവിടെ പരിജയമില്ലെന്നു തോന്നിയതുകൊണ്ടും ഞാൻ അവിടെ നില്ക്കാൻ തീരുമാനിച്ചു. സഖാവാണ് എങ്കിൽ ഇങ്ങനെ തന്നെ ചെയ്യുമായിരുന്നു .


സംസാരിച്ചപ്പോൾ ആണ് മനസ്സിലായത് ...ആറ്റു നോറ്റു ഉണ്ടായ മകന്റെ ഭാവിക്ക് വേണ്ടി യാചിക്കാൻ വന്നവരാണ് ..........രാഷ്ട്രീയം തലയിൽ കയറി ജയിലിൽ കിടക്കുന്ന ആ മകൻ ആരെന്നു മനസ്സിലായപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല,


അവർക്ക് ഒരുപാട് പ്രതീക്ഷ ആയിരുന്നു അദ്ദേഹത്തിന്റെ മേലെ .......പഠിക്കാനും മിടുക്കൻ മറ്റു കാര്യത്തിലും ........പക്ഷെ പിന്നീടെപ്പോഴോ അവന്റെ ചിന്ത വിപ്ലവത്തിലെക്കും രാഷ്ട്രീയത്തിലേക്കും മാത്രമായി... സഹജീവികളോടുള്ള സ്നേഹവും ആത്മാർത്ഥയും അവന്റെ ജീവനും ജീവിതവും കൊടുത്തും നിറവേറ്റാൻ അവന് മടിയില്ലായിരുന്നു


അവൻ സ്നേഹിച്ചു അക്ഷരങ്ങളെയും ....അതോടൊപ്പം  സഹജീവികളെയും .... മരിക്കുന്നു എങ്കിൽ ധീരനായി മരിക്കണം ....ഭീരുവായി ജീവിക്കുന്നതിൽ അർത്ഥമില്ലത്രേ... അവൻ സഖാവാണ് , സഹജീവികൾക്കുവേണ്ടി ബലിയാടാകേണ്ടവൻ ... അവസാനമൊരു രക്തസാക്ഷി മണ്ഡപത്തിൽ അവസാനിക്കേണ്ടവൻ ...


അവൻ സംസാരിക്കുന്നത് പോലും കുറഞ്ഞു ............വീട്ടിൽ വരാതെയായി .... നേരെ ഭക്ഷണം കഴിക്കില്ല ....ഓരോ ദിവസവും പോലീസുകാർ ചോദിച്ചു വരുമ്പോൾ ഞങ്ങൾ .... എങ്കിലും ഞങ്ങൾക്ക് വേണ്ട മരുന്നും ,മറ്റു ചെലവുകളും അവൻ കൃത്യമായി എത്തിച്ചു തന്നിരുന്നു


അവനെ ഞങ്ങൾ കുറ്റം പറയില്ല ഒരിക്കലും അവന്റെ പ്രായത്തിലുള്ളവർ കളിച്ചു നടക്കുന്ന സമയത്തും എന്റെ കുട്ടി പണിക്കു പോയി ഞങ്ങളെ നോക്കുമായിരുന്നു ...


അവനെ വലിയ നിലയിൽ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അവനു നല്കാൻ ഞങ്ങളുടെ പക്കൽ  ഒന്നും ഉണ്ടായിരുന്നില്ല ....എന്നിട്ടും അവനൊരിക്കലും പരാതി പറഞ്ഞിട്ടില്ല ആരോടും ....പക്ഷെ ഇപ്പോൾ അവനെ ഓർക്കുമ്പോൾ പേടിയുണ്ട്


പണ്ടത്തെ പോലെ അല്ല വയസ്സായി എനിക്ക് ഇനി അവനാണ് ഞങ്ങള്ക്കെല്ലാം"


അത് പറയുമ്പോൾ അയാളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു ...


ആരാധനയോടെ തീർത്ത സ്വപ്‌നങ്ങൾ പൊട്ടിത്തകരുന്നത് ഞാനറിഞ്ഞു... ഇതാണോ മകൻ ...ലോകത്തിനു മുന്നിൽ പ്രതിഷേധിക്കുന്ന  യൌവ്വനം....വീട്ടുകാർക്കോ....???????


"അമ്മയ്ക്ക് കണ്ണുനീർ മാത്രം കൊടുത്തവൻ
നന്മയ്ക്കു കണ്ണും കരളും കൊടുത്തവൻ .."

എനിക്കയാളെ ഓർത്ത്‌ അഭിമാനവും സങ്കടവും തോന്നിയ നിമിഷം ...., ആ അച്ഛൻ തുടർന്നു :-


"എന്റെ സഹോദരിയുടെ മോളുണ്ട്‌ അവളെക്കൊണ്ട് അവനെ കെട്ടിച്ചാൽ അവന്റെ പെങ്ങളെ അങ്ങോട്ടും കൊടുക്കാം........സ്ത്രീധനം  കൊടുക്കാതെ നോക്കാലോ .....പക്ഷെ ജയിലിൽ കെടന്ന ചെക്കനെ അവൾക്കു വേണ്ട എന്നാണു പറയുന്നത് ഇപ്പോൾ ..... അവനെ എങ്ങനെയെങ്കിലും പുറത്തിറക്കി പരീക്ഷ എഴുതിപ്പിക്കണം ...."


അദ്ദേഹം പറഞ്ഞു നിർത്തുമ്പോൾ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു ഒപ്പം .... എന്ത് ചെയ്യണം എന്നറിയാതെ ഞാൻ തളർന്നു പോയ നിമിഷം ... എന്റെ സഖാവ് എനിക്കില്ല എന്നറിഞ്ഞപ്പോൾ .... അല്ലെങ്കിലും ഇങ്ങനെയൊരു മാറ്റക്കല്യാണത്തിനോ സ്ത്രീധനത്തിനോ സഖാവ് അടിമപ്പെടില്ലെന്നറിഞ്ഞിട്ടും അദ്ദേഹം എനിക്കില്ലെന്നു മനസ്സിലായി .


ഇനിയൊരിക്കലും സഖാവിന്റെയിഷ്ട്ടം പോലെ ശിവമല്ലി കൊഴിഞ്ഞു വീഴുന്ന തണലിൽ കൈപിടിച്ച് നടക്കില്ലെന്ന തിരിച്ചറിവ് ...


മനസ്സിലോരുപാട് താലോലിച്ച മുഖം അന്യമാണ് എന്ന വേദനയായിരുന്നു ആദ്യം...


ഒരിക്കലും തിരിച്ചു വരാനാകാതെ വിപ്ലവത്തിന് പുറകിൽ പോയ മകൻ ,...അവന്റെ ജീവിതം ഒരു നിലയ്ക്ക് എത്തിക്കാൻ പ്രാർത്ഥനയോടേ  മാതാപിതാക്കൾ....


അവനെ മാത്രം ഓർത്തൊരു പെൺകുട്ടി ഉണ്ടെന്നു അവരോടു ഞാൻ  എങ്ങനെ പറയും ... ? എനിക്കും ഇഷ്ട്ടമാണ് സഖാവിനെ എന്ന് അദ്ദേഹത്തോട്  ഇനിയെന്ന് പറയും ഞാൻ .... ?  അറിയാതെ പോകുമോ  സഖാവേ ഈ പെണ്ണിന്റെ സ്നേഹം ....?


അഥവാ അറിഞ്ഞാലും പോറ്റി വളർത്തിയ വീട്ടുകാരിലും അതിലും വലുതായ  പ്രത്യയ്യശാസ്ത്രങ്ങളുടെ മുന്നിലും പിടിച്ചു നില്ക്കാൻ ആവാതെ വീണു പോകുമായിരുന്നുവോ സഖാവെ  നമ്മുടെ പ്രണയം...?


പ്രിൻസിപ്പൾ വന്നപ്പോൾ അവർക്കു കാണിച്ചു   കൊടുത്ത് ഞാൻ ക്ലാസ്സിലേക്ക് നടന്നു ...

ഇനിയൊരിക്കലും ആ മാറാലവീണു ചായംമങ്ങിയ  ഇടനാഴികളിൽ അലയടിക്കുന്ന  ശബ്ദം അദ്ദേഹത്തിന്റെ  ആയിരിക്കില്ല

ഇനിയൊരിക്കലും ആ നരച്ച ചുവരുകൾക്ക് അദ്ദേഹത്തിന്റെ ഗന്ധമായിരിക്കില്ല ....


ഇനിയൊരു ഓർമ മാത്രമായി അവസാനിപ്പിക്കുമ്പോഴും എന്റെ സഖാവെ ഞാനൊരുപാട് പ്രണയിക്കുന്നുണ്ട് ...

സ്വാർത്ഥത ഉണ്ടെങ്കിലും അതൊന്നും നിങ്ങളുടെ ഭാവിയിലേക്കുള്ള പ്രതീക്ഷയോടെ കാത്തിരിക്കുന്നവർക്ക് മുന്നിൽ ഒന്നുമാവില്ലെന്നു തോന്നിപ്പോകുന്നു .

----------------------------------------------------------------------

ആരവങ്ങളും ആർപ്പുവിളികളും ഇല്ലാത്ത ആറുമാസത്തെ ഇട വേള.... പക തീർക്കാൻ കാത്തു നിൽക്കുന്നവരുടെ ഇടയിലേക്ക് ആയിരുന്നു അദ്ദേഹത്തിന്റെ തിരിച്ചു വരവ്  പരീക്ഷ എഴുതിയെടുക്കുവാൻ മാത്രം  .....


പെട്ടെന്നാണ് പുറത്തേക്ക് എല്ലാരും ഓടിപ്പോകുന്നതു കണ്ടത് ........എന്തൊരു ബഹളമാണ്.....മുന്നിൽ കണ്ട കുട്ടിയെ തടഞ്ഞു നിർത്തി ഞാൻ ചോദിച്ചു ?


"എന്താണ് ?"


"നമ്മടെ സഖാവിനെ ആരോ ...."


പറഞ്ഞത് മുഴുവൻ കേൾക്കാൻ എനിക്കായില്ല


മനസ്സുമുഴുവൻ ആ ചിരിയായിരുന്നു .....


ആറ് മാസത്തെ കാത്തിരിപ്പായിരുന്നു.................. ഒരു തവണ  കാണാൻ എങ്കിലും...,


ദൂരെനിന്നു ഒരുനോക്കെ കണ്ടുള്ളൂ....

പിന്നെ ഞാൻ തിരികെ നടന്നു ....

പറയാൻ ഒന്നുമില്ല

ഓടിക്കൂടുന്ന കുട്ടികള്ക്ക് മീതെ അപ്പോഴും  ശിവമല്ലി പൂക്കൾ കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു  .......


അദ്ദേഹത്തിനിഷ്ട്ടപെട്ട പൂക്കൾ ............


ഓടിക്കൂടിയ കുട്ടികളുടെ ഇടയിൽ നിന്നും പുതിയ മുദ്രാവാക്യങ്ങൾ ഉയർന്നു വരുന്നുണ്ടായിരുന്നു .....നാളത്തെ രക്തസാക്ഷികളുടെ പ്രിയപ്പെട്ടവരുടെ   ദീനരോദനം എനിക്കതിൽ നിന്നും കേൾക്കാമായിരുന്നു .....


പിന്നീട് ഞാൻ കണ്ണ് തുറക്കുമ്പോൾ ചുറ്റും കൂടിയ കുട്ടികളും അധ്യാപകരും ....


"സഖാവ് ആശുപത്രിയിലാണ് ......അല്പം പ്രശ്നമാണ് ......" ആരൊക്കെയെയോ പറയുന്നുണ്ടായിരുന്നു


കുത്തിയവർ പുറത്തു നിന്നാണ്

(ചതി ..... എന്ന് വേണേൽ പറയാം ... കുട്ടികളെ ചാവേറാക്കി സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നവരുടെ ....


ഇതിന്റെ പേരില് ജയിലിൽ കിടന്നു ജീവിതം കളയാൻ വിധിക്കപ്പെട്ടത് ഇതുപോലെ ജീവിതം സേവനത്തിനു മാറ്റി വെച്ചവരും )


ആ ജീവൻ എങ്കിലും ബാക്കി ആയതിൽ ദൈവങ്ങളോട് ഞാൻ നന്ദി പറഞ്ഞു ....

അദ്ദേഹത്തിനു അത് ഇഷ്ട്ടമല്ലെങ്കിലും ...( ആദ്ദേഹം കമ്മ്യൂണിസ്റ്റും ദൈവം ബൂർഷ്വായും ആണത്രേ )


തിരിച്ചു വരും അദ്ദേഹം ...


ഈ ഗുൽമോഹർ വീണ്ടും പൂക്കുന്ന ഏതെങ്കിലും കാലത്ത്...


ഈ കലാലയം അദ്ദേഹത്തിന്റെ ജീവനാണ് ....

പ്രതികരണശേഷി നഷ്ട്ടപ്പെടാത്ത യൌവ്വനത്തിന്റെ പ്രതീകം ....!


വിട .....


ഓർമയിലെ ശിവമല്ലി പൂക്കൾക്ക്  ......,


സഖാവെ  നീ വീണ വഴികളിൽ ഇനിയും ഒരുപാട് കാൽപ്പാടുകൾ ഉണ്ടാവും ചരിത്രമെഴുതുവാൻ..........നിന്റെ ആശയങ്ങൾ നെഞ്ചേറ്റിയവർ ....


ഇനിയുമുണ്ടാവും വിടരും മുന്നേ കൊഴിഞ്ഞ പ്രണയത്തിന്റെയും പിന്നെയൊരുകൂട്ടം പ്രതീക്ഷകളുടെയും കണ്ണുനീർ ......ഓരോ സഖാവും  തനിയാവർത്തനമാണ്


*******************************************************************
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഇരയായി പൊലിയുന്ന ജീവിതങ്ങൾക്ക് സമർപ്പണം



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...