Monday 22 February 2016

ഓർമവെച്ച നാള് മുതൽ ഞാൻ കണ്ടു വളർന്ന എനിക്കേറെ പ്രിയപ്പെട്ട ഒരാളാണ് "ഞങ്ങടെ ആറുഅപ്പൻ".... വലിപ്പ ചെറുപ്പം ഇല്ലാതെ നാട്ടുകാരെല്ലാം വിളിച്ചിരുന്നത്‌ അങ്ങനെ തന്നെ ആണ് ...അതിൽ നിന്ന് തന്നെ മനസ്സിലാവുമല്ലോ നാട്ടുകാർക്ക് എത്രെ മാത്രം പ്രിയപ്പെട്ടതാണ് ആള് എന്ന്..

നാട്ടിലെന്ത് കാര്യം ഉണ്ടെങ്കിലും ആദ്യം അവിടെ ആളുണ്ടാകും ... അതിപ്പോൾ ജനനം ആവട്ടെ മരണം ആവട്ടെ എന്തും ആവട്ടെ ആളില്ലാതെ നാട്ടിൽ ആഘോഷങ്ങൾ ഇല്ലെന്നുപറയാം ,,, രണ്ടു മക്കൾ ഉണ്ടെങ്കിലും ആൾക്ക് അവരെ നല്ല കാര്യം ആണെങ്കിലും കാര്യമായി മറ്റു അച്ഛന്മാരേ പോലെ മക്കളെ തല്ലുകയും ഉപദേശിക്കുകയും ഒന്നുമില്ല ,..അവരെന്തു പറഞ്ഞാലും കേട്ട് കൊണ്ട് നിൽക്കുന്ന ഒരു പാവം അച്ഛനാണ് ....

എന്നും വൈകുന്നേരം കള്ളിൽ കുളിച്ചോ ചിലപ്പോൾ എത്താതെ വഴിയിൽ എവിടെയെങ്കിലും വീണു പോയാലും കൃത്യമായി അഞ്ചു മണിക്ക് മുൻപ് ഭാര്യയോട്‌ ഒരു ഗ്ലാസ്‌ ചായ വാങ്ങി കുടിച്ചിരിക്കും..തലേന്ന് കിട്ടിയ പൈസ അവരുടെ കയ്യിൽ ഒന്നും മാറ്റി വെക്കാതെ ഏൽപ്പിക്കും.. എന്നിട്ട് രണ്ടു ഉപദേശം ഒക്കെ കേട്ട് നേരം വെളുത്തു തുടങ്ങും മുന്നേ തന്റെ സൈക്കിൾ എടുത്തു നടക്കും

രാവിലെ എഴുന്നേറ്റു ചൂലെടുത്ത് ഞാൻ വരുമ്പോൾ മിക്കപ്പോഴും ആളെ കാണാറുണ്ട്‌ ... ദൂരെ നിന്നെ കേൾക്കാം ബെല്ലടിയുടെ ശബ്ദം ,,, എന്നെ ദൂരേന്നു കണ്ടതും നീട്ടി വിളിക്കും

" സൊത്തെ........"

എന്നിട്ട് നമ്മടെ അടുത്തു സൈക്കിൾ കൊണ്ട് നിരത്തിയിട്ടു ഒരു മാതിരി ഡയലോഗ് ആണ് ...

"പെണ്‍പിള്ളാർ സൂര്യനുദിക്കും മുൻപ് എണീക്കണം ... നാട്ടുകാരൊക്കെ വരുന്നതിനു മുൻപ് മുറ്റമടിക്കണം ...ഇതും ഉണ്ട് ... അവള് ഉച്ചക്കല്ലേ എണീക്കുന്നത് ..."

" പോകിന്നു അവിടുന്ന് സമയം ആറുമണി ആയിട്ടില്ല ... ഇന്നലെ കഴിച്ചത് കൂടി പോയതോണ്ടാണ് ... സമയവും അറിയില്ല... എന്ത് മനുഷ്യനാ "

"പോടീ പോടീ .... "

ഇനി നമ്മടെ ഊഴമാണ് ...വേറെ ആരെങ്കിലും ആണെങ്കിൽ അഹങ്കാരം എന്നൊക്കെ പറയും എങ്കിലും ആളെ എന്ത് പറഞ്ഞാലും ഒരാളോടും പറയില്ല ,,,,ആരെക്കുറിച്ചും പരദൂഷണം പറയില്ല ..എന്നാൽ എല്ലാവരോടും സംസാരിക്കും ....

"വന്നിരിക്കുന്നു ...രാവിലെ എണീച്ചതും ,,,കുളിക്കുകയും ഇല്ല തേക്കുകയും ഇല്ല... എന്നാലും കള്ള് കുടിക്ക് ഒരു മുട്ടുമില്ല ...."

"പോ പെണ്ണെ അവിടുന്ന് ... ഞാനൊന്നും കഴിച്ചില്ല "

"അപ്പോൾ വാവ പറഞ്ഞല്ലോ നിങ്ങള് മറ്റേ പാലത്തിനു താഴെ ബോതമില്ലാണ്ട് കിടക്കുന്നു ന്ന്.."

"നിന്റെ ആങ്ങള അല്ലെങ്കിലും സത്യം പറയില്ലാലോ"

"പിന്നെ എന്റെ ആങ്ങള സത്യമേ പറയൂ ...കള്ളും കുടിച്ചു നടന്നിട്ട് ...ഇല്ല പറയുന്നു ..ഇവിടെ എല്ലാവരും അറിഞ്ഞു ട്ടാ ... ചെറിയച്ചൻ നിങ്ങളെ കാണട്ടെ പറഞ്ഞിരിക്കുന്നുണ്ട് .... ഞാൻ പോയി വിളിച്ചിട്ട് വരാ ...."

"പോടീ ... നിന്റെ ചെറിയച്ചന്റെ കൂടെ ഞാൻ ഇല്ല ..... രണ്ടു തെങ്ങ് കേറാൻ ഉണ്ട് ..."

"അപ്പോൾ എന്റെ ചെറിയച്ചന്റെ കൂടെ പോകില്ല പറഞ്ഞു ലെ ..പറഞ്ഞു കൊടുക്കാ ട്ടാ "

"അയ്യോ .... ഇവള്നെ കൊണ്ട് വല്ലാത്ത ശല്യമായല്ലോ ...."

പതുക്കെ ആള് സൈക്കിൾ എടുത്തു നടന്നു ... മുങ്ങി എന്ന് പറയുന്നതാവും ശെരി ... ആകെ ആൾക്ക് പേടിയുള്ളത് ചെറിയച്ചനെ മാത്രം ആണ് ... ചെറിയച്ചൻ നു പക്ഷെ ആളെ വലിയ ഇഷ്ട്ടമാണ് ,, എന്ത് പണി ആണെങ്കിലും വിശ്വസിച്ചു ഏല്പ്പിച്ചു പോകും ,,,

ഇവിടെ മിക്കവാറും അതുകൊണ്ട് തന്നെ ആണ് ആളെ തന്നെ പണിക്കു വിളിക്കുന്നതും ,,, എത്രെ വൈകിയാലും ആറു ചെയ്യണം എന്ന് പറയുന്നവർ വരെ ഉണ്ട് ഇവിടെ ... അത്രെയ്ക്ക് വിശ്വാസമാണ് ആളുടെ മേലെ എല്ലാവർക്കും...

എത്രെ കാശ് വേണമെങ്കിലും കയ്യിൽ കൊടുക്കാം ഒന്നും ചെലവാക്കില്ല .... ചുരുട്ടി മടക്കി ഇടുപ്പിൽ തുരുകി വെക്കും ,,, ആളുടെ ആാവഷ്യം രാവിലെ ,ഉച്ചയ്ക്ക് ,വൈകുന്നേരം ,രാത്രി മുടങ്ങാതെ "കുടിക്കാൻ " എന്തെങ്കിലും കിട്ടണം ...പിന്നെ നല്ല ചോറും ചിക്കെനൊ,മട്ടനൊ,ബീഫോ ഉണ്ടെങ്കിൽ ആള് തന്നെ രാജാവ് ...

പച്ചക്കറിയോടു വലിയ താല്പര്യം ഇല്ലെങ്കിലും ആളുടെ വീട്ടില് വലിയൊരു തോട്ടം തന്നെ ഉണ്ട് ,,, ആളുടെ വിയർപ്പുകൊണ്ട് മാത്രം വിളഞ്ഞത്

ആറു അപ്പൻ രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴേ കുളിക്കൂ എന്നാണു ഇവിടെ എല്ലാരും പറയുന്നത് ഞങ്ങൾ ആരെങ്കിലും കുറച്ചു മണ്ണോ ചളിയോ ആരുടെയെങ്കിലും മേലെ കണ്ടാൽ ആദ്യം പറയുന്നത് "ആറു അപ്പന് പഠിക്കുകയാണോ " എന്നാണു ..
പിന്നെ എനിക്കും തോന്നിയിട്ടുണ്ട് ...

കറ പിടിച്ച പല്ലുകളും ,,,ചിരിച്ച മുഖവും ... മുഴിഞ്ഞ ലുങ്കിയും ഷർട്ടും... നമ്മളൊക്കെ എങ്ങനെ വൃത്തിയായി നടക്കുമ്പോഴും മനസ്സില് ഒരുപാട് വൃത്തിയുള്ള മനുഷ്യൻ ഇങ്ങനെയാണ് ....

പിന്നെ ആൾക്ക് എന്നെ വലിയ കാര്യമാണ് എന്നെ മാത്രം അല്ല ആൾക്ക് എല്ലാവരെയും വലിയ കാര്യമാണ് .... വെറുതെ വഴിയെ പോകുന്ന ആളായാലും ചിരിക്കും ,, വൈകുന്നേരം മുടങ്ങാതെ വീടിനു മുന്നിലെത്തുമ്പോൾ വീട്ടിലേക്കു വാങ്ങുന്ന പരിപ്പുവടയോ പഴംപൊരിയോ ഞങ്ങളെ ആരെയെങ്കിലും കണ്ടാൽ തരാതെ പോകില്ല അതുകൊണ്ട് തന്നെ ആകും പിള്ളാർക്കും ആളെ ഇത്രേ എളുപ്പം...നമ്മളൊക്കെ ആണെങ്കിൽ നമ്മുടെ വീട്ടില് കൊണ്ട് വെക്കാനെ നോക്കൂ ....

എന്റെ സഹോദരങ്ങൾ കൂടി അടങ്ങുന്ന വാനരപ്പടയുടെ ഉറ്റ സുഹൃത്താണ് പുള്ളി .... ക്രിസ്മസ്നു പുൽക്കൂട്‌ കെട്ടുമ്പോഴും ,ന്യൂ ഇയർ ആഘോഷിക്കുമ്പോഴും , കെട്ടുനിറ,പൂജകൾ ,,, ആഘോഷം എന്തും ആവട്ടെ ആറു അപ്പൻ ഇല്ലാതെ പരിപാടി ഇല്ല ... ശെരിക്കും പറഞ്ഞാൽ ചിലരൊക്കെ പറയും ആൾക്ക് ബ്രന്താണ് എന്ന് ..

പക്ഷെ അത് കേട്ടാൽ ഇവിടെത്തെ ഒരാളും കയ്യും കെട്ടി നില്ക്കില്ല അത്രെയേറെ ഞങ്ങൾക്ക് പ്രിയമാണ് ആളെ ...എന്ന് വെച്ച് ഞങ്ങള് പറയും ട്ടോ എന്ത് വേണേലും .. ആളെ കാണുമ്പോൾ എന്തെങ്കിലും ചീത്ത പറഞ്ഞില്ലെങ്കിൽ ആള്ക്കും സങ്കടമാണ് ... വിരോധാഭാസം തന്നെ അല്ലെ എങ്കിലും ചിലപ്പോൾ ചില മനുഷ്യര് ഇങ്ങനെയാണ് ,,,,,

ആരോടും പിണങ്ങാത്ത പരിഭവിക്കാത്ത ആ മനുഷ്യൻ ഒരിക്കൽ കരയുന്നത് ഞാൻ കണ്ടു ,,, ആരും കാണാതെ മതിൽക്കെട്ടിനു മറവിൽ നിന്ന് .... അന്ന് എന്തായിരുന്നു ....

ഞങ്ങളൊക്കെ ആ ദിവസം ഉണർന്നത് ആറു അപ്പന്റെ സൈക്കിൾ ബെൽ കേട്ടിട്ടല്ല ...ഒരേയൊരു മരുമകനായ രമേശേട്ടൻ മരിച്ചെന്നു കേട്ട് ...ആദ്യം ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല .. കുഞ്ഞുനാള് മുതലേ കാണുന്ന ഞങ്ങടെ ഇടയിലുള്ള ഒരാള് പെട്ടെന്നൊരു ദിവസം ഇല്ലെന്നു അറിഞ്ഞപ്പോൾ സത്യം എന്ന് അറിഞ്ഞിട്ടും മനസ്സ് കുറെ കാലം ഉൾക്കൊണ്ടില്ല...

അല്ലെങ്കിൽ ഇന്നും ഇല്ലെന്നു പറയാം .... അനിതചെച്ചിയെ കാണുമ്പോഴെല്ലാം ഇന്ന് ഈ നാട്ടുകാർക്ക് ഒരു മൌനമാണ് ...

എത്രെ കാലം അവർ പ്രണയിച്ചു എന്ന് ഞങ്ങള്ക്കറിയില്ല ..പക്ഷെ ഞാൻ ഓർമ വെച്ച നാള് മുതൽ അവർ പ്രണയിക്കുന്നുണ്ട് ... കുളക്കടവിലും കിണറ്റിൻ കരയിലും അമ്പലത്തിലും പാട വരമ്പിലും ഒക്കെ അവരെ ഞങ്ങൾ കണ്ടിരുന്നു ,,,,

കാത്തു കാത്തിരുന്നു അവസാനം അവർ ഒന്നായി ...എതിർപ്പുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ഈ അച്ഛൻ എല്ലാത്തിനും കൂട്ടായിരുന്നു ... ഇതുപോലെ മരുമകനും അമ്മായിയച്ചനും കാണുമോ എന്നാ സംശയം ...

അന്ന് വേലി ചുവട്ടിലെ പാമ്പ് കടിയേറ്റു രമേശേട്ടൻ പോയതിൽ പിന്നെ കുറെ നാൾ ആളെ എങ്ങും കണ്ടില്ല പിന്നെ പതിയെ പതിയെ തന്റെ ജീവിതത്തിലേക്ക് തിരികെ വന്നു ,,,,

എങ്കിലും പഴയ കളിയും ചിരിയും ഉണ്ടോ എന്ന് ചോദിച്ചാൽ ഞങ്ങൾക്കും ഉത്തരമില്ല ...
എങ്കിലും ഇന്നും നാടുണരുന്നു എന്നും ആ സൈക്കിൾ ബെൽ കേട്ട് ....

എന്നും നാട്ടുകാർ വിളിക്കുന്നു ആത്മാർഥത ഉള്ള പണിക്കാരനെ ... ഞങ്ങളും കൂട്ട് കൂടുന്നു ഞങ്ങടെ സുഹൃത്തിനെ പോലെ .....




No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...